ഒളിമങ്ങാത്ത ഉമ്മയോര്‍മകള്‍

ഒ. അബ്ദുര്‍റഹ്‌മാന്‍ No image

''യ്യ് സമ്മയ്ക്കണ്ട. ഞാന്‍ കണ്ണുകൊണ്ട് കണ്ടതല്ലേ? നാലഞ്ച് കുട്ടിച്ചാത്തന്മാര്‍ വരിവരിയായി ഇരുന്ന് തലയിലെ പേനെടുക്ക്ണത്''  ഉമ്മ നേരില്‍ കണ്ട സത്യത്തെ ഞാന്‍ സര്‍വയുക്തിയും പ്രയോഗിച്ച് നിഷേധിച്ചിട്ടെന്ത് കാര്യം.
പൊട്ടിച്ചൂട്ടുമായി ആകാശത്തേക്ക് കയറിപ്പോവുന്ന പൊട്ടിച്ചെയ്ത്താനെയും ഉമ്മ കണ്ടതാണ്; ഞങ്ങളുടെ അടുത്ത പറമ്പിലെ കുളത്തിനരികെ. ഇതും വെറും പൊളിയാണെന്ന് പറഞ്ഞ് നടന്ന എനിക്കും ഒരു രാത്രി ആ കാഴ്ച കാണേണ്ടി വന്നു. പെടുന്നനെ കുളത്തില്‍ മേല്‍ ഭാഗത്തുനിന്ന് മേപ്പോട്ട് ഉയര്‍ന്നുപോവുന്ന പൊട്ടിച്ചൂട്ട്. ശ്മശാനങ്ങളില്‍ മൃതശരീരങ്ങളില്‍ അവശേഷിക്കുന്ന തലയോട്ടികളില്‍ നിന്നോ എല്ലിന്‍ കഷണങ്ങളില്‍നിന്നോ പുറത്ത് വരുന്ന ഫോസ്ഫറസ് അന്തരീക്ഷ വായുവില്‍ കത്തുന്ന പ്രതിഭാസമാണ് പൊട്ടിച്ചൂട്ട് എന്ന ശാസ്ത്രസത്യം അന്നേരം എനിക്കോര്‍മ വന്നില്ലെങ്കില്‍ പൊട്ടിച്ചെയ്ത്താനെ കണ്ടു ഞാനും പേടിച്ചേനെ.
കുട്ടിക്കാലത്ത് ഉമ്മയില്‍നിന്ന് കേട്ട വേറെയും അത്ഭുത കഥകളുണ്ട്. പാതിരാ നേരത്ത് കാളയും പോത്തും നായ്ക്കളുമായി വേഷം മാറിവന്ന ഒടിയന്മാര്‍ ധാരാളമുണ്ടായിരുന്നത്രെ നാട്ടിന്‍പുറങ്ങളില്‍. ഒടിയന്മാരുടെ കഥകള്‍ കേട്ടുവളര്‍ന്ന ആജാനുബാഹുവായ എറക്കോടനും പൂതിയായി ഒരുനാള്‍ ഒടിയനായി മാറാന്‍. ഒടി മറയുന്ന വിദ്യ വശമുള്ള പാണന്മാരെ സമീപിച്ചപ്പോള്‍ അവരുടെ ചോദ്യം: 'മാപ്പളക്ക് എന്തായി മാറാനാണ് പൂതി?' 'എനിക്ക് കൊമ്പനാനയാവണം.' എറക്കോടന് സംശയമേ ഉണ്ടായില്ല. 'പുലര്‍ച്ചെ ഷര്‍ട്ടും മുണ്ടുമൊക്കെ അഴിച്ചുവെച്ച് വായില്‍ രണ്ട് വെള്ള മരക്കൊമ്പുകള്‍ തിരുകി നാല് കാലിന്മേല്‍ നടന്നാല്‍ മതി. ഇടക്ക് ആനയെപ്പോലെ ഗര്‍ജിക്കുകയും വേണം. മാപ്ല മാറിയതായി മാപ്ലക്ക് തോന്നിയില്ലെങ്കിലും കാണികള്‍ക്ക് മാപ്ല ആന തന്നെയാവും. മന്ത്രിച്ചൂതിയ പൊടിയും കൊടുത്തു പാണന്മാര്‍. പിറ്റേന്ന് പുലര്‍ച്ചെ അനുജന്‍ മായിന്‍കുട്ടി എഴുന്നേറ്റ് മുറ്റത്തിറങ്ങി മുന്നിലെ വയല്‍വരമ്പിലേക്ക് നോക്കിയപ്പോള്‍ കണ്ടത് വായില്‍ വെളുത്ത കൊമ്പിന്‍ കഷണങ്ങളുമായി പൂര്‍ണ നഗ്നനായി നാല് കാലില്‍ നടക്കുന്ന ഏട്ടനെ! പിന്നെയുണ്ടായ കുതൂഹലം പറയേണ്ടല്ലോ.
