ഹാജിമാര്‍ക്കൊപ്പം

ടി.കെ.പി മുസ്തഫ പടന്ന No image

2018-ല്‍ ഹജ്ജ് നയത്തില്‍ വന്ന വിപ്ലവകരമായ മാറ്റമായിരുന്നു ഭര്‍ത്താവും ആണ്‍മക്കളും സഹോദരങ്ങളുമില്ലാത്ത വനിതകള്‍ക്കും ഹജ്ജിന് പോകാം എന്ന അനുമതി. മഹ്റമില്ലാത്ത ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് ഏറെ ആശ്വാസകരമായ ഈ അവസരം ഏറ്റവും കൂടുതലായി ഉപയോഗപ്പെടുത്തുന്നത് കേരള വനിതകളാണ്.
ഹജ്ജ് കാലം മക്കയിലും മദീനയിലും ഹജ്ജുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും വനിതാ ഹാജിമാരുടെ സേവനത്തിനുവേണ്ടി ആദ്യമായി വളണ്ടിയര്‍മാരെ (ഖാദിമുല്‍ ഹുജ്ജാജ്) സംസ്ഥാന ഹജ്ജ് കമ്മിറ്റി ഡെപ്യൂട്ടേഷനില്‍ അയച്ചത് 2018ലാണ്. 2018ല്‍ മൂന്നും 2019ല്‍ ആറും 2022ല്‍ ഏഴും പോലീസുകാരുള്‍പ്പെടെയുള്ള തെരഞ്ഞെടുക്കപ്പെട്ട വനിതാ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുള്ളത്. മഹ്റമില്ലാത്ത, 45 വയസ്സിന് മുകളിലുള്ള വനിത തീര്‍ഥാടകരുടെ മേല്‍നോട്ടമാണ് ഇവരുടെ ചുമതല. ഹാജിമാര്‍ ജിദ്ദ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയതു മുതല്‍ തിരിച്ച് വിമാനം കയറുന്നത് വരെ വനിതാ ഹാജിമാര്‍ക്ക് സേവനം ചെയ്യുന്നതിനായി ഇവരുണ്ട്. ഇവരെ കൂടാതെ സന്നദ്ധ സംഘടനകളായ തനിമ, കെ.എം.സി.സി, ഫ്രറ്റേണിറ്റി ഫോറം തുടങ്ങിയവയുടെ വനിതാ വിംഗുകളും സജീവമാണ്. വനിതാ ഹാജിമാര്‍ താമസിക്കുന്ന ബില്‍ഡിംഗുകളിലൊന്നും തന്നെ വളണ്ടിയറോ അല്ലാത്തവരോ ആയ പുരുഷന്മാര്‍ക്ക് പ്രവേശനമില്ല.
ഈ വര്‍ഷം (2023ല്‍) കേരളത്തില്‍ മഹ്റം കൂടെയില്ലാതെ ഹജ്ജിന് പോകുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ കുതിപ്പാണുള്ളത്. ഇന്ത്യയില്‍ നിന്നാകെ 4314 വനിതകള്‍ വിത്തൗട്ട് മഹ്റം ഹാജിമാരായി പോകുമ്പോള്‍  കേരളത്തില്‍നിന്ന് പോകുന്നത് 2807 ആണ്. അതായത്, ഇന്ത്യയില്‍ നിന്നുള്ള വിത്തൗട്ട് മഹ്റം കോട്ടയില്‍ പോകുന്നവരില്‍ കൂടുതല്‍ പേരും കേരളത്തില്‍ നിന്നാണ്.
