വൈദ്യശാസ്ത്രരംഗത്തെ മുസ്‌ലിം സംഭാവനകള്‍

ഹൈദരലി ശാന്തപുരം No image

ആരോഗ്യമായ സമൂഹത്തിന്റെ നിര്‍മാണത്തിന് ആവശ്യമായ വിധിവിലക്കുകള്‍ വിശുദ്ധ ഖുര്‍ആനും പ്രവാചകനും നല്‍കിയിട്ടുണ്ട്. മുഹമ്മദ് നബി (സ) പലര്‍ക്കും വിവിധതരം ചികിത്സകള്‍ നിശ്ചയിച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്. മന്ത്രവാദം, ആഭിചാരം, ജോത്സ്യം, ഏലസ്, ഉറുക്ക് തുടങ്ങിയ അന്ധവിശ്വാസ ചികിത്സകളെ  പ്രവാചകന്‍ കര്‍ശനമായി വിലക്കി. പകരം യുക്തി നിഷ്ടമായ ചികിത്സാരീതി പഠിപ്പിച്ചു. തേന്‍, ഒട്ടകപ്പാല്‍, ശുദ്ധജലം, മൈലാഞ്ചി, പലതരം പച്ചിലകള്‍, സസ്യ വിത്തുകള്‍ എന്നിവകൊണ്ട് പ്രവാചകന്‍ ചികിത്സ നടത്തിയിരുന്നു. അക്കാലത്ത് അറേബ്യയില്‍ പ്രചാരണത്തില്‍ ഉണ്ടായിരുന്ന ചില ശാസ്ത്രക്രിയാ രീതികളെ നബി (സ) അംഗീകരിക്കുകയും മറ്റു ചിലതിനെ നിരാകരിക്കുകയും ചെയ്തു.
ഇത് പില്‍ക്കാലത്ത്  'അത്വിബ്ബുന്നബവി' (പ്രവാചകവൈദ്യം) എന്ന പേരില്‍ ക്രോഡീകരിക്കപ്പെട്ടു. പ്രവാചകവൈദ്യം കാലക്രമത്തില്‍ ഒരു പ്രത്യേക വൈദ്യശാസ്ത്ര ശാഖയായി വളരുകയും ഗവേഷണ നിരീക്ഷണങ്ങള്‍ നടത്തപ്പെടുകയും ധാരാളം ഗ്രന്ഥങ്ങള്‍ രചിക്കപ്പെടു കയും ചെയ്തിട്ടുണ്ട്.
പ്രവാചകവൈദ്യം സംബന്ധിച്ച് ഗ്രന്ഥരചന നടത്തിയ അറബി സാഹിത്യകാരനും ഭിഷഗ്വരനും ആയ നജീബ് കീലാനി ആരോഗ്യസംരക്ഷണത്തിന് പ്രവാചകന്‍ ഏര്‍പ്പെടുത്തിയ സംവിധാനങ്ങളെ പത്ത് കാര്യങ്ങളായി സംഗ്രഹിച്ചിരിക്കുന്നു:
1. ആരോഗ്യം അല്ലാഹുവിങ്കല്‍ നിന്നുള്ള മഹത്തായ അനുഗ്രഹമാണ്.
2. ആരോഗ്യം അല്ലാഹു സത്യവിശ്വാസികളെ ഏല്‍പ്പിച്ച സൂക്ഷിപ്പ് മുതലാണ്. സൂക്ഷിപ്പു മുതലുകള്‍ പരിചരിക്കേണ്ടത് അത് ഏല്‍പ്പിക്കപ്പെട്ടവരുടെ ബാധ്യതയുമാണ്.
3. അമിതാഹാരം വിലക്കി. ഒട്ടേറെ നിര്‍ദേശങ്ങളില്‍ ഭക്ഷണം കഴിക്കുന്നതിന് ക്രമവും ചിട്ടയും നിശ്ചയിച്ചു.
4. വൃത്തിയാണ് ശരീരത്തെ രോഗ വിമുക്തമാക്കാനുള്ള ഉത്തമ മാര്‍ഗം.
5. ഭക്ഷണം, വസ്ത്രം, പരിസരം എന്നിവ ശുചിത്വമാക്കുക.
6. ദന്ത ശുദ്ധീകരണത്തിനും സംരക്ഷണത്തിനും പ്രാധാന്യം ഊന്നിപ്പറഞ്ഞു.
