പതിവ് ശീലങ്ങളാണ്  അല്ലാഹുവിനിഷ്ടം

സി.ടി സുഹൈബ് No image

ദൈനംദിന ജീവിതത്തില്‍ ധാരാളം നന്മകളും നല്ല ശീലങ്ങളുമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നവവരാണ് നമ്മില്‍ പലരും. ഈമാന്‍ കൂടുതലുള്ള സന്ദര്‍ഭങ്ങളില്‍ കുറച്ചു കൂടി ആരാധനകള്‍ ചെയ്യണമെന്ന് ആലോചിക്കുന്നവരുണ്ട്. ഇങ്ങനെയൊന്നും ആയാല്‍ പോരാ. നാളെ മുതല്‍ എന്നും രാവിലെ ഖുര്‍ആന്‍ പാരായണം ചെയ്യും പഠിക്കും, ളുഹാ നമസ്‌കരിക്കും, ദിക്‌റുകളും ദുആകളും മറക്കാതെ ചൊല്ലും, തഹജ്ജുദ് നമസ്‌കാരം തുടങ്ങും, റസൂല്‍ (സ) യുടെ പേരില്‍ സ്വലാത്തുകള്‍ വര്‍ധിപ്പിക്കും, ആഴ്ചയില്‍ ഒരു നോമ്പെടുക്കും... ഇങ്ങനെ നന്മയുടെ ലിസ്റ്റുകള്‍ മുമ്പില്‍ ക്രമീകരിച്ച് പിറ്റേന്ന് മുതല്‍ അതൊക്കെ പ്രാവര്‍ത്തികമാക്കി തുടങ്ങും. ആദ്യത്തെ കുറച്ചു ദിവസങ്ങള്‍ കാര്യങ്ങളൊക്കെ ഭംഗിയായി മുന്നോട്ടുപോകും. മനസ്സിലൊരു പ്രത്യേക നിര്‍വൃതി അനുഭവപ്പെടുകയും ചെയ്യും. കുറച്ചു ദിവസങ്ങള്‍ പിന്നിടുന്നതോടെ ഇതില്‍ ശ്രദ്ധയും സൂക്ഷ്മതയും കുറഞ്ഞു വരും. പതിയെ പതിയെ ചിലതൊക്കെ ഭാരമായി കരുതി ഒഴിവാക്കിത്തുടങ്ങും. അങ്ങനെ ഓരോന്നായി ഇല്ലാതാകും. അധികമാളുകള്‍ക്കും ഈ അനുഭവങ്ങള്‍ കാണും. ഇതിനെ എങ്ങനെ മറികടക്കുമെന്നതിന്റെ ഉത്തരമാണ് നബ(സ)യുടെ ഈ വിഷയത്തിലുള്ള അധ്യാപനം. ആയിശ(റ) യില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു. 'കുറച്ചാണെങ്കിലും സ്ഥിരമായി ചെയ്യുന്ന കര്‍മങ്ങളാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടം.'
വേണ്ടത്ര ഹൃദയ സാന്നിധ്യമില്ലാതെ ഒരുപാട്  കര്‍മങ്ങള്‍ ചെയ്യുന്നതിനേക്കാള്‍ കുറച്ചാണെങ്കിലും ഇഹ്‌സാനോടെ സ്ഥിരമായി ചെയ്യുന്ന കാര്യങ്ങളാണ് അല്ലാഹു ഏറെ ഇഷ്ടപ്പെടുന്നത്.
