കുട്ടികള്‍ വീടുകളില്‍ സുരക്ഷിതരാണോ?

അഷ്‌റഫ് കാവില്‍ No image

കുടുംബ വഴക്കിനിടെ ഏഴുവയസ്സുകാരനെ ബന്ധു തലക്കടിച്ച് കൊലപ്പെടുത്തിയെന്ന ദുരന്തവാര്‍ത്ത നമ്മുടെ സംസ്ഥാനത്തുണ്ടായത് കഴിഞ്ഞ മാസമാണ്. ഇടുക്കിയില്‍ ആനച്ചാലില്‍ ചുറ്റിക കൊണ്ട് തലക്ക് അടിയേറ്റാണ് കുട്ടി മരിച്ചത്. ആക്രമണത്തില്‍ മറ്റൊരു കുട്ടിക്കും പരിക്കേറ്റെന്നും കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് റിപ്പോര്‍ട്ട്. പീഡനത്തിനിരയായ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ സംഭവവും മനസ്സാക്ഷിയെ നടക്കുകയുണ്ടായി. കോളനിയിലെ താമസക്കാരന്‍ വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് കോന്നിയില്‍ നടന്ന ഈ സംഭവത്തെ കുറിച്ച് മാധ്യമ റിപ്പോര്‍ട്ടുകള്‍. ചെന്നൈയില്‍ വിഴുപുരത്ത് രണ്ടു വയസ്സുള്ള മകനെ ക്രൂരമായി മര്‍ദിച്ച് വീഡിയോ പകര്‍ത്തിയ യുവതി അറസ്റ്റിലായതും ഈയിടെയാണ്. മുഖത്ത് ഇടിച്ചും ചെരിപ്പുകൊണ്ട് തല്ലിച്ചതച്ചുമാണ് കുട്ടിയെ ഉപദ്രവിച്ചത്. ചോരയൊലിപ്പിച്ച് കുഞ്ഞ് നിലവിളിക്കുന്ന ദൃശ്യങ്ങളും വീഡിയോ വഴി പുറംലോകം കാണുകയുണ്ടായി.  കോവിഡ് കാലത്ത് മറ്റ് കുറ്റകൃത്യങ്ങള്‍ താരതമ്യേന കുറഞ്ഞെങ്കിലും കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമവും ഗാര്‍ഹിക പീഡനവും വര്‍ധിച്ചതായാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. ലോക്ക് ഡൗണ്‍ കാലം മാത്രം കേരളത്തില്‍ 1700-ഓളം കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്നാണ് കണക്ക്. കുട്ടികള്‍ ഏറ്റവും കൂടുതല്‍ പീഡനം നേരിടുന്നത് പരിചയക്കാരില്‍നിന്നും കുടുംബ -ബന്ധുക്കളില്‍ നിന്നാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഇതുമൂലം സുക്ഷിതരായി വളരാനും പഠിക്കാനും സംരക്ഷിക്കപ്പെടാനും ജീവിക്കാനുമുള്ള കുട്ടികളുടെ അവകാശങ്ങളാണ് ലംഘിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ നല്ല ജാഗ്രതയും കരുതലും മാതാപിതാക്കള്‍ക്കും പൊതുസമൂഹത്തിനും വേണ്ടതുണ്ട്. സ്‌നേഹം നടിച്ച് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവരുടെ എണ്ണവും സമൂഹത്തില്‍ കൂടുകയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കബളിപ്പിച്ച് സ്വര്‍ണവും പണവും തട്ടിയെടുത്ത പ്രതിയെ വയനാട്ടില്‍നിന്ന് ചെങ്ങന്നൂര്‍ പോലീസ് പിടികൂടിയത് ഈയിടെയാണ്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ 35 വയസ്സുകാരനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത്തരക്കാരെ തിരിച്ചറിയാന്‍ പല കുട്ടികള്‍ക്കും കഴിയണമെന്നില്ല. അതുകൊണ്ടുതന്നെ വാട്ട്‌സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ വഴി സൗഹൃദവും പ്രണയവും നടിച്ച് പെണ്‍കുട്ടികളെ ചതിക്കുഴിയില്‍ പെടുത്താന്‍ എത്തുന്നവരെ തിരിച്ചറിയാനുള്ള അറിവും കഴിവും കുട്ടികള്‍ക്ക് കൊടുക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്. ഇത്തരം ചതിക്കുഴികളില്‍ പെടാതെ സ്വയം സൂക്ഷിക്കാനുള്ള ജാഗ്രത കുട്ടികളും കാണിക്കണം. 
സ്‌നേഹത്തോടെയുള്ള നല്ല സ്പര്‍ശനം (ഗുഡ് ടച്ച്) എന്താണെന്നും ദുരുദ്ദേശത്തോടെയുള്ള ചീത്ത സ്പര്‍ശനം (ബാഡ് ടച്ച്) എന്താണെന്നും ഇളം പ്രായത്തില്‍ തന്നെ കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. അസ്വാഭാവികമോ ദുരുദ്ദേശപരമോ ആയ പെരുമാറ്റം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അക്കാര്യം കുട്ടികള്‍ക്ക് വിശ്വാസമുള്ളവരോട് തുറന്ന് പറയാന്‍ കഴിയണം.
