ചരിത്രാഖ്യായിക  10

നജീബ് കീലാനി No image

മിന്നലാക്രമണം

സല്ലാമുബ്നു മിശ്കം ഖൈബറിലുള്ള തന്റെ ആളുകളോട് സംസാരിക്കുകയാണ്.
''നോക്കൂ, നമുക്കും മുഹമ്മദിനും ഇടക്ക് യുദ്ധം ഉറപ്പാണ്. സമാധാനക്കരാര്‍ ഉണ്ടാക്കാന്‍ മുഹമ്മദ് മുമ്പോട്ട് വന്നാല്‍ പോലും നാമത് സ്വീകരിക്കാന്‍ പോകുന്നില്ല... എനിക്ക് കാര്യങ്ങളൊക്കെ വളരെ വ്യക്തമാണ്. ഈ അറേബ്യന്‍ ഉപദ്വീപില്‍ ഇസ്രയേല്‍ സന്തതി പരമ്പരയുടെ അവസാന സങ്കേതമാണ് നമ്മുടെ ഈ ഖൈബര്‍. ഖുറൈശികള്‍ക്കുള്ളതിനേക്കാള്‍ ശത്രുത ജൂതന്മാര്‍ക്ക് തന്നോടുണ്ടെന്ന് മുഹമ്മദിനറിയാം. നാം വേദക്കാര്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ പോകുന്നില്ല. നമ്മള്‍ പരസ്പരം ആവേശപ്പെടുത്തണം. നമ്മള്‍ അങ്ങോട്ട് കടന്നാക്രമിച്ചില്ലെങ്കില്‍ മുഹമ്മദ് ഇങ്ങോട്ട് കടന്നാക്രമിക്കും. നമുക്ക് 'യഥ് രിബി'ലേക്ക് മാര്‍ച്ച് ചെയ്യണം. നമുക്കൊപ്പം ഗത്ത്ഫാന്‍കാരുണ്ടാവും. വാദില്‍ ഖുറായിലെയും ഫദകിലെയും തൈമാഇലെയും ജൂതന്മാരുമുണ്ടാവും. വിജയം നമ്മോടൊപ്പം തന്നെ. പണവും ആള്‍-ആയുധബലവും നമുക്കാണ് കൂടുതലെന്ന് എല്ലാ അറബികള്‍ക്കുമറിയാം. നമ്മുടെ മുന്നൊരുക്കങ്ങളും വളരെ ശക്തമാണ്.''
ഇത് കേട്ടുകൊണ്ടിരിക്കുന്ന സദസ്സില്‍ വിജയക്കൊടി പാറിച്ച ഒരു ജൂതകച്ചവടക്കാരനുമുണ്ട്. പേര് ഹജ്ജാജുബ്നു ഇലാത്വ്. അറേബ്യയിലുടനീളം അദ്ദേഹത്തിന് കച്ചവട സംരംഭങ്ങളുണ്ട്; പ്രത്യേകിച്ച് മക്കയില്‍. ഹജ്ജാജ് പറഞ്ഞു: 'എനിക്കിതിനോട് യോജിപ്പില്ല. യുദ്ധം കഴിഞ്ഞാല്‍ പിന്നെ എന്താണ് ബാക്കിയുണ്ടാവുക? സമ്പൂര്‍ണ നശീകരണം, അനാഥ മക്കള്‍, ഒടുങ്ങാത്ത പ്രതികാര ചിന്ത.... മുഹമ്മദ് താന്‍ ഏര്‍പ്പെട്ട ഒരു കരാറും ലംഘിച്ചിട്ടില്ലല്ലോ. അദ്ദേഹവുമായി നാം കരാറുണ്ടാക്കണം എന്നാണ് എന്റെ അഭിപ്രായം. ജീവനുള്ള കാലം നാമത് ലംഘിക്കുകയുമരുത്. സമാധാനമുണ്ടായിക്കഴിഞ്ഞാല്‍ സമ്പദ് സമൃദ്ധി പിറകെ വരും. മുഹമ്മദിന്റെ കാര്യം അറബികള്‍ക്ക് വിടുക. അവര്‍ വിജയിച്ചാല്‍ അത് നമ്മുടെയും വിജയമല്ലേ. ഇനി മുഹമ്മദാണ് വിജയിക്കുന്നതെങ്കിലും നമുക്കൊന്നും നഷ്ടപ്പെടാനുമില്ല.''
