രക്തക്കുറവ് സ്ത്രീകളിൽ

ഡോ: മേജര്‍ നളിനി ജനാര്‍ദ്ദനന്‍
ജനുവരി 2017
ഡോക്ടറെ സമീപിക്കുന്ന സ്ത്രീ രോഗികളില്‍ പലരുടെയും പ്രശ്‌നം ക്ഷീണവും ശക്തിക്കുറവുമാണ്. വീട്ടമ്മാരായാലും ജോലിക്കുപോകുന്ന സ്ത്രീകളായാലും ക്ഷീണത്തിനു പല കാരണങ്ങളുണ്ടാവാം.

ഡോക്ടറെ സമീപിക്കുന്ന സ്ത്രീ രോഗികളില്‍ പലരുടെയും പ്രശ്‌നം ക്ഷീണവും ശക്തിക്കുറവുമാണ്. വീട്ടമ്മാരായാലും ജോലിക്കുപോകുന്ന സ്ത്രീകളായാലും ക്ഷീണത്തിനു പല കാരണങ്ങളുണ്ടാവാം. പ്രാതല്‍ കഴിക്കാതിരിക്കുക, ഉറക്കക്കുറവ്, രാത്രി ഏറെ നേരം ജോലിയെടുക്കുക, ഓഫീസിലെയും വീട്ടിലെയും ജോലിത്തിരക്കുകള്‍, മാനസിക പ്രശ്‌നങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ട് ക്ഷീണമുണ്ടാവാം. പക്ഷേ ഭാരതീയ സ്ത്രീകളില്‍ ഏറ്റവുമധികം കാണപ്പെടുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് രക്തക്കുറവ് (വിളര്‍ച്ച) അഥവാ അനീമിയ കൊണ്ടുള്ള ക്ഷീണം. വിരശല്യം മുതല്‍ കാന്‍സര്‍ വരെ ഇതിന് കാരണമാവാമെന്നതിനാല്‍ ഇത് അവഗണിക്കാതെ ഡോക്ടറെ കാണിച്ച് ചികിത്സ തുടങ്ങേണ്ടതാണ്.

വിളര്‍ച്ച എന്തുകൊണ്ട്?

ശരീരത്തില്‍ രക്തത്തിന്റെ അളവ് കുറയുന്നതാണ് വിളര്‍ച്ച. ശ്വസിക്കുമ്പോള്‍ രക്തത്തില്‍ കലരുന്ന പ്രാണവായു (ഓക്‌സിജന്‍) ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെ കോശങ്ങൡലത്തിക്കാന്‍ സഹായിക്കുന്നത് രക്തത്തിലെ ചുവന്ന രക്താണുക്കളില്‍ അടങ്ങിയ ഹീമോഗ്ലോബിന്‍ ആണ്. ചുവന്നരക്താണുക്കള്‍ കുറയുമ്പോള്‍ ഹീമോഗ്ലോബിന്റെ അളവും ഹീമോഗ്ലോബിന് ഓക്‌സിജന്‍ വഹിക്കാനുള്ള കഴിവും കുറയുന്നതുകൊണ്ടാണ് വിളര്‍ച്ച ഉണ്ടാകുന്നത്. വിളര്‍ച്ച എത്രയുണ്ടെന്ന് ഏകദേശം മനസ്സിലാക്കുന്നത് ഹീമോഗ്ലോബിന്റെ തോത് അളന്നിട്ടാണ്. പൊതുവെ 12.3 മുതല്‍ 15.3 ഗ്രാം ഡെസിലിറ്റര്‍ ഹീമോഗ്ലോബിന്‍ ഉണ്ടാവണം. 10-11.9 ഗ്രാം ആയാല്‍ ലഘുവായ രക്തക്കുറവും 7-9 ആയാല്‍ അല്‍പം കൂടി ഗൗരവമുള്ള രക്തക്കുറവും, 7 ഗ്രാമില്‍ കുറഞ്ഞാല്‍ ഗൗരവമേറിയ രക്തക്കുറവുമായി കണക്കാക്കാം.

