കേരളത്തിന്റെ പ്രബുദ്ധമായ സാമൂഹിക പരിസരം രൂപപ്പെട്ട് വന്നത് നവോത്ഥാന മൂല്യങ്ങളിലൂന്നിയ സംസ്‌കരണ പ്രവര്‍ത്തനങ്ങളിലൂടെയാണ്. അന്ധവിശ്വാസ- അനാചാരങ്ങളും തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ പോലുള്ള സാമൂഹിക ദുരാചാരങ്ങളും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ഇല്ലാതാക്കാന്‍ അതതു സമുദായ പരിഷ്‌കര്‍ത്താക്കള്‍ കഠിന പരിശ്രമങ്ങളാണ് നടത്തിയത്. മതനവീകരണത്തിലും നവോത്ഥാനത്തിലും ഊന്നിയ, സാമൂഹിക ബോധമുള്ള രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു കേരളത്തിന്റേത്. 'ശാസ്ത്രബോധത്തിലൂന്നിയ സാമൂഹിക ബോധം' എന്ന ഭരണഘടനാ ബാധ്യത ഏറക്കുറെ അതുമൂലം സാധ്യമായി.
പക്ഷേ, ഊക്കോടെ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും തുടര്‍ച്ചയുണ്ടായില്ല. നവോത്ഥാന മൂല്യങ്ങളെ പരിഹാസ്യമാക്കും വിധം ദുരാചാരങ്ങള്‍ വാര്‍ത്തകളായി. ജാതീയത മൂത്ത മാനംകാക്കല്‍ കൊലകളും ദുര്‍മന്ത്രവാദ പേക്കൂത്തുകളും പരിസരം മലിനമാക്കുമ്പോഴും വേണ്ടത്ര ജാഗ്രതയുണ്ടായില്ല. വിദ്യാഭ്യാസ-തൊഴില്‍ മേഖലകളിൽ ഏറെ മുന്നില്‍ നില്‍ക്കുന്നവരടക്കം ഇക്കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ നാണിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമായ നരബലിയും. പത്തനം തിട്ടയിലെ ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ നരബലി നല്‍കിയത് ജീവിതത്തില്‍ സമൃദ്ധിയുണ്ടാകാനാണത്രെ!
ആഭിചാരവും ദുര്‍മന്ത്രവാദവും ദൈവം പൊറുക്കാത്ത പാപമാണ്. അതൊരു അറിവു കേടല്ല, ദൈവ ധിക്കാരമാണ്. പക്ഷേ, വരവുവെക്കപ്പെടുന്നത് പലപ്പോഴും മതത്തിലേക്കാണ്. മറുവശത്ത്, പുരോഗമനത്തിന്റെ പേരിൽ ആനയിക്കപ്പെടുന്ന മദ്യ-മയക്കുമരുന്നുകളിലും ലഹരിയോളം പോന്ന ഓണ്‍ലൈന്‍ ഗെയിമുകളിലും മുഴുകി പ്രായഭേദമന്യേയുള്ളവര്‍ പണവും ജീവിതവും നശിപ്പിക്കുകയാണ്. വിദ്യാഭ്യാസ-സാമ്പത്തിക മേഖലകളിലെ ഉണർവും മികവുമൊന്നും സാമൂഹികമായ ഉണര്‍വിലേക്കല്ല, അധഃപതനത്തിലേക്കാണ് കൊണ്ടെത്തിക്കുന്നത്.
വിശ്വാസി സമൂഹത്തിന്റെ ബാധ്യത ഏറുകയാണ്. അന്ധവിശ്വാസത്തിന്റെ പേരിലും പുരോഗമനത്തിന്റെ പേരിലും സമൂഹം നശിക്കുമ്പോള്‍ പ്രവാചകന്മാരുടെ നിയോഗലക്ഷ്യം പൂര്‍ത്തീകരിക്കേണ്ടവരാണെന്ന ബോധ്യത്തോടെ അത്തരം വ്യവസ്ഥിതികള്‍ക്കെതിരായുള്ള പോരാട്ടം ഏറ്റെടുക്കേണ്ട സമയമാണിത്.