പറക്കാന്‍ നമുക്ക് മീതെ ഇനിയും ആകാശങ്ങള്‍,

കെ.കെ ഫാത്തിമ സുഹറ No image

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും കേരളത്തിന് പുറത്ത് ബാംഗ്ലൂര്‍,  ഹൈദരാബാദ്, ഡല്‍ഹി, മദ്രാസ്, അന്തമാന്‍ തുടങ്ങിയ സ്ഥലങ്ങളിലും പ്രസ്ഥാന പരിപാടികള്‍ക്കായി യാത്ര ചെയ്തിട്ടുണ്ട്. സുഊദി അറേബ്യയിലേക്ക് 1998ല്‍ ഹജ്ജിന് പോയപ്പോഴും 2013ല്‍ ഉംറക്ക് പോയ വേളയിലും ചെറിയ രീതിയിലുള്ള പ്രാസ്ഥാനിക പരിപാടികളില്‍ പങ്കാളിയായിട്ടുണ്ട്. യു.എ.ഇ, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പ്രാസ്ഥാനിക പരിപാടികള്‍ക്ക് മാത്രമായാണ് സന്ദര്‍ശനം നടത്തിയത്.
എന്റെ പ്രസ്ഥാന പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത് 1975-ലാണ്. ശാന്തപുരത്ത് പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ വണ്ടൂര്‍, മമ്പാട്, നിലമ്പൂര്‍, മഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലെ സ്ത്രീകളെ പങ്കെടുപ്പിച്ച് വണ്ടൂര്‍ വനിതാ ഇസ്ലാമിയാ കോളേജില്‍ സംഘടിപ്പിക്കപ്പെട്ട വനിതാ സമ്മേളനത്തിലാണ് ആദ്യമായി ഞാന്‍ പ്രസംഗിക്കുന്നത്. വിദ്യാര്‍ഥിനിയായിരിക്കെ ശാന്തപുരത്തുനിന്ന് നേടിയ പരിശീലനം മാത്രമായിരുന്നു അതിന്റെ പ്രചോദനം. ആ പരിപാടിയില്‍ പാവാടയും ഷര്‍ട്ടും ധരിച്ചുകൊണ്ട് ഞാന്‍ പ്രസംഗിച്ചത് ഓര്‍ക്കുന്നു. ഒരു മണിക്കൂര്‍ സമയം എനിക്കും ഉച്ചക്കുശേഷം ഒരു മണിക്കൂര്‍ സമയം മറിയം കക്കോടിക്കുമാണ് നീക്കിവെക്കപ്പെട്ടത്. 'കുടുംബ ജീവിതം' എന്നതായിരുന്നു വിഷയം. നന്നായി പഠിച്ച് അവതരിപ്പിച്ചതിനാല്‍ സാമാന്യം നല്ല പരിപാടിയായി പലരും വിലയിരുത്തി. മര്‍ഹൂം എ.കെ അബ്ദുല്‍ ഖാദിര്‍ മൗലവിയാണ് എന്നെ പരിപാടിയിലേക്ക് ക്ഷണിച്ചത്. പ്രസംഗം തീരുന്നതുവരെ അദ്ദേഹം സാകൂതം ശ്രവിച്ചുകൊണ്ടിരുന്നു. പ്രസംഗം കഴിഞ്ഞ് സ്ഥലം വിട്ടു. എ.കെ എന്ത് പറയും എന്ന ആശങ്ക എനിക്കുണ്ടായിരുന്നു. അടുത്ത ദിവസം കോളേജില്‍വെച്ച് അദ്ദേഹം അഭിനന്ദിച്ചപ്പോഴാണ് സമാധാനമായത്. അതിനുശേഷം എവിടെനിന്ന് ആളുകള്‍ അന്വേഷിച്ചു വന്നാലും എനിക്ക് പരിപാടികള്‍ക്ക് പോവേണ്ടിവന്നു.