കുട്ടികളെ അച്ചടക്കവും നല്ല ശീലങ്ങളും പഠിപ്പിക്കാനെന്ന നിലയില്‍ കടുത്ത ശാരീരിക ശിക്ഷ നല്‍കുന്ന രക്ഷിതാക്കളും അധ്യാപകരുമുണ്ട്. ഇത്തരം മൂന്നാം മുറ ശിക്ഷകള്‍ കുട്ടികളെ ശാരീരികമായും മാനസികമായും വേദനിപ്പിക്കാനേ ഉപകരിക്കൂ. ഇത്തരം ക്രൂരമായ ശിക്ഷകള്‍ മൂലം ഒളിച്ചോടിപ്പോയവരും ആത്മഹത്യ ചെയ്തവരുമായ കുട്ടികളുടെ നിരവധി വാര്‍ത്തകള്‍ ഇതിനകം വന്നിട്ടുണ്ട്.
നമ്മുടെ സംസ്ഥാനത്ത് 2020-ല്‍ മാത്രം324 കുട്ടികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഈ വര്‍ഷം 9 മാസത്തിനിടയില്‍ 53 കുട്ടികള്‍ ജീവനൊടുക്കി. സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം അഞ്ചുവര്‍ഷം കൊണ്ട് 1,213 കുട്ടികളാണ് പാതി വഴിയില്‍ ജീവന്‍ അവസാനിപ്പിച്ചത്. മാനസിക പ്രശ്‌നമാണ് ഏറ്റവും കൂടുതല്‍ കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചത്. രക്ഷിതാക്കളുടെ ശാസനയും പീഡനങ്ങളുമാണ് കുട്ടികളുടെ ആത്മഹത്യക്ക് മറ്റ് പ്രധാന കാരണങ്ങള്‍. പ്രണയനൈരാശ്യം, മൊബൈല്‍ ഫോണ്‍ ഗെയിം -ഇന്റര്‍നെറ്റ് അഡിക്ഷന്‍, ഗാര്‍ഹിക പീഡനം, കുടുംബ പ്രശ്‌നങ്ങള്‍ എന്നിവയും പ്രധാന കാരണങ്ങളാണ്. പരീക്ഷാ പേടി, പരീക്ഷയിലെ തോല്‍വി, സഹോദരങ്ങളുമായുള്ള പിണക്കം, കുടുംബത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ തുടങ്ങിയവയും കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്ന ഘടകങ്ങളാണെന്നാണ് പഠനം.കുട്ടികളുടെ മാനസിക സമ്മര്‍ദവും വിഷാദവും യഥാസമയത്ത് രക്ഷിതാക്കള്‍ തിരിച്ചറിയാതെ പോകുന്നതാണ് കുട്ടികള്‍ ആത്മഹത്യയുടെ വഴി സ്വീകരിക്കുന്നതിനുള്ള പ്രധാന കാരണം എന്നും പഠനം പറയുന്നു. മിടുക്കരായ കുട്ടികള്‍ പോലും ആത്മഹത്യ ചെയ്തതായി സര്‍വെയില്‍ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കുട്ടികളില്‍ മാനസികാരോഗ്യം വളര്‍ത്തുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ആവശ്യമാണ്.
കുട്ടികളെ മാനസികമായി അലട്ടുന്ന വിഷമങ്ങള്‍ അന്വേഷിക്കാനും അവരുടെ മനസ്സിലെ തെറ്റിദ്ധാരണകള്‍ നീക്കാനും ആശ്വസിപ്പിക്കാനും മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ഏത് പ്രതിസന്ധി വരുമ്പോഴും അത് മൂടി വെക്കാതെ മാതാപിതാക്കളോട് തുറന്ന് പറയാന്‍ മക്കള്‍ക്ക് സ്വാതന്ത്ര്യം നല്‍കണം. അത്തരം സന്ദര്‍ഭങ്ങളില്‍ കുട്ടികളെ കുറ്റപ്പെടുത്താതെ അവരുടെ പ്രശ്‌നങ്ങള്‍ ക്ഷമയോടെ കേള്‍ക്കാനും സാന്ത്വനിപ്പിക്കാനും മാതാപിതാക്കള്‍ സമയം കണ്ടെത്തണം. ആവശ്യമെങ്കില്‍ അത്തരം വിഷയങ്ങള്‍ മന:ശാസ്ത്ര വിദഗ്ധരുടെയും പോലീസിന്റെയും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരുടെയും ശ്രദ്ധയില്‍ കഴിയുന്നത്ര വേഗത്തില്‍ എത്തിക്കണം. മദ്യത്തിന്റെയും, മയക്കു മരുന്നിന്റെയും, വ്യാപകമായ ദുരുപയോഗം കുട്ടികള്‍ക്കെതിരെയുള്ളഅതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാണ്. ഇന്റര്‍നെറ്റിന്റെയും സാമൂഹിക മാധ്യമങ്ങളുടെയും ദുരുപയോഗവും ബാല പീഡനങ്ങള്‍ക്കും കുട്ടികള്‍ തന്നെ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ക്കുംആക്കം കൂട്ടുന്നു.