മറ്റൊരു നേതാവ് കിനാനതു ബ്നു റബീഉം സല്ലാമുബ്നു മശ്കമിനെ പിന്തുണച്ചാണ് സംസാരിച്ചത്.
''നാം ആദ്യം ചോദിക്കേണ്ട ചോദ്യം ഇതാണ്: ആരാണ് കൂടുതല്‍ ശക്തര്‍? നമ്മളോ മുഹമ്മദോ? മുഹമ്മദാണ് കൂടുതല്‍ ശക്തനെങ്കില്‍ നാം അയാളുമായി ഒരു കരാറിലെത്തും. എന്നിട്ട് അയാളെ വീഴ്ത്താനുള്ള അവസരത്തിനായി കാത്തിരിക്കും. നമ്മളാണ് കൂടുതല്‍ ശക്തരെങ്കില്‍ നാം ഒട്ടും താമസിക്കാതെ യഥ് രിബിലേക്ക് നീങ്ങണം. എന്നിട്ട് അയാളുടെ മതത്തെയും അധികാരത്തെയും തകര്‍ക്കണം. നമ്മളാണ് കൂടുതല്‍ ശക്തര്‍ എന്നാണ് എന്റെ വിശ്വാസം. എതിരഭിപ്രായമുണ്ടോ?''
''എനിക്കും ആ അഭിപ്രായമാണ്'' - സല്ലാം പറഞ്ഞു.
ഹജ്ജാജ് വിട്ടുകൊടുത്തില്ല.
''യുദ്ധമാവുമ്പോള്‍ അതില്‍ പല പല ഘടകങ്ങള്‍ കടന്നുവരും. അഹ്സാബ് യുദ്ധം ഓര്‍മയില്ലേ? നമ്മളായിരുന്നില്ലേ ശക്തര്‍? പക്ഷേ, നമ്മുടെ കണക്കുകൂട്ടലില്‍ ഇല്ലാത്ത പലതും സംഭവിച്ചു. വലിയ ആയുധപ്പുരകള്‍ ഉണ്ടാകുന്നതോ സുശക്തമായ സൈന്യത്തെ അണിനിരത്തുന്നതോ മാത്രമല്ല വിജയത്തിന്റെ മാനദണ്ഡങ്ങള്‍. ദൈവേഛ എന്ന ഒന്നുണ്ട്. പിന്നെ മനുഷ്യരുടെ ഇഛാശക്തി.''
''നമ്മുടെ ആളുകള്‍ക്ക് എന്തൊരു ഇഛാശക്തിയാണ്.... പിന്നെ ദൈവവും നമ്മുടെ അണിയിലല്ലേ''- സല്ലാം ഊറ്റം കൊണ്ടു.
''ദൈവം നമ്മുടെ അണിയിലോ?''
''അതെ, ഹജ്ജാജ്. അല്ലായിരുന്നെങ്കില്‍ എനിക്ക് വിശ്വാസ നഷ്ടവും വ്യതിയാനവും ഉണ്ടാകുമായിരുന്നില്ലേ?''
''പക്ഷേ സല്ലാം, എല്ലാവരും പറയുന്നത് മുഹമ്മദാണ് സത്യപാതയില്‍ എന്നാണല്ലോ?''
''ആളുകള്‍ എന്തെങ്കിലും പറയട്ടെ. എന്റെ മതത്തില്‍ എനിക്ക് വിശ്വാസമില്ലായിരുന്നെങ്കില്‍ ഞാന്‍ മുഹമ്മദിനെ പിന്‍പറ്റുമായിരുന്നല്ലോ.''
സദസ്യരില്‍ ഭൂരിപക്ഷവും സല്ലാമിനോടൊപ്പമാണ്. യഥ്രിബിനെതിരെ, മദീനക്കെതിരെ മിന്നലാക്രമണം നടത്തണം. ഇതാണ് അവരുടെ തീരുമാനം. ഗത്ത്ഫാന്‍കാരുമായി എല്ലാം പറഞ്ഞുറപ്പിച്ചിട്ടുണ്ട്. റോമക്കാരുടെ സഹായം കാത്തിരിക്കാമെന്ന് വെച്ചാല്‍ പിന്നെ ഒന്നിനും സമയമുണ്ടാവില്ല. അപ്പോഴേക്കും മുഹമ്മദിന്റെ സൈന്യം ഖൈബര്‍ ആക്രമിച്ചിരിക്കും.

