പ്രാസ്ഥാനിക വഴിത്താരയില്‍  എന്നെ നയിച്ച മഹിളാരത്‌നം

ഫാത്തിമ മൂസ No image

വിവാഹാനന്തരം നാലു വര്‍ഷത്തിന് ശേഷം 1974-ല്‍ അറബിക് മുന്‍ഷി പരീക്ഷക്ക് തയാറാവാനായി കുറച്ച് കാലം കുമരനെല്ലൂര്‍ ഇസ്‌ലാഹിയ്യാ കോളേജില്‍ ചേര്‍ന്നു പഠിക്കുകയായിരുന്നു ഞാന്‍. കോളേജ് വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന വനിതാ സമ്മേളനത്തില്‍ ഉദ്ഘാടനം ചെയ്യാനെത്തിയത് വിശിഷ്ട വ്യക്തി ഫാത്തിമാ ഉമറായിരുന്നു. ആദ്യമായാണ് ഞാനവരെ കാണുന്നത്. അവരോടൊപ്പം മൂന്ന് സുന്ദരി കുട്ടികളും. അതിഥികള്‍ക്ക് സേവനം ചെയ്യാന്‍ നിര്‍ദേശിക്കപ്പെട്ടവരില്‍ ഈയുള്ളവളുണ്ടായിരുന്നു. അവരുടെ സ്‌നേഹസ്പര്‍ശവും തമാശകളും ചിന്തോദ്ദീപകമായ പ്രസംഗവും തെല്ലൊന്നുമല്ല എന്നെ ആകര്‍ഷിച്ചത്. അതോടൊപ്പം മക്കളുടെ പാട്ടുകളും കൊച്ചു പ്രസംഗങ്ങളും നല്ല ചേലില്‍ ആസ്വദിച്ചു. പിന്നെ പിന്നെ ആ ബന്ധമങ്ങ് വളര്‍ന്നു. അവരെ കാണാന്‍ നാല് കിലോമീറ്റര്‍ നടന്നു കുമരനെല്ലുരില്‍ നിന്നും ബസ്സ് കയറി പൊന്നാനി വണ്ടിപേട്ടയില്‍ ഉള്ള പള്ളിയില്‍ ജുമുഅ നമ
സ്‌കാരത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ എല്ലാ വെള്ളിയാഴ്ചയും മുടക്കം കൂടാതെ പോകുമായിരുന്നു.
ഉച്ചഭക്ഷണം മിക്കവാറും ഫാത്തിമാത്തയുടെ വീട്ടില്‍ നിന്നായിരിക്കും. എന്റെ മൂത്ത മകന്‍ ശാക്കിര്‍ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ എന്നോടൊന്നിച്ച് ഉണ്ടാകും. ഭക്ഷണം എല്ലാവരും ഒന്നിച്ചിരുന്നാണ് കഴിക്കുക. ഭക്ഷണശേഷം അവരുടെ ഉപ്പ പഴം ചോറും നെയ്യും കൂട്ടി കുഴച്ച് എല്ലാവര്‍ക്കും ഒരു ഉരുള കൊടുക്കും. 79- 85 കാലഘട്ടത്തില്‍ മൂസ മൗലവി ഐ.എസ്.എസ്സിലെ പ്രിന്‍സിപ്പലായിരുന്നു. ഒരാക്‌സിഡന്റിനെ തുടര്‍ന്ന് ഞങ്ങളുടെ താമസം ഐ.എസ്.എസിന്റെ അടുത്തേക്ക് മാറി. വീട്ടിലേക്കാവശ്യമായ പലതും ഫാത്തിമാത്തയുടെ വകയായിരുന്നു.
