ഞങ്ങള്‍ നിസ്സഹായര്‍; കല്യാണ കച്ചവടത്തിന് അന്ത്യമില്ലേ?

No image

അന്‍ഷിഫ് കൊടുവള്ളി
സ്ത്രീധനം വേണോ വേണ്ടയോ എന്ന തീരുമാനമെടുക്കണമെങ്കില്‍ ആദ്യം ഇതിന്റെ ഉത്ഭവം എവിടെ നിന്നാണ്, എങ്ങനെ ഈ രീതിയിലെത്തി തുടങ്ങിയ കാര്യങ്ങള്‍ അറിയേണ്ടതുണ്ട്. സ്ത്രീധനം ഒരു പുരാതന ആചാരമാണ്. വിവാഹസമയത്ത് വധുവിന്റെ കുടുംബം വരനോ അവന്റെ കുടുംബത്തിനോ നല്‍കുന്ന സ്വത്ത്, പണം പോലുള്ള പേയ്‌മെന്റാണത്രെ സ്ത്രീധനം. ബാബിലോണിയന്‍ സംസ്‌കാരത്തിലെ നിയമ പുസ്തകമായി പറയപ്പെടുന്ന ഹാമുറാബിസ് കോഡില്‍ വ്യത്യസ്തമായ വിവാഹരീതികള്‍  കാണാം. വിവാഹ പ്രായമെത്തിയ സ്ത്രീകളെ പിതാക്കന്മാര്‍ ചന്തപോലുള്ള സ്ഥലങ്ങളില്‍ എത്തിച്ച് അവിടെനിന്നും തനിക്കനുയോജ്യമായ സ്ത്രീകളെ പുരുഷന്മാര്‍ തെരഞ്ഞെടുക്കുകയാണ് ചെയ്തിരുന്നതെന്നാണ് ഈ നിയമ പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുള്ളത്. പക്ഷേ, ഈ തെരഞ്ഞെടുപ്പിന്റെ സമയത്ത് പോലും പുരുഷന്മാര്‍ സ്ത്രീകളുടെ കുടുംബത്തിനാണ് പണം നല്‍കിയിരുന്നത്. അതായത്, ഇന്ന് കാണുന്ന സ്ത്രീധനത്തിന്റെ മറുവശം. ഇവിടെ പോലും ഒരു വില്‍പന ചരക്കായി സ്ത്രീകളെ കാണുന്നില്ല. പഴയ കാലങ്ങളില്‍ പ്രധാന വരുമാന മേഖല കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടതായിരുന്നു. വിവാഹത്തോടെ സ്ത്രീയായായാലും പുരുഷനായാലും തങ്ങള്‍, കുടുംബത്തിന് ചെയ്തുവന്ന സേവനങ്ങള്‍ നിലച്ചു പോവുന്നു. ആ നഷ്ടം നികത്തുന്നതിന് വേണ്ടിയാണ് ഈ പണം കൈമാറ്റം ചെയ്യപ്പെട്ടിരുന്നത് എന്നാണ് പറയപ്പെടുന്നത്.
എന്നാല്‍, സ്ത്രീധനം മറ്റൊരു രൂപത്തില്‍ നടപ്പിലായത് ജാതിസമ്പ്രദായം ഇന്ത്യയില്‍ ശക്തിപ്പെട്ടതോടെയാണ്. ഉന്നത ജാതിയില്‍ പെട്ടവര്‍ സ്ത്രീധനം കര്‍ശനമായി പിന്തുടര്‍ന്നുവെന്നാണ് പറയപ്പെടുന്നത്. തല്‍ഫലമായി ഗാര്‍ഹിക പീഡനങ്ങളും സ്ത്രീധന മരണങ്ങളും വര്‍ധിച്ചു. അങ്ങനെയാണ് 1961 മെയ് ഒന്നിന് 'ഡൗറി പ്രൊഹിബിഷന്‍ ആക്ട്' (സ്ത്രീധന നിരോധന നിയമം) നിലവില്‍ വന്നത്.  ഈ നിയമത്തില്‍ കുറേ പഴുതുകളുണ്ടെന്നും പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ലെന്നും ഭരണകൂടമുള്‍പ്പെടെ മനസ്സിലാക്കിയതോടെ പഴുതുകളടച്ച് 1985ല്‍ സെഷന്‍ 304 ബി, 498 എ ഗാര്‍ഹിക പീഡനം വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്ത് ഭേദഗതി ചെയ്തു. എന്നിരുന്നാലും നമ്മുടെ രാജ്യത്ത് ഈ ദുരാചാരം യാതൊരു തടസ്സവുമില്ലാതെ തുടരുകയാണ്. 1998 മുതല്‍ 2018 വരെയുള്ള കാലയളവില്‍ സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 40 മുതല്‍ 50 ശതമാനം വരെ ഗാര്‍ഹിക മരണങ്ങള്‍ സ്ത്രീധനവുമായി ബന്ധപ്പെട്ട് ഉണ്ടായതായി  പറയുന്നു. 2019 ല്‍ മാത്രം 304 ബി നിയമപ്രകാരം 7115 കേസുകളാണ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.  ഈ കണക്കുകളെല്ലാം സൂചിപ്പിക്കുന്നത് ഭരണകൂട സംവിധാനങ്ങളും നിയമം ശക്തമാക്കിയാല്‍ പോലും സമൂഹത്തില്‍ ബോധവല്‍ക്കരണം നടത്തുകയും ശക്തമായി നിലപാടെടുക്കുകയും ചെയ്തില്ലെങ്കില്‍ ഈ അനാചാരം  ഒരിക്കലും അവസാനിക്കില്ല എന്നാണ്.