ഹാജിമാര്‍ക്ക് ഹജ്ജ് കമ്മിറ്റി മുഖേന ലഭ്യമാകേണ്ട സാങ്കേതിക കാര്യങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുകയാണ് ഹജ്ജ് വളണ്ടിയര്‍മാരുടെ ഉത്തരവാദിത്വം. രോഗ ബാധിതരായ ഹാജിമാരെ ഇന്ത്യന്‍ ഹജ്ജ് മിഷന്റെ 40 ബെഡ്  ആശുപത്രിയിലേക്കും, അസുഖം മൂര്‍ഛിക്കുന്ന ഹജ്ജുമ്മമാരെ മക്ക സുഊദി ഗവണ്‍മെന്റ് ആശുപത്രിയിലേക്കും എത്തിക്കുന്നതിനുള്ള സംവിധാനമൊരുക്കുക, ലഗേജുകളോ റിയാലോ നഷ്ടപ്പെടുകയോ, ഹാജിമാരെ കാണാതാവുകയോ ചെയ്താല്‍ ബന്ധപ്പെട്ട കേന്ദ്രത്തെ സമീപിച്ച് പരിഹാരങ്ങള്‍ ഉണ്ടാക്കുക, മരണപ്പെടുന്നവരുടെ രേഖകള്‍ ശരിയാക്കുക, മയ്യിത്തിന്റെ കര്‍മങ്ങള്‍ ചെയ്യുക, ഹറമില്‍ കൊണ്ടുവരുന്ന മയ്യിത്തിനു വേണ്ടിയുള്ള നമസ്‌കാരത്തില്‍ പങ്കെടുപ്പിക്കുക തുടങ്ങി, മക്കളും ബന്ധുക്കളും ചെയ്യേണ്ട കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഈ വനിതാ ഖാദിമുല്‍ ഹുജ്ജാജുമാരാണ്. മുന്നൂറോ നാനൂറോ ഹാജിമാരുടെ ചുമതലയാണ് പലപ്പോഴും ഒരു ഖാദിമുല്‍ ഹുജ്ജാജിനുണ്ടാവുക. ഏറ്റവും കൂടുതല്‍ അവശത അനുഭവിക്കുന്ന ഹാജിമാരെ യാത്രാ വേളയില്‍ തന്നെ ഇവര്‍ നോട്ട് ചെയ്ത് പ്രത്യേകം ശ്രദ്ധിക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കി  സൂക്ഷിക്കുകയും ഹജ്ജ് വേളകളില്‍ മിന, അറഫ യാത്രകളിലും മദീന യാത്രയിലും അവരെ പ്രത്യേകമായി ശ്രദ്ധിക്കുകയും ചെയ്യാറുണ്ട്.
   പുരുഷന്മാരെ അപേക്ഷിച്ച് സുഊദി റിയാല്‍ കൈകാര്യം ചെയ്യുന്നതിലും സുക്ഷിക്കുന്നതിലും സ്ത്രീകള്‍ വലിയ അശ്രദ്ധ കാണിക്കുന്നതായി, ആദ്യമായി വനിതാ ഖാദിമുല്‍ വളണ്ടിയറായി പോയ പൊന്നാനി തൃക്കാവ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക സുഹറാബി പെരുമ്പടപ്പില്‍ പറയുന്നു. റിയാല്‍ നഷ്ടപ്പെടുന്ന ഒരുപാട് പരാതികള്‍ വന്നിരുന്നുവെന്നും, ഒട്ടുമിക്ക പേര്‍ക്കും കോംപന്‍സേഷന്‍ വാങ്ങിക്കൊടുക്കാന്‍ സാധിച്ചിരുന്നെന്നും അവര്‍ പറഞ്ഞു. 2018ന് ശേഷം 2022ലും ഖാദിമുല്‍ ഹുജ്ജാജായി അവര്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.
എണ്ണൂറില്‍ പരം ഹജ്ജുമ്മമാര്‍ താമസിക്കുന്ന കെട്ടിടത്തില്‍ രണ്ട് ഖാദിമുല്‍ ഹുജ്ജാജിനെയാണ് ചുമതലപ്പെടുത്തുക. പലപ്പോഴും അഞ്ചോ പത്തോ പേരെയും കൊണ്ട് ഹോസ്പിറ്റലുകളിലേക്ക് പോകേണ്ടിവന്നാല്‍ പിന്നെ ബില്‍ഡിംഗില്‍ ഖാദിമുല്‍ ഹുജ്ജാജില്ലാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ ഇവര്‍ ഹോസ്പിറ്റലുകളില്‍ പോയതറിയാതെ ഹാജിമാര്‍ പ്രകോപിതരായി വളണ്ടിയര്‍മാര്‍ക്കെതിരെ പരാതി പറയാറുണ്ടെന്നും ഇവര്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നു.
