സൂര്യന്‍ കത്തിനിന്ന ഏപ്രില്‍മാസത്തിലെ ഒരു പകല്‍ക്കൂടി കെട്ടടങ്ങാറായിരിക്കുന്നു. പടിഞ്ഞാറെ മാനം ചുവന്ന കുപ്പായമണിഞ്ഞു. തന്റെ ശാരീരികാവശതകളില്‍ ആഗ്രഹിക്കാതെ പതിഞ്ഞുകിട്ടിയ ഡ്യൂട്ടിയുടെ അലച്ചില്‍ തീര്‍ത്ത അസഹിഷ്ണുത അവളില്‍ അമര്‍ഷമായി പുകയാന്‍ തുടങ്ങി. ആരോ കാണാമറയത്തിരുന്ന് ചരടുവലിച്ചതിന്റെ ഭാഗമായി കിട്ടിയതാണ് ബൂത്ത് ലെവല്‍
സൂര്യന്‍ കത്തിനിന്ന ഏപ്രില്‍മാസത്തിലെ ഒരു പകല്‍ക്കൂടി കെട്ടടങ്ങാറായിരിക്കുന്നു. പടിഞ്ഞാറെ മാനം ചുവന്ന കുപ്പായമണിഞ്ഞു. തന്റെ ശാരീരികാവശതകളില്‍ ആഗ്രഹിക്കാതെ പതിഞ്ഞുകിട്ടിയ ഡ്യൂട്ടിയുടെ അലച്ചില്‍ തീര്‍ത്ത അസഹിഷ്ണുത അവളില്‍ അമര്‍ഷമായി പുകയാന്‍ തുടങ്ങി. ആരോ കാണാമറയത്തിരുന്ന് ചരടുവലിച്ചതിന്റെ ഭാഗമായി കിട്ടിയതാണ് ബൂത്ത് ലെവല്‍ ഓഫീസറുടെ ജോലി.
തിരിച്ചറിയല്‍ കാര്‍ഡിനപേക്ഷിച്ചവരേയും കാര്‍ഡ് അനുവദിച്ചവരേയും അന്വേഷിച്ച് ഓഫീസ് സമയത്തിനുമുമ്പും അതിനുശേഷവുമുള്ള നടത്തം, വിശ്രമിക്കാന്‍ ആഗ്രഹിക്കുന്ന ചില ഞായറാഴ്ചകളിലെ ഡ്യൂട്ടി ഇവയൊക്കെ വല്ലാതെ മുഷിച്ചിലുണ്ടാക്കുന്നു.
ഉള്ളംകൈയിലെ പ്ലാസ്റ്റിക് ചതുരത്തിലിരിക്കുന്ന അബ്ദുല്‍ അസീസിനെ അന്വേഷിച്ചുനടക്കാന്‍ തുടങ്ങിയിട്ട് മൂന്നു ദിവസങ്ങളായി. അബ്ദുല്‍ അസീസ് കെ.ടി, സൈനാസ് തലശ്ശേരി - 1, ജനനത്തീയതിയും വര്‍ഷവും നോക്കി അയാള്‍ക്ക് വയസ്സ് അറുപത്തിരണ്ട്. പുതിയ അപേക്ഷയില്‍ അനുവദിക്കപ്പെട്ട തിരിച്ചറിയല്‍ കാര്‍ഡാണ് അഞ്ചോളം പ്രദേശങ്ങളുടെ അല്‍പഭാഗങ്ങളും മുനിസിപ്പാലിറ്റിയുടെ അതിരായ പുഴയോരവും ചേര്‍ന്ന വലിയ വാര്‍ഡാണ് ബൂത്തായി തിരിച്ചിരിക്കുന്നത്. ആയിരത്തി അഞ്ഞൂറോളം വരുന്ന വോട്ടര്‍മാരുടെ പ്രദേശം. ബി.എല്‍.ഒ ബൂത്തിലെ മുഴുവന്‍ വീടുകളും അറിഞ്ഞിരിക്കണമെന്നത് വില്ലേജോഫീസറുടെ നിര്‍ദേശം.