  സല്ലാം ഭാര്യ സൈനബിന്റെ അടുത്തെത്തി മേല്‍വസ്ത്രം ചുവരില്‍ തൂക്കിക്കൊണ്ട് പറഞ്ഞു: ''കാര്യത്തിലേക്ക് കടന്നിരിക്കുന്നു. നമ്മള്‍ മുഹമ്മദിന്റെ തട്ടകത്തിലേക്ക് ചെല്ലുകയാണ്.''
അവള്‍ ആഹ്ലാദവതിയായി.
''തന്നെ? ഇതാ ആഹ്ലാദത്തിന്റെ ദിനങ്ങള്‍, പ്രതികാരത്തിന്റെ ദിനങ്ങള്‍.'' പിന്നെ അവള്‍ അയാള്‍ക്ക് നേരെ ചെന്ന് കുനിഞ്ഞ് അയാളുടെ കൈകളില്‍ ചുംബിച്ചു.
''സല്ലാം, താങ്കള്‍ കരുതിയിരിക്കണം....താങ്കളില്ലാത്ത ജീവിതം നരകം തന്നെയായിരിക്കും.''
അയാള്‍ പൊങ്ങച്ച ചിരി ചിരിച്ചു.
''കണ്ടോ, ഞാന്‍ മടങ്ങിവരും, ദിഗ്വിജയിയായി. കൂടെ ഒരുപറ്റം അടിമക്കൂട്ടങ്ങളുണ്ടാവും..... നീ പറഞ്ഞ ആഇശയും.....''
''വിശ്വാസികളുടെ മാതാവ്...'' അവള്‍ പരിഹസിച്ചു.
''അതെ... ബനൂഖൈനുഖാഅ്, നളീര്‍, ഖുറൈള ഗോത്രക്കാരുടെ സങ്കടങ്ങള്‍ക്ക് നാം പ്രതികാരം ചെയ്യും.''
കുറച്ചിട അവള്‍ മിണ്ടാതെ നിന്നു. പിന്നെ മന്ത്രിച്ചു.
''സല്ലാം, നിങ്ങള്‍ എന്നെ സ്നേഹിക്കുന്നില്ലേ?''
അയാള്‍ അത്ഭുതത്തോടെ അവളെ നോക്കി.
''എന്ത് വര്‍ത്തമാനമാണ് പറയുന്നത്? നിന്റെ എല്ലാ കാര്യങ്ങളും തലതിരിഞ്ഞാണല്ലോ. എന്താ ഇപ്പോഴൊരു സംശയം?''
''സംശയമല്ല... പക്ഷേ, സ്നേഹം...ആ വാക്ക് നിങ്ങളുടെ ചുണ്ടുകള്‍ ഉച്ചരിക്കുന്നത് എനിക്ക് കേള്‍ക്കണം. കേള്‍ക്കുന്ന ആ വാക്ക് ഞാന്‍ എന്റെ ഹൃദയകുടീരത്തില്‍ സൂക്ഷിക്കും. ഖൈബറിലെ പെണ്ണുങ്ങള്‍ക്ക് ഞാനത് അഭിമാനപൂര്‍വം കാണിച്ചുകൊടുക്കും.''
അപ്പോഴേക്കും ക്ഷീണിതനായ സല്ലാം തൊട്ടടുത്ത വിരിപ്പിലേക്ക് വീണിരുന്നു.
'സൈനബ്, സ്നേഹം എന്നു പറയുന്നത് പറയുന്ന വാക്കല്ല.''
''പിന്നെ എന്താണ്?''
''അത് മനസ്സിന്റെ സദ്ഭാവമാണ്. കേള്‍ക്കാന്‍ പറ്റില്ല. സ്പര്‍ശങ്ങളില്‍, നോട്ടങ്ങളില്‍, ഇടപാടുകളില്‍ ഒക്കെ അതുണ്ടാവും. ഇത്രയും കാലമായിട്ട് അതൊന്നും നിനക്ക് തിരിഞ്ഞിട്ടില്ലേ?''
അവളേതോ മധുരസ്മരണയിലേക്ക് വീണു.
