ആഘോഷമാകുന്ന പുതുവര്‍ഷ രാവുകള്‍

എ. റഹ്മത്തുന്നിസ No image

ലോകമെമ്പാടുമുള്ള മനുഷ്യസമൂഹം പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന തിരക്കിലാണ്. ആഘോഷങ്ങള്‍ പുതിയ പുതിയ രൂപങ്ങൡും ഭാവങ്ങളിലും എല്ലായിടത്തും പൊടിപൊടിക്കുകയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിക്കപ്പെടുന്ന സീസണ്‍ കൂടിയാണിത്. ഈ ബഹളങ്ങള്‍ക്കിടയില്‍ നാം വിസ്മരിച്ചുപോകുന്ന ഒരു കാര്യമുണ്ട്. പടച്ചതമ്പുരാന്‍ നമുക്ക് ഈ ഭൂമിയില്‍ അധിവസിക്കാന്‍ അനുവദിച്ച അവധിയില്‍നിന്ന് ഒരുവര്‍ഷം കൂടി പിന്നിട്ടിരിക്കുന്നു എന്ന സത്യം. മരണത്തിലേക്കുള്ള നമ്മുടെ ദൂരം കുറഞ്ഞിരിക്കുന്നു എന്ന യാഥാര്‍ഥ്യം.

സമയം സ്വര്‍ണമാണ്, സമയം പണമാണ് തുടങ്ങിയ ഭൗതിക നിര്‍വചനങ്ങള്‍ക്ക് വിരുദ്ധമായി സമയത്തെ ആയുസ്സായാണ് ഇസ്‌ലാം കാണുന്നത്. ആയുസ്സാകട്ടെ വളരെ പരിമിതവുമാണ്. എത്ര പെട്ടെന്നാണ് മാസങ്ങളും വര്‍ഷങ്ങളും കൊഴിഞ്ഞുപോകുന്നത്. കഴിഞ്ഞ വര്‍ഷം നമ്മോടൊപ്പമുണ്ടായിരുന്ന പലരും ഇപ്പോള്‍ നമ്മുടെ കൂടെയില്ല. നമ്മുടെ ജീവിതത്തിന്റെ ഏറ്റവും വലിയ യാഥാര്‍ഥ്യം ഇത് മാത്രമാണ്. ഭാവിയെ കുറിച്ച് നമുക്ക് ഉറപ്പിച്ച് പറയാവുന്ന ഏക കാര്യം നാം മരിക്കും എന്നത് മാത്രമാണ്. മരണമാകട്ടെ, ശാശ്വതമായ മറ്റൊരു ജീവിതത്തിലേക്കുള്ള ചവിട്ടുപടിയും. 'വൈകുന്നേരമായാല്‍ നീ പ്രഭാതത്തെ പ്രതീക്ഷിക്കരുതെന്നും, പ്രഭാതമായാല്‍ വൈകുന്നേരത്തെ കാത്തിരിക്കരുതെന്നും' പഠിപ്പിക്കുന്ന പ്രവാചകന്‍ 'നിന്റെ ജീവിതത്തില്‍നിന്നും മരണത്തിലേക്ക് വേണ്ടത് കരുതിവെക്കുക' എന്ന് ഉണര്‍ത്തിയിട്ടുണ്ട്. ഈ ലോകത്ത് നമുക്ക് ലഭിക്കാവുന്ന വിഭവങ്ങളില്‍ ഏറ്റവും മൂല്യവത്തായ വിഭവം സമയമാണെന്നും അത് ഒരിക്കല്‍ നഷ്ടമായാല്‍ പിന്നെ വീണ്ടെടുക്കുക സാധ്യമല്ല എന്നുമുള്ള ഖുര്‍ആന്റെ മുന്നറിയിപ്പ് അവഗണിച്ച് ജീവിക്കുക സാധ്യമല്ല. ലോകത്തുള്ള സകല സമ്പത്തും അടിയറവെക്കാമെന്ന് പറഞ്ഞാലും നഷ്ടപ്പെട്ട ഒരു നിമിഷം നമുക്ക് തിരിച്ചുലഭിക്കുകയില്ല. അല്ലാഹു പറയുന്നു: ''മരണം വന്നെത്തും മുമ്പേ നിങ്ങളോരോരുത്തരും നാം നല്‍കിയ വിഭവങ്ങളില്‍നിന്ന് ചെലവഴിക്കുക. അപ്പോഴവന്‍ പറയും: ''എന്റെ നാഥാ, അടുത്ത ഒരവധിവരെ എനിക്ക് സമയം നീട്ടിത്തരാത്തതെന്ത്? എങ്കില്‍ ഞാന്‍ ദാനം നല്‍കാം. സജ്ജനങ്ങളിലുള്‍പ്പെട്ടവനാകാം.'' അവധി ആസന്നമായാല്‍ പിന്നെ അല്ലാഹു ആര്‍ക്കും അത് നീട്ടിക്കൊടുക്കുകയില്ല. നിങ്ങള്‍ ചെയ്യുന്നതെന്തൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.'' (അല്‍ മുനാഫിഖൂന്‍ 10,11)

