സാമ്പത്തിക ഭദ്രത കുടുംബജീവിതത്തെ സംതൃപ്തമാക്കുന്നു. കടം വ്യക്തിയുടെയെന്ന പോലെ കുടുംബത്തിന്റെയും സ്വസ്ഥത കെടുത്തുന്നു. എന്നാലിന്ന് കടക്കെണിയില്‍ കുടുങ്ങാത്തവര്‍ വളരെ കുറവാണ്. വരവറിഞ്ഞ് ചെലവഴിക്കാത്തതാണിതിനു കാരണം. സാമ്പത്തിക പ്രയാസമനുഭവിക്കുന്നവര്‍ ആവശ്യങ്ങള്‍ പോലും പലപ്പോഴും മാറ്റിവെക്കേണ്ടിവരും. അത്യാവശ്യങ്ങള്‍ക്കേ കടം വാങ്ങുകയുള്ളൂവെന്ന് ദൃഢപ്രതിജ്ഞയെടുക്കണം. പണമുണ്ടെങ്കില്‍ മാത്രമേ ആവശ്യങ്ങള്‍ പരിഗണിക്കാവൂ. അനാവശ്യം ഒരു കാരണവശാലും പാടില്ല. കോടികള്‍ കൈവശമുണ്ടെങ്കിലും.
വരവിനനുസരിച്ച് ചെലവഴിച്ചാല്‍ മാത്രമേ സാമ്പത്തിക സുസ്ഥിതി സാധ്യമാവുകയുള്ളൂ. വരവ് ചെലവുകള്‍ വ്യക്തമായി രേഖപ്പെടുത്തുന്നത് നല്ലതാണ്. ആകെയുള്ള വരവ് കണക്കാക്കി മാത്രമേ ചെലവഴിക്കാവൂ. അത് നിയന്ത്രിക്കുന്നില്ലെങ്കില്‍ എത്ര പണം കിട്ടിയാലും കടംകൊണ്ടു വലയും. കുടുംബത്തിന്റെ നട്ടെല്ലൊടിയും.
അല്ലാഹുവിന് മാത്രം വഴിപ്പെട്ട് ജീവിക്കുന്ന ഏകദൈവ വിശ്വാസികളാകണമെങ്കില്‍ ഉത്തമവും അനുവദനീയവുമായ ആഹാരം മാത്രം കഴിക്കുന്നവരാകണം. (ഖുര്‍ആന്‍ 2:172, 16:114)
മുഴുവന്‍ പ്രവാചകന്മാരെയും സംബോധന ചെയ്തുകൊണ്ടുള്ള ഖുര്‍ആനിലെ ഏക സൂക്തം ആവശ്യപ്പെടുന്നത് ഉത്തമമായത് മാത്രം ആഹരിക്കാനാണ് (23:51)
നിഷിദ്ധം ഭക്ഷിക്കുന്നവരുടെ പ്രാര്‍ത്ഥന പോലും സ്വീകരിക്കപ്പെടില്ലെന്ന് പ്രവാചകന്‍ പഠിപ്പിച്ചിരിക്കുന്നു. അവരുടെ സല്‍കര്‍മങ്ങള്‍ തന്നാല്‍ ചൂഷണം ചെയ്യപ്പെട്ടവര്‍ക്ക് പരലോകത്ത് വെച്ച് ഭാഗിച്ചുകൊടുക്കേണ്ടിവരുമെന്നും.
അതിനാല്‍ ആഹാരപാനീയങ്ങളിലും സമ്പാദ്യങ്ങളിലും നിഷിദ്ധത്തിന്റെ നേരിയ അംശംപോലുമില്ലെന്നും പൂര്‍ണമായും അനുവദനീയമായവയാണെന്നും ഉറപ്പ് വരുത്താന്‍ കുടുംബത്തിലെ എല്ലാവരും ശ്രദ്ധയും സൂക്ഷ്മതയും നിഷ്‌കര്‍ഷയും പുലര്‍ത്തണം. നിഷിദ്ധം കഴിച്ചും ധരിച്ചും വളരുന്നവര്‍ കുറ്റവാളികളായിരിക്കുമെന്ന പ്രവാചകാധ്യാപനം മറക്കാവതല്ല.