ഒരു സായാഹ്നത്തില്‍ പത്രമാപ്പീസില്‍നിന്ന് വീട്ടിലെത്തി വരാന്തയിലിരിക്കുമ്പോള്‍ വെള്ള മുണ്ടും തലപ്പാവും ധരിച്ച് ഇറങ്ങിവരുന്ന അയല്‍ക്കാരന്‍ കര്‍ഷകത്തൊഴിലാളി മൂത്തോറനുണ്ട് മുമ്പില്‍. 'എങ്ങോട്ടാ മൂത്തോറാ പുതിയാപ്ല ചമഞ്ഞ്?' എന്റെ ചോദ്യത്തോട് മൂത്തോറന്‍ പ്രതികരിക്കുന്നതിന് മുമ്പ് അടുക്കളയില്‍ നിന്നെത്തിയ ഉമ്മയുടെ ഇടപെടല്‍: 'യ്യെന്തിനാ അതെല്ലാം അറിയുന്നത്? മൂത്തോറന്‍ പോവുന്നത് എങ്ങോട്ടെങ്കിലുമായ്ക്കോട്ടെ.' അതോടെ ഉമ്മ കൂടി പങ്കാളിയായ ഗൂഢാലോചനയുടെ ഫലമാണ് മൂത്തോറന്റെ യാത്ര എന്ന് പിടികിട്ടി. അതുകൊണ്ട് തന്നെ എനിക്കതറിഞ്ഞേ തീരൂ. എന്റെ നിര്‍ബന്ധത്തിന് വഴങ്ങി മൂത്തോറന്‍ ദൗത്യം വെളിപ്പെടുത്തി. മൂത്തോറന്റെ ഭാര്യ മാത പ്രസവിക്കുന്നതൊക്കെ ചാപിള്ള. പരിഹാരം തേടി ആസ്പത്രിയെയോ ഡോക്ടറെയോ, മൂത്തോറനോ മാതയോ സമീപിച്ചില്ല. പകരം പണിക്കരെ കാണാനാണ് പോവുന്നത്. ഗണികനായ പണിക്കര്‍ രാശിവെച്ചു നോക്കിയാല്‍ 'ചെയ്യിച്ച' ആളെ പിടികിട്ടിയില്ലെങ്കിലും പരിഹാരം ചെയ്യാന്‍ പറ്റും. എന്റെ ബോധവല്‍ക്കരണമൊന്നും ഫലിച്ചില്ല. മൂത്തോറന്‍ ഗണികനെ തേടിപ്പോവുക തന്നെ ചെയ്തു. മാതയെ കൈയൊഴിഞ്ഞു നീലിയെ തുണയാക്കിയ മൂത്തോറന് കുട്ടികളുണ്ടായി എന്നത് ശേഷവിശേഷം.
