ആമിനുമ്മയുടെ ആത്മകഥ 1 ദീപ

 ഫൈസൽ കൊച്ചി, വര: തമന്ന സിത്താര വാഹിദ് No image


ദീപ

ആമിനുമ്മ....
അതെ. ആമിനുമ്മ. വാട്ട് ഹാപ്പന്‍ഡ്.....സുനിതേ, പ്ലീസ് ടെല്‍മീ ...ആമിനുമ്മാക്കെന്തു പറ്റി?
മറുപടിയൊന്നുമില്ല. അര മണിക്കൂര്‍ മുമ്പുള്ള അവളുടെ വാട്സ് ആപ് സന്ദേശമാണ്. ആമിനുമ്മയെന്നു മാത്രം. തിരക്കിട്ട ചില പണികളില്‍ പെട്ടതുകൊണ്ട് ഫോണ്‍ നോക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിന്റെ കലിയാകും, വിളിച്ചിട്ടവള്‍ ഫോണ്‍ എടുക്കുന്നില്ല. ആവര്‍ത്തിച്ചു വിളിച്ചപ്പോഴാകട്ടെ ലഭിക്കുന്നത് സ്വിച്ച് ഓഫ് സന്ദേശവും. ഹോസ്റ്റലില്‍ വാര്‍ഡന്‍ എത്തിയിട്ടില്ല. അങ്ങോട്ട് പുറപ്പെടാമെന്നു വെച്ചാലോ, സമയം വൈകി. പത്തു മിനുറ്റ് കഴിഞ്ഞാല്‍ മെയിന്‍ ഗെയ്റ്റിനു താഴു വീഴും. വാച്ച്മാന്‍ പാലക്കാടന്‍ പളനിസ്വാമിയോട് പിന്നെ സാക്ഷാല്‍ അയ്യപ്പന്‍ വന്നു പറഞ്ഞാലും തുറക്കുന്ന പ്രശ്നമില്ല. അതിനു മുമ്പ് അവളൊന്നു ഫോണെടുത്താല്‍ മതിയായിരുന്നു. നെറ്റ് ഓണ്‍ ചെയ്ത് വാട്സ് ആപ്പ് വീണ്ടും പരിശോധിച്ചു. തുടരെത്തുടരേയുള്ള ചോദ്യങ്ങള്‍ അവള്‍ കണ്ടിട്ടുണ്ട്. പക്ഷേ, മറുപടി അയച്ചിട്ടില്ല. അല്ലെങ്കില്‍ ഏതുനേരവും ഫോണില്‍ കളിക്കുന്നവളാണ്. ഫോണാണവളുടെ സന്തത സഹചാരി. അതുവഴി കുറേ സൗഹൃദങ്ങളും സ്വന്തമായുണ്ട്. അവളോട് നേരിട്ട് സംസാരിക്കുന്നതിനേക്കാള്‍ നല്ലത് ഫോണില്‍ സംസാരിക്കുന്നതാണ്. നേരിട്ട് സംസാരിക്കുമ്പോഴും അവള്‍ക്ക് കോളുകളും മെസേജുകളും വന്നുകൊണ്ടിരിക്കും. വണ്‍ മിനുറ്റ് എന്നു പറഞ്ഞ് അവള്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍ അര മണിക്കൂര്‍ കഴിഞ്ഞാലും അവസാനിക്കുകയില്ല. മറ്റുള്ളവര്‍ മാനത്തുനോക്കി കാത്തുനില്‍ക്കുന്നതൊന്നും അവള്‍ക്കൊരു പ്രശ്നമാകാറില്ല.
എന്നാലും എന്തായിരിക്കും അവള്‍ ഫോണെടുക്കാത്തത്? ഇനി ചിലപ്പോള്‍ അവളും തിരക്കിലാകുമോ. അഥവാ ആമിനുമ്മാക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമോ? അവരേയുംകൊണ്ട് അവള്‍ ആശുപത്രിയിലായിരിക്കുമോ? അവസാനം ചെന്നു കണ്ടപ്പോള്‍ അവര്‍ പറഞ്ഞതിപ്പോഴും കാതിലുണ്ട്.