സാക്ഷര കേരളത്തില്‍ അടുത്ത് നടന്ന സംഭവം മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. മനുഷ്യനും സ്‌നേഹത്തിനും ഒരു വിലയുമില്ലേ എന്ന മനസ്സുലയുന്ന ചോദ്യം ബാക്കിയാക്കിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മിടുക്കിയായ ഇരുപത്തിയാറുകാരി പി.ജി വിദ്യാര്‍ഥിനി ഡോ. ഷഹന തന്റെ ജീവിതം സ്വയം അവസാനിപ്പിച്ചത്. പി.ജി പഠനത്തിന് അഡ്മിഷന്‍ ലഭിക്കണമെങ്കില്‍ സ്ത്രീധനം വാങ്ങിക്കില്ലെന്ന സത്യവാങ്മൂലം സമര്‍പ്പിക്കേണ്ട നാട്ടില്‍, സ്ത്രീധന പ്രക്രിയയില്‍ ഏര്‍പ്പെട്ടാല്‍ ഡിഗ്രി പോലും നഷ്ടമാവുന്ന നാട്ടില്‍ സ്ത്രീധന വിലപേശലിന്റെ ഇരകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ 7 വര്‍ഷത്തിനിടയില്‍ എഴുപതിലധികം സ്ത്രീധന മരണങ്ങളാണ് കേരളത്തില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
സ്വപ്നം കണ്ട ജീവിതം തകര്‍ക്കുന്നത് സ്ത്രീധനം തന്നെ. 'വിദ്യാധനം സര്‍വധനാല്‍ പ്രധാനം' എന്നതിന്റെ പ്രസക്തിയെപോലും സ്ത്രീധനം ചോദ്യം ചെയ്തിരിക്കുന്നു. മനോവീര്യവും ശ്രദ്ധയും എല്ലാം വേണ്ട ഉദ്യോഗം നേടിയിട്ടും, ഇത്രയും പഠിച്ച് വളര്‍ന്നിട്ടും ആത്മഹത്യയിലേക്ക് നയിക്കാന്‍ പാകത്തില്‍ സ്ത്രീധനം ഉപാധിയാവുകയാണ്. സ്‌നേഹത്തെക്കാള്‍ മൂല്യം പണത്തിനാണെന്ന് വന്നാല്‍ അത് വലിയ അപകടമാണ്. ഇനിയുമൊരു ഷഹനയും വിസ്മയയും  ഉണ്ടാവാതിരിക്കാന്‍ എന്ത് ചെയ്യണമെന്ന ആലോചനയാണ് വേണ്ടത്. വിദ്യ അഭ്യസിക്കുന്ന പ്രാരംഭ ഘട്ടം മുതല്‍ തന്നെ മാനസികാരോഗ്യം നിലനിര്‍ത്തുന്നതിന്റെ പ്രാധാന്യം കൂടി സിലബസില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഗൗരവത്തോടെ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഭരണകൂടത്തിന്റെ അലംഭാവം അമ്പരപ്പിക്കുന്നു.
മാധ്യമവാര്‍ത്തകളുടെ തലക്കെട്ടുകള്‍ക്ക് ക്ഷണ നേരമാണ് ആയുസ്സ്. ചര്‍ച്ചകള്‍ മിനുട്ടുകള്‍ മാത്രം. പുതിയ വാര്‍ത്തകള്‍ കിട്ടുമ്പോള്‍ അതവിടെ അവസാനിക്കും. ഇത്തരം സംഭവങ്ങള്‍ കുറച്ചുനാളത്തേക്ക് വാര്‍ത്തയാവുന്നു. ശേഷം 'നിര്‍ഭാഗ്യകരമായിപ്പോയി' എന്നുപറയും! അത്ര തന്നെ. സമൂഹത്തിന്റെ അടിസ്ഥാനപരമായ മനോഭാവം മാറാതെ സ്ത്രീധനം ഇല്ലാതാവില്ല. തന്നിലെ മനുഷ്യത്വം പുറത്തു വരാത്തവിധം രാഷ്ട്രീയവും മതവും ജാതിയും ആഡംബരഭ്രമവും സാധാരണ മനസ്സിനെ അടിച്ചമര്‍ത്തിവെച്ചിരിക്കുന്നു. തല്‍ഫലമായി ഞങ്ങൾ നിസ്സഹായരാവുന്നു