''സ്നേഹം...ആ വാക്കിന് എന്തൊരു ഇമ്പമാണ്. അത് കാതുകളെ ഇക്കിളിപ്പെടുത്തുന്നു, സ്ത്രീ ശരീരത്തെ പിടിച്ചു കുലുക്കുന്നു. നിങ്ങളുടെ നോട്ടത്തില്‍ അങ്ങനെ പറയുന്നത് വളരെ മോശമായിരിക്കും. പക്ഷേ, എനിക്ക്, ഞാനേറ്റവും കേള്‍ക്കാന്‍ കൊതിക്കുന്ന വാക്കാണത്.''
അയാള്‍ക്ക് ചിരിയടക്കാനായില്ല.
''കുറച്ചധികം നട്ടപ്രാന്ത് തന്നെയുണ്ട് നിനക്ക്.''
പിന്നെ അയാള്‍ അവള്‍ക്ക് നേരെ നോട്ടം തിരിച്ചു.
'ഇതൊക്കെ ഇപ്പോള്‍ പറയാനുള്ള കാരണം?''
''അല്ല... കാലം അങ്ങനെയാണല്ലോ. യുദ്ധമല്ലേ, എന്തും സംഭവിക്കാം. യുദ്ധം ചതിക്കും.''
''ഓ, മനസ്സിലായി. എന്നെ വേര്‍പിരിയേണ്ടി വരുമല്ലോ എന്ന ഭീതി, അല്ലേ? നോക്ക്, ഞാന്‍ മരിക്കില്ല. വിജയിയായി നിന്റെ ചാരത്ത് ഞാന്‍ വന്നണയും. ഞാന്‍ ഖൈബറിന്റെ നായകനാണ്. ഈ കോട്ടകള്‍, പച്ചപിടിച്ച തോട്ടങ്ങള്‍, ഈത്തപ്പനകള്‍, അതിശക്തരായ പടയാളികള്‍, വമ്പന്‍ തയാറെടുപ്പുകള്‍ എല്ലാം കാണുമ്പോള്‍ എനിക്ക് ഉറപ്പാണ്, നമ്മുടെ അധികാരം ഒരിക്കലും നീങ്ങിപ്പോകില്ല.''
അവള്‍ ഇപ്പോള്‍ തന്റെ മാറിലേക്ക് വീഴുമെന്നും തന്നെ ചേര്‍ത്ത് പിടിക്കുമെന്നും അയാള്‍ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഒന്നും മിണ്ടാതെ അവള്‍ ദുഃഖിതയായി നിന്നു.
''നിനക്ക് എന്ത് പറ്റി?''
'ഒന്നുമില്ല.''
''എനിക്ക് നിന്നെ മനസ്സിലാവുന്നില്ല. എന്തോ നീ എന്നില്‍നിന്ന് ഒളിക്കാന്‍ ശ്രമിക്കുന്നു.''
അവള്‍ ശരിക്കും നടുങ്ങി.
''എന്ത്?... ഇല്ല, ഒന്നുമില്ല.''
''ഞാന്‍ കൊല്ലപ്പെടുമെന്ന് ആ കൈനോട്ടക്കാരി പറഞ്ഞത് നീയങ്ങ് വിശ്വസിച്ചു കാണും, അല്ലേ? അത്തരം കൈനോട്ടങ്ങള്‍ക്കും മഷിനോട്ടങ്ങള്‍ക്കൊന്നും എന്നെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല. സല്ലാം ഇബ്നു മിശ്കം മരിക്കാന്‍ പോകുന്നില്ല. അയാള്‍ക്ക് പേടി എന്തെന്നറിയില്ല. അയാള്‍ ഭാവിയെ ഭയക്കുന്നുമില്ല. ഇസ്രയേല്‍ സന്തതികള്‍ക്ക് ഞാനും എന്റെ പടയാളികളുമാണ് ഇനി ഭൂമുഖത്ത് ഒരേയൊരു പ്രതീക്ഷ. ഇതെനിക്കറിയാം. മറ്റൊന്നും എനിക്ക് അറിയണ്ടാ.''
അല്‍പനേരത്തെ മൗനത്തിന് ശേഷം സൈനബ് പറഞ്ഞു:
''എന്റെ ഉയിരും ഉടലുമെല്ലാം ആ യുദ്ധത്തിലാണ്.''
സല്ലാം ചിരിച്ചു.