ആമിനുമ്മാക്ക് ഇപ്പോള്‍  പഴയതുപോലെ ബയ്യ മക്കളേ.... ഇനി എത്ര കാലന്നൊന്നും അറിഞ്ഞൂടാ. ന്റെ മക്കള് ന്നെ തക്കം കിട്ടുമ്പം ബന്ന് കാണണം.
കണ്ണു നിറഞ്ഞുപോയതാണ്.
എന്താണ് ഉമ്മാ ഇങ്ങനെയൊക്കെ. അതിനു മാത്രം പ്രായൊന്നും ഉമ്മാക്കായിട്ടില്ല. മ്മ ഇപ്പഴും നല്ലൊരു മൊഞ്ചത്തിക്കുട്ടിയല്ലേ.
അതുകേട്ട് അവര്‍ കുലുങ്ങിചിരിച്ചു. ആ ചിരി പക്ഷേ, ചുമയിലാണ് അവസാനിച്ചത്. അവരുടെ കണ്ണുകളില്‍ വെള്ളം നിറഞ്ഞു. ശ്വാസം കിട്ടാത്തതുപോലെ. കുറേ നേരം തലയും പുറവും തടവിക്കൊടുത്തപ്പോള്‍ ആശ്വാസം തോന്നി. യാത്ര പറഞ്ഞിറങ്ങാന്‍ നേരം വീണ്ടും വിളിച്ചു നെറുകെയില്‍ ഉമ്മ തന്നു.
പളനി സ്വാമിയെ ജനലിലൂടെ കണ്ടപ്പോഴാണ് ഓര്‍മയില്‍ നിന്നുണര്‍ന്നത്. അയാള്‍ ടോര്‍ച്ചും വെള്ളവുമൊക്കെയെടുത്ത് കവാടത്തിലേക്ക് പുറപ്പെടാനുള്ള മട്ടാണ്. ഇനിയും അമാന്തിച്ചു നിന്നിട്ടു കാര്യമില്ല. ചെറിയ ബാഗില്‍ രണ്ടുമൂന്നു ചുരിദാറുകളും മറ്റും വലിച്ചുവാരി എടുത്തുവെച്ചു. ലാപ്ടോപ്പും മൊബൈല്‍ ഫോണ്‍ ചാര്‍ജറുകളുമെല്ലാം വാരിക്കൂട്ടി. സുഖമില്ല, വീട്ടില്‍ പോകുന്നുവെന്ന് വാര്‍ഡന് കുറിപ്പെഴുതിവെച്ചു. വാഷ്റൂമില്‍ കയറി വേഗം ഫ്രഷായി. മുറിയില്‍ നിന്നും പുറത്തിറങ്ങിയപ്പോഴേക്കും മഴ ചാറുന്നുണ്ടായിരുന്നു. പെട്ടെന്ന് ഇരുട്ടായതുപോലെ. പളനി സ്വാമി വാതില്‍ പൂട്ടാനുള്ള പുറപ്പാടിലാണ്.
പളനി സ്വാമീ...
ഉറക്കെ വിളിച്ചതും അയാള്‍ തിരിഞ്ഞുനോക്കി.
സ്വാമി....ഒടമ്പുക്ക് തീരേ സുഖമില്ല.....അന്ത ആസ്പത്രീ വരേ പോണമാട്ടെ...
