അമ്മമാരെ, ഇനിയും ഇനിയും അമ്മമാരാകാന്‍ പോകുന്ന ചെറിയ ചെറിയ അമ്മമാരെ, നമസ്‌കാരം.
അമ്മമാരുടെ പാദങ്ങളിലാണു സ്വര്‍ഗം സ്ഥിതിചെയ്യുന്നത് എന്ന് മഹിളകളായ നിങ്ങളേവരും, ഓര്‍ത്ത് അഭിമാനം കൊണ്ട്, പ്രപഞ്ചങ്ങളുടെ എല്ലാം സ്രഷ്ടാവായ ദൈവത്തിന് സ്തുതിപറയുക.
(വൈക്കം മുഹമ്മദ് ബഷീറുമായി ഭാര്യ ഫാബി ബഷീര്‍ നടത്തിയ അഭിമുഖം)
ആരാമം മാസിക, 1987 ജനുവരി (പുസ്തകം 2 ലക്കം 7)
അമ്മമാരെ, ഇനിയും ഇനിയും അമ്മമാരാകാന്‍ പോകുന്ന ചെറിയ ചെറിയ അമ്മമാരെ, നമസ്‌കാരം.
അമ്മമാരുടെ പാദങ്ങളിലാണു സ്വര്‍ഗം സ്ഥിതിചെയ്യുന്നത് എന്ന് മഹിളകളായ നിങ്ങളേവരും, ഓര്‍ത്ത് അഭിമാനം കൊണ്ട്, പ്രപഞ്ചങ്ങളുടെ എല്ലാം സ്രഷ്ടാവായ ദൈവത്തിന് സ്തുതിപറയുക.
''അമ്മമാരുടെ പാദങ്ങളിലാണ് സ്വര്‍ഗം സ്ഥിതിചെയ്യുന്നത്.'' ഇതാരാ പറഞ്ഞതെന്നറിയാമോ? പണ്ട് പണ്ട് ആയിരത്തിനാനൂറിലധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരുഭൂമികളുടെ നാടായ അറേബ്യ എന്ന മഹാരാജ്യത്തിലെ മക്കം എന്ന സ്ഥലത്തു ജനിച്ച അനാഥനായ ദൈവത്തിന്റെ പ്രവാചകനായ മുഹമ്മദ് നബി. ദൈവത്തിലും പ്രവാചകനിലും വിശ്വസിക്കുന്ന നൂറു കോടിയിലധികം മനുഷ്യര്‍ ഇപ്പോള്‍ ഈ ഭൂമുഖത്തുണ്ട്. എന്നിട്ടവരൊക്കെ സ്ത്രീ ജനങ്ങളോടെങ്ങനെ
യാണു പെരുമാറുന്നത്. അതുപോകട്ടെ. സ്ത്രീ ജനങ്ങളെ എത്രത്തോളമാണു ഇസ്‌ലാം ബഹുമാനിച്ചിട്ടുള്ളതെന്നു മനസ്സിലായോ? മഹിളാ മണികള്‍ക്ക് ഇതിനേക്കാള്‍ മഹത്തായ ബഹുമതി വേറെ എന്തുണ്ട്? പറ. ദിവ്യദിവ്യമായ അനുഗ്രഹാശിസ്സ് രാജകുമാരികളാണ് സ്ത്രീകളേവരും. സ്വര്‍ഗീയ സുന്ദരികള്‍... ഹൂറികള്‍... മനസ്സിലായോ? എന്നിട്ടാണു കുശുമ്പ്, അസൂയ, കൊതി, പക, ഏഷണി, നുണപറച്ചില്‍, വഴക്ക്, കല പില പല....