പിന്നീടങ്ങോട്ട് പ്രസ്ഥാന മേഖലയില്‍ കൈ പിടിച്ച് നടന്നു പലതും പഠിപ്പിച്ചു. പല നാടുകളിലും സ്റ്റേജുകളിലും കൂടെ ഉണ്ടായിരുന്നു. കാറിന്റെ ഡ്രൈവര്‍ സീറ്റില്‍ പര്‍ദയിട്ട, കൈകളില്‍ വളയിട്ട, മക്കന ധരിച്ച പെണ്‍സിംഹം. ഇടത്തെ സീറ്റില്‍ എല്ലാറ്റിനും നിര്‍ദേശം നല്‍കി സി.വി ഉമ്മര്‍ സാഹിബും പിന്നില്‍ ഞാനും. ചിലപ്പോള്‍ മൂസ മൗലവിയോ അല്ലെങ്കില്‍ മറ്റു വനിതകളോ ഉണ്ടാവും. ഫാത്തിമാത്തയുടെ കൈയില്‍ പേഴ്‌സില്ല. കര്‍ച്ചീഫിന്റെ ഒരു മൂലയില്‍ നോട്ടുകള്‍ കെട്ടിവെച്ചിട്ടുണ്ടാവും, പോകുന്ന സദസ്സുകളില്‍ അല്ലെങ്കില്‍ വീടുകളില്‍ പരിചയപ്പെടുന്ന ആവശ്യക്കാര്‍ക്ക് കൊടുക്കാന്‍. ദരിദ്രരെ സഹായിക്കുന്നതില്‍ ഉമ്മര്‍ സാഹിബിന്റെ മാതൃക അക്ഷരംപ്രതി പാലിക്കുന്ന പ്രിയതമ എന്നെ ആശ്ചര്യപ്പെടുത്താറുണ്ട്. അവരോടൊന്നിച്ചുള്ള യാത്രകള്‍ നല്ല ഹരമായിരുന്നു. യാത്രയിലും മറ്റും കൊറിക്കാനായി എപ്പോഴും തിന്നാനുള്ളത് കൈയില്‍ കരുതും. ആ സ്വഭാവമൊക്കെ പില്‍കാലത്ത് ഞാനും ശീലിച്ചു. യാത്രയിലും യോഗങ്ങളിലുമൊക്കെ പോകുമ്പോള്‍ എന്തെങ്കിലുമൊക്കെ പലഹാരങ്ങള്‍ കൊണ്ടുപോകുന്ന ശീലം എനിക്കും ഇങ്ങനെ കിട്ടിയതാണ്.
ആദ്യകാലങ്ങളില്‍ വീടുകളില്‍ സ്ത്രീകളെ വിളിച്ചു കൂട്ടി ഇസ്‌ലാമിനെ പരിചയപ്പെടുത്തി ഹദീസുകളും ഖുര്‍ആന്‍ വാക്യങ്ങളും ഉദ്ധരിച്ച് ക്ലാസ്സെടുക്കുമായിരുന്നു. അത് കേള്‍ക്കുമ്പോള്‍ സ്ത്രീകള്‍ ആശ്ചര്യപ്പെടും. അന്നേവരെ കേള്‍ക്കാത്ത, അതും സ്ത്രീകളുടെ നാവില്‍നിന്ന് വീഴുന്ന വാക്കുകള്‍ കേള്‍ക്കുമ്പോള്‍ പലരും വിതുമ്പും, കണ്ണീരൊഴുക്കും, ക്ലാസ്സ് കഴിഞ്ഞാല്‍ കെട്ടിപ്പിടിച്ച്  ആയുരാരോഗ്യത്തിന് വേണ്ടി പ്രാര്‍ഥിക്കും. വീണ്ടും വരാനും ഉപദേശങ്ങള്‍ നല്‍കാനും പറയും. പല വീടുകളിലും ഒന്നിച്ച് പോകുമ്പോള്‍ ആദ്യം എന്നെക്കൊണ്ട് പറയിപ്പിക്കും. പഠിച്ച് വരുന്ന എനിക്ക് വിറയല്‍ ഉണ്ടാകും. ആയത്തുകളും വാക്കുകളും തെറ്റും. ആ അവസരത്തില്‍ തെറ്റ് തിരുത്തി പ്രോത്സാഹിപ്പിക്കും. സ്‌നേഹത്തോടെ തലോടി ഉറച്ച് നില്‍ക്കാനും സധൈര്യം മുന്നോട്ട് പോകാനും ഒരു ജ്യേഷ്ഠ സഹോദരി എന്ന നിലയില്‍ ഓര്‍മപ്പെടുത്തും.