സമ്പാദിക്കുന്നതിലെന്നപോലെ കൈവശം വെക്കുന്നതിലും ചെലവഴിക്കുന്നതിലും ഇസ്‌ലാമിക മര്യാദകളും നിയമനിര്‍ദേശങ്ങളും വിധിവിലക്കുകളും പൂര്‍ണമായും പാലിക്കണം. പിശുക്കും ധൂര്‍ത്തും ദുര്‍വ്യയവും ഒട്ടും സംഭവിക്കാവതല്ല. പിശുക്കിനേക്കാള്‍ ഇന്ന് സമൂഹത്തെ ബാധിച്ച ഗുരുതരമായ വിപത്ത് ധൂര്‍ത്തും ദുര്‍വ്യയവുമാണ്. തിന്നുമ്പോഴും കുടിക്കുമ്പോഴും പരിധി ലംഘിക്കരുതെന്നും (7:31) ധൂര്‍ത്തന്മാര്‍ പിശാചുക്കളുടെ സഹോദരന്മാരാണെന്നും (17:26,27) പിശുക്കും ലുബ്ധും കാണിക്കാതെ മിതവ്യയം നടത്തുന്നവരാണ് സച്ചരിതരായ ദൈവദാസന്മാരെന്നും (25:67) ഖുര്‍ആന്‍ ഊന്നിപ്പറയുന്നു. ഒഴുകുന്ന പുഴയില്‍ നിന്നു വുദു എടുക്കുമ്പോള്‍ പോലും വെള്ളം അമിതമായി ഉപയോഗിക്കരുതെന്ന് പ്രവാചകന്‍ നിഷ്‌കര്‍ഷിക്കുന്നു.
അതിനാല്‍ ധൂര്‍ത്തും ദുര്‍വ്യയവും കുടുംബത്തിലെ എല്ലാവരും പൂര്‍ണമായും വര്‍ജിക്കണം. കടയില്‍ കാണുന്നതെല്ലാം വീട്ടില്‍ വേണ്ടതാണെന്ന് തോന്നുക സ്വഭാവികമാണ്. കമ്പോള സംസ്‌കാരത്തിന്റെ കടന്നാക്രമണത്തില്‍നിന്ന് കുതറിമാറാനോ ഭോഗതൃഷ്ണക്ക് തടയിയാനോ ഏറെ പ്രയാസപ്പെടുന്ന ഇക്കാലത്ത് കാണുന്നതൊക്കെ കിട്ടണമെന്ന് ഏറെപേരും കൊതിക്കുന്നു. അതിനാല്‍ കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതിനു മുമ്പുതന്നെ അത്യാവശ്യമുള്ളവയുടെ പട്ടിക തയ്യാറാക്കുന്നതാണ് നല്ലത്. അതിലില്ലാത്തവയൊന്നും വാങ്ങുകയില്ലെന്ന് തീരുമാനിക്കുകയും വേണം. ഇങ്ങനെ വ്യക്തമായ ആസൂത്രണത്തോടെ നീങ്ങിയാല്‍ സാമ്പത്തിക അച്ചടക്കവും ആസൂത്രണവും നടത്താനും ഭദ്രത കൈവരിക്കാനും കഴിയും. മനുഷ്യന്റെ നിലനില്‍പിന് ആധാരമായാണ് ഖുര്‍ആന്‍ സമ്പത്തിനെ കാണുന്നതെന്ന വസ്തുത വിസ്മരിക്കാവതല്ല (4:5)
ധനതൃഷ്ണക്ക് അടിപ്പെട്ട പലരുമുണ്ട്. ഖുര്‍ആന്‍ പറഞ്ഞതുപോലെ അവര്‍ പണത്തെ പരിധിയില്ലാതെ സ്‌നേഹിക്കുന്നു (89:20) അത് വാരിക്കൂട്ടാനുള്ള വെമ്പലില്‍ രാപകല്‍ വ്യാപൃതരാകുന്നു. അതിനിടയില്‍ ജീവിക്കാന്‍ മറന്നുപോകുന്നു. സ്വന്തം സഹധര്‍മിണിയോടും സന്താനങ്ങളോടുമൊന്നിച്ച് സഹവസിക്കാന്‍ പോലും സമയം കണ്ടെത്തുകയില്ല. അതിനാല്‍ അത്തരക്കാരെപ്പോലെത്തന്നെ അവരുടെ കുടുംബാംഗങ്ങളും സ്‌നേഹിക്കുക സമ്പത്തിനെയായിരിക്കും. കുടുംബനാഥനെയായിരിക്കില്ല. തല്‍ഫലമായി വാര്‍ധക്യം ബാധിച്ച് വരുമാനമുണ്ടാക്കാന്‍ കഴിയാതെ വരുമ്പോള്‍ കുടുംബിനിയും കുട്ടികളും അവരെ കൈയൊഴിയും. പണപൂജയാല്‍ പ്രിയതമക്കും കുട്ടികള്‍ക്കും സ്‌നേഹം നല്‍കാന്‍ സാധിക്കാത്തവര്‍ അവരില്‍ നിന്നത് പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തമായിരിക്കും.