''അതിനെന്ത് സംശയം! നീ ഇസ്ലാം സ്വീകരിക്കാനും അങ്ങനെ അവിടെപ്പോയി മുഹമ്മദിന്റെ ഭക്ഷണത്തില്‍ വിഷം കലര്‍ത്താനും വരെ ആലോചിച്ചതല്ലേ.''
''പക്ഷേ, നിങ്ങള്‍ക്ക് സമ്മതമല്ല.''
''സമ്മതിക്കില്ലല്ലോ.''
''എന്നാലും എനിക്ക് നിരാശയില്ല.''
സല്ലാം ഗൗരവത്തിലായി.
''അതെങ്ങനെ? നിന്റെ പ്ലാന്‍ നീ ഇനിയും വിട്ടിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ടായിരിക്കും നീ പെട്ടെന്ന് സ്നേഹത്തെക്കുറിച്ച് പറഞ്ഞത്. നിന്റെ ഗൂഢപദ്ധതി അവര്‍ കണ്ടുപിടിച്ച് നിന്നെ പിടികൂടിയാല്‍ വധിക്കപ്പെടുമല്ലോ എന്ന പേടി.... ഓ, എനിക്ക് മനസ്സിലായി.''
അവള്‍ നിഷേധാര്‍ഥത്തില്‍ തലയാട്ടി.
''അതൊന്നുമല്ല.''
''പിന്നെ?''
''ഞാന്‍ എന്റെ പ്ലാന്‍ മാറ്റി. മുഹമ്മദിനെ വധിക്കാന്‍ ഞാനൊരു അടിമയെ പറഞ്ഞയക്കുകയാണ്. നമ്മള്‍ പറഞ്ഞ പോലെ അവന്‍ കാര്യങ്ങള്‍ ചെയ്താല്‍ അവനെ അടിമത്വത്തില്‍നിന്ന് നാം മോചിപ്പിക്കും. ഹംസയുടെ ഘാതകന്‍ വഹ്ശിയെ അടിമത്വത്തില്‍നിന്ന് മോചിപ്പിച്ച പോലെ. നിങ്ങള്‍ക്ക് സമ്മതമല്ലേ?''
നീരസത്തോടെ അയാള്‍ ചുമലുകള്‍ കുലുക്കി.
''നടന്നുകിട്ടിയാല്‍ നല്ല പ്ലാനാണ്. പക്ഷേ, എനിക്ക് ഈ അടിമകളെ ഒട്ടും വിശ്വാസമില്ല.''
''അതെന്തുകൊണ്ട്?''
''ഒറ്റയൊന്നിനും മനസ്സുറപ്പില്ല. അവരുടെ ഉള്ള് നിറയെ വിദ്വേഷവും കലിപ്പുമാണ്. തങ്ങളുടെ യജമാനന്മാര്‍ക്കു വേണ്ടി അത്ര വലിയ ത്യാഗത്തിനൊന്നും അവര്‍ തയാറാവുകയില്ല.'
''പക്ഷേ, നാമവരെ സ്വതന്ത്രരാക്കുന്നില്ല. അതിനു വേണ്ടിയെങ്കിലും അവര്‍ ചെയ്യില്ലേ?''
''ആ അടിമ മുഹമ്മദിന്റെ അടുത്തു പോയി എന്നിരിക്കട്ടെ. മുഹമ്മദിന്റെ മധുര വര്‍ത്തമാനങ്ങളിലും വാഗ്ദാനങ്ങളിലും ആ ഒടുക്കത്തെ പുഞ്ചിരിയിലും അവന്‍ വീഴും. മുഹമ്മദിനോളം പോന്ന ജാലവിദ്യക്കാരനില്ല. പിന്നീട് നീ കേള്‍ക്കാന്‍ പോകുന്ന വാര്‍ത്ത കൂടി ഞാന്‍ പറയാം: നിന്നെ ചതിച്ച് ആ അടിമ ഇസ്ലാം സ്വീകരിച്ചിരിക്കുന്നു, രഹസ്യങ്ങളൊക്കെ മുഹമ്മദിനോട് വെളിപ്പെടുത്തിയിരിക്കുന്നു.''
ആ സംസാരം അവള്‍ക്ക് ഇഷ്ടമായില്ല.
''നിങ്ങള്‍ കാര്യങ്ങളെ പെരുപ്പിച്ച് കാട്ടുകയാണ്. ചില അടിമകളെങ്കിലും വളരെ കൂറുള്ളവരും വിശ്വസ്തരുമാണ്. ചിലര്‍ക്ക് ഭാര്യക്ക് ഭര്‍ത്താവിനോടുള്ളതിനേക്കാള്‍ കൂറ് കാണും. എനിക്കതറിയാം.''