വിദ്യാര്‍ഥിനി ആയിരിക്കെതന്നെ ഒട്ടുമിക്ക പ്രദേശങ്ങളിലും പ്രാസ്ഥാനിക പരിപാടികളില്‍ സംബന്ധിക്കാന്‍ അവസരം ലഭിച്ചു. ചില പരിപാടികള്‍ വളരെ മികച്ചു നിന്നെങ്കില്‍, ചിലതില്‍ വലിയ മികവു പുലര്‍ത്താനായില്ല. ജി.ഐ.ഒ, ജമാഅത്ത്  ഭാരവാഹിയായിരിക്കെ സംസ്ഥാനത്ത് പല ഭാഗങ്ങളിലും പ്രാസ്ഥാനിക പരിപാടികളില്‍ പങ്കെടുത്തു. അവയില്‍ കൈപ്പേറിയതും ഹൃദ്യമായതും മധുരിക്കുന്നതും രസകരവും ഒക്കെയായ ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജി.ഐ.ഒ രൂപീകരിക്കപ്പെട്ട കാലമാണ്. പെരിന്തല്‍മണ്ണയില്‍ സബ്രീന ഹോട്ടലിനു മുന്നില്‍ ഒരു നഗ്‌ന സ്ത്രീരൂപം സ്ഥാപിക്കപ്പെട്ടു. അതില്‍ പ്രതിഷേധിച്ച് ഹോട്ടലുടമയെ സമീപിച്ചു.  പെരിന്തല്‍മണ്ണയില്‍ പ്രതിഷേധ പരിപാടിയും സംഘടിപ്പിച്ചു.  പെരിന്തല്‍മണ്ണക്കടുത്ത പുഴക്കാട്ടിരിയിലും പൊതുപരിപാടി ഉണ്ടായിരുന്നു.  സ്ത്രീകളെ ഉദ്ബുദ്ധരാക്കുക എന്നതും ഈ പരിപാടികളുടെ ലക്ഷ്യമായിരുന്നു. പക്ഷേ, ആളുകള്‍ പരിപാടിയില്‍ സംബന്ധിക്കുന്നത് മഹല്ല് ഭാരവാഹികള്‍ വിലക്കി. ഞാനും ടി. ഫാത്വിമ സുഹ്‌റ ടീച്ചറും ജേഷ്ടത്തി ആബിദ ടീച്ചറും എം. നസീമയുമായിരുന്നു പ്രഭാഷകര്‍.
പരിപാടി തുടങ്ങുമ്പോള്‍ സദസ്സ് കാലി. സംഘാടകനായിരുന്ന എന്റെ പിതൃവ്യന്‍ മമ്മുണ്ണി സാഹിബ് നല്ലൊരു മൈക്ക് സെറ്റ് സംഘടിപ്പിച്ചിരുന്നു. മുന്നില്‍ നിറയെ ആളുണ്ടെന്നപോലെ ഞങ്ങള്‍ പ്രഭാഷണങ്ങളങ്ങു നടത്തി. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ മമ്മുണ്ണി സാഹിബ് ക്ഷണിച്ചിരുന്ന രണ്ടു പോലീസുകാരായിരുന്നു മുഖ്യ ശ്രോതാക്കള്‍. അവര്‍ക്ക് പരിപാടി നന്നായി ഇഷ്ടപ്പെട്ടു. 'ഈ പറയുന്നതൊക്കെയും നല്ല കാര്യങ്ങളല്ലേ; നിങ്ങളുടെ സ്ത്രീകള്‍ ഇതിലേക്ക് വരുന്നത് മൗലവിമാര്‍ എന്തിന് തടയണം?' പക്ഷേ, ഞങ്ങളുടെ ലക്ഷ്യം സഫലമായി. ഓരോ വീട്ടുകാരും പരിപാടികള്‍ കഴിയുന്നതുവരെ പുറത്തുനിന്ന് സശ്രദ്ധം ശ്രവിച്ചു. പിറ്റേന്ന് രാവിലെ അവരെല്ലാവരും വീട്ടിലേക്കു വന്നു. വീട്ടിലിരുന്ന് എല്ലാം കേട്ടു എന്നും വിലക്കപ്പെട്ടതുകൊണ്ട് മാത്രമാണ് വരാതിരുന്നത് എന്നും ക്ഷമാപണ സ്വരത്തില്‍ പറഞ്ഞു.
