ദാമ്പത്യത്തകര്‍ച്ച; കാരണം നിസ്സാരം, പ്രശ്നം ഗുരുതരം

ശൈഖ് മുഹമ്മദ് കാരകുന്ന് No image

മുനീറയും സമീറും വിവാഹിതരായി ഒന്നിച്ച് ജീവിച്ചു തുടങ്ങിയതോടെ അവര്‍ക്കിടയില്‍ പ്രശ്നങ്ങളാരംഭിച്ചു. കാലം പിന്നിടുന്നതിനനുസരിച്ച്  അസ്വാരസ്യവും അകല്‍ച്ചയും വര്‍ധിച്ചുകൊണ്ടിരുന്നു. അതിനിടയിലാണ് ഇരുവരും വന്ന് കാണാന്‍ തീരുമാനിച്ചത്. ദീര്‍ഘമായ സംഭാഷണത്തിലൂടെ അകല്‍ച്ചയുടെ കാരണം കണ്ടെത്തിയപ്പോള്‍ അവിശ്വസനീയമായി തോന്നി. വല്ലാത്ത അത്ഭുതവും. തന്നെക്കാള്‍ പ്രായവും വിദ്യാഭ്യാസ യോഗ്യതയുമുള്ള സമീറിനെ പേരേ വിളിക്കുകയുള്ളൂവെന്ന് മുനീറക്ക് നിര്‍ബന്ധം. 'ഇക്ക'എന്നോ അത് കൂടി കൂട്ടി 'സമീര്‍ക്കാ' എന്നോ വിളിക്കുന്നത് പുരുഷ മേധാവിത്വത്തിന്റെയും മേല്‍ക്കോയ്മയുടെയും ഭാഗമാണെന്ന് സമീറ ധരിച്ചുവെച്ചിരിക്കുന്നു. തന്നെ എപ്പോഴും ഇക്കാ എന്ന് വിളിക്കണമെന്ന് സമീറിന് നിര്‍ബന്ധമില്ല. എന്നാല്‍, ഉമ്മയുടെയും സഹോദരിയുടെയും സാന്നിധ്യത്തില്‍ അങ്ങനെ വിളിക്കണമെന്ന മിനിമം ആവശ്യമേയുള്ളൂ. അങ്ങനെ ചെയ്യാത്തതിനാല്‍ ഉമ്മയും സഹോദരിയും മുനീറയെ വെറുക്കുകയും ആ വെറുപ്പ് താനുമായുള്ള അകല്‍ച്ചയിലേക്ക് നയിക്കുകയും ചെയ്യുന്നു. ദീര്‍ഘമായ സംഭാഷണത്തിന് ശേഷം മുനീറ പ്രിയതമനെ 'സമീര്‍ക്കാ' എന്ന് വിളിക്കണമെന്നും ഇല്ലെങ്കില്‍ ബന്ധം മുറിഞ്ഞുപോകുമെന്നും മനസ്സിലാക്കിയതിനാല്‍ അക്കാര്യം മുനീറയെ ബോധ്യപ്പെടുത്തി. അങ്ങനെ ചെയ്യാന്‍ തുടങ്ങിയതോടെ ബന്ധം സുദൃഢമായി. ഇപ്പോള്‍ ഇരുവരും മൂന്നു കുട്ടികളോടൊന്നിച്ച് സന്തുഷ്ട ജീവിതം നയിച്ചുവരുന്നു.