വീടുകളില്‍നിന്ന് മക്കളും മരുമക്കളും എടുത്തുകൊടുത്താല്‍ മാത്രം  മരുന്നുകള്‍ കഴിക്കുന്ന നിത്യ രോഗികളായ ഹജ്ജുമ്മമാര്‍ മക്കയിലെത്തിയാല്‍ മരുന്ന് കഴിക്കാതെ രോഗം മുര്‍ഛിച്ച് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെടുക സാധാരണമാണ്. എല്ലാ കാര്യങ്ങള്‍ക്കും ആശ്രയിക്കുന്ന ഉറ്റവരില്ലാതെ പോകുന്നവര്‍ക്ക്  കൃത്യമായ ട്രൈനിംഗ് നല്‍കുന്നുണ്ടെങ്കിലും  കാര്യങ്ങള്‍ ഓര്‍ക്കാന്‍ പറ്റാത്തതിനാല്‍  പ്രായമായ ഹജ്ജുമ്മമാര്‍ മക്കയിലെത്തിയാല്‍ കൂടുതല്‍ പ്രയാസമനുഭവിക്കുന്നതായി മറ്റൊരു ഖാദിമുല്‍ ഹുജ്ജാജ് ആയ, എറണാകുളം അഡ്വക്കറ്റ് ജനറല്‍ ആഫീസിലെ അജു അബ്ദുല്ല തളിക്കുളം ചൂണ്ടിക്കാണിക്കുകയുണ്ടായി. 2018ലാണ് ഇവര്‍ ഖാദിമുല്‍ ഹുജ്ജാജായി പോയത്. അതിനാല്‍, ഹജ്ജിന് പോകുന്നവരെക്കൊണ്ട് തന്നെ പുറപ്പെടുന്നതിന് ഒന്നോ രണ്ടോ ആഴ്ച മുമ്പെങ്കിലും സ്വന്തമായി മരുന്നുകള്‍ കഴിപ്പിച്ച് ശീലിപ്പിക്കേണ്ടതാണെന്നാണ് ഇവര്‍ പറയുന്നു. ''ഷൂ ധരിച്ച് ശീലമില്ലാത്തവര്‍ മക്കയിലെത്തിയാല്‍ ഷൂ ധരിക്കുന്നതായി കാണാറുണ്ട്. പരിചയമില്ലാതെ ഷൂ ധരിച്ച് ആദ്യത്തെ ഉംറക്കായി കൂടുതല്‍ നടന്ന കാരണത്താല്‍ കാലുകള്‍ പൊട്ടുന്നത് പതിവാണ്. അങ്ങനെ ഷൂ ധരിച്ച് ശീലമില്ലാത്തവരെ ഷൂ ധരിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. ഇനി ഷൂ ധരിപ്പിക്കുന്നുണ്ടെങ്കില്‍ ഹജ്ജിന് പുറപ്പെടുന്നതിന് ഒന്നോ രണ്ടോ ആഴ്ച മുമ്പെങ്കിലും നാട്ടില്‍നിന്ന് തന്നെ ഷൂ ധരിച്ച് ശീലമുണ്ടാക്കണം. ' അവര്‍ പറയുന്നു.
സംസ്ഥാനത്തുനിന്ന് പോകുന്ന ഹാജിമാരില്‍ പകുതിയിലധികവും സ്ത്രീകളായതുകൊണ്ട് ഹാജിമാരുടെ സേവനത്തിനായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരില്‍ വനിതകളുടെ എണ്ണം  ഇനിയും വര്‍ധിപ്പിക്കേണ്ടതുണ്ടെന്നാണ് 2019ല്‍ ഖാദിമുല്‍ ഹുജ്ജാജായിരുന്ന- തിരുവനന്തപുരം സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലില്‍ മാനേജരായി ജോലി ചെയ്യുന്ന നഫീസത്ത് ബീവി അഭിപ്രായപ്പെടുന്നത്. 2019ല്‍ മൊത്തം 62  ഖാദിമുല്‍ ഹുജ്ജാജുമാരെ അയച്ചപ്പോള്‍ ആറ് പേര്‍ വനിതകളായിരുന്നു. 2022 ല്‍ 38 ഖാദിമുല്‍ ഹുജ്ജാജുമാരെ അയച്ചപ്പോള്‍  7 വനിതകളെയാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി അയച്ചത്. ഈ വര്‍ഷം 2023ല്‍ മുപ്പത് ഖാദിമുല്‍ ഹുജ്ജാജിന്റെ സാധ്യതാ ലിസ്റ്റില്‍ ഏഴ് വനിതകളെയും വെയ്റ്റിംഗ് ലിസ്റ്റില്‍ രണ്ട് വനിതകളെയും ഉള്‍പ്പെടുത്തിയതായാണ് അറിയാന്‍ കഴിഞ്ഞത്.