''ഏതാണ് ആ കക്ഷി?''
''ഫഹദ്.''
സല്ലാം അല്‍പം ആലോചിച്ചു നിന്നു, കണ്ണുകളിടുങ്ങി, പുരികം ചുളിഞ്ഞു.
''ആ മിണ്ടാതെ നടക്കുന്ന ചെന്നായ, അല്ലേ? അവനെ എനിക്ക് മുമ്പേ ഇഷ്ടമല്ല. ശരി, അവന്‍ ഏത് നരകത്തിലെങ്കിലും പോയി തുലയട്ടെ.''
''നിങ്ങള്‍ക്ക് അവനെ ഇഷ്ടമല്ലേ? എന്താ കാരണം? അവന്‍ എന്തെങ്കിലും തെറ്റ് ചെയ്തോ, ധിക്കരിച്ചോ? ഇല്ലല്ലോ?''
''അവന്‍ അങ്ങനെയൊരുത്തനാണോ?''
''അവന് സ്വാതന്ത്ര്യം മാത്രമല്ല, കുറേ സമ്മാനങ്ങളും കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്. അവന് ഇഷ്ടമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കാം. ഒരു പറ്റം ഒട്ടകങ്ങളും ആടുകളും അവന് ലഭിക്കും. പിന്നെ ഒരു ഈത്തപ്പനത്തോപ്പും.''
നിസ്സംഗത വെടിഞ്ഞായിരുന്നു അയാളുടെ മറുപടി.
''ശരി, അങ്ങനെയാവട്ടെ. നമ്മെ ചതിച്ച്, മധുര വര്‍ത്തമാനങ്ങളില്‍ വീണ് അവന്‍ മുഹമ്മദിന്റെ അനുയായി ആയാലോ? ഒരുകാര്യം മറക്കരുത്. മുഹമ്മദും അവന് സ്വാതന്ത്ര്യം നല്‍കും. പിന്നെ സ്വര്‍ഗം ലഭിക്കും എന്ന വാഗ്ദാനവും. യാതൊരു പേടിയുമില്ലാതെ വാള്‍ത്തലപ്പുകള്‍ക്കിടയിലൂടെ, അഗ്നി കുണ്ഡങ്ങളിലൂടെ മുസ്ലിംകള്‍ പാഞ്ഞുനടക്കുന്നത് ആ സ്വര്‍ഗം മോഹിച്ചാണ്.''
അവള്‍ക്കതിന് മറുപടിയുണ്ട്.
''നമ്മളും സ്വര്‍ഗം കൊടുക്കുന്നുണ്ടല്ലോ. മുഹമ്മദിന്റെ സ്വര്‍ഗം ദൂരെ എങ്ങോ അല്ലേ. അതിന് എന്തൊക്കെ പ്രയാസങ്ങള്‍ മറികടക്കണം. മരിച്ച് ചെന്നിട്ടേ അത് കിട്ടുകയുള്ളൂ. നമ്മുടെ സ്വര്‍ഗം ഇതാ ഇവിടെ കണ്‍മുമ്പില്‍ തന്നെയുണ്ട്. ഇക്കൂട്ടര്‍ക്ക് പണം, പദവി, ആനന്ദം അതാണ് വേണ്ടത്. അല്‍പന്മാരുടെ സ്വര്‍ഗം.'
അയാള്‍ കോട്ടുവായിട്ടു.
''നിന്റെ ഇഷ്ടം പോലെ ആകട്ടെ.''
അടുത്ത പ്രഭാതത്തില്‍ സല്ലാം നാട്ടിലെ പ്രമുഖരെ കാണാനായി പുറപ്പെട്ടു. യുദ്ധത്തിനു വേണ്ട മുന്നൊരുക്കങ്ങള്‍ ഉടനെ നടത്തണം. യുദ്ധം ആസന്നമായി എന്ന് അവരെ ബോധ്യപ്പെടുത്തണം. സൈനബ് കിടപ്പുമുറിയില്‍നിന്ന് ഇറങ്ങിയപ്പോള്‍ മേലാസകലം വിറച്ച്, പേടിച്ചരണ്ട കണ്ണുകളുമായി ഫഹദ് പുറത്ത് നില്‍പ്പുണ്ട്. അവള്‍ ചോദിച്ചു:
''എന്താ പ്രശ്നം?''