സ്ത്രീ സമൂഹം അങ്ങനെയൊന്നുമല്ല. അത്ഭുത സൃഷ്ടികളാകുന്ന സ്ത്രീകള്‍... പ്രപഞ്ചങ്ങളും, പ്രപഞ്ചങ്ങളിലുള്ള സര്‍വവും.. സര്‍വ ജീവരാശികളും അത്ഭുത സൃഷ്ടികള്‍ തന്നെ. അതിമഹത്തായ കലാസൃഷ്ടികള്‍. ഫാത്തിമത്തുസ്സുഹ്‌റ (ആരാമം പത്രാധിപ കെ.കെ. ഫാത്വിമ സുഹ്‌റ) വന്നപ്പോള്‍ ഞാന്‍ എന്റെ പാദങ്ങളില്‍ നോക്കിയിരിക്കുകയായിരുന്നു. കാലുകളിലെ വിരലുകളില്‍ എന്തിനാണു നഖങ്ങള്‍! കൈകളിലേതിലാണെങ്കില്‍ മാന്താം. നിന്നെയൊക്കെപ്പോലുളള ബഡുക്കൂസുകളെ പിച്ചാം... നുള്ളാം. ഫാത്തിമത്തുസ്സുഹ്‌റയെ ഞാന്‍ കണ്ടിട്ടില്ല. പരസ്ത്രീകളെ നോക്കാന്‍ വിധിയില്ല. ഭര്‍ത്താക്കന്മാരായ ഞങ്ങള്‍ക്ക്. നോക്കിയാല്‍ നാളെ നരകാഗ്നിയില്‍ ഭര്‍ത്താക്കന്മാരായ ഞങ്ങളെ ഇട്ടു ചുട്ടുകരിക്കലും ജീവിപ്പിക്കലും. ശിക്ഷ എഴുപതിനായിരം വര്‍ഷം. അതുകൊണ്ടു നീ ആലോചിച്ചുനോക്ക്, ഞങ്ങള്‍ പരസ്ത്രീകളെ നോക്കുമോ?
നേരത്തെ പറഞ്ഞില്ലേ. സ്ത്രീകള്‍ അനുഗ്രഹീത സൃഷ്ടികള്‍, മൃദുലം, സുരഭിലം, മധുരം, മനോഹര-മായിക-പ്രതിഭാസം. നീ പോയി മഹിളാ രത്‌നങ്ങളോട് ഇതൊക്കെ പറഞ്ഞിട്ടു വേഗം വാ...
ഞാന്‍ ഇവിടെ തനിച്ചാണെന്നു നീ പ്രത്യേകം ഓര്‍ക്കണം. എനിക്കു തീരെ സുഖമില്ല. കാലയവനികയില്‍ മറയാറായ മട്ടാണ്. മനസ്സിലായോ.., മരിക്കാറായി പുറത്തു വലിയ ചൊറിച്ചിലുണ്ട്, നല്ല കടിയും. എന്റെ പുറം ഒന്നു മാന്തിത്തരാന്‍ ഇവിടെ വല്ലവരുമുണ്ടോ? മൂര്‍ഖന്‍ പാമ്പുകളോടും, കുറുക്കന്മാരോടും, പിശാചുക്കളോടും, ജിന്നുകളോടും, യക്ഷികളോടുമൊക്കെ എന്റെ പുറം മാന്തിത്തരാന്‍ പറയുന്നതു മര്യാദയാണോ? രണ്ട് മണിക്കൂറിനുള്ളില്‍ ഇതൊക്കെ വായിച്ചു കേള്‍പിച്ചിട്ടു നീ വന്നില്ലെങ്കില്‍...
പെണ്ണ് എപ്പോഴും പെണ്ണാണ്. മൃദുല മധുര, സുരഭില, മോഹന പ്രതിഭാസം. പെണ്‍വര്‍ഗം ഇല്ലെങ്കില്‍... നമ്മുടെ ഈ സുന്ദര ഭൂഗോളം, ക്ഷീരപഥങ്ങള്‍, സൗരയൂഥങ്ങള്‍, അണ്ഡകടാഹങ്ങള്‍, പ്രപഞ്ചങ്ങള്‍ എല്ലാം നിര്‍ജീവമായിരിക്കും. ജീവന്റെ അനസ്യൂതമായ പ്രവാഹത്തിന്റെ സുന്ദരമായ വാതിലാകുന്നു പെണ്‍വര്‍ഗം. ആരാമം മാസികയും കോഴിക്കോടുമൊക്കെ അണ്ഡകടാഹത്തിലാണ്. നമ്മളേവരും പ്രപഞ്ചത്തിലെ നിവാസികളാകുന്നു.
