ഹജ്ജ് തീര്‍ഥാടകര്‍ ശ്രദ്ധിക്കേണ്ടത്

റഫീഖ് റഹ്‌മാന്‍ മൂഴിക്കല്‍ No image
  • പരിശുദ്ധ മക്കയെ വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തിയിരിക്കുന്നത് നിര്‍ഭയ ഭവനം (ഹറമന്‍ ആമിനന്‍) എന്നാണ്. അതിനാല്‍ വഴിതെറ്റിപ്പോകുമോ, കര്‍മങ്ങള്‍ ചെയ്യാന്‍ ആവില്ലേ തുടങ്ങിയ ഭയപ്പാടുകള്‍ ആദ്യമേ ഒഴിവാക്കുക. മക്കയിലും മദീനയിലും ഏതൊരാളും നിങ്ങളെ സഹായിക്കും. അല്‍പം ജാഗ്രത ഉണ്ടായാല്‍ മാത്രം മതി.
  • തിരക്കുള്ള ഘട്ടത്തില്‍ പള്ളിക്കകത്തേക്ക് കയറുന്ന അതേ കവാടത്തിലൂടെ തന്നെ പുറത്തേക്കിറങ്ങാന്‍ സാധിച്ചു കൊള്ളണമെന്നില്ല. പകരം, പുറത്തേക്ക് വരുന്നത് മറ്റൊരു കവാടത്തിലൂടെയാവാം. അതിനാല്‍ മസ്ജിദുല്‍ ഹറമിലേക്ക് വരുന്ന ഭാഗത്തെ പ്രധാന അടയാളം കണ്ടുവെക്കുന്നത് നല്ലതാണ്.
  • വഴി തെറ്റിയാല്‍ സ്വയം വഴി കണ്ടെത്താന്‍ ശ്രമിക്കുന്നതിന് പകരം ഹറം കവാടത്തിന്റെ നമ്പറോ, കവാടത്തിന്റെ പേരോ സെക്യൂരിറ്റി വിഭാഗത്തോട് ചോദിച്ച് നിശ്ചിത സ്ഥലത്തെത്തിച്ചേരാം. എപ്പോഴും ബന്ധപ്പെട്ടവരുടെ സുഊദി ഫോണ്‍ നമ്പര്‍, താമസിക്കുന്ന കെട്ടിടത്തിന്റെ വിലാസം എന്നിവയുള്ള തിരിച്ചറിയല്‍ കാര്‍ഡ് സൂക്ഷിക്കണം. മലയാളമല്ലാത്ത ഭാഷകള്‍ വഴങ്ങാത്തവര്‍ പ്രത്യേകിച്ചും.
  • തിരക്കുള്ള ദിവസങ്ങളിലും സമയങ്ങളിലും ഹറം കവാടങ്ങള്‍ നേരത്തെ അടക്കും. അതിനാല്‍, അകത്ത് പ്രവേശനം ലഭ്യമാകാന്‍ മുന്‍കൂട്ടി പുറപ്പെടേണ്ടതാണ്. അകത്തു നിന്നും പുറത്തേക്കിറങ്ങിയാല്‍ രണ്ടാമതും (ഡോര്‍ അടച്ചു കഴിഞ്ഞാല്‍) അകത്തേക്ക് കയറുന്നത് ശ്രമകരമാണ്. അതിനാല്‍, പുറത്തിറങ്ങുമ്പോള്‍ ഡ്യൂട്ടിയിലുള്ളവരോട് അനുമതി വാങ്ങിയേ പുറത്തേക്ക് പോകാവൂ. വെള്ളിയാഴ്ച ദിവസങ്ങളിലാണ് ഇക്കാര്യം കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.
  • ത്വവാഫില്‍ അറിയാവുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍, സ്വലാത്ത്, ദിക്റുകള്‍ ചൊല്ലുകയോ അറിയുന്ന പ്രാര്‍ഥനകള്‍ അറബിയിലോ  സ്വന്തം ഭാഷയിലോ പ്രാര്‍ഥിക്കുകയും ചെയ്യുക. പുസ്തകം കൈയില്‍ പിടിച്ച് അര്‍ഥമറിയാത്ത പ്രാര്‍ഥനകള്‍ ഉറക്കെ ചൊല്ലി നടക്കുന്നതിലോ ഹാജിമാരെ അങ്ങനെ നടത്തിക്കുന്നതിലോ പ്രത്യേക പുണ്യമില്ല.
  • തണുപ്പുള്ള പാനീയങ്ങള്‍ ഉപയോഗിക്കുന്നത് തൊണ്ടവേദനക്കും തുടര്‍ന്ന് ശാരീരിക പ്രയാസങ്ങള്‍ക്കും ഇടയാക്കും. അതിനാല്‍ സംസം പോലും തണുപ്പില്ലാത്ത കന്നാസില്‍ സൂക്ഷിച്ചവ കുടിക്കുക. അത്തരം കന്നാസുകള്‍ക്ക് മീതെ NOT COOLED എന്ന് പ്രത്യേകം എഴുതിയിട്ടുണ്ട്. സംസം എന്ന് പ്രത്യേകം  രേഖപ്പെടുത്താതെ ഹറം പരിസരങ്ങളില്‍ കുടിവെള്ള സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്. അവ സംസം അല്ല.
