വേദനകളെ വിജയമാക്കി ലത്തീഷ

ശമീന കെ.എം No image

'സ്വപ്‌നം ത്യജിച്ചാല്‍ സ്വര്‍ഗം ലഭിക്കും, ദുഃഖം മറന്നാല്‍ ശാന്തി ലഭിക്കും മനസ്സേ കരയരുതേ....'

പ്രായത്തിന് ചേരാത്ത ആ കുഞ്ഞു വിരലുകള്‍ കൊണ്ട് ലത്തീഷ ദുഃഖം മറന്ന് പാടിത്തീര്‍ക്കുമ്പോള്‍ ശ്രോതാക്കളുടെ കണ്ണുകള്‍ ഈറനണിയുന്നു. കോട്ടയം ജില്ലയിലെ എരുമേലിയില്‍ അന്‍സാരി-ജമീല ദമ്പതികളുടെ ഇളയ മകളായ ലത്തീഷയെന്ന മിടുക്കിയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ചെറിയ സമ്മര്‍ദങ്ങളില്‍ പോലും അസ്ഥികള്‍ നുറുങ്ങിപ്പോകുന്ന അത്യപൂര്‍വ രോഗത്തോടെയായിരുന്നു അവളുടെ ജനനം. രോഗത്തിന്റെ തീവ്ര വേദനയിലും ഇച്ഛാശക്തിയും ആത്മവിശ്വാസവും കൈമുതലാക്കി തന്റെ വേദനകളെ സംഗീതസാന്ദ്രമാക്കി ദുഃഖങ്ങളില്‍ ചിത്രകലയുടെ അത്ഭുതലോകം സൃഷ്ടിച്ചുകൊണ്ട്  ഉയരങ്ങളിലേക്ക് കുതിക്കുകയാണ് ഈ ഇരുപത്തിനാലുകാരി.

ജനിച്ചുവീണപ്പോഴുള്ള അവളുടെ നീണ്ട കരച്ചില്‍ മാതാപിതാക്കളെ ഏറെ ദുഃഖത്തിലാഴ്ത്തി. ദുഃഖാര്‍ത്തരായ മാതാപിതാക്കള്‍ക്ക് മുന്നില്‍ ഡോക്ടര്‍മാര്‍ നിസ്സഹായരായി. പരിശോധനയില്‍ 'ഓസ്റ്റിയോ ജെനെ സിസ്ഇംഫെക്ട്' എന്ന് രേഖപ്പെടുത്തിയ ജനിതക തകരാറാണെന്ന് കണ്ടെത്തി. ലക്ഷങ്ങളില്‍ ഒരാള്‍ക്ക് മാത്രം ഉണ്ടാകുന്ന അപൂര്‍വ രോഗം. ഈ രോഗം ബാധിക്കുന്നവരെ ഒന്നു മുറുകെ പിടിച്ചാല്‍ പോലും അസ്ഥികള്‍ ഒടിഞ്ഞു നുറുങ്ങുന്ന അവസ്ഥ. വളര്‍ച്ചയുണ്ടാവില്ല. അവള്‍ക്ക് എഴുന്നേറ്റ് നടക്കാനും കഴിയില്ല.  ആ മാതാപിതാക്കള്‍ പതറിയില്ല ഹൃദയം നുറുങ്ങുന്ന വേദനയിലും ദൈവം തങ്ങള്‍ക്ക് തന്ന കുഞ്ഞിനെ അവര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. നെഞ്ചോട് ചേര്‍ത്തു. താരാട്ട് പാടിയുറക്കി. അന്നു മുതല്‍ വേദനകള്‍ മാത്രമായിരുന്നു ആ കുഞ്ഞിന് സ്വന്തം. അവളുടെ ശരീരഭാഷ അറിയുന്ന മാതാപിതാക്കള്‍ക്ക് മാത്രമേ പ്രത്യേകരീതിയില്‍ ലത്തീഷയെ എടുക്കാന്‍ കഴിയൂ.

