തുഗ്ലക്കാബാദിലെ സ്വര്‍ഗം

സബാഹ് ആലുവ No image

എവിടെയും പുതുമ തേടിപ്പോകുന്നവരാണ് നമ്മുടെ കൂട്ടത്തില്‍ കൂടുതലും. പ്രത്യേകിച്ച് ഒരു യാത്ര പുറപ്പെടുകയാണെങ്കില്‍ പോലും നമ്മള്‍ ആദ്യം ആലോചിക്കുന്നതും ആ പുതുമയെക്കുറിച്ച് തന്നെ. ഇവിടെ ഇന്ത്യയുടെ തലസ്ഥാന നഗരീപട്ടം അലങ്കരിക്കുന്ന ദല്‍ഹി ഒളിപ്പിച്ചുവെച്ച മുത്തുകളും പവിഴങ്ങളും നിരവധിയാണ്. ദല്‍ഹി സന്ദര്‍ശിക്കാന്‍ പുറത്തുനിന്ന് വരുന്നവര്‍ക്കും എന്തിന് ദല്‍ഹി നിവാസികള്‍ക്കു പോലും അത്ര സുപരിചിതമല്ലാത്ത ഒരു കോട്ടയിലെ നിധി അന്വേഷിച്ചാണ് ഈ യാത്ര. ജീവിതത്തിലെപ്പോഴെങ്കിലും ദല്‍ഹി സന്ദര്‍ശിക്കാന്‍ അവസരം കിട്ടുന്നവര്‍ക്ക് തുഗ്ലക്കാബാദിലെ തുഗ്ലക്ക് കോട്ട പതിവു കാഴ്ചകള്‍ സമ്മാനിക്കില്ലെന്ന വാക്ക് മനസ്സില്‍ കുറിച്ചിടാം.

കോട്ട കോട്ടയാവണമെങ്കില്‍ അതിന്റെ കെട്ടിലും മട്ടിലുമുള്ള പെരുപ്പവും സൗന്ദര്യവും അവര്‍ണനീയമാവണം. അത്തരത്തിലുള്ള കോട്ടകൊത്തളങ്ങള്‍ക്ക് ജന്മം നല്‍കിയ മണ്ണാണ് ഇന്ത്യയുടേത്, പ്രത്യേകിച്ച് ദല്‍ഹിയുടേത്. എങ്കിലും ദല്‍ഹിയുടെ മുസലിം പൈതൃകവേദികളില്‍ പലപ്പോഴും ഇടം ലഭിക്കാത്ത, വിധികര്‍ത്താക്കളുടെ പരാമര്‍ശത്തില്‍ പോലും വരാത്ത ചിലതെല്ലാം ദല്‍ഹി എന്ന മണവാട്ടിയുടെ ചിപ്പിക്കുള്ളിലെ എക്കാലത്തെയും സൗന്ദര്യങ്ങളാണ്. ഇന്തോ-പേര്‍ഷ്യന്‍/ഇന്തോ-ഇസ്‌ലാമിക് വാസ്തുവിദ്യയുടെ മഹനീയ ഉദാഹരണങ്ങളായി നിര്‍മിക്കപ്പെട്ട ശവകുടീരങ്ങള്‍, സ്തൂപ മാതൃകകള്‍, ആരാധനാകേന്ദ്രങ്ങള്‍, കോട്ടകള്‍ തുടങ്ങി ഒട്ടനവധി സ്മാരകങ്ങള്‍ ദല്‍ഹിയെ ലോകത്തിന്റെ നെറുകയിലെത്തിച്ചു. ഇവിടെ പരാമര്‍ശിക്കപ്പെടുന്ന കോട്ട ഇന്നത്തെ ദല്‍ഹിയില്‍ ഒരു വിഴുപ്പുഭാരമാണ് എന്ന് ചരിത്ര വിദ്യാര്‍ഥി  എന്ന നിലയില്‍ എനിക്ക് പറയേണ്ടിവരും. അണിയിച്ചൊരുക്കിയാല്‍ ഖുത്ബ് മിനാറിനെപ്പോലെയോ ഹുമയൂണ്‍ ടോമ്പിനെപ്പോലെയോ അല്ലെങ്കില്‍ 'അതുക്കുംമേലെ' കണ്ടാസ്വദിക്കാനും ചിന്തിക്കാനും മറ്റൊരു കോട്ടയും ദല്‍ഹിക്ക് അവകാശപ്പെടാനുണ്ടാവില്ല.  തുഗ്ലക്ക് പരിഷ്‌കരണങ്ങളിലൂടെ ചരിത്രം വിഡ്ഢിവേഷം കെട്ടിച്ച ബുദ്ധിമാനായ ഭരണാധികാരി മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെയും പിതാവ് ഗിയാസുദ്ദീന്‍ തുഗ്ലക്കിന്റെയും ദല്‍ഹിയിലെ തുഗ്ലക്കാബാദില്‍ പണികഴിപ്പിച്ചിട്ടുള്ള തുഗ്ലക്കാബാദ് കോട്ടയുടെ വിശേഷങ്ങള്‍ ഏതൊരു വ്യക്തിയെയും കോരിത്തരിപ്പിക്കും വിധമുള്ളതാണ്.