ഏതാണ്ട് എണ്‍പത് തൊണ്ണൂറ് കാലയളവിലാണ് അവരോടൊപ്പം വേദികള്‍ പങ്കിട്ടത്. സി.വിയുടെ മരണശേഷം പിന്നിട് അവര്‍  പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തുടങ്ങി. നിര്‍ബന്ധിച്ചാല്‍ സംസാരിക്കുമ്പോള്‍ വിരുമ്പിപ്പോകും. അവര്‍ വളര്‍ത്തിയെടുത്ത സഹോദരിമാര്‍ ഈ ദൗത്യം ഏറ്റെടുത്തപ്പോള്‍ പിന്നെ പിന്നെ പുറകോട്ട് പോയി. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഓടിനടന്ന് പ്രസ്ഥാനത്തേയും ഇസ്‌ലാമിനേയും കുറിച്ച് സ്ത്രീ ജനങ്ങളെ അവബോധമുള്ളവരാക്കാന്‍ പൊന്നാനിയുടെ പ്രിയപ്പെട്ട ധീരവനിത കാണിച്ച ചങ്കൂറ്റം എടുത്തുപറയണം. അതിന് അവരെ തയാറാക്കിയ കുടുംബം, പ്രോത്സാഹനവും പിന്തുണയും നല്‍കിയ നല്ലപാതി ഉമ്മര്‍ സാഹിബ്, എല്ലാം തങ്കലിപികളില്‍ രേഖപ്പെടുത്തപ്പെടേണ്ടതാണ്.
ചരിത്രപ്രസിദ്ധമായ ദഅ്‌വത്ത് നഗര്‍ സമ്മേളനത്തിലെ വനിതാ സമ്മേളനത്തില്‍ നടത്തിയ അധ്യക്ഷ പ്രസംഗം ഇന്നും കാതില്‍ മുഴങ്ങുന്നു. അവരെ കുറിച്ച് എത്ര പറഞ്ഞാലും എനിക്ക് മതിവരില്ല. പ്രസ്ഥാന ജീവിതത്തിന്റെ ആദ്യ നാളുകളില്‍ മൗലവിയെ മാറ്റി നിര്‍ത്തിയാല്‍ അവര്‍ കൊളുത്തിത്തന്ന പ്രകാശമാണ് എന്റെ ജീവിതത്തില്‍ എന്നും സ്ഫുരിച്ച് നില്‍ക്കുന്നത്. ഒരു ഉദാഹരണം പറയാം. ജുമുഅക്ക് വീട്ടില്‍ നിന്ന് നാഴികകള്‍ നടന്ന് ബുദ്ധിമുട്ടിയാണ് പൊന്നാനിയില്‍ പോകാറുള്ളത്. ഒരു വെള്ളിയാഴ്ച ജുമുഅ നമസ്‌കാരാനന്തരം പരിസരത്ത് ഒരു സ്ത്രീ മരണപ്പെട്ടു. അന്നൊക്കെ സത്രീകള്‍ മയ്യിത്ത് നമസ്‌കാരം നിര്‍വഹിക്കുന്നത് തുലോം കുറവാണ്. ഫാത്തിമാത്ത ശീലിപ്പിച്ചെടുത്ത ചില വീടുകളിലെ സ്ത്രീകളും കുട്ടികളും മാത്രമേ നമസ്‌കരിക്കാന്‍ ഉണ്ടാകൂ. അന്ന് ആ വീട്ടിലേക്ക് മയ്യിത്ത് നമസ്‌കാരത്തിന് എന്നോട് പോകാന്‍ പറഞ്ഞു. അവര്‍ക്ക് നമസ്‌കരിക്കാന്‍ പറ്റില്ല. അവരുടെ പെണ്‍മക്കള്‍ കൂട്ടിന് ഉണ്ടാവും. പൊന്നാനിയല്ലേ, ധാരാളം സത്രീകളുണ്ടെങ്കിലും കുറച്ച് പേര്‍ മാത്രമേ ഞങ്ങളോടൊപ്പമുള്ളൂ. ഇമാമായി എന്നെ നിറുത്തി. ഞാനാണെങ്കില്‍ ആദ്യമായാണ് മയ്യിത്ത് നമസ്‌കാരത്തിന് ഇമാമായി നില്‍ക്കുന്നത്. സ്ത്രീകള്‍ ചുറ്റും കൂടി നില്‍ക്കുന്നു. നമസ്‌കാര രീതി വിവരിച്ച് കൊടുത്ത ശേഷം കൈ കെട്ടി ഫാത്തിഹ ഓതി. പിന്നീട് ഞാന്‍ റുകൂഇ ലേക്ക് അറിയാതെ പോയി. എല്ലാവരും നോക്കി നില്‍ക്കുന്നു. ഫാത്തിമാത്തയുടെ മകള്‍ സൗദ എന്നെ പിന്നില്‍ നിന്ന് ഒന്ന് നുള്ളിയപ്പോഴാണ് എനിക്ക് പരിസരബോധമുണ്ടായത്. അങ്ങനെ ആ വലിയ അമളിയില്‍ നിന്ന് അവള്‍ എന്നെ രക്ഷിച്ചു.  ഫാത്തിമാത്തയുടെ മയ്യിത്ത് നമസ്‌കരിക്കുമ്പോള്‍ നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ആ സംഭവം എന്റെ മനസ്സില്‍ തെളിഞ്ഞു.