അടച്ചുപൂട്ടിയ ഗേറ്റും, തുറക്കാന്‍ മടിക്കുന്ന വാതിലും, നിസ്സംഗതയോടെ കൈമലര്‍ത്തുന്ന വീട്ടുകാരുമുള്ള എത്രയോ വീടുകളില്‍ അന്വേഷിച്ചിട്ടും കെ.ടി. അബ്ദുല്‍ അസീസിനെ കണ്ടെത്താനായില്ല. റെയില്‍വേ സ്‌റ്റേഷന് കിഴക്ക് ഭാഗത്തുള്ള സൈനാസ് എന്ന് പേരുള്ള മൂന്ന് വീടുകളില്‍ കയറിയിറങ്ങിയപ്പോള്‍ അവള്‍ക്ക് അബ്ദുല്‍ അസീസിനോട് വല്ലാത്ത ദേഷ്യം തോന്നി. ഇയാള്‍ ഇത്രയും കാലം എവിടെയായിരുന്നു? വയസ്സായപ്പോഴാണോ തിരിച്ചറിയല്‍ കാര്‍ഡ് വേണമെന്ന് തോന്നിയത്? അവള്‍ മനസ്സില്‍ മുറുമുറുത്തു. റെയില്‍വേ സ്‌റ്റേഷന് പടിഞ്ഞാറ് ഭാഗത്തുള്ള കുറേവീടുകള്‍ കൂടി തനിക്കുള്ള ബൂത്തില്‍ പെടുമെന്ന് പറഞ്ഞത് സ്ഥലത്തെ യുവാവായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനാണ്. വോട്ടര്‍പട്ടികയെക്കുറിച്ചും, വോട്ടര്‍മാരെക്കുറിച്ചും അറിവുള്ളവര്‍ രാഷ്ട്രീയ പ്രവര്‍ത്തകരാണെന്ന് തോന്നിയിട്ടുണ്ട്.
ഓവര്‍ ബ്രിഡ്ജ് കയറുമ്പോള്‍ മുട്ടുവേദന കാരണം അവര്‍ അല്‍പനേരം നിന്നുപോയി. റെയില്‍വേസ്‌റ്റേഷന് പിന്നിലുള്ള ഓട്ടോ സ്റ്റാന്റ് കഴിഞ്ഞ് റോഡിലൂടെ തിരക്കിട്ട് നടക്കുമ്പോള്‍ കുറച്ചകലെ ആരൊക്കെയോ കൂട്ടം കൂടി നില്‍ക്കുന്നത് കണ്ട് അവള്‍ അടുത്തെത്തി അവര്‍ കൊടിതോരണങ്ങള്‍ കെട്ടുകയാണ്. അവരുടെ ആഹ്ലാദാരവങ്ങളിലേക്ക് കടന്നുചെന്ന് കൈയിലെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചുകൊണ്ട് അവള്‍ ചോദിച്ചു. ഇതില്‍ കാണുന്ന ആളിനെ അറിയുമോ?
മൂന്നാലുപേര്‍ അവള്‍ നീട്ടിപ്പിടിച്ച വലതുകൈയിലേക്ക് മുഖംതാഴ്ത്തി. അതിലൊരു ചെറുപ്പക്കാരന്‍ പറഞ്ഞു. ഇത് നമ്മുടെ ഷംസീറിന്റെ ഉപ്പയാണ്. അവള്‍ സന്തോഷത്തോടെ ചോദിച്ചു. എവിടെയാണ് വീട്?
മിഷനാശുപത്രിയുടെ ഭാഗത്താണ്. ആശ്വാസത്തോടെ നെടുവീര്‍പ്പിട്ട് അവര്‍ക്ക് നന്ദി പറഞ്ഞ് അവള്‍ മിഷനാശുപത്രിയുടെ റോഡിലേക്ക് നടന്നു. ആശുപത്രിയുടെ മുന്നിലും പിന്നിലുമായി കുറേ വീടുകളുണ്ട്. എവിടെയാണ് വീടെന്ന് വ്യക്തമായി ചോദിച്ചു മനസ്സിലാക്കാത്തതിന്റെ അബദ്ധം അപ്പോഴാണവള്‍ക്ക് ബോധ്യമായത്.