  • ദിവസേന ആറ് മണിക്കൂര്‍ ഉറങ്ങുന്നത് പിറ്റെ ദിവസം ഉറക്കച്ചടവില്ലാതെ ഇബാദത്തുകളില്‍ മുഴുകാന്‍ ഉപകരിക്കും. ഇശാ കഴിഞ്ഞ ഉടന്‍ ഉറങ്ങുന്നയാള്‍ക്ക് സുബ്ഹ് ബാങ്കിന് ഒരു മണിക്കൂര്‍ മുമ്പെ പള്ളിയിലെത്തി തഹജ്ജുദും നിര്‍വഹിക്കാം. റൂമില്‍ അമിതമായി ഉറങ്ങിക്കളയുന്ന പ്രവണതയുണ്ടെങ്കില്‍ അത് ഒഴിവാക്കേണ്ടതാണ്. മക്കയിലും മദീനയിലും നഷ്ടപ്പെടുന്ന സംഘടിത നമസ്‌കാരം വലിയ നഷ്ടം തന്നെയായിരിക്കും.
  •  തിരക്ക് കൂടുന്നതിന് മുമ്പ്, വിശിഷ്യാ ഹജ്ജ് നാളുകള്‍ക്കു മുമ്പ് അറഫ, മിന, മുസ്ദലിഫ, ജംറകള്‍, ജബലുന്നൂര്‍, ജബലു സ്സൗര്‍, മുഅല്ല മഖ്ബറ എന്നിവ സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസ്സിലാക്കുക. ഖുര്‍ആനിലെ ഹജ്ജും മക്കയും പ്രതിപാദിക്കുന്ന അധ്യായങ്ങളുടെ പരിഭാഷയും വിശദീകരണവും വായിച്ച് മനസ്സിലാക്കുക.
  • പള്ളിയില്‍ പോകുമ്പോള്‍ റൂമില്‍നിന്ന് വുദു ചെയ്ത് പോകുക. വുദു പുതുക്കേണ്ടി വന്നാല്‍ വിശാലമായ സൗകര്യങ്ങള്‍ ഹറമുകളുടെ പരിസരത്തുണ്ട്. മക്ക ഹറമിന്റെ കിംഗ് അബ്ദുല്ല എക്സ്റ്റഷന്‍ ഭാഗത്ത് പുതുതായി നിര്‍മിച്ച നിരവധി ബാത്റൂമുകളുണ്ട്. പള്ളിയിലേക്ക് പോകുമ്പോള്‍ ഒരു മുസ്വല്ലയും കരുതുന്നത് നല്ലതാണ്. പുറത്ത് നില്‍ക്കേണ്ടി വരുമ്പോള്‍ അത് ഏറെ ഉപകാരപ്പെടും.
  • എയര്‍പോര്‍ട്ടില്‍ നിന്നും ഹറമില്‍ നിന്നും ബാത്റൂമിലോ മറ്റോ പോകേണ്ടി വരുമ്പോള്‍ മൊബൈല്‍ ഫോണും ഹാന്റ് ബാഗും മറ്റു സാധനങ്ങളും അടയാളം വെക്കാനോ, സ്ഥലം ബുക് ചെയ്യാനോ വേണ്ടി പുറത്ത് വെച്ച് പോകരുത്. അത് ബന്ധപ്പെട്ട ആളുടെ കൈയില്‍ നല്‍കുക. ഹറമുകളില്‍ നഷ്ടപ്പെടുന്ന വസ്തുക്കള്‍ അവിടെ ലഭിച്ചിട്ടുണ്ടെങ്കില്‍ തിരിച്ചു നല്‍കുന്ന കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
  • ഹറം പരിസരത്തെ കടകളില്‍ നിന്നോ, തെരുവ് കച്ചവടക്കാരില്‍ നിന്നോ സാധനം വാങ്ങുമ്പോഴും, ടാക്സിക്കാര്‍ക്ക് ചാര്‍ജ് നല്‍കുമ്പോഴും 200, 500 തുടങ്ങിയ വലിയ സൗദി റിയാലുകള്‍ നല്‍കാതിരിക്കുക. പകരം അവ അഞ്ച്, 10, 50 - തുടങ്ങിയ ചെറിയ റിയാലുകളാക്കി സൂക്ഷിക്കുക.
  •  മക്കയിലേയും മദീനയിലേയും ഹറമുകളില്‍ എല്ലാ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് ശേഷവും അവിടെ കൊണ്ടുവന്നിരിക്കുന്ന മയ്യിത്തുകള്‍ക്ക് വേണ്ടിയുള്ള നമസ്‌കാരവും ഉണ്ടാവും. അസ്വലാതു അലല്‍ അംവാതി യര്‍ഹംകുമുല്ലാ (മയ്യത്തുകള്‍ക്കുള്ള നമസ്‌ക്കാരം നടക്കുകയാണ്. പങ്കെടുക്കുന്ന നിങ്ങള്‍ക്ക് അല്ലാഹുവിന്റെ കാരുണ്യമുണ്ടാകട്ടെ) എന്ന അനൗണ്‍സ്മെന്റ് മുഴങ്ങുമ്പോള്‍ അതില്‍ പങ്കുചേരാം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top