ജമാഅത്തെ ഇസ്‌ലാമിയുടെ സമ്മേളനങ്ങള്‍ പലതും നടക്കുന്നത് അക്കാലത്ത് ശാന്തപുരത്താണ്. ഞാനും ഫാത്തിമാത്തയും സമയം കിട്ടുമ്പോഴൊക്കെ കോളേജിന്റെ പരിസരത്തുള്ള വീടുകളില്‍ പോവുകയും അവരെ പരിചയപ്പെടുകയും ചെയ്യാറുണ്ട്. അതില്‍ എന്റെ മനസ്സിനെ ഏറെ സ്വാധീനിച്ച ഒരു വ്യക്തിത്വമാണ് കുഞ്ഞീരുമ്മ ടീച്ചര്‍. മക്കളൊന്നുമില്ലാത്ത അവരില്‍ ഞാന്‍ കത് ധീരതയും ആത്മാര്‍ഥതയും ഈമാനികമായ നിഷ്‌കളങ്കതയുമാണ്. എപ്പോഴൊക്കെ ശാന്തപുരത്ത് പോകാറുണ്ടോ അപ്പോഴൊക്കെ അവരുടെ അടുത്ത് ഫാത്തിമാത്താടെ കൂടെ ഒരു വാല്‍ എന്ന രീതിയില്‍ ഞാനുമുണ്ടാകും, അവരുടെ മയ്യിത്ത് നമസ്‌കാരത്തിന് പോലും. പിന്നെ മറ്റൊരാള്‍ മമ്മുണ്ണി മൗലവിയുടെ മാതാപിതാക്കളാണ്. അവിടെ ചെന്നാല്‍ വല്ലാത്തൊരു അനുഭൂതിയാണ്. വീട് നിറയെ മക്കള്‍. പലരും പെണ്‍കുട്ടികള്‍. മൗലവിയുടെ ഭാര്യയെ ആ കാലത്ത് എന്നും ഗര്‍ഭിണിയായിട്ടാണ് കാണാറ്. കൈയില്‍ ചെറിയ കുട്ടികളും ഉണ്ടാവാറുണ്ട്. എത്ര സ്‌നേഹത്തോടെയാണ് ആ ഉമ്മ ഞങ്ങളെ സ്വീകരിക്കുക. എന്തെങ്കിലും കഴിക്കാതെ ഞങ്ങളെ വിടുകയില്ല. 'ഇപ്പോള്‍ കഴിച്ചതേ ഉള്ളു, വേണ്ടാ' എന്ന് പറഞ്ഞാലും അവര്‍ പറയുക; 'അത് ഇവിടന്നല്ലല്ലോ' എന്നാണ് . അങ്ങനെ അവരുടെ സ്‌നേഹപരിലാളനകളും വേണ്ടുവോളം ഈയുള്ളവള്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
എനിക്ക് പരിചയപ്പെടുത്തിത്തന്ന മറ്റൊരു ധീരവനിതയാണ് കോഡൂര്‍ വി.ടി ഖദീജ ടീച്ചര്‍. ഇന്നും അവരുടെ ആ നടപ്പും ധീരമായ വാക്കും എന്റെ ചെവിയില്‍ മുഴങ്ങുന്നു. ഫാത്തിമാത്തയിലുടെ എന്റെ മനസ്സിനെ കീഴടക്കിയവരില്‍ മറ്റൊരു ഉമ്മയാണ് കന്മനം ആയിശ ടീച്ചര്‍. കന്മനം അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ ഭാര്യാമാതാവ്. പ്രായമായിട്ടും അവരുടെ വാക്കുകള്‍ക്ക് എന്തൊരു ഗാംഭീര്യം. അവരുടെ രണ്ടു മക്കളുടെയും ഭര്‍ത്താക്കന്മാര്‍ പ്രസ്ഥാനത്തില്‍ പ്രശസ്തരായവരാണ്. പേരമക്കള്‍ എല്ലാവരും പ്രസ്ഥാനമാര്‍ഗത്തില്‍ വിളങ്ങി നിന്നവര്‍. വി.ടിയുടെ കുടുംബം പോലെത്തന്നെ. ഫാത്തിമാത്തയെ കുറിച്ച് പറയുമ്പോള്‍ ഇവരെയൊന്നും മറക്കാന്‍ കഴിയില്ല. കൊടിഞ്ഞിയിലെ ഫാത്തിമാത്ത, അനിയത്തി ആമിനാത്ത, ടി. മുഹമ്മദ് സാഹിബിന്റെ ഭാര്യ ഖദീജത്ത, വളാഞ്ചേരിയിലെ തിഞ്ഞിക്കുട്ടിത്ത, ആസ്യാത്ത, ബീക്കുട്ടിത്ത, മമ്പാടുള്ള ഫാത്തിമാത്ത, ചേന്ദമംഗല്ലൂരിലെ ആസ്യ ടീച്ചര്‍ കൂടാതെ പി.എസ്.എം.ഒ കോളേജിലെ പ്രഫ. ഹബീബ പാഷ. ഇവരില്‍ അധികപേരും ആദ്യകാല വനിതാ റുക്‌നുകളായിരുന്നു. ഓര്‍മയില്‍ വന്ന ചിലരെ കുറിച്ച് മാത്രണ് ഞാന്‍ കുറിക്കുന്നത്. ഇനിയും ധാരാളം പേരുണ്ട്. ഇതിനെല്ലാം എനിക്ക് സൗകര്യം കിട്ടിയത് 80 മുതല്‍ '85 വരെയുള്ള കാലയളവിലെ ഐ.എസ്.എസ് കോളേജിന്റെ അടുത്ത താമസത്തിന്നിടക്കാണ്.
പരിസരത്തെ വീടുകളില്‍ പോകാനും ബന്ധം സ്ഥാപിക്കാനും ക്ലാസ്സുകള്‍ എടുക്കാനും ഫാത്തിമാത്തയൊന്നിച്ച് എന്റെ കൂടെ മറ്റൊരാള്‍ കൂടെ ഉണ്ടായിരുന്നു. അക്കാലത്ത് ഐ.എസ്.എസില്‍ നഴ്‌സറി ടീച്ചറായി വന്ന നസീമ ടീച്ചര്‍. പില്‍കാലത്ത് പൊന്നാനിയും പരിസര പ്രദേശമായ വെളിയംകോട്, മാറഞ്ചേരി എടപ്പാള്‍ മുതല്‍ എല്ലാ വീടുകളും മുക്കു മൂലകളും അരിച്ച് പെറുക്കി പ്രസ്ഥാനത്തെ പരിചയപ്പെടുത്താനും സ്‌ക്വാഡ് പോവാനും കളക്ഷന്‍ നടത്താനും കൂടെ നടന്നൊരാള്‍. പിന്നീട് ഞങ്ങള്‍ക്ക് ശേഷം മരണം വരെ ആ പാതയില്‍ തന്റെ സമയവും അറിവും അധ്യാപനവും ആരോഗ്യവും അതിന് വേണ്ടി അവര്‍ ചെലവഴിച്ചു.