ഹീമോഗ്ലോബിന്റെ പ്രധാനഘടകം ഇരുമ്പാണ്. അതുകൊണ്ട് ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറയുന്നതുകൊണ്ട് വിളര്‍ച്ചയുണ്ടാവാം. കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പുരുഷന്മാരേക്കാളധികം ഇരുമ്പിന്റെ അംശം ആവശ്യമുള്ളതിനാല്‍ ഇരുമ്പുസത്തടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കേണ്ടതാണ്.

വിളര്‍ച്ചയുണ്ടാക്കുന്ന കാരണങ്ങള്‍

എല്ലിനുള്ളിലെ മൃദുവായ ഭാഗമായ മജ്ജയില്‍ നിന്നാണ് ചുവന്ന രക്താണുക്കള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത്. വൃക്കയില്‍ നിന്നുണ്ടാവുന്ന എറിത്രോയപോയിറ്റിന്‍ എന്ന ഹോര്‍മോണ്‍ ഈ ഉല്‍പാദനപ്രക്രിയയെ പ്രേരിപ്പിക്കുന്നു. ഭക്ഷണത്തില്‍ നിന്നും ഇരുമ്പിന്റെ അംശം പോലെ വിവിധ വിറ്റാമിനുകളും പ്രോട്ടീനും ലഭിക്കേണ്ടത് ഇതിനാവശ്യമാണ്. ചുവന്ന രക്താണുക്കളും ഹീമോഗ്ലോബിനും ഉണ്ടാക്കുന്ന പ്രക്രിയയില്‍ എന്തെങ്കിലും തടസ്സം കൊണ്ട് ഉല്‍പാദനം കുറയുക, ചുവന്ന രക്താണുക്കള്‍ അമിതമായി നശിച്ചുപോവുക, വര്‍ധിച്ച രക്തസ്രാവം, പോഷകാഹാരക്കുറവ് എന്നിങ്ങനെ പല കാരണങ്ങള്‍കൊണ്ട് വിളര്‍ച്ചയുണ്ടാവുന്നു. വിളര്‍ച്ച ഏതുതരത്തിലാണ് എന്നതിനനുസരിച്ച് ലക്ഷണങ്ങളും ചികിത്സയും വ്യത്യസ്തമായിരിക്കും.

പ്രധാന കാരണങ്ങള്‍

ആര്‍ത്തവ രക്തസ്രാവം

സ്ത്രീകള്‍ക്ക് സാധാരണയായി 60 മി.ലി മുതല്‍ 90 മി.ലി വരെ രക്തം ആര്‍ത്തവസമയത്ത് ശരീരത്തില്‍ നിന്നും നഷ്ടപ്പെടുന്നു. അമിതരക്തസ്രാവം, ക്രമം തെറ്റിയ ആര്‍ത്തവം, മാസത്തില്‍ രണ്ടു പ്രാവശ്യം വരുന്ന ആര്‍ത്തവം എന്നിവകൊണ്ട് വിളര്‍ച്ചയുണ്ടാകുന്നതിനാല്‍ ഡോക്ടറെ കാണിക്കേണ്ടതാണ്. ആര്‍ത്തവരക്തം പോകുന്നതിന്റെ അളവ് ഏകദേശം മനസ്സിലാക്കിയാല്‍ രക്തസ്രാവം  കൂടുതലോ കുറവോ എന്നു നിര്‍ണയിക്കാം. ആര്‍ത്തവം നടക്കുമ്പോള്‍ എത്ര ദിവസം  രക്തം പോകുന്നു, എത്ര പാഡുകള്‍ മാറ്റേണ്ടിവരുന്നു എന്നു തുടങ്ങിയ വിവരങ്ങള്‍ കുറിച്ചുവെച്ച് ഡോക്ടറോടു പറയണം. രണ്ടോ മൂന്നോ ദിവസം നീണ്ടുനില്‍ക്കുന്ന ആര്‍ത്തവം, അല്‍പമായി രക്തം പോകുന്നത,് ആറേഴു ദിവസം നീണ്ടുനില്‍ക്കുന്ന ആര്‍ത്തവം, ഒരു ദിവസം ഏകദേശം നാല് പാഡ് മാറ്റുക എന്നിവ സാധാരണയാണെന്നു പറയാം. പക്ഷേ ആര്‍ത്തവരക്തം കൂടുതലായി പോവുക, മൂന്നുദിവസത്തിലധികം നീണ്ടുനില്‍ക്കുന്ന അമിതരക്തസ്രാവം, കൂടുതല്‍ പ്രാവശ്യം പാഡ് മാറ്റേണ്ടിവരിക എന്നിവയെല്ലാം വര്‍ധിച്ച രക്തസ്രാവത്തിന്റെ സൂചനയായതിനാല്‍ ഡോക്ടറെ കാണിച്ചു ചികിത്സ തുടങ്ങണം.

