എന്റെ ആദ്യത്തെ സ്ത്രീ പീഡനം; അവസാനത്തേയും

ആദം അയ്യൂബ്‌
ഏപ്രില്‍ 2017
കഴിഞ്ഞ മാസം കൊടുങ്ങല്ലൂര്‍ എം.ഇ.എസ്.അസ്മാബി കോളേജില്‍, മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗം അസോസിയേഷന്റെ ഉദ്ഘാടനത്തിനു പോയിരുന്നു.

കഴിഞ്ഞ മാസം കൊടുങ്ങല്ലൂര്‍ എം.ഇ.എസ്.അസ്മാബി കോളേജില്‍, മാസ് കമ്മ്യൂണിക്കേഷന്‍  വിഭാഗം അസോസിയേഷന്റെ  ഉദ്ഘാടനത്തിനു പോയിരുന്നു. ഉദ്ഘാടാനന്തരം ജേണലിസം വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഒരു ക്ലാസ്സും എടുത്തു. ക്ലാസ്സിനു ശേഷം ഒരു ചോദ്യോത്തര സെഷനും ഉണ്ടായിരുന്നു. പെണ്‍കുട്ടികള്‍ കൂടുതല്‍ ഉണ്ടായിരുന്ന ആ ക്ലാസില്‍ നിന്നുയര്‍ന്ന ചോദ്യങ്ങളില്‍ കൂടുതലും സിനിമയുടെയും ടെലിവിഷന്റെയും പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നേരിടുന്ന ഏതെങ്കിലും തരത്തിലുള്ള വിവേചനങ്ങളെക്കുറിച്ചും അവരുടെ സുരക്ഷിതത്വത്തെക്കുറിച്ചും   ആയിരുന്നു. അവസാനമായി വന്ന ചോദ്യം ഇതായിരുന്നു: “പൊതുവേ സ്ത്രീകളെ കുറിച്ചുള്ള സാറിന്റെ അഭിപ്രായം എന്താണ്? പുരുഷന്മാാര്‍ക്ക് മേധാവിത്വമുള്ള ഏതെങ്കിലും തൊഴിലില്‍ നിന്നും സ്ത്രീകളെ മാറ്റി നിര്‍ത്തേണ്ടതുണ്ടോ?'' 

എന്റെ അഭിപ്രായം ഞാന്‍ വളരെ സത്യസന്ധമായി അവിടെ തുറന്നു പറഞ്ഞു. എന്റെ മറുപടിയുടെ ഒരു വിപുലീകരണം ആണ് ഈ ലേഖനം

സ്ത്രീകളോട് ഞാന്‍ എന്നും ആദരവ് കലര്‍ന്ന  ഒരു അകല്‍ച്ച പാലിച്ചിരുന്നു. കാരണം സ്ത്രീ  എന്നും എനിക്കൊരു അത്ഭുതമായിരുന്നു. പ്രപഞ്ച സ്രഷ്ടാവിന്റെ സൃഷ്ടികളില്‍ ഏറ്റവും മനോഹരമായ സൃഷ്ടിയാണ് സ്ത്രീ. പുരുഷനേക്കാള്‍, ശാരീരികമായി ദുര്‍ബലയാണെങ്കിലും, മാനസികമായി വളരെ ശക്തിശാലിയാണവള്‍. ക്ഷമയുടെയും സഹനശക്തിയുടെയും കാര്യത്തില്‍ അവള്‍ പുരുഷനേക്കാള്‍ ബഹുദൂരം മുന്നിലാണ്. പുരുഷന് ചെയ്യാന്‍ കഴിയുന്ന പല ജോലികളും ഒരു പക്ഷെ പുരുഷനേക്കാള്‍ നന്നായി ചെയ്യാന്‍ സ്ത്രീക്ക് കഴിയും. ശില്‍പികളും ചിത്രകാരന്മാരും സ്ത്രീ ശരീരത്തെ വിഷയമാക്കുന്നത്, അതിന്റെ അത്ഭുതകരമായ സൗന്ദര്യം കാരണമാണ്. സ്ത്രീയുടെ നഗ്‌നമായ ശരീരം അല്ല ഞാനുദ്ദേശിച്ചത്. തുറന്നു കാട്ടുന്നതിനെക്കാള്‍ ഗോപ്യമാക്കി വെക്കുന്നതിലാണ് സൗന്ദര്യം. ഒരു ചിത്രകാരന്‍ ഒരു സ്ത്രീയുടെ കണ്ണ് മാത്രം വരച്ചാലും, അതില്‍ സൗന്ദര്യത്തിന്റെ വലിയൊരു സാഗരം തന്നെ ദര്‍ശിക്കാന്‍ പറ്റും. മനസ്സിനെ ആര്‍ദ്രമാക്കുന്നതാണ് സൗന്ദര്യം. യാഥാര്‍ഥ്യത്തെ സൗന്ദര്യത്തില്‍ ഒളിപ്പിച്ചു വെക്കലാണ് കല.  

