കൊത്തിവെച്ച ജീവിതം

വി. മൈമൂന മാവൂര്‍ No image

കാലത്തിന്റെ ചുവരുകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഉജ്വല പ്രതിഭകളെ പിന്‍തലമുറക്ക് മറവിയുടെ മൂടലേല്‍ക്കാതെ സൂക്ഷിക്കാനും ഓര്‍ക്കാനും ശില്‍പങ്ങള്‍ സഹായിക്കും. വ്യക്തികളുടെ സവിശേഷ ഭാവങ്ങളെ ജീവസ്സുറ്റതാക്കി തനതായ ആവിഷ്‌കാരങ്ങളാക്കുക. ആശയ സംപുഷ്ടമായ പ്രമേയങ്ങളെ കരവിരുതിലൂടെ പ്രതിഷ്ഠിച്ചെടുക്കുക ജന്മസിദ്ധിയുടെയും ദിവ്യാനുഗ്രഹത്തിന്റെയും നിയോഗമെങ്കില്‍ അത്തരമൊരു പെണ്‍ചരിതത്തിലെ ശില്‍പിയുടെ ആദ്യപേരാകും ഷെറീന കൊടക്കൊട്ടകത്ത്.
ചിത്രകലയെ മികവുറ്റതാക്കാന്‍ അവസരങ്ങള്‍ അന്വേഷിക്കുന്ന ഈ അനുഗ്രഹീത കലാകാരി ഔപചാരിക ചിത്രകലാഭ്യാസത്തിന് അനുകൂല സാഹചര്യത്തിലുള്ള കുടുംബാന്തരീക്ഷത്തിലല്ല ബാല്യകൗമാരങ്ങള്‍ പിന്നിട്ടത്. പഠനകാലത്ത് സുഹൃത്തുക്കള്‍ക്കൊപ്പം കോഴിക്കോട് ആര്‍ട്ട് ഗാലറിയിലെ ചിത്രപ്രദര്‍ശനങ്ങളിലെ കാഴ്ചക്കാരിയായി എത്തിയതാണ് ശില്‍പകലാ രംഗത്തേക്കുള്ള വാതില്‍ തുറന്നത്. സുഹൃത്തുക്കളുടെ ക്ഷണം സ്വീകരിച്ച് മാഹി കലാഗ്രാമത്തിലെ ശില്‍പശാലയില്‍ പങ്കെടുത്തപ്പോള്‍ പ്രമുഖ ചിത്രകാരനും ശില്‍പിയുമായ എം.വി ദേവന്റെ ശ്രദ്ധയില്‍ ഈ പെണ്‍കുട്ടി ഇടം പിടിക്കുകയും ആ ബന്ധം ഒരു ചരിത്ര ദൗത്യത്തിന് വഴിത്തിരിവാകുകയും ചെയ്തു.
എം.വി ദേവന്റെ ശിഷ്യയായ ഷെറീന സ്ത്രീകള്‍ പൊതുവെ കടന്നുചെല്ലാത്ത പുതുവഴി ഇഛാശക്തിയോടെ വെട്ടിത്തുറന്നാണ് ചരിത്രം സൃഷ്ടിക്കുന്നത്.
കാലവൈഭവവും അതിജീവിക്കുമെന്ന ദൃഢനിശ്ചയവും ഈ ഏറനാടന്‍ പെണ്‍കുട്ടിയെ പ്രതിസന്ധി നിറഞ്ഞ ജീവിതാനുഭവങ്ങളിലും കെല്‍പുള്ളവളാക്കുന്നു. മാസ്റ്റേഴ്‌സിന്റെ വര്‍ക്കുകള്‍ കോപ്പി ചെയ്യുക എന്ന ദേവന്‍ സാറിന്റെ വാക്കു പാലിച്ചുകൊണ്ട് ഈ കലാരംഗത്തേക്ക് കാലെടുത്ത് വെച്ച ഷെറീന ഇന്ത്യയുടെ പ്രധാനമന്ത്രിമാര്‍, പ്രസിഡന്റുമാര്‍, വൈക്കം മുഹമ്മദ് ബഷീര്‍, കമലാസുറയ്യ, എം. മുകുന്ദന്‍ തുടങ്ങിയ സാഹിത്യകാരന്മാര്‍ എന്നിവരുടേത് ഉള്‍പ്പെടെ നിരവധി പോട്രെയ്റ്റ് ശില്‍പങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. കോണ്‍ക്രീറ്റ്, ടെറോകോട്ട, ഫൈബല്‍ ഗ്ലാസ് തുടങ്ങിയവയാണ് നിര്‍മാണ വസ്തുക്കള്‍.