മറ്റൊരു പരിപാടിയില്‍ അതിഥികളായി രണ്ടുമൂന്ന് ഉത്തരേന്ത്യക്കാരായ സഹോദരിമാര്‍ ഉണ്ടായിരുന്നു. കേരളത്തിലെ വളണ്ടിയേഴ്‌സ് ഭക്ഷണ തളികയും കറിബക്കറ്റും പിടിച്ച് തീന്മേശകള്‍ക്കിടയില്‍ 'ചാറ്, ചോറ്' എന്ന്  ബഹളം വെച്ച് വളരെ ഹരത്തില്‍ ഭക്ഷണ വിതരണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഉത്തരേന്ത്യക്കാരുടെ മുഖത്ത് വിഭ്രാന്തി. ഭയത്തോടെ അവര്‍ ചോദിച്ചു: 'ചാര്‍ ചോര്‍ കിദര്‍?' അപ്പോഴാണ് എനിക്ക് സംഭവം പിടികിട്ടിയത്. നാല് കള്ളന്മാര്‍ വന്നു എന്ന് ധരിച്ചാണ് അവര്‍ പരിഭ്രാന്തരായത്! മലയാളത്തില്‍ ചാര്‍, ചോര്‍  എന്താണെന്ന് വിശദീകരിച്ചു കൊടുക്കേണ്ട താമസം ചിരി പടരാന്‍ അധിക സമയം വേണ്ടിവന്നില്ല.
യാത്രക്കിടയിലുണ്ടായ മറ്റൊരനുഭവം. ആലപ്പുഴയിലേക്കുള്ള യാത്ര തുടങ്ങിയിട്ടേയുള്ളൂ. എറണാകുളത്തുനിന്നുള്ള ബസ്സില്‍ ഒരുവിധം കയറിപ്പറ്റിയിരിക്കുകയാണ്. ഭയങ്കര തിരക്ക്. ഒരു സീറ്റ് ഇരിക്കാന്‍ കിട്ടി. കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ സീറ്റിന് തൊട്ടടുത്തിരുന്ന ഒരു സഹോദരി കരയാന്‍ തുടങ്ങി. കാരണം തിരക്കിയപ്പോള്‍ അവള്‍ എന്നോട് ചോദിച്ചു: 'നിങ്ങള്‍ ബീവി അല്ലേ?' ഞാന്‍ പറഞ്ഞു: 'ഞാന്‍ ബീവിയല്ല.' ബീവിയാണെന്ന് അവര്‍ക്ക് തോന്നാന്‍ കാരണം ഞാന്‍ പര്‍ദയായിരുന്നു ധരിച്ചിരുന്നത്. അക്കാലത്ത്  ബീവിമാരും വളരെ പ്രായംചെന്ന സ്ത്രീകളുമല്ലാതെ സാധാരണ ആരും പര്‍ദ ധരിക്കാറില്ല. ഞാന്‍ എത്ര പറഞ്ഞിട്ടും അവര്‍ കരച്ചില്‍ നിര്‍ത്തിയില്ല. അവസാനം അവരെന്നോട് പറഞ്ഞു: 'എന്റെ മോന്‍ എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞ് റിസള്‍ട്ട് കാത്തിരിക്കുകയാണ്. പരാജയഭീതി പൂണ്ട അവന്‍ രണ്ടുദിവസമായി വീട്ടില്‍നിന്ന് എങ്ങോട്ടോ പോയിരിക്കുന്നു. ഞാനൊരു പ്രശ്‌നക്കാരനെ സമീപിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. 'നിങ്ങളുടെ മോന്‍ ഇനി ഒരിക്കലും തിരിച്ചുവരില്ല. പടിഞ്ഞാറോട്ട് പോയിരിക്കുകയാണ്.' ഇതും പറഞ്ഞ് തേങ്ങിക്കരഞ്ഞുകൊണ്ടേയിരുന്നു അവര്‍. 'മനുഷ്യരുടെ രഹസ്യം ഒരാള്‍ക്കും അറിയില്ല, അങ്ങനെ രഹസ്യം അറിയുമെന്ന് വിശ്വസിക്കാനും പാടില്ല' എന്ന് ഞാന്‍ പറഞ്ഞു. അവസാനം ഞാന്‍ വെറുതെ ഒന്ന് തട്ടിവിട്ടു. 'അയാള്‍ പറഞ്ഞത് പടിഞ്ഞാറോട്ട് പോയി എന്നാണെങ്കില്‍ ഞാന്‍ പറയുന്നു കിഴക്കോട്ടാണ് പോയത്.'