ഹാജിമാര്‍ ജിദ്ദ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയത് മുതല്‍ സന്നദ്ധ സംഘടനകളായ തനിമ, കെ.എം.സി.സി, ഫ്രറ്റേണിറ്റി ഫോറം തുടങ്ങിയ സംഘടനകളുടെ വനിതാ വിംഗുകള്‍ സജീവമാകും.
ജീവിതത്തിലാദ്യമായി വിമാന യാത്ര ചെയ്യുന്നവരടക്കം ദീര്‍ഘയാത്ര ചെയ്ത് മണിക്കൂറുകള്‍ ഹജ്ജ് ക്യാമ്പിലും എയര്‍പോര്‍ട്ടിലും ചെലവഴിച്ച് ക്ഷീണിച്ചെത്തുന്ന ഹാജിമാരെയും ഹജ്ജുമ്മമാരെയും  ജിദ്ദയിലും മക്കയിലും ലഘു ഭക്ഷണങ്ങള്‍ നല്‍കിയാണ് അവിടുത്തെ സന്നദ്ധ സംഘടനകള്‍ സ്വീകരിക്കാറുള്ളത്. തങ്ങളുടെ ജോലിസമയം ക്രമീകരിച്ചും വര്‍ഷത്തില്‍ ലഭിക്കുന്ന അവധിക്ക് നാട്ടിലേക്ക് പോകാതെയും ഹജ്ജ് സമയങ്ങളില്‍ ഹാജിമാര്‍ക്ക് സേവനം ചെയ്യുകവഴി ഹാജിമാരുടെ പ്രാര്‍ഥനയില്‍ ഒരിടം കണ്ടെത്തുന്ന  പ്രവാസി കുടുംബങ്ങള്‍ തനിമയുടെയും, കെ.എം.സി.സിയുടെയും, ഫ്രറ്റേണിറ്റി ഫോറത്തിന്റെയും വിഖായയുടെയും മറ്റും നേതൃത്വത്തില്‍ ഹജ്ജിന് മുമ്പേ ഒരുമിച്ചു കൂടുകയും വനിതകള്‍ക്കായി പ്രത്യേക വിംഗുകള്‍ രൂപീകരിക്കുകയും ചെയ്യാറുണ്ട്.
  ഹജ്ജ് സേവനത്തിനിറങ്ങുന്ന സ്ത്രീകളില്‍ ജോലിയുള്ളവരും ജോലിയില്ലാത്തവരും ഉണ്ട്. ജോലിയുള്ളവര്‍ ജോലി സമയം ക്രമീകരിച്ച് സന്നദ്ധ പ്രവര്‍ത്തനത്തിറങ്ങുമെന്ന് തനിമ വനിതാ വിംഗ് മക്ക ചുമതല വഹിക്കുന്ന മുന അനീസ് പാലക്കല്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷവും കഠിന ചൂട് വലിയ പ്രയാസം സൃഷ്ടിക്കാന്‍ സാധ്യതയുള്ളതിനാല്‍ സേവനത്തിനിറങ്ങുന്ന സ്ത്രീകള്‍ക്ക് നന്നായി അധ്വാനിക്കേണ്ടി വരും.