തുഗ്ലക്ക് എന്നു കേട്ടാല്‍ ചിരിപടര്‍ത്തുന്ന മുഖങ്ങളായിരിക്കും നമ്മുടെ ഇടയില്‍ കൂടുതലും. അതിനപ്പുറം ആ പേരിനു പ്രത്യേകിച്ച് മേന്മയൊന്നും ആരും കല്‍പിച്ചുനല്‍കിയിട്ടില്ല.  ലോകത്ത് പൊതുവില്‍ ചരിത്രം നല്‍കാത്ത മേന്മയൊന്നും ആരും ഒരാള്‍ക്ക് നല്‍കിയിട്ടില്ലല്ലോ... ഭരണചക്രം തിരിക്കാന്‍ ദല്‍ഹി തെരഞ്ഞെടുത്തവരാണ് ഇന്ത്യ ഭരിച്ച മുസ്‌ലിം ഭരണാധികാരികളിലധികവും. ഷാജഹാന്റെ ഷാജഹാനാബാദും(OLD DELHI‑)‑ ബ്രിട്ടീഷ് ഇന്ത്യയുടെ സിരാകേന്ദ്രമായി മാറിയ ന്യൂദല്‍ഹിയും (NEW DELHI) ഇന്നത്തെ ദല്‍ഹിയുടെ മുഖമുദ്രയാവുന്നതിനു മുമ്പ്, ഈ നഗരത്തെ മണവാട്ടിയെപ്പോലെ അണിയിച്ചൊരുക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ച ഒരു ഭരണവര്‍ഗത്തിന്റെ ശേഷിപ്പുകള്‍ അയവിറക്കുകയാണിവിടെ.

 ദല്‍ഹിയുടെ ചരിത്രം തന്നെയാണ് ഏറക്കുറെ തുഗ്ലക്കാബാദിന്റെ ചരിത്രവും. ദല്‍ഹിയുടെ വലിയൊരു പ്രദേശം അടക്കി ഭരിച്ച ഭരണവര്‍ഗമായിരുന്നു തുഗ്ലക്ക് ഭരണകൂടം. ദല്‍ഹി സല്‍ത്തനത്തിനു കീഴില്‍ അതിബൃഹത്തായ ഭരണപാടവം കാഴ്ചവെച്ച വലിയ മൂന്നാമത്തെ നഗരപ്രദേശമായും,  ദല്‍ഹി സന്ദര്‍ശിച്ച പ്രസിദ്ധ മൊറോക്കന്‍ സഞ്ചാരി ഇബ്‌നുബത്തൂത്ത വിവരിച്ച അതേ പ്രദേശമായും തുഗ്ലക്കാബാദും  അതിനോട് ചേര്‍ന്ന കോട്ടയും ഇന്നും നിലനില്‍കുന്നു.

മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ കാലത്താണ് ഇബ്‌നുബത്തൂത്ത ദല്‍ഹി സന്ദര്‍ശിക്കുന്നത്. എട്ടു വര്‍ഷത്തോളം മുഹമ്മദിന്റെ കീഴിലെ പ്രധാന ന്യായാധിപനായി സേവനമനുഷ്ഠിച്ചതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. അദ്ദേഹം ദല്‍ഹിയെ വിവരിക്കുന്നത് യഥാര്‍ഥത്തില്‍ ഇന്നത്തെ ഗിയാസുദ്ദീന്റെയും മുഹമ്മദിന്റെയും തുഗ്ലക്കാബാദിനെയാണ്. 'മഹത്തായ ഈ നഗരം കെട്ടിടങ്ങളുടെ മനോഹാരിതയും ഭദ്രതയും കൊണ്ട് അന്യാദൃശ്യമാണ്. പൗരസ്ത്യദേശങ്ങളിലെങ്ങും ഇതിനോട് കിടപിടിക്കുന്ന ഒരു നഗരവുമില്ല. പ്രവിശാലമായ ഈ നഗരം ജനനിബിഡമാണ്...' ഇങ്ങനെ പോവുന്നു ആ വിവരണങ്ങള്‍. ലോകത്തിലെ തന്നെ ഏറ്റവും പഴക്കംചെന്ന പര്‍വതനിരകളിലൊന്നായ ആരവല്ലി പര്‍വതനിരയിലാണ് ദല്‍ഹിയിലെ തുഗ്ലക്ക്‌കോട്ട. രണ്ടു കോട്ടകളാണ് തുഗ്ലക്കാബാദില്‍ ഇന്നുള്ളത്. അതില്‍ ഗിയാസുദ്ദീന്‍ നിര്‍മിച്ച കോട്ടയുടെ വിശേഷങ്ങള്‍ ഇവിടെ പരാമര്‍ശിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. മറ്റൊന്ന് മകന്‍ മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ അദീലാബാദ് കോട്ടയാണ്. 

നിര്‍മാണ വൈവിധ്യമാണ് നാമേവരെയും അതിലേക്കാകര്‍ഷിച്ചത്. ഇവിടെ ഗിയാസുദ്ദീന്റെ ശവകുടീരവും (Tomb of Giyasudheen Tuglak)  അതിന്റെ  പുറംപണികള്‍ കൊണ്ട് തന്നെയാണ് ശ്രദ്ധിക്കപ്പെടുന്നതും. ഏറെ സവിശേഷതകളുള്ളതും തുഗ്ലക്കാബാദ് കോട്ടയുടെ എതിര്‍ഭാഗത്ത് വലിയ ചുറ്റുമതിലുകളാല്‍ മനോഹരമായി കെട്ടിയുയര്‍ത്തപ്പെട്ടതുമായ ഗിയാസുദ്ദീന്റെ ശവകുടീരം സന്ദര്‍ശകരുടെ മുഖ്യ ശ്രദ്ധാ കേന്ദ്രമാണ്. കോട്ടയുടെ ഇരുവശങ്ങളെയും ബന്ധിപ്പിക്കുന്ന നടപ്പാത ദല്‍ഹിയുടെ വികസന പ്രക്രിയയുടെ ഭാഗമായി വലിയ റോഡുകളായി പില്‍ക്കാലത്ത് രൂപാന്തരം സംഭവിച്ചു. എതിര്‍ദിശയില്‍ പാതി അവശേഷിക്കുന്ന കല്ലു വിരിച്ച നടപ്പാത സന്ദര്‍ശകരെ ശവകുടീരം നിലനില്‍കുന്ന കോട്ടക്കകത്തേക്ക് കൊണ്ടുപോകും. നടപ്പാതയോട് ചേര്‍ന്നു നിര്‍മിക്കപ്പെട്ട മനോഹരമായ തടാകവും ജലസംഭരണിയും ചരിത്രരേഖയുടെ ഭാഗമായിട്ട് വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞു. ഗിയാസുദ്ദീന്‍ തന്നെയാണ് ശവകുടീരം നിര്‍മിച്ചത്. അദ്ദേഹത്തിന്റെയും ഭാര്യ ബീഗം മഖ്ദിമ ജഹാന്റെയും മകന്‍ മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെയും ഖബ്‌റുകളാണ് ശവകുടീരത്തിലുള്ളത്.

ശക്തമായ ചുറ്റുമതിലോട് കൂടിയുള്ള കോട്ടക്കകത്താണ് ശവകുടീരം നിലകൊള്ളുന്നത്. ശവകുടീരത്തിന്റെ ആകാര ഭംഗിയും തലയെടുപ്പും ഖുത്ബ് മിനാറിന്റെ സമീപത്തായി അലാവുദ്ദീന്‍ ഖല്‍ജി പണികഴിപ്പിച്ച അലായ്-ദര്‍വാസ എന്ന അതിമനോഹര കവാടക മാനത്തെ (Gateway) അനുസ്മരിക്കുംവിധമുള്ളതാണ്. 228.6 മീറ്റര്‍ നീളമുള്ളതും ഇരുപത്തിയാറ് കല്‍ത്തൂണുകളാല്‍ നിര്‍മിക്കപ്പെട്ടതുമായ മേല്‍ വിവരിച്ച പാത എത്തിച്ചേരുന്നത് ശവകുടീരം നിലനില്‍ക്കുന്ന സ്ഥാനത്താണ്. 75 ഡിഗ്രി ക്രമാഗതമായ ചരിവോട് കൂടി ഉയര്‍ത്തപ്പെട്ട പുറം മതിലിന്റെ നിര്‍മാണ വൈവിധ്യം സന്ദര്‍ശകരെ അത്ഭുതപ്പെടുത്തുമെന്നതില്‍ സംശയമില്ല.