സരീ...സരീ... വെറ്റിലക്കറയുള്ള പല്ലു കാട്ടി അയാള്‍ ചിരിച്ചതും പുറത്തേക്കിറങ്ങിയതും പൊടുന്നനെയായിരുന്നു. സ്വാമി വാതിലടച്ചു കഴിഞ്ഞാല്‍ പിന്നെ വാര്‍ഡന്‍ നേരിട്ടുവിളിച്ചു പറഞ്ഞാല്‍ മാത്രമേ തുറക്കാറുള്ളൂ. ഒരിക്കല്‍ ജൂല വിസിറ്ററായി ഹോസ്റ്റലില്‍ കാണാന്‍ വന്നപ്പോഴുള്ള അനുഭവമാണ് രസകരം. അവള്‍ക്കന്ന് ഒരു ഇന്റര്‍വ്യൂ ഉണ്ടായിരുന്നു. സമയം വൈകിയപ്പോള്‍ ഹോസ്റ്റലില്‍ തങ്ങാന്‍ തീരുമാനിച്ചു. ആറര മണിയുടെ ഗേറ്റ് അടക്കലിനെ കുറിച്ചറിയാതെ അവള്‍ ഫോണ്‍ കാര്‍ഡ് വാങ്ങാന്‍ പോയി. പളനി സ്വാമി ഗേറ്റും അടച്ചു. തിരച്ചുവന്ന അവള്‍ പുറത്തുനില്‍പ്പായി. പലതവണ സ്വാമിയോട് പോയി പറഞ്ഞിട്ടും അയാള്‍ സമ്മതിച്ചില്ല. അന്ന് ജൂലക്ക് ടാക്സി പിടിച്ചു വീട്ടില്‍ പോകേണ്ടി വന്നു.
ഇത് ഹോസ്റ്റലല്ല ജയിലാണെന്നു പറഞ്ഞു കെറുവിച്ചിട്ടാണ് അവള്‍ പോയത്.
വാര്‍ഡനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. പൊട്ടിത്തെറിക്കുന്ന പ്രായമുള്ള കുറേ സുന്ദരികളാണ് ഹോസ്റ്റലിലെ അന്തേവാസികള്‍. പകുതിയിലധികവും വിദ്യാര്‍ഥിനികള്‍. എണ്ണം പറഞ്ഞ കുറച്ചു ജോലിക്കാരികളും.
എങ്ങോട്ടാ ചേച്ചീ ഈ രാത്രീല്... ഞാന്‍ കൊണ്ടുവിടണോ...?
ബൈക്കിലെത്തിയ ഒരുത്തന്‍ അടുത്തുനിര്‍ത്തി ചോദിച്ചപ്പോഴാണ് ശ്രദ്ധിച്ചത്. നടന്നു നടന്ന് ബസ്റ്റ് സ്റ്റാന്റിന്റെ സമീപമെത്തിയിരിക്കുന്നു. ചിന്തയിലാണ്ട് പൊട്ടിയ പട്ടം പോലെയുള്ള നടപ്പുകണ്ടിട്ടാണ് അവന്‍ ചോദിക്കുന്നത്.
ഹയ്യോ ബുദ്ധിമുട്ടണമെന്നില്ല... നന്ദിയുണ്ട്... പെരുത്തു നന്ദിയുണ്ട്. നിങ്ങളെ പോലുള്ള പരസഹായികളുള്ളതുകൊണ്ട് പെണ്‍കുട്ടികള് ഉദ്ദേശിച്ചടുത്ത് ബുദ്ധിമുട്ടില്ലാതെ എത്തുന്നുണ്ട്... താങ്ക്സ്...
വെല്‍കം ചേച്ചീ...
അവന്‍ ചീറിപ്പാഞ്ഞുപോയി.
ഈ ധൈര്യം ആമിനുമ്മ പകര്‍ന്നുനല്‍കിയതാണ്. ആമിനുമ്മ പറയും.  പെണ്ണുങ്ങളാണെന്നു കരുതി കുഴഞ്ഞാടി നടക്കുകയോ സംസാരിക്കുകയോ ചെയ്യരുത്. ആരുടെ മുന്നിലും നല്ല ചൊടിയോടെ നില്‍ക്കണം. എന്താടീ എന്നു ചോദിച്ചാല്‍ പോടാ എന്നു തന്നെ പറയണം. പെണ്‍ജന്മം കരയാനായിട്ടുള്ളതാണെന്നു ആളുകളെക്കൊണ്ട് പറയിപ്പിക്കരുത്. പ്രത്യേകിച്ചും പഠിപ്പുള്ള പെണ്‍കുട്ടികള്‍.
ആമിനുമ്മക്ക് ലോകവിവരം മാത്രമേ ഉള്ളൂ.
ബസ് സ്റ്റാന്റും പരിസരവും ജനനിബിഡമാണ്.
മോളെങ്ങോട്ടാ...