   മക്കയിലും മദീനയിലും മാത്രമല്ല ഹജ്ജിന്റെ ദിനരാത്രങ്ങളില്‍ മിനയിലും മുസ്ദലിഫയിലും അറഫയിലും സന്നദ്ധ സേവകരായ വനിതാവിംഗിന്റെ പ്രവര്‍ത്തനം സ്തുത്യര്‍ഹമാണ്. മിന, അറഫ യാത്രയുടെ ഘട്ടങ്ങളില്‍ കാലുകള്‍ പൊള്ളിപ്പോകുന്ന കടുത്ത ചൂടുള്ള സമയം ചെരിപ്പ് പൊട്ടിയതോ ചെരിപ്പ് നഷ്ടപ്പെട്ടതോ ആയ കാരണത്താല്‍ പരിഭ്രാന്തരാകുന്ന ഹജ്ജുമ്മമാര്‍ക്ക് തലച്ചുമടായി ചെരിപ്പുകള്‍ ചുമന്ന് കൊണ്ടുവന്നു നല്‍കുന്ന എഫ്.എഫ്.ഐയുടെയും തനിമയുടെയും കെ.എം.സി.സിയുടെയും പ്രവര്‍ത്തനങ്ങള്‍ പകരം വെക്കാനില്ലാത്തതാണ്. മക്കയിലും മദീനയിലും ഹാജിമാര്‍ക്ക് ഏറ്റവും ഉപകാരപ്പെടുന്ന ഒന്നാണ് തനിമ വളണ്ടിയര്‍മാര്‍ വിതരണം ചെയ്യുന്ന കഞ്ഞി. ആശുപത്രിയിലുള്ള രോഗികള്‍ക്കും മറ്റ് ഹാജിമാര്‍ക്കും, മുഴുസമയവും ഓടിനടക്കുന്ന കാരണത്താല്‍ ഭക്ഷണമുണ്ടാക്കാന്‍ സാധിക്കാത്ത ഖാദിമുല്‍ ഹുജ്ജാജിനും തനിമയുടെ കഞ്ഞി വലിയൊരു ആശ്വാസമാണ്.
    മക്കയിലും മദീനയിലും സന്നദ്ധ സംഘടനകള്‍ ചെയ്യുന്ന മറ്റൊരു ശ്രദ്ധേയമായ  പ്രവര്‍ത്തനമാണ്, അപകടമോ അസുഖമോ  മൂലം നടക്കാന്‍ സാധിക്കാത്ത ഹാജിമാരെയും ഹജ്ജുമ്മമാരെയും കൊണ്ട് തങ്ങളുടെ പ്രവര്‍ത്തകരുടെ ഒഴിവുകള്‍ക്കനുസരിച്ച് വീല്‍ചെയറില്‍ തള്ളി ത്വവാഫും സഅ്യും ചെയ്യിക്കുക എന്നത്. മദീനയില്‍ റൗദ പ്രവേശനത്തിന് സഹായിക്കുന്നതും പ്രത്യേകം എടുത്ത് പറയേണ്ടതാണ്. വര്‍ഷങ്ങളായി സ്ഥിര താമസക്കാരായതുകൊണ്ടും മക്കയിലും മദീനയിലും വാഹനമടക്കം മറ്റു സൌകര്യങ്ങള്‍ സംവിധാനിക്കാന്‍ സാധിക്കുന്നത് കൊണ്ടും ഖാദിമുല്‍ ഹുജ്ജാജിനെക്കാളും പല കാര്യങ്ങളും കൂടുതല്‍ ചെയ്യാന്‍ സാധിക്കുന്നത് പ്രവാസി വളണ്ടിയര്‍മാര്‍ക്കാണ്. വിവിധ സംഘടനാ- രാഷ്ട്രീയ കാഴ്ചപ്പാടുള്ളവരാണെങ്കിലും ഹാജിമാര്‍ക്കും ഹജ്ജുമ്മമാര്‍ക്കും സേവനം ചെയ്യുമ്പോള്‍ ഇവര്‍ ഒറ്റ മെയ്യായി പ്രവര്‍ത്തിക്കുന്നു.

രോഗീപരിചരണവും ആരാധനയാണ്

2011-ല്‍ ഖാദിമുല്‍ ഹുജ്ജാജ് ആയ എനിക്ക് ഹാജിമാരുടെ ചുമതലകള്‍ക്ക് പുറമേ ഹോസ്പിറ്റലിന്റെ ചാര്‍ജും കൂടി ഉണ്ടായിരുന്നു. ഹജ്ജിന്റെ  പത്തു ദിവസം മുമ്പാണ് കായംകുളത്തുള്ള സൈനബക്കുഞ്ഞ് ജര്‍വലിലെ ഫോര്‍ട്ടി ബെഡ് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആകുന്നത്. ഹറമില്‍നിന്ന് വീണ് കാലിന്റെ തുടയെല്ല് പൊട്ടിയാണ് അഡ്മിറ്റ് ആകുന്നത്. പ്രായമുള്ള ഒരു സ്ത്രീയുടെ തുടയെല്ല് പൊട്ടിയെന്നറിയുമ്പോള്‍ അവരനുഭവിക്കുന്ന വേദന നമുക്ക് ഊഹിക്കാം. ഞാനാ ഉമ്മയോട് ചോദിച്ചു ഉമ്മയുടെ കൂടെ ആരാ വന്നതെന്ന്. എനിക്കറിയാമായിരുന്നു ഇനി അവര്‍ക്ക് പര സഹായമില്ലാതെ പ്രാഥമിക കര്‍മ്മങ്ങള്‍ പോലും ചെയ്യാന്‍ പറ്റില്ലെന്ന്. പലവട്ടം ഉമ്മയോട് ചോദിച്ചിട്ടും ഉമ്മയുടെ കൂടെ വന്ന ആളെ ഉമ്മ പറഞ്ഞുതന്നില്ല. വന്ന അന്ന് തന്നെ ഉമ്മക്ക് ഒരുപാട് അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു.
