സമൂഹത്തിന്റെ പരിച്ഛേദം ഇന്ന് ഇന്റര്‍നെറ്റ് ഇടങ്ങളില്‍ എത്തിക്കഴിഞ്ഞു. സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങളില്‍ ചിലര്‍ കാര്യമായി വ്യാപൃതരാകുന്നു, മറ്റ് ചിലര്‍ക്ക് പൂര്‍ണ സമയ ഓഫീസ് ഇടപാടുകള്‍ക്ക് ഈ വിശ്വ വ്യാപനം തന്നെ ധാരാളം. ഇത് രണ്ടിനോടും മമത ഇല്ലാത്തവര്‍ക്കും ഇന്റര്‍നെറ്റ് ഒഴിവാക്കാനാകില്ല കാരണം മറ്റൊന്നുമല്ല ദൈനംദിന ജീവിതത്തിലെ സമസ്ത
സമൂഹത്തിന്റെ പരിച്ഛേദം ഇന്ന് ഇന്റര്‍നെറ്റ് ഇടങ്ങളില്‍ എത്തിക്കഴിഞ്ഞു. സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങളില്‍ ചിലര്‍ കാര്യമായി വ്യാപൃതരാകുന്നു, മറ്റ് ചിലര്‍ക്ക് പൂര്‍ണ സമയ ഓഫീസ് ഇടപാടുകള്‍ക്ക് ഈ വിശ്വ വ്യാപനം തന്നെ ധാരാളം. ഇത് രണ്ടിനോടും മമത ഇല്ലാത്തവര്‍ക്കും ഇന്റര്‍നെറ്റ് ഒഴിവാക്കാനാകില്ല കാരണം മറ്റൊന്നുമല്ല ദൈനംദിന ജീവിതത്തിലെ സമസ്ത കൊടുക്കല്‍ വാങ്ങലുകള്‍ക്ക് ഇന്ന് ഡിജിറ്റല്‍ രൂപാന്തരം സംഭവിച്ച് കഴിഞ്ഞു. ബാങ്ക് തന്നെ ഉദാഹരണമായി എടുക്കാം. എ.ടി.എം, മൊബൈല്‍ ബാങ്കിംഗ് മുതല്‍ ൗുശ ആപ്പ് വരെ എത്തി നില്‍ക്കുന്നു. എന്തിനധികം ഒരു സെല്‍ഫി എടുത്ത് അയച്ചാല്‍ തല്‍ക്ഷണം അക്കൗണ്ട് നമ്പരും ബാങ്ക് ശാഖാ വിവരങ്ങളും എത്തുന്ന തരത്തില്‍ പൂര്‍ണമായ മൊബൈല്‍ വരിക്കല്‍ ഇന്ത്യന്‍ ബാങ്കുകളില്‍ നടന്ന് കഴിഞ്ഞു.
അതുപോലെ തന്നെയാണ് സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങളുടെ ജനകീയതയും. ഒരോ വിഷയത്തെ പറ്റിയും പല വീക്ഷണ കോണുകളില്‍ നിന്നുള്ള അഭിപ്രായ പടര്‍ച്ചയുടെ അഥവാ വിവര പെരുക്കത്തിന്റെ കാലത്താണ് നാമിന്ന് ജീവിക്കുന്നത്. സ്വകാര്യ നിമിഷങ്ങള്‍ മുതല്‍ ഗൗരവമായ സാമൂഹിക പ്രശ്‌നങ്ങളില്‍ വരെ ലളിതമായ കമന്റ് മുതല്‍ സങ്കീര്‍ണമായ അഭിപ്രായങ്ങള്‍ വരെ നമുക്ക് കാണാം. ബ്ലോഗ് കാലത്ത് നിന്ന് ഫേസ്ബുക്ക് കാലത്തേക്ക് എത്തുമ്പോള്‍ ഒപ്പം തന്നെ ഇതുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളും ചതിക്കുഴികളും ധാരാളം. ഏതൊന്നിനും ഉപയോഗ മൂല്യം ഉണ്ടായിരിക്കുന്നത് പോലെ തന്നെ ദുരുപയോഗവും ഉണ്ട്. ഡിജിറ്റല്‍ ലോകത്ത് അങ്ങനെയുള്ള ചതികള്‍ കുറച്ചധികം ആണോ എന്ന് സന്ദേഹിക്കുന്നവരും കുറവല്ല.