കുറെക്കൂടി അല്ലാഹുവോടടുക്കണം, നന്മകള്‍ വര്‍ധിപ്പിക്കണം എന്ന് തോന്നുമ്പോള്‍ പുതുതായി എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിക്കുന്നതിന് മുമ്പ് ചെയ്തുകൊണ്ടിരിക്കുന്ന കര്‍മങ്ങള്‍ മികവുറ്റ രൂപത്തിലാണോ നിര്‍വഹിക്കുന്നതെന്ന് പരിശോധിക്കലാണ് ഉത്തമം. ദിനേന നിര്‍വഹിക്കുന്ന നിര്‍ബന്ധ നമസ്‌കാരങ്ങള്‍ അതിന്റെ ചൈതന്യത്തോടെ നിര്‍വഹിക്കാറുണ്ടോ? അല്ലാഹുവെ മുന്നില്‍ കാണുന്ന രൂപത്തില്‍ പറയുന്നതെല്ലാം മനസ്സറിഞ്ഞു ചൊല്ലാറുണ്ടോ? ഇങ്ങനെ ആലോചിക്കുമ്പോള്‍ അതിലൊക്കെ ന്യുനതകളുള്ളതായി മനസ്സിലാവും. അത് തിരുത്തലാണ് ആദ്യപടി. നിര്‍ബന്ധ ബാധ്യതകള്‍ ഹൃദയ സാന്നിധ്യത്തോടെ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ കുറച്ചൊക്കെ മെച്ചപ്പെടുന്നതായി അനുഭവപ്പെടും. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് പ്രവേശിച്ചു തുടങ്ങാനാകും. ഒരു ഖുദുസിയ്യായ ഹദീസില്‍ അല്ലാഹു പറയുന്നതായി നബി(സ) പഠിപ്പിക്കുന്നു. 'ഒരാള്‍ നിര്‍ബന്ധമാക്കപ്പെട്ട കര്‍മങ്ങളിലൂടെ എന്നിലേക്ക് അടുക്കുന്നതാണ് ഞാനിഷ്ടപ്പെടുന്നത്.'
നിര്‍ബന്ധ കര്‍മങ്ങള്‍ അതിന്റെ ആത്മാവറിഞ്ഞ് ചെയ്യുമ്പോള്‍ അവനിലേക്കടുക്കാനുള്ള മനസ്സ് കൂടിവരും. അത് കൂടുതല്‍ ഐഛിക കര്‍മങ്ങള്‍ ചെയ്യുന്നതിന് പ്രേരണയാകും. ഒറ്റയടിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നതിന് പകരം പ്രയാസമില്ലാതെ എന്നും കൊണ്ടുനടക്കാവുന്ന ഒരു കാര്യം നിശ്ചയിക്കുക. ഉദാഹരണത്തിന് എന്നും ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ശീലമില്ലാത്തവര്‍ എല്ലാ ദിവസവും ഒരു പതിനഞ്ച് മിനിറ്റ് ഖുര്‍ആന്‍ പാരായണമോ പഠനമോ നടത്തുമെന്നു തീരുമാനിക്കുക. സൗകര്യപ്രദമായ സമയം നിശ്ചയിച്ചു മുടങ്ങാതെ ചെയ്ത് ശീലിക്കുക. എതെങ്കിലും ദിവസം ആ സമയത്ത് നിര്‍വഹിക്കാന്‍ കഴിയാതെ വന്നാല്‍ മറ്റൊരു സമയത്ത് നിര്‍വഹിക്കാന്‍ ശ്രമിക്കുക. ഇങ്ങനെ ശീലിച്ചാല്‍ അത് ജീവിതത്തിന്റെ ഭാഗമായി മാറും. പതിയെ അടുത്തൊരു ശീലം തുടങ്ങി വെക്കാം.
നബി(സ) പഠിപ്പിക്കുന്നു. 'ഒരാള്‍ നിര്‍ബന്ധമാക്കപ്പെട്ട കര്‍മങ്ങളിലൂടെ എന്നിലേക്ക് അടുക്കുന്നതാണ് ഞാനിഷ്ടപ്പെടുന്നത്.'
