വിദഗ്ധര്‍ തീര്‍ത്തു പറഞ്ഞു: നായ്ക്കള്‍ ആക്രമണകാരികളല്ല. മൃഗസംരക്ഷണ സംഘത്തിലെ വിദഗ്ധന്‍ ഒന്നും വെറുതെ പറയുന്ന ആളല്ല. പറയുമ്പോള്‍ അതിന്റെ എല്ലാ വശങ്ങളും നോക്കുന്നയാളുമാണ്. ചായപ്പീടികയിലെ പാനല്‍ ചര്‍ച്ച നായ്ക്കളെപ്പറ്റിയാണ്.
'ഉറപ്പാണ്' മൃഗസ്‌നേഹി ആവര്‍ത്തിച്ചു. 'നായ്ക്കള്‍ ആക്രമിക്കില്ല'. ഒന്നു നിര്‍ത്തിയശേഷം അയാള്‍ തുടര്‍ന്നു. 'എന്നുവെച്ചാല്‍,
വിദഗ്ധര്‍ തീര്‍ത്തു പറഞ്ഞു: നായ്ക്കള്‍ ആക്രമണകാരികളല്ല. മൃഗസംരക്ഷണ സംഘത്തിലെ വിദഗ്ധന്‍ ഒന്നും വെറുതെ പറയുന്ന ആളല്ല. പറയുമ്പോള്‍ അതിന്റെ എല്ലാ വശങ്ങളും നോക്കുന്നയാളുമാണ്. ചായപ്പീടികയിലെ പാനല്‍ ചര്‍ച്ച നായ്ക്കളെപ്പറ്റിയാണ്.
'ഉറപ്പാണ്' മൃഗസ്‌നേഹി ആവര്‍ത്തിച്ചു. 'നായ്ക്കള്‍ ആക്രമിക്കില്ല'. ഒന്നു നിര്‍ത്തിയശേഷം അയാള്‍ തുടര്‍ന്നു. 'എന്നുവെച്ചാല്‍, അക്രമിക്കുന്ന നായ്ക്കളൊഴിച്ച്'.
അതായത്, ആക്രമണകാരികളായ നായ്ക്കളേ ആക്രമിക്കൂ. അല്ലാത്തവ, ആക്രമിക്കാത്ത സന്ദര്‍ഭങ്ങളില്‍, ആക്രമണകാരികളുടെ വിവക്ഷയില്‍ ഉള്‍പ്പെടുന്നില്ല.
വിദഗ്ധന്റെ പണ്ഡിതോചിതമായ നിര്‍വചനം കേട്ടുനിന്നവരില്‍ ഒന്ന്, അല്‍പം മാറി ചായപ്പീടികയിലേക്ക് നോട്ടമയച്ച് നില്‍ക്കുന്നുണ്ടായിരുന്നു അന്ന് അഞ്ചുപേരെ കടിച്ച ഒരു തെരുവുനായ്.
ഇപ്പോള്‍ അവന്‍ ആരെയും കടിക്കുന്നില്ല. അതുകൊണ്ട് അവന്‍ ഇപ്പോള്‍ ആക്രമണകാരിയല്ല. അതുകൊണ്ട് അവനെ ഇപ്പോള്‍ കൊല്ലാനോ കല്ലെറിയാനോ പാടില്ല. ആക്രമണകാരികളെ മാത്രം നേരിടാനേ നിയമമുള്ളൂ.
നായ്ക്കളെ കല്ലുകാട്ടി പേടിപ്പിക്കുന്നതും വടിയോങ്ങി വിരട്ടുന്നതും നിയമവിരുദ്ധമാകും- വിദഗ്ധന്‍ അത്രത്തോളം പറഞ്ഞപ്പോള്‍ എതിര്‍വശത്തിരുന്ന കൂലിപ്പണിക്കാരന്‍ വാസു ചൂടായി.
'പോട്ടെ, നായേനെ തുറിച്ചു നോക്കാല്ലോ അല്ലേ? ഒന്ന് പോ സാറേ, നായ്ക്കളാണോ, അവറ്റ കടിക്കും. ഇന്നലെയും ഇന്നും എത്ര പേര്‍ക്ക് കടികൊണ്ടു! എറിഞ്ഞ് കൊല്ലണം അവറ്റയെ'.