 

തുഗ്ലക്ക് കോട്ടയിലെ ടോംബ് 

മുസ്‌ലിം ഭരണാധികാരികള്‍ ഹിന്ദുമതാചാര ചിഹ്നങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയതിന്റെ ഉത്തമോദാഹരണമാണ് ശവകുടീരത്തിന്റെ കുംഭഗോപുരത്തെ വലയം ചെയ്ത് നിര്‍മിച്ചിട്ടുള്ള കലസ (കലശ്). ഇത്തരത്തില്‍ രൂപകല്‍പന ചെയ്തിട്ടുള്ള ക്ഷേത്രമാതൃകകള്‍ കേരളത്തിലെ പുരാതന മുസ്‌ലിം ദേവാലയങ്ങളിലെ വാതില്‍പ്പടി മാതൃകകളിലൂടെയും മിനാര വൈവിധ്യത്തിലൂടെയും ഇന്നും ദൃശ്യമാണ്. കേരളത്തിനു പുറത്തും ആ മാതൃകകള്‍ക്ക് വമ്പിച്ച സ്വീകാര്യതയാണ് നല്‍കപ്പെട്ടത്.  ശവകുടീരത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നായി പ്രത്യേകം എടുത്തുപറയേണ്ടത് വ്യത്യസ്ത രൂപകല്‍പനകള്‍ ചെയ്ത് ശവകുടീരത്തിലേക്ക് തുറക്കുന്ന വാതില്‍പ്പടി മാതൃകകളാണ്. മധ്യേഷ്യയില്‍ മാത്രം കണ്ടുവരുന്ന നിര്‍മാണരീതികള്‍ ഇന്ത്യയില്‍ അവതിപ്പിച്ചത് ദല്‍ഹി സുല്‍ത്താന്മാരുടെ കാലത്താണ്. കമാനവും കുംഭഗോപുരവും താമരയുടെ ആകൃതിയിലുള്ള കൊത്തുപണികള്‍ കൊണ്ട് അലംകൃതമാണ്.  മുത്തുകളാല്‍ കോര്‍ത്തിണക്കി മാലയാകൃതിയില്‍ അതിസുന്ദരമാക്കിയ ജനല്‍പടികള്‍  പുരാതന ഗ്രീസിലെ സ്പാര്‍ട്ടയെ ഓര്‍മിപ്പിക്കും.

ഒരു പ്രമുഖ സേനാനായകന്റെ ശവകുടീരവും ഗിയാസുദ്ദീന്റെ ശവകുടീരത്തിനടുത്തായി കാണാം. മംഗോള്‍ സൈന്യത്തെ നേരിടുന്നതില്‍ അസാമാന്യ ധീരത കാണിച്ച സഫര്‍ ഖാന്റേതാണ് പറയപ്പെട്ട ചരിത്രശേഖരം. മംഗോളിയരുടെ ഏറ്റവും വലിയ പേടിസ്വപ്‌നമായാണ് സഫര്‍ ഖാന്‍ ചരിത്രത്തില്‍ അറിയപ്പെടുന്നത്. ഇനി നമ്മെ കാത്തിരിക്കുന്ന എതിര്‍ഭാഗത്ത് നിര്‍മിക്കപ്പെട്ട കോട്ടയിലെ വിശേഷങ്ങള്‍ വിവരണാധീതമാണ്. പഞ്ചകോണാകൃതിയില്‍ നിര്‍മിക്കപ്പെട്ട കോട്ടയുടെ ഭിത്തികള്‍ അകത്തെ എല്ലാ മൂലകളെയും താങ്ങിനിര്‍ത്താന്‍ മാത്രം ശക്തവും കെല്‍പുള്ളതുമാണ്. കോട്ടയുടെ പ്രധാന ഭാഗങ്ങളധികവും നിലംപൊത്തിയിരിക്കുന്നു.  അന്നത്തെ രൂപകല്‍പനയുടെ ശക്തികൊണ്ടാവണം ചുറ്റുമതിലുകളില്‍ ചെറിയ വിള്ളലുകളൊഴിച്ചാല്‍ കല്ലുകള്‍ സ്ഥാനം തെറ്റാതെ നില്‍ക്കുന്നതായി കാണാം. അമ്പത്തി രണ്ടോളം കവാടങ്ങള്‍ കൊണ്ട് അലംകൃതമായ കോട്ടയില്‍ ഇന്നുള്ളത് കേവലം പതിമൂന്നെണ്ണം മാത്രമാണ്.  കോട്ടയുടെ വ്യാപ്തിയും വലിപ്പവും ഇന്ന് അളന്ന് തിട്ടപ്പെടുത്തുക പ്രയാസകരമായ ഒരു ദൗത്യംതന്നെയാണ്. മഹറോലി-ബദര്‍പൂര്‍ റോഡിന്റെ ഒരു വശത്ത് തുടങ്ങി ഏഴു കിലോമീറ്റര്‍ വ്യത്യാസത്തില്‍ കോട്ട നീണ്ടുകിടക്കുന്നത് സന്ദര്‍ശകരെ അമ്പരപ്പിക്കും. കണ്ണുകള്‍ പായിച്ചാല്‍ നോട്ടം എത്താത്തിടത്ത് വരെ കോട്ടയുടെ ഭാഗങ്ങള്‍ക്ക് നീളമുണ്ടാവാം. 