മരണാനന്തരജീവിതം വിജയകരമാകാനും ഇഹലോകജീവിതം സമാധാനപൂര്‍ണമാകാനുമുള്ള ഏക മാര്‍ഗം, കിട്ടിയ അവസരം നന്നായി ഉപയോഗപ്പെടുത്തുക എന്നത് മാത്രമാകുന്നു. ഈ തിരിച്ചറിവില്‍ നിന്നുകൊണ്ട് കടന്നുപോയ വര്‍ഷത്തെ വിലയിരുത്തുമ്പോള്‍ മാത്രമാണ് എത്ര വിലപിടിപ്പുള്ള ഒരു വിഭവമാണ് നമ്മില്‍നിന്നും ഒരിക്കലും വീണ്ടെടുക്കാന്‍ കഴിയാത്തവിധം വിടപറഞ്ഞത് എന്ന് നമുക്ക് മനസ്സിലാവുകയുള്ളൂ. അപ്പോള്‍ മാത്രമേ ആഘോഷങ്ങള്‍ക്കപ്പുറം വിലയിരുത്തലുകള്‍ക്കും, ഇനി വരാനിരിക്കുന്ന നാളുകള്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിനെക്കുറിച്ച ചിന്തകള്‍ക്കും പ്രസക്തിയുള്ളൂ.

'ദിനരാത്രങ്ങള്‍ മാറി മാറിവരുന്നതിലും ധിഷണാശാലികള്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്' എന്ന് പഠിപ്പിക്കുന്ന ഖുര്‍ആനിലും, ഹദീസുകളിലും പ്രഭാതത്തില്‍നിന്നും പ്രദോഷത്തിലേക്കുള്ള ദിനരാത്രങ്ങളുടെ ഒഴുക്കില്‍ ഓരോ സന്ദര്‍ഭത്തിലും ഒരു സത്യവിശ്വാസിയുടെ ജീവിതം എങ്ങനെയായിരിക്കണമെന്നതിനെ കുറിച്ച ഖണ്ഡിതമായ നിര്‍ദേശങ്ങള്‍ കാണാം. 'രാവിനെ വസ്ത്രമാക്കി. പകലിനെ ജീവിതവേളയാക്കി' എന്ന് സൂറത്തുന്നബഇല്‍ അല്ലാഹു പറയുന്നു. മനുഷ്യന്റെ ഭൗതികവും ആത്മീയവുമായ എല്ലാ കാര്യങ്ങള്‍ക്കും അര്‍ഹമായ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സന്തുലിതമായ ഒരു സമയ വിനിയോഗത്തിലൂടെയാണ് വിജയം എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. A time for everything and everything in its time ഇതിന് ഏറ്റവും നല്ല മാതൃകയാണ് നബി(സ)യുടെ ജീവിതം. ഒഴുക്കിനനുസരിച്ചുള്ള ഒരു സ്വഭാവിക ജീവിതമായിരുന്നില്ല അത്. 

