രണ്ട് ശരീരം, ഒരു ജീവിതം
ശൈഖ് മുഹമ്മദ് കാരകുന്ന്
November 2022
ദാമ്പത്യം കരുത്തുറ്റതാക്കുന്നതിലും ദുര്‍ബലമാക്കുന്നതിലും ശാരീരികബന്ധത്തിന്
അനിഷേധ്യമായ പങ്കുണ്ട്
'നോമ്പിന്റെ രാവില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള ലൈംഗിക ബന്ധം നിങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നു. അവര്‍ നിങ്ങള്‍ക്കുള്ള വസ്ത്രമാണ്; നിങ്ങള്‍ അവര്‍ക്കുള്ള വസ്ത്രവും.'(ഖുര്‍ആന്‍ 2:187)
ഇസ്ലാമിലെ നാല് നിര്‍ബന്ധ ആരാധനാ കര്‍മങ്ങളിലൊന്നായ റമദാനിലെ വ്രതാനുഷ്ഠാനവുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളുടെ ചര്‍ച്ചകള്‍ക്കിടയിലാണ് വിശുദ്ധ ഖുര്‍ആന്‍ ദമ്പതികള്‍ക്കിടയിലെ ലൈംഗിക ബന്ധം പരാമര്‍ശിക്കുന്നത്. ഇസ്ലാം അതിന് നല്‍കുന്ന പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നത്. രതി ബന്ധത്തെ ഇസ്ലാം പാപമായി കാണുന്നില്ലെന്ന് മാത്രമല്ല, ഏറെ പുണ്യകരമായ സല്‍ക്കര്‍മമായും പരിഗണിക്കുന്നു. പ്രവാചകന്‍ പറഞ്ഞു: 'ജീവിത പങ്കാളിയുമായി രതി ബന്ധത്തിലേര്‍പ്പെടുന്നതില്‍ നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്.' അപ്പോള്‍ അദ്ദേഹത്തിന്റെ അനുചരന്മാര്‍ ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, ഞങ്ങളിലൊരാള്‍ തന്റെ ലൈംഗികവികാരം പൂര്‍ത്തീകരിക്കുകയും എന്നിട്ട് അതിന്റെ പേരില്‍ പ്രതിഫലം ലഭിക്കുകയും ചെയ്യുകയോ?' അവിടുന്ന് അരുള്‍ ചെയ്തു: 'നിഷിദ്ധമായ മാര്‍ഗത്തിലൂടെയാണ് അയാളത് ശമിപ്പിക്കുന്നതെങ്കില്‍ അയാള്‍ക്ക് ശിക്ഷ ഉണ്ടാവുകയില്ലേ?..... അപ്രകാരം തന്നെ അനുവദനീയമായ മാര്‍ഗത്തിലൂടെ അത് പൂര്‍ത്തീകരിക്കുമ്പോള്‍ പ്രതിഫലവും ലഭിക്കുന്നതാണ്.' (മുസ്ലിം)
വിശപ്പും ദാഹവും പോലെ മനുഷ്യന്റെ മൗലികമായ വികാരമാണ് ലൈംഗികത. അനുവദനീയമായ മാര്‍ഗത്തില്‍ അത് പൂര്‍ത്തീകരിക്കാനുള്ള മാര്‍ഗമാണ് ദാമ്പത്യം. വിവാഹം അതിനു വഴിയൊരുക്കുന്നു. അതിനാലാണ് പ്രവാചകന്‍ അതിനെ ദീനിന്റെ പാതിയായും മൂന്നില്‍ രണ്ടായും വിശേഷിപ്പിച്ചത്. ഇസ്ലാം വിവാഹ ബാഹ്യമായ എല്ലാ ലൈംഗിക ബന്ധങ്ങളും കര്‍ക്കശമായി വിലക്കിയിരിക്കുന്നു; കൊടിയ കുറ്റമായി പ്രഖ്യാപിച്ചിരിക്കുന്നു.
അതുകൊണ്ടുതന്നെ വൈവാഹിക ജീവിതത്തില്‍ രതി ബന്ധത്തിന് വമ്പിച്ച പ്രാധാന്യമുണ്ട്. ദാമ്പത്യ ജീവിതം ഭദ്രവും സന്തുഷ്ടവും വിജയകരവുമാക്കുന്നതില്‍ ലൈംഗിക സംതൃപ്തിക്ക് അനല്‍പമായ പങ്കുണ്ട്. ദാമ്പത്യം കരുത്തുറ്റതാക്കുന്നതിലും ദുര്‍ബലമാക്കുന്നതിലും അത് അനിഷേധ്യമായ പങ്കുവഹിക്കുന്നു.
