കലയുടെയും സാഹിത്യത്തിന്റെയും യഥാര്‍ഥ സൗന്ദര്യം ആസ്വാദ്യകരമാകുന്നതും ആഘോഷിക്കപ്പെടുന്നതും അത് മൂല്യങ്ങളുടെ അടരുകളെ അടയാളപ്പെടുത്തുമ്പോഴാണ്. മാനവസംസ്കാരങ്ങളുടെ ശൃംഖലകളിലെ കണ്ണികളാണ് കലയും സംസ്കാരവും.
കലയുടെയും സാഹിത്യത്തിന്റെയും യഥാര്‍ഥ സൗന്ദര്യം ആസ്വാദ്യകരമാകുന്നതും ആഘോഷിക്കപ്പെടുന്നതും അത് മൂല്യങ്ങളുടെ അടരുകളെ അടയാളപ്പെടുത്തുമ്പോഴാണ്. മാനവസംസ്കാരങ്ങളുടെ ശൃംഖലകളിലെ കണ്ണികളാണ് കലയും സംസ്കാരവും. തനിമ കലാസാഹിത്യവേദി അതിന്റെ ധര്മപഥങ്ങളിലൂടെയുള്ള ചേതോഹരമായ പ്രയാണം തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിട്ടു. ആറ് വര്‍ഷമായി ഈ കൂട്ടായ്മയോടൊപ്പം യാത്രചെയ്യുന്നു. സംസ്ഥാന സമിതിയും ജില്ലാ സമിതിയും സംഘടിപ്പിച്ച ഒട്ടുമിക്ക പരിപാടികളിലും പങ്കെടുക്കാന്‍ കഴിഞ്ഞത് ജീവിതത്തില്‍ എന്നും സൂക്ഷിച്ചുപോന്ന കലയുടെ മൂല്യങ്ങള്‍ക്ക് ദിശനിര്‍ണയിക്കാന്‍ അല്ലാഹു നല്കിയ അസുലഭനിമിഷമായിട്ട് തന്നെയാണ് കാണുന്നത്.
തനിമയുടെ മുഖ്യ അജണ്ടകളിലൊന്നായ 'ഉയിരെഴുത്ത് സാഹിത്യപഠന ശില്പശാല'ക്ക് ഈ വര്‍ഷം വേദിയായത് കണ്ണൂരിലെ യൂനിറ്റി സെന്ററാണ്. ഓഗസ്റ്റ് 13,14- തിയ്യതികളില്‍ നടന്ന ശില്പശാല മലയാളത്തിന്റെ പ്രഗല്ഭരായ എഴുത്തുകാരുടെയും കലാകാരന്മാരുടെയും നിറസാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. വായനയുടെ സ്റ്റെതസ്കോപ്പ് എന്ന വിഷയത്തില്‍ നടന്ന എല്ലാ പഠനക്ലാസ്സുകളും പേര് സൂചിപ്പിക്കുന്ന പോലെതന്നെ പ്രകൃതിയെ വായിക്കുന്നത് മുതല്‍ പുസ്തകവായന വരെയുള്ള എല്ലാ വായനകളുടെയും മിടിപ്പുകളെ തൊട്ടറിയുന്നതായിരുന്നു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ജമീല്‍ അഹ്മദിന്റെ സ്വാഗത പ്രസംഗത്തിലും പ്രസിഡന്റ് ആദം അയൂബിന്റെ ആമുഖ പ്രഭാഷണത്തിനും ശേഷം പ്രശസ്ത എഴുത്തുകാരനും ചിന്തകനുമായ ഡോ. പി.കെ.പോക്കര് 'വായനയിലെ മാറുന്ന പ്രവണതകള്‍' എന്ന വിഷയത്തില്‍ ചിന്തകളുടെയും ആശയങ്ങളുടെയും കലവറ തുറന്നുവെച്ചു. വായന സമൂഹത്തെയും സംസ്കാരത്തെയും മാറ്റുന്ന പ്രക്രിയ ആണ്. ഭാഷ നിര്‍മിക്കുന്നത് ഏതെങ്കിലും വ്യക്തിയോ കൃതിയോ അല്ല. എഴുത്തില്‍ ഏര്‍പെടുന്നവര്‍ വായനയില്‍നിന്ന് സ്വാംശീകരിക്കണം. ആദ്യകാല മുസ്ലിംകള് മലയാള ഭാഷയോട് പുറംതിരിഞ്ഞു നിന്നത് ഹൈന്ദവ പുരാണ കഥാപാത്രങ്ങളെ എഴുതിയ ഭാഷ എന്തിന് പഠിക്കണം എന്ന ചിന്തയിലായിരിക്കാം. എന്നാല്‍ ഇന്ന് ഒറ്റ ജനതയെ പ്രതിനിധീകരിക്കുന്ന കാഴ്ചപ്പാടല്ല, ബഹുസ്വരതയാണുള്ളത്. അനര്‍ഹമായി കടന്നുവരുന്ന ചിന്തകളെയും കാഴ്ചപ്പാടുകളെയും തിരുത്താന്‍ നാം ജാഗ്രത കൈകൊള്ളണം.