ലാഭകരമായ നിക്ഷേപം

സമയത്തെ ഒരമൂല്യ മൂലധനമായിക്കണ്ട് ഏറ്റവും ലാഭകരമായ പ്രവൃത്തിയില്‍ നിക്ഷേപിക്കുന്നവരാണ് യഥാര്‍ഥ വിജയികള്‍. 'സമയംകൊല്ലല്‍' എന്നൊന്ന് അവരുടെ ജീവിതത്തിലില്ല. ഒഴിവുസമയം പോലും ക്രിയാത്മകമായി വിനിയോഗിക്കാന്‍ അവര്‍ക്കറിയാം. ഇബ്‌നുഅബ്ബാസ് (റ)ല്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു ഹദീസില്‍ (ബുഖാരി 8/4) 'അധികപേരും നഷ്ടപ്പെടുത്തുന്ന രണ്ട് അനുഗ്രഹങ്ങള്‍ ഉണ്ട്. ആരോഗ്യവും ഒഴിവു സമയവുമാണ് അവ' എന്ന് നബി(സ) പറഞ്ഞതായി കാണാം. ഒഴിവുദിനങ്ങള്‍ പിശാചിന് തീറെഴുതിക്കൊടുത്തത് പോലെയാണ് പലരും. ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ആവര്‍ത്തനവിരസതയില്‍നിന്നും വ്യത്യസ്തമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങളിലേര്‍പെട്ട് കൂടുതല്‍ ഉന്മേഷത്തോടെ വീണ്ടും സാധാരണജീവിതത്തിലേക്ക് പോകുവാന്‍ വേണ്ടിയാണ് ഒഴിവുദിനങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ ലഹരിയിലും അതോടനുബന്ധിച്ചുള്ള അഴിഞ്ഞാട്ടങ്ങളിലും മുഴുകി രാവ് പകലാക്കി നടത്തപ്പെടുന്ന ആഘോഷങ്ങളിലൂടെ ഉള്ള ഉന്മേഷവും ചോര്‍ന്ന് ജീവഛവങ്ങളായ അവസ്ഥയിലാണ് പലരും തിരിച്ച് ദൈനംദിന ജീവിതത്തിലേക്ക് മടങ്ങുന്നത്. ഒരു അവധിക്ക് ശേഷം വരുന്ന ആദ്യ പ്രവൃത്തി ദിനത്തില്‍ തൊഴിലിടങ്ങളിലെ പ്രകടനങ്ങള്‍ പരിശോധിച്ചാല്‍ ഇത് ശരിക്കും ബോധ്യപ്പെടും. മറ്റു ചിലരാകട്ടെ അലസതയും, ആലസ്യവും, അമിതമായ ഉറക്കവും കൊണ്ട് ശരിക്കും ഒന്നിനും കൊള്ളാത്തവരായി മാറുന്നു. ''ഒന്നില്‍ നിന്നൊഴിവായാല്‍ മറ്റൊന്നില്‍ മുഴുകുക'' എന്ന് ഖുര്‍ആന്‍ പഠിപ്പിച്ചത് അതുകൊണ്ടാണ്. നിര്‍ദോഷമായ പ്രവൃത്തി എന്നൊന്നില്ല. ഹിതകരവും, പുണ്യകരവുമല്ലാത്ത ഏത് പ്രവൃത്തിയും നീചവും വെടിയേണ്ടതുമാണ്. ഒരു അറബി പഴഞ്ചൊല്ല് പോലെ ''സമയം വാള്‍ പോലെയാണ്. അതിനെ നീ വെട്ടിയില്ലെങ്കില്‍ അത് നിന്നെ വെട്ടും''

കര്‍മനൈരന്തര്യം കൈവിടാതിരിക്കുക.

സദാ കര്‍മനിരതരാവുക എന്നത് സത്യവിശ്വാസിയുടെ സ്വഭാവമാണ്. ദൈവമാര്‍ഗത്തില്‍ ഒരുനിമിഷം പോലും പ്രതിഫലാര്‍ഹമല്ലാതെ തള്ളിനീക്കുക അവന്റെ ജീവിതത്തില്‍ ഉണ്ടാവില്ല. ഇതിനര്‍ഥം എല്ലാവിധ സുഖങ്ങളും ആനന്ദങ്ങളും ത്യജിക്കുക എന്നല്ല. ശരീരത്തിനാവശ്യമായ ഉറക്കം, ഭക്ഷണം, വ്യായാമം എന്നിവ വേണ്ട സമയത്ത് വേണ്ട അളവില്‍ നല്‍കുന്നത് ഇബാദത്തിന്റെ ഭാഗമായാണ് പഠിപ്പിക്കപ്പെട്ടിട്ടുള്ളത്. അവ അമിതമാവുന്നതാകട്ടെ പിശാചിനെ പിന്‍പറ്റലും. കാരണം അവ കര്‍മനൈരന്തര്യത്തിന് ഭംഗം വരുത്തുന്നതുമാണ്.


ലാഭംകൊയ്യാന്‍ പൊടിക്കൈകള്‍

1. ലക്ഷ്യബോധമുള്ളവരാവുക. 