ഗര്‍ഭാവസ്ഥ

ഗര്‍ഭിണികളില്‍ 50 ശതമാനം പേരിലും വിളര്‍ച്ച കാണപ്പെടുന്നു. ഗര്‍ഭസ്ഥശിശുവിന് അമ്മയുടെ ശരീരത്തില്‍ നിന്നാണ് രക്തം ലഭിക്കുന്നത്. അതിനാല്‍ ഗര്‍ഭിണിയുടെ ശരീരത്തില്‍ രക്തകോശങ്ങളുടെ ഉല്‍പാദനം വര്‍ധിക്കുന്നു. പോഷകാഹാരക്കുറവുകൊണ്ടോ മറ്റു കാരണങ്ങള്‍ കൊണ്ടോ ഗര്‍ഭിണിയുടെ ശരീരത്തില്‍ വേണ്ടത്ര ചുവന്ന രക്താണുക്കള്‍ ഉ്ല്‍പാദിപ്പിക്കപ്പെടുന്നില്ലെങ്കില്‍ വിളര്‍ച്ചയുണ്ടാവുന്നു. ഗര്‍ഭാവസ്ഥയുടെ രണ്ടാംപകുതിയില്‍ സാധാരണയായി അല്‍പം വിളര്‍ച്ച പതിവാണ്. ഇതിനെ Physiological Anemia എന്നുപറയും. പക്ഷേ ഇതില്‍ 10 ഗ്രാം വരെ മാത്രമേ ഹീമോഗ്ലോബിന്‍ കുറയാറുള്ളൂ. 10 ഗ്രാമിലധികം കുറഞ്ഞാല്‍ അതിനെ Pathological Anemia എന്നു പറയും. ഇതിനു ചികിത്സ വേണ്ടിവരും. ഗര്‍ഭാവസ്ഥയില്‍ ഹീമോഗ്ലോബിന്‍ എട്ട് മുതല്‍ പത്ത് ഗ്രാം വരെയായാല്‍ ലഘുവായ വിളര്‍ച്ച, ഏഴ് മുതല്‍ എട്ട് ഗ്രാം ആയാല്‍ അല്‍പം ഗൗരവമുള്ള വിളര്‍ച്ച, ഏഴ് ഗ്രാമില്‍ കുറഞ്ഞാല്‍ ഗൗരവം കൂടിയ വിളര്‍ച്ച എന്നിങ്ങനെ തരം തിരിക്കാറുണ്ട്.