അഖിന്‍.പി

സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണെന്നുള്ള നിയമവ്യവസ്ഥ നിലനില്‍ക്കെ തന്നെ സ്ത്രീധനം മൂലമുള്ള മരണങ്ങള്‍ വര്‍ധിക്കുകയാണ്, ഒരു വിദ്യാര്‍ഥി എന്ന നിലയില്‍ അടുത്തിടെ കേരളത്തില്‍ ഉണ്ടായ ഈ സാമൂഹിക വിപത്തിനെ വളരെ നിരാശയോടെയും തെല്ലൊരു ഭയത്തോടെയുമാണ് കാണുന്നത്. പണത്തോടും സ്വത്തിനോടുമുള്ള മനുഷ്യന്റെ ത്വര സാക്ഷര കേരളത്തെ മുഴുക്കെ അപമാനത്തിലാക്കുന്ന സ്ഥിതിയാണ് ഉണ്ടാക്കിയത്. ഈ അവസ്ഥക്ക് ഉയര്‍ന്ന വിദ്യാഭ്യാസവും തൊഴിലും ഉള്ളവരെന്നോ ഇല്ലാത്തവരെന്നോ വ്യത്യാസമില്ല. ഒരുപാട് പേര്‍ ഈ സ്ഥിതിക്ക് ഇരകളായി ഭാര്‍തൃഗൃഹങ്ങളില്‍ കഴിയുന്നുണ്ട്. സര്‍ക്കാരുകള്‍ ഈ വിഷയങ്ങളില്‍ വേണ്ടവിധം നടപടികളും ബോധവല്‍ക്കരണങ്ങളും നല്‍കാറുണ്ടെങ്കിലും ഇനിയും മികച്ച രീതിയില്‍ സ്ത്രീധനം എന്ന വിപത്ത് ഇല്ലാതാക്കാന്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. അത് സാധ്യമാണെന്ന് നമുക്ക് മുന്നേ കടന്നുപോയ സമൂഹത്തെ നിരീക്ഷിച്ചാല്‍ മനസ്സിലാവും. സതി പോലുള്ള അനാചാരത്തെ തുടച്ച് നീക്കിയതുപോലെ ഇതും തുടച്ചുനീക്കപ്പെടണം. സാമൂഹ്യ മാധ്യമങ്ങളുടെ ഇടപെടലിന് വലിയ സാധ്യതയുള്ള, വിദ്യാസമ്പന്നരുള്ള സമൂഹത്തില്‍ തീര്‍ച്ചയായും അത് പ്രാപ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
l
സ്‌നേഹം ഒരു ശുദ്ധമായ വികാരമാകുമ്പോള്‍ വിവാഹം അതിന്റെ പ്രകൃതമായ പ്രകടനമാണ്. പിന്നെ എന്തിനാണ് സമൂഹം ഇതൊരു ബിസിനസ്സ് ആക്കാന്‍ ശ്രമിക്കുന്നത്? ഒരു ഓഹരി ഉടമയെ അല്ല, ഒരു ജീവിതപങ്കാളിയെ ആണ് തെരഞ്ഞെടുക്കേണ്ടത്.
മുഖ്യമന്ത്രി പറഞ്ഞ പോലെ, സ്ത്രീധനം തന്നാല്‍ മാത്രമേ വിവാഹം ചെയ്യൂ എന്ന് പറഞ്ഞാല്‍ താന്‍ പോടോയെന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് കഴിയണം. നിശ്ശബ്ദം സഹിച്ചും ക്ഷമിച്ചും അടിമയെപ്പോലെ ജീവിക്കില്ലെന്ന് മനസ്സിലുറപ്പിക്കേണ്ടിയിരിക്കുന്നു. ഇത്തരം ജീവിതസാഹചര്യങ്ങളില്‍ കൂടി പോകുമ്പോള്‍ അവള്‍ പ്രതികരിക്കാതിരിക്കുന്നത്് പേടികൊണ്ടാണെന്ന് കരുതരുത്. മുതലെടുക്കാന്‍ ശ്രമിച്ചാല്‍ ഇന്നത്തെ പെണ്മക്കള്‍ക്ക് പൊട്ടിത്തെറിക്കാന്‍ അധികം സമയം വേണ്ട. സ്വന്തം ആശയങ്ങള്‍ പ്രകടിപ്പിക്കുമ്പോഴും പ്രതികരിക്കുമ്പോഴും സമൂഹം അവളെ അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്നു. പ്രതികരിക്കാന്‍ തുടങ്ങുന്ന പെണ്‍കുട്ടികള്‍ സ്ഥിരം കേള്‍ക്കുന്ന ചോദ്യമാണ് 'നീ ആണ്‍കുട്ടി ആണോ' എന്ന്. പെണ്ണിനും പ്രതികരിക്കാനുള്ള അവകാശമുണ്ട്.
സ്ത്രീധനത്തിന്റെ പേരില്‍ ഓരോ വര്‍ഷവും 8,000 ത്തിലധികം സ്ത്രീകളാണ് പീഡനം സഹിക്കുകയും കൊല്ലപ്പെടുകയും ആത്മഹത്യ ചെയ്യുകയും ചെയ്യുന്നത്. ഇന്ത്യയില്‍ വിവാഹപ്രായമായ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ചെലവുകളെ കുറിച്ചാണ് വേവലാതിപ്പെടുക. അവളെ വളര്‍ത്തി വലുതാക്കുന്നത് വല്ലവനും കൊണ്ടുപോയി കൊലക്ക് കൊടുക്കാനല്ലെന്ന് മാതാപിതാക്കള്‍ തീരുമാനിക്കണം. ഒപ്പം ആണ്‍മക്കള്‍ കൊലയാളി മനസ്‌കരും മാതാപിതാക്കളുടെ ദുസ്വപ്‌നവുമായി മാറാതിരിക്കാനും ശ്രദ്ധിക്കണം. ഒട്ടുമിക്ക സ്ത്രീധന-ഗാര്‍ഹിക പീഡന സംഭവങ്ങളിലും ഭര്‍തൃഗൃഹത്തിലെ മാതാപിതാക്കള്‍ക്കുള്ള പങ്ക് വലുതാണ്.
കൊല്ലാന്‍ വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത പങ്കാളിക്കൊപ്പം ഒരു വഴിയുമില്ലാതെ ജീവിതം കെട്ടിപ്പടുക്കാന്‍ നിര്‍ബന്ധിതരാവുന്ന പെണ്‍കുട്ടികള്‍ക്ക് തുണയായി ആരുണ്ട്?
കുട്ടിയെ ഞങ്ങള്‍ക്ക് ഇഷ്ടായി, എന്ത് തരും എന്ന് ചോദിച്ചവരോട്, ഇവിടെനിന്ന് ഇറങ്ങിപ്പോകാന്‍ അഞ്ചു മിനിറ്റ് തരും, എന്ന കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഇങ്ങനെ സ്വന്തം തീരുമാനം പ്രകടിപ്പിക്കാനും പകര്‍ത്താനും ആണ്‍കുട്ടികളും പെണ്‍കുട്ടികളും തയ്യാറാവുമ്പോള്‍ മാറ്റം വരികതന്നെ ചെയ്യും. കളിക്കാന്‍ കിച്ചന്‍ സെറ്റ് കിട്ടുന്നതുമുതല്‍ നോക്കിനടത്താന്‍ കിച്ചന്‍ കിട്ടുന്നതില്‍ ഒതുങ്ങി കൂടേണ്ടതല്ല ഒരു സ്ത്രീയുടെ ജീവിതം.
