ഞാന്‍ കാറില്‍ ചെന്ന്
വിലകൊടുത്തു
വാങ്ങിവന്ന,
കൊമ്പ് വെച്ചാല്‍
പിടിക്കുന്ന,
അതേ ചെടികള്‍
അയല്‍വീട്ടില്‍
പൂത്തുലഞ്ഞു
കൊതിപ്പിക്കുന്നത്
ഇപ്പോഴാണ് കണ്ടത്
ഞാന്‍ പേരിട്ട് വിളിച്ച
പേരക്കിടാവിന്റെ
അതേ പേര് തന്നെ
അയല്പക്കത്തെ
മോളെ കുട്ടിയുടെ
പേരെന്നറിഞ്ഞതും
ഇന്നലെയാണ്
എനിക്ക് വിഷുവിന്
ഓണ്‍ലൈനായി
കിട്ടിയ കൊന്നപ്പൂ
കെട്ടിത്തൂക്കുമ്പോഴാണ്
അച്ഛന് പണ്ട് നട്ട
കൊന്നമരം
അയല്‍വീട്ടിലെ
മുറ്റത്തേക്ക് പാഞ്ഞു ചെന്ന്
പൂത്തുലഞ്ഞത്
കാണാനായത്
വീടിന് പിന്‍വശം
അതിരിട്ട
മൈലാഞ്ചിയും
ചെമ്പരത്തിയും
തുളസിയും
ആദ്യമായി പറിച്ച്
എണ്ണ കാച്ചി
തലയില്‍ തേച്ചപ്പോള്‍
വാട്ടികയെക്കാള് കുളിര്
തേങ്ങയും
തേങ്ങാപ്പാലും
വെളിച്ചെണ്ണയും
മാളില്‍നിന്ന്
കിട്ടിയിരുന്നതിനാല്‍
മറന്നുപോയ
തെങ്ങിന് തലപ്പുകള്‍,
മച്ചിയായെന്ന്
അറിഞ്ഞതും
ഇന്നലെയാണ്.
ഇപ്പോള്‍ ഞാന്‍
ചിലന്തിയുടെ കോന്തലയഴിഞ്ഞ
വെള്ളിനൂലുകളില്‍ വിരിഞ്ഞ
മഴത്തുള്ളിയെ
വെയില്ചീള് തലോടുന്നത്
കാണുന്നുണ്ട്
ചതുരപ്പുളിയുടെ
മധുരക്കീറില് ഗര്ഭമൊളിപ്പിച്ച
രഹസ്യം മായ്ച്ച്
പാറിയിറങ്ങുന്ന
വണ്ടിന് കുഞ്ഞുങ്ങളെയും
കാണുന്നുണ്ട്
മുത്തുകള്‍ പൊഴിച്ചു
ചിരിക്കുന്ന
ആകാശം നോക്കി
പറന്നിറങ്ങാന്‍ ചിറകുണ്ടായിരുന്നെങ്കില്‍
എന്ന് പതുക്കെ പറയുന്ന
കുഞ്ഞായി മാറാനും കഴിയുന്നുണ്ട്
മുമ്പ്
കണ്ടിരുന്നതെല്ലാം
വീണ്ടും കാണട്ടെ
മുമ്പ്
കേട്ടിരുന്നതെല്ലാം
വീണ്ടും കേള്‍ക്കട്ടെ