തട്ടിപ്പുകള്‍ പല വഴിയാണ.് ബാങ്ക് അക്കൗണ്ട് ആണെങ്കില്‍ ധനനഷ്ടം, ചിത്രം വെട്ടിയൊട്ടിച്ച് ഫേസ്ബുക്കിലും വാട്ട്‌സ് ആപ്പിലും അവഹേളിക്കുന്നത് ആയാല്‍ മാനനഷ്ടവും. ഇതിനെ ഒക്കെ പ്രതിരോധിക്കാന്‍ ശക്തമായ നിയമ സംവിധാനം മതിയായ അളവില്‍ ഉണ്ടെങ്കിലും നമ്മുടെ സാമൂഹിക ഘടനയില്‍ ഒരുപക്ഷെ നഷ്ടം ഇതില്‍ പരിക്ക് പറ്റുന്നവര്‍ക്ക് തന്നെ ആകും. സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങളില്‍ വിവരം പങ്കുവെക്കുമ്പോള്‍, അത് സ്വകാര്യമായത് ആകാം. ഉറ്റവരുമായുള്ള അസുലഭ നിമിഷത്തിന്റെ ചിത്രങ്ങള്‍ ആകാം. എന്ത്, എവിടെ ആരോടൊക്കെ ആയി കൈമാറണം, പങ്ക് വെക്കണം എന്നത് കരുതലോടെ തീരുമാനിക്കുക. ആരുമായും ഒന്നും പങ്ക് വെക്കാതെ വല്ലാതെ ഭയപ്പെട്ട് ജീവിച്ചിട്ട് കാര്യമില്ല, ഒരു കരുതല്‍ ഉണ്ടാകണമെന്ന് മാത്രം. നാം പങ്ക് വെക്കുന്ന വിവരവും ചിത്രവും ഒക്കെ നമ്മുടെ സുഹൃത്തിനു അനവധിപേരുമായി പങ്കുവെക്കാം അല്ലെങ്കില്‍ ഫോര്‍വേഡ് ചെയ്യാം എന്ന് കൂടി അറിഞ്ഞ് കൊണ്ട്, എന്തൊക്കെ എവിടെ വരെ എന്ന് സ്വയം തീരുമാനമെടുക്കുക.
നമ്മളുമായി ബന്ധപ്പെട്ട നിയമപരമായതോ നിര്‍ണായകമായതോ ആയ വിവരങ്ങള്‍ പബ്ലിക് ഡൊമൈനില്‍ പങ്കുവെക്കുന്നത് വളരെയധികം റിസ്‌ക് ഉള്ള ഏര്‍പാട് ആണ്. ഉദാഹരണത്തിന് പാസ്‌പോര്‍ട്ടിന്റെയോ ഡ്രൈവിങ്ങ് ലൈസന്‍സിന്റെയോ പടം ഒരുപക്ഷെ അത് കിട്ടിയ/പുതുക്കിയ സന്തോഷം പത്ത് പേരെ അറിയിക്കാന്‍ ഉടന്‍ തന്നെ മൊബൈലില്‍ ഫോട്ടോ ആയി എടുത്ത് ഫേസ്ബുക്കിലോ ഇന്‍സ്റ്റാഗ്രാമിലോ ഇടും. ഇത് കാണുന്ന ഒരു കുബുദ്ധിക്ക് പെട്ടെന്ന് തന്നെ അത് ഡൗണ്‍ലോഡ് ചെയ്ത് എന്തൊക്കെ തരത്തില്‍ ദുരുപയോഗം ചെയ്യാം. ഒരു സാധ്യത മാത്രം പറയാം, അയാള്‍ നിങ്ങളുടെ മൊബൈല്‍ സിം കളഞ്ഞ് പോയി എന്ന വ്യാജേന ഈ തിരിച്ചറിയല്‍ രേഖയുടേയും ഒരു ഫോട്ടോയുടെയും പിന്‍ബലത്തില്‍ കാര്യം കൂളായി സാധിച്ചെടുക്കും. ഓഹ,് അതെങ്ങനെ എന്നാകും ചിന്തിക്കുന്നത്? ഈ തിരിച്ചറിയല്‍ കാര്‍ഡില്‍ നിങ്ങളുടെ ഫോട്ടോയും