ആറേഴ് പതിറ്റാണ്ടുകള്‍ മുമ്പ് മലബാറിലെ മറ്റെല്ലാ ഗ്രാമങ്ങളെയും പോലെ ഞങ്ങളുടെ നാടിനെയും അന്ധവിശ്വാസങ്ങള്‍ പിടിയിലൊതുക്കിയതിന്റെ ഉദാഹരണങ്ങളാണ് ഇത്രയും കുറിച്ചത്. വിദ്യാലയങ്ങളും വൈദ്യുതിയും വഹാബിസവും മേല്‍ക്കോയ്മ നേടിയതോടെ കുട്ടിച്ചാത്തന്മാരും ഒടിയന്മാരും പൊട്ടിച്ചെയ്ത്താന്മാരും നാട് വിടേണ്ടി വന്നു. നവോത്ഥാന പ്രസ്ഥാനം നേരത്തെ കാലത്തെ വേരൂന്നിയ ഗ്രാമങ്ങളിലൊന്നാണ് ചേന്ദമംഗല്ലൂര്‍. മഹല്ല് കമ്മിറ്റിയും ഖാദിയും കാരണവന്മാരും ഏറ്റവുമാദ്യം പരിവര്‍ത്തന വിധേയരാവുകയും തുടര്‍ന്ന് നാട്ടുകാര്‍ അവരുടെ മാതൃക പിന്തുടരുകയും ചെയ്തുവെന്ന സവിശേഷതയും ഈ മാറ്റത്തിന്റെ പിന്നിലുണ്ട്. 1900-ാമാണ്ടില്‍ സ്ഥാപിതമായ ഒതയമംഗലം പള്ളിയിലെ പ്രഥമ ഖാദി പടിഞ്ഞാറെതൊടി കുഞ്ഞാലി മുസ്ലിയാര്‍ 1921-ലെ കലാപത്തെ തുടര്‍ന്നുണ്ടായ അനിഷ്ട സംഭവങ്ങളെ ശക്തമായെതിര്‍ത്ത മാന്യദേഹമാണ്. അദ്ദേഹത്തിന്റെ മകന്‍ പി.സി മുഹമ്മദ് സഹീറായിരുന്നു രണ്ടാമത്തെ ഖാദി. വാഴക്കാട് ദാറുല്‍ ഉലൂമിന്റെ സന്തതിയായ അദ്ദേഹം മാതൃഭാഷയിലെ ജുമുഅ ഖുത്വ്ബ ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ക്ക് മുന്‍കൈയെടുത്തു. ബ്രിട്ടീഷ് ഭരണകാലത്ത് അധികാരിയായി കരുത്ത് തെളിയിച്ച അരിപ്പറ്റ മണ്ണില്‍ കുട്ടിഹസന്റെ കുടുംബം ഉള്‍പ്പെടെയുള്ള പ്രമുഖരും ഇസ്ലാഹി പ്രസ്ഥാനത്തിന്റെ പക്ഷത്ത്നിന്നു. അങ്ങനെയാണ് ഞങ്ങളുടെ ഖബറിസ്താനില്‍ ഒരൊറ്റ ജാറവും ഉയരാതിരുന്നത്; ഞാനൊക്കെ ഒരൊറ്റ അറബി ഖുത്വ്ബയും കേള്‍ക്കാതെ വളര്‍ന്നത്. എന്നാല്‍, അധികാരിയുടെ അധികാര ദുര്‍വിനിയോഗത്തിനെതിരെ ശക്തമായ നിലപാടെടുക്കാനും ജനപക്ഷത്തുനിന്ന് ചോദ്യം ചെയ്യാനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ആകൃഷ്ടനായ സഖാവ് കെ.വി.ആര്‍ എന്ന പേരില്‍ അറിയപ്പെട്ട രായന്‍ മുഹമ്മദും ഉണ്ടായിരുന്നു. (വഴിത്തിരിവുകളില്‍ അദ്ദേഹം നട്ടുപിടിപ്പിച്ച മൂന്ന് വടവൃക്ഷങ്ങളില്‍ ഒടുവിലത്തേതും റോഡ് വികസനത്തിന്റെ ഭാഗമായി ഈ ജുലൈയില്‍ നിലംപൊത്തി). ഈ വളക്കൂറുള്ള മണ്ണിലാണ് ജമാഅത്തെ ഇസ്ലാമി നാല്‍പതുകളില്‍ തന്നെ വേര് പിടിച്ചത്. 1952 ഫെബ്രുവരിയില്‍ ഹാജി വി.പി മുഹമ്മദലി സാഹിബിന്റെയും കെ.സി അബ്ദുല്ല മൗലവിയുടെയും സാന്നിധ്യത്തില്‍ അന്നത്തെ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ജനറല്‍ (ഖയ്യിം) ഉദ്ഘാടനം ചെയ്ത അല്‍ മദ്റസത്തുല്‍ ഇസ്ലാമിയ്യ സ്‌കൂള്‍മദ്റസ പാഠ്യപദ്ധതികളുടെ സമന്വയത്തിലൂടെ മതവിദ്യാഭ്യാസ രംഗത്ത് വഴിത്തിരിവ് സൃഷ്ടിച്ചു. 