അവന്‍ ചുറ്റുപാടും ഭയത്തോടെ കണ്ണോടിച്ചു. എന്നിട്ട് പറഞ്ഞു:
''ഒരു അടിമ മോശമായ വര്‍ത്തമാനങ്ങള്‍ പറഞ്ഞു...''
''എന്ത്?''
''നമ്മുടെ വഴിവിട്ട ബന്ധം അവനറിഞ്ഞു എന്നാണ് തോന്നുന്നത്. യജമാനന്‍ അറിഞ്ഞാല്‍ എന്നെ തുണ്ടം തുണ്ടമാക്കും.''
അവള്‍ അസ്വസ്ഥയായെങ്കിലും പൊട്ടിച്ചിരിച്ചു.
''എന്നെ തിളക്കുന്ന സൈത്തെണ്ണയില്‍ മുക്കുക, എന്നിട്ടവനത് കണ്ട് ആസ്വദിക്കുക...''
''എന്ത് ചെയ്യും?''
''ഇതൊക്കെ നിസ്സാര കാര്യമല്ലേ, ഫഹദ്... അവനോട് ഇങ്ങോട്ട് ഉടന്‍ വരാന്‍ പറ.... തീരെ വൈകരുത്.''
രഹസ്യം വെളിപ്പെടുത്തിയ അടിമ വന്നു. അവന്റെ കാലുകള്‍ നിലത്തുറക്കുന്നില്ല. സൈനബ് ഇടിമിന്നല്‍ പോലെ അവനെയൊരു നോട്ടം നോക്കി. പേടിച്ച് അവന്റെ ശരീരം കിടുങ്ങി.
''നീയാകെ പേടിച്ച മട്ടുണ്ടല്ലോ. എന്റെ ഞെരിയാണിയില്‍ വല്ലാത്ത വേദന.... നീ ഇവിടെ ഇരുന്ന് ഒന്ന് ഉഴിയ്..''
അവന്‍ ഇരുന്നു. അവന്റെ ശരീരം വിയര്‍പ്പില്‍ കുതിര്‍ന്നു. കൈകള്‍ വിറക്കുന്നു.
''ദരിദ്രവാസീ, എന്തായിത്... ഇതാ ഈ തണുത്ത വെള്ളം കുടിക്ക്... നിന്റെ പരിഭ്രമം മാറിക്കിട്ടും.''
ഒറ്റവലിക്ക് അവന്‍ ആ വെള്ളം മുഴുവന്‍ കുടിച്ചു.
''വിഡ്ഢി... നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല. ജീവിതത്തെക്കുറിച്ച് നിനക്ക് വല്ലതുമറിയുമോ... ങാ, നീ എണീറ്റ് തോട്ടത്തില്‍ പോയി കുറച്ച് പഴങ്ങള്‍ കൊണ്ടുവാ.. തോട്ടക്കാരന്‍ അവിടെയുണ്ട്.''
അവന്‍ എണീറ്റപ്പോള്‍ അവള്‍ അലറി...
''വേഗം പോ.''
അവന്‍ ഓടിപ്പോയി. അവള്‍ ഉച്ചത്തില്‍ ഒരു പൈശാചിക ചിരി ചിരിച്ചു.
കുറച്ചു കഴിഞ്ഞ് ഫഹദ് തിരിച്ചെത്തി. അവന്‍ വിക്കിവിക്കി ചോദിച്ചു:
''വായ തുറക്കാതിരിക്കാന്‍ എന്തൊക്കെ തരാമെന്നാണ് അവനോട് പറഞ്ഞത്?''
സ്വരം കടുപ്പിച്ചാണ് അവള്‍ പറഞ്ഞത്:
''ഇനി അവനൊരിക്കലും വായ തുറക്കില്ല.''
''അതെങ്ങനെ?''
''കുറച്ചു പഴങ്ങളുമായി വരാന്‍ അവനെ ഞാന്‍ തോട്ടക്കാരന്റെ അടുത്തേക്ക് അയച്ചിരിക്കുകയാണ്. പക്ഷേ, അവന്‍ തിരിച്ചുവരില്ല.''
''മടങ്ങി വരില്ലേ?''