പിന്നെ സിനിമയിലും ടെലിവിഷനിലും പിന്നണി പ്രവര്‍ത്തകരായി സ്ത്രീകള്‍ കടന്നുവരുന്നതിനെ കുറിച്ചുള്ള ഭയാശങ്കകള്‍ തികച്ചും അസ്ഥാനത്താണ്. സ്ത്രീയും പുരുഷനും ഒന്നിച്ചിടപഴകുന്ന മറ്റേതു മേഖലയും പോലെ തന്നെയാണ് ഈ ദൃശ്യ മാധ്യമങ്ങളും. സ്ത്രീയുടെ സുരക്ഷ അവളുടെ കൈകളില്‍ തന്നെയാണ്. അവളുടെ പെരുമാറ്റത്തിലും വസ്ത്രധാരണത്തിലും മാന്യത ഉണ്ടെങ്കില്‍, അവളെ തെറ്റായ രീതിയില്‍ നോക്കാന്‍ പോലും ആരും ധൈര്യപ്പെടില്ല. പര്‍ദയോ ഹിജാബോ ധരിച്ച ഒരു സ്ത്രീ എവിടെയെങ്കിലും ലൈംഗീകമായി ആക്രമിക്കപ്പെട്ടതായി കേട്ടിട്ടുണ്ടോ ?

ബാല്യം തൊട്ടേ നാണം കുണുങ്ങി ആയിരുന്ന ഞാന്‍, സ്ത്രീകളുമായി അധികം അടുത്ത് ഇടപഴകിയിരുന്നില്ല. എറണാകുളം മഹാരാജാസ് കോളേജില്‍ ഡിഗ്രിക്ക് ചേരുന്നതുവരെ, ഞാന്‍ ഇടപഴകിയിട്ടുള്ള സ്ത്രീകള്‍ എന്റെ മാതാവും നാല് സഹോദരിമാരും മാത്രമാണ്. വീട്ടില്‍ വരുന്ന എന്റെ അടുത്ത ബന്ധുക്കളായ പെണ്‍കുട്ടികളോട് പോലും ഞാന്‍ സംസരിക്കാറില്ലായിരുന്നു. അതെന്റെ ജന്മനാ ഉള്ള ലജ്ജാശീലമായിരുന്നു. എന്നാല്‍ സ്ത്രീകള്‍  ബഹുമാനിക്കപ്പെടേണ്ടവരാണ് എന്ന ബോധം എന്നില്‍ സൃഷ്ടിക്കുന്നതില്‍ എന്റെ മനസ്സില്‍ ഇന്നും ആഴത്തില്‍ പതിഞ്ഞു കിടക്കുന്ന ഒരു സംഭവമാണ് കാരണമായത്. എന്റെ ആദ്യത്തെ സ്ത്രീ പീഡനം ആയിരുന്നു അത്.