1926-ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് സ്ഥാപിച്ച ഗവണ്‍മെന്റ് മാപ്പിള എലിമന്ററി സ്‌കൂള്‍ എന്ന അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാലയമായിരുന്നു ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസത്തിനാധാരം. 1954-ല്‍ സ്‌കൂള്‍ പഠനം മുഴുമിച്ച എനിക്കും സൗത്ത് കൊടിയത്തൂര്‍ സ്‌കൂളില്‍ എട്ടാംതരം പൂര്‍ത്തിയാക്കി ഇ.എസ്.എസ്.എല്‍.സി പാസ്സായ ജ്യേഷ്ഠ സഹോദരന്മാരായ ഉമര്‍, അബ്ദുല്ല എന്നിവര്‍ക്കും നാട്ടില്‍ മറ്റു പലരെയും പോലെ തുടര്‍ പഠനത്തില്‍ അല്‍ മദ്റസത്തുല്‍ ഇസ്ലാമിയ്യ എന്ന മുഴുസമയ വിദ്യാഭ്യാസ സ്ഥാപനമാണ് തുണയായത്. ഓത്തുപള്ളിയില്‍ മുദര്‍രിസായിരുന്ന ബാപ്പയും രണ്ടോ മൂന്നോ ഓത്തുപള്ളികളില്‍ പഠനം നടത്തിയ ഉമ്മയും ഞങ്ങള്‍ മക്കള്‍ തുടര്‍ന്നു പഠിക്കുന്നതില്‍ അതീവ തല്‍പരരായിരുന്നു. ഒമ്പത് മക്കളടക്കം 11 അംഗ കുടുംബത്തെ വല്ലായ്മകള്‍ക്കും വയ്യായ്മകള്‍ക്കും മധ്യേ തീറ്റുകയും പോറ്റുകയും ചെയ്യേണ്ട ഉമ്മ, ഇളം പ്രായക്കാരായ മൂന്നു പേരെ മുഴുസമയ പഠനത്തിന് വിട്ടുകൊടുത്തത് അന്നത്തെ സാഹചര്യങ്ങളില്‍ അതിസാഹസമായിരുന്നെന്ന് പറയാതെ വയ്യ. ക്ലാസ് മുടക്കി ഒരു ദിവസം പോലും തന്നെ സഹായിക്കാന്‍ ഉമ്മ ഞങ്ങളെ നിര്‍ബന്ധിച്ചില്ല. ഒഴിവ് സമയങ്ങളിലും ദിവസങ്ങളിലും ഉമര്‍ മാത്രം ഉമ്മയെ സഹായിക്കാന്‍ തയാറായി. രണ്ട് പെണ്‍സന്തതികള്‍ തീരെ ചെറുപ്പമായിരുന്നുതാനും.
അന്ന് നാട്ടില്‍ ബഹുഭൂരിഭാഗത്തിനും കൃത്യമായ തൊഴിലില്ല. നെല്‍കൃഷിയാണ് മുഖ്യ ജീവിത മാര്‍ഗമെങ്കിലും വയലുകള്‍ മുഴുക്കെ രണ്ട് മൂന്ന് ജന്മിമാരുടേതായിരുന്നു. കഷ്ടപ്പെട്ടു കാളകളെ വളര്‍ത്തുന്ന കര്‍ഷകത്തൊഴിലാളികള്‍ക്ക് നെല്‍പാടം പാട്ടത്തിന് എടുക്കാം. വിളവില്‍ പകുതിയോളം പാട്ടമായി ജന്മിമാര്‍ക്ക് കൊടുത്തിരിക്കണം. ബാക്കിയാണ് ആണ്ട് മുഴുവന്‍ കഞ്ഞിക്കുള്ള വക. മീന മാസത്തിലെ ഞാറുനടീലും മകര മാസത്തിലെ കൊയ്ത്തുമാണ് മാപ്പിളദളിത് സ്ത്രീകളുടെ 'തൊഴിലുറപ്പ്'. അക്കാലമായാല്‍ നൂറു കണക്കിന് പെണ്ണുങ്ങളെക്കൊണ്ട് പാടം നിറയും. ഞങ്ങളുടെ വീട് പാടവക്കിലായത് കൊണ്ട് ഉമ്മ തിളപ്പിക്കുന്ന കഞ്ഞിവെള്ളവും ചുട്ട ഉണക്കമീനുമാണ് അവരുടെ ലഞ്ച്. അത് കുടിക്കാന്‍ തന്നെ ചില ദളിത് സ്ത്രീകള്‍ക്ക് കുളിച്ചിട്ട് വേണം. കാരണം, തൊഴിലിനിടയില്‍ അവര്‍ അന്യോന്യം തീണ്ടിപ്പോയിരിക്കും!