പരസ്പര പ്രേമവും പൊരുത്തവുമുള്ള ജീവിതപങ്കാളികള്‍ക്കിടയിലെ സ്വതന്ത്രവും സ്വാഭാവികവും ആനന്ദപ്രദവും നിര്‍വൃതി ദായകവുമായ സ്‌നേഹപ്രകടനമാണ് ലൈംഗിക വേഴ്ച. ഇണയെ പരമാവധി പുളകം കൊള്ളിക്കാനുള്ള ആഗ്രഹവും കൂട്ടാളിയുടെ സുഖത്തിന് വേണ്ടി സര്‍വതും സമര്‍പ്പിക്കാനുള്ള സന്നദ്ധതയുമായിരിക്കും അതില്‍ മുന്നിട്ടുനില്‍ക്കുക. പ്രണയബദ്ധരായി അന്യോന്യം അലിഞ്ഞുചേരുന്ന ദമ്പതികള്‍ക്കിടയിലെ അനിര്‍വചനീയവും നിര്‍ലോഭവും നിസ്സീമവുമായ സ്‌നേഹത്തിന്റെ നിഷ്‌കളങ്കവും നിര്‍മലവുമായ പ്രകാശനം കൂടിയാണത്. 'പരസ്പരം അലിഞ്ഞും ലയിച്ചും ചേര്‍ന്നവരെന്ന്'വിശുദ്ധ ഖുര്‍ആന്‍ ദമ്പതികളെ വിശേഷിപ്പിച്ചത് അതിനാലാണ് (4:21).
രതി ബന്ധം ആഹ്ലാദഭരിതവും ആനന്ദകരവുമാക്കാന്‍ ആവശ്യമായ നിരവധി നിര്‍ദേശങ്ങള്‍ നബി തിരുമേനി നല്‍കിയിരിക്കുന്നു. ജീവിതപങ്കാളിയുടെ ലൈംഗികാവശ്യങ്ങള്‍ ഉദാരപൂര്‍വം പൂര്‍ത്തീകരിക്കണമെന്നത് അവയില്‍ അതിപ്രധാനമാണ്. അതിന് ആവശ്യമെങ്കില്‍ ഐഛികമായ ആരാധനാകര്‍മങ്ങള്‍ പോലും ഉപേക്ഷിക്കാവുന്നതാണ്. എന്നല്ല, ഉപേക്ഷിക്കേണ്ടതാണ്. ഒരിക്കല്‍ ഉസ്മാനുബ്‌നു മള്ഊന്റെ ഭാര്യ ഹൗലാഅ് പ്രവാചക പത്‌നി ആഇശയുടെ അടുത്ത് വന്നു. അപ്പോഴവിടെ വേറെയും സ്ത്രീകളുണ്ടായിരുന്നു. ഹൗലാഇന്റെ വേഷം വിഷാദം വിളിച്ചറിയിക്കും വിധം വളരെ ശോചനീയമായിരുന്നു. അവര്‍ കണ്ണെഴുതിയിട്ടില്ല. മുടി ചീകിയിട്ടില്ല. സുഗന്ധം പൂശിയിട്ടില്ല. അപ്പോള്‍ ആഇശ ചോദിച്ചു: 'ഹൗലാ, എന്താണിപ്പോള്‍ ഇങ്ങനെ?'
അവര്‍ പറഞ്ഞു: 'എന്തിന് മുടി ചീകണം? സുഗന്ധം പൂശണം? അദ്ദേഹം എന്നെ സ്പര്‍ശിച്ചിട്ട് നാളുകള്‍ എത്രയായി!' ഇതുകേട്ട് ആഇശയും കൂട്ടുകാരികളും പൊട്ടിച്ചിരിച്ചു. അപ്പോഴാണ് പ്രവാചകന്‍ അവിടെയെത്തിയത്. അവിടുന്ന് ചിരിയുടെ കാരണം തിരക്കി. ആഇശ സംഭവിച്ചതെല്ലാം പ്രവാചകന് വിശദീകരിച്ച് കൊടുത്തു. ഉടനെ പ്രവാചകന്‍ ഹൗലാഇന്റെ ഭര്‍ത്താവ് ഉസ്മാനെ വിളിച്ചുവരുത്തി. തുടര്‍ന്ന് വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു. അദ്ദേഹം പറഞ്ഞു: 'അല്ലാഹുവെ അധികമധികം ആരാധിക്കാനായി ഞാനത് ഉപേക്ഷിച്ചിരിക്കുന്നു.' ഉടനെ പ്രവാചകന്‍ പറഞ്ഞു: ഞാന്‍ സത്യം ചെയ്ത് പറയുന്നു: 'വേഗം പോയി ഭാര്യയോടൊന്നിച്ച് ശയിക്കണം.' ഉസ്മാനുബ്‌നു മള്ഊ ന്‍ പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, എനിക്ക് നോമ്പാണല്ലോ.'