നിറഞ്ഞ ബസ്സില്‍ നിന്നിറങ്ങുന്നതിനു മുമ്പ് ഞാന്‍ അവരോട് അന്ധവിശ്വാസങ്ങളെ കുറിച്ചൊക്കെ അല്‍പം സംസാരിച്ചു. കൂട്ടത്തില്‍ മോനെ നിങ്ങള്‍ ഇസ്ലാമിക സ്ഥാപനങ്ങളില്‍ ചേര്‍ത്ത് പഠിപ്പിക്കണം എന്നും സൂചിപ്പിച്ചു. അവര്‍ എന്റെ അഡ്രസ് എഴുതിയെടുത്തു. രണ്ടുദിവസം കഴിയുമ്പോള്‍ ഒരു കാര്‍ഡ് ലെറ്റര്‍ വന്നു. 'നിങ്ങള്‍ പറഞ്ഞത് തികച്ചും ശരിയായിരുന്നു. എന്റെ മോന്‍ കിഴക്കുഭാഗത്തുള്ള ഞങ്ങളുടെ ഒരു ബന്ധുവീട്ടിലേക്കാണ് പോയിരുന്നത്. അന്നുതന്നെ അവന്‍ തിരിച്ചു വന്നു. എനിക്ക് അവനെ ചേര്‍ത്തു പഠിപ്പിക്കാന്‍ ഒരു സ്ഥാപനത്തിന്റെ അഡ്രസ്സ് തരണം' എന്നായിരുന്നു ആ കാര്‍ഡില്‍ എഴുതിയിരുന്നത്. ഞാന്‍ വാടാനപ്പള്ളി കോളേജിന്റെ അഡ്രസ്സ് അയച്ചുകൊടുത്തു.  ഇങ്ങനെയൊക്കെയാണ് ബീവികള്‍ ഉണ്ടാകുന്നത് എന്ന ഒരു തിരിച്ചറിവ് കൂടി ഞാന്‍ അവര്‍ക്ക് പകര്‍ന്നു കൊടുത്തു.
'സാമൂഹ്യ വിപ്ലവത്തിന് സ്ത്രീശക്തി' എന്ന തലക്കെട്ടില്‍ 2010ല്‍ കുറ്റിപ്പുറത്ത് സംഘടിപ്പിക്കപ്പെട്ട ഇതിഹാസ വനിതാ സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം കുവൈത്തിലേക്ക് പോയത് മറക്കാനാവാത്ത അനുഭവമായിരുന്നു. ജസ്റ്റിസ് ശ്രീദേവിയോടൊപ്പമുള്ള യാത്ര ആയതിനാല്‍ സര്‍ക്കാര്‍ തലത്തില്‍ വലിയ ബഹുമതികളോട് കൂടിയായിരുന്നു ആ യാത്ര. അതേ സമയം ബഹറൈനിലേക്ക് പോയത് ഒറ്റക്കായിരുന്നു. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ വെച്ച് അധികൃതരുടെ വക പലതരം അന്വേഷണങ്ങള്‍. അവിടെ ബന്ധുക്കള്‍ ഉണ്ട് എന്ന് പറഞ്ഞിട്ടും പ്ലെയിന്‍ പോവാന്‍ സമയത്താണ് അവര്‍ എനിക്ക് അനുവാദം നല്‍കിയത്.

മുന്നില്‍ നടന്ന സ്വാഹിബകള്‍
പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍നിന്നവരെ സ്മരിക്കാതിരിക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയായിരിക്കും. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം പ്രത്യേകമായി പ്രവര്‍ത്തിച്ചു തുടങ്ങുന്നതിനു മുന്നേ തന്നെ നിരവധി വനിതാ രത്‌നങ്ങള്‍ ജമാഅത്ത് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. പല പ്രസ്ഥാന നായകരുടെയും മാതാക്കളുടെയും സഹധര്‍മിണികളുടെയും ത്യാഗത്തിന്റെ ചരിത്രം കൂടി ചേരുമ്പോഴേ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ചരിത്രം പൂര്‍ത്തിയാവുകയുള്ളൂ. വനിതാ വിഭാഗത്തിന്റെ നാളിതുവരെയുള്ള വളര്‍ച്ചയില്‍ കെ.സി അബ്ദുല്ല മൗലവി മുതല്‍ ഇന്നേ വരെയുള്ള മുഴുവന്‍ ജമാഅത്ത് അമീറുമാരുടെയും പിന്തുണയും പ്രോത്സാഹനവും പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു.