പ്രശസ്ത മാപ്പിളപ്പാട്ട് നിരൂപകനും മത്സരവേദികളിലെ വിധികര്‍ത്താക്കളില്‍ പ്രമുഖനുമായ ഫൈസല്‍ എളേറ്റില്‍ 'മാപ്പിളപ്പാട്ടിലേക്കുള്ള വഴികള്‍' എന്ന വിഷയത്തിലൂടെ സഞ്ചരിച്ച് ഇമ്പമുള്ള ഇശലുകളുടെ മധുകണം പകര്ന്നുനല്കി. കേട്ടുമറന്ന ഗാനങ്ങള്‍ ഈണത്തില്‍ പാടിയും ഫലിതങ്ങളുടെ മേമ്പൊടി തൂവിയും മനസ്സിന്റെ മണിച്ചെപ്പ് തുറന്ന് മാപ്പിളപ്പാട്ട് ചരിത്രത്തെയും അതിന്റെ ശില്പികളെയും കുറിച്ച് അദ്ദേഹം വാചാലനായി. വിഷയങ്ങളുടെ വൈവിധ്യങ്ങളെ തിരിച്ചറിഞ്ഞ് സാധാരണക്കാരന് ആസ്വദിക്കാവുന്ന ഏത് വിഷയവും രചനക്കായി തെരഞ്ഞെടുക്കാം. ഈണത്തിനാണ് പ്രാധാന്യം. പ്രാസം അതിനെ മനോഹരമാക്കുന്നു. സംഗീതമാണ് മറ്റൊരു പ്രത്യേകത. എന്നാല്‍ ഇന്ന് ഈണത്തില്‍ നിന്നും സംഗീതത്തില്‍നിന്നും മാപ്പിളപ്പാട്ട് അകന്ന് പോയിക്കൊണ്ടിരിക്കുന്നു.
സദസ്സിനെ കീഴടക്കിയ മാപ്പിളപ്പാട്ട് സംവാദത്തിന് ശേഷം ഹസ്സന് നെടിയങ്ങാടിന്റെ ക്ലാസില്‍നിന്നും ഒപ്പനയുടെ ചരിത്രവും നിയമങ്ങളും അടുത്തറിയാന്‍ കഴിഞ്ഞു. പണ്ടുകാലത്ത് പുരുഷന്മാര് കളിച്ചിരുന്ന കൈകൊട്ടിപ്പാട്ട് പിന്നീട് ഒപ്പനയായി രൂപാന്തരപ്പെട്ടു. വൈവിധ്യമാര്‍ന്ന ഇശലുകളിലുള്ള പാട്ട് തന്നെയാണ് ഒപ്പനയുടെ മര്‍മപ്രധാനമായ വശം. കഴുത്ത്, കമ്പി, വാലുമ്മക്കമ്പി, വിരുത്തം തുടങ്ങിയ നിയമാവലികള്‍ ഒപ്പനപ്പാട്ടില്‍ പാലിക്കപ്പെടേണ്ടതുണ്ട്. അദ്ദേഹം വ്യക്തമാക്കി.
