പുതുപ്പിറവിയിലും കരുത്തോടെ
ഒരുപാടൊരുപാട് സുകൃതങ്ങള്‍ ദൈവം മനുഷ്യര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ദൂരത്തുള്ളത് കൈയെത്തിപ്പിടിക്കാനും പൊരുതി നേടാന്‍ പറ്റിയത് സ്വന്തമാക്കാനും നാം എന്നും ഒരുമ്പെട്ടിറങ്ങിയിട്ടുണ്ട്. നഷ്ടബോധ്യങ്ങളുടെയും ലാഭചേതങ്ങളുടെയും കണക്കുകളുമായി ആരോഗ്യവും ആയുസ്സും സമയവും മാഞ്ഞും മറഞ്ഞും കൊണ്ടേയിരിക്കുന്നു.
ഒരുപാടൊരുപാട് സുകൃതങ്ങള്‍ ദൈവം മനുഷ്യര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ദൂരത്തുള്ളത് കൈയെത്തിപ്പിടിക്കാനും പൊരുതി നേടാന്‍ പറ്റിയത് സ്വന്തമാക്കാനും നാം എന്നും ഒരുമ്പെട്ടിറങ്ങിയിട്ടുണ്ട്. നഷ്ടബോധ്യങ്ങളുടെയും ലാഭചേതങ്ങളുടെയും കണക്കുകളുമായി ആരോഗ്യവും ആയുസ്സും സമയവും മാഞ്ഞും മറഞ്ഞും കൊണ്ടേയിരിക്കുന്നു. എന്തുകൊടുത്താലും പകരം തിരിച്ചുതരാനാവാത്ത സമയം നീങ്ങിനീങ്ങിപ്പോകുമ്പോള് ആയുസ്സില്‍നിന്നും ഒരല്പംകൂടി കുറഞ്ഞുവെന്നും ജീവിതയാത്രയുടെ ദൂരം താണ്ടാന്‍ ഇനി അധികമൊന്നും ഇല്ലെന്നുമുള്ള മുന്നറിയിപ്പുകൂടി നമ്മിലേക്ക് ഓര്‍മയായി വരികയാണ്.
വര്‍ഷങ്ങള്‍ ഓരോന്നായി കൊഴിഞ്ഞുകൊണ്ടിരിക്കുമ്പോഴും ആരാമം മാസികയുടെ പേജുകള്‍ വായനയുടെ പുത്തന്‍ ഭേദങ്ങളുമായാണ് വായനക്കാരെ സമീപിച്ചത്. സമകാലിക ലോകത്ത് പുതിയ ചിന്തയുടെയും ധിഷണയുടെയും വഴിയെ നടത്താന്‍ സ്ത്രീ സമൂഹത്തെ പര്യാപ്തമാക്കുമാറ് വിലപ്പെട്ടതായിരുന്നു അതിന്റെ പേജുകളെന്ന് വായനക്കാര്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതിനു തെളിവാണ് വായനക്കാരില്‍ നിന്നുള്ള പ്രതികരണങ്ങള്‍. സമകാലിക ലോകം കൊണ്ടാടിയ സ്ത്രീ പ്രശ്നങ്ങളെ, വിശിഷ്യാ മുസ്ലിം സ്ത്രീ വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ ക്രിയാത്മക സംവാദ രൂപത്തില്‍ സമീപിക്കാന്‍ ആരാമത്തിനു കഴിഞ്ഞിട്ടുണ്ട്. അതിരുകവിഞ്ഞ സ്ത്രീസ്വത്വവാദങ്ങള്ക്കും സ്ത്രീ സ്വത്വത്തെ ചുരുക്കിക്കളയുന്ന യഥാസ്ഥിതിക ചട്ടക്കൂടിനെയും ഭേദിച്ചുകൊണ്ടാണ് ആരാമം സ്ത്രീ സമൂഹത്തോടുള്ള പ്രതിബദ്ധത തെളിയിച്ചത്. ആ പാതയിലേക്കുള്ള ആരാമത്തിന്റെ കരുത്ത് ദൈവിക മാര്‍ഗത്തിലേക്കുള്ള സമര്പണം തന്നെയാണ്. സമൂഹം ഒരുപാട് ചോദ്യങ്ങള്‍ മുസ്ലിം സ്ത്രീയെ വെച്ചുകൊണ്ട് ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ അതിനെ സഹിഷ്ണുതയോടെ നേരിടാനുള്ള പ്രാപ്തി ആരാമത്തിനുണ്ട്. അത് ഉറപ്പിക്കാനാവുന്നത് അത്തരമൊരു സമര്പണത്തിലൂടെയാണ്.
വ്യത്യസ്തമായ കവര്‍സ്റ്റോറികളും ലേഖനങ്ങളും ഫീച്ചറുകളും മറ്റ് സര്‍ഗാത്മക വിഷയങ്ങളുമായി വായനക്കാരെ സമീപിച്ച ആരാമം പുതിയ വര്‍ഷം പിറക്കുമ്പോള്‍ അതിന്റെ ഓര്‍മപ്പെടുത്തലുകളുമായാണ് വായനക്കാര്‍ക്ക് മുന്നിലെത്തുന്നത്.