'ആക്രമണത്തിന് മതിയായ കാരണമില്ലാതെ ആക്രമിക്കാത്ത നായ്ക്കള്‍ ആക്രമണകാരികളുടെ ലിസ്റ്റില്‍പെടില്ല. ആക്രമണകാരികളെല്ലാം ആക്രമിക്കണമെന്നില്ല. ആക്രമിക്കുന്നതെല്ലാം ആക്രമണകാരിയാകണമെന്നുമില്ല. അത് സയന്‍സാ'.
വാസുവിന് അരിശം വന്നു. 'അപ്പോ ജാനകീന്റെ മോനെ കടിച്ചതോ? കുഞ്ഞായനെ കാലില്‍ കടിച്ചതോ? കബീറിനെ ഓടിച്ചിട്ടു കടിച്ചതോ?'
'കടിച്ച നായ ആക്രമണകാരിയായതു കൊണ്ടാകണമെന്നില്ല അത് കടിച്ചത്. ആക്രണോത്സുകത ഉത്തേജിതമായ ഏതോ ഒറ്റപ്പെട്ട സന്ദര്‍ഭത്തില്‍ അത് നൈസര്‍ഗികമായ ചോദനക്ക് വശംവദനായതാവാം. വാസൂ, സയന്‍സാണ് ഞാന്‍ പറയുന്നത'്.
'പറഞ്ഞത് നന്നായി. സയന്‍സെന്നാല്‍ മണ്ടത്തരമാണല്ലോ. അതിന് അങ്ങനെ തോന്നിയില്ലെങ്കിലല്ലേ അത്ഭുതം.' എസ്.എസ്.എല്‍.സിയില്‍ വാസു തോറ്റിരുന്നു. ആ പക ഇപ്പോഴും മാറിയിട്ടില്ല. 'ജാനകീന്റെ മോനെ കടിച്ച കടി സയന്‍സല്ലെങ്കിലും അത് വല്ലാത്ത കടിയാണ്, സാറേ. എന്റെ കൈയില്‍ കിട്ടിയാല്‍ ഞാനവനെ...'
'ഷട്ടപ്പ്' പാനല്‍ ചര്‍ച്ചയില്‍ ഒരു മൂന്നാംകക്ഷി ഇടപെട്ടിരിക്കുന്നു. വാസു അടങ്ങി.
പുതുമുഖം അത്ര പുതുമുഖമല്ല. മുറിമലയാളം അലങ്കാരമാക്കിയ ചാനല്‍ അവതാരകയാണ്. ചായക്കടയിലേക്ക് കയറിയതു തന്നെ ധാര്‍മികരോഷത്താല്‍ വിറകൊണ്ടാണ്.
'ജാനകീന്റെ മോനെ കടിച്ചതിന് തെളിവുണ്ടോ തന്റെ കൈയില്‍?'
വാസു പരുങ്ങി. ഫോട്ടോ എടുത്തിട്ടില്ല എന്ന് അവന് സമ്മതിക്കേണ്ടി വന്നു.
കുഞ്ഞായനെയും കബീറിനെയും ഈ ഡോഗ്‌സ് കടിച്ചു എന്ന് നിങ്ങള്‍ പറയുന്നു. എന്താണ് തെളിവ്?'
'ഇവരൊക്കെ ആശുപത്രിയില്‍ ചികിത്സയിലാണ്.'
'പക്ഷേ അത് നായ കടിച്ചിട്ടാണെന്ന് എങ്ങനെ പറയും?'
വാസു മിണ്ടിയില്ല. ഇത് അക്രമണകാരിയായ മൃഗം തന്നെ. പ്രകോപിപ്പിക്കുന്നത് ബുദ്ധിയല്ല. സൂക്ഷിക്കണം.
പക്ഷേ ശ്വാനസംരക്ഷക നിര്‍ത്താന്‍ ഭാവമില്ല. 'മിസ്റ്റര്‍ വാസു പറയുന്നതൊക്കെ കേട്ടു. നോണ്‍സെന്‍സ്. കുഞ്ഞായനെ നായ കടിച്ചിട്ടുണ്ടെങ്കില്‍ തന്നെ വെറുതെയാവില്ല. കുഞ്ഞായന്റെ കൈയില്‍ ഇറച്ചിപ്പൊതി ഉണ്ടായിരുന്നിരിക്കും'.