മടുപ്പില്ലാതെ ചെയ്യാനാകുമ്പോഴാണ് കര്‍മങ്ങള്‍ ഹൃദ്യമാകുന്നത്. ചെയ്ത് തീര്‍ക്കണമല്ലോ എന്ന മനസ്സോടെയാണ് ചെയ്യുന്നതെങ്കില്‍ അതൊരു ഭാരമായി മാറുന്നു. ശരീരത്തെ പീഡിപ്പിച്ചും മനസ്സിനു മടുപ്പുളവാക്കിയും ഐഛിക കര്‍മങ്ങള്‍ ചെയ്യരുതെന്ന് നബി (സ)പഠിപ്പിക്കുന്നുണ്ട്. ഒരിക്കല്‍ നബി (സ) വീട്ടിലെത്തിയപ്പോള്‍ ആയിശ(റ)യുടെ കൂടെ ഒരു സ്ത്രീ ഉണ്ടായിരുന്നു. അവര്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ അവരെ പരിചയപ്പെടുത്തി ആയിശ പറഞ്ഞു: 'ധാരാളമായി നമസ്‌കരിക്കുന്ന സ്ത്രീയാണിവര്‍. ചിലപ്പോള്‍ ഉറക്കം പോലുമുണ്ടാകില്ല.' അന്നേരം ചെറിയ നീരസം പ്രകടിപ്പിച്ചുകൊണ്ട് നബി (സ)പറഞ്ഞു. 'ഒരാളും കഴിവിനപ്പുറം കാര്യങ്ങള്‍ സ്വയം ചുമലിലിടരുത്. നിങ്ങള്‍ക്ക് മടുക്കുവോളം അല്ലാഹുവിനു മടുപ്പുണ്ടാകില്ല.'
ഒരു ദിവസം പള്ളിയില്‍ രണ്ടു തൂണുകള്‍ക്കിടയിലായി ഒരു കയര്‍ വലിച്ചുകെട്ടിയത് കണ്ട് ഇതെന്താണെന്നു നബി(സ) ചോദിച്ചു. ഇത് സൈനബ(റ) കെട്ടിയതാണെന്നും ദീര്‍ഘനേരം നമസ്‌കരിക്കുന്ന നേരത്ത് ക്ഷീണവും അലസത
യും തോന്നുമ്പോള്‍ പിടിച്ചുനിന്നു നമസ്‌കരിക്കാനാണെന്നും പറഞ്ഞു. അതഴിച്ചു മാറ്റാനാവശ്യപ്പെട്ടുകൊണ്ട് നബി (സ) പറഞ്ഞു. 'ഒരാള്‍ ഉന്മേഷത്തോടെയാണ് നമസ്‌കരിക്കേണ്ടത്. ക്ഷീണമോ മടിയോ തോന്നിയാല്‍ ഇരുന്നു നമസ്‌കരിച്ചു കൊള്ളുക.'
സല്‍കര്‍മങ്ങള്‍ ചെയ്യുമ്പോള്‍ മനസ്സും ശരീരവും ഉത്സാഹമുള്ളതാവണമെന്ന് പഠിപ്പിക്കുന്ന അധ്യാപനങ്ങളാണിതെല്ലാം. നിര്‍ബന്ധ കര്‍മങ്ങള്‍ക്ക് പുറമെ നമ്മള്‍ തീരുമാനിക്കുന്ന നന്മകള്‍ക്കൊരു പ്രത്യേകതയുണ്ട്. അത് ഹൃദ്യമാകുമ്പോള്‍ അല്ലാഹുവോടൊരു പ്രത്യേക അടുപ്പം തോന്നും. സ്വയം തീരുമാനിച്ചു കൊണ്ട് പ്രവര്‍ത്തിക്കുമ്പോള്‍ അതിലൊരു മാനസിക സന്തോഷം അനുഭവിക്കാനാകും. അപ്പോള്‍ അല്ലാഹു നമ്മെ സ്‌നേഹിച്ച് തുടങ്ങും. നേരത്തെ പരാമര്‍ശിച്ച ഖുദുസിയ്യായ ഹദീസിന്റെ തുടര്‍ച്ചയില്‍ ഇങ്ങനെ കാണാം. 'ഐഛിക കര്‍മങ്ങള്‍ ചെയ്തുകൊണ്ട് എന്നിലേക്കു ഒരാള്‍ അടുത്തുകൊണ്ടേയിരിക്കും. അങ്ങനെ ഞാനവനെ ഇഷ്ടപ്പെട്ടു തുടങ്ങും. ഞാനൊരാളെ ഇഷ്ടപ്പെട്ടു തുടങ്ങിയാല്‍ അവന്‍ കാണുന്ന കണ്ണ് ഞാനായിതീരും. അവന്‍ കേള്‍ക്കുന്ന കാത് ഞാനാകും. അവന്‍ നീട്ടുന്ന കൈകളും നടക്കുന്ന കാലുകളും ഞാനാകും.'