പ്രസവം

പ്രസവസമയത്ത് സങ്കീര്‍ണതകളുണ്ടായാല്‍ വിളര്‍ച്ചയുണ്ടാവാം. ഗര്‍ഭാവസ്ഥയിലോ പ്രസവസമയത്തോ വര്‍ധിച്ച രക്തസ്രാവം, ഗര്‍ഭഛിദ്രം, ഗുരുതരമായ അണുബാധ, മാസം തികയാതെയുള്ള പ്രസവം, ഇരട്ടപ്രസവം, മറുപിള്ളയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവ വിളര്‍ച്ചയുണ്ടാക്കാം. ഗര്‍ഭപാത്രത്തിനു വെളിയില്‍ പ്രത്യേകിച്ചും അണ്ഡവാഹിനിക്കുഴലില്‍ ഗര്‍ഭധാരണം നടന്നാല്‍ അതുപൊട്ടി വയറ്റിനുള്ളില്‍ ആന്തരിക രക്തസ്രാവം ഉണ്ടാവുകയും അത്യധികമായ വിളര്‍ച്ചയും ഷോക്ക് എന്ന ഗുരുതരാവസ്ഥയും ഉണ്ടായി രോഗി മരിക്കുന്ന അവസ്ഥയിലെത്തുകയും ചെയ്യാറുണ്ട്. 

ഗര്‍ഭാശയ രോഗങ്ങള്‍

ഗര്‍ഭപാത്ര മുഴകള്‍ എന്‍ഡോമെട്രിയോസിസ് തുടങ്ങിയ ഗര്‍ഭാശയരോഗങ്ങള്‍ കൊണ്ട് വേദനയോടുകൂടിയ അമിതരക്തസ്രാവം ഉണ്ടാവാം. ഗര്‍ഭാശയത്തിനുള്ളിലോ ഗര്‍ഭാശയഗളത്തിലോ അര്‍ബുദമുണ്ടായാല്‍, ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ രക്തസ്രാവം, ഇടക്കിടെ വേദനയില്ലാതെ രക്തസ്രാവം എന്നിവ ഉണ്ടായി വിളര്‍ച്ചയുണ്ടാവാനിടയുണ്ട്.

ശരീരത്തില്‍ നിന്നും രക്തം നഷ്ടപ്പെടുക

ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന മൂലക്കുരു, വയറ്റിനുള്ളില്‍ (ആമാശയത്തിലോ കുടലിലോ) ഉണ്ടാവുന്ന വ്രണങ്ങള്‍ എന്നിവ രക്തസ്രാവമുണ്ടാക്കാം. വാഹനാപകടങ്ങള്‍, വയറ്റിലെ വ്രണം, പൊട്ടല്‍, ഗുരുതരമായ അണുബാധ എന്നീ കാരണങ്ങള്‍ കൊണ്ട് വയറ്റിനുള്ളില്‍ ആന്തരിക രക്തസ്രാവം ഉണ്ടായാല്‍ രോഗിയുടെ അവസ്ഥ ഗുരുതരമാവാനോ മരിച്ചുപോവാനോ സാധ്യതയുണ്ട്. ശരീരത്തില്‍ നിന്നും രക്തം നഷ്ടപ്പെടുന്നത് വിളര്‍ച്ചയുടെ പ്രധാന കാരണമാണ്.

പോഷകാഹാരക്കുറവ്

കൗമാരപ്രായത്തിലെ പെണ്‍കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരില്‍ പോഷകാഹാരക്കുറവുകൊണ്ടുള്ള വിളര്‍ച്ച കൂടുതലായി കാണപ്പെടുന്നു. ഇത് പൊതുവെ രണ്ടു തരത്തിലാണ്.

ഇരുമ്പിന്റെ അംശം കുറയുന്നതുകൊണ്ടുള്ള വിളര്‍ച്ച 

ഇന്ത്യയിലെ 90% സ്ത്രീകളില്‍ ഇതുണ്ടാവുന്നു. വിറ്റാമിന്‍ ആ12, ഫോളിക് ആസിഡ് എന്നീ ജിവകങ്ങളുടെ തനിച്ചോ കൂട്ടായോ ഉള്ള അഭാവം കൊണ്ട് വിളര്‍ച്ചയുണ്ടാവാം. 

അതിനുപുറമേ വിറ്റാമിന്‍ ബി6, സി പ്രോട്ടീന്‍ എന്നിവയുടെ കുറവും വിളര്‍ച്ചയുണ്ടാക്കാറുണ്ട്. ഈ വിറ്റാമിനുകളും ഇരുമ്പിന്റെ അംശവും ഭക്ഷണത്തിലേക്കും  ശരീരത്തിലേക്കും ആഗിരണം ചെയ്യാതിരിക്കുമ്പോഴും വിളര്‍ച്ചയുണ്ടാവാനിടയുണ്ട്.