ആശുപത്രിയുടെ തൊട്ടടുത്തുകണ്ട സ്റ്റേഷനറി കടക്കാരന്റെ മുമ്പില്‍ ചെന്ന് നിന്ന് അവള്‍ ചോദിച്ചു.
'അബ്ദുല്‍ അസീസ് എന്ന് പേരായ ഒരാളുടെ വീടറിയുമോ?' അവള്‍ തിരിച്ചറിയല്‍ കാര്‍ഡ് അയാളുടെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു. 'ഇതാ ഇയാളാണ്'. കടക്കാരന്‍ കാര്‍ഡിലേക്ക് നോക്കാതെ പറഞ്ഞു. 'ഞാനിവിടെ വന്നിട്ട് അധികം കാലമായില്ല.'
അവള്‍ ആശുപത്രിയുടെ പിറകുവശത്തെ ഇടുങ്ങിയ റോഡിലേക്ക് നടന്നു. ആദ്യം കണ്ട വലിയ വീടിന് മുന്നില്‍ ചെടികള്‍ നനച്ച് കൊണ്ടിരിക്കുന്ന സുന്ദരിയായ സ്ത്രീയെ കണ്ടപ്പോള്‍ അവള്‍ തുറന്നിട്ട ഗേറ്റ് കടന്ന് നടയിലൂടെ മുറ്റത്തെത്തി. അപ്പോഴാണ് കോലായില്‍ വെച്ച അവരുടെ മൊബൈല്‍ ശബ്ദിച്ചത്. അവര്‍ മൊബൈലെടുക്കാന്‍ ഓടി. മൊബൈല്‍ ചെവിയോട് ചേര്‍ത്ത് അവര്‍ സംസാരിക്കുമ്പോള്‍ അവളെ നോക്കി പുഞ്ചിരിച്ചു. വിവിധ വര്‍ണങ്ങളിലും, ആകൃതിയിലും കുലകളായി വിരിഞ്ഞു നില്‍ക്കുന്ന ഓര്‍ക്കിഡുകള്‍. നിരത്തിവെച്ച ചെടിച്ചട്ടികളില്‍ വലിയ ഉടലിനെ ചെറുതാക്കി നിറുത്തിയ ബോണ്‍സായ്കളുടെ ദയനീയതയിലേക്ക് മിഴികളൂന്നി അവള്‍ അല്‍പനേരം നിന്നു.
സ്വര്‍ണവളക്കിലുക്കത്തോടെ ആ സ്ത്രീ അരികില്‍ വന്ന് ചോദിച്ചു. 'നിങ്ങള്‍ എവിടുന്നാ'?
'ഇവിടെ അടുത്ത് സൈനാസ് എന്ന വീടുണ്ടോ'? അവള്‍ തിടുക്കത്തോടെ ആരാഞ്ഞു.
'അറിയില്ല' അവര്‍ തലയിലൂടെ സാരിയിട്ടുകൊണ്ട് പറഞ്ഞു.
അവള്‍ ഒന്നും പറയാതെ റോഡിലേക്കിറങ്ങി ആശുപത്രിയുടെ മുമ്പിലേക്കാണ് നടന്നത്. ആശുപത്രിയുടെ മുമ്പില്‍ ചായക്കച്ചവടം നടത്തുന്ന മദ്ധ്യവയസ്‌കനായ ആളുടെ അരികില്‍ ചെന്ന് അവള്‍ കൈയിലെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചുകൊണ്ട് ചോദിച്ചു. ഇതില്‍കാണുന്ന അബ്ദുള്‍ അസീസിനെ അറിയുമോ?
ഇത് നമ്മളെ അസീസല്ലെ. അതാ ആ കാണുന്ന വീടാണ്. അയാള്‍ തൊട്ടടുത്ത വീട്ടിലേക്ക് വിരല്‍ ചൂണ്ടി.