ഭൂഗോളം, വളരെ ചെറിയ ഒരു തുരുത്താണ്. പ്രപഞ്ചങ്ങളാകുന്ന അതിരില്ലാത്ത വന്‍കടലിലെ ഒറ്റപ്പെട്ട ഏകാന്തമായ, ചെറിയ ഒരു തുരുത്ത്. ഇതുപോലുള്ളതും ഇതിനെക്കാള്‍ മഹത്തരങ്ങളുമായ കോടാനുകോടി, പിന്നെയും കോടി അനന്തകോടി തുരുത്തുകള്‍ പ്രപഞ്ചങ്ങളായ മഹാസമുദ്രത്തിലുണ്ട്. ഗ്രഹ സഞ്ചയങ്ങള്‍, പിന്നെ ഭയാനക സൂര്യനെക്കാള്‍ ഇരുപത്തയ്യായിരവും ലക്ഷവും മടങ്ങു വലിപ്പമുള്ള അനന്തകോടി ബ്രഹ്മാണ്യ, ഭീകര, ഭീകര സൂര്യന്മാര്‍. ജനിക്കുകയും മരിക്കുകയും ചെയ്യുന്ന എണ്ണമില്ലാത്ത നക്ഷത്ര ലോകങ്ങള്‍. പ്രപഞ്ചത്തിലെ ഗ്രഹ സഞ്ചയങ്ങളില്‍ ജീവികളുണ്ട്. മനുഷ്യരായ നമ്മളെക്കാള്‍ സൗന്ദര്യവും, ശക്തിയും ബുദ്ധിയുമുള്ള ജീവികള്‍. നമുക്കു വലിയ അറിവൊന്നുമില്ല. നമ്മുടെ ഈ ഗോളത്തിലുള്ള, എണ്ണം അറിഞ്ഞുകൂടാത്ത, ദൃശ്യ ജീവികളെപ്പറ്റി നമുക്കൊക്കെ എന്തെങ്കിലും വല്ല വിവരവുമുണ്ടോ? അനന്ത വിശാല, ഭീകര, വികസ്വര, ശാശ്വത വികസ്വര, അത്ഭുതസുന്ദര മഹാമഹ പ്രപഞ്ചങ്ങള്‍... ഇതിലെ ഏകാന്തമായ ചെറിയ തുരുത്ത് എന്ന് പറയുന്ന ഈ ഭൂഗോളത്തിലും പ്രപഞ്ചങ്ങളിലുമുള്ള ജീവികള്‍ ഓരോന്നും, ഓരോരുത്തരും തനിച്ചാകുന്നു. ഒറ്റക്ക് എന്നാല്‍ ഒറ്റക്കാണോ? ഒറ്റക്കല്ലേ? ഓരോന്നും വീഴുമ്പോള്‍, വീഴുമ്പോഴൊക്കെയും താനേ താനേ എഴുന്നേല്‍ക്കണം. ചിലപ്പോള്‍, സഹായം കിട്ടി എന്നുവരാം. സ്‌നേഹം, സാഹോദര്യം, അനുകമ്പ, കാരുണ്യം ഒക്കെയുണ്ട്. എങ്കിലും.. ദൈവമേ എന്ന് ഓര്‍ക്കുക. എപ്പോഴും.