എന്ത് നേടണം എന്ന ചിന്തയില്‍ നിന്നാണല്ലോ എന്ത് ചെയ്യണമെന്ന ചോദ്യം ഉദിക്കുന്നത്. ലക്ഷ്യബോധം സജീവമാക്കി നിര്‍ത്താനും അധ്വാന പരിശ്രമങ്ങള്‍ക്ക് പ്രേരണയാവാനും ലക്ഷ്യപ്രാപ്തിക്ക് ശേഷമുള്ള അവസ്ഥ ഇടക്കിടെ ഒരു ടി.വി.സ്‌ക്രീനിലെന്നവണ്ണം മനസ്സില്‍ കൊണ്ടുവരിക. ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ സ്വപ്‌നം സ്വര്‍ഗമാണ്. അതിനെക്കുറിച്ച ഖുര്‍ആന്റെ വിവരണങ്ങള്‍ സ്വപ്‌നം കാണാന്‍ നമുക്ക് സഹായകമാവുന്ന തരത്തിലാണ്. ഒരിക്കല്‍ ഒരാള്‍ വഴിയില്‍ നടന്നുപോകുന്ന ആളോട്. ''ഈ വഴി എങ്ങോട്ടാണ്'' എന്ന് ചോദിച്ചു. അപ്പോള്‍ വഴിപോക്കന്‍ ചോദിച്ചു. ''താങ്കള്‍ക്കെങ്ങോട്ടാണ് പോകേണ്ടത്?'' ചോദ്യകര്‍ത്താവിന്റെ പ്രതികരണം ''തീരുമാനിച്ചിട്ടില്ല'' എന്നായിരുന്നു. ഇതു കേട്ട വഴിപോക്കന്‍ പറഞ്ഞു. ''എവിടെ പോകണമെന്ന് തീരുമാനിച്ചിട്ടില്ലാത്ത നിങ്ങള്‍ക്ക് ഈ വഴി എങ്ങോട്ട് ആയാലും എന്താ?'' എന്ന്. എത്തേണ്ട സ്ഥലവും നേടേണ്ട കാര്യവും തീരുമാനിക്കാത്ത ഒരാള്‍ ഇരുട്ടില്‍ തപ്പുകയേ ഉള്ളൂ. ലക്ഷ്യബോധത്തില്‍നിന്നും അത് കാണിച്ചുതരുന്ന വെളിച്ചത്തില്‍നിന്നും നമ്മെ അകറ്റുക എന്നത് പിശാചിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. വെളിച്ചത്തെ നാമറിയാതെ ക്രമേണ കുറച്ചു കൊണ്ടുവന്ന് നമ്മെ പരിപൂര്‍ണ അന്ധകാരത്തിലെത്തിക്കാന്‍ പിശാച് സമര്‍ഥനാണ്. നല്ല ജാഗ്രതയുണ്ടെങ്കില്‍ മാത്രമെ അതിനെ മറികടക്കാന്‍ കഴിയൂ.

2. ആസൂത്രണം ചെയ്യുക: 

ആസൂത്രണമില്ലാത്ത ജീവിതം പുറകോട്ട് സഞ്ചരിക്കുന്ന വാഹനം പോലെയാണ്. ചെയ്യേണ്ട കാര്യം ചെയ്യേണ്ട സമയത്ത് ചെയ്യേണ്ട രീതിയില്‍ ചെയ്യണമെങ്കില്‍ തീര്‍ച്ചയായും ആസൂത്രണം കൂടിയേ തീരൂ. എന്ത് ചെയ്യണമെന്ന് മാത്രമല്ല അതിന്റെ തുടക്കത്തെക്കുറിച്ചും ഒടുക്കത്തെ കുറിച്ചും നല്ല ധാരണ വേണം. ഗവേഷണങ്ങള്‍ പറയുന്നത് ആസൂത്രണമില്ലാതെ ചെയ്യുന്ന 80% പ്രവര്‍ത്തനങ്ങളും 20% ഫലം തരുമ്പോള്‍  ആസൂത്രണത്തോടെ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ 80% മെങ്കിലും ഫലം തരുന്നു എന്നാണ്. പ്ലാനിംഗ് ഖദ്‌റിലുള്ള വിശ്വാസത്തിന് വിരുദ്ധമാണ് എന്ന് പറയുന്നവരുണ്ട്. അവര്‍ക്ക് പ്രവാചകചര്യ നേരാംവണ്ണം മനസ്സിലായിട്ടില്ല എന്ന് വേണം കരുതാന്‍. അല്ലാഹുവിന്റെ സഹായം ഉണ്ടായിട്ടു പോലും നബി (സ) ഹിജ്‌റവേളയില്‍ ഓരോ ചെറിയ കാര്യത്തിലും നടത്തിയ ആസൂത്രണം എത്ര സൂക്ഷ്മമായിരുന്നു. കുറെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുക, അവ വേഗത്തില്‍ ചെയ്തു തീര്‍ക്കുക എന്നതല്ല വിജയരഹസ്യം. ഇപ്പോള്‍ ഞാന്‍ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണ് എന്ന് തിരിച്ചറിഞ്ഞ് അത് ചെയ്യലാണ് പ്രധാനം. പിശാച് വിശ്വാസികളെ അവരറിയാതെ പറ്റിക്കുക മുന്‍ഗണനാക്രമം തെറ്റിച്ച പ്രവര്‍ത്തനങ്ങൡ വ്യാപൃതരാക്കിക്കൊണ്ടാണ്. കൂടുതല്‍ അഭിലഷണീയമായവക്ക് പകരം കുറഞ്ഞ അഭിലഷണീയമായവ ചെയ്യിപ്പിച്ചുകൊണ്ട്. വ്യക്തികള്‍ക്കും, സാഹചര്യങ്ങള്‍ക്കുമനുസരിച്ച് അപ്പോള്‍ ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കും. മുന്‍ഗണനാക്രമം ഓര്‍മിപ്പിച്ച് കൊണ്ട് തുടങ്ങുന്നവയാണ് പ്രവാചക വചനങ്ങൡ പലതും ''ഇതിനേക്കാള്‍ നല്ലത് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞ് തരട്ടെയോ?....''.

