പെറുക്കി എടുത്ത ഓര്‍മകള്‍

ഹഫ്‌സ No image

വൈവിധ്യ മേഖലകളില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിനു വേി പ്രയത്‌നിച്ച ധിഷണാശാലിയായ പി.ടി റഹ്മാന്‍ മൂന്നൂരുമായുള്ള ഓര്‍മകളെ ഭാര്യ ഹഫ്‌സ ഓര്‍ത്തെടുക്കുന്നു.

കേരളത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനം തളിരിട്ട് തുടങ്ങിയ കാലത്തേ എന്റെ പിതാവ് അതിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നു. പിതാവിന്റെ ലാളനയില്‍ വളര്‍ന്നതിനാല്‍ പ്രസ്ഥാനത്തിന്റെ ചലനങ്ങള്‍ കണ്ടും കേട്ടുമാണ് വളര്‍ന്നത്.
വളരെ ചെറുപ്പത്തില്‍ തന്നെ വീട്ടുകാരുടെ കൂടെ പ്രദേശത്തെ വീടുകളില്‍വെച്ച് സംഘടിപ്പിക്കുന്ന വാരാന്തയോഗങ്ങളില്‍ ഞാന്‍ പങ്കെടുക്കാറുണ്ടായിരുന്നു. വായിക്കാന്‍ തുടങ്ങിയ നാളുകളില്‍ തന്നെ 'സന്മാര്‍ഗം' എന്ന പേരില്‍ ഇറങ്ങിയിരുന്ന മാസികയിലെ ലേഖനങ്ങള്‍ വാരാന്തയോഗങ്ങളില്‍ എന്നെക്കൊണ്ട് വായിപ്പിക്കാറുണ്ടായിരുന്നു.
സോഷ്യല്‍ മീഡിയകള്‍ സജീവമാകുന്നതിന് മുമ്പ് പ്രഭാഷണ പരമ്പരകള്‍ സംഘടിപ്പിക്കുന്നതില്‍ എല്ലാ മതസംഘടനകളും മത്സരിക്കുന്ന കാലം. അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങളിലൂന്നി തെളിവുകള്‍ നിരത്തി സുന്നി-ജമാഅത്ത് വിഭാഗങ്ങള്‍ ഏറ്റുമുട്ടുന്നത് കാണാനും കേള്‍ക്കാനും വളരെ താല്‍പര്യം ഉണ്ടായിരുന്നു.  അഭിവന്ദ്യ ഗുരുവും അയല്‍വാസിയുമായിരുന്ന മര്‍ഹൂം വടക്കാങ്ങര കെ. അബ്ദുല്‍ഖാദര്‍ മൗലവി ആയിരുന്നു പ്രസ്ഥാനത്തിന് വേണ്ടി സുന്നികളോട് അങ്കം വെട്ടിയിരുന്നത്. മറുവിഭാഗം തക്ബീര്‍ മുഴക്കി വിജയം അഭിനയിക്കും. വീണ്ടും മൗലവി മറുപടി പരമ്പര തുടരും. ഇതായിരുന്നു മിക്കവാറും നാട്ടില്‍ നടക്കുന്ന സംവാദ പരിപാടിയുടെ ചിത്രം.
ജമാഅത്തിന്റെ വിദ്യാര്‍ഥി സംഘടനയായിരുന്ന ഐ.എസ്.എല്‍ (ഇസ്‌ലാമിക് സ്റ്റുഡന്റ്‌സ് ലീഗ്) കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയില്‍ (1975-ല്‍ ആണെന്നാണ് ഓര്‍മ) പങ്കെടുക്കാനുള്ള ഭാഗ്യമുണ്ടായി. അന്ന് എനിക്ക് 10 വയസാണ്. ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ അടുത്തിടെ നമ്മെ വിട്ടുപിരിഞ്ഞ പ്രിയ ഫാത്വിമ ഉമറിന്റെ പ്രഭാഷണം കേട്ടത് ഓര്‍ക്കുന്നു. മുതലക്കുളം മൈതാനിയില്‍ നടന്ന പൊതു സമ്മേളനത്തില്‍ മുഖ്യാഥിതിയായിരുന്ന ഡോ. തൂതന്‍ജി നടത്തിയ ഇംഗ്ലീഷ് പ്രഭാഷണം ശ്രദ്ധിക്കാതെ നഗരിയില്‍ ഓടിനടന്നിരുന്നതും ഓര്‍മയിലുണ്ട്.