ഒപ്പും ഉണ്ട്. ഇനി അഥവാ ഫോട്ടോ അത്ര പോരാ എങ്കില്‍ ഒന്ന് നിങ്ങളുടെ ഫേസ്ബുക്കില്‍ തെരഞ്ഞാല്‍ നിങ്ങള്‍ തന്നെ ഒന്നാം തരം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ നല്ല വ്യക്തതയില്‍ എടുത്ത് ഇട്ടിട്ടുണ്ടാകും. പിന്നെ ജനനതീയതി ആയാലും മാതാപിതാക്കളുടെ പേര് തന്നെ ആയാലും ഒന്ന് ശ്രമിച്ചാല്‍ എളുപ്പം തപ്പി എടുക്കാം. ചുരുക്കത്തില്‍ ഒന്ന് കരുതേണ്ടതുണ്ട്. എന്ന് വെച്ച് വ്യക്തിയുടെ ചിത്രം ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രമായി ഇടാന്‍ ഭയപ്പെടേണ്ട ആവശ്യമില്ല, പലപ്പോഴും സ്‌കൂളിലും എന്തിനധികം എല്‍.കെ.ജിയില്‍ കൂടെ പഠിച്ചവര്‍ ഒക്കെ നമ്മെ തിരിച്ചറിഞ്ഞ് കൂട്ടുകൂടാന്‍ ചിത്രം അനിവാര്യം തന്നെ. എന്നാല്‍ തിരിച്ചറിയല്‍ കാര്‍ഡൊക്കെ ഇടുന്നത് ഒരു തരത്തിലും നന്നല്ല എന്ന് ഇനിയും പറയേണ്ടതില്ലല്ലോ.
അടുത്ത പ്രധാന പ്രശ്‌നം എ.ടി.എം പിന്‍, ഇ മെയില്‍ / ഫേസ്ബുക്ക് പാസ്‌വേഡ് ആണ്. ഊഹിക്കാന്‍ എളുപ്പമുള്ള അടയാളവാക്ക് തെരഞ്ഞെടുക്കാതിരിക്കുക. ജനിച്ച വര്‍ഷം എ. ടി. എം പിന്‍ ആയി തെരഞ്ഞെടുത്ത വ്യക്തിയുടെ കാര്‍ഡ് കൈമോശം വരികയോ മോഷ്ടിക്കുകയോ ചെയ്താലോ. പിന്നെ പെട്ടെന്ന് തന്നെ ഒന്ന് ഗൂഗിളില്‍ തെരഞ്ഞാല്‍ അല്ലെങ്കില്‍ ഫേസ്ബുക്കില്‍ തെരഞ്ഞാല്‍ ജനന വര്‍ഷം കിട്ടാന്‍ ആണോ പ്രയാസം. മോഷ്ടാവ് ആദ്യം തെരയുന്നത് ജന്മവര്‍ഷമായിരിക്കും. ഭാര്യ/ഭര്‍ത്താവ്/മക്കളുടെ ഒക്കെ ജന്മവര്‍ഷവും പിന്‍ ആയി തെരഞ്ഞെടുക്കേണ്ട. അതുപോലെ എ.ടി.എം കവറിന് മുകളില്‍ പിന്‍ എഴുതിയിടുന്നത് ഒരു തരത്തിലും ചെയ്യരുത്. കളഞ്ഞ് പോയാലോ കൈക്കലാക്കിയാലോ ഒപ്പം തന്നെ പിന്‍ ഉള്‍പ്പെടെ ലഭിക്കും എന്ന് ഓര്‍ക്കുക. ഇമെയില്‍ / സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പാസ്‌വേഡും കരുതലോടെ തെരഞ്ഞെടുക്കുക. india123‑, god12345‑, qwetry, kerala,12345,name,place ഒക്കെ ദുര്‍ബല പാസ്‌വേഡുകള്‍ ആണ്. എന്ന് വെച്ചാല്‍ ഊഹിക്കാന്‍ എത്രയെളുപ്പം.