സമയം ചോര്‍ന്നുപോകാതെ സൂക്ഷിക്കുക. അതിന് താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.

 

  •  ചെയ്യേണ്ട കാര്യങ്ങള്‍ ആദ്യ സന്ദര്‍ഭത്തില്‍ തന്നെ ചെയ്യുക.

 

A stich in time saves nine. നാളെ നാളെ എന്ന് പറഞ്ഞ് കാര്യങ്ങള്‍ നീട്ടിവെക്കുന്നത് ഒരു രോഗമാണ്. (procrastination) നാളെ മുതല്‍ ഞാന്‍ അത് ചെയ്യും ഇത് ചെയ്യും എന്ന് പറയുന്നവര്‍ ഈ രോഗത്തിന്റെ അടിമകളാണ്. നാളെ മുതലല്ല ഇന്ന് മുതല്‍, ഈ നിമിഷം മുതല്‍ എന്നതാവണം രീതി.

 

  •  ഒന്നിലധികം കാര്യങ്ങള്‍ ഒരേസമയത്ത് ചെയ്യുക. 

 

ഒരു ജോലി ചെയ്യുന്നതിനിടയില്‍ തന്നെ മറ്റൊരു ജോലിചെയ്യാന്‍ പലപ്പോഴും സാധിക്കും. ഉദാഹരണത്തിന് അടുക്കളജോലി, ഡ്രൈവിംഗ് എന്നിവക്കിടയില്‍ നല്ല ക്ലാസുകളോ പ്രസംഗങ്ങളോ കേള്‍ക്കാന്‍ കഴിയും, മക്കളുടെ പഠനത്തില്‍ സഹായിക്കാന്‍ കഴിയും. യാന്ത്രികമായ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ (ഉദാഹരണം: വീട് വൃത്തിയാക്കല്‍, കറിക്ക് അരിയല്‍ etc.) ചിന്തിക്കാനും, മനസ്സില്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനും കഴിയും. അല്‍പമൊന്ന് മനസ്സ് വെക്കണമെന്ന് മാത്രം. തൊട്ടിലാട്ടുമ്പോള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് മാതാവിലും കുഞ്ഞിലും ഒരുപാട് സദ്ഗുണങ്ങള്‍ സൃഷ്ടിക്കും.

  •  കാത്തിരിപ്പ് കരുതലോടെ

ജീവിതം കാത്തിരുന്ന് കളയുന്നവരാണ് നാമെന്ന് പറയാറുണ്ട്. ബസ്സ്റ്റാന്റില്‍, റെയില്‍വെസ്റ്റേഷനില്‍, എയര്‍പോര്‍ട്ടില്‍, ഡോക്ടറെ കാണാന്‍, ബാങ്കില്‍ എന്നിങ്ങനെ പല സ്ഥലത്തും മണിക്കൂറുകള്‍ ചോര്‍ന്നുപോകാറുണ്ട്. നമ്മുടെ ബാഗില്‍, മൊബൈല്‍ ഫോണില്‍ അത്തരം സന്ദര്‍ഭങ്ങള്‍ക്ക് വേണ്ടി കരുതിവെച്ച വല്ലതും ഉണ്ടെങ്കില്‍ വായിച്ചുവളരുക എന്ന നല്ല ഗുണം നേടാനും പരദൂഷണം, ദുഷ്ചിന്തകള്‍, കാത്തിരിപ്പ് മൂലമുള്ള മുഷിപ്പ്, പിരിമുറുക്കം എന്നിവ ഒഴിവാക്കാനും സാധിക്കും. വായിക്കാനും മറ്റും തെരഞ്ഞെടുക്കുന്നവയുടെ കാര്യത്തിലും ശ്രദ്ധ വേണം.

 

  •  അടുക്കും ചിട്ടയും. 