അല്ലാഹു ഒരാളെ ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ സംഭവിക്കുന്ന മനോഹരമായ മാനസികാവസ്ഥയാണിവിടെ വര്‍ണിക്കുന്നത്. നമ്മുടെ കണ്ണും കാതും അല്ലാഹുവിന്റെതാകുമെന്ന് പറഞ്ഞാല്‍, അവന്‍ സ്‌നേഹിച്ചു കഴിഞ്ഞാല്‍ അവന്‍ ഇഷ്ടപ്പെട്ട കാഴ്ചകള്‍ കാണാനായിരിക്കും നമുക്കാഗ്രഹം. അവന്‍ ഇഷ്ടപ്പെട്ടത് കേള്‍ക്കുന്നതിലായിരിക്കും നമുക്കാനന്ദം. അവന്‍ ഇഷ്ടപ്പെട്ടത് ചെയ്യുന്നതില്‍ സന്തോഷവും അവന്റെ വഴിയില്‍ നടക്കുന്നത് നിര്‍വൃതിയും പകരും.
നമ്മള്‍ ചെയ്യുന്ന നന്മകളില്‍ നമുക്ക് പ്രത്യേകിച്ചൊരു നിര്‍വൃതിയും തോന്നുന്നില്ലെങ്കില്‍ അതിനര്‍ത്ഥം അല്ലാഹു നമ്മെ അത്രകണ്ടു സ്‌നേഹിക്കുന്നില്ല എന്നാകാം. അവനിഷ്ടപ്പെടുന്നവര്‍ക്ക് ആനന്ദവും സന്തോഷവും അനുഭവിക്കാനാകും. 'നമസ്‌കാരമെനിക്ക് കണ്‍കുളിര്‍മ നല്‍കുന്നു.' എന്ന് നബി (സ) പറയുന്നത് ഈ അനുഭൂതി കൊണ്ടാണ്. നബി (സ)ക്ക് അല്ലാഹുവിനെ വലിയ ഇഷ്ടമാണ്. അല്ലാഹുവിന് നബിയെയും വലിയ ഇഷ്ടമാണ്. ഇഷ്ടപ്പെടുന്ന രണ്ടുപേര്‍ തമ്മില്‍ ഒരുമിച്ചിരിക്കുന്നതും സംസാരിക്കുന്നതും ഹൃദ്യമായ അനുഭവമായിരിക്കും. അതാണ് നമസ്‌കാരത്തിലൂടെ നബി (സ) അനുഭവിച്ചിരുന്നത്.
നമുക്കും അത്തരം അനുഭവങ്ങളുണ്ടാകണം. അതൊരുപാട് കര്‍മങ്ങള്‍ ചെയ്യുന്നതിലൂടെയല്ല, ചെയ്യുന്നതിലുള്ള ഹൃദയ സാനിധ്യത്തിലൂടെയും ഇഹ്‌സാനിലൂടെയുമാണ് ലഭ്യമാവുക. നമസ്‌കാരമായാലും ദിക്റായാലും ഖുര്‍ആന്‍ പാരായണമായാലും പഠനമായാലും അല്ലാഹുവോട് മനസ്സ് ചേര്‍ത്തുവെച്ച് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഈമാനിന്റെ മാധുര്യമനുഭവിക്കുന്ന മനസ്സിനുടമകളാകാന്‍ നമുക്കും ഭാഗ്യം ലഭിച്ചേക്കാം.
 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top