കൗമാരത്തിന്റെ ജീവശാസ്ത്രം

ഷറഫുദ്ദീന്‍ കടമ്പോട്ട് No image

ഏതാണ്ട് നട്ടുച്ച സമയം. ആയിഷ ഹുദ പ്ലസ് ടുമോഡല്‍ എക്‌സാം കഴിഞ്ഞ് തിരിച്ച് വീട്ടിലേക്കുള്ള വരവാണ്.
കടുത്ത വെയില്‍. ചൂട് കഠിനം. അവസാന പരീക്ഷയായിരുന്നു അന്ന്. സ്‌കൂള്‍ ബാഗ്  സോഫയിലിട്ട് ചുവന്ന മുഖവുമായി റൂമിലേക്ക് ഓടിക്കയറി, വാതില്‍ ശക്തമായി വലിച്ചടച്ച് കുറ്റിയിട്ടു. ഏറെ സമയം കഴിഞ്ഞിട്ടും വാതില്‍ തുറന്നില്ല. ഭക്ഷണം കഴിക്കാന്‍ വന്നതുമില്ല.
ഉമ്മ ചെന്ന് വാതിലില്‍ തട്ടി സ്‌നേഹത്തോടെ വിളിച്ചു.
അനക്കമില്ല.
അല്‍പം കഴിഞ്ഞ് അവള്‍ വാതില്‍ തുറന്നു; ചെവിയില്‍ നിന്ന് ഇയര്‍പോഡ് മാറ്റി അലറി...
കൈയിലിരുന്ന ഫോണ്‍ ബെഡ്ഡിലേക്ക് വലിച്ചെറിഞ്ഞു. ഉമ്മയോട്  ആക്രോശിച്ചു: 'മനുഷ്യന്  സ്വൈരം തന്നൂടേ?' 'മോളെ ഭക്ഷണം കഴിക്കാനാണ്  ഞാന്‍ വിളിച്ചത്.' അവള്‍ വീണ്ടും ഊക്കോടെ വാതിലടച്ച് കുറ്റിയിട്ടു. ഏതാണ്ട് ഒരു മണിക്കൂറിനു ശേഷം അവള്‍ താഴേക്ക് വന്നു. ഡൈനിങ് ടേബിളില്‍ അടച്ചുവെച്ചിരുന്ന ഭക്ഷണമെടുത്ത് കഴിച്ചു. കൈയും മുഖവും കഴുകി. വരാന്തയില്‍ പുസ്തകം വായിച്ചിരിക്കുകയായിരുന്ന ഉമ്മയുടെ അടുത്ത് ചെന്നിരുന്നു. അവള്‍ ഉമ്മയുടെ കൈയില്‍നിന്ന് പുസ്തകം വാങ്ങി താഴെ വെച്ച് കൈ വിരലുകളില്‍ കോര്‍ത്ത് മുറുകെ പിടിച്ചു 'ഉമ്മാ എന്ന് വിളിച്ച്  ഉമ്മയുടെ കണ്ണുകളിലേക്ക് നോക്കി. അല്‍പം കഴിഞ്ഞ് അവള്‍ പറഞ്ഞു: 'ക്ഷമിക്കണം കുറച്ചു നാളുകളായി ചെറിയ കാര്യങ്ങള്‍ക്ക് പോലും ഞാന്‍ വല്ലാതെ ദേഷ്യപ്പെടുന്നു. ദേഷ്യം നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. ചിലപ്പോള്‍ കടുത്ത സങ്കടം വരുന്നു. എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല.'
ഉമ്മ അവളുടെ തോളില്‍ കൈയിട്ട്, തന്റെ കവിളിനോട് ചേര്‍ത്തുവെച്ച് അവളെ ആശ്വസിപ്പിച്ചു. സാരിത്തലപ്പ് കൊണ്ട് കണ്ണുകള്‍ തുടച്ച് പറഞ്ഞു: ''സാരല്ല്യ മോളൂ..  കുറച്ചുനാളായി ഞാനും ശ്രദ്ധിക്കുന്നു. നിനക്ക് എന്തെങ്കിലും തരത്തില്‍ ഞങ്ങളില്‍നിന്ന് വല്ല പ്രയാസവും ഉണ്ടോ? മാനസികമായി ബുദ്ധിമുട്ടിക്കുന്ന എന്തെങ്കിലും കാര്യം നിന്നെ അലട്ടുന്നുണ്ടോ? പഠനത്തില്‍ മോള്‍ക്ക് സമ്മര്‍ദം അനുഭവപ്പെടുന്നുണ്ടോ? എന്ത് വിഷമം ഉണ്ടെങ്കിലും നിന്നോടൊപ്പം ഈ ഉമ്മ ഉണ്ടാവാറില്ലേ?
ഇനിയും അങ്ങനെ തന്നെ ഉണ്ടാവും. ധൈര്യമായി പറഞ്ഞോളൂ.''
അവള്‍ എത്ര ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചിട്ടും അത്തരത്തിലുള്ള അസ്വസ്ഥതകളൊന്നും കണ്ടുപിടിക്കാനായില്ല.
സാധാരണ ജീവിതത്തില്‍ ഉണ്ടാവാറുള്ള പ്രയാസങ്ങളും കൂട്ടുകാരികള്‍ക്കിടയില്‍ ഉണ്ടാവുന്ന സൗന്ദര്യ പിണക്കങ്ങളും പരീക്ഷയോടടുക്കുമ്പോള്‍ ഉണ്ടാകുന്ന പഠന, മാനസിക സമ്മര്‍ദ്ദങ്ങളും ഒക്കെ എല്ലാവര്‍ക്കും ഉള്ളതുപോലെ മാത്രമേ അവള്‍ക്കും ഉണ്ടായിരുന്നുള്ളൂ. അപ്പോള്‍ ഉമ്മ ഒരു നിര്‍ദ്ദേശം പറഞ്ഞു: 'നമുക്ക് ഒരു സൈക്കോളജിസ്റ്റിനെ കണ്ടാലോ?'
ശരിയാണ്. ഞാനും അതേക്കുറിച്ച് ഇടക്ക് ആലോചിക്കാറുണ്ട്, ഗൂഗിള്‍ ചെയ്തു നോക്കിയിട്ടുമുണ്ട്.