1980-ല്‍ എസ്.എസ്.എല്‍.സി വിജയിച്ചതിനു ശേഷം മതപഠനത്തിന് താല്‍പര്യമുള്ളതിനാല്‍ നാട്ടിലെ അറബിക് കോളേജില്‍ തന്നെ പഠിക്കാന്‍ തീരുമാനിച്ചു. വിവാഹശേഷം ഒരുവര്‍ഷം വാഴക്കാട് ദാറുല്‍ ഉലൂം അറബിക് കോളേജിലും പഠിച്ചു.
18-ാം വയസ്സിലാണ് പി.ടിയുടെ(റഹ്മാന്‍ മുന്നൂര്) ജീവിതത്തിലേക്ക് വന്നത്. 1983-ല്‍ മലപ്പുറം കാച്ചിനിക്കാട് (ദഅ്‌വത്ത് നഗര്‍) സംസ്ഥാന സമ്മേളന നഗരിയുടെ നിര്‍മാണം കാണാനും പരിസരം ഒപ്പിയെടുത്ത് പ്രബോധനത്തില്‍ പ്രസിദ്ധീകരണത്തിന് അയക്കുന്നതിനു വേണ്ടിയുള്ള രസകരമായ യാത്രയിലാണ് എന്റെ ആദ്യത്തെയും അവസാനത്തേതുമായ പെണ്ണുകാണല്‍ 'ചടങ്ങ്' നടന്നത്.
പി.ടിയുമായുള്ള എന്റെ വിവാഹം തന്നെ കുടുംബക്കാര്‍ക്കും സമൂഹത്തിനും ഒരു നിലക്കും യോജിക്കാന്‍ കഴിയാത്തതായിരുന്നു. സയ്യിദ് കുടുംബ(തങ്ങള്‍ കുടുംബം)ത്തില്‍ ജനിച്ച ഒരു പെണ്‍കുട്ടിയെ ഒരു സാധാരണക്കാരന്‍ കല്യാണം കഴിക്കുന്നത് വന്‍പാതകമായി കണ്ടിരുന്ന കാലമായിരുന്നു അത്. ഞങ്ങളുടെ നാട്ടിലും കുടുംബത്തിലുമായി ഈ സമ്പ്രദായത്തെ പൊളിച്ചെഴുതിയത് എന്റെ വിവാഹത്തിലൂടെ എന്റെ പിതാവ് ഇമ്പിച്ചിക്കോയ തങ്ങളാകാനാണ് സാധ്യത. പി.ടിയുമായുള്ള ബന്ധം കാരണം കുടുംബത്തില്‍നിന്നും മറ്റും പല പഴികളും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ജമാഅത്ത് ആശയത്തിന്റെ വിത്തുല്‍പാദന കേന്ദ്രമെന്ന് ശാന്തപുരം കോളേജിനെ എതിരാളികള്‍ പരിഹസിക്കാറുണ്ടെങ്കിലും പ്രസ്ഥാന പ്രവര്‍ത്തകരുടെ കണ്ണില്‍ ശാന്തപുരം കോളേജിന്റെ സന്തതികള്‍ക്ക് വലിയ സ്ഥാനമാണ് നാട്ടില്‍ ഉണ്ടായിരുന്നത്. എന്റെ മൂത്ത സഹോദരന്‍ റിട്ട. അധ്യാപകന്‍ സൈദ് ഹുസൈന്‍ തങ്ങളും ശാന്തപുരത്തെ സന്തതി ആയിരുന്നതിനാല്‍ പി.ടിയെക്കുറിച്ച കൂടുതല്‍  അന്വേഷണത്തിന്റെ ആവശ്യം വന്നില്ല.
1983 ഏപ്രില്‍ 24-ന് അന്നത്തെ അമീറായിരുന്ന മര്‍ഹൂം ടി.കെ അബ്ദുല്ല സാഹിബിന്റെ കാര്‍മികത്വത്തില്‍ പ്രബോധനം ഓഫീസില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ പി.ടി അബ്ദുര്‍റഹ്മാന്‍ മുന്നൂരുമായുള്ള എന്റെ നികാഹ് കര്‍മം നടന്നു. അവിടുന്നിങ്ങോട്ട് 37 വര്‍ഷത്തിനിടയില്‍ ലഭിച്ചത് തികച്ചും സ്വര്‍ഗതുല്യമായ കുടുംബ ജീവിതം തന്നെയായിരുന്നു.