*അപകര്‍ഷബോധം വരുത്തിയ വിന *

   ഷാജഹാന്‍ ബിരുദ പഠനത്തിനുശേഷം വിദേശത്ത് പോയി. രണ്ട് വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടില്‍ തിരിച്ചുവന്നു. അയല്‍ പ്രദേശത്തുനിന്ന് ബിരുദാനന്തര ബിരുദമുള്ള ജസീറയെ വിവാഹം കഴിച്ചു. ഏറെക്കഴിയും മുമ്പേ ദാമ്പത്യത്തില്‍ വിള്ളലുകളുണ്ടായി. അത് ക്രമേണ വര്‍ധിച്ചു. സൂക്ഷ്മമായി പഠിച്ചപ്പോള്‍ കാരണം കണ്ടെത്തി. ജസീറ തന്നെക്കാള്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവളായതിനാല്‍ ഷാജഹാന്‍ അനുഭവിക്കുന്ന അപകര്‍ഷ ബോധം ജീവിതപങ്കാളിയോടുള്ള ഒരു തരം പകയായി മാറിക്കഴിഞ്ഞിരുന്നു. ജസീറ അഹങ്കാരിയാണെന്നും കൂടുതല്‍ വിദ്യാഭ്യാസമുള്ളവളായതിനാല്‍ തന്നെ പരിഗണിക്കുന്നില്ലെന്നും തോന്നിത്തുടങ്ങി. ഇതിന് അയാളുടെ ഉപബോധ മനസ്സ് കണ്ടെത്തിയ പരിഹാരം ജസീറയുടെ ന്യൂനതകള്‍ കണ്ടെത്തി അത് പറഞ്ഞ് അവളെ കൊച്ചാക്കലാണ്. ആദ്യമൊക്കെ ഇരുവരും തനിച്ചാകുമ്പോള്‍ മാത്രമായിരുന്നു ഇതെങ്കില്‍ ക്രമേണ മറ്റുള്ളവരുടെ മുമ്പില്‍ വെച്ചും അങ്ങനെ ചെയ്യാന്‍ തുടങ്ങി. അതോടെ ജസീറ ഷാജഹാനില്‍നിന്ന് അകന്നു. ഇരുവരെയുമിരുത്തി ദീര്‍ഘമായി സംസാരിച്ച ശേഷമാണ് പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞത്. ഷാജഹാനോട് മനസ്സില്‍ കൊണ്ടുനടക്കുന്ന  മതിപ്പും ആദരവും തുറന്നു പറയുകയും ബോധപൂര്‍വം പ്രകടിപ്പിക്കുകയും ചെയ്യാന്‍ ജസീറയോട് നിര്‍ദേശിച്ചു. ജീവിതപങ്കാളി വിദ്യാഭ്യാസത്തില്‍ മുന്നിലാണെങ്കിലും മറ്റു പല യോഗ്യതകളും തനിക്കുണ്ടെന്നും അവയെ ജസീറ അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ടെന്നും ഷാജഹാനെയും ബോധ്യപ്പെടുത്തി. സാമാന്യം നീണ്ട ഒരു പ്രക്രിയയായിരുന്നു അത്. എങ്കിലും തകര്‍ന്നു പോകുമായിരുന്ന ദാമ്പത്യം ആരോഗ്യകരമാക്കി മാറ്റാന്‍ കഴിഞ്ഞുവെന്നത് സന്തോഷകരമാണ്.
    നമ്മുടെ സമൂഹത്തില്‍ ഇന്ന് നടക്കുന്ന മിക്ക ദാമ്പത്യ പ്രശ്നങ്ങള്‍ക്കും വിവാഹമോചനങ്ങള്‍ക്കും കാരണം ഇതു തന്നെയാണ്. സ്ത്രീകള്‍ വിദ്യാഭ്യാസപരമായി വളരെയേറെ മുന്നേറിയിട്ടുണ്ട്. പുരുഷന്മാര്‍ അവരെ അപേക്ഷിച്ച് പിറകിലാണ്. ജീവിതപങ്കാളി തന്നെക്കാള്‍ യോഗ്യതയുള്ളവളാണെങ്കില്‍ പുരുഷന്‍ ഒരുതരം അപകര്‍ഷബോധമനുഭവിക്കും. തന്നെ ബഹുമാനിക്കുകയോ ആദരിക്കുകയോ ചെയ്യുന്നില്ലെന്ന തോന്നലോടെ ജീവിതപങ്കാളിയെ നിരീക്ഷിച്ചുകൊണ്ടിരിക്കും. അപ്പോള്‍ എല്ലാറ്റിലും അനാദരവ് കണ്ടെത്തും. ഒന്നിനെത്തന്നെ നിനച്ചിരുന്നാല്‍ കാണുന്നതെല്ലാം അതെന്ന് തോന്നുക സ്വാഭാവികമാണല്ലോ. അതോടെ അപകര്‍ഷബോധത്തിന് രൂക്ഷത കൂടുകയും ഇണയോട് അകലാന്‍ തുടങ്ങുകയും ചെയ്യും. പുരുഷന്റെ ജന്മസിദ്ധമായ മേധാവിത്വ മനസ്സ് അതില്‍ അനല്‍പമായ പങ്ക് വഹിക്കുകയും ചെയ്യും. തനിക്കാണ് കൂടുതല്‍ യോഗ്യതയെന്ന് സ്ത്രീക്ക് തോന്നുകയും അത് അഹം ബോധമായി മാറുകയും ചെയ്താല്‍ പിന്നെ അകല്‍ച്ച വേര്‍പിരിയലിലാണ് ചെന്നെത്തുക. ഇന്ന് നടക്കുന്ന മിക്ക വിവാഹമോചനങ്ങളുടെയും അടിവേര് അന്വേഷിക്കേണ്ടത് അവിടെയാണ്.

