പ്രകാശഗോപുരങ്ങളിലേക്ക് വെളിച്ചം പകര്‍ന്ന മാതാക്കള്‍

സി.ടി സുഹൈബ് No image

''ഏതൊരു കൂട്ടര്‍ വിശ്വസിക്കുകയും അവരുടെ സന്താനങ്ങള്‍ വിശ്വാസത്തില്‍ അവരെ 
പിന്തുടരുകയും ചെയ്തിരിക്കുന്നുവോ അവരുടെ സന്താനങ്ങളെ നാം അവരോടൊപ്പം ചേര്‍ക്കുന്നതാണ്. അവരുടെ കര്‍മഫലത്തില്‍നിന്ന് യാതൊന്നും കുറവുവരുത്താതെ. ഓരോ മനുഷ്യനും താന്‍ സമ്പാദിച്ചുവെച്ചതിന് പണയം വെക്കപ്പെട്ടവനാകുന്നു'' (52:21).
ലോകത്തെ മനുഷ്യരില്‍ പകുതിയും സ്ത്രീകളാണ്. ബാക്കി പകുതി സ്ത്രീകളുടെ മടിത്തട്ടില്‍ വളര്‍ന്ന പുരുഷന്മാരും - റാശിദുല്‍ ഗന്നൂശി.
ചരിത്രത്തില്‍ നിരവധി മഹാന്മാര്‍ കഴിഞ്ഞു പോയിട്ടുണ്ട്. അറിവിന്റെയും പോരാട്ടത്തിന്റെയും നേതൃത്വത്തിന്റെയും നൈപുണ്യങ്ങളുടെയും അനേകം പടവുകള്‍ കയറി ജ്വലിച്ചു നിന്നവര്‍. അവര്‍ക്കെല്ലാം ചില കഥകള്‍ പറയാനുണ്ടാകും. ആ കഥകളില്‍ ചിലത് അവരുടെ മാതാവിനെ കുറിച്ചാകും; ഉയരങ്ങള്‍ കയറാന്‍ പ്രചോദനമേകിയ, കരുത്തും താളവും നല്‍കിയ ഉമ്മമാര്‍. ഇസ്‌ലാമിക ചരിത്രത്തില്‍ അങ്ങനെ ചില ഉമ്മമാരുണ്ട്.
രിസാലത്ത് എന്ന വലിയ ദൗത്യം നിര്‍വഹിക്കാന്‍ പ്രവാചകന്മാരെ പ്രാപ്തരാക്കിയ ചില ഉമ്മമാരെ പരാമര്‍ശിക്കുന്നുണ്ട് ഖുര്‍ആന്‍. തന്റെ മകനു വേണ്ടി അവര്‍ സഹിച്ച ത്യാഗങ്ങള്‍, സമര്‍പ്പണങ്ങള്‍ വളരെ വലുതായിരുന്നു. ഇസ്മാഈലി(അ)ന്റെ മാതാവ് ഹാജര്‍. ആരോരുമില്ലാത്ത മരുഭൂമിയില്‍ മകനോടൊത്ത് ഒറ്റക്ക് താമസിക്കാന്‍ തയാറാകുന്നുണ്ട് അവര്‍. അല്ലാഹു ഏല്‍പിക്കാന്‍ പോകുന്ന മഹാ ദൗത്യത്തിനായി തന്റെ മകനെ സജ്ജമാക്കുന്നതില്‍ ഹാജര്‍ വഹിച്ച പങ്ക് വലുതായിരുന്നു. ആ ഉമ്മയുടെ ഈമാന്‍ മകനില്‍ സ്വാധീനിച്ചിട്ടുണ്ടാകും, തീര്‍ച്ച. ഫറോവയുടെ കിങ്കരന്മാരുടെ കണ്ണുവെട്ടിച്ച് ദൈവിക വെളിപാടിന്റെ വെളിച്ചത്തില്‍ കുഞ്ഞ് മൂസായെ നദിയിലൊഴുക്കുമ്പോള്‍ ആ ഉമ്മയുടെ മനസ്സ് പിടഞ്ഞിട്ടുണ്ടാവും. വലിയൊരു ദൗത്യത്തിനായിട്ടാണ് തന്റെ മകന്‍ വളരുന്നതെന്ന ബോധ്യത്തില്‍ മുലയൂട്ടാനായി തിരിച്ച് കിട്ടുമ്പോള്‍ അവരുടെ മനം കുളിരുന്നുണ്ട്. പുരുഷസ്പര്‍ശമില്ലാതെ ഗര്‍ഭിണിയായി സമൂഹത്തിന്റെ ആട്ടും തുപ്പും സഹിച്ച് ഗര്‍ഭാവസ്ഥയുടെയും പ്രസവത്തിന്റെയും ഭീകര വേദനകള്‍ സഹിച്ച് ഈസാ നബിയെ വളര്‍ത്തിയ മര്‍യം ബീവി ഒരു പ്രവാചകന് പ്രചോദനമായ ഉമ്മ കൂടിയായി മാറുകയായിരുന്നു.
