സന്ധ്യാ തീരത്ത്...

ഷറഫുദ്ദീന്‍ കടമ്പോട്ട് (കണ്‍സല്‍ട്ടിംഗ് സൈക്കോളജിസ്റ്റ്) No image

സമയം ഏതാണ്ട്  വെളുപ്പിന് അഞ്ചേമുക്കാല്‍. കന്യാകുമാരിയിലെ മനോഹര കടല്‍ത്തീരം... മുക്കുവരും സൂര്യോദയം കാണാനെത്തിയ ടൂറിസ്റ്റുകളും കടല്‍ക്കരയിലെ ബഹളം കേട്ടിടത്തേക്ക് ഓടി. കടലില്‍ മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന 58-60 വയസ്സ് പ്രായം ചെന്ന ദമ്പതികളെ രണ്ട് മുക്കുവര്‍ ചേര്‍ന്ന് വലിച്ച് കരക്ക് കയറ്റിക്കൊണ്ടിരിക്കുകയാണ്. കടലിലേക്ക് നീണ്ടുകിടന്നിരുന്ന പാറക്കെട്ടിന് താഴെ വെളളത്തിൽ കൈകാലിട്ടടിച്ചുകൊണ്ടിരിക്കുകയായിരുന്നു ദമ്പതിമാര്‍. രണ്ടുപേരുടെയും ശരീരത്തില്‍ സാരി ചുറ്റി ഒന്നിച്ച് ആത്മഹത്യ ചെയ്യാനുള്ള ശ്രമം മുക്കുവര്‍ കണ്ടതോടെ പരാജയപ്പെടുകയായിരുന്നു.  പോലീസ് അന്വേഷണവും നിയമക്കുരുക്കുകളും കഴിഞ്ഞ് ഇരുവരെയും താല്‍ക്കാലിക സംരക്ഷണ കേന്ദ്രത്തിൽ പുനരധിവസിപ്പിച്ചു.
സുഹൃത്ത് വഴി കോഴിക്കോട് എത്തിയ ഇവരെ മലബാറിലെ ഒരു പുനരധിവാസ കേന്ദ്രത്തില്‍ എത്തിച്ചു. ഇരുവരും കഴിഞ്ഞ നാലു വര്‍ഷമായി  കൂടെയുള്ള ഏതാണ്ട് നാല്‍പതോളം പേരുമൊത്ത് പുതിയ നിറങ്ങളോടെ ശിഷ്ടജീവിതം ആസ്വദിക്കുന്നു.
      ഇത്ര മനോഹരമായ ജീവിതവും മനുഷ്യരും ഉണ്ടായിരുന്നു എന്നവര്‍ക്ക് വൈകിയാണ് ബോധ്യപ്പെട്ടത്. ജീവിതത്തിലെ സര്‍വ പ്രതീക്ഷകളും നഷ്ടപ്പെട്ട്, സാമ്പത്തിക ബാധ്യത മൂലം മക്കളാലും ബന്ധുക്കളാലും ഉപേക്ഷിക്കപ്പെട്ട വാര്‍ധക്യജീവിതം കരകാണാ കടല്‍ പോലെ ഇരുവരെയും തുറിച്ചുനോക്കിയപ്പോള്‍, കഴിഞ്ഞ 44 വര്‍ഷം ഒരുമിച്ചു തുഴഞ്ഞ ജീവിതനൗക ഒരുമിച്ചു തന്നെ അവസാനിപ്പിക്കാമെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു.
കവി കല്‍പറ്റ നാരായണന്റെ വരികള്‍ ഓര്‍മിപ്പിക്കും പോലെ 'ചിലര്‍ മരണത്തെ ഭയന്ന് ജീവിക്കുകയും മറ്റു ചിലര്‍ ജീവിതത്തെ ഭയന്ന് മരിക്കുകയും' ചെയ്യുകയാണ്.  എല്ലാ സൗകര്യങ്ങള്‍ക്കിടയിലും  വൃദ്ധമനസ്സിന്റെ തേങ്ങലുകള്‍ കാണപ്പെടാതെ പോകുന്നു.  എല്ലാ ഭൗതിക സൗകര്യങ്ങളും അവര്‍ക്ക് ഒരുക്കിക്കൊടുത്തു എന്ന ആത്മസംതൃപ്തിയില്‍ കഴിയുമ്പോഴും കടുത്ത നിരാശയിലൂടെയും ശാരീരിക വിഷമതകളിലുമായിലൂടെയും  കടന്നുപോകുന്ന പ്രായമായ മാതാപിതാക്കളെ അല്‍പം കൂടി അനുകമ്പയോടെ കാണേണ്ടതുണ്ട്.