   *കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് കിട്ടിയ വൈറസ് *

    ഫൈസലും ഫരീദയും വിവാഹിതരായി എട്ടുമാസം പിന്നിട്ട ശേഷമാണ് കാണാന്‍ വരുന്നത്. വിവാഹ നാള്‍ തൊട്ട് അതുവരെയും ഒരു രാത്രി പോലും സന്തോഷത്തോടെ ഇരുവരും ജീവിച്ചിട്ടില്ല. രണ്ടുപേരുമായും ദീര്‍ഘമായി സംസാരിച്ചെങ്കിലും അകല്‍ച്ചയുടെ കാരണം മനസ്സിലായില്ല. അപ്പോള്‍ ഫൈസലിനോട് സ്വകാര്യമായി 'ലൈംഗിക ബന്ധം പുലര്‍ത്താറുണ്ടോ' എന്ന് ചോദിച്ചു. മറുപടി നിഷേധാര്‍ഥത്തിലായിരുന്നു.  കാരണം തിരക്കിയപ്പോള്‍ കിട്ടിയ മറുപടി വളരെ വിചിത്രമായിരുന്നു. ആദ്യ രാത്രി തന്നെ ഫരീദ ഉന്നയിച്ച പ്രശ്നം രതി ബന്ധത്തില്‍ കര്‍തൃത്വം ആര്‍ക്കായിരിക്കുമെന്നാണ്. അത് പുരുഷന് അംഗീകരിച്ചു കൊടുക്കുന്നത് ലിംഗ സമത്വത്തിനെതിരാണെന്ന ബോധം സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയിലെ പഠനകാലത്ത് മനസ്സില്‍ സ്ഥാനമുറപ്പിച്ചിരുന്നു. അതിനാല്‍ ആദ്യരാത്രി തന്നെ അത് തീരുമാനിക്കണമെന്ന് ഉറപ്പിച്ചു.  ഫരീദയെ വിളിച്ച് കാര്യമന്വേഷിച്ചു. ആദ്യമൊന്നും അംഗീകരിച്ചില്ലെങ്കിലും തന്ത്രപൂര്‍വം ഇടപെട്ടപ്പോള്‍ സത്യം തുറന്നു പറഞ്ഞു. അതോടെ കാര്യം എളുപ്പമായി. കിടപ്പുമുറിയിലേക്ക് പ്രവേശിക്കുന്നതോടെ മസ്തിഷ്‌കത്തോട് വിടപറയാനും ഹൃദയത്തിലേക്ക് തിരിയാനും ആവശ്യപ്പെട്ടു. രതിബന്ധത്തിന്റെ കര്‍തൃത്വം അന്വേഷിക്കുന്നതിലെ അര്‍ഥശൂന്യത വ്യക്തമാക്കി. ബുദ്ധിയും ബോധവുമില്ലാത്ത മനുഷ്യരൊഴിച്ചുള്ള ജീവികളൊന്നും അതൊന്നും ആലോചിച്ചു തീരുമാനിച്ചല്ലല്ലോ ലൈംഗിക ബന്ധത്തിലേര്‍പ്പെടാറുള്ളത്. ബുദ്ധിയും ചിന്തയുമൊന്നും ശാപവും ശല്യവുമായി മാറരുതല്ലോ. ലിബറല്‍ ചിന്തകള്‍ മനുഷ്യ ജീവിതത്തെ എത്രമാത്രം മനുഷ്യവിരുദ്ധവും പ്രകൃതിവിരുദ്ധവുമാക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണം കൂടിയാണിത്.

