പോരാട്ടത്തിൽ നിന്നുയർന്ന പെൺകരുത്ത്
നസീര്‍ ആലിയാര്
November 2022
കെ റെയില്‍ എന്ന സര്‍ക്കാര്‍ പദ്ധതിയോടുള്ള
ജനങ്ങളുടെ എതിര് ശബ്ദങ്ങളാണ് മാരിയ അബു എന്ന നാട്ടിന് പുറത്തുകാരി വീട്ടമ്മയെ സമര
പോരാളിയായിയാക്കിയത്.
വ്യവസ്ഥിതിയുടെ ജനവിരുദ്ധതകളില്‍നിന്ന് ചിലപ്പോൾ ചില വ്യക്തിത്വങ്ങള്‍ സമൂഹ മണ്ഡലങ്ങളില്‍ ഒരു രജത രേഖ പോലെ തെളിഞ്ഞുവരും. അത്തരത്തിലുള്ള ഒരാളാണ് ആലുവക്കടുത്ത ഒരു ഗ്രാമത്തിലെ സാധാരണ വീട്ടമ്മയായി സ്വന്തം വീടിന്റെ മതില്‍കെട്ടിനുള്ളിലും അടുക്കളയിലും കഴിഞ്ഞുകൂടിയിരുന്ന മാരിയ അബു. വ്യവസ്ഥിതിയുടെ മനുഷ്യ വിരുദ്ധതയില്‍നിന്നും സ്ത്രീ വിരുദ്ധതയില്‍ നിന്നും അറിയാതെ ഉയര്‍ന്നുപൊങ്ങിയ സ്ത്രീ സാന്നിധ്യമായിരുന്നു മാരിയ.
കെ റെയില്‍ എന്ന സര്‍ക്കാര്‍ പദ്ധതിയോടുള്ള ജനങ്ങളുടെ എതിര് ശബ്ദങ്ങളാണ് മാരിയ അബു എന്ന നാട്ടിന് പുറത്തുകാരിയായ വീട്ടമ്മയെ സമര പോരാളിയാക്കിയത്. തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള, അനേകര്‍ കുടിയൊഴിയേണ്ടി വന്നേക്കാവുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയിടങ്ങളിലെങ്കിലും അറിയപ്പെടുന്ന സ്ത്രീശബ്ദമായി അവര്‍ മാറി.
ഏറെ സ്വപ്നം കണ്ട് പണിതുയര്‍ത്തിയ ആലുവ കുട്ടമശ്ശേരിയിലെ സ്വന്തം വീടും സ്ഥലവും കെ റെയിലിനു വേണ്ടി നഷ്ടമാകുമെന്ന ആധി മാത്രമല്ല, സമര ഭൂമിയിലേക്ക് മാരിയയെ കൊണ്ടെത്തിച്ചത്. ചുറ്റുവട്ടത്തെ, മൂന്ന് സെന്റിലും ഒന്നര സെന്റിലും കഴിയുന്ന സാധുക്കളായ വീട്ടമ്മമാരുടെ കണ്ണുകളിലെ ദൈന്യതയും നിസ്സഹായതയുമായിരുന്നു മാരിയയിലെ പോരാളിയെ ഉണര്‍ത്തിയത്. അയല്പക്കത്തെ സുലോചനയുടെ പുതുതായി പണികഴിപ്പിച്ച വീട്. അതിന്റെ പാലു കാച്ചല് ചടങ്ങിനായി തന്നെ ക്ഷണിച്ച സുലോചന രണ്ടു നാള് കഴിഞ്ഞു നിറകണ്ണുമായി വീണ്ടും വന്നു മാരിയയെ കാണുന്നു: 'പുതിയ വീട്ടില്‍ ഞങ്ങള്‍ക്ക് താമസിക്കാന്‍ വിധിയുണ്ടെന്നു തോന്നുന്നില്ല. അധികൃതര്‍ വീട്ടു വളപ്പില്‍ സര്‍വേ കല്ല് നാട്ടിയിരിക്കുന്നു...' ഇനിമേല്‍ സുലോചനയുടെ വീടല്ല അത്. സര്‍ക്കാര്‍ വിലാസം താല്‍ക്കാലിക ഇടം മാത്രം. നിസ്സഹായയായ അവരുടെ ആ വാക്കുകള്‍ മാരിയയിലെ പോരാളിയെ രൂപപ്പെടുത്തുകയായിരുന്നു.
പ്രക്ഷോഭ വീഥികളിലേക്ക് ഒരു നിമിത്തം പോലെ ഇറങ്ങിയ മാരിയ, സില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ചും അതിന്റെ ഡി.പി.ആറും (Detailed Project Report) കെ റെയിലിനെക്കാള്‍ വേഗത്തില്‍ പഠിച്ചു; അതുയര്‍ത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ സംബന്ധിച്ചും. സാധാരണ വിദ്യാഭ്യാസം മാത്രമുള്ള മാരിയ തനിക്ക് എത്തിപ്പിടിക്കാന്‍ പോന്നത്ര പത്ര മാസികകളുടെയും റിപ്പോര്‍ട്ടുകളുടെയും പിറകെ അന്വേഷണ വ്യഗ്രതയോടെ സഞ്ചരിച്ചു. കേരളത്തിലെ വ്യത്യസ്ത സമര മുഖങ്ങള്‍, ഭൂപ്രക്ഷോഭകാരികള്, വികസനമെന്ന പേരില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ അവരെയെല്ലാം നേരില്‍ കാണുകയും അവരുടെ വേദനകള്‍ തന്നോട് ചേര്‍ത്തുപിടിക്കുകയും ചെയ്തു. അവര്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ സാധിച്ചാല്‍ അതൊരു സത്കര്മമാകുമെന്നും ഉറച്ചു വിശ്വസിച്ചു. പോരാട്ട വഴിയിലെ സാന്നിധ്യമായി മാറിയതങ്ങനെയാണ്. ആര്‍ജിച്ചെടുത്ത വിവരങ്ങളും നിരീക്ഷണങ്ങളും പൊതുമണ്ഡലങ്ങളില്‍ വളരെ ലളിതവും സത്യസന്ധവുമായ ഭാഷയിലും ശൈലിയിലും ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാന്‍ സാധിക്കുന്നതുകൊണ്ട് സില്‍വര്‍ ലൈന്‍ വിഷയവുമായി ബന്ധപ്പെട്ട മുഖ്യധാരാ ചാനല്‍ ചര്‍ച്ചകളില്‍ മാരിയ നിറ സാന്നിധ്യവുമാണ്.
l