7. രോഗകാരികള്‍ ആയേക്കാവുന്ന ഉപദ്രവ ജീവികളെ നശിപ്പിക്കാന്‍ നിര്‍ദേശം നല്‍കി.
8. പകര്‍ച്ചവ്യാധി പിടിപെട്ട സ്ഥലത്തുനിന്ന് ആളുകള്‍ പുറത്തുപോകുന്നതും അത്തരം സ്ഥലങ്ങളിലേക്ക് മറ്റുള്ളവര്‍ ചെല്ലുന്നതും വിലക്കി.
9. രോഗം വന്നാല്‍ ചികിത്സിക്കണം.
10. ആരോഗ്യ സംരക്ഷണാര്‍ത്ഥം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പാരത്രിക ലോകത്ത് പ്രതിഫലം വാഗ്ദത്തം ചെയ്തു.
ഹാരിസുബ്‌നു കിന്‍ദ, അദ്ദേഹത്തിന്റെ പുത്രന്‍ നദ്ര്‍, ഇബ്‌നു അബീ റംസാ, ദമ്മാദുബ്‌നു സഅ്‌ലബ, ഷിഫാ ബിന്‍തു അബ്ദുല്ല എന്നിവരായിരുന്നു നബി (സ)യുടെ കാലത്തെ പ്രസിദ്ധ ഭിഷഗ്വരന്മാര്‍. ഇവരില്‍ ഹാരിസുബ്‌നു കിന്‍ദ പേര്‍ഷ്യയിലെ ചരിത്രപ്രസിദ്ധമായ ജന്‍ദിഷാപൂര്‍ വൈദ്യപഠന കേന്ദ്രത്തില്‍ നിന്നാണ് പരിശീലനം നേടിയത്. ഉമറുബ്‌നുല്‍ ഖത്താബിന്റെ ഭരണകാലത്ത് പേര്‍ഷ്യ മുസ്‌ലിംകള്‍ക്ക് കീഴടങ്ങിയപ്പോള്‍ ജന്‍ദിപൂരിലെ വൈദ്യ പഠനകേന്ദ്രവും ആശുപത്രിയും പ്രഗത്ഭ ഭിഷഗ്വരന്മാരും മുസ്‌ലിം രാഷ്ട്രത്തിന്റെ അധീനത്തില്‍ വരികയുണ്ടായി.
ക്രിസ്താബ്ദം 900 മുതല്‍ 1100 വരെയുള്ള കാലമാണ് ഇസ്‌ലാമിക് വൈദ്യശാസ്ത്ര ചരിത്രത്തിലെ സുവര്‍ണ്ണ കാലഘട്ടം.
അലി ബ്‌നു റബ്‌നി ത്വബ്‌രിയുടെ 'ഫിര്‍ദൗസുല്‍ ഹിക്മ' ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ രചിക്കപ്പെട്ട ആദ്യത്തെ വ്യവസ്ഥാപിത വൈദ്യശാസ്ത്ര കൃതിയായി അറിയപ്പെടുന്നു. ശരീരശാസ്ത്രം സംബന്ധിച്ച് വിശദമായ വിവരണവും വൈദ്യശാസ്ത്രത്തിലെ വിവിധ ശാഖകളെ കുറിച്ച് പഠനവും ഈ ഗ്രന്ഥത്തിന്റെ സവിശേഷതയാണ്.