മജ്ജയെ ബാധിക്കുന്ന രോഗങ്ങള്‍

മജ്ജയെ രോഗം ബാധിച്ചാല്‍ ചുവന്ന രക്താണുക്കളുടെ ഉല്‍പാദനം കുറയുകയോ അവ കൂടുതലായി നശിക്കുകയോ ചെയ്യും. മജ്ജയെ ബാധിക്കുന്ന എപ്ലാസ്റ്റിക് അനീമിയ ഉണ്ടാവാന്‍ പല കാരണങ്ങളുണ്ട്. ചിലതരം മരുന്നുകള്‍, വൈറസ് രോഗങ്ങള്‍, രക്താര്‍ബുദവും, മര്‍ട്ടിപ്പിള്‍ മയലോമയും ലിംഫോമയും പോലുള്ള അര്‍ബുദങ്ങള്‍, പ്രതിരോധശക്തി കുറക്കുന്ന രോഗങ്ങള്‍ തുടങ്ങിയവ. ഇതിന്റെ ഫലമായി രക്താണുക്കള്‍ വളരെയധികം കുറയുക, രക്തസ്രാവം, ഗൗരവമേറിയ അണുബാധ എന്നിവ ഉണ്ടാവാം.

മറ്റു കാരണങ്ങള്‍

ചിലതരം മരുന്നുകള്‍

 (ആസ്പിരിന്‍, ഇന്‍ഡോമെത്തസിന്‍ മുതലായവ) ഭക്ഷണത്തിലും അന്തരീക്ഷത്തിലുമുള്ള വിഷപദാര്‍ഥങ്ങള്‍, കീടനാശിനികള്‍, റേഡിയേഷന്‍ എന്നിങ്ങനെ പല കാരണങ്ങള്‍കൊണ്ട് രക്താണുക്കളുടെ ഉല്‍പാദനം കുറഞ്ഞ് വിളര്‍ച്ചയുണ്ടാവാം.

രോഗപ്രതിരോധ വ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങള്‍

എയ്ഡ്‌സ്, അര്‍ബുദം, ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍, ഗൗരവമേറിയ അണുബാധ തുടങ്ങിയ രോഗങ്ങള്‍ കൊണ്ട് വിളര്‍ച്ചയുണ്ടാവാം.

ഹീമോലിറ്റിക് അനീമിയ

ഇത്തരം അനീമിയ ഉണ്ടായാല്‍ ഉല്‍പാദിപ്പിക്കപ്പെടുന്നതിനേക്കാളധികം കൂടുതല്‍ ചുവന്ന രക്താണുക്കള്‍ നശിപ്പിക്കപ്പെടുന്നു. പാരമ്പര്യമായി ഉണ്ടാവുന്ന Sickle cell anemia, thalassemia തുടങ്ങിയ രോഗങ്ങള്‍കൊണ്ടും ചുവന്ന രക്താണുക്കള്‍ നശിച്ച് വിളര്‍ച്ചയുണ്ടാവാം.

ദീര്‍ഘകാലരോഗങ്ങള്‍

വൃക്കയുടെ പ്രവര്‍ത്തനം സ്തംഭിക്കുക, വൃക്കയെ ബാധിക്കുന്ന ദീര്‍ഘകാല രോഗങ്ങള്‍, കരളിന്റെ പ്രവര്‍ത്തനം സ്തംഭിക്കുക, എയ്ഡ്‌സ്, അര്‍ബുദം, ക്ഷയം, മലമ്പനി, സന്ധിരോഗങ്ങള്‍ എന്നിവകൊണ്ടും വിരശല്യം കൊണ്ടും കാന്‍സറിന്റെ മരുന്നുകള്‍, റേഡിയേഷന്‍ എന്നിവ കൊണ്ടും വിളര്‍ച്ചയുണ്ടാവാം.