ആണ്‍കുട്ടികളോട് പറയാനുള്ളത്, പണത്തിനു വേണ്ടി അവളെ ഉപയോഗിക്കാതിരിക്കുക. അവളെ മതി, അവളുടെ സ്വത്തിനെയോ പണത്തെയോ അല്ല എന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കണം.
ഇന്ന് ആണ്‍കുട്ടികളില്‍ പലരും സ്ത്രീ തന്നെയാണ് ധനം എന്ന ആശയത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ട്. ശരിയുടെ ഭാഗത്ത് നില്‍ക്കുന്ന ആണ്‍കുട്ടികളോടും ഇവരെ പ്രോത്സാഹിപ്പിക്കുന്ന പെണ്‍കുട്ടികളോടും ഇഷ്ടമാണ്.
പണവും സ്വത്തും മാത്രമല്ല അവളുടെ വ്യക്തിത്വം, കുടുംബം, സ്വാതന്ത്ര്യം, തൊഴില്‍, സുഹൃത്തുക്കള്‍, സ്വപ്നങ്ങള്‍, മൂല്യങ്ങള്‍ എന്നിവ ഉപേക്ഷിക്കാന്‍ സ്ത്രീയോട് പറയുന്നതും സ്ത്രീധനമാണ്.
നോ പറയേണ്ടിടത്ത് നോ എന്ന് ആരെയും പേടിക്കാതെ പറയാനാവണം. ആരുടേയും വാക്കുകളുടെയും തീരുമാനങ്ങളുടെയും പേരിലല്ല, നീതിയുടെയും സ്വന്തം തീരുമാനങ്ങളുടെയും പേരില്‍ ഉറച്ച് നില്‍ക്കുക. മാതാപിതാക്കള്‍, വരന്‍ എന്ത് കരുതും എന്ന് കരുതി നിശബ്ദമാവാതിരിക്കുക. കാരണം, കാലത്തിന്റെ ചിന്താഗതി മാറ്റാന്‍ നിങ്ങളുടെ ആദ്യ പ്രതികരണത്തിന് സാധിക്കും. സ്ത്രീധനം വര്‍ഷങ്ങളായി നടത്തിവരുന്ന ആചാരങ്ങളല്ലേ? ഒരു സുപ്രഭാതത്തില്‍ നിര്‍ത്താന്‍ പറ്റുമോ എന്നാണ് പുരോഗമന ചിന്താഗതിക്കാര്‍ എന്നവകാശപ്പെടുന്നവരുടെ പോലും നിലപാട്. വര്‍ഷങ്ങളായി പതിനായിരക്കണക്കിന് കുടുംബങ്ങള്‍ തകര്‍ന്ന് തരിപ്പണമായതും കണ്ണീര്‍ കുടിക്കുന്നതും ഇത്തരം ആചാരങ്ങളുടെ പേരിലാണെന്ന് ഇനിയെങ്കിലും തിരിച്ചറിഞ്ഞ് മാമൂലുകളുടെ മാറാലക്കെട്ട് തൂത്ത് തുടച്ച് വൃത്തിയാക്കാന്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒറ്റക്കെട്ടായി നില്‍ക്കണം.