അവള്‍ അയാള്‍ക്ക് നന്ദിപറഞ്ഞ് വേഗത്തില്‍ നടന്നു. അയാള്‍ കാണിച്ച വീടിന്റെ മുമ്പിലെത്തി അവള്‍ ഗേറ്റ് തുറന്നു. വീടിന്റെ ഇടതുഭാഗത്തെ ചുമരിന്‍മേല്‍ നിറം മങ്ങിയ നെയിംപ്ലേറ്റില്‍ സൈനാസ് എന്ന് കണ്ടപ്പോള്‍ അവള്‍ കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി. മനസ്സിലെ ദേഷ്യം മുഴുവന്‍ വിരലിലേക്കാവാഹിച്ചതാകാം ബെല്ലിന്റെ ശബ്ദം നീണ്ടുപോയി.
തിടുക്കത്തില്‍ പുറത്തേക്ക് വന്ന ആളെകണ്ടപ്പോള്‍ അവള്‍ ചോദിച്ചു. 'നിങ്ങള്‍ അബ്ദുള്‍ അസീസാണോ'?
'അതെ', അയാള്‍ സൗമ്യതയോടെ പറഞ്ഞു. അയാളുടെ വെളുത്ത മുഖത്തെ നരച്ച താടിയും സൗമ്യമായ കണ്ണുകളും വിശാലമായ നെറ്റിയിലെ ബ്രൗണ്‍നിറമുളള നിസ്‌കാരത്തഴമ്പും അവളുടെ ദേഷ്യത്തെ തണുപ്പിച്ചു.
'ഞാന്‍ മൂന്ന് ദിവസങ്ങളായി നിങ്ങളെ അന്വേഷിച്ചു നടക്കുന്നു. നിങ്ങളിതുവരെ തിരിച്ചറിയല്‍ കാര്‍ഡെടുക്കാതിരുന്നതെന്താണ്'? അവള്‍ ബാഗില്‍നിന്ന് ഒപ്പിടുവിക്കാനുള്ള പേപ്പറെടുത്തുകൊണ്ടു ചോദിച്ചു.
'ഞാന്‍ ഇരുപത്തഞ്ച് വര്‍ഷം ഗള്‍ഫില്‍ ജോലിചെയ്തതാണ്. വല്ലപ്പോഴെങ്കിലും നാട്ടില്‍ വരും. ഇനി ഗള്‍ഫിലേക്കില്ല'. അയാള്‍ തല തടവിക്കൊണ്ട് പറഞ്ഞു. അയാളുടെ കഷണ്ടിത്തല പ്രവാസജീവിതത്തിന്റെ അടയാളമാണെന്നവള്‍ക്ക് തോന്നി.
അവരുടെ സംസാരം കേട്ട് ചെറുപ്പക്കാരിയായ ഒരു സ്ത്രീ വാതില്‍ക്കല്‍ വന്നുനിന്ന് ആകാംഷയോടെ മുഖം നീട്ടി.
'വാ.. അകത്തിരിക്കാം' അവള്‍ സ്‌നേഹത്തോടെ ക്ഷണിച്ചു.
അയാളെക്കൊണ്ട് ഒപ്പിടുവിക്കാനുള്ള സൗകര്യം വരാന്തയിലില്ലാത്തതിനാല്‍ അവള്‍ അകത്തേക്ക് കയറി.
ഒപ്പിടുവിക്കാനുള്ള പേപ്പര്‍ മേശപ്പുറത്ത് വെച്ച് അവള്‍ നടുക്കത്തെ കസാലയിരുന്ന് ബാഗില്‍ നിന്ന് വെള്ളക്കുപ്പിയെടുത്തു. അരക്കുപ്പിവെള്ളം മാത്രമേ അതിലുള്ളൂ. 'കുറച്ച് വെള്ളം കിട്ടിയാല്‍ നന്നായിരുന്നു'. അത് കേട്ടപ്പോള്‍ യുവതി അടുക്കളയിലേക്ക് നടന്നു.