*സംസാരത്തില്‍ ജനാധിപത്യ വാദി,
പെരുമാറ്റത്തില്‍ ഏകാധിപതി *

നസീറും സറീനയും ഒരേ വിദ്യാലയത്തിലാണ് പഠിച്ചത്. നസീര്‍ ഒരു വര്‍ഷം സീനിയറായിരുന്നു. സംഘടനാ പ്രവര്‍ത്തനത്തില്‍ ഇരുവരും ഒരുമിച്ചായിരുന്നു. നസീര്‍ എപ്പോഴും സ്ത്രീ സ്വാതന്ത്ര്യത്തെ സംബന്ധിച്ചും പെണ്ണിന്റെ അവകാശത്തെപ്പറ്റിയും സ്ത്രീയുടെ വ്യക്തിത്വം അംഗീകരിക്കപ്പെടേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചുമാണ് സംസാരിച്ചുകൊണ്ടിരുന്നത്. ഇതെല്ലാം കണ്ടും കേട്ടും കലാലയ കാലം കഴിച്ചുകൂട്ടിയ സറീന തന്റെ സ്വപ്നങ്ങള്‍ക്കും സങ്കല്‍പങ്ങള്‍ക്കും നിറം പകരാന്‍ പറ്റിയ വ്യക്തിയാണ് നസീറെന്ന് മനസ്സിലുറപ്പിച്ചു. വിവാഹം കഴിഞ്ഞ് ഏറെക്കഴിയും മുമ്പേ സറീനക്ക് മനസ്സിലായി, നസീറിന്റെ പ്രായോഗിക ജീവിതവും പറയുന്ന വര്‍ത്തമാനവും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന്. മറ്റു പല പുരുഷന്മാരെയും പോലെ എല്ലാം താന്‍ ചെയ്തു കൊടുക്കണം. വളരെ വേഗം ചെയ്യാവുന്ന സ്വന്തം കാര്യങ്ങള്‍ക്ക് പോലും തന്നെ വിളിക്കും. ഇത്തിരി വൈകിയാല്‍ കോപിക്കും. കുറ്റം പറയും. ഒന്നിനും ഒട്ടും സഹായിക്കില്ല. തന്റെ സകല സ്വപ്നങ്ങളും സങ്കല്‍പങ്ങളും ഉണങ്ങിക്കരിഞ്ഞതായി മനസ്സിലാക്കി. ക്രമേണ അത് പരസ്പരമുള്ള അകല്‍ച്ചയിലേക്ക് പോയിക്കൊണ്ടിരുന്നു. പുതിയ കാലത്തെക്കുറിച്ചും സ്ത്രീകള്‍ക്ക് ന്യായമായി ലഭിക്കേണ്ട അവകാശങ്ങളെക്കുറിച്ചും സംസാരിച്ചുകൊണ്ടിരുന്ന നസീറിനെ അത് ബോധ്യപ്പെടുത്താന്‍ ഏറെ പ്രയാസപ്പെടേണ്ടി വന്നു.
   സ്ത്രീകളുടെ അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും സംബന്ധിച്ച് വലിയ വായില്‍ സംസാരിക്കുന്ന പല ചെറുപ്പക്കാരും പഴയ തലമുറയുടെയത്ര പോലും മാന്യമായി സ്ത്രീകളോട് പെരുമാറാന്‍ കൂട്ടാക്കാത്തവരാണ്. ഇതും സമകാലിക ദാമ്പത്യത്തില്‍ വലിയ വിള്ളലുകള്‍ വീഴ്ത്തുന്നു.