വരുന്നു... നക്ഷത്ര യുദ്ധങ്ങള്‍, ദൈവം തമ്പുരാനേ, അണ്ഡകടാഹ യുദ്ധങ്ങള്‍.. ഭൂഗോളത്തിന്റെ ഉടമകളാകാന്‍, തമ്മില്‍ തമ്മില്‍ മത്സരിക്കുന്ന, വലിയ തമ്പുരാക്കന്മാര്‍. മയക്കുമരുന്നുകള്‍, മദ്യം, ആറ്റം, ഹൈഡ്രജന്‍, ന്യൂക്ലിയര്‍ ബോംബുകള്‍, എന്നെയും നിന്നെയും ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ യുവതികളെയും സുഹ്‌റാബീബിയെയും (ആരാമം എഡിറ്റര്‍ കെ.കെ. ഫാത്തിമ സുഹ്‌റ) ശ്രീദേവിയെയും (ആരാമം സബ് എഡിറ്ററായിരുന്ന കെ.കെ. ശ്രീദേവി) ഇവിടെ കൂടിയിരിക്കുന്ന ഓരോ അമ്മമാരെയും, ഭൂഗോളത്തിലുള്ള അഞ്ഞൂറോ, ആയിരമോ കോടി സ്ത്രീപുരുഷന്മാര്‍ ഓരോരുത്തരെയും, ഒമ്പതുതവണ... കൊല്ലാനുള്ള ബോംബുകള്‍ വലിയ തമ്പുരാക്കന്മാരുടെ പക്കലുണ്ട്. ഒരു ലക്ഷത്തിലേറെ ബോംബുകള്‍. ഓര്‍ക്കാപ്പുറത്ത് അതൊക്കെ പൊട്ടും. അണ്ഡകടാഹം വിറകൊള്ളിക്കുന്ന ഹുങ്കാര ഭീകര മുഴക്കത്തോടെ. ഞാനും നീയും സര്‍വവും ഇരുപത്തയ്യായിരം ചെറു കഷ്ണങ്ങളായി തെറിക്കുകയല്ല. ഉരുകി ആവിയായിപ്പോകും. റബ്ബേ... ആലമീനായ തമ്പുരാനേ.. ഭൂഗോളം. നമ്മുടെ സുന്ദരമായ ഈ ഭൂഗോളം ഭയാനക ഭയാനകമായ ഒരു ബ്രഹ്മാണ്ഡ.. ബ്രഹ്മാണ്ഡ ശവപ്പറമ്പായി ആദിമമായ അന്ധകാരത്തില്‍ മുങ്ങിപ്പോകും.. സര്‍വത്ര ഭീകര, ഭീകരമായ ഇരുള്‍ അവസാനത്തെ, പൊട്ടിത്തെറിയുടെ ഭയാനക മുഴക്കത്തിനായി. ജീവരാശികളോ, മനുഷ്യകുലമോ ചെവി ഓര്‍ക്കുക, ചെവി ഓര്‍ക്കുക.
ഒരുപാട് പ്രവാചകന്മാരുണ്ടായിട്ടുണ്ട്. സുലൈമാന്‍, മൂസാ, ഈസാ.... ഇവരാരും മോഹങ്ങളുടെ പുറകെ പോകാന്‍ പറഞ്ഞിട്ടില്ല. അറേബ്യ മുഴുവനും കീഴടക്കിയ മുഹമ്മദ് നബി ചക്രവര്‍ത്തി ആയില്ല. സപ്രമഞ്ചകട്ടിലുകളും സിംഹാസനങ്ങളും ചെങ്കോലും കിരീടങ്ങളുമുള്ള രാജാക്കന്മാരും ചക്രവര്‍ത്തിമാരും അന്നുണ്ടായിരുന്നു. ദൈവത്തിന്റെ പ്രവാചകനായ മുഹമ്മദ് നബി കിടന്നിരുന്നത് വെറും ഒരു പായയിലാണ്. ഈത്തപ്പഴ മരത്തിന്റെ, ഓലകൊണ്ടു നെയ്ത പായയില്‍. വെളുപ്പിന് എണീക്കുമ്പോള്‍ അല്ലാഹുവിന്റെ റസൂലിന്റെ നഗ്നമായ ദേഹത്തു പായയുടെ അടയാളങ്ങള്‍ കണ്ടിരുന്നു. അന്നും സപ്രമഞ്ചകട്ടിലും, ഹംസധൂളി മെത്തകളും പട്ടും പരവതാനിയുമൊക്കെ ഉണ്ടായിരുന്നു. നബി വല്ലതിനും മോഹിച്ചോ? ഓര്‍ത്തുനോക്ക്...
ഭര്‍ത്താവ്, എന്ന വാക്കിന് അര്‍ഥങ്ങള്‍ പലതാണ്. നിഷ്‌കാമ, സിദ്ധന്‍, ഋഷി, പുണ്യവാളന്‍, അടിമ, സ്ലേവ്, അവശന്‍, ആര്‍ത്തന്‍, ആലംബഹീനന്‍... എന്നിങ്ങനെയൊക്കെയുണ്ട്. ഭര്‍ത്താക്കന്മാര്‍ പഞ്ചപാവങ്ങളാണ്. ഞങ്ങള്‍ക്ക് സംഘടനയില്ല. നിയമസഭയിലും പാര്‍ലമെന്റുകൡും ഞങ്ങള്‍ക്കു പ്രതിനിധികളില്ല. ഭര്‍ത്താക്കന്മാരായ ഞങ്ങള്‍ക്കു പത്രങ്ങളുമില്ല. ഭാര്യമാരായ നിങ്ങളുടെ എല്ലാം അവശതകള്‍ പരിഹരിക്കാന്‍, എത്രയെത്ര സ്ത്രീ മാസികകളാണുള്ളത്. ആരുടെ മാസികയാണ് ആരാമം. അതുപറ.