ലക്ഷണങ്ങള്‍

വിളര്‍ച്ചയുടെ കാരണമനുസരിച്ച് വിവിധ ലക്ഷണങ്ങള്‍ കാണപ്പെടുന്നു.

തളര്‍ച്ച, കിതപ്പ്, ശക്തിക്കുറവ്, വിളര്‍ച്ച, ക്ഷീണം, തലചുറ്റല്‍, തലവേദന, പെട്ടെന്നു ദേഷ്യം വരിക ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയാതെ വരിക, ഉറക്കക്കുറവ്, വിഷാദം, ലൈംഗികബന്ധത്തില്‍ താല്‍പര്യക്കുറവ് എന്നിവയുണ്ടാവാം. ജോലിചെയ്യുമ്പോള്‍ ശ്വാസതടസ്സം, വര്‍ധിച്ച ഹൃദയമിടിപ്പ്, ജോലിക്ഷമത കുറയുക എന്നിവയുണ്ടാവാം.

മുറിവുണങ്ങാന്‍ താമസം, രോഗപ്രതിരോധശക്തി കുറയുക, തണുപ്പു സഹിക്കാന്‍ പ്രയാസം എന്നിവയും കാണാറുണ്ട്. 

വിശപ്പുകുറവ്, പെന്‍സില്‍ കടിച്ചുതിന്നുക, മണ്ണും അരിയും മറ്റും തിന്നുക എന്നീ ലക്ഷണങ്ങള്‍ Iron Deficiency anemia യില്‍ കാണാം. ഭക്ഷണം ഇറക്കാന്‍ വിഷമവും ഉണ്ടാവാം.

കാരീയം ശരീരത്തിനകത്തു പ്രവേശിച്ചുണ്ടാകുന്ന Lead Poisoning വിളര്‍ച്ചയോടൊപ്പം വയറുവേദന, മലബന്ധം, ഛര്‍ദ്ദി, മോണയില്‍ കരിനീല വരകള്‍ എന്നിവയും ഉണ്ടാകുന്നു.

വായിലും നാക്കിലും പുണ്ണ്, ചുണ്ടിലും വായയുടെ കോണുകളിലും വിണ്ടുകീറലുകള്‍, നഖം വേഗം പൊട്ടുക, നടക്കാന്‍ വിഷമം, കൈകാലുകള്‍ക്കും മാംസപേശികള്‍ക്കും പിടുത്തം, കോച്ചല്‍, കൈകാല്‍ തരിപ്പ്, മരവിപ്പ്, സൂചികുത്തുന്നതുപോലെയുള്ള തോന്നല്‍, സ്പര്‍ശനം മനസ്സിലാക്കാന്‍ പ്രയാസം, ഓര്‍മക്കുറവ്, തലചുറ്റല്‍, മാനസിക വിഭ്രാന്തി എന്നിവ വിറ്റാമിന്‍ ബി-12-ന്റെ കുറവുകൊണ്ടുള്ള അനീമിയയുടെ ലക്ഷണങ്ങളാവാം.