മുഹമ്മദ് ഇബ്‌നു സക്കരിയ റാസി
വൈദ്യശാസ്ത്രത്തിന് അമൂല്യമായ സംഭാവനകള്‍ അര്‍പ്പിച്ച വ്യക്തി ആയിരുന്ന മുഹമ്മദ് ബ്‌നു സക്കരിയ റാസി. ലോകം കണ്ടതില്‍ ഏറ്റവും വലിയ ഭിഷഗ്വരന്മാരില്‍ ഒരാള്‍ എന്നാണ് അദ്ദേഹത്തെ ഓറിയന്റലിസ്റ്റ് പണ്ഡിതനായ ഡോ. മാക്‌സ് മേയര്‍ ഹോഫ് വിശേഷിപ്പിക്കുന്നത്. പേര്‍ഷ്യയില്‍ ജനിച്ച റാസി ക്രി. 907-ല്‍ ബഗ്ദാദിലെ പ്രധാന ആശുപത്രിയുടെ ഡയറക്ടറായി. റാസി രചിച്ച 237 ഗ്രന്ഥങ്ങളില്‍ പകുതിയും വൈദ്യശാസ്ത്രത്തെ സംബന്ധിച്ചായിരുന്നു. അദ്ദേഹത്തിന്റെ 20 വാള്യങ്ങളുള്ള 'കിതാബുല്‍ ഹാവി ' എന്ന ഗ്രന്ഥം ഒരു വൈദ്യശാസ്ത്ര വിജ്ഞാനകോശമാണ്. അദ്ദേഹം രചിച്ച 'കിത്താബില്‍ ജുദ്‌രി വല്‍ ഹസബ' എന്ന ഗ്രന്ഥമാണ് വസൂരിയുടെയും അഞ്ചാംപനിയുടെയും ഈ വിഷയത്തില്‍ ആദ്യത്തെ ആധികാരിക കൃതി.
ആശുപത്രി നിര്‍മാണത്തിന് സ്ഥലനിര്‍ണയം ചെയ്യുന്നതില്‍ റാസി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വിവിധ സ്ഥലങ്ങളില്‍ ചെറിയ മാംസക്കഷ്ണങ്ങള്‍ തൂക്കിയിടുകയും മാംസം വേഗം ചീത്തയാകാത്ത സ്ഥലം ആശുപത്രി നിര്‍മിക്കുന്നതിന് തെരഞ്ഞെടുക്കുകയും ആയിരുന്നു അദ്ദേഹം ചെയ്തിരുന്നത്.

അബു അലി ഇബ്‌നുസീന
വൈദ്യശാസ്ത്ര രംഗത്തെ അവിസ്മരണീയനായ മറ്റൊരു പ്രതിഭയാണ് അബു അലി ഇബ്‌നുസീന. പാശ്ചാത്യലോകത്ത് അവിസെന്ന എന്നപേരിലറിയപ്പെടുന്ന ഇബ്‌നുസീന ബുഖാറയിലാണ് ജനിച്ചതെങ്കിലും  ജീവിതത്തില്‍ വലിയൊരു ഭാഗം ചെലവഴിച്ചത് ഇറാനില്‍ ആയിരുന്നു. ഇരുപതോളം വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിക്കുകയുണ്ടായി. അഞ്ചു വാള്യങ്ങളുള്ള 'അല്‍ ഖാനൂന്‍ ഫിത്വിബ്ബ്' എന്ന കൃതിയാണ് ഇബ്‌നുസീനയുടെ മാസ്റ്റര്‍പീസ്. രോഗലക്ഷണങ്ങള്‍, രോഗ നിദാന ശാസ്ത്രം, രോഗപ്രതിരോധം, വിവിധതരം ഔഷധങ്ങള്‍, ഔഷധനിര്‍മാണം, ശാസ്ത്രക്രിയ മുതലായ വിവിധ വിഷയങ്ങള്‍ അതില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. ക്ഷയരോഗം, ഹൃദ്രോഗം, കാന്‍സര്‍, കിഡ്‌നി രോഗങ്ങള്‍, മസ്തിഷ്‌കജ്വരം, മഞ്ഞപ്പിത്തം, പേപ്പട്ടി വിഷം തുടങ്ങിയ മാരക രോഗങ്ങളെ സംബന്ധിച്ച് പരാമര്‍ശം അതിലുണ്ട്. അഞ്ച് ശതകങ്ങളോളം ഏഷ്യയിലെയും യൂറോപ്പിലെയും വൈദ്യ വിദ്യാര്‍ത്ഥികളുടെ ആധാരഗ്രന്ഥമായി 'അല്‍ ഖാനൂന്‍' നിലകൊണ്ടു.
