ജസ്റ്റിസ് ഫാത്തിമ ബീവി നിയമശാസ്ത്രത്തിന് മുതല്‍ക്കൂട്ടായ വിധിന്യായങ്ങള്‍

ഷബ്ന സിയാദ് No image

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി, പത്തനംതിട്ട ജില്ലയിലെ ഗ്രാമ പ്രദേശത്തുള്ള ഒരു മുസ്ലിം കുടുംബം. എട്ടു മക്കളില്‍ മൂത്തവള്‍ പെണ്‍കുട്ടി, പഠനത്തില്‍ മിടുക്കിയായ അവള്‍ സയന്‍സ് ബിരുദത്തിന് ചേരുന്നു. അപ്പോഴാണ് പിതാവ് പറയുന്നത്; 'സയന്‍സ് പഠനം നടത്തിയിട്ടെന്താണ്? കൂടിവന്നാല്‍ നീയൊരു പ്രഫസറാകും. ഈ നാട്ടില്‍ തന്നെ ജീവിക്കും. എന്നിട്ടെന്തിനാണ്? നിയമ പഠനത്തിന് പോകൂ... നിനക്ക് മുന്നില്‍ വിശാലമായൊരു ലോകമുണ്ട്..' 1927ല്‍ ജനിച്ചൊരു മുസ്ലിം പെണ്‍കുട്ടിയുടെ കഥയാണിത്. അന്ന് കേരളത്തിലെ സ്ത്രീകളുടെ സ്വപ്നങ്ങളെങ്ങനെയായിരുന്നു, പ്രത്യേകിച്ച്  മുസ്ലിം സ്ത്രീകളുടെ ? ഏറെ സ്ത്രീകള്‍ക്കും അടിസ്ഥാന വിദ്യാഭ്യാസം പോലും ലഭിക്കാതിരുന്ന കാലം. ആ കാലത്ത് ഒരു പെണ്‍കുട്ടി പഠിക്കാന്‍ തീരുമാനിച്ചു. പത്തനംതിട്ടയിലെ ടൗണ്‍ സ്‌കൂളിലും കാതോലിക്കേറ്റ് ഹൈസ്‌കൂളിലും പഠിച്ച അവള്‍ സയന്‍സ് ബിരുദം നേടി; പിന്നെ നിയമ മേഖല തെരഞ്ഞെടുത്തു. ആ തീരുമാനം അവളെ എത്തിച്ചത് ഇന്ത്യയുടെ പരമോന്നത നീതി പീഠത്തില്‍. 1927ല്‍ പത്തനംതിട്ട അണ്ണാവീട്ടില്‍ മീര്‍ സാഹിബിന്റെയും ഖദീജ ബീവിയുടെയും മകളായി ജനിച്ച ജസ്റ്റിസ് ഫാത്തിമ ബീവി എങ്ങനെയാണ് ഇത്തരമൊരു സാമൂഹിക സാഹചര്യത്തില്‍ നിയമാധികാരത്തിന്റെ ഉയര്‍ന്ന പദവികളിലെത്തിയത്?
   പത്തനംതിട്ടയിലെ പ്രശസ്തമായ അണ്ണാവീട് അന്നത്തെ വലിയൊരു കുടുംബമാണ്. സബ് രജിസ്ട്രാര്‍ ഓഫീസിലെ ക്ലാര്‍ക്കായിരുന്നു ഫാത്തിമ ബീവിയുടെ പിതാവ് മീരാ സാഹിബ്. അദ്ദേഹം മക്കളെ പഠിപ്പിക്കാന്‍ കാണിച്ച അമിതോത്സാഹത്തോടൊപ്പം മൂത്ത മകളുടെ നിശ്ചയദാര്‍ഢ്യവും ഒരുമിച്ചപ്പോഴാണ്, ഒരു മുസ്ലിം പെണ്‍കുട്ടിയുടെ പേര് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. സഹോദരങ്ങള്‍ക്കെല്ലാം ഫാത്തിമ ബീവി അക്കയായിരുന്നു. പുതു തലമുറക്കാര്‍ക്ക് പാമയും. സംഗീതത്തില്‍ താല്‍പര്യം കാണിച്ചിരുന്ന ബീവി  സ്‌പോര്‍ട്സിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. നല്ലൊരു ബാസ്‌കറ്റ് ബോള്‍ പ്ലേയറായിരുന്നു. ഇതിനിടെ ഒരു വക്കീലിന്റെ വിവാഹാലോചന വന്നു. പക്ഷേ, ചെക്കന്റെ വീട്ടുകാര്‍ സ്ത്രീധനം ആവശ്യപ്പെട്ടതോടെ വിവാഹം തന്നെ വേണ്ടെന്ന് വെച്ചു.