'നിങ്ങള്‍ക്കിവിടെ എന്തിന്റെ കുറവാണ്? വീടും ചികിത്സയും  വേലക്കാരും ഭക്ഷണവും എല്ലാ സംവിധാനവും ഞങ്ങള്‍ ഒരുക്കിത്തന്നിട്ടില്ലേ ? ഇനി നിങ്ങള്‍ക്ക് എന്താണ് വേണ്ടത്?' എന്ന ചോദ്യം ആത്മസായൂജ്യത്തിനും അവനവനെ കുറ്റവിമുക്തനാക്കി സംതൃപ്തിയടയാനും സഹായിച്ചേക്കാം.
ശാസ്ത്ര- വ്യാവസായിക ലോകത്തിന്റെ പുതുനായകന്‍ എന്നറിയപ്പെടുന്ന ഇലോണ്‍ മസ്‌കിന്റെ വാക്കുകള്‍ ശ്രദ്ധേയമാണ്: 'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും റോബോട്ടിക്സും അവതാറും, ചൊവ്വ ജീവി ഗവേഷണവും, മനുഷ്യായുസ്സ് വര്‍ധിപ്പിക്കാവുന്ന പഠനങ്ങളും വികസിക്കുമ്പോള്‍  തൊട്ടടുത്തിരിക്കുന്ന തന്റെ മാതാപിതാക്കളെ ചേര്‍ത്തു നിര്‍ത്തി സ്പര്‍ശനത്തിലൂടെ ഊഷ്മളമായി തന്റെ ഉള്ളംകൈയിലെ ഊഷ്മാവുകൊണ്ട് സാന്ത്വനിപ്പിക്കാനാവുന്ന വിദ്യ വികസിപ്പിക്കാന്‍ ഒരു ശാസ്ത്രത്തിനും ഒരിക്കലും ആവുകയില്ല'. ഇവിടെയാണ് ധാര്‍മിക മുല്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യനെ സൃഷ്ടിക്കുന്നത്.
ഒരുവശത്ത് അല്‍പം സ്നേഹത്തിനും അനുകമ്പക്കും മക്കളുടെ സാന്നിധ്യത്തിനും ദാഹിക്കുന്ന വൃദ്ധ മാതാപിതാക്കള്‍. മറുവശത്ത്  വികസിച്ചുകൊണ്ടിരിക്കുന്ന, അനിവാര്യമായ പുതിയ ജീവിത ക്രമങ്ങൾ. പുതിയ സാമൂഹിക ക്രമങ്ങളെ, ധാര്‍മിക-മാനുഷിക-മനഃ:ശാസ്ത്ര അടിത്തറകളിലൂന്നി നിഷ്പക്ഷമായി പുനര്‍വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു.
എന്താണ് വാർധക്യം? 
 ലോകാടിസ്ഥാനത്തില്‍ വാര്‍ധക്യത്തിന് കൃത്യമായ ഏകീകൃത നിര്‍വചനമില്ല: പ്രാദേശികമായും സാംസ്‌കാരികമായുമാണ് അതിനെ നിര്‍ണയിച്ചിട്ടുള്ളത്. പാശ്ചാത്യ രാജ്യങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും ഏഷ്യയിലെ ചില ഭാഗങ്ങളിലും വ്യത്യസ്ത പ്രായഭേദങ്ങളെ വാര്‍ധക്യമായി പരിഗണിക്കാറുണ്ട്. സര്‍ക്കാറുകള്‍ വ്യക്തികളുടെ തൊഴിലുകളുടെ കാലയളവ് പലയിടങ്ങളിലും വിവിധ തരത്തിൽ കാണാറുണ്ട്. നാല്‍പതുകളുടെ പകുതി കഴിഞ്ഞാല്‍ വാര്‍ധക്യമായി എന്നുറപ്പിക്കുന്ന  ചില പ്രദേശങ്ങളും ലോകത്തുണ്ട്.
പൊതുവെ ശാരീരികവും മാനസികവുമായ ക്ഷമതകൾ ദുർബലമാകുന്നതാണ് വാർധക്യം. കാഴ്ച, കേള്‍വി, ഓര്‍മ, ബുദ്ധിശേഷി, ശരീരത്തിന്റെ സന്തുലിതാവസ്ഥ, പേശീബലം, ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനക്ഷമത ഇവക്കൊക്കെ ശക്തിക്ഷയം സംഭവിക്കും.  മാനസികാരോഗ്യ പ്രശ്നങ്ങൾ, മൂത്രസംബന്ധമായ രോഗങ്ങള്‍ തുടങ്ങി വിവിധങ്ങളായ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും.

വാര്‍ധക്യം ബാധിച്ചവരെ എങ്ങനെ പരിഗണിക്കാം? 