*         *              *              *
ഏതാണ്ട് രാവിലെ പത്തര മണിയോടെയാണ് ഇരുവരും ക്ലിനിക്കിലേക്ക് വരുന്നത്. 'എനിക്ക് ഡോക്ടറോട്  കുറച്ചു കാര്യങ്ങള്‍ സംസാരിക്കണം ഹുദ പറഞ്ഞു തുടങ്ങി...
പഠനത്തില്‍ അത്ര മികച്ച വിദ്യാര്‍ഥിയായിരുന്നില്ല. എങ്കിലും കലാസാഹിത്യ രംഗങ്ങളില്‍ സ്‌കൂളില്‍ നിറഞ്ഞുനിന്നു. അത്യാവശ്യം കവിതകള്‍ എഴുതും. കൂട്ടുകാരികളുമായും ടീച്ചര്‍മാരുമായും നല്ല സൗഹൃദം.
ഇങ്ങനെയാണെങ്കിലും ഇടക്കാലത്തായി  പെട്ടെന്ന് ദേഷ്യം വരുന്നു. ചിലപ്പോള്‍ സങ്കടം സഹിക്കാന്‍ കഴിയുന്നില്ല. മുമ്പെല്ലാം എന്ത് വിഷമം കേട്ടാലും  ഉള്‍ക്കൊള്ളാന്‍ സാധിക്കുമായിരുന്നു. പ്രയാസപ്പെടുന്ന കൂട്ടുകാരികളെപ്പോലും സമാധാനിപ്പിക്കുകയും പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുന്ന എനിക്കിപ്പോള്‍ ചെറിയ വൈകാരിക ഘട്ടങ്ങളില്‍ പോലും  നിയന്ത്രണം നഷ്ടപ്പെടുന്നു.
ഇത്തരം ഘട്ടങ്ങളില്‍ പൊതുവെ മാതാപിതാക്കളും അധ്യാപകരും കുട്ടികളില്‍ ലഹരി, പ്രണയം, പഠന സമ്മര്‍ദങ്ങള്‍, ഭാവിയെ കുറിച്ചുള്ള അനിശ്ചിതാവസ്ഥ, ആത്മവിശ്വാസക്കുറവ്, കൗമാര കാലഘട്ടങ്ങളില്‍ പൊതുവെ അനുഭവിക്കുന്ന അസ്തിത്വ ദുഃഖം (Identtiy crisis) തുടങ്ങി പല കാരണങ്ങളാവാമെന്ന് ഊഹിക്കുകയും അതിനുവേണ്ട പരിഹാരം നല്‍കാന്‍ ശ്രമിക്കുകയും ചെയ്യും.
എന്നാല്‍, ഒരു പ്രധാനപ്പെട്ട വിഷയം പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്നു. ജൈവശാസ്ത്രപരമായി കൗമാര ഘട്ടത്തില്‍ ഒരു കുട്ടിയില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണിത്. ആണ്‍കുട്ടികളില്‍ ഇതേ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കിലും സൗഹൃദങ്ങളും മറ്റു സോഷ്യലൈസേഷന്‍ സാധ്യതകളും കൂടുതലായതിനാല്‍ അത്തരം സംഘര്‍ഷങ്ങള്‍ താരതമ്യേന പെണ്‍കുട്ടികളേക്കാള്‍ കുറവായിരിക്കും. ജീവിതത്തില്‍ ജൈവികമായ വലിയ മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന സമയമാണിത്. WHO ഈ ഘട്ടത്തെക്കുറിച്ച് പറയുന്നത്  'Turmoil period of a human being' എന്നാണ്. അഗ്‌നിപര്‍വത സ്‌ഫോടനാത്മകമായ ശാരീരിക-മാനസിക അവസ്ഥകളിലൂടെയാണ് അവര്‍ ഈ ഘട്ടത്തില്‍ കടന്നുപോകുന്നത്.
ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും സംഭവിക്കുന്ന ന്യൂറോ ബയോളജിക്കല്‍ കാരണങ്ങള്‍ കൊണ്ടുള്ള പെരുമാറ്റ വ്യതിയാനങ്ങളുടെ ഘട്ടമാണിത്. കൗമാരക്കാരെ സംബന്ധിച്ചേടത്തോളം അവര്‍ പോലും അവരുടെ ഉള്ളില്‍ നടക്കുന്ന ജൈവികമായ ഈ മാറ്റങ്ങളെക്കുറിച്ച് അറിയുന്നില്ല. പെണ്‍കുട്ടികളില്‍ പ്രായപൂര്‍ത്തിയാകുന്നതോടെ നിരവധി മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. ഈസ്ട്രജന്‍, പ്രൊജസ്റ്ററോണ്‍ തുടങ്ങിയ ഹോര്‍മോണുകള്‍ തലച്ചോറില്‍ ചില  നിര്‍ണായക റോളുകള്‍ വഹിക്കുന്നുണ്ട്. കൗമാരത്തിലെ പ്രാഥമിക മാറ്റങ്ങളിലൊന്ന് തലച്ചോറിനുള്ളിലെ ന്യൂറല്‍ കണക് ഷനുകള്‍ ശക്തിപ്പെടുന്നതാണ്. ഈ പ്രക്രിയയെ സിനാപ്റ്റിക് പ്രൂണിംഗ് എന്ന് പറയുന്നു. വൈജ്ഞാനികവും വൈകാരികവുമായ പ്രോസസ്സിംഗിന് കാരണമാവുന്ന ന്യൂറല്‍ നെറ്റ് വര്‍ക്കുകളെ വിപുലപ്പെടുത്താനും ശക്തിപ്പെടുത്താനും ഈ പ്രക്രിയ സഹായിക്കുന്നു, ഇത് മെച്ചപ്പെട്ട പഠനത്തിലേക്കും ഓര്‍മശക്തി വികാസത്തിലേക്കും നയിക്കുന്നു.
എന്നിരുന്നാലും ഈ വളര്‍ച്ചാഘട്ടത്തില്‍ വിഷാദം, ഉത്കണ്ഠ, ഭക്ഷണ ക്രമക്കേട് തുടങ്ങി മാനസികാരോഗ്യ വൈകല്യങ്ങള്‍ക്ക് വരെ സാധ്യത നിലനില്‍ക്കുന്നു.
ഈ ഘട്ടത്തില്‍ അവരുടെ വ്യക്തിത്വം, മൂല്യങ്ങള്‍, വിശ്വാസങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ സ്വയം കണ്ടെത്തുന്നതിന്റെ വക്കിലാണ്. കൗമാരപ്രായക്കാരായ മിക്ക പെണ്‍കുട്ടികളും ആത്മവിശ്വാസക്കുറവ്, വിഷാദം, ഉത്കണ്ഠ, സ്വത്വപ്രതിസന്ധികള്‍ തുടങ്ങി നിരവധി മാനസിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നു.  ഈ  പ്രശ്‌നങ്ങള്‍ അവരുടെ ജീവിതത്തെയും കുടുംബം, സുഹൃത്തുക്കള്‍, സമൂഹം എന്നിവരുമായുള്ള അവരുടെ ബന്ധത്തെയും പ്രതികൂലമായി ബാധിക്കും.