റിഫ റിയാസ് 

അസ്മ പി

എത്ര പുരോഗമിച്ചാലും, പുരോഗമനം വരാത്ത ചില സമ്പ്രദായങ്ങള്‍ ഉണ്ട് നമ്മുടെ നാടിന്. അത്തരത്തില്‍ ഒരുപാട് കുടുംബങ്ങളുടെ കണ്ണീരിനും കഷ്ടപ്പാടിനും ഇടയാക്കിയ ഒന്നാണ് സ്ത്രീധനം. വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചത് ജാതിയുടെയും മതത്തിന്റെയും പേരിലാണെങ്കില്‍ ഇനി അതേ വിശേഷണം വീണ്ടും ലഭിക്കാന്‍ പോകുന്നത് സ്ത്രീധനത്തിന്റെ പേരിലായിരിക്കും. സാക്ഷരതയുടെ കാര്യത്തില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന കേരളം ഇത്തരം കാര്യങ്ങളില്‍ എന്തേ പിന്നോക്കം പോകുന്നു. ഇതില്‍ ആരെ നമ്മള്‍ കുറ്റപ്പെടുത്തണം? സ്ത്രീധനം വാങ്ങുന്നവരെയോ കൊടുക്കുന്നവരെയോ അതോ, എല്ലാം അറിഞ്ഞിട്ടും കണ്ണടക്കുന്ന മതവിഭാഗങ്ങളെയോ? ഹിന്ദുമതത്തില്‍ കന്യാദാനത്തില്‍ നിന്നാണ് സ്ത്രീധനത്തിന്റെ തുടക്കം എന്ന് പറയപ്പെടുന്നു. എന്നാല്‍, ഏതു വേദങ്ങളിലാണ് കന്യാദാനം  പരാമര്‍ശിക്കപ്പെടുന്നത്? സ്ത്രീക്ക് അങ്ങോട്ട് മഹര്‍ നല്‍കി നിക്കാഹ് നടത്തുന്ന മുസ്ലിംകളോട്, നിങ്ങള്‍ ഏത് കിതാബിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീധനം വാങ്ങുന്നത്? ഇനി ക്രിസ്ത്യനോ ജൂതരോ മതമേതുമാകട്ടെ, ചോദ്യം ഒന്നുതന്നെ, ഏത് മതഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ സ്ത്രീധനം വാങ്ങുന്നത്? പലതും നമ്മള്‍ ഉണ്ടാക്കിയെടുത്ത ന്യായങ്ങള്‍ മാത്രമാണ്.
ഇനി സ്ത്രീധനം നല്‍കി വിവാഹം നടത്തുന്ന മാതാപിതാക്കളോട്. നിങ്ങളുടെ മകളെ പണം ചോദിക്കുന്ന  ഒരാള്‍ക്ക് എന്ത് വിശ്വാസത്തിലാണ് നിങ്ങള്‍ വിവാഹം കഴിച്ചുകൊടുക്കുന്നത്? സ്വന്തം വീട്ടില്‍ ഉണ്ടാവുന്നതിനേക്കാള്‍ എന്ത് സന്തോഷമാണ് അവള്‍ക്ക് ആ വീട്ടില്‍ ഉണ്ടാകുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്? പിന്നീട് ഒരു നാള്‍ ജീവിതത്തെക്കാള്‍ നല്ലത് മരണമാണെന്ന് അവള്‍  തെരഞ്ഞെടുക്കുമ്പോള്‍ നഷ്ടം നിങ്ങള്‍ക്ക് മാത്രമായിരിക്കും. ഇനി, മതപണ്ഡിതനോട്... ഏതു വിവാഹം മതപരമായി നടക്കുമ്പോഴും അതിനു നേതൃത്വം നല്‍കാന്‍ ഒരു മതാചാര്യന്‍ ഉണ്ടാകും. നിങ്ങള്‍ തീരുമാനിക്കുക, സ്ത്രീധനം നല്‍കുന്ന വിവാഹങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഞാനില്ലെന്ന്. ഏതൊരു മാറ്റവും തുടങ്ങുന്നത് ഒരു വ്യക്തിയില്‍ നിന്നാണ്. ആ വ്യക്തി നിങ്ങളായി മാറുക. ഒരു സ്ത്രീയുടെ ധനം അവളുടെ മനസ്സാണ്. അവളുടെ ഉള്ളിലെ നന്മയാണ്. അവളിലെ വ്യക്തിത്വമാണ്. അത് തിരിച്ചറിയുക.