    ഹോസ്പിറ്റലില്‍ നിന്നു നല്‍കുന്ന ഭക്ഷണം ഉമ്മക്ക് കഴിക്കാന്‍ പറ്റുന്നില്ലായിരുന്നു. പല ദിവസങ്ങളിലും ഏതെങ്കിലും റുമുകളില്‍ നിന്നും കഞ്ഞി വാങ്ങി ഞാന്‍ ഉമ്മക്ക് എത്തിച്ച് നല്‍കുമായിരുന്നു. ഏറ്റവും പ്രയാസം ടോയ്ലറ്റിലേക്ക് അവരെ കൊണ്ടുപോകലായിരുന്നു. കൂടെ വന്ന രണ്ട് പേരെ ഞാന്‍ നിരന്തരം വിളിച്ചുകൊണ്ടേയിരുന്നു. പക്ഷേ അവര്‍ ഹറമിലാണ്, ഉംറയിലാണ് എന്നിങ്ങനെ ഒഴികഴിവുകള്‍ പറഞ്ഞു. ആദ്യത്തെ രണ്ട് മൂന്ന് ദിവസം ഹോസ്പിറ്റലില്‍ ഡ്യൂട്ടിക്ക് നിയമിതയായ നഴ്സ് എല്ലാ കാര്യങ്ങള്‍ക്കും ഉമ്മയെ സഹായിച്ചു. പിന്നീടൊരു ദിവസം ഉമ്മയോട് കാര്യങ്ങള്‍ തെരക്കിയപ്പോഴാണ് കഴിഞ്ഞ ദിവസം രാത്രി നഴ്സ് ഡ്യൂട്ടി മാറി പോയെന്നും രാവിലെ ടോയ്ലറ്റില്‍ പോകാന്‍ കഴിയാതെ മണിക്കൂറുകളോളം കിടന്ന കിടപ്പില്‍ കരഞ്ഞ അവരെ ക്ലോസറ്റിലേക്ക് കൊണ്ട് പോയതും ശുദ്ധിവരുത്തിയതും കുളിപ്പിച്ചത് പോലും അവിടെയെത്തിയ പുരുഷ വളണ്ടിയര്‍മാരാണ് എന്നും അറിയാന്‍ കഴിഞ്ഞത്. ഉടനെ ഞാന്‍ അവര്‍ താമസിക്കുന്ന ബില്‍ഡിംഗിലേക്ക് ചെന്ന് ഉമ്മയുടെ കൂടെ വന്ന ആ രണ്ട് പേരേയും കണ്ടെത്തി അവരോട് ഹോസ്പിറ്റലിലേക്ക് വരാന്‍ പറഞ്ഞു. ആദ്യം വരാന്‍ വിസമ്മതിച്ച അവര്‍, ഞാന്‍ നിയമപരമായി കൈകാര്യം ചെയ്യുമെന്ന് പേടിപ്പിച്ചപ്പോള്‍ വരാന്‍ തയ്യാറായി. പകലില്‍ ഭര്‍ത്താവും രാത്രി ഭാര്യയും ഈ ഉമ്മക്ക് കൂട്ടിരിക്കണമെന്ന് കര്‍ശനമായി പറഞ്ഞു. ഞങ്ങള്‍ ഇബാദത്ത് ചെയ്യാനാണ് വന്നത്. ഈ ഉമ്മയെ ഞങ്ങളുടെ ഒരു സുഹൃത്ത് ഞങ്ങളോടൊപ്പം ചേര്‍ത്തതാണ് എന്നവര്‍ പരിതപിക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ ഇവരെ പരിചരിക്കലാണ് നിങ്ങള്‍ക്ക് ഹറമില്‍ ഇഅതികാഫ് ഇരിക്കുന്നതിലും പുണ്യമെന്ന് എനിക്കറിയാവുന്ന ഹദീസും ആയത്തും ഓതി അവരോട് ഞാന്‍ തര്‍ക്കിച്ചു കൊണ്ടേയിരുന്നു.