രോഗനിര്‍ണയം

രോഗിയുടെ ലക്ഷണങ്ങളും രോഗചരിത്രവും ചോദിച്ചു മനസ്സിലാക്കിയ ശേഷം ഡോക്ടര്‍ രോഗിയെ വിശദമായി പരിശോധിക്കുകയും അതിനുശേഷം രോഗം നിര്‍ണയിക്കാനാവശ്യമായ പരിശോധനകള്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു. രക്തപരിശോധനകള്‍ പല തരത്തിലുണ്ട്. ചുവന്ന രക്താണുക്കളുടെ എണ്ണം, ESR, ഹീമോഗ്ലോബിന്റെ അളവ്, രക്തത്തില്‍ ഇരുമ്പിന്റെ അംശം അളക്കാനുള്ള പരിശോധനകള്‍, അനീമിയ ഏതു തരമാണെന്നു മനസ്സിലാക്കാന്‍ പെരിഫെറല്‍ സ്മിയര്‍ തുടങ്ങിയവ. മൂത്രപരിശോധനയും പ്രധാനമാണ്. മൂത്രത്തില്‍ പഴുപ്പ്, പ്രോട്ടീന്‍, പഞ്ചസാര എന്നിവ കാണുന്നത് വിവിധ രോഗങ്ങളുടെ ലക്ഷണമാണ്. മലപരിശോധന വഴി മൂലക്കുരു, വിരശല്യം, വയറ്റിലെ വ്രണം തുടങ്ങിയവ നിര്‍ണയിക്കാം. നെഞ്ചിന്റെ എക്‌സറേ, മജ്ജപരിശോധന, വയറ്റില്‍ വ്രണമുണ്ടോ എന്നറിയാണുള്ള എന്‍ഡോസ്‌കോപ്പി, മൂലക്കുരു ഉണ്ടോ എന്നറിയാനുള്ള പരിശോധന എന്നിങ്ങനെ രോഗങ്ങള്‍ക്കനുസരിച്ച് പലതരം പരിശോധനകള്‍ ഡോക്ടര്‍ നിര്‍ദേശിക്കും. 

പാരമ്പര്യമായി കുടുംബത്തില്‍ എന്തെങ്കിലും രോഗമുണ്ടായ ചരിത്രം, ഭക്ഷണരീതി, ജീവിതരീതി, കഴിക്കുന്ന മരുന്നുകള്‍ എന്നിവയെക്കുറിച്ച് രോഗി ഡോക്ടറോട് പറയേണ്ടതാണ്.

ആര്‍ത്തവപ്രശ്‌നങ്ങളുണ്ടെങ്കില്‍ അതും പറയണം. ഗര്‍ഭിണിയാണെങ്കില്‍ ഭക്ഷണരീതി, ഗര്‍ഭകാല പ്രശ്‌നങ്ങള്‍, കഴിക്കുന്ന മരുന്നുകള്‍, രക്തസ്രാവമുണ്ടോ എന്ന കാര്യം തുടങ്ങിയവ ഡോക്ടറോട് പറയണം.

ചികിത്സ

വിളര്‍ച്ചയുണ്ടെങ്കില്‍ കാരണം കണ്ടുപിടിച്ച് വേഗം ചികിത്സ തുടങ്ങേണ്ടതാണ്. ചികിത്സിക്കാന്‍ വൈകിയാല്‍ പല പ്രശ്‌നങ്ങളും ഉണ്ടാവും. ഹൃദയത്തിനെ ബാധിച്ച് ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാവുക, തലചുറ്റിവീഴല്‍, മാനസികമായ ആശയക്കുഴപ്പം എന്നിവയുണ്ടാവാം. ഗര്‍ഭിണികള്‍ക്ക് വിളര്‍ച്ചയുണ്ടായാല്‍ മാസം തികയാതെയുള്ള പ്രസവം, ഗര്‍ഭസ്ഥശിശുവിന് വളര്‍ച്ചക്കുറവ്, വൈകല്യങ്ങള്‍ നവജാതശിശുവിന് തൂക്കക്കുറവ്, അണുബാധ എന്നിവ ഉണ്ടാവാം. വിളര്‍ച്ച ചിലപ്പോള്‍ വന്ധ്യതയും ഉണ്ടാക്കാറുണ്ട്.