ആമിന സഫറുള്ള

സ്ത്രീയെ ധനം കൊടുത്തു വാങ്ങുന്നതാണോ സ്ത്രീധനം? മുന്‍കാലങ്ങളിലെ വിവാഹ സമ്മാനമെന്ന പാരമ്പര്യ ആചാരം ഇന്ന് അത്യന്തം ഹീനമായ  മനുഷ്യാവകാശ ലംഘനമായി മാറിയിരിക്കുന്നു. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും പേരില്‍ നല്‍കിവന്നിരുന്ന സ്‌നേഹോപഹാരം ഇപ്പോള്‍ പിടിച്ചുവാങ്ങലായി മാറി. എന്റെ മകളെ ഇത്ര രൂപയും ഇന്ന സാധനങ്ങളും കൊടുത്താണ് അവനെ ഏല്‍പിച്ചതെന്ന് പറഞ്ഞ് നാലാളെ കാണിച്ചില്ലെങ്കില്‍ സമൂഹം അംഗീകരിക്കില്ല എന്ന ചിന്തയും കാഴ്ചപ്പാടുമാണ് പലരും വെച്ചുപുലര്‍ത്തുന്നത്.
പണം, ആഭരണങ്ങള്‍, വസ്തുവകകള്‍, വീട്ടുപകരണങ്ങള്‍ എന്നിങ്ങനെ വിവിധ സാമ്പത്തിക സ്രോതസ്സുകള്‍ ഇതില്‍ ഉള്‍പ്പെടാം. ഇതിന്റെ ഫലമായി ആധുനിക സമൂഹത്തില്‍ സ്ത്രീധന സമ്പ്രദായങ്ങള്‍ ഭാരിച്ച  സാമ്പത്തിക ബാധ്യതകളിലേക്കും ലിംഗ അസമത്വങ്ങളിലേക്കും ഗാര്‍ഹിക പീഡനത്തിലേക്കും നയിക്കുന്നു.
  സ്ത്രീധനം സങ്കീര്‍ണവും സെന്‍സിറ്റീവുമായ വിഷയമാണ്, വളരെ കരുതലോട് കൂടി വേണം വിഷയം കൈകാര്യം ചെയ്യാന്‍ എന്ന വാദമുന്നയിച്ച് സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്നവരോട് ചോദിക്കട്ടെ; എത്രയെത്ര ജീവനുകളാണ് സ്ത്രീധനത്തിന്റെ പേരില്‍ ഇല്ലാതായത്?
സ്ത്രീധനം കൊടുക്കുന്ന ഓരോ തുകയിലും ജീവന്റെ വിലയുണ്ടാകും. ഒരു പെണ്ണിനെ വിവാഹ പ്രായമെത്തുന്നതുവരെ മികച്ച വിദ്യാഭ്യാസം നല്‍കി വളര്‍ത്തി, ഡോക്ടറോ എഞ്ചിനീയറോ ആക്കിയ ശേഷം വിവാഹം ചെയ്തയക്കാന്‍ വേണ്ടി ലക്ഷക്കണക്കിന് രൂപയും വിലപിടിച്ച ആസ്തികളും നല്‍കി മറ്റൊരാളുടെ കൈയില്‍ ഏല്‍പിച്ച് കൊടുക്കുന്ന അച്ഛനമ്മമാരെ ഓര്‍ക്കുമ്പോള്‍ കഷ്ടം തോന്നുന്നു. ഉന്നത വിദ്യാഭ്യാസം നേടി സ്വയം ബലിയാടാവുന്നവരെക്കുറിച്ച് ആലോചിക്കുമ്പോള്‍ അതിലേറെ കഷ്ടം തോന്നുന്നു.
അരുത് എന്ന് പറയേണ്ടിടത്ത് അങ്ങനെ പറയാനാണ് ആദ്യം പഠിപ്പിക്കേണ്ടത്. ഒരുപാട് വിദ്യാഭ്യാസം നേടിയിട്ടും അത് എവിടെ പ്രയോഗിക്കണം എന്ന് അറിഞ്ഞില്ലെങ്കില്‍ പിന്നെ എന്തുകാര്യം. സ്ത്രീധനത്തിന്റെയും മറ്റും പേരില്‍ ജീവനൊടുക്കുന്നവര്‍, ഇതിലൂടെയുണ്ടാകുന്ന നഷ്ടം സ്വന്തം കുടുംബത്തിന് മാത്രമാണ് എന്ന സത്യമാണ് മനസ്സിലാക്കേണ്ടത്.
സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നീതിയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഒരുപാട് അവകാശ പ്രസംഗം നടത്തുകയും അതേ സ്ത്രീയെ തന്നെ പീഡനങ്ങള്‍ക്കിരയാക്കുകയും ചെയ്യുന്ന സമൂഹത്തോട് പുച്ഛമാണ്.