അന്ന് സ്ത്രീധന രഹിത വിവാഹം ഒരു നിലവാരവുമില്ലാത്തതായിട്ടായിരുന്നു സമൂഹം വിലയിരുത്തിയിരുന്നത്. വിവാഹം ക്ഷണിക്കാന്‍ പോകുന്നതിനിടയില്‍ സ്ത്രീധനം ഇല്ല എന്നറിഞ്ഞ ഒരു സഹോദരി മൂക്കത്ത് വിരല്‍വെച്ച് അത്ഭുതം കൂറി. ജമാഅത്തുകാര്‍ക്ക് മഹ്ര്‍' ഉണ്ടാവുമോ? എന്ന ചോദ്യത്തിന് മറുപടി പറയേണ്ടി വന്നത് ഇന്നും ഓര്‍ത്തുപോവുകയാണ്.
പി.ടിയുടെ ജ്യേഷ്ഠന്‍ ഒഴികെയുള്ള കുടുംബാംഗങ്ങള്‍ക്ക് പ്രസ്ഥാനവുമായി ബന്ധം ഇല്ലായിരുന്നു. പലവിധ ആചാരങ്ങളും നാട്ടുനടപ്പുകളും നടമാടിയിരുന്ന പ്രദേശത്തെ കൊച്ചു വീട്ടിലേക്ക് തങ്ങള്‍ കുടുംബത്തില്‍നിന്നും ഉള്ള ഒരാള്‍ കയറിവന്നപ്പോള്‍ ചിലരെങ്കിലും പ്രേമവിവാഹമാണെന്ന് തെറ്റിദ്ധരിച്ചു.
1985-ലെ മലപ്പുറം ദഅ്‌വത്ത് നഗര്‍ സമ്മേളനം, 1998-ലെ ഹിറാനഗര്‍ സമ്മേളനം, 2011-ലെ കുറ്റിപ്പുറം കേരള വനിതാ സമ്മേളനം തുടങ്ങിയവയില്‍ പി.ടിയോടൊപ്പം ഞാന്‍ പങ്കെടുത്തിട്ടുണ്ട്. പ്രസ്ഥാനത്തിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ വര്‍ഷംതോറും വിപുലമായി നടത്താറുണ്ടായിരുന്ന വാര്‍ഷികാഘോഷങ്ങളില്‍ പി.ടിയുടെ രചനകള്‍ (സംഗീത ശില്‍പ്പം, നാടകം, കോല്‍ക്കളി, മാപ്പിളപ്പാട്ട്....) അവതരിപ്പിക്കുമ്പോള്‍ എന്നെയും കൂടെ കൊണ്ടുപോവുമായിരുന്നു. ശാന്തപുരം കോളേജില്‍ നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ രണ്ടു മൂന്നു ദിവസം അവിടെ താമസിക്കാറുണ്ടായിരുന്നു. പരിപാടിയില്‍ യൂസുഫുല്‍ ഖറദാവി പങ്കെടുത്തതും 'ഹാജിസാഹിബ്' എന്ന പി.എ.എം ഹനീഫിന്റെ നാടകം ആസ്വദിക്കാനായതും മറക്കാന്‍ കഴിയില്ല.
കോഴിക്കോട് വെച്ച് നടന്ന മൗദൂദി സാഹിബിനെക്കുറിച്ചുള്ള ലൈറ്റ് ആന്റ് സൗണ്ട് പരിപാടി, 1987-ലെ മാധ്യമം ഉദ്ഘാടനത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ പ്രസംഗിച്ചത്, കേരളത്തിലെ ആദ്യ മുസ്‌ലിം വനിതാ മാസികയായ 'ആരാമ'ത്തിന്റെ പ്രകാശനം തുടങ്ങിയവ പി.ടിയോടൊപ്പം പങ്കെടുത്ത പരിപാടികളില്‍ ചിലത് മാത്രം.