അവള്‍ തിരിച്ചറിയല്‍ കാര്‍ഡ് അയാളുടെ നേരെ നീട്ടി പേപ്പറില്‍ ഒപ്പിടുവാനുള്ള സ്ഥലം കാണിച്ചുകൊടുത്തു. അയാള്‍ മേശയില്‍നിന്ന് കണ്ണടയെടുത്ത് പേപ്പറില്‍ ഒപ്പിട്ടു. അത് തിരിച്ചുകൊടുക്കുമ്പോള്‍ അയാള്‍ സൗമ്യതയോടെ ചോദിച്ചു.
'നിങ്ങള്‍ വളരെ ബുദ്ധിമുട്ടി അല്ലെ'?
'ഗള്‍ഫിലെന്തായിരുന്നു ജോലി'? അവള്‍ വീടിനുള്ളിലെ സൗകര്യമില്ലായ്മകളിലേക്ക് കണ്ണുകള്‍ പായിച്ചുകൊണ്ട് ചോദിച്ചു.
'ചായക്കടയായിരുന്നു'. അയാള്‍ പറഞ്ഞു. അവളുടെ സംസാരം കേട്ട് നടുവകത്തോട് ചേര്‍ന്ന മുറിയില്‍ നിന്നും സാരിയുടുത്ത ഒരു സ്ത്രീ ഇറങ്ങിവന്നു. അവര്‍ പുഞ്ചിരിയോടെ അബ്ദുല്‍ അസീസിനോടാരഞ്ഞു. 'ഇവര്‍ എവിടുന്നാ'?
'തിരിച്ചറിയല്‍ കാര്‍ഡ് തരാന്‍ വന്നതാണ്. എന്നെ അന്വേഷിച്ച് ഒരുപാട് ബുദ്ധിമുട്ടി'. അയാളുടെ മുഖത്തെ സൗമ്യതയും വാക്കുകളിലെ ആത്മാര്‍ഥതയും അവളുടെ മനസ്സിലെ ദേഷ്യമകറ്റി.
അടുക്കളയില്‍ നിന്ന് വന്ന ചെറുപ്പക്കാരി കൈയിലെ ഗ്ലാസ്സ് അവള്‍ക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു: 'ഹോര്‍ലിക്‌സാണ്'.
'ഇത് വേണമെന്നില്ലായിരുന്നു. വെള്ളം മതിയായിരുന്നു'
'അത് സാരമില്ല. നിങ്ങള്‍ നടന്ന് തളര്‍ന്നുകാണും' അബ്ദുല്‍അസീസാണ് പറഞ്ഞത്.
'ഇതെന്റെ ഭാര്യ ജമീല. ഇത് മകന്റെ ഭാര്യ ഫര്‍ഹത്ത്' അയാള്‍ രണ്ടുപേരെയും പരിചയപ്പെടുത്തി.
ഹോര്‍ലിക്‌സില്‍ പൊങ്ങിക്കിടന്ന ചത്തകുഞ്ഞുറുമ്പിനെ ചൂണ്ട്‌വിരല്‍കൊണ്ട് നീക്കിയതിന് ശേഷം അവള്‍ ഗ്ലാസ് ചുണ്ടോടടുപ്പിച്ചു. ഹോര്‍ലിക്‌സ് കുടിക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ ജമീല ഇറങ്ങിവന്ന മുറിയിലേക്ക് നീണ്ടു. കട്ടിലില്‍ ആരോ കിടക്കുന്നു. അവള്‍ ജമീലയുടെ നേര്‍ക്ക് ചോദ്യഭാവത്തില്‍ നോക്കിയത് കണ്ടാവണം അവര്‍ പറഞ്ഞു.
'അത് എന്റെ ഉമ്മയാണ്. സ്‌ട്രോക്ക് വന്ന് കിടപ്പാണ്. ആറുവര്‍ഷമായി'.