ഫാത്വിമ ഉമര്‍ എന്ന  മഹല്‍ വ്യക്തി, അവരെ അത്ഭുതത്തോടു കൂടി നോക്കി നിന്ന ഒരു കാലമുണ്ടായിരുന്നു. ഭര്‍ത്താവിനെയും കൂട്ടുകാരെയും പ്രസ്ഥാന പരിപാടികളിലേക്ക് കാറില്‍ എത്തിച്ചിരുന്നത് അവരായിരുന്നു. കാര്‍ ഓടിച്ച് പരിപാടികളില്‍ പങ്കെടുക്കാറുണ്ടായിരുന്ന അവരുടെ പുഞ്ചിരിതൂകുന്ന മുഖം ഇപ്പോഴുമോര്‍ക്കുന്നു. അവര്‍ അംഗങ്ങളുടെ യോഗത്തില്‍ സംബന്ധിക്കാന്‍ വരുമ്പോള്‍ ശാന്തപുരത്തുള്ള എന്റെ വീട്ടില്‍ വരുമായിരുന്നു. ആര്‍ജവത്തോടെയുള്ള സംസാരം, നല്ല ഡ്രസ്സിംഗ്, കര്‍മോത്സുകത തുടങ്ങിയവ എല്ലാവരിലും മതിപ്പുളവാക്കുന്നവയായിരുന്നു. അന്ന് സ്ത്രീകള്‍ കാര്‍ ഓടിക്കുക എന്നത് വലിയ സംഭവമായിരുന്നു. പ്രസ്ഥാന പരിപാടികള്‍ക്ക് ഇന്നത്തെപോലെ ഒരു വ്യവസ്ഥാപിത ഘടന അന്നുണ്ടായിരുന്നില്ല.  സ്വയം പരിപാടികള്‍ കണ്ടെത്തുക, പരിപാടികളിലേക്ക് ക്ഷണിക്കപ്പെടുക... ഇത്രയൊക്കെയാണ് അന്നുണ്ടായിരുന്നത്. പ്രായത്തിന്റെ അവശതകള്‍ അനുഭവപ്പെട്ടു തുടങ്ങിയതോടെ ഫാത്വിമ ഉമര്‍ ഗള്‍ഫില്‍ മക്കളോടൊപ്പം സ്ഥിരതാമസമാക്കി. അതുകൊണ്ടാണ് പുതിയ തലമുറക്ക് അവരെ വല്ലാതെ അനുഭവിക്കാനാവാതെ പോയത്. ഇന്ന് ഫാത്വിമ ഉമര്‍ നമ്മോടൊപ്പമില്ല.
എടുത്തുപറയേണ്ട മറ്റൊരു വ്യക്തിത്വമാണ് ആസ്യ ടീച്ചര്‍. ചേന്ദമംഗല്ലൂരില്‍ ഇസ്ലാഹിയ്യ കോളേജിലെ അധ്യാപികയായിരുന്ന അവര്‍ ധാരാളം വിദ്യാര്‍ഥിനികള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കി മുന്നില്‍ നടന്നു.  ധാരാളം പ്രാസ്ഥാനിക പരിപാടികളില്‍ അവര്‍ തിളങ്ങിനിന്നു. കൂട്ടത്തില്‍ അനുസ്മരിക്കപ്പെടേണ്ട ശ്രദ്ധേയയായ  മഹതിയാണ് റുഖിയ്യ റഹീം സാഹിബ. ജി.ഐ.ഒയുടെ പ്രഥമ സ്റ്റേറ്റ് സെക്രട്ടറിയായി സ്ഥാനമേറ്റ ടി.സുഹറ ടീച്ചര്‍ കുടുംബ സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ സ്ഥാനമൊഴിഞ്ഞ ഉടനെ റുഖിയ്യ സാഹിബ ആ സ്ഥാനം ഏറ്റെടുത്തു. അതിനു മുമ്പും ശേഷവും പ്രാസ്ഥാനിക പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നതില്‍ കഴിവ് തെളിയിച്ച  വനിതയാണ് അവര്‍. ഇപ്പോള്‍ തൃശൂരിലെ 'തണല്‍' എന്ന സ്ഥാപനത്തില്‍ ആരോരും ഇല്ലാത്തവരുടെ മൂത്തമ്മയായി പെറ്റമ്മപോലെ അവരെ പരിചരിച്ച് സന്തോഷം കണ്ടെത്തുകയാണ് ആ മഹതി. ജി.ഐ.ഒയുടെ പ്രഥമ ഓഫീസ് സെക്രട്ടറിയായി ഒരുപാട് കാലം പ്രവര്‍ത്തിച്ച നിശ്ശബ്ദ നിറസാന്നിധ്യമായിരുന്നു എം.ടി മൈമൂന ടീച്ചര്‍. പ്രാദേശിക പരിപാടികളില്‍ സജീവ സാന്നിധ്യമാണ്.