അടുത്ത കാലത്താണ് കേരള സര്‍ക്കാര്‍ 'കേരള പ്രഭ' അവാര്‍ഡ് നല്‍കി ഫാത്തിമ ബീവിയെ ആദരിക്കുന്നത്. സാധാരണ പോലെ മരണത്തോടെ അപ്രസക്തമാകുന്ന പേരല്ല  ജസ്റ്റിസ് ഫാത്തിമ ബീവി. തമിഴ്നാട് ഗവര്‍ണര്‍ പദവിയിലെത്തിയപ്പോള്‍ അന്നത്തെ ഇന്ത്യന്‍ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മ പറഞ്ഞത്, 'ഭരണഘടനയുടെയും നിയമങ്ങളുടെയും പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ജസ്റ്റിസ് ഫാത്തിമ ബീവിയുടെ അനുഭവവും ഉള്‍ക്കാഴ്ചയും വിലപ്പെട്ട സ്വത്തുക്കള്‍ ആണ്' എന്നായിരുന്നു.
1950 നവംബര്‍ 14-നാണ് ഫാത്തിമ ബീവി അഭിഭാഷകയായി എന്റോള്‍ ചെയ്യുന്നത്. 1950-ല്‍ ബാര്‍ കൗണ്‍സില്‍ പരീക്ഷയില്‍ ഒന്നാം റാങ്കുകാരിയായി. 1958 മെയ് മാസത്തില്‍ ജുഡീഷ്യല്‍ സര്‍വീസസില്‍ മുന്‍സിഫ്. 1968-ല്‍ സബ്-ഓര്‍ഡിനേറ്റ് ജഡ്ജ്. 1972-ല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായും 1974-ല്‍ ജില്ലാ & സെഷന്‍സ് ജഡ്ജിയായും സ്ഥാനക്കയറ്റം. 1980 ജനുവരിയില്‍ ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണലിന്റെ ജുഡീഷ്യല്‍ അംഗമായി. 1983 ആഗസ്റ്റ് 4-ന് ഹൈക്കോടതി ജഡ്ജിയായി. 1984 മെയ് 14-ന് ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി. 1989-ല്‍ ഹൈക്കോടതി ജഡ്ജിയായി വിരമിച്ചെങ്കിലും 1989 ഒക്ടോബര്‍ 6-ന് ആദ്യ മുസ്ലിം വനിതാ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായും തമിഴ്‌നാട് ഗവര്‍ണറായും സേവനമനുഷ്ഠിച്ചു. സംസ്ഥാന ഗവര്‍ണര്‍ എന്ന നിലയില്‍ അവര്‍ മദ്രാസ് സര്‍വകലാശാലയുടെ ചാന്‍സലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി പുനഃസ്ഥാപിച്ചപ്പോള്‍ നളിനിക്ക് വിധിച്ച വധശിക്ഷ, അവര്‍ ഒരു സ്ത്രീയാണ്, ഒരു മകളുണ്ട് എന്ന കാരണത്താല്‍ ഗവര്‍ണര്‍ എന്ന നിലയില്‍ ജസ്റ്റിസ് ഫാത്തിമ ബീവി ഇളവ് ചെയ്തു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജയലളിതക്ക് അയോഗ്യതയുണ്ടായിരിക്കെ നടന്ന തെരഞ്ഞെടുപ്പില്‍ ജയലളിതയുടെ പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം ലഭിച്ചു. ഭരണഘടനയനുസരിച്ച് ആറ് മാസത്തിനുള്ളില്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ കഴിയില്ല എന്നിരിക്കെ,  തമിഴ്‌നാട് മുഖ്യമന്ത്രിയായി ജയലളിതയെ ഫാത്തിമ ബീവി നിയമിച്ചു. ഇതിന്റെ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹരജികള്‍ ഫയല്‍ ചെയ്തു. എന്നാല്‍, ഫാത്തിമ ബീവിയുടെ തീരുമാനത്തെ സുപ്രീംകോടതി ശരിവെച്ചു. കരുണാനിധി അറസ്റ്റിലായത് വിവാദമായിത്തീര്‍ന്ന സാഹചര്യത്തില്‍ അവര്‍ ഗവര്‍ണര്‍ പദവി വിട്ടു.