  ഇസ്‌ലാമിക വാസ്തുവിദ്യയുടെ എക്കാലത്തെയും  ഇന്ത്യയിലെ മകുടോദാഹരണങ്ങളില്‍ പെട്ടതാണ് തുഗ്ലക്ക്  കോട്ടയും ചേര്‍ന്നുള്ള ശവകുടീരവും. ഖുത്ബുദ്ദീന്‍ ഐബക്കും ഇല്‍തുമിഷും ഖുത്ബ് മിനാറിലൂടെ തുടങ്ങിവെച്ച വാസ്തുവിദ്യാ പാരമ്പര്യം അത്യുന്നതിയില്‍ എത്തുന്നത് ദല്‍ഹിയിലെ തുഗ്ലക്ക് ഭരണ കാലത്താണ്. ചിലതെല്ലാം മണ്‍മറഞ്ഞു പോയതുകൊണ്ട് കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. എന്നാല്‍ നിലനില്‍ക്കുന്നവയെല്ലാം  മരിച്ചവയെ ഓര്‍മിപ്പിക്കുംവിധം വാചാലമാണ്. മുസ്‌ലിം ഭരണാധികാരികള്‍ നിര്‍മിച്ചതുകൊണ്ടുമാത്രം പല ശേഖരങ്ങളും ഇന്ത്യയില്‍ നോക്കുകുത്തികളായിട്ട് കുറച്ചു കാലമായി.

കോട്ടക്കു ചുറ്റും വെച്ചുപിടിപ്പിക്കപ്പെട്ട ഭീമാകാരങ്ങളായ വൃക്ഷശേഖരങ്ങളില്‍ പലതും ഇന്ത്യയില്‍ കണ്ടുവരാത്ത  അപൂര്‍വയിനങ്ങളില്‍ പെട്ടവയാണ്. പൗരസ്ത്യ ദേശങ്ങളില്‍നിന്നും കൊണ്ടുവന്ന് കോട്ടക്കു ചുറ്റും നാട്ടുന്നതിലൂടെ ശത്രുക്കളുടെ പെട്ടെന്നുള്ള ആക്രമണത്തിന്റെ തീവ്രത കുറക്കുക മുഖ്യ ലക്ഷ്യമാണ്. പലതും ഇന്ന് വെട്ടിമാറ്റപ്പെടുകയോ ശോഷിച്ച് നിലം പൊത്താറാവുകയോ ചെയ്തിരിക്കുന്നു. ഒരുപാട് വ്യത്യസ്ത വൃക്ഷങ്ങള്‍കൊണ്ടും അപൂര്‍വയിനം ചെടികള്‍ കൊണ്ടും സമ്പന്നമാണ് ചരിത്രത്തിലെ ദല്‍ഹി. ലോകത്തിലെ ഏറ്റവും പച്ചപ്പുള്ള (One of Greenest Cities around the World)  തലസ്ഥാന സമുച്ചയമായി ദല്‍ഹി പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ആ നേട്ടത്തിനു പിന്നില്‍ മേലുദ്ധരിച്ച ബൃഹത്തായ ഭരണകൂടങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചു എന്നത് സത്യമാണ്. ഇന്നത്തെ ദല്‍ഹി ഇരുപതിനായിരത്തിലധികം ചെറുതും വലുതുമായ ഉദ്യാനങ്ങള്‍ കൊണ്ട് സമ്പന്നമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