ഒരു മനോരോഗ വിദഗ്ധന്‍ കൂടിയായിരുന്നു ഇബ്‌നുസീന. അദ്ദേഹം മനോരോഗിയായ ഒരു യുവാവിനെ ചികിത്സിച്ച കഥ രസാവഹമാണ്. യുവാവിന്റെ നാഡിമിടിപ്പ് പരിശോധിച്ചു കൊണ്ടിരിക്കെ കൂടെയുള്ള ആളോട് ആ പ്രദേശത്തെ പ്രധാന സ്ഥലങ്ങളുടെ പേര്‍ പറയാന്‍ ആവശ്യപ്പെട്ടു. ഒരു പ്രത്യേക സ്ഥലത്തിന്റെ പേര്‍ കേട്ടമാത്രയില്‍ രോഗിയുടെ നാഡിമിടിപ്പ് വര്‍ധിച്ചു. പിന്നീട് ആ സ്ഥലത്തെ പ്രധാന കുടുംബങ്ങളുടെ പേര് പറയാന്‍ ആവശ്യപ്പെട്ടു. ഒരു കുടുംബത്തിന്റെ പേര്‍ കേട്ടപ്പോള്‍ നാഡിമിടിപ്പ് വീണ്ടും വര്‍ധിച്ചു. ആ കുടുംബത്തിലെ പെണ്‍കുട്ടികളുടെ പേരാണ് പിന്നീട് ചോദിച്ചത്. ഒരു പെണ്‍കുട്ടിയുടെ പേര്‍ കേള്‍ക്കേണ്ട താമസം നാഡിമിടിപ്പ് പിന്നെയും വര്‍ധിച്ചു. ഇബ്‌നുസീന പറഞ്ഞു: 'ആ പെണ്‍കുട്ടിയെ ഇയാള്‍ക്ക് വിവാഹം ചെയ്തുകൊടുത്താലല്ലാതെ ഇയാളുടെ രോഗം സുഖപ്പെടുകയില്ല.'
ഇബ്‌നു നഫീസ്, ഇബ്‌നു റുഷ്ദ്, ഇബ്‌നു തുഫൈല്‍ തുടങ്ങി വിദേശ കണക്കില്‍ വൈദ്യശാസ്ത്ര വിശാരദന്മാര്‍ ഇസ്‌ലാമിക ചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്.
നേത്ര ചികിത്സാ രംഗത്തും ശസ്ത്രക്രിയാ രംഗത്തും മഹത്തായ പല സംഭാവനകളും മുസ്‌ലിം ഭിഷഗ്വരന്മാര്‍ നല്‍കുകയുണ്ടായി. ശസ്ത്രക്രിയയ്ക്ക് അനസ്‌തേഷ്യാ സമ്പ്രദായം ആദ്യമായി ഉപയോഗിച്ചത് അറബികളായിരുന്നു. ഇബ്‌നു വാഫിദ് ആയിരുന്നു ഭക്ഷണ ക്രമീകരണം കൊണ്ടുള്ള ചികിത്സയ്ക്ക് പ്രാമുഖ്യം നല്‍കിയ ആദ്യത്തെ ഭിഷഗ്വരന്‍. വൈദ്യശാസ്ത്രത്തില്‍ രസതന്ത്രത്തിന്റെ ഉപയോഗത്തിന് ആരംഭം കുറിച്ചത് മുസ്‌ലിം ഭിഷഗ്വരന്മാര്‍ ആയിരുന്നു.
ഇസ്‌ലാമിക വൈദ്യശാസ്ത്രത്തിന്റെ ആരംഭംമുതല്‍ തന്നെ മുസ്‌ലിംകള്‍ ആശുപത്രികള്‍ സ്ഥാപിക്കുന്നതില്‍ സവിശേഷ ശ്രദ്ധ പതിപ്പിക്കുകയുണ്ടായി. ആശുപത്രി യോടനുബന്ധിച്ച് വൈദ്യശാസ്ത്ര പഠനത്തിന് ക്ലാസ് മുറികള്‍, ഓഡിറ്റോറിയം, ലൈബ്രറി എന്നിവ സ്ഥാപിച്ചിരുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വേറെ വേറെ വാര്‍ഡുകളും വിവിധ രോഗങ്ങള്‍ ഉള്ളവര്‍ക്ക് പ്രത്യേകം പ്രത്യേകം വാര്‍ഡുകളും ആയിരുന്നു ആശുപത്രികളില്‍. പുരുഷന്മാര്‍ക്ക് പുരുഷ നേഴ്‌സുമാരും സ്ത്രീകള്‍ക്ക് സ്ത്രീ നഴ്‌സുമാരും പ്രത്യേകം നിശ്ചയിക്കപ്പെട്ടിരുന്നു.
 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top