തനിമ രക്ഷാധികാരി ടി. മുഹമ്മദ് വേളത്തിന്റെ സായാഹ്നപ്രഭാഷണം സംസ്കാരത്തെ വേവിച്ചെടുത്ത ചരിത്രങ്ങള്‍ക്കൊണ്ട് സമ്പന്നമായിരുന്നു. രതിയും രുചിയുമാണ് ലോകത്തെ രണ്ട് കലാബിന്ദുക്കള്. നന്മയുള്ള സംസ്കാരത്തെ സൃഷ്ടിച്ചെടുക്കലാണ് കലാസാഹിത്യ പ്രവര്‍ത്തകരുടെ സാമൂഹിക പ്രതിബദ്ധത. മനുഷ്യജീവിതം മൊത്തത്തില്‍ പൊളിറ്റിക്കലല്ല. പ്രകൃതിയിലെ സര്‍വവസ്തുക്കളിലും സൗന്ദര്യത്തെ ദര്‍ശിക്കുകയും സാധ്യതകളെ നിര്‍മാണാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയും വേണം. മാനവചരിത്രത്തിലെന്നും സുവര്‍ണലിപിയില്‍ രേഖപ്പെട്ടുകിടക്കുന്ന ചില സാംസ്കാരിക പൈതൃകങ്ങളെ എടുത്തുദ്ധരിച്ചുകൊണ്ട് അദ്ദേഹം വിശദീകരിച്ചു.
തനിമയുടെ സംസ്ഥാന സമിതി അംഗം മുഹമ്മദ് ശമീമും ചലച്ചിത്ര പ്രവര്‍ത്തനരംഗത്തെ പ്രമുഖ വ്യക്തിത്വമായ ടി.കെ. ഉമറും സിനിമയുടെ കാഴ്ചയെക്കുറിച്ചാണ് സംസാരിച്ചത്. നമ്മുടെ വ്യവഹാര പരിസരത്ത് നിന്നുകൊണ്ട് സാംസ്കാരികമായ പല പരിണാമങ്ങള്‍ക്കും സിനിമ വഴിയൊരുക്കും. വ്യാകരണത്തിന്റെ ചട്ടക്കൂടുകളോ സാങ്കേതികതയോ അറിയാതെ കേവല ആസ്വാദനത്തിന് വേണ്ടി സിനിമയെ കാണുന്നതിലപ്പുറം ശബ്ദപരവും ദൃശ്യപരവുമായി ഒരു സിനിമ നല്കുന്ന തിരിച്ചറിവുകളെ വിശകലനം ചെയ്യുന്നതായിരുന്നു ശമീമിന്റെ പഠനക്ലാസ്സ്. സമയദൈര്‍ഘ്യം കൊണ്ടും പ്രമേയം കൊണ്ടും ജനശ്രദ്ധയാകര്‍ഷിച്ച വിദേശസിനിമകളെയാണ് ഉദാഹരണപഠനത്തിനായി അദ്ദേഹം തെരഞ്ഞെടുത്തത്. സിനിമയിലെ സവര്‍ണ വിഭാഗീയചിന്തകളെയും അനാവരണം ചെയ്തു.