മിഠായി നല്‍കാമെന്ന് പറഞ്ഞ് മോഹിപ്പിച്ച് കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയരാക്കിയ കുറ്റവാളികളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നിരവധി വന്നിട്ടുണ്ട്. കൊല്ലം കടയ്ക്കലില്‍ എട്ട് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച 60 വയസ്സുള്ള വയോധികന്‍ ഇക്കഴിഞ്ഞ മാസം പോലീസ് പിടിയിലായത് ഇത്തരമൊരു കേസില്‍ പെട്ടാണ്.
ഇങ്ങനെ കുട്ടികള്‍ മുതിര്‍ന്നവരുടെ ഏതെങ്കിലും പ്രലോഭനങ്ങളില്‍ പെട്ടുപോകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ബാലാവകാശങ്ങള്‍, ബാലനീതി നിയമം, പോക്സോ ആക്ട്, ചൈല്‍ഡ് ലൈന്‍ തുടങ്ങിയ നിയമങ്ങളെയും സംരക്ഷണ സംവിധാനങ്ങളെയും കുറിച്ച് പൊതുസമൂഹത്തിന് അവബോധം നല്‍കണം. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ വിളിക്കേണ്ട ഹെല്‍പ് ലൈന്‍ നമ്പറുകളെ പറ്റി കുട്ടികള്‍ക്ക് അറിവ് നല്‍കണം. ഇതിന് കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട കൈപുസ്തകം തയാറാക്കി വിദ്യാര്‍ഥികള്‍ക്ക് കൊടുക്കാം. പീഡനങ്ങള്‍ക്കിരകളാകുന്ന കുട്ടികളും അവരുടെ മാതാപിതാക്കളും അധ്യാപകരും സ്വീകരിക്കേണ്ട നിയമനടപടികളെക്കുറിച്ച് വ്യാപകമായ ബോധവല്‍ക്കരണം നല്‍കണം.
കുട്ടികള്‍ക്ക് രക്ഷാകര്‍ത്താക്കളും അധ്യാപകരും സ്നേഹവും പരിഗണയും പിന്തുണയും നല്‍കണം. ലഹരിയുടെ ഉപയോഗം മൂലം ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കണം. കുട്ടികളുടെ അവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ വനിതാ ശിശു വികസന വകുപ്പിലെ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ക്ക് നല്‍കാന്‍ ശ്രദ്ധിക്കണം. ബാലാവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട ധാര്‍മികവും നിയമപരവുമായ ഉത്തരവാദിത്വങ്ങള്‍ യഥാസമയം നിര്‍വഹിക്കാന്‍ ഓരോ വ്യക്തിയും ആത്മാര്‍ഥമായി ശ്രമിക്കേണ്ടതുണ്ട്.
കുട്ടികള്‍ കൃത്യമായി സ്‌കൂളില്‍ വരാതിരിക്കുക, കുട്ടികളുടെ കൊഴിഞ്ഞുപോക്ക് എന്നിവ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ കാരണം കണ്ടെത്തി പരിഹരിക്കാന്‍ അധ്യാപകര്‍ ശ്രദ്ധിക്കണം. കുട്ടികള്‍ നേരിടുന്ന അതിക്രമങ്ങള്‍ തടയാന്‍ നിയമനടപടികള്‍ കര്‍ശനമാക്കി കുറ്റവാളികള്‍ക്ക് ഉചിതമായ ശിക്ഷ നല്‍കേണ്ടതുമുണ്ട്. വിനോദയാത്രക്കിടെഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ബസ്സില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ പ്രതിയായ അധ്യാപകന് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി 29 വര്‍ഷം കഠിനതടവും 2.15 ലക്ഷം പിഴയും വിധിച്ചത് ഇക്കഴിഞ്ഞ സെപ്തംബര്‍ മാസത്തിലാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയ അച്ഛന് 27 വര്‍ഷം തടവ് ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയും വിധിക്കുകയുണ്ടായി.
ഇങ്ങനെ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും യഥാസമയത്ത് റിപ്പോര്‍ട്ട് ചെയ്ത് നിയമത്തിന്റെ മുന്നിലെത്തിക്കാന്‍ കഴിഞ്ഞാല്‍ കുറ്റവാളികള്‍ക്ക് ശക്തമായ ശിക്ഷ നല്‍കാന്‍ കഴിയും. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും പീഡനങ്ങളുംസൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ പൊതു ഇടങ്ങളേക്കാള്‍ കൂടുതല്‍ വീടുകളിലാണ് കുട്ടികള്‍ അക്രമത്തിന് ഇരകളാകുന്നത് എന്നാണ് വ്യക്തമാകുന്നത്. അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് സുരക്ഷിതത്വവും സന്തോഷവും നല്‍കുന്ന ഇടങ്ങളായി കുടുംബാന്തരീക്ഷം മാറേണ്ടതുണ്ട്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top