അവള്‍ ഗ്ലാസ് മേശപ്പുറത്ത് വെച്ച് വൃദ്ധ കിടക്കുന്ന മുറിയിലേക്ക് നടന്നു. പിറകെ വന്ന ജമീല കണ്ണടച്ചുകിടക്കുന്ന വൃദ്ധയായ ഉമ്മയുടെ മുഖത്ത് തലോടിക്കൊണ്ട് പറഞ്ഞു: 'ഉമ്മാ... ഉമ്മയെ കാണാന്‍ ഒരാള്‍ വന്നിരിക്കുന്നു'.
ഉമ്മ പതിയെ കണ്ണുകള്‍ തുറന്ന് പുഞ്ചിരിച്ചു. അവള്‍ തലോടി. കട്ടിലിനരികിലിട്ട സ്റ്റൂളിലിരുന്ന് ഉമ്മയുടെ മെലിഞ്ഞ കരം തലോടി. ഇളംചൂടുള്ള മൃദുലമായ കൈവെള്ളയുടെ സ്പര്‍ശം അവളില്‍ അമ്മയുടെ സാമീപ്യമുണര്‍ത്തി. ഉമ്മയുടെ നെറ്റിയിലേക്കുതിര്‍ന്നുവീണ നരച്ചുവരണ്ട മുടിച്ചുരുളുകള്‍ മാടിയൊതുക്കിക്കൊണ്ട് ജമീല പറഞ്ഞു: 'ഞങ്ങള്‍ മൂന്ന് മക്കളാണ്. എനിക്ക് രണ്ട് ആങ്ങളമാരാണ്. ഉമ്മ ഞങ്ങളെ വളരെ കഷ്ടപ്പെട്ടാണ് വളര്‍ത്തിയത്. ഉപ്പ ഞങ്ങളുടെ ചെറുപ്പത്തിലേ മരിച്ചതാണ്.'
അവരുടെ വാക്കുകളിലും ചലനങ്ങളിലും ഉമ്മയോടുള്ള സ്‌നേഹവും കരുതലും നിറഞ്ഞുനിന്നു. രോഗത്തിന്റെ അവശതയിലും ഉമ്മയുടെ മുഖത്ത് സ്‌നഹാനുഭവത്തിന്റെ സംതൃപ്തി നിറഞ്ഞുനിന്നു.
ഉമ്മാമാ... രണ്ട് വയസ്സുകാരിയായ ഒരു പെണ്‍കുട്ടി മുറിയിലേക്കോടിവന്നു. അവള്‍ ജമീലയുടെ മടിയില്‍ കയറിയിരുന്നു.
നീയുണര്‍ന്നോ? ജമീല കൊച്ചുമകളുടെ കവിളില്‍ ഉമ്മവെച്ചു. എന്റെ മൂത്തമകന്റെ കുട്ടിയാണ്. അവന്‍ കൊച്ചിയില്‍ ഒരു കമ്പനിയില്‍ ജോലിചെയ്യുന്നു. മൂന്നാണ്‍മക്കളാണ്. മറ്റു രണ്ടുപേരും ബാംഗ്ലൂരില്‍ പഠിക്കയാണ്. ആരും നല്ലൊരു വഴിക്കായിട്ടില്ല. ജമീല മനസ്സ് തുറന്നു.
ഇരുപത്തഞ്ച് വര്‍ഷം ഗള്‍ഫില്‍ ജോലിചെയ്തിട്ടും കുടുംബത്തിന് നല്ലൊരുവീടുപോലുമായില്ലെന്ന് അവര്‍പറയാതെ തന്നെ അവള്‍ക്ക് മനസ്സിലായി.
വാച്ചിലേക്ക് നോക്കിയ അവള്‍ തിരക്കിട്ടെഴുന്നേറ്റ് മുറിക്ക് പുറത്ത് കടന്നു. 'നേരം വൈകി, ഞാന്‍ വരട്ടെ'. അവള്‍ യാത്ര ചോദിച്ചു. 'ഞാന്‍ ഓട്ടോ പിടിച്ചുതരാം'. നടുവകത്തെ കസേരയിലിരിക്കുകയായിരുന്ന അബ്ദുല്‍അസീസ് കസേരയില്‍ നിന്നെഴുന്നേറ്റ് കൊണ്ട് പറഞ്ഞു.