യുവാക്കളില്‍ നല്ല പങ്ക് ബീഡി തെറുപ്പ് കൊണ്ട് ഉപജീവനം നടത്തുന്നു. ബീഡിവലിയും പോഷകാഹാരക്കുറവും മൂലം അധികപേര്‍ക്കും ക്ഷയരോഗമോ അള്‍സറോ കട്ടായം. ബാല്യത്തില്‍ ഞാന്‍ കണ്ട മരണങ്ങളില്‍ ഭൂരിഭാഗവും ഈ രണ്ടിലൊരു രോഗത്തിനിരയായവരാണ്. മിഥുനം, കര്‍ക്കിടകം മാസങ്ങളിലെ പെരുമഴ, വെള്ളപ്പൊക്കം സമ്മാനിക്കാത്ത വര്‍ഷങ്ങള്‍ ചുരുക്കം. ചിലപ്പോള്‍ വന്‍ പ്രളയമായി രൂപാന്തരപ്പെടും. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ സര്‍വതിനും കോഴിക്കോട് അങ്ങാടിയെ ആശ്രയിക്കുന്ന ഗ്രാമത്തിന് ചരക്ക് നീക്കത്തിന് ഒരേയൊരു വഴി ഇരുവഴിഞ്ഞി-  ചാലിയാര്‍ പുഴയിലൂടെയുള്ള തോണികള്‍ മാത്രം. പ്രളയ കാലത്ത് തോണി ഗതാഗതം മുടങ്ങുന്നതോടെ ഗ്രാമം മുഴുപ്പട്ടിണിയില്‍. അറുപതുകളിലെ ഒരു ബലിപെരുന്നാള്‍ നാവുരി അരി കൊണ്ടാഘോഷിക്കേണ്ടി വന്ന അനുഭവം ഒരിക്കലും മറക്കാനാവില്ല. ബാപ്പ 1955ലേ വിട്ടുപിരിഞ്ഞതില്‍ പിന്നെ ഉമ്മയായിരുന്നല്ലോ ഏകാകിനിയായി പ്രാരാബ്ധങ്ങളോട് പടവെട്ടാനുണ്ടായിരുന്നത്. മുതിര്‍ന്ന മക്കളുടെ പിന്തുണയോടെ എല്ലാ പരീക്ഷണങ്ങളെയും അവര്‍ ധീരമായി അതിജീവിച്ചു. എന്റെ ഏറ്റവും മൂത്ത ഇക്കാക്ക, വലിയോന്‍ എന്ന് നാട്ടുകാര്‍ വിളിച്ചിരുന്ന മുഹമ്മദ് പന്ത്രണ്ടാമത്തെയോ പതിമൂന്നാമത്തെയോ വയസ്സില്‍ കെട്ടിക്കൊണ്ടുവന്ന ആമിന ഇത്താത്തയുടെ കട്ട സപ്പോര്‍ട്ട് ഈയവസരങ്ങളില്‍ എടുത്തുപറയണം. വീട്ടില്‍ ചെറിയവരെ സംബന്ധിച്ചേടത്തോളം രണ്ടാം ഉമ്മയായിരുന്നു അവര്‍. ഇന്നും സീരിയലുകളില്‍ പെണ്‍പ്രേക്ഷകരെ പിടിച്ചുനിര്‍ത്തുന്ന അമ്മായിയമ്മ മരുമകള്‍ പോര് വെറും മിഥ്യയാണെന്ന് തെളിയിക്കുന്നതായിരുന്നു അവരുടെ ജീവിതം (എണ്‍പത് വയസ്സിലധികം ജീവിച്ച ഇത്താത്ത ഗാര്‍ഹിക ജോലികള്‍ ഭംഗിയായി കൊണ്ടുനടന്നതോടൊപ്പം പ്രസ്ഥാന ബന്ധവും പഠനവും വായനയും ജീവിതാന്ത്യം വരെ തുടര്‍ന്നു. 2022 മെയ് 23ന് അവര്‍ അല്ലാഹുവിലേക്ക് യാത്രയായി).