'നോമ്പ് മുറിക്കുക തന്നെ' നബി തിരുമേനി നിര്‍ദേശിച്ചു. അദ്ദേഹം അതനുസരിച്ച് പ്രവര്‍ത്തിച്ചു. ഹൗലാഅ വീണ്ടും വന്നു. അവര്‍ മുടി ചീകുകയും കണ്ണെഴുതുകയും ചെയ്തിരുന്നു. ഹൗലാഅ് വളരെ സന്തോഷത്തോടെ ആഇശയോട് പറഞ്ഞു: 'അദ്ദേഹം ഇന്നലെ എന്നെ സമീപിച്ചു.' ഇത് കേട്ട് ആഇശ പുഞ്ചിരിച്ചു.
ജീവിതപങ്കാളിയുടെ അനുവാദമില്ലാതെ ഐഛിക നോമ്പെടുക്കരുതെന്ന് പ്രവാചകന്‍ സ്ത്രീകളോടും നിര്‍ദേശിച്ചിരുന്നു. ഇരുവര്‍ക്കും നിര്‍വൃതി ലഭിക്കുന്നതായിരിക്കണം രതിബന്ധം. സ്വന്തം ആവശ്യ പൂര്‍ത്തീകരണത്തോടെ ആരും അതിന് വിരാമമിടരുത്. പ്രവാചകന്‍ പറഞ്ഞു: 'നിങ്ങളില്‍ ഒരാള്‍ സ്ത്രീയുമായി ശയിക്കുമ്പോള്‍ അവള്‍ക്ക് കുറേ ദാനമായി നല്‍കണം. തന്റെ ആവശ്യം ആദ്യം പൂര്‍ത്തിയായാല്‍ പിന്നീട് ധൃതി കാണിക്കരുത്. അവളുടെ ആവശ്യം അവള്‍ക്കും പൂര്‍ത്തിയാവട്ടെ.'
മറ്റൊരിക്കല്‍ അദ്ദേഹം അരുള്‍ ചെയ്തു: 'നിങ്ങളിലാരെങ്കിലും തന്റെ ഇണയുമായി രതിബന്ധത്തിലേര്‍പ്പെടുകയാണെങ്കില്‍ പക്ഷികളെപ്പോലെയാകരുത്. സാവകാശം കാണിക്കുകയും ക്ഷമ പാലിക്കുകയും ചെയ്യുക.'
'നിങ്ങള്‍ ആരും തന്നെ കന്നുകാലികളെപ്പോലെ തന്റെ ജീവിതപങ്കാളിയെ പ്രാപിക്കരുത്. അവര്‍ക്കിടയില്‍ ഒരു ദൂതന്‍ ഉണ്ടാവട്ടെ.' 'ആരാണ് ഈ ദൂതനെന്ന് അന്വേഷിച്ചപ്പോള്‍ അവിടുന്ന് അരുള്‍ ചെയ്തു: 'ചുംബനവും സംസാരവുമാണത്.' (ദയ്‌ലമി)
'മൂന്നെണ്ണം മനുഷ്യന്റെ ദൗര്‍ബല്യങ്ങളില്‍ പെട്ടതാണ്. അതില്‍ മൂന്നാമത്തേത്, തന്റെ ഇണയെ സമീപിച്ച് സംസാരിക്കുകയും സല്ലപിക്കുകയും ചെയ്യുന്നതിനുമുമ്പ് അവളെ പ്രാപിക്കലാണ്.'
ആണ് പെണ്ണിന്റെയും പെണ്ണ് ആണിന്റെയും വസ്ത്രമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ദാമ്പത്യത്തെ ഇതിനെക്കാള്‍ മനോഹരമായി ആവിഷ്‌കരിക്കാന്‍ കഴിയുന്ന മറ്റൊരു ഉദാഹരണവും ആര്‍ക്കും കണ്ടെത്താന്‍ കഴിയില്ല.