കോട്ട നിര്‍മാണത്തിന് അതിശക്തമായ രണ്ടു കാരണങ്ങളാണ് ഭരണവര്‍ഗം മുന്നോട്ടുവെക്കുന്നത്.  അതില്‍ സുപ്രധനമായ ഒന്ന് മംഗോള്‍ ആക്രമണത്തെ ചെറുത്ത് ദല്‍ഹിയെ രക്ഷിക്കലായിരുന്നു. ദല്‍ഹിയുടെ വടക്കു-പടിഞ്ഞാറ് അതിര്‍ത്തി പ്രദേശകളിലൂടെയുള്ള മംഗോള്‍ ആക്രമണം അക്കാലത്തെ ദല്‍ഹി സുല്‍ത്താന്മാര്‍, പ്രത്യേകിച്ച് തുഗ്ലക്ക് ഭരണവര്‍ഗം നേരിട്ടിരുന്ന വലിയ വെല്ലുവിളികളിലൊന്നായിരുന്നു.  മംഗോളിയരെ ചെറുക്കാന്‍ നഗരത്തെ പൊതിഞ്ഞുനില്‍ക്കുന്ന ഒരു കോട്ട ഭരണവര്‍ഗത്തിന്റെ പ്രധാന ആവശ്യമായിവന്നു. ഗിയാസുദ്ദീനും മുഹമ്മദും നിരവധി ചെറുത്തുനില്‍പുകളിലൂടെ ദല്‍ഹിയെ  സംരക്ഷിച്ചതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. കോട്ടയുടെ പല ഭാഗത്തും പതിനൊന്നു മുതല്‍ 75 മീറ്റര്‍വരെ ഉയര വ്യത്യാസത്തില്‍ പീരങ്കികളും പടക്കോപ്പുകളും സജ്ജീകരിക്കാനുള്ള പഴുതുകളും ദ്വാരങ്ങളും കൗതുകമുണ്ടാക്കുമെന്നതില്‍ സംശയമില്ല. കോട്ടയുടെ തെക്കു ഭാഗത്തെ വടിപ്പഴുതുകളാല്‍ നിര്‍മിക്കപ്പെട്ടതും ശത്രുക്കളുടെ ആക്രമണത്തെ മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിയുന്നതുമായ ചെറിയ ദ്വാരമുഖങ്ങള്‍ കാണേണ്ട കാഴ്ചകള്‍ തന്നെയാണ്. 

 