പി.ടിയുടെ രചന സംബന്ധമായി നടന്ന ചില സംഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ്. എഴുത്തിന്റെ ലോകത്താണ് പി.ടി ഏറെയും സമയം ചെലവഴിച്ചത്. കഥയും നാടകവും ഗാനരചനയും ലേഖന, പഠന, വിവര്‍ത്തനങ്ങളും മണിക്കൂറോളം ഇരുന്നെഴുതിയതിന് ഞാന്‍ സാക്ഷിയാണ്. ചെറു പ്രായത്തില്‍ തന്നെ എഴുത്തിന്റെ മേഖലയിലേക്ക് പിച്ചവെക്കാന്‍ തുടങ്ങിയിരുന്നു. നാട്ടില്‍ രചന' എന്ന പേരില്‍ ഇറക്കിയിരുന്ന കൈയെഴുത്തു പത്രത്തില്‍ 'ട്യൂഷന്‍ മാസ്റ്റര്‍' എന്ന പേരില്‍ നോവല്‍ എഴുതിയിരുന്നു എന്ന് പറഞ്ഞത് ഓര്‍ക്കുന്നു. കുട്ടിയാവുമ്പോള്‍ എഴുതിയ ഒരു പാട്ടുമായി മാവൂരിലെ പ്രസ്സിലേക്ക് നടന്നുപോയതും പ്രസ്സില്‍ കൊടുക്കാനുള്ള കാശ് ഇല്ലാത്തതിനാല്‍ തിരിച്ച് പോന്നതും അന്നത്തെ ദാരിദ്ര്യത്തെക്കുറിച്ച് വിവരിക്കുമ്പോള്‍ ഓര്‍ത്ത് പറഞ്ഞിട്ടുണ്ട്.
പിന്നീട് ശാന്തപുരം കോളേജിലൂടെയാണ് പി.ടിയുടെ കലാവാസനയും രചനയും പുറംലോകം അറിയാന്‍ തുടങ്ങിയത്. നാഥന്‍ നല്‍കിയ സര്‍ഗവാസനയും  അതിനെ പ്രോത്സാഹിപ്പിക്കുന്ന കോളേജ് അന്തരീക്ഷവും ഒത്തുകൂടിയപ്പോള്‍ പഠനകാലത്ത് തന്നെ രചനകള്‍ വെളിച്ചം കണ്ടുതുടങ്ങി.
ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍ അച്ചടിച്ച് വന്ന 'മുല്ലപ്പൂവ്' എന്ന ചെറുകഥയാണ് ആദ്യമായി അച്ചടി മഷിപുരണ്ട രചന. തുടര്‍ന്ന് കുറച്ച് കാലം 'ലീഗ് ടൈംസി'ന് വേണ്ടി 'മുസ്‌ലിം ലോകവാര്‍ത്തകള്‍' ചെയ്തിരുന്നു. തുടര്‍ന്ന് പ്രബോധനം വാരികയില്‍ പ്രസിദ്ധീകരിച്ച 'ഇനി യാത്ര കാബൂളിലേക്ക്' എന്ന കഥയും പ്രബോധനം മാസിക മുഖലേഖനമായി കൊടുത്ത 'ശതകപ്പുലരി' എന്ന ലേഖനവുമാണ് പ്രബോധനം കുടുംബത്തിലേക്ക് എത്തിച്ചത്.
കോപ്പിയെഴുത്തും എഴുതി സൂക്ഷിക്കുന്ന ശീലവും ഇല്ലാത്തതിനാല്‍ ധാരാളം രചനകള്‍ പേരുപോലും ഓര്‍ക്കാനാകാത്ത വിധം ഓര്‍മയില്‍നിന്ന് നഷ്ടപ്പെട്ടുപോയി എന്ന് അവസാന കാലത്ത് പറയാറുണ്ടായിരുന്നു. ശാന്തപുരത്തുനിന്ന് പിരിയാന്‍ കാലം ഒരു കണക്കെടുപ്പ് നടത്തിയപ്പോള്‍ 800-ലധികം രചനകള്‍ ഉണ്ടായിരുന്നു. അതില്‍ 100-ല്‍ താഴെ മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ എന്ന ദുഃഖവും ഇടക്ക് പറഞ്ഞിരുന്നു.