രോഗത്തിനനുസരിച്ച് ഡോക്ടര്‍ ചികിത്സ നിര്‍ദ്ദേശിക്കുന്നു. ഗര്‍ഭിണികള്‍ സന്തുലിതാഹാരത്തിനു പുറമേ ഡോക്ടര്‍ നിര്‍ദേശിക്കുന്ന അയേണും ഫോളിക് ആസിഡും വിറ്റാമിനുകളും അടങ്ങിയ സമീകൃതാഹാരം കഴിക്കാന്‍ ശ്രദ്ധിക്കുക. അയേണ്‍ ഗുളികകള്‍ കഴിക്കാന്‍ വിഷമമോ ഛര്‍ദ്ദി, വയറിളക്കം, വയറുവേദന, മലബന്ധം എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം ഡോക്ടര്‍ അയേണ്‍ ഇഞ്ചക്ഷന്‍ നിര്‍ദേശിക്കാറുണ്ട്. അനീമിയ വളരെ കൂടുതലാണെങ്കിലും ശസ്ത്രക്രിയക്കു ശേഷവും അയേണ്‍ ഇഞ്ചക്ഷനായി നല്‍കേണ്ടിവരാറുണ്ട്. അമിത രക്തസ്രാവത്തിനു ശേഷവും വിളര്‍ച്ച കൂടുതലായി ഹൃദയത്തെ ബാധിക്കാനിടയുള്ള അവസ്ഥയിലും ചിലപ്പോള്‍ രക്തം കയറ്റേണ്ടിവരും.

രോഗപ്രതിരോധശക്തി നശിക്കുന്ന രോഗങ്ങളില്‍ സ്റ്റിറോയ്ഡ് ഇഞ്ചക്ഷന്‍ നല്‍കാറുണ്ട്.

ദീര്‍ഘകാല വൃക്ക രോഗങ്ങളില്‍ Erythropoietin  ഹോര്‍മോണ്‍ മരുന്നിന്റെ രൂപത്തില്‍ നല്‍കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സ്ത്രീകള്‍ ഏതു പ്രായത്തിലായാലും വിളര്‍ച്ച ഉണ്ടാവാന്‍ സാദ്ധ്യത കൂടുതലുള്ളതിനാല്‍ ഇരുമ്പിന്റെ അംശവും ജീവകങ്ങളും മാംസ്യവും ധാതുക്കളും മറ്റും അടങ്ങിയ സന്തുലിതാഹാരം കഴിക്കേണ്ടത് വളരെ ആവശ്യമാണ്.

കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികള്‍ ശരീരം മെലിയാനായി ഭക്ഷണം കുറക്കുന്നതും ആധുനിക ജീവിതശൈലിയനുസരിച്ച് പോഷകാഹാരത്തിനു പകരം ഫാസ്റ്റ് ഫുഡ് കഴിക്കാനിഷ്ടപ്പെടുന്നതും ശരിയല്ല. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും സന്തുലിതാഹാരം കഴിക്കേണ്ടത് വളരെ പ്രധാനമാണ്.

ഇരുമ്പിന്റെ അംശം കൂടുതലുള്ള ഇലക്കറികള്‍, പാവക്ക, നെല്ലിക്ക, പച്ചക്കറികള്‍, മാംസം എന്നിവ കഴിക്കണം. അതിനു പുറമേ മുട്ട, പാല്‍, ധാന്യവര്‍ഗങ്ങള്‍, പയറുവര്‍ഗങ്ങള്‍, കടല, അണ്ടിപ്പരിപ്പ്, പഴങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഉണക്കമുന്തിരി, കരള്‍, ശര്‍ക്കര, മത്സ്യം എന്നിവയിലും ഇരുമ്പിന്റെ അംശം ധാരാളമുണ്ട്. ഇരുമ്പിന്റെ അംശം മാത്രമല്ല ജീവകങ്ങളും ധാതുക്കളും കുറയുമ്പോള്‍ വിളര്‍ച്ചയുണ്ടാവാമെന്നതിനാല്‍ സന്തുലിതാഹാരം കഴിക്കേണണ്ടത് വിളര്‍ച്ച തടയാന്‍ സഹായിക്കും. വിളര്‍ച്ചയുണ്ടാക്കാനിടയുള്ള രോഗങ്ങളും ആര്‍ത്തവ പ്രശ്‌നങ്ങളും മറ്റുമുണ്ടെങ്കില്‍ അവഗണിക്കാതെ കഴിയുന്നതും വേഗം ഡോക്ടറെ സമീപിക്കുകയും ചികിത്സ തുടങ്ങുകയും ചെയ്യേണ്ടതാണ്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media