ദൈനംദിന ജീവിതത്തില്‍ പരമാവധി പരാശ്രയം ഇല്ലാതെ അവനവന്റെ കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കുക. ജീവിത ഗുണനിലവാരത്തെ മെച്ചപ്പെടുത്തുന്നതിനാവശ്യമായ പിന്തുണ നല്‍കുക. 
കുടുംബ/സാമൂഹിക കാര്യങ്ങളില്‍ അവരുടെ അനുഭവപരിചയവും അറിവും ഉപയോഗപ്പെടുത്തുക.
പൊതുവെ ശാരീരിക അവശതകള്‍ ആത്മവിശ്വാസത്തെ സാരമായി ബാധിച്ചുകാണാറുണ്ട്. അതിനാല്‍, മാനസികമായ പിന്തുണ നല്‍കുക.
ആയുര്‍വേദത്തിന്റെ അടിസ്ഥാന ഗ്രന്ഥമായ ചരകസംഹിതയില്‍ വാര്‍ധക്യത്തെ 'ജര' എന്ന ഭാഗം വിശദമായി വിശകലനം ചെയ്യുന്നുണ്ട്. കടുത്ത ശാരീരിക മാനസിക അധ്വാനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക, പോഷക സമൃദ്ധമായ ആഹാരങ്ങള്‍ ഭക്ഷണത്തില്‍  ഉള്‍പ്പെടുത്തുക. മിതമായ വ്യായാമം ചെയ്യുക, മാനസികോല്ലാസങ്ങളില്‍ ഏര്‍പ്പെടുക, വിശ്രമം തുടങ്ങിയ നിര്‍ദേശങ്ങള്‍ ചരകസംഹിത മുന്നോട്ടു വെക്കുന്നതായി കാണാം.
1025-ല്‍ ഇബ്നുസീന രചിച്ച  ലോകപ്രശസ്ത 'The Canon of Medicine' എന്ന വൈദ്യശാസ്ത്ര ഗ്രന്ഥത്തിലും വാര്‍ധക്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്:
നല്ല ഉറക്കം, കൃത്യമായ പോഷണം, വ്യായാമം തുടങ്ങിയ പ്രത്യേകം എടുത്തുപറയുന്നു.
വാര്‍ധക്യവും തുടര്‍ ആരോഗ്യ പ്രശ്നങ്ങളും ഒരു പ്രത്യേക പഠന വിഭാഗമായി വികസിച്ചതിനെ തുടര്‍ന്ന് 1908-ല്‍ IlyoIlyich Mechinov  ആണ് ആ പഠനശാഖയെ 'Geriatrics' എന്ന് ആദ്യമായി  നാമകരണം ചെയ്തത്. ഇപ്പോൾ എല്ലാ വികസിത രാജ്യങ്ങളും കഴിഞ്ഞ ഒരു നൂറ്റാണ്ടായി വാര്‍ധക്യസഹജ ആരോഗ്യപ്രശ്നങ്ങളെ പ്രാധാന്യത്തോടെ കാണുകയും പഠനഗവേഷണങ്ങളില്‍ ശ്രദ്ധ നല്‍കുകയും ചെയ്തുവരുന്നു. ഇന്ത്യയിൽ പത്തില്‍ താഴെ മെഡിക്കല്‍ സ്ഥാപനങ്ങളില്‍ മാത്രമാണ് ജെറിയാട്രിക്സില്‍ ബിരുദാനന്തര ബിരുദം നല്‍കിവരുന്നുത്. ഈ രംഗത്ത്  മത, സന്നദ്ധ, സാമൂഹിക സംഘടനകളുടെ സാന്നിധ്യം കേരളം പോലുള്ള പ്രദേശങ്ങളില്‍ ശ്രദ്ധേയമായ കാല്‍വെപ്പുകള്‍ നടത്തിയിട്ടുണ്ട്.

വരുംകാലത്തേക്കുള്ള 
ക്രിയാത്മക നിർദേശം 

ഈയിടെയായി പലയിടങ്ങളിലും പങ്കുവെച്ച ഒരാശയം  ഇവിടെയും പറയാം. വിദ്യാഭ്യാസത്തിനും തൊഴിലിനും  ജീവിത നിലവാരം ഉയർത്തുന്നതിനുമായി നമ്മുടെ പുതിയ തലമുറ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണ്. അവരെ നമ്മുടെ താല്‍പര്യങ്ങള്‍ക്കു വേണ്ടി തടഞ്ഞുവെക്കുന്നതിനു പകരം അവര്‍ക്ക് അവരുടെ പുതിയ ആകാശങ്ങളില്‍ ചിറക് വിരിച്ച് പറക്കാന്‍ അവസരം ഒരുക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് വേണ്ടത്. നാം ക്രിയാത്മകമായി മറ്റൊരു പുതുവഴി ചിന്തിച്ച് തുടങ്ങേണ്ടിയിരിക്കുന്നു. സമാന മനസ്‌കരായവര്‍ ഒരുമിച്ചു ചേര്‍ന്ന്  അഞ്ചോ പത്തോ ഏക്കര്‍ ഭൂമി വാങ്ങി  രൂപകല്‍പന ചെയ്യുന്ന ഒരു മനോഹര റിസോര്‍ട്ടില്‍  ശിഷ്ട ജീവിതം ആനന്ദകരമായി പങ്കുവെച്ച് ജീവിക്കാം. ഓര്‍ഗാനിക്ക് കൃഷിയും ആരോഗ്യ പരിപാലന സൗകര്യങ്ങളും ഒറ്റ അടുക്കള സംവിധാനവും വിനോദ-വിജ്ഞാന ഉപാധികളും സജ്ജീകരിക്കാം.
ഇക്കൂട്ടത്തില്‍തന്നെ വിവിധ മേഖലകളില്‍ വൈദഗ്ധ്യം തെളിയിച്ചിട്ടുള്ളവര്‍ ഉണ്ടാവും. ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, നഴ്സുമാര്‍, നിയമവിദഗ്ധര്‍, വ്യവസായം തുടങ്ങിയ മേഖലകളില്‍ ഉള്ളവര്‍.
   വീടുകളില്‍ ഇത്തരം സംവിധാനങ്ങള്‍ സജ്ജീകരിച്ച്  നടത്തിക്കൊണ്ടുപോവുക പല കാരണങ്ങള്‍ കൊണ്ട് പ്രായോഗികമല്ല. എന്നാല്‍, വലിയൊരു കൂട്ടായ്മക്ക് എളുപ്പം സാധ്യമാവും. 'ഒരു ആയുസ്സ് മുഴുവനും കഷ്ടപ്പെട്ട് ഞങ്ങള്‍  ഉണ്ടാക്കിയത് മുഴുവന്‍ മക്കള്‍ക്കു വേണ്ടിയാണ്. ഇതുവരെ ഞങ്ങള്‍ ജീവിതം ആസ്വദിച്ചിട്ടില്ല' എന്ന 'കടംകഥ' പുതുതലമുറക്ക് അരോചകമായിത്തുടങ്ങി, 'നിങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി ജീവിക്കാതിരുന്നത് ഞങ്ങളുടെ കുറ്റമല്ലല്ലോ? ഇനി നിങ്ങളുടെ ജീവിതം കളയണ്ട' മാതാപിതാക്കളും മക്കളും തമ്മില്‍ ക്ലിനിക്കില്‍ വെച്ച് പലപ്പോഴായി  കേട്ടിട്ടുള്ള സംഭാഷണമാണിത്.
സമ്പാദ്യങ്ങളുടെ ഒരു ഭാഗം അവനവനു വേണ്ടിയും അര്‍ഹരായ സഹജീവികള്‍ക്കും സമൂഹത്തിനു വേണ്ടിയും മാറ്റിവെച്ച് നാം പുതുവഴികള്‍ തേടേണ്ടിയിരിക്കുന്നു.
    മക്കളെ കാത്തിരുന്ന് അവരെ പഴിപറഞ്ഞും നമ്മുടെ ത്യാഗങ്ങളുടെയും പണത്തിന്റെയും കണക്ക് പറഞ്ഞും ദുഃഖിച്ചിരിക്കുന്നതിനെക്കാള്‍ തങ്ങളെ കാണാന്‍ വരുന്ന അതിഥികളായി മക്കളെ സ്വീകരിക്കാനുള്ള മാനസിക അവസ്ഥയിലേക്ക് നാം ഉയരുന്നതാവും ഉചിതം.
ഇത് സമ്പന്നര്‍ക്കും മധ്യ വര്‍ഗത്തിനും മാത്രം സാധ്യമായ ഒന്നാണ് എന്ന് കരുതേണ്ട. ലഭ്യമായ സാമ്പത്തിക സ്രോതസ്സുകളില്‍  നിന്ന് കൊച്ചു കൂട്ടായ്മകള്‍ രൂപവത്കരിച്ച് മിതമായ ഭൗതിക സൗകര്യങ്ങള്‍ സംവിധാനിച്ചും ഇത്തരം കൂട്ടായ്മകള്‍ സാധ്യമാവും.
    സന്നദ്ധ സംഘടനകൾക്കും സര്‍ക്കാറുകൾക്കും കാലോചിതമായ  മാറ്റങ്ങളെ ഉള്‍ക്കൊണ്ട് ഇത്തരം  ഉദ്യമങ്ങൾക്ക് നേതൃത്വം നൽകാം. അത് ആരോഗ്യകരമായ സാമൂഹിക ക്രമം സൃഷ്ടിക്കാന്‍ സഹായകരമായേക്കും. 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top