അന്ന് എനിക്ക് നാല് വയസ്സാണ് പ്രായം. വലിയ ഒരു കൂട്ടു കുടുംബ ത്തിലാണ് അന്ന് ഞങ്ങള്‍ താമ സിച്ചി രുന്നത്. മട്ടാഞ്ചേരിയിലെ വലിയൊ രു സുഗന്ധവ്യഞ്ജന വ്യാപാരി ആയിരുന്ന കൊച്ചങ്ങാടിയുടെ രാജ എന്ന് വിളിക്കപ്പെടുന്ന ഇസ്മായില്‍  സേട്ട് ആയിരുന്നു കുടുംബത്തലവന്‍. അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളായ അമ്പതിലധികം അംഗങ്ങള്‍ കൊട്ടാര സദൃശമായ ആ വലിയ വീട്ടില്‍ താമസിച്ചിരുന്നു. ഒരുപാട് കുട്ടികളും ഉണ്ടായിരുന്നു. എല്ലാം പെണ്‍കുട്ടികള്‍ ആയിരുന്നു. ആണ്‍കുട്ടി ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ ഞാന്‍ എല്ലാവരുടെയും കണ്ണിലുണ്ണി ആയിരുന്നു. കൂടാതെ ഗൃഹനാഥയായ എന്റെ ഉമ്മുമ്മയുടെ വാത്സല്യ ഭാജനം ആയിരുന്നത് കൊണ്ട് മറ്റാര്‍ക്കും  ലഭിക്കാത്ത പല പരിഗണനകളും എനിക്ക് ലഭിച്ചിരുന്നു. ഏക്കറുകളോളം പരന്നു കിടക്കുന്ന വലിയൊരു പറമ്പിലായിരുന്നു ഞങ്ങളുടെ ഭവനമായ മഹാസൗധം നിന്നിരുന്നത്. പറമ്പ് നിറയെ ധാരാളം ഫല വൃക്ഷങ്ങളും ഉണ്ടായിരുന്നു. കൂടാതെ വിദൂര പ്രദേശങ്ങളില്‍ നെല്‍പാടങ്ങളും ഉണ്ടായിരുന്നു. വിളവെടുപ്പ് കഴിഞ്ഞാല്‍ പത്തായങ്ങള്‍ നെല്ല് കൊണ്ട് നിറയും. കൂടാതെ ചക്ക, മാങ്ങ, തേങ്ങ തുടങ്ങി പലതരം ഫലങ്ങളും പച്ചക്കറികളും വീട്ടില്‍ പല സ്ഥലങ്ങളിലായി കൂട്ടിയിട്ടിട്ടുണ്ടാവും. അങ്ങിനെയുള്ള ഒരു സമൃദ്ധമായ വിളവെടുപ്പ് കഴിഞ്ഞപ്പോള്‍, ചക്കകളുടെ ഒരു കൂമ്പാരം വീട്ടില്‍ രൂപം കൊണ്ടു. അതോടൊപ്പം പഴുത്ത ചക്കയുടെ മണവും. കുട്ടികളെല്ലാം ചക്കക്കൂമ്പാരത്തിന് ചുറ്റും കൂടി. എല്ലാവരും കൗതുകത്തോടും അത്ഭുതത്തോടും ആ ചക്കകള്‍ നോക്കി അതിന്റെ മണവും ആസ്വദിച്ചു നിന്നു. പെണ്‍കുട്ടികളുടെ കൂട്ടത്തില്‍ രാജകുമാരനെപ്പോലെ തലയെടുപ്പോടെ നിന്ന ഞാന്‍ ആ കൂമ്പാരത്തിലെ ഏറ്റവും വലിയ ചക്കയുടെ മേല്‍ എന്റെ അവകാശം സ്ഥാപിച്ചു. ആ വലിയ ചക്കയിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് ഞാന്‍ പറഞ്ഞു: ''അത് എന്റെ ചക്കയാണ്.'' അപ്പോള്‍ പിന്നില്‍ നിന്ന് ഒരു ചെറിയ ശബ്ദം കേട്ടു. ''അല്ല അതെന്റെയാണ്'. ആശ്ചര്യത്തോടെ ഞാന്‍ തിരിഞ്ഞുനോക്കി. എന്റെ ആധിപത്യത്തെ വെല്ലുവിളിക്കാന്‍ ധൈര്യപ്പെട്ടത് ആരാണ്? എന്റെ കൊച്ചുമ്മയുടെ മകള്‍ സാക്കിറ ആയിരുന്നു അത്. അവള്‍ കൂസലന്യേ വീണ്ടും ആവര്‍ത്തിച്ചു, ''അത് എന്റെയാണ്. ഞാന്‍ തരില്ല'' വെറും മൂന്നുവയസ്സുകാരിയായ ഒരു പീക്രിപ്പെണ്ണ് ആണ് നാലു വയസ്സുകാരനായ എന്നെ ധിക്കരിക്കുന്നത്. ആ കൊട്ടാരത്തിലെ രാജകുമാരന്‍ എന്ന നിലയിലുള്ള എന്റെ അപ്രമാദിത്യത്തിനുള്ള ആദ്യത്തെ വെല്ലുവിളി ആയിരുന്നു അത്! എനിക്ക് സഹിച്ചില്ല. ഞാന്‍ അവളുടെ  കൈത്തണ്ട പിടിച്ചു ഒരു കടി കൊടുത്തു. എന്റെ ദേഷ്യം മുഴുവന്‍ എന്റെ പല്ലുകളിലൂടെ ആ ഇളം കൈത്തണ്ടയില്‍ ആഴ്ന്നിറങ്ങി. അവള്‍ വേദന കൊണ്ട് നിലവിളിച്ചു. വര്‍ഗ സ്‌നേഹം പ്രകടിപ്പിച്ചു കൊണ്ട് പെണ്‍കുട്ടികള്‍ എല്ലാം കൂട്ടക്കരച്ചിലായി. മുതിര്‍ന്നവര്‍ ഓടിയെത്തി. സാക്കിറയുടെ ഉമ്മ ചോര പൊടിയുന്ന അവളുടെ കൈ കണ്ട് പരിഭ്രാന്തയായി അവളെയും എടുത്തുകൊണ്ട് ഓടി. പെണ്‍കുട്ടികളെല്ലാം അവരോടൊപ്പം ഓടി. സംഗതി പന്തിയല്ലെന്ന് മനസ്സിലായെങ്കിലും ഞാന്‍ എന്റെ ചക്കയോടൊപ്പം ഉറച്ചുനിന്നു. അപ്പോഴാണ് സംഭവം അറിഞ്ഞ് എന്റെ ഉമ്മ എത്തുന്നത്. കൊച്ചു കുട്ടികള്‍ തമ്മിലുള്ള  വഴക്കുകള്‍ ഒരു കൂട്ട് കുടുംബത്തില്‍ മുതിര്‍ന്നവര്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യത ഉള്ളത് കൊണ്ട് എന്റെ ഉമ്മ എന്നെ പിടിച്ചുവലിച്ചു അടുക്കളയിലേക്കു കൊണ്ടുപോയി. ഒരു പച്ചമുളക് എടുത്തു പൊട്ടിച്ചു എന്റെ വായില്‍ ആസകലം തേച്ചു. ''ഇനി ഒരിക്കലും നീ ഇത് ചെയ്യരുത്'' എന്ന് ഉമ്മ പറഞ്ഞു കൊണ്ടിരുന്നു. എരിവു സഹിക്കവയ്യാതെ ഞാന്‍ വാവിട്ടു നിലവിളിച്ചു. അപ്പോഴേക്കും എന്റെ നിലവിളി കേട്ടു ഉമ്മൂമ്മ എന്റെ രക്ഷക്കെത്തി. അവര്‍ ഉമ്മയെ ശകാരിച്ചു കൊണ്ട് എന്നെ എടുത്തു കൊണ്ട് പോയി. എന്റെ വായ് കഴുകിയതിനു ശേഷം, വായില്‍ സമൃദ്ധമായി തേന്‍ ഒഴിച്ചുതന്നു. എന്റെ ചുണ്ടുകള്‍ ചുവന്നു തുടുത്തു. ഉമ്മൂമ്മ എന്റെ നാവിലും ചുണ്ടിലും ഒക്കെ തേന്‍ പുരട്ടി തന്നു. എന്നിട്ട് എന്നെ അടുത്ത് കിടത്തി വിശറി കൊണ്ട് വീശിത്തന്നു. അതോടൊപ്പം ഉമ്മൂമ്മ പറഞ്ഞുകൊണ്ടിരുന്നു.'' നീ എന്റെ രാജകുമാരന്‍ അല്ലെ.. രാജകുമാരന്‍ ഒരിക്കലും മറ്റുള്ളവരെ ഉപദ്രവിക്കരുത്, പ്രത്യേകിച്ച് പെണ്ണുങ്ങളെ. പെണ്ണുങ്ങളെ സംരക്ഷിക്കലാണ് പുരുഷന്റെ കടമ''. അവര്‍ അത് പറഞ്ഞുകൊണ്ടിരുന്നത് ഒരു താരാട്ട് പാട്ടിന്റെ ഈണത്തിലും താളത്തിലും ആയിരുന്നു. ഉമ്മൂമ്മയുടെ ശരീരത്തിന്റെ ചൂട് പറ്റി കിടന്നപ്പോള്‍ അവരുടെ ശബ്ദം അവരുടെ മനസ്സിന്റെ ഉള്ളില്‍ നിന്നും നേരിട്ട് എന്റെ മനസ്സിലേക്ക് പ്രവേശിക്കുന്നത് പോലെ എനിക്ക് തോന്നി. ഉമ്മൂമ്മയുടെ ശരീരത്തിന്റെ ഇളം ചൂടും, അവരുടെ ശബ്ദത്തിന്റെ മാധുര്യവും വിശറിയുടെ ഇളം കാറ്റും ഏറ്റു ഞാന്‍ ഉറക്കത്തിലേക്കു വഴുതി വീണു.