കോട്ടയിലെ തുരങ്കങ്ങള്‍ 

തുരങ്കങ്ങളില്‍ ഒളിപ്പിച്ചുവെച്ച നിധി അന്വേഷിച്ചാണ്  അടുത്ത യാത്ര. സന്ദര്‍ശക ശ്രദ്ധ പിടിച്ചുപറ്റുന്ന കൊട്ടക്കകത്തെ മറ്റൊരു പ്രധാന കൗതുകമാണ് തകരാന്‍ മടി കാണിച്ച് നിലകൊള്ളുന്ന തുരങ്കങ്ങള്‍. കേരളത്തിലെ നാമനുഭവിച്ച കോട്ടകളധികവും തുരങ്കങ്ങള്‍ കൊണ്ട് സമ്പന്നമാണല്ലോ. ഏതൊരു കാലഘട്ടത്തിന്റെയും അനിവാര്യതയാണ് തുരങ്കങ്ങള്‍. ജീവിച്ചിരിക്കുന്ന ഒരു ജനതയുടെ ജീവനാഡിയായി തുരങ്കങ്ങള്‍ മാറുന്നതെങ്ങനെയെന്ന് ലോകത്തെ ഫലസ്ത്വീനിലെ ഗസ്സ നിവാസികള്‍ കാണിച്ചുകൊടുത്തത് ഈയിടെ ലോക ശ്രദ്ധ നേടിയിരുന്നു. ഇവിടെ സുല്‍ത്താന്‍ മാത്രമറിയുന്ന തുരങ്കങ്ങള്‍, കമ്പോള യൂനിറ്റുകള്‍ക്ക് പ്രത്യേകം സജ്ജമാക്കിയ മാര്‍ക്കറ്റ് സൗകര്യങ്ങള്‍, യുദ്ധോപകരണങ്ങള്‍ക്ക് മാത്രമായ വെടിമരുന്നു ശാലകള്‍. സൈനികര്‍ക്ക് ഒളിപ്പോരു നടത്താന്‍ തയാറാക്കപ്പെട്ടവ  വേറെതന്നെയുണ്ട് കോട്ടയില്‍. കോട്ടയുടെ ഉയര്‍ന്ന ഭാഗം ബിജായ് മണ്ഡല്‍ എന്നാണ് അറിയപ്പെടുന്നത്. കോട്ടയുടെ എല്ലാ ഭാഗത്തും നോട്ടമെത്തുന്ന പ്രധാന സ്ഥാനങ്ങളിലൊന്ന്. പാതി തകര്‍ന്ന ബുര്‍ജു മണ്ഡല്‍ എന്ന് വിളിക്കുന്ന കോട്ടയുടെ മറ്റൊരു ഭാഗവും സന്ദര്‍ശകര്‍ക്ക് കാണാം. ചരിവും വലിപ്പവുമുള്ള കോട്ടയുടെ മതിലുകള്‍ പ്രത്യേകം എടുത്തു പറയേണ്ടവ തന്നെയാണ്. ശത്രുക്കളുടെ പെെട്ടന്നുള്ള ആക്രമണത്തെ ചെറുക്കുന്നതില്‍ ചരിവോട് കൂടി നിര്‍മിച്ച ചുറ്റുമതിലുകള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്. ലോകത്തിന്റെ  വിവിധ ഭാഗങ്ങളില്‍നിന്ന് കൊണ്ടുവന്ന കല്ലുകളാണ് ചുറ്റുമതിലിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.

കോട്ട നിര്‍മിക്കാനുള്ള രണ്ടാമത്തെ കാരണം ഏതൊരു ഭരണകൂടത്തെയും പോലെ ശക്തവും കെട്ടുറപ്പുളളതുമായ ഒരു ഭരണസിരാകേന്ദ്രം വളര്‍ത്തിക്കൊണ്ടുവരികയായിരുന്നു.  തുഗ്ലക്കാബാദിനെ അത്തരമൊരു തലസ്ഥാന നഗരിയാക്കുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. ചരിത്രത്തില്‍ ദല്‍ഹിയിലെ മൂന്നാമത്തെ വലിയ നഗരപ്രദേശമായിട്ടാണ് തുഗ്ലക്കാബാദ് അറിയപ്പെടുന്നത്. മഹാരാഷ്ട്രയിലെ ദൗലത്താബാദിനെ രണ്ടാമത്തെ തലസ്ഥാന നഗരിയാക്കുന്നതില്‍ പരാജയപ്പെട്ട മകന്‍ മുഹമ്മദ് ബിന്‍ തുഗ്ലക്ക്, തുഗ്ലക്കാബാദിനെ തന്നെയാണ് അവസാനം വരെയും ഭരണകേന്ദ്രമായി അംഗീകരിച്ചത്. 

 

കോട്ടയിലെ നീര് വറ്റിയ ജലസംഭരണികള്‍

ദല്‍ഹിയില്‍ അന്നും ഇന്നും ജനങ്ങളുടെ പ്രധാന പ്രയാസങ്ങളിലൊന്നായിരുന്നു ജലദൗര്‍ലഭ്യം. ശാശ്വതമായ പരിഹാരം തുഗ്ലക്ക് ഭരണകൂടം ദല്‍ഹിക്ക് സമര്‍പ്പിച്ചതായി ചരിത്രം വിശദീകരിക്കുന്നുണ്ട്. ജലസംഭരണി (Water Reservoir) എന്ന് വിളിക്കാവുന്ന വലിയ സംഭരണ മാതൃക കോട്ടക്കകത്ത് നിര്‍മിക്കുകയും അതിനെ ബന്ധപ്പെടുത്തി ദല്‍ഹിയുടെ വിവിധ ഭാഗങ്ങളിലേക്ക് ജലം തിരിച്ചുവിടാനുള്ള സാങ്കേതികവിദ്യയും നിര്‍മിക്കപ്പെട്ടു. ഹൗള് ശംസി, ഹൗള് ഖാസ് തുടങ്ങിയ പേരിലറിയപ്പെടുന്ന ജലസംഭരണികള്‍ അന്നത്തെ വലിയ ജലസേചന മാതൃകകളായി പില്‍ക്കാലത്ത് അറിയപ്പെട്ടതില്‍ അത്ഭുതമില്ല. ഇന്നും കോട്ടക്കകത്ത് കല്‍പടവുകളാല്‍ അതിമനോഹരമായി നിര്‍മിക്കപ്പെട്ട, തകരാത്ത നീര് വറ്റിയ ഒരു ജലസംഭരണി സന്ദര്‍ശക ശ്രദ്ധയുടെ മുഖ്യ ഘടകങ്ങളാണ്. 