 

വീട്ടിലായാലും ജോലിസ്ഥലത്തായാലും സാധനങ്ങള്‍ തെരഞ്ഞ് ജീവിതത്തിന്റെ വലിയൊരു ശതമാനം തുലക്കുന്നവരുണ്ട്. വെക്കേണ്ട  സാധനങ്ങള്‍ വെക്കേണ്ട സ്ഥലത്ത്. അല്ലാത്തവ പടിക്ക് പുറത്ത്. അടുക്കും ചിട്ടയും ഏറ്റവും ആവശ്യമുള്ള സ്ഥലമാണ് അടുക്കള. ഇടക്കിടെ എടുക്കേണ്ട സാധനങ്ങള്‍ കൈയെത്തും ദൂരത്ത് തന്നെ ആകണം.

 

  •  കള്ളന്മാരെ സൂക്ഷിക്കുക.

 

 ദൈവം നല്‍കിയ അമൂല്യമായ സമയമെന്ന സമ്പത്ത് നമ്മുടെ കൈയില്‍നിന്ന് തട്ടിപ്പറിക്കുന്ന കള്ളന്മാരാണ് സോഷ്യല്‍ മീഡിയ, ടെലിവിഷന്‍, അനാവശ്യവര്‍ത്തമാനങ്ങളിലും അനാരോഗ്യകരമായ വാദപ്രതിവാദങ്ങളിലും പരദൂഷണങ്ങളിലും നമ്മെ വ്യാപൃതരാക്കുന്ന ആളുകള്‍, നമ്മുടെ കോപം, ശുണ്ഠി എന്നിവ. ഈ വക കാര്യങ്ങളില്‍ പെട്ടുപോകുന്നവര്‍ സമയം കവര്‍ന്നെടുക്കപ്പെടുന്നത് അറിയില്ല. ഒരുദിവസം രണ്ട് മണിക്കൂര്‍ ടി.വി കാണുന്ന ഒരാള്‍ക്ക് അത് ഉപകാരപ്രദമായ ഒരു പരിപാടിക്ക് വേണ്ടി മാറ്റിവെക്കാം. അല്ലെങ്കില്‍ വര്‍ഷത്തില്‍ ഒരു മാസമാണ് നഷ്ടമാവുന്നത്. നാവ് നിയന്ത്രിക്കാനറിയാത്ത വ്യക്തികളില്‍നിന്നും അകലംപാലിക്കുന്നതാണ് നല്ലത്. അരുത്, വേണ്ട എന്നൊക്കെ പറയാനുള്ള ചങ്കൂറ്റം നമുക്കുണ്ടാവണം. 

രാവിലെതന്നെ വാട്ട്‌സ് ആപ്പും, ഫേസ്ബുക്കും തുറക്കാതെ വളരെ അത്യാവശ്യമല്ലാത്ത എല്ലാ മെസേജുകളുടെയും വായന ദിവസത്തിന്റെ അവസാനത്തിലേക്ക് മാറ്റിവെക്കണം. സമയംകൊല്ലി ഗ്രൂപ്പുകളില്‍നിന്ന് എക്‌സിറ്റ് അടിക്കാന്‍ ഒരു മടിയും വേണ്ടതില്ല. ഭക്ഷണം പാചകം ചെയ്യുന്നിടത്തും ഉണ്ട് ഈ സമയചോര്‍ച്ച. എന്തെങ്കിലും വലിച്ചുവാരിതിന്നുക എന്നതിനുപകരം ഏറ്റവും പോഷക പ്രദമായ ഭക്ഷണം ഏറ്റവും കുറഞ്ഞ സമയം കൊണ്ട് പാചകം ചെയ്യാവുന്നത് തെരഞ്ഞെടുക്കണം. പ്രകൃതിതന്നെ നല്‍കുന്ന ഫാസ്റ്റ് ഫുഡുകളായ പച്ചക്ക് കഴിക്കാവുന്ന പച്ചക്കറികളും, പഴങ്ങളും കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. കല്ല്യാണം പോലുള്ള വളരെ ലളിതമായി, ഒരു നേരത്തെ മാത്രം ഭക്ഷണപരിപാടിയിലൂടെ നടത്താവുന്ന ചടങ്ങുകള്‍ക്ക് വേണ്ടി ദിവസങ്ങളും മാസങ്ങളും ചടങ്ങുകള്‍ക്ക് മേല്‍ ചടങ്ങുകളും പോക്കുംവരവുമൊക്കെയായി സമയവും സമ്പത്തും ചെലവഴിക്കുന്നവരേക്കാള്‍ വലിയ വിഢ്ഢികള്‍ വേറെയില്ല. നമ്മുടെയും മറ്റുള്ളവരുടെയും സമയം അനിയന്ത്രിതമായി നഷ്ടപ്പെടുത്തുന്നതിലൂടെ കാര്യമായൊന്നും നേടാന്‍ നമുക്ക് കഴിയുകയില്ല. അത്തരം വിവാഹമാമാങ്കങ്ങളില്‍ പരാതികളും പരിഭവങ്ങളും പിണക്കങ്ങളും ഏറി വന്നിട്ടുള്ളതായാണ് അനുഭവം.