ഞാനറിഞ്ഞ പി.ടി
ഭക്ഷണത്തിലോ വസ്ത്രത്തിലോ മറ്റു ഭൗതിക വിഭവങ്ങളിലോ വലിയ താല്‍പര്യം ഒരിക്കലും പി.ടി കാണിച്ചിരുന്നില്ല എന്ന് മാത്രമല്ല മറ്റുള്ളവരെ ആ ലാളിത്യത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. പട്ടിണി മാറ്റാനും ചികിത്സക്കും പഠനത്തിനുമല്ലാതെ കടം വാങ്ങരുതെന്നായിരുന്നു കുടുംബത്തോടുള്ള അദ്ദേഹത്തിന്റെ ഉപദേശം.
34 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ എന്ത് നേടി എന്ന് ചോദിക്കുന്നവരോട് എന്റെ രചനകളാണ് എന്റെ സമ്പാദ്യം എന്നും അത് ഉപയോഗിക്കുന്ന കാലത്തോളം ഞാന്‍ സ്മരിക്കപ്പെടും എന്നും അവരുടെ പ്രാര്‍ഥനയില്‍ ഞാനുണ്ടാവുമെന്നുമായിരുന്നു മറുപടി.
2018-ലാണ് ഒരു രോഗിയാണെന്ന യാഥാര്‍ഥ്യം തിരിച്ചറിയുന്നത്. തന്നെ ബാധിച്ച രോഗത്തില്‍ നിന്ന് ഒരു തിരിച്ച് വരവില്ല എന്നറിഞ്ഞിട്ടും പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കാനുള്ള ആവേശമായിരുന്നു. ആ ആഗ്രഹത്താല്‍ രോഗത്തിന്റെ കാഠിന്യം പോലും മറന്നു. നാഥനോട് ഞങ്ങള്‍ ഉള്ളുരുകി പ്രാര്‍ഥിച്ചു. മനസ്സുരുകി പ്രാര്‍ഥിച്ചാല്‍ അവന്‍ തന്റെ അടിമക്ക് ഉത്തരം നല്‍കുമെന്നതിന്റെ തെളിവാണ് ഞങ്ങളുടെ ഹജ്ജ്. നാഥാ അത് സ്വീകരിക്കണേ എന്നതാണ് പ്രാര്‍ഥന.

അല്‍പം ഹജ്ജ് വിശേഷങ്ങള്‍
ഒരടി പോലും നടക്കാന്‍ കഴിയാത്ത അവസ്ഥയില്‍ പരസഹായത്തോടെ ആണെങ്കിലും ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ കഴിഞ്ഞത് വന്‍ഭാഗ്യമായി കാണുന്നു. രണ്ട് പ്രാവശ്യം മക്കയിലെ ഹോസ്പിറ്റലില്‍ അഡ്മിറ്റായി, എങ്കിലും നിര്‍ബന്ധ കര്‍മങ്ങള്‍ ഒന്നും ഒഴിവാക്കേണ്ടി വന്നില്ല. ആ അവസ്ഥയില്‍ വീട്ടില്‍ തിരിച്ചെത്തിയശേഷം ഒരു മാസം പൂര്‍ത്തിയാവും മുമ്പ് നാഥനിലേക്ക് യാത്രയായി. അവരുടെ തന്നെ വരികളില്‍ പറഞ്ഞതുപോലെ 'പ്രയാസമില്ലാതെ ഹജ്ജ് ചെയ്ത് ഹാജിയായി പ്രയാസത്തോടെ ജീവിക്കേണ്ടി വന്നില്ല.' നാഥന്‍ നിശ്ചയിച്ച സമയത്തില്‍നിന്ന് അണു അളവ് പിന്തിക്കാന്‍ ലോകാനുഗ്രഹിയായ പ്രവാചകന്‍(സ) പോലും കഴിഞ്ഞില്ലല്ലോ. 63-ാമത്തെ വയസ്സില്‍ പി.ടി നാഥനിലേക്ക് യാത്രപോയി. നാളെ ജന്നാത്തുല്‍ ഫിര്‍ദൗസില്‍ ഉന്നതസ്ഥാനത്ത് ഒത്തുകൂടാന്‍ നാഥന്‍ തൗഫീഖ് നല്‍കട്ടെ.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top