'ശരിയായിരിക്കും.' വാസു ആയുധം വെച്ചു.
പാര്‍ട്ടിനേതാവ് ശേഖരന്‍ മൈക്ക് കൈയിലെടുത്തു. 'ശരിയാ ഇനി ഇറച്ചി ഇല്ലെങ്കില്‍ തന്നെ, ബീഫ് ഉണ്ടോ എന്ന സംശയം മതി, കടിക്കാന്‍. അതാണിപ്പോ നാട്ടുനടപ്പ്, അല്ലേ മാഡം?'
അപ്പറഞ്ഞതിലെന്തോ മുന ഇല്ലേ എന്ന് മാഡത്തിന് സംശയം തോന്നിയെങ്കിലും അത് തലച്ചോറിന്റെ പരിധിക്ക് പുറത്തായത് കൊണ്ട് ഒന്നും പറഞ്ഞില്ല. നേതാവ് ശബ്ദമുയര്‍ത്തി. 'എന്റെ വോട്ടര്‍മാരെ, നായ കടിച്ചതില്‍ എനിക്ക് പ്രതിഷേധമുണ്ട്. നായ്ക്കള്‍ ഈ നിയോജകമണ്ഡലത്തിലേക്ക് കൂട്ടമായി വരുന്നതില്‍ എന്തോ ഗൂഢാലചനയില്ലേ എന്നും സംശയമുണ്ട്. സത്യം അന്വേഷിച്ച് കണ്ടെത്തേണ്ട ചുമതല സര്‍ക്കാറിനുണ്ട്. ഞാനേതായാലും ഇക്കാര്യത്തില്‍ സത്വരമായ നടപടി സ്വീകരിക്കുകയാണ്. ഗൂഢാലോചനയെക്കുറിച്ചന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്നുതന്നെ ഞാന്‍ കത്തെഴുതും. മുഖ്യമന്ത്രിക്കു തന്നെ.'
'അപ്പോ നായ്ക്കളെ കൊല്ലണോ വേണ്ടേ?' ചോദ്യം ചായക്കടക്കാരന്‍ മുത്തപ്പയുടേതാണ്.
'അന്വേഷണം നടക്കട്ടെ. റിപ്പോര്‍ട്ട് വന്നാല്‍ ഇക്കാര്യത്തില്‍ ഞാനെന്റെ നിലപാട് വ്യക്തമാക്കും.'
'വ്യക്തമാണ് താങ്കളുടെ നിലപാട്.' അതുപറഞ്ഞത്, തലമുടി കറുപ്പിച്ച കണ്ണടക്കാരന്‍. ചാനല്‍ ചര്‍ച്ചയുടെ സ്ഥിരം ശ്രോതാവ്.
'പക്ഷേ, ഒരു കാര്യം എനിക്ക് ഊന്നിപ്പറയാനുണ്ട്. നായ്ക്കളെ കൊല്ലുന്നത് പരിഷ്‌കൃതരീതിയല്ല. കടിക്കാതിരിക്കാനുള്ള പരിശീലനം നായ്ക്കള്‍ക്ക് നല്‍കുന്നതിനെപ്പറ്റിയാണ് ഇപ്പോള്‍ ചിന്തിക്കേണ്ടത്.
മാത്രമല്ല, വലിയ കടിക്കമ്പക്കാരായ നായ്ക്കള്‍ക്ക് വേണ്ടി പ്ലാസ്റ്റിക്കിന്റെ ആള്‍രൂപമുണ്ടാക്കി റോട്ടില്‍ സ്ഥാപിക്കണം. കൂടുതല്‍ കുരയ്ക്കാന്‍ നായ്ക്കള്‍ക്ക് പരിശീലനം നല്‍കണം.'
'അതെന്തിനാ?' ചായക്കടക്കാരന്റെ ചോദ്യം.
'മണ്ടന്‍ മുത്തപ്പ! കുരക്കുന്ന പട്ടി കടിക്കില്ലെന്നറിയില്ലേ?'
അന്താരാഷ്ട്ര ശ്വാന സംരക്ഷണ ഉച്ചകോടി എന്ന നിര്‍ദേശം അയാള്‍ മുന്നോട്ടുവെക്കും മുമ്പ് മുത്തപ്പ നല്ല ചൂടുള്ള ചായ അയാളുടെ കുപ്പായത്തില്‍ വീഴ്ത്തി മാന്യമായി 'സോറി' പറഞ്ഞു.
