വിമോചിത അടിമയായ പ്രവാചക കുടുംബാംഗം

സഈദ് മുത്തനൂര്‍ No image

റസൂല്‍ തിരുമേനി മോചിപ്പിച്ച അടിമ. ആദ്യം അനുചരനായി. 
പിന്നെ അഹ്‌ലുബൈത്തിലെ ഒരംഗമായി ആദരം ലഭിച്ചു. ഈ ചരിത്രമാണ് സൗബാനു ബ്‌നു ബജ്ദിദിന്റേത്.
പ്രവാചകന്‍ (സ) അഹ്‌ലുബൈത്തിനു വേണ്ടി പ്രാര്‍ഥിച്ച സമയം സദസ്സില്‍ ഉണ്ടായിരുന്ന സൗബാന്‍ (റ) ചോദിച്ചു: 'പ്രവാചകരേ ഞാനും അഹ്ലു ബൈത്തില്‍ പെടുമോ?!' 'അതേ, നീ നിന്റെ ഒരാവശ്യത്തിനു വേണ്ടി ഒരു രാജാവിനെയോ നേതാവിനെയോ സമീപിക്കാത്ത കാലത്തോളവും അതിനായി ഒരാളുടെയും വാതിലില്‍ മുട്ടാത്ത കാലത്തോളവും.'
'ശരി, ഞാന്‍ ഇനിമുതല്‍ അങ്ങനെയായിരിക്കും' - സൗബാന്‍ (റ) പ്രതിജ്ഞയെടുത്തു.
ഹാഫിള് ഇബ്‌നു ഹജറുല്‍ അസ്ഖലാനിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.
സൗബാന്‍ ജീവിതാവസാനം വരെ തന്റെ പ്രതിജ്ഞയില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു. അദ്ദേഹം കുതിരപ്പുറത്തിരിക്കുമ്പോള്‍ തന്റെ ചാട്ടവാര്‍ വീണുപോയാല്‍ ഒരു കുട്ടിയോട് പോലും 'ഇതൊന്ന് എടുത്ത് താ' എന്ന് പറഞ്ഞില്ല. അദ്ദേഹം സ്വയം ഇറങ്ങി  എടുക്കുകയാണ് ചെയ്യുക.
അബൂ അബ്ദുല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനപ്പേര്. മക്കയുടെയും യമനിന്റെയും ഇടക്കുള്ള സുര്‍റാത്തുകാരനായിരുന്നു അദ്ദേഹം.
റസൂല്‍ (സ) മോചിപ്പിച്ച അടിമയായിരുന്നു സൗബാന്‍. വലിയ തറവാട്ടില്‍ ജനിച്ചയാളായിരുന്നെങ്കിലും എന്തുകൊണ്ടോ ഏതോ സന്ധിയില്‍ ഇദ്ദേഹം ആരുടെയോ അടിമയായി മാറുകയായിരുന്നു. അങ്ങനെയിരിക്കെയാണ് സൗബാന്‍ പ്രവാചകസന്നിധിയില്‍ എത്തിപ്പെട്ടത്. കണ്ടമാത്രയില്‍ തന്നെ അദ്ദേഹത്തിന്റെ മുഖത്ത് ഒരു നന്മ ദര്‍ശിച്ചു. റസൂല്‍ അദ്ദേഹത്തെ വില കൊടുത്ത് വാങ്ങി സ്വതന്ത്രനാക്കി. തുടര്‍ന്ന് നബി (സ) പറഞ്ഞു: 'ഇനി നിനക്ക് കുടുംബത്തിലേക്ക് മടങ്ങിപ്പോകാം. ഇവിടെ തങ്ങുകയാണെങ്കില്‍ അങ്ങനെയുമാകാം.' റസൂലി(സ)നോടൊപ്പം നില്‍ക്കാനാണ് സൗബാന്‍ ഇഷ്ടപ്പെട്ടത്. 
പ്രവാചകന്‍  ഈ ലോകത്തോടു വിടവാങ്ങുന്നതു വരെ അദ്ദേഹം നിഴല്‍ പോലെ പിന്തുടര്‍ന്നു.
ഖലീഫ ഉമറിന്റെ ഭരണകാലത്ത് അദ്ദേഹം സിറിയയിലേക്ക് പോയി. ഈജിപ്ത് കീഴടക്കുന്നതിനായി ഉമര്‍ (റ) സൈന്യത്തെ നിയോഗിച്ചപ്പോള്‍ ആ സംഘത്തോടൊപ്പം ചേര്‍ന്നു. ആ പോരാട്ടങ്ങളില്‍ അദ്ദേഹം ധീരമായി പങ്കെടുത്തു. ഈജിപ്തില്‍നിന്ന് മടങ്ങി ഹിമ്മസില്‍ വന്ന് വീടു വെച്ച് താമസിച്ചു.
ഉന്നത സ്വഭാവത്തിന്റെ ഉടമയായിരുന്ന സൗബാന്‍ (റ) ഹദീസ് പണ്ഡിതന്‍ കൂടിയായിരുന്നു.
മുസ്‌നദ് അഹ്മദിന്റെ ഒരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം: ഹിമ്മസില്‍ ഒരു പ്രാവശ്യം അദ്ദേഹം രോഗിയായി. അന്ന് അബ്ദുല്ലാഹിബ്‌നു ഖറത് അസദിയായിരുന്നു സ്ഥലം ഗവര്‍ണര്‍. ഏതോ കാരണത്താല്‍ ഗവര്‍ണര്‍ക്ക് ഈ സ്വഹാബിപ്രമുഖനെ സന്ദര്‍ശിക്കാനായില്ല. സൗബാന് അതില്‍ ചെറിയ വിമ്മിട്ടം. അദ്ദേഹം ഗവര്‍ണര്‍ക്ക് ഒരു കത്ത് കൊടുത്തുവിട്ടു.   
കത്ത് കൈപ്പറ്റിയപ്പോള്‍ ഗവര്‍ണര്‍ക്ക് തന്റെ അശ്രദ്ധയില്‍ കുറ്റബോധം തോന്നി. ഉടന്‍ തന്നെ ഗവര്‍ണര്‍ രോഗസന്ദര്‍ശനത്തിനായി സൗബാനിന്റെ വീട്ടിലെത്തി. അവിടെ അദ്ദേഹവുമായി ഗവര്‍ണര്‍ ഏറെ നേരം സംസാരിച്ചു. 
ഒരു നബിവചനം ജനങ്ങളില്‍ പ്രചരിപ്പിക്കുന്നതിനു മുമ്പ് പലവട്ടം ഈ സ്വഹാബിവര്യന്‍ അതേപ്പറ്റി ചിന്തിക്കും. സമകാലികരായ മുഹദ്ദിസുകള്‍ ഒരു ഹദീസ് ശരിയാണോയെന്ന് ഉറപ്പു വരുത്താന്‍ ഇദ്ദേഹത്തെ സമീപിക്കാറുണ്ടായിരുന്നു.
നമസ്‌കാരശേഷം മാറിയിരുന്ന് അസ്തഗ്ഫിറുല്ലാഹ്.. മൂന്ന് പ്രാവശ്യം ചൊല്ലുന്നതും, അല്ലാഹുമ്മ അന്‍തസ്സലാം... തുടങ്ങിയ പ്രാര്‍ഥനകള്‍ ഉരുവിടുന്നതുമായി ബന്ധപ്പെട്ട ഹദിസും അദ്ദേഹമാണ് ഉദ്ധരിച്ചത്.
128-ഓളം ഹദീസുകള്‍ സൗബാന്‍ (റ) നിവേദനം ചെയ്തിട്ടുണ്ട്. ഹിജ്‌റ 54-ല്‍ മുആവിയയുടെ കാലശേഷമാണ് സൗബാന്‍ മരണപ്പെടുന്നത്.
അവലംബം : 
സര്‍വറെ കാഇനാത്ത് കേ പച്ചാസ് സ്വഹാബ
 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top