 

  • ആയുധം മൂര്‍ച്ചപ്പെടുത്തുക

 

 ഒരിക്കല്‍ ഒരു രാജാവ് മകള്‍ക്ക് വരനെ കണ്ടെത്താനായി ഒരു മത്സരം നിശ്ചയിച്ചു. കൂട്ടിയിട്ട മരത്തടികള്‍ കീറി വിറകാക്കുകയെന്നതായിരുന്നു മത്സരം. ഏറ്റവും വേഗത്തില്‍ ചെയ്യുന്ന ആള്‍ വിജയി. പലരും മത്സരത്തില്‍ പങ്കെടുത്തു. മത്സരം തുടങ്ങി. എല്ലാവരും ഒട്ടും സമയം പാഴാക്കാതെ വിറക് കീറാന്‍ തുടങ്ങി. ഒരാള്‍ ഒഴികെ. അയാള്‍ അടുത്തുള്ള പാറക്കഷ്ണത്തിലേക്ക് നടന്നുനീങ്ങി. മഴു അതില്‍വെച്ച് ഉരച്ച് മൂര്‍ച്ചയാക്കി. ഇത് കണ്ട രാജാവ് മത്സരം അവസാനിച്ചതായി പ്രഖ്യാപിക്കുകയും മഴു മൂര്‍ച്ചയാക്കിക്കൊണ്ടിരുന്ന ആള്‍ക്ക് മകളെ വിവാഹം കഴിച്ച് കൊടുക്കുകയും ചെയ്തു. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് വെട്ടുന്നവന് കുറഞ്ഞസമയം മതി. ഇത് മറ്റ് ആയുധങ്ങളായ ആരോഗ്യം, കമ്പ്യൂട്ടര്‍ പോലുളളവ കൈകാര്യം ചെയ്യുന്നതിലുള്ള നിപുണത തുടങ്ങി എല്ലാത്തിനും ബാധകമാണ്.

 

  • പ്രതിസന്ധികളെ അവസരങ്ങളാക്കിമാറ്റുക

 

പരാജിതന്‍ അവസരങ്ങളെ ദുരന്തങ്ങളായി കാണുമ്പോള്‍ വിജയി ദുരന്തങ്ങളെ അവസരമായികണ്ട് പ്രവര്‍ത്തിക്കുന്നവനാണ്. ജയില്‍വാസം വളരെ നല്ല അവസരമായി ഉപയോഗപ്പെടുത്തിയ മഹാ•ാരുണ്ട്. തഫ്ഹീമുല്‍ ഖുര്‍ആന്‍ പോലുള്ള ഗ്രന്ഥങ്ങള്‍ അതിലൂടെ പിറന്നിട്ടുണ്ട്. സമയം അല്ലാഹുവിന്റെ ഖജനാവില്‍ നിന്നുള്ളതാണ്. അതുകൊണ്ട് തന്നെ ഒരു സമയവും മോശമല്ല. നല്ല അവസരത്തിനും സമയത്തിനും വേണ്ടി കാത്തിരുന്ന് സമയം കളയുന്നവര്‍ക്ക് ഒരിക്കലും അത് ലഭിച്ചുകൊള്ളണമെന്നില്ല.

 

  • മറ്റുള്ളവരെ പങ്കാളികളാക്കുക

 