'ആശുപത്രിയുടെ മുമ്പില്‍ ഇഷ്ടംപോലെ ഓട്ടോകാണും'. അവള്‍ വരാന്തയിലേക്കിറങ്ങിക്കൊണ്ട് പറഞ്ഞു. കുഞ്ഞിനെ ഒക്കത്തിരുത്തി ജമീലയും, കൂടെ അബ്ദുല്‍അസീസും, മകന്റെ ഭാര്യയും അവര്‍ക്ക് പിറകെ വരാന്തയിലേക്കിറങ്ങി. ജമീലയുടെ ഒക്കത്തിരുന്ന് എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്ന കുഞ്ഞ് മുറ്റത്തേക്കിറങ്ങാന്‍ ഭാവിച്ച അവളുടെ ചുമലലില്‍ രണ്ടുകൈകള്‍കൊണ്ടും പിടിച്ചു. അവള്‍ തിരിഞ്ഞു നിന്നു. കുഞ്ഞ് ചിരിച്ചുകൊണ്ട് അവളുടെ മുഖത്തിന് നേരെ കുനിഞ്ഞ് നെറ്റിയിലും കവിളിലും ഉമ്മവെച്ചു. സ്‌നേഹത്തിന്റെ മൃദുസ്പര്‍ശത്തില്‍ അവളുടെ ഹൃദയം ആര്‍ദ്രമായി. അവള്‍ കുഞ്ഞിന്റെ നെറ്റിയില്‍ മൃദുവായി ഉമ്മവെച്ചു. 'എപ്പോഴെങ്കിലും ആശുപത്രിയില്‍ വരുമ്പോള്‍ ഇങ്ങോട്ട് വരാം'. അവള്‍ മുറ്റത്തേക്കിറങ്ങി കുഞ്ഞിന് നേരെ കൈവീശി. അബ്ദുല്‍ അസീസ് ഗേറ്റുവരെ അവളെ അനുഗമിച്ചു.
നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. അവള്‍ നിറുത്തിയിട്ട ഒരു ഓട്ടോയില്‍ കയറിയിരുന്ന് ഇറങ്ങാനുള്ള സ്ഥലം പറഞ്ഞു. റോഡില്‍ ബ്ലോക്കൊന്നുമില്ലാതെ വീടെത്തിയപ്പോള്‍ അവള്‍ ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു. ഓട്ടോക്കാരന് പൈസ കൊടുത്ത് ധൃതിയില്‍ വീട്ടിലേക്ക് നടക്കുമ്പോള്‍ കണ്ടു. മകന്റെ ഭാര്യ വരാന്തയിലിറങ്ങി നില്‍ക്കുന്നു.
'ഞാന്‍ കുറേ കാത്തു. ഇന്ന് അമ്പലത്തില്‍ സംക്രമത്തിന്റെ വെള്ളാട്ടമായിരുന്നല്ലൊ. ഞാന്‍ രാധേടത്തിയുടെ കൂടെ പോയി. മുത്തപ്പന്‍ എന്റെ കൈപിടിച്ചനുഗ്രഹിച്ചു'. ദൈവസ്പര്‍ശത്താല്‍ സന്തോഷവതിയായ മകന്റെ ഭാര്യ പറഞ്ഞു.
ഒരു പരിചയവുമില്ലാത്ത തന്നെ ആരും പറയാതെ ആ കുഞ്ഞ് സ്‌നേഹത്തോടെ ഉമ്മവെച്ചതിന്റെ പൊരുളറിയാതെ ദു:ഖവും ക്ഷീണവും മറന്ന് ആഹ്ലാദവും ആശ്ചര്യവും നിറഞ്ഞ മനസ്സോടെ അവള്‍ കസേരയിലിരുന്നു. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.