ശരണ്യ

വിവാഹമെന്ന ചടങ്ങിന് പിന്നില്‍ നടക്കുന്ന പണക്കച്ചവടമാണ് സ്ത്രീധനം. കാലമെത്ര ചെന്നിട്ടും ഈ പഴഞ്ചന്‍ സമ്പ്രദായത്തിന് മാറ്റം സംഭവിച്ചിട്ടില്ല എന്നതും വിദ്യാഭ്യാസ സമ്പന്നര്‍ പോലും ഇതിന് കൂട്ടുനില്‍ക്കുന്നു എന്നതും വിരോധാഭാസമാണ്. സ്ത്രീ ആരുടെയും അടിമയല്ല. വില്‍ക്കാനുള്ള വസ്തുവുമല്ല. പുരുഷാധിപത്യത്തിന് അടിയറവ് പറയേണ്ടവളുമല്ല. സ്ത്രീയെ സംരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ട കൈകള്‍ തന്നെയാണ് അവള്‍ക്ക് നേരെ ഉയരുന്നത്.
വിവാഹം ഒരു വസ്തു കച്ചവടമല്ല. രണ്ടു മനസ്സുകള്‍ തമ്മില്‍ ഒരുമയോടെ ജീവിക്കാന്‍ ഒരുങ്ങുന്ന ഉടമ്പടിയാണ്. വീട്ടിലെ പ്ലാസ്റ്റിക് സ്‌ക്രാപ്പ് എടുക്കാന്‍ വരുന്നവര്‍ പോലും ഇങ്ങോട്ടാണ് പണം തരുന്നത്. ഇതേ സമൂഹത്തിലാണ് പ്രിയപ്പെട്ട മകളെ മറ്റൊരു വീട്ടിലേക്കു പറഞ്ഞയക്കുമ്പോള്‍ അവളെ സംരക്ഷിക്കാന്‍ വേണ്ടി തുക ആവശ്യപ്പെടുന്നത്. സ്ത്രീധനം കാരണം പൊലിഞ്ഞുപോയ ജീവിതങ്ങളുടെ ഒട്ടനവധി ഉദാഹരണങ്ങള്‍ ചുറ്റുമുണ്ടായിട്ടും അനുഭവസമ്പത്തുള്ള മാതാപിതാക്കള്‍ പോലും സ്ത്രീധനം കൊടുക്കാന്‍ കൂട്ടുനില്‍ക്കുന്നു. കാലപ്പഴക്കമുള്ള ഈ സമ്പ്രദായം സമൂഹത്തില്‍നിന്ന് തുടച്ചുനീക്കും വരെ ഷഹനയും വിസ്മയയും ഉണ്ടായിക്കൊണ്ടിരിക്കും. സ്ത്രീധനം നല്‍കാന്‍ ആളുള്ള കാലത്തോളം അത് വാങ്ങുന്നവരും ഉണ്ടാകും.

മുഹമ്മദ് ഹാഫി

പുരുഷാധിപത്യ സമൂഹത്തില്‍ കാണപ്പെടുന്ന ദുരാചാരമാണ് സ്ത്രീധനം. ഇതൊരു ശീലമായി മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തില്‍ പെണ്‍കുട്ടിക്ക് വീട്ടുകാര്‍ കൊടുക്കുന്ന സമ്പത്തിനെ ആശ്രയിച്ചാണ് ഭര്‍ത്താവിന്റെ വീട്ടില്‍ അവളുടെ ജീവിത സാഹചര്യം രൂപപ്പെടുന്നത്. പലപ്പോഴും പെണ്‍കുട്ടികളുടെ വീട്ടുകാര്‍ തന്നെയാണ് ഇതിന് വളം വെച്ച് കൊടുക്കുന്നത്. തങ്ങള്‍ മകള്‍ക്ക് നല്‍കുന്ന സ്ത്രീധനത്തെ ആശ്രയിച്ചാണ് തങ്ങളുടെ സാമൂഹിക നില എന്ന് അവര്‍ വിശ്വസിക്കുന്നു. പണ്ടുകാലത്ത്, വിദ്യാഭ്യാസമില്ലാത്ത സ്ത്രീകളുടെ സാമ്പത്തിക രക്ഷക്ക് വേണ്ടി എന്ന പേരിലായിരുന്നു സ്ത്രീധനം വാങ്ങിയിരുന്നതെങ്കില്‍ ഇന്ന് വിദ്യാഭ്യാസമുള്ള സ്ത്രീകളുടെ 'മൂല്യം' അളക്കുന്നത് സ്ത്രീധനത്തിന്റെ തോതനുസരിച്ചാണ്. പണം കൊടുത്തു മൂല്യം ഉണ്ടാക്കേണ്ടി വരുന്നതുകൊണ്ടാണ് പല വീടുകളിലും ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളെക്കാള്‍ പ്രാധാന്യം ലഭിക്കുന്നത്.
ജീവിത സാഹചര്യം മെച്ചപ്പെടുത്താം എന്ന ഉദ്ദേശ്യത്തോടെ സ്ത്രീധനത്തിനു വേണ്ടി മാത്രം വിവാഹം കഴിക്കുന്നവരും സമൂഹത്തില്‍ ഉണ്ട്. വീട്ടിലെ കടങ്ങള്‍ തീര്‍ക്കാനും മറ്റാവശ്യങ്ങള്‍ക്കും ആണ്‍കുട്ടികളെക്കൊണ്ട് വലിയ സ്ത്രീധനത്തിന് വിവാഹം കഴിപ്പിക്കുന്ന വീട്ടുകാരുമുണ്ട്. ഭര്‍തൃ വീട്ടുകാരുടെ ആവശ്യങ്ങള്‍ക്കായി പണം ഉപയോഗിച്ച ശേഷം പെണ്‍കുട്ടികളെ ചൂഷണം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്യുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com

Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com

Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara

Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top