കളിച്ചു നടക്കേണ്ട പ്രായത്തില്‍ എല്ലുകള്‍ നുറുങ്ങുന്ന വേദനകളുമായി ബാല്യകാലം എങ്കിലും അവള്‍ക്കു വേണ്ടി സ്വപ്‌നങ്ങള്‍ നെയ്ത് കൂട്ടിയ ആ മാതാപിതാക്കള്‍ കടുത്ത മാനസിക സംഘര്‍ഷത്തിനും സാമ്പത്തിക ഞെരുക്കത്തിനുമിടയിലും ലത്തീഷയെ സ്‌കൂളില്‍ അയക്കാന്‍ തീരുമാനിച്ചു. മറ്റു കുട്ടികളെപ്പോലെ തന്റെ മകളും എല്ലാ കാര്യത്തിനും ഒന്നാമതായി തീരണം എന്ന ആഗ്രഹം അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചു നടത്താന്‍ ആ പിതാവിനെ പ്രേരിപ്പിച്ചു. അസ്ഥികള്‍ ഒടിയാതെ സൂക്ഷിച്ച് ഒക്കത്തിരുത്തി സ്‌കൂളിലെത്തിച്ചു ആ പിതാവ്. ഇന്റര്‍വെല്‍ സമയം സ്‌കൂളിലെത്തി അവളുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുത്തു. പിന്നീട് പ്രത്യേകം സംവിധാനിച്ച ഓട്ടോറിക്ഷയിലായി യാത്ര.  ആ വഴിയില്‍ തനിക്ക് താങ്ങായി നിന്ന സണ്ണിയെന്ന ഓട്ടോ ഡ്രൈവറെയും കൂട്ടുകാരെയും  ഇപ്പോഴും നന്ദിയോടെ ലത്തീഷ ഓര്‍ക്കുന്നു. പഠനത്തില്‍ മിടുക്കിയായ ലത്തീഷയുടെ കലാപരമായ കഴിവുകള്‍ തിരിച്ചറിഞ്ഞ പിതാവ് എരുമേലി സ്‌കൂള്‍ ഓഫ് മ്യൂസികിലെ രാംദാസ് എന്ന അധ്യാപകന്റെ സംഗീത ക്ലാസില്‍ ചേര്‍ത്തു. സംഗീതത്തിന്റെ ലോകത്തേക്ക് പിച്ചവെച്ചു തുടങ്ങിയ ലത്തീഷയെ വരവേറ്റത് വിജയത്തിന്റെ നാളുകളാണ്. സംഗീതമെന്ന മഹാസാഗരത്തെ അവള്‍ തന്റെ കുഞ്ഞിക്കൈകളിലൊതുക്കി. മികച്ച ഓര്‍ഗനിസ്റ്റായ ലത്തീഷ കേരളത്തിലെ നൂറുകണക്കിന് വേദികളില്‍ പ്രോഗ്രാമുകള്‍ നടത്തിക്കഴിഞ്ഞു. ഈ കൊച്ചു പ്രതിഭയുടെ ഓര്‍ഗന്‍ വായന കണ്ടുനില്‍ക്കുന്നവരെ ഈറനണിയിക്കും. കേരളത്തിലെ ഒട്ടുമിക്ക പ്രശസ്തരും ലത്തീഷയുടെ സംഗീതം ആസ്വദിച്ചവരാണ്. ചിത്രരചനയിലും മികവു കാട്ടുന്ന ലത്തീഷ ഇതിനോടകം നിരവധി ചിത്രങ്ങള്‍ വരച്ചുകഴിഞ്ഞിട്ടുണ്ട്. ഒന്നോ രണ്ടോ ദിവസങ്ങള്‍ കൊണ്ട് വരക്കുന്ന ചിത്രങ്ങള്‍ ഫ്രെയിം ചെയ്ത് വെക്കുന്നത് പിതാവായ അന്‍സാരിയാണ്. തന്റെ കുഞ്ഞു വിരലുകള്‍ കൊണ്ട് അതിമനോഹരമായി വരയ്ക്കുന്ന ജീവസ്സുറ്റ ചിത്രങ്ങള്‍ ലത്തീഷ വീട്ടില്‍ സൂക്ഷിക്കാറില്ല. സ്റ്റേജ് പരിപാടികള്‍ക്ക് പോകുമ്പോള്‍ പങ്കെടുക്കുന്ന വിശിഷ്ടാതിഥികള്‍ക്ക് സമ്മാനിക്കാറാണ് പതിവ്. എങ്കിലും തന്റെ ഓര്‍മത്താളുകളില്‍നിന്ന് ചിത്രങ്ങള്‍ മായാതിരിക്കാന്‍ തന്റെ ഫോണില്‍ അവയെല്ലാം സൂക്ഷിച്ചുവെച്ചിട്ടുണ്ട് ആ മിടുക്കി.