ഏഴ് ആണ്‍മക്കളെയും മൂന്ന് പെണ്‍മക്കളെയും ഉമ്മ പ്രസവിച്ചത് പ്രസൂതികയുടെ സഹായത്തോടെ വീട്ടില്‍ വെച്ച്. ഒരു ഗൈനക്കോളജിസ്റ്റിനെയോ വൈദ്യരെയോ അവര്‍ കണ്ടിട്ടില്ല. കൂട്ടത്തില്‍ ഒരു പെണ്‍സന്തതി എന്റെ ഇത്താത്തയാവേണ്ടിയിരുന്നവള്‍ മാത്രം ആഴ്ചകളേ ജീവിച്ചുള്ളൂ. ബാക്കിയെല്ലാവരും ബാലാരിഷ്ടകളെ അതിജീവിച്ചു. അല്‍ മദ്റസത്തുല്‍ ഇസ്ലാമിയാ സീനിയര്‍ ക്ലാസ് വിദ്യാര്‍ഥിയായിരിക്കെ ഉമര്‍ 17ാം വയസ്സില്‍ ഈ ലോകത്തോട് വിടപറഞ്ഞു. ഖുര്‍ആന്‍ ആശയം മനസ്സിലാക്കി മനഃപാഠമാക്കലായിരുന്നു ഉമറിന്റെ തല്‍പര വിഷയം. മദ്റസാ വിദ്യാര്‍ഥികളെ എട്ട് വര്‍ഷം കൊണ്ട് ഖുര്‍ആന്‍ മുഴുവനായി ആശയ സഹിതം പഠിപ്പിക്കണമെന്ന കെ.സി അബ്ദുല്ല മൗലവിയുടെ ശാഠ്യം പ്രായോഗികമാക്കി കാണിക്കാനുള്ള പരീക്ഷണം വിജയിക്കുന്നതിന് രണ്ടു വര്‍ഷം മുമ്പായിരുന്നു ഉമറിന്റെ വിയോഗം.
കല്യാണ വീട്ടില്‍ 'കാരണത്തി' ആയി ക്ഷണിക്കപ്പെട്ടിരുന്ന ഉമ്മ ചിലപ്പോള്‍ എന്നെയും കൂട്ടത്തില്‍ കൂട്ടും. അന്നൊക്കെ വെള്ളിയാഴ്ച രാവ് അഥവാ വ്യാഴാഴ്ച രാത്രിയാണ് മുസ്ലിം കല്യാണങ്ങള്‍ നടക്കാറ്. പുതിയാപ്ല വന്ന ശേഷമേ ചോറ് വിളമ്പൂ. അതാവട്ടെ മിക്കപ്പോഴും അര്‍ധരാത്രി വരെ നീളും. അപ്പോഴേക്കും ഉറങ്ങിപ്പോവുന്ന എന്നെ ഉമ്മ വിളിച്ചുണര്‍ത്തി ചോറ് ബാക്കിയുണ്ടെങ്കില്‍ തീറ്റിക്കും. ഇല്ലെങ്കില്‍ കാലി വയറുമായിട്ടാവും മടക്കം. വധുവിനെ അണിയിച്ചൊരുക്കി പെണ്‍പട വരന്റെ വീട്ടിലേക്കാനയിക്കുന്ന പുതുക്കമാണ് ആകര്‍ഷകമായ പരിപാടി. പാട്ട് ഉമ്മ പാടുകയും പാടിക്കൊടുക്കുകയും ചെയ്യുന്നത് ഓര്‍ക്കാന്‍ രസമാണ്.
''കിലുകിലീന്നും കിക്കിലീന്നും കാല്‍പദത്തിന്നോശ
ഓശ കേട്ട് മാമലിയാര്‍ പിന്തിരിഞ്ഞു നോക്കി
ഫാത്വിമാബി പത്ത് പെറ്റാല്‍ ഒന്ന് പെറ്റ മേനി
കുറത്തി താനും ഒന്ന് പെറ്റാല്‍ പത്ത് പെറ്റ മേനി''
എന്ന് തുടങ്ങുന്ന പാട്ട് ഉമ്മയില്‍ നിന്നാണ് ഞാനാദ്യം കേട്ടത്. പെണ്ണാച്ചി എന്ന് നാട്ടുകാര്‍ സ്നേഹാദരപൂര്‍വം വിളിച്ചിരുന്ന ഉമ്മ പാത്തുമ്മ 1987 ഡിസംബറില്‍ ഈ ലോകത്തോട് വിട പറയുമ്പോള്‍ പ്രായം 77. മാപ്പിള ലഹളക്കാലത്ത് 11കാരിയായിരുന്നു താനെന്ന് പറഞ്ഞുതന്ന ഉമ്മ കുടുംബത്തോടൊപ്പം ബ്രിട്ടീഷ് പട്ടാളത്തില്‍നിന്ന് രക്ഷപ്പെട്ട കഥ കേട്ടതാണ് മലബാര്‍ കലാപത്തെക്കുറിച്ച എന്റെ ബാലപാഠം.
l

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top