സംസ്ഥാനത്തെ ആദ്യ ജന്റര്‍ പാര്‍ക്കായ കോഴിക്കോട് വെള്ളിമാട്കുന്നില്‍ നിര്‍മിച്ച പത്ത് അടി ഉയരത്തിലുള്ള ഒറ്റ പില്ലറിനു മുകളില്‍ ഒരാള്‍ പൊക്കമുള്ള ചതുര്‍മുഖ ശില്‍പം രൂപകല്‍പന ചെയ്തത് ഷെറീനയും മകള്‍ പല്ലാസ് അഥീനി ഖാത്തൂനും ചേര്‍ന്നാണ്. നാല് വ്യത്യസ്ത സ്ത്രീ രൂപങ്ങള്‍ കൈ ഉയര്‍ത്തി ഒരുമിക്കുന്ന സ്തംഭ രൂപത്തിലുള്ള ശില്‍പത്തിന്റെ പ്രമേയം സ്ത്രീകളുടെ ഒരുമയും തുല്യനീതിക്കായുള്ള മുറവിളിയും കരുത്തും വിളിച്ചോതുന്നു.
വടകരയില്‍ നിര്‍മിച്ച വാഗ്ഭടാനന്ദ ഗുരുവിന്റെ ശില്‍പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസ നേര്‍ന്നതും ഒഞ്ചിയത്ത് നിര്‍മിച്ച ഗാന്ധിയന്‍ കുഞ്ഞിരാമ കുറുപ്പിന്റെ ശില്‍പ ചാരുതക്ക് ഗവര്‍ണര്‍ ശ്രീരാമകൃഷ്ണന്‍ പൊന്നാടയണിയിച്ചതും കൊച്ചിയില്‍ നിര്‍മിച്ച മാധവിക്കുട്ടിയുടെ ശില്‍പത്തെ അവരുടെ അനുസ്മരണ ചടങ്ങില്‍ കേരളത്തിലെ സാഹിത്യലോകം പ്രശംസിച്ചതും അവസ്മരണീയ അനുഭവമായി ഈ ശില്‍പി അയവിറക്കുന്നു.
സ്ത്രീക്ക് പ്രാപ്യമല്ലാത്ത ഒന്നുമില്ലെന്ന് ഈ വനിതാ ശില്‍പി ഉറക്കെ പറയുന്നു. കായികാധ്വാനവും ഭാവനയും സമന്വയിക്കേണ്ട ഈ മേഖല തരുന്ന ജീവിതപാഠമതാണ്. ചിത്രകലയില്‍ മികവുള്ള ആര്‍ക്കും വീട്ടിലിരുന്ന് ചെയ്യാന്‍ പറ്റുന്ന നല്ല വരുമാനമുള്ള ജോലി കൂടിയാണിതെന്ന് വടകര സര്‍ഗാലയയില്‍ 10 വര്‍ഷമായി ശില്‍പങ്ങള്‍ നിര്‍മിക്കുകയും വില്‍പന നടത്തുകയും ചെയ്യുന്ന ഷെറീന കൂട്ടിച്ചേര്‍ത്തു. അതിശയത്തോടെയും ആദരവോടെയും സമൂഹം ഒരു സ്ത്രീയെന്ന നിലയില്‍ നിര്‍മാണ രംഗങ്ങളില്‍ തരുന്ന പിന്തുണയും പ്രോത്സാഹനവും നന്ദിപൂര്‍വം സ്മരിച്ചുകൊണ്ടുതന്നെ നൂതനാവിഷ്‌കാരങ്ങള്‍ തേടുകയാണ് ഈ നാല്‍പത്തിരണ്ടുകാരി.
ആനുകാലികങ്ങളില്‍ കഥയും കവിതയും മാഗസിനുകളില്‍ ഇല്ലസ്‌ട്രേഷന്‍ വര്‍ക്കുകളും ചെയ്യുന്ന ഈ പ്രതിഭ ഒരു നോവലിന്റെ പണിപ്പുരയിലാണ്. ചരിത്രം കാണാതെ പോയ ഖബറുകള്‍ ജീവിതങ്ങള്‍ (സമീല്‍ ഇല്ലിക്കല്‍) എന്ന പുസ്തകത്തിന്റെ റിലീസ് ശില്‍പം ചെയ്തത് ഈ കരവിരുതില്‍ തന്നെയാണ്. പുതിയ ശില്‍പ തലമുറക്കായി മാര്‍ഗനിര്‍ദേശക ക്ലാസുകളും ക്യാമ്പുകളും ഒരുക്കുന്നതിലും തല്‍പരയാണ്.
മലപ്പുറം ജില്ലയിലെ കൊടക്കൊടകത്ത് പരേതനായ കുഞ്ഞ് മുഹമ്മദിന്റെയും ആയിഷയുടെയും മകളായ ഷെറീന മലപ്പുറം ഗവ. കോളേജില്‍നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി. വണ്ടൂര്‍ ഡബ്ല്യു.ഐ.സിയില്‍ പഠിക്കുന്ന പല്ലാസ് അഥീനി ഖാത്തൂന്‍ ഏക മകളാണ്.
 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top