ഏറെക്കാലം പ്രസ്ഥാനത്തെ നയിച്ച  മൂസ മൗലവി ഫാത്തിമ മൂസ ദമ്പതികളോടും വനിതാ വിഭാഗം ഏറെ കടപ്പെട്ടിരിക്കുന്നു. അവര്‍ സംസ്ഥാനത്തിന്റെ  മുക്കുമൂലകളില്‍ പ്രസ്ഥാനത്തിന്റെ ശബ്ദമെത്തിക്കാന്‍ വനിതകള്‍ക്കിടയില്‍ അഹോരാത്രം പണിയെടുത്തിട്ടുണ്ട്. അഖിലേന്ത്യാ തലത്തില്‍തന്നെ പരീക്ഷിക്കാവുന്ന ഒരു രീതിയാണിതെന്ന് ടി.കെ അബ്ദുല്ല സാഹിബ് പറയാറുണ്ടായിരുന്നു. പല അഖിലേന്ത്യാ മുശാവറ കമ്മിറ്റികളിലും ഇക്കാര്യം ഞാന്‍ സൂചിപ്പിച്ചിരുന്നുവെങ്കിലും അത്തരത്തിലുള്ള ദമ്പതികള്‍ പലയിടത്തും ഇല്ലാത്തതുകൊണ്ടാവാം അങ്ങനെ ഒരു സിസ്റ്റം ഒരിടത്തും പ്രവര്‍ത്തിച്ചു കണ്ടില്ല. മൂസ മൗലവിക്കുശേഷം ഒരു മീഖാത്ത് പ്രഗത്ഭ വ്യക്തിത്വം ശൈഖ് മുഹമ്മദ് കാരകുന്ന് വനിതാ വിഭാഗത്തിന്റെ കാര്യദര്‍ശിയായതും നന്ദിയോടെ സ്മരിക്കുന്നു. ഞാന്‍ വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റായിരുന്നപ്പോള്‍ സെക്രട്ടറിയായി കൂടെ പ്രവര്‍ത്തിച്ച ആര്‍.സി സാബിറ, പ്രസ്ഥാന യാത്രയില്‍ പ്രശോഭിച്ചു നിന്ന് കുറഞ്ഞ പ്രായത്തില്‍ വിടവാങ്ങിയ സൗദ പടന്ന എന്നിവരെ പ്രത്യേകം സ്മരിക്കുന്നു. അഖിലേന്ത്യാ നേതൃനിരയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എ.റഹ്മത്തുന്നിസ ടീച്ചര്‍, കെ.എന്‍ സുലൈഖ, സി.വി ജമീല എന്നിവര്‍ പ്രസ്ഥാനത്തിന്റെ അധ്യക്ഷകളായും ഉമ്മു ഐമന്‍, പി. സുബൈദ എന്നിവര്‍ ദീര്‍ഘകാലം സംസ്ഥാന സെക്രട്ടറിമാരായും വനിതാ വിഭാഗത്തിന് നേതൃത്വം നല്‍കിയവരാണ്. നാല് വര്‍ഷം സംസ്ഥാന പ്രസിഡണ്ടായി സേവനമനുഷ്ഠിച്ച സ്വഫിയ്യ അലി ഇപ്പോഴും വനിതാവിഭാഗം വൈസ് പ്രസിഡണ്ടായും അഖിലേന്ത്യാ മുശാവറ കമ്മിറ്റി അംഗമായും തുടരുന്നു. ദീര്‍ഘകാലം സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ഇ.സി ആയിഷ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ കരുത്തുറ്റ നേതാവും മറ്റൊരു വൈസ് പ്രസിഡന്റ് കക്കോടി മര്‍യം അനോരോഗ്യം കാരണം പ്രാദേശിക പരിപാടികളില്‍ ഒതുങ്ങിക്കൂടി കഴിയുന്നവരുമാണ്. മുന്‍ ലക്കത്തില്‍ പരാമര്‍ശിച്ച പ്രവര്‍ത്തനങ്ങളില്‍ ഈ നേതൃനിരയിലുള്ളവരെല്ലാം ക്രിയാത്മകമായ പങ്ക് വഹിച്ചിട്ടുണ്ട്. അവരോടൊപ്പം പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ ഭാഗമാക്കാന്‍ കഴിഞ്ഞത് ഒരു മഹാ സൗഭാഗ്യമായി ഞാന്‍ കാണുന്നു.