നായ്ക്കള്‍ക്കായി കോടതിയില്‍ മൃഗസംരക്ഷകന്‍ റിട്ട് ഹരജി സമര്‍പിച്ചതായാണ് പുതിയ വിവരം. നായ്ക്കളെ ആട്ടിയോടിക്കുന്നതിനെപ്പറ്റി സംശയം. സര്‍ക്കാറിന്റെ നിലപാടറിയിച്ച് സത്യവാങ്മൂലം സമര്‍പിക്കണമെന്നാവശ്യപ്പെട്ട് കോടതി കേസ് മാറ്റിവെച്ചു. കടിയേറ്റവര്‍ക്കായി ഹരജിയൊന്നും സമര്‍പിച്ചിട്ടില്ല. മനുഷ്യസംരക്ഷകന്‍ എന്നൊരു സംഘടനയില്ലാത്തതാണ് കാരണം.
എങ്കിലും ആരോ നായ്ശല്യത്തെപറ്റി കലക്ടര്‍ക്ക് പരാതി അയച്ചു. കലക്ടര്‍ കാര്യക്ഷമതയോടെ അത് തഹസില്‍ദാര്‍ക്കയച്ചു. കാര്യക്ഷമതയുള്ളതിനാല്‍ തന്നെ തഹസില്‍ദാര്‍ അത് വില്ലേജാഫീസര്‍മാര്‍ക്ക് അയക്കാന്‍ തയ്യാറെടുക്കുകയാണ്. നമ്മളോടാ കളി!
നായ്ക്കളെ വന്ധ്യംകരിക്കാനാവശ്യമായ സൗകര്യങ്ങള്‍ എത്ര മൃഗാശുപത്രിയിലുണ്ടെന്ന ചോദ്യം ഒരു ആക്ടിവിസ്റ്റ്, വിവരാവകാശ നിയമപ്രകാരം സര്‍ക്കാറിലേക്ക് തൊടുത്തുവിട്ടു. നായ്പിടിത്തകാരുടെ തൊഴില്‍-വേതനച്ചട്ടങ്ങള്‍ പരിഷ്‌കരിക്കണമെന്ന് നിര്‍ദേശിച്ച് സാംസ്‌കാരിക നായകര്‍ പത്രങ്ങളില്‍ ലേഖനപരമ്പരയെഴുതി.
എല്ലാം ഇങ്ങനെ ഭദ്രമായിരിക്കുമ്പോഴാണ് സാമൂഹികബോധമില്ലാത്ത ഏതോ ഒരുത്തന്‍ ഒരു പേപ്പട്ടിയെ തല്ലിക്കൊന്നത്.
നാട് സ്തബ്ധമായി. എന്തൊരു ധിക്കാരം! നിയമം കൈയിലെടുക്കുകയോ? എട്ട് കോഴിയെ കൊന്നു; പത്ത് മനുഷ്യരെ കടിച്ചു; സ്‌കൂള്‍ കുട്ടികളെ വിരട്ടി; വീട്ടമ്മയെ ആക്രമിച്ചു. ഇത്രയേ ആ പട്ടി ചെയ്തുള്ളൂ. എന്നിട്ടും.....
എല്ലാ യന്ത്രങ്ങളും അതിവേഗം ചലിച്ചു. ചാനല്‍ ചര്‍ച്ചകളില്‍ കൊലയാളിയെ തൊലിയുരിച്ചു; പോലീസ് കേസ് ചാര്‍ജ് ചെയ്തു. സത്വര നടപടികള്‍ സ്വീകരിക്കാനും അക്കാര്യം നേരിട്ട് ബോധിപ്പിക്കാനും കോടതി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
പട്ടികടിയേറ്റവരെപ്പറ്റിയുള്ള കൗതുകവാര്‍ത്തകള്‍ വെട്ടിയെടുത്ത് സൂക്ഷിച്ച ഫയലിനുമീതെ കോടതിയുത്തരവ് 'അര്‍ജന്റ്' എന്ന മുദ്രയോടെ അടിയന്തര നടപടിക്കായി പ്രത്യേക ഫയല്‍ബോര്‍ഡില്‍ നാട്ടപ്പെട്ടു.