ട്രാന്‍സുകാരോടൊപ്പമിരുന്ന് സംസാരിച്ചിരുന്ന ഒരാള്‍ കൂടെ കൂടി.
ബോട്ട് ജെട്ടിയിലോട്ടാ.
ഞാനും അങ്ങോട്ടാ... ഒരുമിച്ചു പോകാല്ലേ...
ഹതെന്താ, ചേട്ടനു ഒറ്റക്കു പോകാന്‍ പേടിയാണോ?
അല്ലാ, മോള്‍ക്ക് പേടിയില്ലേ? ഒറ്റക്കല്ലേ, അതോണ്ടാ...
എനിക്ക് പേടിയില്ല. ഇതൊക്കെ ഞങ്ങളുടെ ജോലിയുടെ ഭാഗാ...
അയാളുടെ മകള്‍ എന്ന വിളി ഇഷ്ടമായി. കൂടെ സംസാരിച്ച് ബോട്ടുജെട്ടി വരെ നടന്നു. രാത്രിയിലെ അവസാന ട്രിപ്പാണ്. ടിക്കറ്റ് കൗണ്ടറില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. സ്ത്രീകളുടെ ഭാഗം പക്ഷേ കാലിയായിരുന്നു. വേഗം ടിക്കറ്റ് ലഭിച്ചു. അയാള്‍ക്കും ഒരെണ്ണം എടുത്തുകൊടുത്തു.
ബോട്ടിലും അയാള്‍ അടുത്തു വന്നിരുന്നു വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. ഒന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. ചിന്തയില്‍ മുഴുവന്‍ ആമിനുമ്മയായിരുന്നു.
ബോട്ടിറങ്ങിയിട്ട് എങ്ങോട്ടാ പോവുക?
അയാള്‍ വിടാനുള്ള ഭാവമില്ല.
ജനവാടിയിലേക്ക്.
ജനവാടിയിലോ? അവിടെ മോള്‍ക്ക് ആരാണുള്ളത്?
അവിടെയാണ് എന്റെ എല്ലാരുമുള്ളത്. പ്രത്യേകിച്ച് എന്റെയുമ്മ.
ഉമ്മയോ...? അപ്പോ മോള്‍ടെ പേര്.
എന്റെ പേര് ദീപ.
നെറ്റിയില്‍ പൊട്ടുതൊട്ടവള്‍ക്ക് ഉമ്മയോ! അതായിരുന്നു അയാളുടെ സംശയം. പിന്നെ അയാള്‍ ഒന്നും ചോദിക്കുകയോ സംസാരിക്കുകയോ ചെയ്തില്ല.
ബോട്ടിറങ്ങിയതും ഓടി ഒരു ഓട്ടോറിക്ഷയിലക്ക് കയറി. മൂളിപ്പായുന്ന വണ്ടിനെ പോലെ റിക്ഷ ഇഴഞ്ഞുനീങ്ങി.
ഇവിടെ നിരത്തുകള്‍ ഇപ്പോഴും സജീവം. സ്ത്രീകളെല്ലാം പുറത്തിറങ്ങിനിന്ന് സംസാരിക്കുകയും ഉറക്കെ ചിരിക്കുകയും ചെയ്യുന്നു. ഓട്ടോറിക്ഷ കാണുമ്പോള്‍ മാത്രമാണ് ആളുകള്‍ നിരത്തിന്റെ നടുക്കുനിന്നും മാറിനില്‍ക്കുന്നത്. കുട്ടികള്‍ വഴിയില്‍ പല ഭാഗത്തും ബാറ്റ് കളിക്കുന്നുണ്ട്. റിക്ഷ വേഗം ജനവാടിയിലെത്തി.
ആമിനുമ്മയുടെ വീടിന്റെ ഭാഗത്തു നോക്കിയതും മനസ്സൊന്നു പിടഞ്ഞു.
ആമിനുമ്മയുടെ വീട്ടുമുറ്റത്ത് രാത്രിയിലും ആള്‍ക്കൂട്ടം.
ദൈവമേ എന്റുമ്മയ്ക്ക് എന്തു പറ്റി?
വീട്ടിലേക്കുള്ള ഓട്ടമായിരുന്നു പിന്നെ.

(തുടരും)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top