എല്ലാം ഞാന്‍ തന്നെ ചെയ്യണമെന്ന് വെക്കരുത്. വീട്ടിലുള്ള മറ്റ് അംഗങ്ങളെ കൂടി അവര്‍ക്ക് കഴിയാവുന്ന ജോലികള്‍ ഏല്‍പിക്കാം. ഭര്‍ത്താക്ക•ാര്‍ക്ക് അവരുടെ ജോലിയില്‍/ കച്ചവടത്തില്‍ ഭാര്യമാരെയും മക്കളെയുംകൂടി പങ്കാളികളാക്കാം. പാചകത്തില്‍, കുട്ടികളുടെ പഠനത്തില്‍, വീട് വൃത്തിയാക്കുന്നതില്‍ ഒക്കെ ഭര്‍ത്താക്ക•ാര്‍ക്ക് ഭാര്യമാരെ സഹായിക്കാം. ഒരു ജോലിയും മോശമുള്ളതല്ല. ഇതെല്ലാം അല്ലാഹുവിന്റെ പ്രവാചകന്‍ ചെയ്തിട്ടുള്ളതാണ്. മറ്റുള്ളവരുടെ കൂടി സഹായത്തോടെ വലിയനേട്ടങ്ങള്‍ ഉണ്ടാക്കാന്‍ നമുക്ക് സാധിക്കും. ഉമര്‍(റ) മദീനയുടെ ഉയര്‍ന്ന മലകളുള്ള സ്ഥലത്തായിരുന്നു ജീവിച്ചത്. മദീനാപള്ളിയില്‍ നബി(സ) നടത്തുന്ന ദര്‍സുകള്‍ കേള്‍ക്കാന്‍ എത്തിപ്പെടുക ശ്രമകരമായിരുന്നു. അതിനാല്‍ അദ്ദേഹം തന്റെ അയല്‍ക്കാരനായ ഔസുബ്‌നു ഖൗല(റ)യുമായി ഒരു കരാറിലെത്തി. ഒരു ദിവസം അദ്ദേഹം ദര്‍സ് കേള്‍ക്കാന്‍ പോകും. അപ്പോള്‍ ഉമര്‍ (റ) അദ്ദേഹത്തിന്റെ കന്നുകാലികളെ കൂടി മേയ്ക്കും. തിരിച്ച് വന്ന് കേട്ട കാര്യങ്ങള്‍ അദ്ദേഹം ഉമര്‍ (റ) മായി പങ്കുവെക്കും. അടുത്ത ദിവസം ഉമര്‍(റ) ദര്‍സ് കേള്‍ക്കാന്‍ പോകും. ഔസ്ബ്‌നു ഖൗല കാലികളുടെ കാര്യം ഏറ്റെടുക്കും. ഇത് ലക്ഷ്യബോധത്തിന്റെ തീക്ഷ്ണതയുടെ ഫലമണ്.

അവലോകനം

 വര്‍ഷാരംഭത്തില്‍ പലതും നാം ആസൂത്രണം ചെയ്യാറുണ്ട്. അത് പക്ഷെ, അവലോകനം ചെയ്യുക അവസാനമാസത്തിലാണ്. എന്നിട്ട് ധൃതിപിടിച്ച് ഒരുവര്‍ഷം കൊണ്ട് ചെയ്യാന്‍ ഉദ്ദേശിച്ച പലകാര്യങ്ങളും ഒരു മാസത്തില്‍ ചെയ്ത് തീര്‍ക്കാനുള്ള തത്രപ്പാടാണ്. അങ്ങനെ പല ഉല്‍ഘാടനങ്ങളും ഇലക്ഷനു തൊട്ട് മുന്‍പ് നടക്കുന്നത് നാം കാണുന്നതാണ്.

അങ്ങനെ ധൃതിപിടിച്ച് ചെയ്യുന്നത് കൊണ്ടാണ് പല പാലങ്ങളും റോഡുകളും ഉല്‍ഘാടനം കഴിഞ്ഞ ഉടനെ തകരുന്നത്. വ്യക്തിതലത്തിലും ഇത് തന്നെയാണ് അവസ്ഥ. ദിവസത്തിന്റെ, ആഴ്ചയുടെ, മാസത്തിന്റെ ഒക്കെ അന്ത്യത്തില്‍ ഒരു ചെറിയ അവലോകനത്തിന് വേണ്ടി നീക്കിവെക്കുന്ന സമയം യഥാര്‍ഥത്തില്‍ കൂടുതല്‍ സമയലാഭത്തിലേക്കാണ് നയിക്കുക. ''നിങ്ങളെ വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പ് സ്വയം വിചാരണ ചെയ്യുക''  എന്ന ഉപദേശം ഒരു ശീലമാക്കാന്‍ സത്യവിശ്വാസിക്ക് കഴിയണം.

സമയത്തിന്റെ വിലയറിഞ്ഞ് കാര്യങ്ങള്‍ ചെയ്യുന്നവര്‍ കൂടുതല്‍ അച്ചടക്കമുള്ളവരാണ്. ഓരോ നിമിഷവും കണക്ക് പറയണമെന്ന് ബോധമുള്ളവര്‍. അവര്‍ക്ക് ആരോഗ്യവും, സമ്പത്തും, സൗഭാഗ്യവും മാത്രമല്ല സമാധാന പൂര്‍ണമായ ജീവിതവും സംജാതമാവുന്നു. കര്‍മനിരതമായ ജീവിതം നയിച്ച് ഫലപ്രാപ്തിക്ക് വേണ്ടി പ്രാര്‍ഥനയോടെ, ക്ഷമയോടെ കാത്തിരിക്കാന്‍ നമുക്ക് കഴിയണം. ''കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരം ഉപദേശിച്ചവരുമൊഴികെ'' എന്ന ഖുര്‍ആന്റെ അധ്യാപനമാവട്ടെ സമയം നഷ്ടപ്പെടുത്താതിരിക്കാന്‍ നമുക്ക് പ്രചോദനം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top