വേണം വീണ്ടുവിചാരം

No image

നൊമ്പരപ്പെടുത്തുന്ന ചില വാര്‍ത്തകള്‍ നാം കേൾക്കാറുണ്ട്. വൃദ്ധമാതാപിതാക്കളെ വഴിയരികില്‍ തള്ളിയതും ഭക്ഷണം കൊടുക്കാതെ കെട്ടിയിട്ടതും വൃദ്ധസദനത്തില്‍ ഉപേക്ഷിച്ചു പോയതും..... നമ്മെ വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കേണ്ട സംഭവങ്ങൾ.  വാര്‍ധക്യത്തോടടുത്തവരോടും വൃദ്ധരായവരോടും നമുക്ക് ബാധ്യതകളുണ്ട്.
വാര്‍ധക്യം ഒരു യാഥാര്‍ഥ്യമാണ്. പാറിപ്പറന്നു കളിക്കുന്ന ബാല്യവും കൗതുകങ്ങളുള്ള കൗമാരവും കരുത്തുള്ള യൗവനവും പിന്നിട്ട് ദുര്‍ബലതയുടെ അടയാളങ്ങള്‍ മനസ്സും ശരീരവും കാണിക്കാന്‍ തുടങ്ങുമ്പോള്‍ ആ ജീവിതത്തിന് ചില താങ്ങുകള്‍ ആവശ്യമാണ്. ജീവിതനിലവാരവും ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളും കൂടിക്കൊണ്ടിരിക്കുന്നതിനനുസരിച്ച് വൃദ്ധരുടെ എണ്ണവും കൂടുകയാണ്. പക്ഷേ, അവർ വേണ്ട വിധം പരിരക്ഷിക്കപ്പെടുന്നില്ല. അത് സംബന്ധമായി ഗൗരവപ്പെട്ട ചര്‍ച്ചകളും നമ്മുടെ നാട്ടില്‍ നടക്കുന്നില്ല. തകര്‍ന്നുപോയ കൂട്ടുകുടുംബ സംവിധാനം, മക്കളുടെ എണ്ണക്കുറവ്, ജോലി -പഠന ആവശ്യാര്‍ഥം ദൂരേക്കുള്ള കൂടുമാറ്റം, രോഗം, സാമ്പത്തിക പരാധീനത, പങ്കാളിയുടെ മരണം  ഇവയെല്ലാം വൃദ്ധരെ അസ്വസ്ഥപ്പെടുത്തുന്ന ഘടകങ്ങളാണ്. കുടുംബവും സമൂഹവും സന്നദ്ധസംഘടനകളും ഈ പ്രശ്‌നത്തെ എങ്ങനെ  അഭിമുഖീകരിക്കണമെന്ന് ചര്‍ച്ച ചെയ്‌തേ പറ്റൂ. മാതാപിതാക്കളോട് എപ്രകാരം വര്‍ത്തിക്കണമെന്ന് പഠിപ്പിക്കപ്പെട്ടവരാണ് നാം. ചെറുപ്പത്തില്‍ നമ്മെ കഷ്ടപ്പെട്ട് പോറ്റി വളര്‍ത്തിയ അവര്‍ക്ക് സകലവിധ പരിചരണവും നൽകാനും, അവരുടെ മേൽ കാരുണ്യ വർഷമുണ്ടാകാനായി പ്രാർഥിക്കാനും നാം കൽപ്പിക്കപ്പെട്ടിരിക്കുന്നു.
സാമൂഹികക്രമം മാറുകയും ഒറ്റപ്പെടലുകള്‍ അനിവാര്യമായിത്തീരുകയും ചെയ്യുന്ന ചില സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്. അപ്പോൾ വൃദ്ധ മനസ്സിന്റെ ആകുലതകള്‍ക്ക് പരിഹാരം കാണുന്ന ചില പുരോഗമനപരമായ നടപടികള്‍ ആവശ്യമായി വരും. എല്ലാം കിട്ടിയിട്ടും എന്തൊക്കെയോ കിട്ടാതെ പോകുന്ന വൃദ്ധമനസ്സിന്റെ തേങ്ങലുകള്‍ പല വീടിനകത്തും ഉയരുന്നുണ്ട്. മക്കളെയോര്‍ത്ത്, സ്റ്റാറ്റസ് ഓര്‍ത്ത് പറയാറില്ല എന്ന് മാത്രം. ഇവിടെയാണ് കൂട്ടായ്മയുടെ പ്രസക്തി. ഒന്ന് കൂട്ടം കൂടി ഇരിക്കാന്‍, സംസാരിക്കാന്‍, പകല്‍ ഒന്ന് കറങ്ങി നടക്കാന്‍ ഇടം ഉണ്ടെങ്കില്‍ അസ്വസ്ഥപ്പെടുന്ന വൃദ്ധമനസ്സിന്റെ ഏകാന്തതക്ക് അറുതി വരും. ആകുലത മുറ്റിയ വാര്‍ധക്യകാലത്തെ പരിചരിക്കാൻ മഹല്ലുകളും പള്ളികളും ക്ലബ്ബുകളും റസിഡന്‍സ് അസോസിയേഷനുകളും വായനശാലകളും നാട്ടുകൂട്ടായ്മകളും ഇത്തരം ആലോചനകൾ നടത്തേണ്ട സമയമായിരിക്കുന്നു.
വാര്‍ധക്യത്തിന്റെ ആയാസമേതുമില്ലാതെ സര്‍ഗാത്മകമായി കാലത്തെ ജീവിച്ചു തീര്‍ക്കുന്നവര്‍, വാര്‍ധക്യത്തെ ആഹ്ലാദകരമാക്കാന്‍ പറ്റിയ ഇടങ്ങള്‍... ആരാമത്തിലെ പേജുകള്‍ ഈയൊരു വായനയാണ് നിങ്ങളുടെ മുമ്പില്‍ വെക്കുന്നത്. 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top