    എന്നെ കുറ്റപ്പെടുത്തിക്കൊണ്ടാണെങ്കിലും അവസാനം അവര്‍ മനസ്സില്ലാ മനസ്സോടെ ആശുപത്രിയില്‍ നിന്നു. അതിനിടയില്‍ ന്യൂമോണിയയും ആ ഉമ്മക്ക് ബാധിച്ചിരുന്നു. ഹജ്ജിന്റെ മൂന്ന് ദിവസം മുമ്പ് ആരോഗ്യനില വഷളായ അവരെ ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. സൗദിയിലെ ഗവണ്‍മെന്റ് ആശുപത്രിയില്‍ ബൈസ്റ്റാന്റര്‍മാരെ അനുവദിക്കാത്തത് ഉമ്മയുടെ കൂടെ വന്നവര്‍ക്ക് അനുഗ്രഹമായിരുന്നു. പിന്നീട് ഹജ്ജ് തുടങ്ങുന്നതുവരെ മക്കയിലെ അല്‍ നൂര്‍ ഹോസ്പിറ്റലില്‍ ചെന്ന് ആ ഉമ്മയെ ഞാന്‍ കാണാറുണ്ടായിരുന്നു. ദുല്‍ഹജ്ജ് ഏഴിന് രാത്രി അസുഖങ്ങള്‍ കുറച്ച് ഭേദപ്പെട്ടവരെ മിനയിലേക്ക് അയക്കുന്നതിനും, 'അത്യാസന്ന നിലയിലുള്ളവരെ ആംബുലന്‍സിലോ അതിനും സാധിക്കാത്തവരെ എയര്‍ ആംബുലന്‍സിലോ (ഹെലികോപ്റ്ററിലോ) അറഫയില്‍ എത്തിക്കുമെന്ന്' ആശ്വസിപ്പിക്കുന്നതിനും വേണ്ടി അല്‍ നൂര്‍ ഹോസ്പിറ്റലിലെത്തി ഉമ്മയോട് യാത്ര പറയുമ്പോള്‍ ആ ഉമ്മ എന്റെ കൈയില്‍ മുറുകെ പിടിച്ചു, 'മുസ്തഫയും എന്നെ വിട്ടു പോകുകയാണോ' എന്നു കരഞ്ഞു പറഞ്ഞത് വര്‍ഷം പന്ത്രണ്ട് കഴിഞ്ഞിട്ടും ഇപ്പോഴും എന്റെ മനസ്സില്‍ മുഴങ്ങുകയാണ്.
    അറഫയും കഴിഞ്ഞ് മുസ്ദലിഫയില്‍ രാപ്പാര്‍ത്ത് ജംറയിലേക്കുള്ള വഴിമധ്യേയാണ് ഞാനാ വാര്‍ത്ത കേട്ടത്. കായംകുളത്തുള്ള സൈനബക്കുഞ്ഞ് മക്കയിലെ അല്‍ നൂര്‍ ഹോസ്പിറ്റലില്‍ വെച്ച് മരണപ്പെട്ടു. ദുല്‍ഹജ്ജ് പത്തിന് അസര്‍ നമസ്‌കാരത്തോടെ മസ്ജിദുല്‍ ഹറമിലെ മയ്യിത്ത് നമസ്‌കാരത്തിന് ശേഷം ഷറയ്ഹിയ എന്ന ഖബര്‍സ്ഥാനില്‍ ഖബറടക്കുകയും ചെയ്തു.
  ഉമ്മമാരെ തനിച്ച് അയക്കുന്ന മക്കളെ ഇങ്ങനെയൊക്കെ തങ്ങളുടെ ഉമ്മമാര്‍ക്ക് സംഭവിക്കാം എന്ന് ബോധ്യപ്പെടുത്താനാണ് ഈ സംഭവം ഇവിടെ അനുസ്മരിച്ചത്.
 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top