*ഉമ്മയെ കാണാന്‍ എത്ര പേരോട് 
സമ്മതം ചോദിക്കണം? *

   ഫാറൂഖും ഫാത്വിമയും എല്ലാ അര്‍ഥത്തിലും നല്ല ദമ്പതികളായിരുന്നു. പരസ്പരം നന്നായി സ്നേഹിച്ചു. സഹകരിച്ച് ജീവിച്ചു. സന്തോഷത്തോടെ  കഴിഞ്ഞു. എന്നാല്‍ ഒരു കാര്യത്തില്‍ തുടക്കം മുതലേ അവര്‍ക്കിടയില്‍ ഭിന്നതയുണ്ട്. അത് സൃഷ്ടിച്ച അകല്‍ച്ചയുമുണ്ട്. മനോഹരമായ ദാമ്പത്യജീവത്തില്‍ അത് ഇരുള്‍ പരത്താന്‍ തുടങ്ങി. ക്രമേണ അകല്‍ച്ച വര്‍ധിച്ചുകൊണ്ടിരുന്നു. ബന്ധം തകരുമെന്ന നിലയായപ്പോഴാണ് ഇരുവരും വരുന്നത്.
ഫാറൂഖിന്റെ വീട്ടില്‍നിന്ന് സ്വന്തം വീട്ടിലേക്ക് പോകുമ്പോള്‍ ഉമ്മയോടും സഹോദരിയോടും പറയണമെന്നും സമ്മതം വാങ്ങണമെന്നും ഫാറൂഖിന് നിര്‍ബന്ധമുണ്ട്. എന്നാല്‍, എത്ര ആവശ്യപ്പെട്ടിട്ടും ഫാത്വിമ അതിന് സന്നദ്ധയാവുന്നില്ല. '18 കൊല്ലം പോറ്റി വളര്‍ത്തിയ, തന്നെ താനാക്കിയ ഉമ്മയെയും ഉപ്പയെയും കാണാന്‍ പോകാന്‍ എത്ര പേരോട് സമ്മതം ചോദിക്കണം?' ഇതാണ് എപ്പോഴും ഫാത്വിമയുടെ ചോദ്യം. അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന വികാരം പഠനകാലത്ത് രൂപപ്പെട്ടതാണ്. ചില വായനകളും അതിന് കാരണമായിട്ടുണ്ട്. തനിക്ക് ഭര്‍ത്താവിനോടല്ലാതെ അദ്ദേഹത്തിന്റെ മാതാപിതാക്കളോടോ മറ്റോ ബാധ്യതയില്ല. അതിനാല്‍, അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ തങ്ങളുടെ ദാമ്പത്യ ജീവിതത്തിലേക്ക് കടന്നു വരാന്‍ പാടില്ല. ഫാത്വിമയുടെ ഈ ധാരണയെ എത്രയൊക്കെ ന്യായീകരിക്കാന്‍ കഴിഞ്ഞാലും കേരളീയ ജീവിതത്തിലെ പൊതുമര്യാദയുമായി അത് പൊരുത്തപ്പെടുകയില്ല. ജീവിതം നിയമത്തിന്റെ അക്ഷരങ്ങള്‍ കൊണ്ട് നിയന്ത്രിക്കപ്പെടുന്നതല്ലല്ലോ.
ദമ്പതികള്‍ക്കിരുവര്‍ക്കും ഓരോ മാതാപിതാക്കള്‍ക്ക് പകരം ഈരണ്ട് മാതാപിതാക്കളെയും ഈരണ്ട് വല്ലിപ്പമാര്‍ക്കും വല്ല്യുമ്മമാര്‍ക്കും പകരം നാല് വീതം വല്യുപ്പമാരും വല്ല്യുമ്മമാരും ഉണ്ടായിത്തീരുന്ന മഹത്തായ കര്‍മമാണ് വിവാഹം. മാതാപിതാക്കളുടെ സംരക്ഷണ ബാധ്യത പൂര്‍ണമായും ആണ്‍മക്കള്‍ക്കാണ്. സ്വന്തം ജീവിത പങ്കാളികളുടെ ബാധ്യതാ നിര്‍വഹണത്തില്‍ സഹകരിക്കാന്‍ ഏവര്‍ക്കും സാധിക്കേണ്ടതുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

