കനല്‍ പക്ഷി പാടിയത്

ഷഹീറ നജ്മുദ്ദീന്‍ No image

വായനയില്‍ കണ്ണുടക്കുന്ന 55 കവിതകളുടെ സമാഹാരമാണ് കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തിറങ്ങിയ 'ഇനി കനല്‍പക്ഷികള്‍ പാടട്ടെ' എന്ന പുസ്തകം. സാമൂഹിക മാറ്റങ്ങളെ തിരിച്ചറിയുന്ന സ്ത്രീ മനസ്സില്‍നിന്നും ഇറങ്ങിവരുന്ന പ്രതിരോധത്തിന്റെ ആയുധമായി സുഹറ ടീച്ചറുടെ കവിതകള്‍ വളര്‍ന്നു വരുന്നു. ഓരോ കവിതയും അവസാനം ഒരു കൊളുത്തിട്ട് വലിച്ച് വായനക്കാരെ നന്മയുടെ പാതയിലേക്ക് നയിക്കുന്ന മൂര്‍ച്ചയുള്ള വാക്കുകളായി കാച്ചിക്കുറുക്കിയെടുത്തതാണ്.

ഗഹനമായ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെ അവതരിപ്പിക്കുമ്പോഴും പെണ്ണിടങ്ങളില്‍നിന്നും സ്വീകരിച്ച മൂര്‍ച്ചയുള്ള ബിംബകല്‍പ്പനകള്‍ കവിതകളെ വ്യത്യസ്തമാക്കുന്നു. പറഞ്ഞു തഴമ്പിച്ച വിഷയങ്ങളെ തന്റെ കഥാഖ്യാനരീതിയിലുള്ള അവതരണത്തിലൂടെ അതിന്റെ അതിര്‍വരമ്പുകള്‍ കടന്ന് കവിത മാനവികതയിലേക്ക് ഉയരുന്നതായി കാണാന്‍ കഴിയും.

എഴുത്തുമേശയില്ലാത്ത സ്ത്രീയുടെ എഴുത്ത് മീന്‍ വെട്ടുമ്പോള്‍ കയറി വരുന്ന പൂച്ചക്കുട്ടിയുടെ പിണങ്ങിപ്പോക്കായി ചിത്രീകരിക്കുമ്പോള്‍ അതിലൊരു വലിയ ഫെമിനിസം കലാപം കൂട്ടുന്നുണ്ട്. സാമ്പാറിന് കടുക് വറുക്കുമ്പോഴും മീന്‍ വെട്ടുമ്പോഴും കയറി വരുന്ന കവിതകളെ സ്വീകരിക്കാന്‍ കഴിയാതെ താഴെ വയ്ക്കുന്ന പെണ്‍ തൂലികയാണ് കവിതക്ക് വിഷയം. വര്‍ക്കിംഗ് വുമണി ന്റെ ചുമതലയും കടപ്പാടും വരിഞ്ഞുമുറുക്കിയ ജീവിതത്തിനിടയില്‍ കയറി വരുന്ന എഴുത്ത് പലപ്പോഴും കവയത്രിക്ക് ശല്യമായിരുന്നിരിക്കാം. ഒന്നിനേയും വകവക്കാതെ പറന്നുയരാന്‍ ശ്രമിക്കുന്നവര്‍ക്ക് പിന്നില്‍ നിന്നും വലിക്കുന്ന ചിറകരിയുന്ന ചിന്തകളെ തട്ടിമാറ്റി ഉയര്‍ന്നു വരുന്ന കനല്‍പക്ഷിയായി വായനക്കാരന്റെ മനസ്സുണര്‍ത്തുന്ന കവിതകളുടെ സമാഹാരമാണിത്.

മക്കളാല്‍ ഉപേക്ഷിക്കപ്പെടുന്ന അമ്മയുടെ കൈയില്‍ അടക്കിപ്പിടിച്ച അരിമുറക്ക് 'മക്കളറിയാന്‍' എന്ന കവിതയില്‍ ഒരു നീറ്റലായി മാറുന്നു. വിവാഹവും പരീക്ഷയും ഇരുപുറമായി ചിത്രീകരിക്കുന്ന കെട്ടുന്നതിന് മുന്‍പ് ജീവിത നിരീക്ഷണത്തെ മര്‍മ മറിഞ്ഞ് നര്‍മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചതാണ്. അണുകുടുംബത്തിന്റെ ചില്ലയില്‍ ചേക്കേറുന്ന പുത്തന്‍ തലമുറയുടെ ഭാവം 

'കുടിയിരിക്കല്‍' എന്ന കവിതയില്‍ ഖബ്‌റിടത്തിന്റെ ഏകാന്തതയോടുപമിച്ച് സ്വാര്‍ഥ ചിന്തയെ തുറന്നു വെച്ചിരിക്കുന്നു.