ജുഡീഷ്യറിയില്‍
ഭരണഘടനയുടെ അന്തസ്സ് ഉയര്‍ത്തുന്ന നിരവധി വിധിന്യായങ്ങളിലൂടെ ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ജുഡീഷ്യല്‍ ജീവിതം കടന്നുപോയി.സുപ്രീം കോടതിയിലെ കാലയളവ് താരതമ്യേന കുറവായിരുന്നെങ്കിലും ഇന്ത്യന്‍ നിയമശാസ്ത്രത്തില്‍ സ്വാധീനം ചെലുത്തുന്ന നിരവധി സുപ്രധാന വിധികള്‍ അവര്‍ നടത്തി. ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജും ഡല്‍ഹി സര്‍വകലാശാലയും തമ്മിലുള്ള കേസില്‍ ജസ്റ്റിസ് ഫാത്തിമ ബീവിയെടുത്ത നിലപാട് ഇന്നും പ്രശംസിക്കപ്പെടുന്നുണ്ട്. ഭാഷാ - മത ന്യൂനപക്ഷങ്ങള്‍ക്ക് തങ്ങള്‍ ഉദ്ദേശിക്കും വിധം  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും നടത്താനുമുള്ള അവകാശത്തെ നിയന്ത്രിക്കുന്ന ഡല്‍ഹി സര്‍വകലാശാലയുടെ ഉത്തരവാണ് അന്ന് ഫാത്തിമ ബീവി റദ്ദ് ചെയ്തത്. ഭാഷാ- മത ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണാടിസ്ഥാനത്തില്‍ 50% സീറ്റുകളില്‍ തങ്ങളുടെ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് പ്രവേശനം നല്‍കാന്‍ അവകാശം നല്‍കുന്നതായിരുന്നു ആ വിധി. 1974ലെ കര്‍ണാടക ചേരിപ്രദേശം (ഇംപ്രൂവ്‌മെന്റ് ആന്റ് ക്ലിയറന്‍സ്) ആക്ട് അനുസരിച്ച് ബാംഗ്ലൂരിലെ ചേരിപ്രദേശ നിര്‍മാര്‍ജനം സംബന്ധിച്ച് കര്‍ണാടക സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ചേരി നിവാസികളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നതായിരുന്നു.  കര്‍ണാടക ഹൈക്കോടതി ഹരജി തള്ളിയതിനെതിരെ ചേരിനിവാസികളുടെ സംഘടന സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ ജസ്റ്റിസ് ഫാത്തിമ ബീവിയുടെ വിധി ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ എടുത്തുപറയേണ്ട ഒന്നാണ്. ഫാത്തിമ ബീവി പുറപ്പെടുവിച്ച ആ വിധി ഇന്നും ചേരിനിവാസികള്‍ക്ക് ആശ്വാസമേകിക്കൊണ്ടിരിക്കുന്നു.
    1991 ലെ കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി ജഡ്ജിയായിരിക്കെ നടത്തിയ നിരീക്ഷണം ശ്രദ്ധേയമായിരുന്നു. രാജ്യത്തിന്റെയോ ഉദ്യോഗസ്ഥരുടെയോ ഭരണകര്‍ത്താക്കളുടെയോ ഏകപക്ഷീയമായ അധികാര പ്രയോഗത്തില്‍നിന്ന് ഓരോ പൗരനും സംരക്ഷിക്കപ്പെടണമെന്നത് നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളിലൊന്നാണ്. ഒരു വ്യക്തിയുടെ അവകാശം സംരക്ഷിക്കാനുള്ള അധികാരം ജുഡീഷ്യറിയില്‍ അന്തര്‍ലീനമാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. അസം സില്ലിമാനൈറ്റ് ലിമിറ്റഡ് v യൂണിയന്‍ ഓഫ് ഇന്ത്യ, 1992 സപ്പ് (1) SCC 692 എന്ന കേസിലാണ് സംസ്ഥാന നിയമത്തിന്റെ ഭരണഘടനാ സാധുത തീരുമാനിക്കാനുള്ള അവകാശം സംബന്ധിച്ച് പറയുന്നത്. ഭരണഘടനയുടെ 