*അസംതൃപ്തിയുടെ വേരുകള്‍*

  സഫീറും ഫൗസിയയും വിവാഹിതരായിട്ട് മൂന്നു കൊല്ലം കഴിഞ്ഞു. ദാമ്പത്യ ബന്ധം പ്രത്യക്ഷത്തില്‍ കുഴപ്പമില്ലാതെ മുന്നോട്ടു നീങ്ങുന്നു. എന്നാലും ഫൗസിയയുടെ മുഖത്ത് പ്രസന്നത ഉണ്ടാവാറില്ല. എപ്പോഴും മ്ലാനതയും ദുഃഖവും തളം കെട്ടിനില്‍ക്കുന്നു. സ്വന്തം വീട്ടിലായിരിക്കെ ഒരു ദിവസം അവരുടെ മാതാവ് അതേക്കുറിച്ച് ചോദിച്ചു. ഫൗസിയക്ക് സഫീറിന്റെ സ്നേഹത്തെക്കുറിച്ചോ പെരുമാറ്റത്തെക്കുറിച്ചോ ഒരാവലാതിയും പറയാനുണ്ടായിരുന്നില്ല. മാന്യമായ ഇസ്ലാമിക ജീവിതം നയിക്കുന്നയാളാണെന്ന് ഫൗസിയ പറയുന്നു. സമൂഹത്തിലെ ധാരണയും അതുതന്നെ. എന്നാല്‍, ഫൗസിയയുടെ അസ്വസ്ഥതയുടെ വേരുകള്‍ ചെന്നെത്തുന്നത് ലൈംഗിക ബന്ധത്തിലെ അസംതൃപ്തിയിലാണ്. അവസാനം ഉമ്മയോട് അവളത് തുറന്നുപറയുകയും ചെയ്തു. ഈ വിവരമറിയിച്ചത് ഫൗസിയയല്ല. അവരുടെ മാതാവാണ്. സഫീര്‍ നല്ല ഇസ്ലാമിക ബോധമുള്ള ആളായതിനാല്‍ പരിഹാരം വളരെ എളുപ്പമായിരുന്നു. രതിബന്ധത്തിലെ ഇസ്ലാമിക മര്യാദകള്‍ പറഞ്ഞു കൊടുത്താല്‍ ഫലം ചെയ്യുമല്ലോ. പ്രവാചകന്‍ അക്കാര്യത്തില്‍ വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. സ്ത്രീയില്‍ ലൈംഗിക വികാരങ്ങള്‍ ഉണര്‍ത്താനാവശ്യമായ മുന്നൊരുക്കങ്ങള്‍ ചെയ്യണമെന്നും ജീവിതപങ്കാളിയുടെ ആവശ്യവും കൂടി പൂര്‍ണമായും പൂര്‍ത്തീകരിച്ച് സ്ത്രീയെ സംതൃപ്തയാക്കണമെന്നും നബി തിരുമേനി നിര്‍ദേശിച്ചിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ പലരും അത് പഠിക്കുകയോ പാലിക്കുകയോ ചെയ്യുന്നില്ല. ഇക്കാര്യം സഫീറിന്റെ ശ്രദ്ധയില്‍ പെടുത്തിയ നാള് തൊട്ട് ഫൗസിയയുടെ മുഖഭാവം പൂര്‍ണമായും മാറി. മ്ലാനത നീങ്ങി, പ്രസന്നത പൂത്തുലഞ്ഞു.