മനുഷ്യ ശരീരത്തോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്നത് വസ്ത്രമാണ്. അത് ശരീരത്തിന്റെ വൈകല്യങ്ങള്‍ മറച്ചുവെക്കുന്നു. ചൂടില്‍ നിന്നും തണുപ്പില്‍ നിന്നും ചേറില്‍ നിന്നും ചളിയില്‍ നിന്നും പൊടിപടലങ്ങളില്‍ നിന്നും ശരീരത്തെ കാത്ത് രക്ഷിക്കുന്നു. വ്യക്തിത്വരൂപവത്കരണത്തില്‍ അനല്‍പമായ പങ്ക് വഹിക്കുന്നു. വസ്ത്രം വൃത്തിയുള്ളതാണെങ്കില്‍ മനസ്സ് സംതൃപ്തമാകുന്നു. മലിനമാണെങ്കില്‍ മനസ്സ് അസ്വസ്ഥമാകുന്നു. ഇതൊക്കെയും ദമ്പതികള്‍ക്കും ബാധകമാണ്. അവരിരുവരും എല്ലാ അര്‍ഥത്തിലും തലത്തിലും പരസ്പര പൂരകമാകണം. ദമ്പതികള്‍ എത്രത്തോളം പരസ്പരം ചേര്‍ന്നുനില്‍ക്കണമെന്ന് ഈ വിശുദ്ധ വാക്യം വ്യക്തമാക്കുന്നു.
'ദമ്പതികള്‍ പരസ്പരം നോക്കി നില്‍ക്കുമ്പോള്‍ അല്ലാഹു അവരെ കാരുണ്യത്തോടെ കടാക്ഷിക്കുമെന്നും കൈകള്‍ പരസ്പരം ചേര്‍ത്തുവെച്ചാല്‍ അവരുടെ പാപങ്ങള്‍ വിരലുകള്‍ക്കിടയിലൂടെ ചോര്‍ന്നുപോകുമെന്നും' പ്രവാചകന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
'കുടുംബത്തോട് കാഠിന്യം കാണിക്കുന്നവനും അഹങ്കരിക്കുന്നവനും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെ'ന്ന് അവിടുന്ന് പറയാനുള്ള കാരണവും അതുതന്നെ.
'നിങ്ങളില്‍ ഏറ്റവും നല്ലവര്‍ സ്വന്തം കുടുംബിനിയോട് നന്നായി വര്‍ത്തിക്കുന്നവരാണെ'ന്ന് പുരുഷന്മാരോടും, 'ജീവിതപങ്കാളിയുടെ സംതൃപ്തി സമ്പാദിച്ച് മരണമടയുന്ന സ്ത്രീ സ്വര്‍ഗാവകാശിയാകുന്നതാണെ'ന്ന് സ്ത്രീകളോടും നബി തിരുമേനി പറയാനുള്ള കാരണവും മറ്റൊന്നല്ല.
സ്വഭാവത്തിലും പെരുമാറ്റത്തിലും സമീപനത്തിലും സംസാരത്തിലും ഇടപഴകലിലും മുഖഭാവമുള്‍പ്പെടെയുള്ള ശരീരഭാഷയിലും സ്‌നേഹവും സൗമനസ്യവും കാരുണ്യവും വാത്സല്യവും പൂത്തുലഞ്ഞു നില്‍ക്കണം.
രണ്ട് ശരീരമെങ്കിലും ജീവിതം രണ്ടും ചേര്‍ന്ന് ഒന്നായി മുന്നോട്ടുപോകണം. രണ്ട് നദികള്‍ ചേര്‍ന്ന് ഒരു മഹാനദിയാവുന്ന പോലെ. അപ്പോള്‍ ഒരാളുടെ സന്തോഷം രണ്ടുപേരുടേതുമാകും. ഒരാളുടെ ദുഃഖവും വേദനയും ഇരുവരുടേതുമാകും. അഭിമാനവും അപമാനവും വിജയവും പരാജയവുമെല്ലാം അവ്വിധം തന്നെ. അപ്പോഴാണല്ലോ പരസ്പരം വസ്ത്രമാവുക. വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞതുപോലെ ഒന്നും ഒന്നും ചേര്‍ന്ന് രണ്ടാകുന്നതിനു പകരം 'ഇമ്മിണി വല്യ ഒന്നാ'വുക. സ്‌നേഹ പ്രവാഹത്തില്‍ ഒരുമിച്ചൊഴുകി നടക്കുന്നവരായിരിക്കണം ദമ്പതികള്‍. അതിനുള്ള ആഹ്വാനമാണ്, ദമ്പതികള്‍ പരസ്പരം വസ്ത്രമാണെന്ന ഖുര്‍ആനിക പ്രയോഗം.
l