ഇപ്പോള്‍ ബാങ്ക് അക്കൗണ്ട്, ഇമെയില്‍, ഫേസ്ബുക്ക് ഒക്കെ നിങ്ങളുടെ വ്യക്തിഗത മൊബൈല്‍ നമ്പര്‍ ആവശ്യപ്പെടുന്നത് കൂടുതല്‍ സുരക്ഷ നല്‍കാന്‍ ആണ്. അഥവാ ഒരു കുബുദ്ധി അക്കൗണ്ട് പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചാലോ പാസ്‌വേഡില്‍ കളിച്ചാലോ നമുക്ക് എസ.് എം. എസ് എത്തും. നമുക്ക് തന്നെ പാസ്‌വേഡ് മാറ്റേണ്ടി വന്നാല്‍ പോലും ഈ മൊബൈലില്‍ കൂടി ഉറപ്പ് വരുത്തിയ ശേഷം ആകും പുതിയ അടയാളവാക്കിട്ട് പൂട്ടാന്‍ അനുവദിക്കുന്നത്. അതുകൊണ്ട് ഒരു കാര്യം കൂടി ഉറപ്പാക്കുക. മൊബൈല്‍ നമ്പര്‍ മാറ്റുന്ന ശീലം ഉണ്ടെങ്കില്‍ അഥവാ നമ്പര്‍ മാറ്റം അനിവാര്യം ആയി വന്നെങ്കില്‍ എവിടെ ഒക്കെ ആണോ പഴയ നമ്പര്‍ കൊടുത്തത് അവിടെയെല്ലാം പുതിയ മൊബൈല്‍ നമ്പര്‍ നല്‍കി പുതുക്കുക.
ഡിജിറ്റല്‍ നടവഴികള്‍ സുരക്ഷിതമാകണം; ഒപ്പം തന്നെ അത് മലിനമാകാതെ സൂക്ഷിക്കണം. അപകീര്‍ത്തി, ദേശവിരുദ്ധത, മതസ്പര്‍ധ, വര്‍ണവെറി ഒക്കെ ഉണ്ടാക്കുന്ന പോസ്റ്റെഴുത്ത്, ചിത്രവധം ഒക്കെ കണ്ടാല്‍ അത് അതാത് സേവനദാതാവിന്റെ ശ്രദ്ധയില്‍ പെടുത്താം, നമ്മുടെ സ്വകാര്യതയിലേക്ക് കടന്നാല്‍ പൊലീസിന്റെ സൈബര്‍ സെല്ലിനെയും സമീപിക്കാം. ബാങ്ക് അക്കൗണ്ടില്‍ സംശയകരമായ ഇടപാട് തോന്നിയാല്‍ അപ്പോള്‍ തന്നെ ബാങ്കിനെ ബന്ധപ്പെട്ട് കാര്‍ഡ് / ഇന്റര്‍നെറ്റ് ബാങ്കിംഗ് മരവിപ്പിച്ച് നിര്‍ത്തിയ ശേഷം, പുതിയ കാര്‍ഡെടുത്തോ അല്ലെങ്കില്‍ പാസ്‌വേഡ് സുരക്ഷിതമായി മാറ്റിയ ശേഷമോ ഇടപാട് തുടരാം.
ഇന്റര്‍നെറ്റിനോടും മൊബൈല്‍ ഫോണിനോടും അകാരണമായ ഭീതി വേണ്ട, എന്നുവെച്ച് അതിന് അടിമപ്പെടുകയും വേണ്ട. സുരക്ഷിതമായ തരത്തില്‍ ഉപയോഗിക്കേണ്ടത് അനിവാര്യം തന്നെ. ഇതില്ലാതെ ഇന്നത്തെ ലോകത്തെ പല ഇടപാടുകളും ദുഷ്‌കരമാണ് എന്നതിനാല്‍ നമുക്ക് സുരക്ഷിതമായ, സ്വകാര്യതയെ അങ്ങേയറ്റം മാനിക്കുന്ന ഒരു സൈബര്‍ സ്വഭാവത്തെ പുല്‍കാം.
(യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ നോഡല്‍ റീജിയണല്‍ ഓഫീസില്‍ സീനിയര്‍ മാനേജര്‍ (ടെക്‌നിക്കല്‍) ആണ് ലേഖകന്‍.