ഇന്നും ഉമ്മൂമ്മയുടെ താരാട്ട് പാട്ടിന്റെ രൂപത്തിലുള്ള ആ വാക്കുകള്‍ എന്റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു കിടക്കുന്നു. സ്വന്തം ഭാര്യയുമായി ചില പ്പോഴൊക്കെ വഴക്ക് കൂടാറുണ്ടെങ്കിലും ഒരു അന്യ സ്ത്രീയെ ഞാന്‍ വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ അപമാനിക്കുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ല. അങ്ങിനെ എന്റെ ആദ്യ ത്തെ സ്ത്രീ പീഡനം അവസാനത്തേതുമായി.

ഞാന്‍ സിനിമാ രംഗത്ത് വന്ന തിനു ശേഷം ആദ്യമായി ഒരു അതി ഥിയായി ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത്, സ്ത്രീകള്‍ മാത്രമു ള്ള ഒരു സദസ്സിലായിരുന്നു. ആലുവാ യിലെ സെന്റ്‌സേവിയേഴ്‌സ് വിമെന്‍ സ് കോളേജിലെ ഒരു പരിപാടി ആ യിരുന്നു അത്. പിന്നീട് ഒരുപാട് വനിതാ കോളേജുകളിലും പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും, സ്ത്രീകള്‍ മാത്രമുള്ള ഒരു സദസ്സിനെ അഭിമുഖീകരിക്കുമ്പോഴുള്ള ആ ചങ്കിടിപ്പ് ഇപ്പോഴും മാറിയിട്ടില്ല.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media