'പ്രിയനേ ഫഹദ്, ഇല്ല, അവന്‍ മടങ്ങിവരില്ല... എല്ലാം നിനക്കു വേണ്ടി. ഈ ലോകത്ത് എന്നെ ഏറ്റവും സന്തോഷിപ്പിച്ച ആളാണ് നീ. നമ്മെ വേര്‍പിരിക്കാന്‍ ഒരു ശക്തിക്കും കഴിയില്ല.''
ആശ്വാസത്തോടെ അവളുടെ നെഞ്ച് ഉയര്‍ന്നു താണു.
'അവന് ഞാന്‍ വിഷം കൊടുത്തു. തോട്ടത്തിലെത്തുമ്പോള്‍ അവന്റെ അവയവങ്ങള്‍ മരവിച്ചിട്ടുണ്ടാവും. അവന്‍ പിന്നെ നിത്യമായ ഉറക്കിലേക്ക് വീഴും. മുഹമ്മദിന് വേണ്ടി കലക്കി വെച്ച വിഷമാണ് അവന്‍ ഒറ്റയിറക്കിന് വലിച്ചുകുടിച്ചത്. എനിക്ക് സഹതാപമുണ്ട്. ഇത്തരം വിഡ്ഢികള്‍ക്ക് സ്വസ്ഥമായ ഒരു മരണമെങ്കിലും കിട്ടട്ടെ.''
ഫഹദിന് തലകറങ്ങുന്ന പോലെ തോന്നി. അവള്‍ ഒച്ചയിട്ടു:
''നീ...''
''ഞാനെന്താണ് ചെയ്യേണ്ടത്?''
''ഇന്ന് സന്ധ്യക്ക് അതേ സ്ഥലത്ത് എന്നെ കാത്തിരിക്കണം. ഇന്നലെ സല്ലാം ഭര്‍ത്താവെന്ന നിലക്കുള്ള അവകാശം ചോദിച്ചു. ഞാന്‍ കൊടുത്തില്ല. ഒഴികഴിവുകള്‍ പറഞ്ഞു. സഹിക്കാന്‍ പറ്റാത്ത കയ്പ്പായി മാറിയിരിക്കുന്നു അയാള്‍. ഇത്രത്തോളം എങ്ങനെ വെറുത്തു എന്നെനിക്കറിയില്ല.... അപ്പോള്‍ അതേ സ്ഥലത്ത്. ഒട്ടും വൈകരുത്. യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ പോലും. ശരീരം വെടിഞ്ഞ ആ അടിമയുടെ ആത്മാവ് അവിടെ ചുറ്റിപ്പറ്റി നില്‍ക്കുന്നുണ്ടാകും. പക്ഷേ, മരണത്തിന്റെ മതില്‍ ചാടിക്കടന്ന് അവന് ഇങ്ങോട്ട് വരാന്‍ പറ്റില്ലല്ലോ... ഇപ്പോള്‍ പോ.''
അവന്‍ നിഷേധാര്‍ഥത്താല്‍ തലയാട്ടി.
''യജമാനത്തീ, അദ്ദേഹം ഇവിടെ ഉള്ളപ്പോള്‍....''
''അത് നീ നോക്കണ്ട. ഞാന്‍ നോക്കിക്കൊള്ളാം. യജമാനന്‍ ചെവിയറ്റം യുദ്ധത്തില്‍ മുങ്ങിയിരിക്കുകയാണ്. തന്റെ അഭിമാനം ക്ഷതപ്പെടുത്താന്‍ ഒരാളും ധൈര്യപ്പെടില്ല എന്നാണ് അയാള്‍ കരുതിയിരിക്കുന്നത്. അയാള്‍ക്ക് വലിയവന്മാരെ മാത്രമേ കണ്ണില്‍ പിടിക്കൂ. നീയൊക്കെ കൃമികീടം. സ്ത്രീകളും അടിമകളും പാതാളത്തില്‍ ചെന്ന് ഇരുന്നോളണം. ആ പാതാളത്തില്‍ നിന്നോടൊപ്പം ഞാനുണ്ടാവുമല്ലോ. തിരിഞ്ഞോ, മണ്ടാ?''
അവന്‍ വാതിലിനടുത്തേക്ക് പുറംതിരിഞ്ഞു നടന്നു.
''എന്റെ യജമാനത്തിയുടെ ഒരു കാര്യം...''
(തുടരും) 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top