മുന്‍കാല പ്രസ്ഥാന പ്രവര്‍ത്തകര്‍ അനുഭവിച്ച ത്യാഗത്തിന്റെ, കഷ്ടപ്പാടിന്റെ വില പിന്‍തലമുറക്ക് മനസ്സിലാക്കാന്‍ പ്രയാസമാണ്. ഫാത്തിമാത്ത നല്ല കര്‍ഷകയായിരുന്നു. ബിയ്യത്തില്‍ ഒരു കൃഷിസ്ഥലമുണ്ട്. ഒരു സ്ഥിരം പണിക്കാരനും. നെല്ല്, വാഴ, പച്ചക്കറികള്‍, തെങ്ങ് എന്നിവ കൃഷി ചെയ്തിരുന്നു. അതിന്റെ മേല്‍നോട്ടവും അവര്‍ക്കായിരുന്നു. ഞങ്ങള്‍ക്കും അതിന്റെ ഒരോഹരി കിട്ടാറുണ്ട്. അവരുടെ മക്കളും സ്‌നേഹത്തിന്റെയും പരസ്പര സഹായത്തിന്റെയും കാരുണ്യത്തിന്റെയും മാതൃകകളാണ്. 2002-ല്‍ മൂസ മൗലവിയെയും എന്നെയും ഗള്‍ഫ് നാടുകളിലെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മൂന്നു മാസത്തോളം പ്രസ്ഥാനം നിയോഗിക്കുകയുണ്ടായി. ആദ്യത്തെ രണ്ട് മാസവും ഖത്തറിലായിരുന്നു. അന്ന് താമസവും ഭക്ഷണവും ഒരുക്കിത്തന്നത് ഫാത്തിമാത്തയുടെ മൂന്നാമത്തെ മകള്‍ സല്‍മയും ശുക്കൂര്‍ സാഹിബുമായിരുന്നു. ആദ്യമായി ഗള്‍ഫ് കണ്ട എനിക്ക് അവരുടെ സ്‌നേഹോഷ്മളമായ ആതിഥ്യം ഒരിക്കലും മറക്കാന്‍ കഴിയില്ല. അതിഥികള്‍ മൂന്നുദിവസത്തേക്കാണല്ലോ. പക്ഷെ ഞങ്ങള്‍ രണ്ട് മാസമാണവിടെ കഴിഞ്ഞത്. ദിവസവും പരിപാടിക്ക് കൊണ്ടു പോകുന്നതും പരിപാടികള്‍ നയിക്കുന്നതും മിക്കതും സല്‍മയായിരിക്കും. ഖത്തറിലെ പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കൊക്കെ സല്‍മയെ അറിയാം. അത്ര സജീവമാണ് അവരുടെ പ്രവര്‍ത്തനം. അവശരുടേയും അശരണരുടേയും താങ്ങായി ആശുപത്രികളിലും വില്ലകളിലും അവരും കൂടെ ചില പ്രവര്‍ത്തകരുമുണ്ടാകും. ഡ്രൈവിംഗിലും മക്കളുടെ കഴിവ് ഉമ്മയെപ്പോലെത്തന്നെയാണ്. 
ഉമ്മര്‍ സാഹിബിന്റെ മരണശേഷം അധിക സമയവും വിദേശത്തുള്ള മക്കളുടെ അടുത്തായിരിക്കും അവര്‍. നാട്ടില്‍ വന്നാല്‍ ഞാന്‍ കാണാന്‍ പോകാറുണ്ട്. അവരുടെ അടുത്ത് എത്ര സമയം ചെലവഴിച്ചാലും മതിവരാറില്ല. ഒരിക്കല്‍ കോഴിക്കോട് ഇളയ മകള്‍ സാബിറ ബഷീറിന്റെ ഫഌറ്റില്‍ ഫാത്തിമാത്ത ഉള്ളപ്പോള്‍ ഞാനും  സഫിയ്യാ അലിയും സുഹ്‌റ ടീച്ചറും മറ്റു പ്രവര്‍ത്തകരും കൂടി അവരെ കാണാന്‍ പോയി. പ്രസ്ഥാനത്തിന്റെ വളര്‍ച്ചയേക്കുറിച്ചും പോരായ്മകളെ കുറിച്ചും കുറെ സംസാരിച്ചു. പിന്നീട് സുഖമില്ലാതെ കിടപ്പിലായപ്പോള്‍ പൊന്നാനിയിലെ ചെറിയ മകന്‍ അസ്‌ലമിന്റെ വീട്ടില്‍ പല തവണ പോയി. മക്കളെ വിളിച്ച് സുഖവിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തിരുന്നു. ആദ്യകാലത്ത് പ്രസ്ഥാനത്തെയും ഇസ്‌ലാമിന്റെ ഇസ്സത്തിനേയും ഉയര്‍ത്തിപ്പിടിക്കാന്‍ നാട് നീളെ ഓടിനടന്ന് ഒരു പാട് ത്യാഗങ്ങള്‍ അനുഷ്ഠിച്ച അതിന്റെ പ്രതിഫലനം ബാക്കിവെച്ച് നമ്മേ വിട്ടു പോയ ഫാത്തിമാത്തക്ക് പിന്‍ഗാമികളുണ്ടാവട്ടെ.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top