'ആര്‍ട്ടിക്കിള്‍ 39-ല്‍ വ്യക്തമാക്കിയിട്ടുള്ള നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിനായി സംസ്ഥാനം ഏതെങ്കിലും പ്രത്യേക നിയമം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതിന്റെ ഭരണഘടനാ സാധുത പരിശോധിക്കാന്‍ കോടതിക്ക് അധികാരമുണ്ടെന്നും ഫാത്തിമ ബീവി വ്യക്തമാക്കി. മേരി റോയ് v  സ്റ്റേറ്റ് ഓഫ് കേരള (1986): കേസില്‍ സ്ത്രീകളുടെ സ്വത്തവകാശ സംബന്ധമായി ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന വിധിയാണ് ജസ്റ്റിസ് ഫാത്തിമ ബീവി നടത്തിയത്. കേരളത്തിലെ ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് അവരുടെ കുടുംബ സ്വത്തില്‍ പുരുഷന്‍മാര്‍ക്കൊപ്പം തുല്യ പങ്കാളിത്തത്തിന് അര്‍ഹതയുണ്ടെന്നായിരുന്നു വിധി. അനന്തരാവകാശത്തിന്റെ കാര്യത്തില്‍ സ്ത്രീകള്‍ക്കെതിരായ വിവേചനപരമായ നടപടികളെ വെല്ലുവിളിക്കുന്നതില്‍ ഈ തീരുമാനം നിര്‍ണായകമായിരുന്നു.
കേരള സംസ്ഥാനം v എ.നീലലോഹിതദാസന്‍ നാടാര്‍ (1994): കേസില്‍ ജസ്റ്റിസ് ഫാത്തിമ ബീവി കേരള പ്രഫഷണല്‍ കോളേജുകളുടെ (മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം ക്രമപ്പെടുത്തല്‍) ഓര്‍ഡിനന്‍സ് സംബന്ധമായി നടത്തിയ വിധിയും ശ്രദ്ധേയമായിരുന്നു. ഈ വിധി കേരളത്തിലെ പ്രഫഷണല്‍ കോളേജുകളിലേക്കുള്ള പ്രവേശനത്തില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് നിമിത്തമായി; നിയമത്തിന് അത് മുതല്‍ കൂട്ടാവുകയും ചെയ്തു.  ജസ്റ്റിസ് ഫാത്തിമ ബീവി ഇന്ത്യന്‍ നിയമശാസ്ത്രത്തിന്, പ്രത്യേകിച്ച് സ്ത്രീകളുടെ അവകാശങ്ങളിലും ഭരണഘടനാപരമായ കാര്യങ്ങളിലും നല്‍കിയ സംഭാവനകള്‍ ശാശ്വതമായ ഒരു പാരമ്പര്യം ബാക്കി വെച്ചിട്ടുണ്ട്. അവരുടെ വിധിന്യായങ്ങള്‍ നീതി, സമത്വം, മൗലികാവകാശങ്ങളുടെ സംരക്ഷണം എന്നിവയോടുള്ള പ്രതിബദ്ധതയുടെ നിദര്‍ശനമാണ്. ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ജീവിതവും നേട്ടങ്ങളും തലമുറകളെ പ്രചോദിപ്പിക്കുമെന്നതില്‍ സംശയമില്ല. സ്ത്രീകളെ പൊതുജീവിതത്തില്‍ നിന്നും, പൊതുവെ അഭിഭാഷക വൃത്തിയില്‍ നിന്നും പുറത്താക്കാന്‍ ശ്രമിച്ചിരുന്ന സമയത്താണ് ഇങ്ങനെയൊരു നേട്ടം അവര്‍ കൊയ്തത്. ആ യാത്ര ഒട്ടും എളുപ്പമായിരുന്നില്ലെന്ന് ഊഹിക്കാവുന്നതേയുള്ളൂ. സ്ത്രീകള്‍ക്ക് പുറത്ത് പോയി പഠിക്കുന്നതിന് വലിയ വിലക്കുണ്ടായിരുന്ന ഒരു കാലത്താണ്, ജസ്റ്റിസ് ഫാത്തിമ ബീവി നേട്ടങ്ങളുടെ കൊടുമുടി കയറുന്നത്. ഫാത്തിമ ബീവിയുടെ ജീവിതവും പ്രവര്‍ത്തനവും സ്ഥിരോത്സാഹവും പ്രതിബദ്ധതയും തലമുറകളെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കും.
l  
 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top