ജി.ഐ.ഒയുടെ ഉപ്പ എന്ന് ഞങ്ങള്‍ സ്‌നേഹപൂര്‍വം വിളിച്ചിരുന്ന പ്രിയപ്പെട്ട മര്‍ഹൂം കൊണ്ടോട്ടി അബ്ദുര്‍റഹ്മാന്‍ സാഹിബിനെ നന്ദിപൂര്‍വം അനുസ്മരിച്ചു കൊണ്ടും അദ്ദേഹത്തിനു വേണ്ടി പ്രാര്‍ഥിച്ചുകൊണ്ടുമല്ലാതെ സാമാന്യം വലിയ ഈ കുറിപ്പ് അവസാനിപ്പിക്കാനാവില്ല. പല യാത്രകളിലും എന്റെ ഗാര്‍ഡിയനും പ്രാസംഗികയും രാഷ്ട്രപതിയില്‍നിന്ന് മികച്ച അധ്യാപികക്കുള്ള അവാര്‍ഡ് ലഭിച്ച കുഞ്ഞീരുമ്മ ടീച്ചറേയും പ്രാര്‍ഥനാപൂര്‍വം ഓര്‍മിക്കുന്നു.
പ്രസ്ഥാന നേതൃനിരയില്‍ ഇന്ന് കഴിവുറ്റ ധാരാളം പേരുണ്ട്. അവരൊക്കെയും സാധ്യമായ രീതിയില്‍ പ്രസ്ഥാനത്തിന് സേവനം ചെയ്തുകൊണ്ടിരിക്കുകയാണ്. എല്ലാവരെയും ഉള്‍പ്പെടുത്താന്‍ പേജുകള്‍ വേണ്ടിവരും. ഇപ്പോള്‍ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നവര്‍ പി.വി റഹ്മാബി ടീച്ചറും പി. റുക്‌സാനയുമാണ്. പ്രഗല്‍ഭരായ അവരുടെ കീഴില്‍ സ്വഫിയ അലി, ഖദീജ റഹ്മാന്‍, ആര്‍.സി സാബിറ, കെ.ടി നസീമ, കെ.കെ സുഹ്‌റ എന്നിവരടങ്ങുന്ന ഒരു സെക്രട്ടറിയേറ്റിനു പുറമെ സംസ്ഥാന സമിതിയുമുണ്ട്. പോരായ്മകള്‍ ഉണ്ടെങ്കിലും അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ വനിതാരംഗം ഇന്ന് സജീവമാണ്. കരുത്തുറ്റ ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞതില്‍ പ്രസ്ഥാനത്തിന് അതിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ അഭിമാനിക്കാം. ഈ കൈത്തിരി കൂടുതല്‍ ഇടങ്ങളിലേക്ക് വെളിച്ചം പരത്തി ഇവിടെ നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിയും; കഴിയട്ടെ എന്ന് ആശംസിക്കുന്നു, പ്രാര്‍ഥിക്കുന്നു.
'തു ശാഹീന്‍ഹെ, പര്‍വാസ് ഹെ കാം തേരാ,
തേരെ സാംനെ ആസ്മാന്‍ ഔര്‍ ഭീ ഹൈം.
(നീ രാജാളിപ്പക്ഷിയാണ്, പറക്കലാണ് നിന്റെ ജോലി, ഇനിയും പറക്കുവാന്‍ നിന്റെ മീതെ ഒരുപാട് ആകാശങ്ങളുണ്ട്

 അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ )

(അവസാനിച്ചു)

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top