അനുഗ്രഹീത സൃഷ്ടിയാകുന്നു സ്ത്രീ. ഞാന്‍ പറഞ്ഞില്ലേ.. മൃദുല സുരഭില മധുരമനോഹര പ്രതിഭാസം...
മൊശടനും കിറുക്കനും തനി കാട്ടാളനും കുഴിമടിയനുമായ പുരുഷനെ ഉണര്‍ത്തി, നേര്‍വഴിക്കു നടത്താന്‍ വേണ്ടിയാകുന്നു സ്ത്രീകളെ സൃഷ്ടിച്ചിട്ടുള്ളത്. സ്‌നേഹത്തിന്റെയും അനുകമ്പയുടെയും, ക്ഷമയുടെയും, സഹാനുഭൂതിയുടെയും കാരുണ്യത്തിന്റെയും അത്ഭുത പ്രതിഭാസമാകുന്നു സ്ത്രീ...
നേരത്തെ പറഞ്ഞമാതിരി, കുശുമ്പ്, അസൂയ, പക, മോഹങ്ങള്‍ എന്നിവ ഇല്ലേ ഇല്ല. ഉണ്ടെങ്കില്‍ തന്നെ അതൊക്കെ നിസ്സാര കാര്യങ്ങള്‍. തണ്ടിലെ വെറും മുള്ളുകള്‍.. സുന്ദര സുരഭില പുഷ്പങ്ങളാകുന്നു സ്ത്രീകള്‍. മഹിളാ മണികള്‍ക്കു നല്ലവണ്ണം അറിയാമായിരുന്നു. നേരത്തെ നല്ലവണ്ണം ആലോചിച്ചു ഉറച്ചതാണ്. പുഷ്പങ്ങളാണ്.... പുഷ്പങ്ങളുടെ കൂട്ടമാണ്. പുഷ്പങ്ങള്‍ നിറഞ്ഞ ആരാമം... പൂക്കളാണെന്നുള്ള അനാദിയായ ബോധം അവര്‍ക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് മഹിളകളുടെ മാസികക്കു 'ആരാമം' എന്ന് പേരിട്ടത്. ആ സുന്ദര ബോധം ഇല്ലായിരുന്നെങ്കില്‍ പുട്ടുകുറ്റി, കഞ്ഞീം പുഴുക്കും, തട്ടോം കുപ്പായോ, കോഴി ബിരിയാണി, പട്ടുസാരി, വളകിലുക്കം, പെണ്‍പട.. ഇതില്‍ ഏതെങ്കിലും ഒരു തകര്‍പ്പന്‍ പേര് മാസികക്ക് അവര്‍ ഇടുമായിരുന്നു.