തുഗ്ലക്കാബാദ് ഇന്ന് ഒരുപാട് മാറിക്കഴിഞ്ഞു. പക്ഷേ ദല്‍ഹിയുടെ പ്രതിരോധക്കോട്ട കെട്ടിയ പ്രദേശം എന്ന നിലയില്‍ തന്നെയാണ് തുഗ്ലക്കാബാദ് അറിയപ്പെടുന്നത്. ഇന്ത്യന്‍ വായു സേന (Indian Air Force), ഇന്ത്യന്‍ അതിര്‍ത്തി സംരക്ഷണ സേന (Border Security Force), ഇന്തോ-തിബത്ത് അതിര്‍ത്തി പോലീസ് (Indo Tibetan Border Police) തുടങ്ങിയവയുടെ ആസ്ഥാനങ്ങള്‍ ഇന്നും തുഗ്ലക്കാബാദിന് അവകാശപ്പെട്ടതാണ്. ഏതൊരു ഭരണകൂടത്തെയും പോലെ തങ്ങളുടെ ശക്തി വിളിച്ചോതാന്‍ പടത്തുയര്‍ത്തിയ കോട്ടയല്ല ദല്‍ഹിയിലെ തുഗ്ലക്ക് കോട്ട. ആകാരഭംഗിയേക്കാള്‍ പ്രതിരോധമായിരുന്നു നിര്‍മാണ ലക്ഷ്യം. കേവല കൊട്ടാര മാതൃകകളല്ല കോട്ടക്കകത്ത് സജ്ജീകരിക്കപ്പെട്ടിട്ടുള്ളതെന്ന് മേല്‍ വിവരിച്ച വിശേഷങ്ങളില്‍നിന്ന് വായിച്ചെടുക്കാവുന്നതാണ്. ഇന്ത്യയുടെ പൈതൃക സമ്പത്തുകളില്‍ പ്രഥമ സ്ഥാനം നല്‍കപ്പെടേണ്ട തുഗ്ലക്കാബാദ് കോട്ട ഇന്ത്യയിലെ പുരാവസ്തുവകുപ്പിനെ ലജ്ജിപ്പിക്കും വിധമാണ് ഇന്ന് നിലനില്‍ക്കുന്നത്. വര്‍ഷംതോറും കോടിക്കണക്കിനു രൂപയുടെ വരുമാനമാണ്  പുരാവസ്തുവകുപ്പിലൂടെ മാറിവരുന്ന ഭരണവര്‍ഗങ്ങള്‍ ലാഭമുണ്ടാക്കുന്നത്. ലാഭത്തിന്റെ ഒരു ശതമാനം മാത്രം മതിയാകും തകര്‍ന്നുകൊണ്ടിരിക്കുന്ന ഓരോ പൈതൃക സമ്പത്തുകളെയും താങ്ങിനിര്‍ത്തി വരുംതലമുറക്ക് ഒരു നോക്കിന് അവസരമുണ്ടാക്കാന്‍. ഈ സംസാരം ഇന്ത്യയില്‍ ഓരോ നിമിഷവും മരണത്തിനു കാത്തു നില്‍ക്കുന്നതോ മരിച്ചുകൊണ്ടിരിക്കുന്നതോ ആയ പൈതൃകങ്ങളോടുള്ള ഐക്യപ്പെടലാണ്. മുറ്റത്തെ മുല്ലകള്‍ക്ക് കാവിപ്പുതപ്പിന്റെ മണമടിക്കുന്ന കാലവും പുതിയ ഇന്ത്യയില്‍ വിദൂരമല്ലെന്ന് ഓരോ ചരിത്ര വിദ്യാര്‍ഥിയും മനസ്സില്‍ അടയാളപ്പെടുത്തിക്കൊള്ളട്ടെ.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top