പ്രശ്‌നങ്ങളും കാരണങ്ങളും 
കൗമാരക്കാരായ പെണ്‍കുട്ടികള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും സാധാരണമായ മാനസിക പ്രശ്‌നങ്ങളിലൊന്ന് ആത്മവിശ്വാസക്കുറവാണ്. ആത്മവിശ്വാസമില്ലായ്മ അപകര്‍ഷബോധം, സ്വന്തം കഴിവുകളില്‍ മതിപ്പ് കുറയുക, സമപ്രായക്കാരുമായുള്ള താരതമ്യം, സോഷ്യല്‍ മീഡിയാ സ്വാധീനം എന്നിവ ആത്മാഭിമാനം കുറയാന്‍ കാരണമാവും. ഇത് ഉത്കണ്ഠ, വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം.

വിഷാദം
വ്യക്തിയുടെ മാനസികാവസ്ഥ, ചിന്ത, പെരുമാറ്റം എന്നിവയെ ബാധിക്കുന്ന  മാനസികാരോഗ്യ വൈകല്യമാണ് വിഷാദം. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍, അക്കാദമികവും സാമൂഹികവുമായ സമ്മര്‍ദ്ദം എന്നിവ വിഷാദ രോഗത്തിന് ഇരയാക്കുന്നു. മയക്കുമരുന്ന് ദുരുപയോഗം, സ്വയം ഉപദ്രവിക്കല്‍ തുടങ്ങിയ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ വിഷാദ രോഗത്തെ വേഗത്തില്‍ കൈകാര്യം ചെയ്യേണ്ടതാണ്.


ഉത്കണ്ഠ


പരിഭ്രാന്തി, ഭയം തുടങ്ങി ഒരു സമ്മിശ്രാവസ്ഥയാണ് ഇത്. വിദ്യാഭ്യാസ സമ്മര്‍ദം, സാമൂഹിക കുടുംബ പ്രശ്‌നങ്ങള്‍ എന്നിവ കാരണം കൗമാരക്കാരായ കുട്ടികള്‍ ഉത്കണ്ഠ അനുഭവിക്കുന്നു. തലവേദന, തലകറക്കം, വയറുവേദന തുടങ്ങിയ ശാരീരിക ലക്ഷണങ്ങളിലേക്ക് ഇത് നയിച്ചേക്കാം. സാമൂഹികമായി ഒറ്റപ്പെടാനും പഠനത്തില്‍ മോശമാവാനും കാരണമാകും.
കൗമാരക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും അവര്‍ അനുഭവിക്കുന്ന വെല്ലുവിളികളെ അതിജീവിക്കുന്നതിനും മതിയായ പിന്തുണ നല്‍കുന്നതിന് സുരക്ഷിതമായ ഇടങ്ങള്‍ സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്. അവരുടെ ജീവിതം സന്തോഷകരവും സംതൃപ്തവുമാകാന്‍ മാതാപിതാക്കളും അധ്യാപകരും സമൂഹവും ഈ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ കൂടുതല്‍ ജാഗ്രത്താകേണ്ടതുണ്ട്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top