പ്രേക്ഷകരുടെ മാനസികതലത്തെ എങ്ങനെ ഒരു സിനിമ സ്പര്‍ശിക്കും എന്നത് പഴയതും പുതിയതുമായ മലയാള ചലച്ചിത്രങ്ങളെ ഉദാഹരിച്ചുകൊണ്ട് ടി.കെ. ഉമര്‍ വിശകലനം ചെയ്തു. യഥാര്‍ഥജീവിതത്തില്‍ അപ്രാപ്യമായതിനെ സിനിമയിലൂടെ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നു. നിയമപാലകര്‍ക്ക് അസാധ്യമായതിനെ പോലീസ് നായകന് സംഘട്ടനത്തിലൂടെ വ്യാജമായ പരിഹാരങ്ങള്‍ മുന്നോട്ട് വെക്കുന്നു. എങ്കിലും സാഹിത്യം വളര്ന്നപോലെ സിനിമ വളര്‍ന്നിട്ടില്ല. ഉണര്‍വേകിയ സംവാദത്തോടെയാണ് സിനിമാ പഠനക്ലാസ് അവസാനിച്ചത്.
കണ്ണൂരിന്റെ രുചിക്കൂട്ടുകളില്‍ ഒരുക്കിയ ലളിതമായ അത്താഴത്തിന് ശേഷം ക്യാമ്പംഗങ്ങള്‍ ഒരുക്കിയ കലാവിരുന്ന് ഏറെ മികവ് പുലര്‍ത്തി. പ്രശസ്ത സാഹിത്യനിരൂപകനും നാടകകൃത്തും നവമാര്‍ക്സിസ്റ്റ് ഉത്തരാധുനിക സാഹിത്യ വിമര്‍ശകനുമായ ശ്രീ ഇ.പി.രാജഗോപാലന്‍ കാവ്യവായനയെ കുറിച്ച് പ്രഭാഷണം നടത്തി. വാക്ക്, വിടവുകള്‍, ചിഹ്നങ്ങള്‍ എന്നീ മൂന്ന് കാര്യങ്ങള്‍ കൊണ്ട് ഉണ്ടാവേണ്ട സൂക്ഷ്മതയുടെ ഭാഷയാണ് കവിത. ലോകത്തെ തന്നെ സൃഷ്ടിച്ചത് ഇപ്രകാരമാണ്. വാക്കുകളാണ് ചരിത്രത്തിന്റെ ഏറ്റവും വലിയ പ്രതിനിധാനം - കവിതയിലെ ഓരോ വാക്കും പരിഗണന അര്‍ഹിക്കുന്നു. അതില്‍ വായനയുണ്ട്. ചരിത്രവും സമൂഹവുമുണ്ട്.
പ്രശസ്തകവി വീരാന്‍കുട്ടി 'തീപിടിച്ച കാട്ടില്‍നിന്ന്' എന്ന് തുടങ്ങുന്ന ഹ്രസ്വമായ കവിതയിലൂടെ പ്രകൃതിയൂടെ ആവാസവ്യവസ്ഥയുടെ ആഴമേറിയ അര്‍ഥതലങ്ങള്‍ സദസ്സിനുമുമ്പില്‍ തുറന്നുവെച്ചു. വളരെ തന്മയത്തത്തോടെയും സരസമായും ഗൗരവമേറിയ ചിന്താബീജങ്ങളെ നട്ടുകൊണ്ടുമാണ് അദ്ദേഹം ക്ലാസ്സില്‍നിന്നും വിരമിച്ചത്.
ശിഹാബുദ്ദീന് പൊയ്ത്തുംകടവിന്റെ 'രണ്ട് എളാപ്പമാര്‍' എന്ന കഥയെ ആസ്പദമാക്കി നടന്ന ചര്‍ച്ചക്ക് ഡോ. ഷാജഹാന് നേതൃത്വം നല്കി. അനീസുദ്ദീന്‍ മുഖ്യപ്രഭാഷകനായിരുന്നു. തുന്നിയ നൂലുകള്‍ തന്നെ അഴിച്ചെടുത്ത് വീണ്ടും തുന്നിയ വസ്ത്രങ്ങള്‍ ഉപയോഗിച്ചത് ദാരിദ്ര്യത്തിന്റെ നേര്‍ക്കാഴ്ചയാണ്. കേന്ദ്രകഥാപാത്രം രചയിതാവ് തന്നെയാണെന്നായിരുന്നു നിരീക്ഷണം. ഡോ. ജമീല്‍ അഹ്മദ്, ഡോ.ഹിക്മത്തുള്ള, സലീം കുരിക്കളകത്ത്, ശമീം എന്നിവരുടെ പങ്കാളിത്തം ചര്‍ച്ചയെ കൂടുതല്‍ സജീവമാക്കി.