സ്ത്രീജനങ്ങള്‍ക്കായുള്ള നല്ല മാസികയാകുന്നു ആരാമം. ഇതു തുടങ്ങാന്‍ വിചാരിച്ചതും തുടങ്ങിയതും അത്ഭുതകരമായ സംഭവമാണ്. പത്തെണ്ണൂറു കൊല്ലങ്ങളായിട്ട് മുസ്‌ലിമീങ്ങള്‍ ഉറക്കത്തിലായിരുന്നു. വിശേഷിച്ചും മുസ്‌ലിം സ്ത്രീകള്‍. ഇപ്പോള്‍ അവര്‍ ദൈവാനുഗ്രഹത്താല്‍ ഉണര്‍ന്നു. മുസ്‌ലിം സ്ത്രീകള്‍ക്കു എഴുത്തും വായനയും പഠിക്കാമെന്നായി. പ്രസംഗിക്കാമെന്നായി. പത്രങ്ങള്‍ നടത്താം എന്നുമായി. പത്രാധിപകളും ആകാം. ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകര്‍ക്കും കെ.കെ. ശ്രീദേവിക്കും അഭിനന്ദനങ്ങള്‍. ശ്രീദേവിയോട് മലര്‍വാടി എന്ന കുട്ടികളുടെ മാസികയിലും പതിവായി എഴുതാന്‍ പറയണം. മലര്‍വാടിയും ഒരത്ഭുത സംഭവം തന്നെ. കുട്ടികള്‍ക്കായുള്ള ഒരു മാസിക. മുസ്‌ലിമീങ്ങള്‍ നടത്തുന്നു. നടത്താന്‍ ധൈര്യപ്പെട്ടു. അതും മലയാള ഭാഷയില്‍.. നൂറ്റാണ്ടുകള്‍.. നൂറ്റാണ്ടുകളായി ദൈവം തമ്പുരാനേ.. എന്തുപറയാന്‍... നല്ലൊരു ദിനപത്രവും വരുന്നുണ്ട്. എല്ലാം അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ വിജയിക്കട്ടെ....
സ്ത്രീ ജനങ്ങള്‍ അബലകള്‍ അല്ലേ അല്ല. ശക്തകളാണ്. സ്‌നേഹവും അനുകമ്പയും സഹാനുഭൂതിയും ക്ഷമയും കാരുണ്യവും ഒക്കെ സ്ത്രീ ജനങ്ങള്‍ക്ക് ഉള്ളതുകൊണ്ടാണ്, പുരുഷന്മാരും വിശേഷിച്ചു മൊശടന്മാരും കിറുക്കന്മാരുമായ ഭര്‍ത്താക്കന്മാര്‍ ഈ ഭൂഗോളത്തില്‍, ആരോഗ്യത്തോടെ, ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്. കൊടുംക്രൂരനായ ഭര്‍തൃസമൂഹത്തെ ആഹാരത്തില്‍ വിഷം ചേര്‍ത്തു കൊടുത്തുകൊല്ലാതിരിക്കുന്നത് കുശുമ്പികള്‍ സ്‌നേഹമയികളും ക്ഷമയുടെ അവതാരങ്ങളും ആയതുകൊണ്ടു മാത്രമാണ്.
എനിക്കു തീരെ സുഖമില്ല. അവശന്‍... ആര്‍ത്തന്‍, ശ്വാസം മുട്ടല്‍ കലശല്‍, നീ ഓടിപ്പോയി ഇതു വായിച്ചു കേള്‍പ്പിച്ചു വേഗം വാ... രണ്ട് മണിക്കൂറിനുള്ളില്‍ നീ വന്നുചേര്‍ന്നിട്ടില്ലെങ്കില്ലോ... എന്റെ പുറത്തെ കടിയും ചൊറിച്ചിലും... ഓര്‍മയുണ്ടോ?
ഞാന്‍ തനിച്ചു ഈ മരച്ചുവട്ടില്‍ ഇരിക്കുകയാണെന്നോര്‍ക്കണം കെട്ടോ.. പുറം ചൊറിയുമെന്നും ഓര്‍ക്കണം.
സ്ത്രീജനങ്ങള്‍ക്ക് വേണ്ടത്, കൂടുതല്‍ കൂടുതല്‍ സൗന്ദര്യം, സ്‌നേഹം, ആരോഗ്യം, ജീവിതത്തിനു കെട്ടുറപ്പ്, ദീര്‍ഘായുസ്സ്, പരമസുഖം ഇത്രയും ഞാന്‍ ആശംസിക്കുന്നു. ഈ പറഞ്ഞതെല്ലാം തന്ന് കരുണാമയനായ അല്ലാഹു സര്‍വമാന സ്ത്രീ ജനങ്ങളെയും അനുഗ്രഹിക്കട്ടെ. ലോകത്തില്‍ ശാന്തിയും സമാധാനവും ഒക്കെ വരട്ടെ. ലോക: സമസ്ത: സുഖിനോ: ഭവന്തു: മംഗളം.
(ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന അനുമോദന യോഗത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഭാര്യ ഫാബി ബഷീറിനു വേണ്ടി എഴുതി തയ്യാറാക്കിയ ഇന്റര്‍വ്യൂ.)