സമ്പത്ത് അനിവാര്യമെന്നപോലെ അതിനു പരിമിതികളുമുണ്ട്. ഒരാളുടെ വശം എത്രകോടി രൂപയുണ്ടെങ്കിലും ഒരു വയറുനിറക്കാനും ഒരു ശരീരം മറക്കാനും ഒരിക്കല്‍ ഒരു കസേരയിലിരിക്കാനും ഒരു കട്ടിലില്‍ കിടക്കാനും ഒരു മുറിയിലുറങ്ങാനും ഒരു വാഹനത്തില്‍ സഞ്ചരിക്കാനുമേ സാധിക്കുകയുള്ളൂ. അതോടൊപ്പം ഏതൊരാള്‍ക്കും ഈ ഭൂമിയില്‍ പരമാവധി നേടാന്‍ കഴിയുക അവസാന വിശകലനത്തില്‍ ഒരൊറ്റ കാര്യം മാത്രമാണ്. മനസ്സിന്റെ സ്വസ്ഥതയും സംതൃപ്തിയും സമാധാനവുമാണത്. അതോടൊപ്പം അതിന് സമ്പത്തുമായോ ഭൗതിക സൗകര്യവുമായോ ഒരു പരിധിയോളമേ ബന്ധമുള്ളൂ. കോടിപതികളെക്കാള്‍ അനേകമടങ്ങ് സന്തോഷവും സംതൃപ്തിയുമനുഭവിക്കുന്ന കോടിക്കണക്കിന് പാവങ്ങള്‍ നമ്മുടെ നാട്ടില്‍ തന്നെയുണ്ട്. തന്റെ വശമുള്ളതെല്ലാം അല്ലാഹു തന്നതാണെന്നും തിരിച്ചെടുക്കുന്നതും അവന്‍ തന്നെയാണെന്നും അതിനാല്‍ ഒക്കെയും അവന്റേതാണെന്നും ഉറച്ചുവിശ്വസിക്കുകയും ഉള്ളതുകൊണ്ട് തൃപ്തിപ്പെടുകയും തന്നെക്കാള്‍ താഴെയുള്ളവരെ ശ്രദ്ധിക്കുകയും സേവന പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ത്യാഗങ്ങള്‍ സഹിക്കുകയും ചെയ്യുന്നവരായിരിക്കും ലോകത്ത് ഏറ്റം സംതൃപ്തരും സ്വസ്ഥമാനസരും.
അതിനാല്‍ സമ്പത്തിന് അതിന്റെ സ്ഥാനവും പ്രാധാന്യവുമേ കല്‍പിക്കാവൂ. കിട്ടുന്നത് നിയന്ത്രിച്ചു ചെലവഴിക്കുന്നതിലാണ് വിജയം. ജീവിതത്തിന്റെ മറ്റു മേഖലകളിലെന്നപോലെ സാമ്പത്തിക രംഗത്തും വ്യക്തമായ ആസൂത്രണം വേണം. ഓരോ കുടുംബവും വാര്‍ഷിക ബജറ്റുണ്ടാക്കുന്നത് വളരെ നന്നായിരിക്കും. സാധ്യതയുള്ള വരുമാനങ്ങള്‍ കണക്കാക്കി അതിലൊതുങ്ങി ചെലവുകള്‍ തീരുമാനിക്കലാണുചിതം. ധനവിനിയോഗത്തില്‍ ബജറ്റിലെ പരിധി ലംഘിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം. വരവ് ചെലവ് കണക്ക് മാസത്തിലൊരിക്കല്‍ പരിശോധിക്കുന്നത് നന്നായിരിക്കും. ബജറ്റില്‍ കുറിച്ചിട്ട സാധനങ്ങള്‍ മാത്രം വാങ്ങുക. കടയില്‍ കാണുന്ന കൗതുക വസ്തുക്കളില്‍ കണ്ണുവെക്കാതിരിക്കുക. കടം പരമാവധി ഒഴിവാക്കുക. രോഗചികിത്സ, വിദ്യാഭ്യാസം പോലുള്ളവക്ക് പ്രത്യേക ഫണ്ട് കരുതിവെക്കുന്നത് നന്നായിരിക്കും. ബജറ്റുണ്ടാക്കുമ്പോള്‍ കുടുംബാംഗങ്ങളെയെല്ലാം അതില്‍ പങ്കാളികളാക്കണം. ഇങ്ങനെ സാമ്പത്തിക രംഗത്ത് വ്യക്തമായ ആസൂത്രണവും അച്ചടക്കവും പുലര്‍ത്താന്‍ കുടുംബം സന്നദ്ധമാകണം. ഇരുലോക വിജയത്തിനും അതനിവാര്യമത്രെ.