ഉച്ചക്ക് ശേഷം സീനത്ത് ചെറുകോടിന്റെ നിയന്ത്രണത്തില്‍ നടന്ന ചര്‍ച്ചയില്‍ റഹ്മാന് മുന്നൂരും ഹിക്മത്തുള്ളയുമായിരുന്നു പ്രസംഗകര്‍. ഏതൊരു സാഹിത്യത്തിനും അതിന്റെ ഒരു പരിസരം ഉണ്ടാവും. അതില്‍ നിന്ന് ആ നാടിന്റെ സംസ്കാരവും ചരിത്രവും വായിക്കാം. മാപ്പിളപ്പാട്ടിനുമുണ്ട് അതിന്റെ പരിസരവും സംസ്കാരവും. പുലിക്കോട്ടില്‍ ഹൈദറിന്റെ 'മറിയക്കുട്ടിയുടെ കത്ത്' എന്ന ഗാനത്തെ അടിസ്ഥാനമാക്കി ഡോ. ഹിക്മത്തുള്ള സംസാരിച്ചു. നിലമ്പൂര്‍- ഷൊര്‍ണൂര്‍ റെയില്‍പാത പണിയുന്ന സമയത്ത് പരിസരപ്രദേശത്തുള്ള മറിയക്കുട്ടിയെ ബെല്ലാരി ജയിലിലുള്ള ഭര്‍ത്താവ് സംശയിച്ചപ്പോള്‍ അവരുടെ നിരപരാധിത്വം തെളിയിക്കാന്‍ ജയിലിലേക്ക് അയക്കുന്ന കത്താണിത്. ഗായകന് ഷാനവാസ് ആ ഗാനം പാടുകയും ഹിക്മത്തുള്ള അര്‍ഥം വിശദീകരിക്കുകയും ചെയ്തു. അന്നത്തെ സാമൂഹ്യ പശ്ചാത്തലം ഇതില്‍കാണാം.
യു.കെ. അബൂസഹ്ലയുടെ 'മിന്നിത്തിളങ്ങും മിന്നാമിനുങ്ങിന്റെ' എന്ന ഗാനമാണ് ഇസ്ലാമിക ഗാനങ്ങളെ കുറിച്ച് സംസാരിക്കാന്‍ റഹ്മാന് മുന്നൂര് തെരഞ്ഞെടുത്തത്. ഇസ്ലാമിക ഗാനങ്ങളുടെ വളര്‍ച്ചയില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പങ്ക് അദ്ദേഹം പരാമര്‍ശിച്ചു.
ഡോ. ജമീല്‍ അഹ്മദ്, ഐ. സമീല്‍, സൈനബ് ചാവക്കാട്, ആദം അയൂബ്, സലീം കുരിക്കളകത്ത്, റഹ്മാന് മുന്നൂര് എന്നിവരായിരുന്നു രണ്ട് ദിവസങ്ങളിലായി നടന്ന ശില്പശാലയുടെ വേദി നിയന്ത്രിച്ച തനിമയുടെ മറ്റു സംസ്ഥാനസമിതി അംഗങ്ങള്‍. കേരള സാംസ്കാരികവകുപ്പ് ഏര്‍പെടുത്തിയ തകഴി സ്മാരക ചെറുകഥാപുരസ്കാരം നേടിയ തനിമ സെക്രട്ടറി സലീം കുരിക്കളകത്തിനെ വേദിയില്‍ ആദരിച്ചു. വി.എ. കബീറിന്റെ ആശയസമ്പുഷ്ടമായ പ്രസംഗത്തിന് ശേഷം ആദം അയൂബിന്റെ സമാപന പ്രസംഗത്തോടെ ക്യാമ്പ് സമാപിച്ചു.