അഞ്ചാം ക്ലാസുകാരന്റെ ബാഗില്‍നിന്നും കണ്ടെത്തുന്ന പേന തെളിവാക്കി രാജ്യദ്രോഹ കുറ്റം ചുമത്തുന്നതിലൂടെ അധികാര കേന്ദ്രങ്ങളുടെ അക്ഷരപ്പേടി പറയുന്ന 'രാജ്യദ്രോഹി' എന്ന കവിത തന്നെയാണ് ഇതിലെ ഈടുറ്റ രചന.

കുന്നുംപുഴയും അടയാളം വച്ച് പോയ കാറ്റ് തിരിച്ചെത്താനാകാതെ വരള്‍ച്ച തേടുന്ന പ്രകൃതി ' അടയാളങ്ങള്‍ എന്ന കവിതയിലൂടെ ആഴത്തിലും നേര്‍പ്പിച്ചും പറയുന്ന പാരിസ്ഥിതിക കവിതയാണ്

ആശയവൈവിധ്യം കൊണ്ടും എഴുത്തിന്റെ ആന്തരിക ചൈതന്യം കൊണ്ടും പെണ്ണെഴുത്തി ന്റെ ചേരിയിലേക്ക് മാറ്റി വയ്ക്കാന്‍ കഴിയുന്നതല്ല ഈ കവിതാ സമാഹാരം. പെണ്ണിന് മാത്രം പറയാന്‍ കഴിയുന്ന വിധം മാറി നില്‍ക്കുന്ന പെണ്ണിടത്തിന്റെ ബിംബകല്‍പനകള്‍ കവിതയില്‍ ഇടം തേടുമ്പോഴും സ്വത്വ ബോധമുള്ള ആര്‍ജവമുള്ള അടക്കമുള്ള തൂലിക വായനക്കാരനെ ഹൃദ്യമാക്കി മാറ്റുന്നു. പ്രണയവും പ്രകൃതിയും സ്‌നേഹവും സൗഹൃദവും വിദ്യാലയവും പരിസ്ഥിതിയും മാനവീകതയും കവിതയില്‍ നിറഞ്ഞു നില്‍ക്കുന്നു.

സുഖാനുഭവത്തില്‍നിന്നും മാറി ലോകം അനുഭവിക്കുന്ന വര്‍ഗവര്‍ണ്ണവിവേചനത്തിന്റെ കാലത്ത് സൗന്ദര്യവും പ്രതിരോധവും തീര്‍ക്കുന്ന കവിതകളായി ഈ സമാഹാരം മാറി നില്‍ത്തുന്നു.ശരീരത്തെക്കുറിച്ചും തീണ്ടാരി രക്തത്തെ കുറിച്ചും പറഞ്ഞാല്‍ മാത്രം ഗംഭീരമാക്കുന്ന പെണ്‍ ശബ്ദത്തില്‍നിന്നും മാറി സാമൂഹിക മാറ്റത്തെ തിരിച്ചറിയുന്ന ഉയര്‍ച്ച കവിതയില്‍ കാണാം. സമൂഹത്തില്‍ തന്റെ ഇമേജിന് കളങ്കം വന്നാലും പറയാനുള്ളത് ഉറക്കെ പറയുന്ന കുറുമ്പും ധിക്കാരവും ഒളിച്ചിരിക്കുന്ന കരുത്തുള്ള തൂലികയാണ് കവയത്രിയുടേത്. ഒന്നിനും ഒതുങ്ങാതെ ജയിക്കുന്ന സ്ത്രീ മനസ്സിന്റെ കരുത്ത് വായനക്കാരന് സമ്മാനിക്കുന്നു. ചുറ്റുപാടുകളെക്കുറിച്ച് യാഥാര്‍ഥ്യത്തോടെ ചിന്തിക്കുമ്പോഴും 'ശമിക്കാത്ത ദാഹവും നിലക്കാത്ത പ്രവാഹവും ഒടുങ്ങാത്ത പെയ്ത്തുമായി ചിലപ്പോള്‍ നെഞ്ചില്‍ എരിയുന്ന നെരിപ്പോടായും മാറുന്ന പ്രണയം കാത്തിരിപ്പ് എന്ന കവിതയില്‍ അവതരിപ്പിക്കുമ്പോള്‍ കവിത കാല്‍പനി കതയിലേക്കും എത്തി നോക്കുന്നത് കാണാം. ഇന്നിന്റെ ആസുരതകളെ കണ്ടെത്തിസന്ധിയില്ലാതെ കലഹിക്കുന്ന കവിതയുടെ പണിപ്പുരയില്‍ കാച്ചിയെടുത്ത വാക്കുകള്‍ - അത് കവിതയെ മൂല്യമേറിയതാക്കി മാറ്റുന്നു.

മതവും കൊടിയും മതില്‍കെട്ട് തീര്‍ക്കുമ്പോഴും ഋതുക്കള്‍ വഴി തെറ്റി അലയുമ്പോഴും സ്വയം അഭിരമിക്കാതെയുള്ള ഇത്തരം കാവ്യശ്രമങ്ങളെ നമുക്ക് സ്വീകരിക്കാം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top