ഓരോ ദിനവും പുതിയ സ്വപ്‌നങ്ങള്‍ കാണുന്ന ലത്തീഷയിപ്പോള്‍ എം.കോം പഠനം പൂര്‍ത്തിയാക്കി. പാലാ സെന്റ് തോമസ് കോളേജില്‍ സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയാണ്. ഇതിനിടയിലാണ് ലത്തീഷയുടെ ജീവിതത്തെ കൂടുതല്‍ ദുരിതപൂര്‍ണമാക്കിക്കൊണ്ട് രണ്ട് മാസം മുമ്പ് ഉദരത്തില്‍ മുഴയുടെ സാന്നിധ്യം ശ്രദ്ധയില്‍പെട്ടത്. ദൈനംദിന ജീവിതം ദുസ്സഹമായ ലത്തീഷക്ക് ശാസ്ത്രക്രിയ അനിവാര്യമാണന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍ നേരത്തേ അപൂര്‍വ രോഗബാധിതയായ ഇവര്‍ക്ക് അനസ്‌തേഷ്യ നല്‍കി ശസ്ത്രക്രിയക്ക് വിധേയമാക്കുക അതീവ സങ്കീര്‍ണമായിരുന്നു. പക്ഷേ മരണത്തില്‍നിന്നും ജീവിതത്തിലേക്ക് ലത്തീഷ വീണ്ടും തിരിച്ചുകയറി. ശസ്ത്രക്രിയ മൂലം മുടങ്ങിപ്പോയ ക്ലാസുകളുടെ നോട്ടുകള്‍ കൃത്യമായി അയച്ചുകൊടുത്ത് ഒപ്പം നിന്ന് സഹായിച്ച ഒരു വലിയ സുഹൃദ്‌വലയം തന്നെ ലത്തീഷക്കുണ്ട്. നേട്ടങ്ങളേക്കാളുപരി ലത്തീഷ അഭിമാനം കൊള്ളുന്നത് ഒരുപക്ഷേ തനിക്ക് ലഭിച്ച ആ മാതാപിതാക്കളെ ഓര്‍ത്താവും. എരുമേലി സ്വകാര്യ ബസ് സ്റ്റാന്റില്‍ ഹോട്ടല്‍ നടത്തുകയാണ് പിതാവായ അന്‍സാരി. ആ ഹോട്ടലില്‍ കയറുമ്പോള്‍ അവിടെ ഒന്ന് കണ്ണോടിച്ചാല്‍ ആ കുടുംബത്തിന്റെ നേര്‍ചിത്രം നമുക്ക് കാണാനാവും. കാഷ് കൗണ്ടറിലെ ചില്ലിട്ട മേശക്കടിയില്‍ ഉപ്പയുടെ ഒക്കത്തിരിക്കുന്ന ലത്തീഷയുടെ കുറേ ഫോട്ടോകള്‍. അവര്‍ക്കൊപ്പം കേരളത്തിലെ ഒട്ടുമിക്ക പ്രശസ്തരെയും കാണാം. ലത്തീ ഷക്ക് എന്താവശ്യമുണ്ടെങ്കിലും അവളുടെ വിളി വരുമ്പോ ഹോട്ടലില്‍നിന്ന് കുതിച്ചെത്തി ആവശ്യം പൂര്‍ത്തീകരിച്ചു കൊടുക്കുന്ന അവളുടെ ഉപ്പ ആത്മസമര്‍പ്പണത്തിന്റെ പ്രതീകം തന്നെയാണ്. മാതാപിതാക്കള്‍ രാവിലെ പോകുമ്പോള്‍ ലത്തീഷ പഠനത്തിന്റെയും വായനയുടെയും ലോകത്തേക്ക് തിരിയും. അവളിപ്പോള്‍ തിരക്കിന്റെ ലോകത്താണ്. നാട്ടില്‍ നടക്കുന്ന മിക്ക പരിപാടികളിലും അതിഥിയാണ് ലത്തീഷ. അവളെ കാണാനും അല്‍പ്പസമയം ചിലവഴിക്കാനും  പിന്തുണയും പ്രോത്സാഹനവും നല്‍കാനുമായി നിരവധി ആളുകള്‍ വീട്ടിലെത്തുന്നു. നിരാശയുടെയോ രോദനത്തിന്റെയോ ചെറിയൊരംശം പോലും ആ കുടുംബത്തിന്റെ മുഖത്ത് കാണാന്‍ കഴിയില്ല. വിധിയെ പഴിച്ച് തന്റെ മകളെ വീടിനുള്ളില്‍ അടച്ചിടാതെ കഴിവുകള്‍ കണ്ടെത്തി വിജയത്തിന്റെ പടികള്‍ ചവിട്ടിക്കയറാന്‍ സഹായിച്ച ആ മാതാപിതാക്കളെ നമുക്ക് സ്മരിക്കാം. വേദനകള്‍ ഉള്ളിലൊതുക്കി പുറമെ പുഞ്ചിരി തൂകുന്ന അവരുടെ മനോധൈര്യം നമുക്ക് പ്രചോദനമാകട്ടെ. Eastern Bhomika Award, Karmma Sreshta award എന്നിവക്ക് അര്‍ഹയായിട്ടുണ്ട് ലത്തീഷ.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top