*വിവാഹമോചനം വര്‍ധിക്കുന്നതെന്തുകൊണ്ട്? *

  ഭൗതിക ചിന്തകള്‍ മതവിശ്വാസികളെപ്പോലും സ്വാധീനിക്കുന്നു. തന്റെ ജീവിതം തനിക്ക് ആസ്വദിക്കാനും ആഘോഷിക്കാനും ഉല്ലസിക്കാനുമുള്ളതാണെന്ന് ഓരോരുത്തരും കരുതുന്നു. അതോടെ മനസ്സില്‍ മറ്റാര്‍ക്കും ഇടമില്ലാതായിത്തീരുന്നു. ജീവിതപങ്കാളി ഉള്‍പ്പെടെ എല്ലാവരും മനസ്സില്‍ നിന്നിറങ്ങിപ്പോകുന്നു.

ജീവിതപങ്കാളിയുള്‍പ്പെടെ മറ്റുള്ളവര്‍ക്കു വേണ്ടി ത്യാഗം സഹിക്കുമ്പോഴുണ്ടാവുന്ന മാധുര്യവും അനുഭൂതിയും വിവരണാതീതമാണ്. ജീവിതപങ്കാളിയുടെ സംതൃപ്തിക്ക് വേണ്ടി സ്വയം സഹിക്കുന്ന പങ്കാളി വിശക്കാതിരിക്കാന്‍ വിശക്കുന്നു. ദാഹിക്കാതിരിക്കാന്‍ ദാഹിക്കുന്നു. ഉറങ്ങാനായി ഉറക്കമൊഴിക്കുന്നു. ഇതൊന്നും വേണ്ടി വന്നില്ലെങ്കിലും ഇതിനൊക്കെയുള്ള സന്നദ്ധതയുള്ളവരുടെ ദാമ്പത്യം മനോഹരവും സര്‍ഗാത്മകവുമാകുന്നു.

ഇബ്ലീസിനെ വഴിപിഴപ്പിച്ച 'ഞാന്‍ ബോധം' കുടുംബ ജീവിതത്തെ കടന്നാക്രമിച്ചിരിക്കുന്നു. ഞാന്‍, എന്റെ ഇഷ്ടം, എന്റെ താല്‍പര്യം പോലുള്ള സങ്കുചിത ചിന്തകള്‍ അനുദിനം ശക്തിപ്പെട്ടു കൊണ്ടിരിക്കുന്നു. അതിനനുസൃതമായി ദാമ്പത്യ ബന്ധം ദുര്‍ബലമാവുകയും കുടുംബം ശിഥിലമാവുകയും ചെയ്യുന്നു.

പരസ്പര സ്നേഹം, സഹകരണം, സൗഹൃദം, വിനയം, വിട്ടുവീഴ്ച, നീതിബോധം, സേവനമനസ്സ്, സമര്‍പ്പണ സന്നദ്ധത, ത്യാഗ ശീലം, പരസ്പരം ഉള്‍ക്കൊള്ളല്‍ തുടങ്ങിയവയെല്ലാം ദാമ്പത്യ വിജയത്തിന് അനിവാര്യമാണ്. മുഴു ജീവിത മേഖലകളിലും ആത്മീയതയുടെ സ്പര്‍ശവും സുഗന്ധവുമുണ്ടെങ്കില്‍ മാത്രമേ എല്ലാം ശുഭവും ഭദ്രവുമാവുകയുള്ളൂ; ദാമ്പത്യവും. 


 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top