സ്വഹാബി വനിതകളില്‍ ഖന്‍സാഇനെയും അസ്മാ ബിന്‍ത് അബീബക്‌റിനെയും പോലുള്ള മാതാക്കള്‍ തങ്ങളുടെ മക്കളെ അനീതിക്കെതിരായ പോരാട്ടത്തിന് പ്രചോദിപ്പിക്കുകയും രക്തസാക്ഷികളായെന്ന വാര്‍ത്ത കേട്ടപ്പോള്‍ അല്ലാഹുവിന് സ്തുതി പറഞ്ഞ് ആ സാഹചര്യത്തെ ധീരമായി നേരിടുകയും ചെയ്ത മാതാക്കളായിരുന്നു.
ലോകത്ത് അറിവിന്റെ ഗോപുരങ്ങള്‍ തീര്‍ത്ത് പ്രകാശം പരത്തിയ പണ്ഡിത ശ്രേഷ്ഠര്‍ക്കും പറയാനുണ്ട് അവരുടെ ഉമ്മയെ കുറിച്ച വര്‍ത്തമാനങ്ങള്‍. ഇമാം മാലിക് (റ) പറയുന്നു: എന്റെ ഉമ്മ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ എന്നോട് റബീഅയുടെ മജ്ലിസില്‍ ചെന്നിരിക്കാന്‍ പറയുകയായിരുന്നു. എന്നിട്ട് പറയും, നീ അറിവുകള്‍ ആര്‍ജിക്കും മുമ്പ് അദ്ദേഹത്തില്‍നിന്നും സ്വഭാവ ഗുണങ്ങള്‍ പകര്‍ത്തിയെടുക്കണം.
ഇമാം ശാഫിഈ(റ)യുടെ ഉപ്പ ചെറുപ്പത്തില്‍ മരണപ്പെട്ടുപോയി. ഉമ്മ ഫാത്വിമ മകനെ നന്നായി പഠിപ്പിക്കണമെന്നാഗ്രഹിച്ചു. ഏഴ് വയസ്സായപ്പോള്‍ മക്കയിലേക്കയച്ചു. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി അറബി ഭാഷ പഠിക്കാന്‍ നാട്ടിലേക്ക് തിരിച്ചെത്തി. അദ്ദേഹം പറയുന്നു: ഒരിക്കല്‍ ഉമ്മ എന്നെ അടുത്തു വിളിച്ച് പറഞ്ഞു; മോനേ, നീ ജീവിതത്തില്‍ എത്ര മുന്നോട്ട് പോയാലും സത്യസന്ധത വിട്ടുകളയരുത്. അതെനിക്ക് സത്യം ചെയ്തു തരണം. അദ്ദേഹം ഉമ്മയുടെ ആ ഉപദേശം ജീവിതകാലം മുഴുവന്‍ കാത്തുസൂക്ഷിച്ചു.
ഇമാം അഹ്മദു ബ്നു ഹമ്പല്‍ (റ) പറയുന്നു: എനിക്ക് 10 വയസ്സാകുമ്പോഴേക്ക് ഖുര്‍ആന്‍ മുഴുവനായും മനഃ
പാഠമാക്കാന്‍ ഉമ്മയാണെന്നെ സഹായിച്ചത്. പത്തു വയസ്സ് പൂര്‍ത്തിയായപ്പോള്‍ തഹജ്ജുദ് നമസ്‌കരിക്കാന്‍ എന്നെ വിളിക്കുമായിരുന്നു. പള്ളി കുറച്ച് ദൂരെ ആകയാല്‍ സ്വുബ്ഹിന് കൂടെ ഉമ്മയും വരുമായിരുന്നു.
ഇമാം ഇബ്നു തൈമിയ്യയുടെ (റ) ഉമ്മ അദ്ദേഹത്തോട് ഒരിക്കല്‍ പറഞ്ഞു: മോനേ, നിനക്ക് എന്നോടുള്ള സ്നേഹം അല്ലാഹുവിനോടും ദീനിനോടും ഇല്ലെങ്കില്‍ എനിക്കാ സ്നേഹം ഇഷ്ടപ്പെട്ടതല്ല. നീ എനിക്ക് എന്ത് ചെയ്തുതന്നു എന്നതിലല്ല, ദീനിനുവേണ്ടി എന്തു ചെയ്തു എന്നതിലാണ് എന്റെ സംതൃപ്തി.
ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി കള്ളം പറയരുതെന്ന ഉമ്മയുടെ ഉപദേശം മുറുകെ പിടിച്ച് കൊള്ള സംഘത്തിന് മുന്നില്‍ സത്യസന്ധത കാണിച്ചപ്പോള്‍ അവര്‍ക്ക്  മാനസാന്തരമുണ്ടായ ചരിത്രം പ്രശസ്തമാണല്ലോ.
ബദീഉസ്സമാന്‍ സഈദ് നൂര്‍സി താന്‍ ആര്‍ജിച്ചെടുത്ത വിജ്ഞാനത്തിന്റെയെല്ലാം അടിത്തറ ഒരുക്കിയത് ഉമ്മയാണെന്ന് പറയുന്നുണ്ട്. 'ഞാന്‍ പുതുതായി പഠിക്കുന്ന എല്ലാം എന്റെ ഉമ്മയില്‍നിന്നും പഠിച്ചതിന്റെ തുടര്‍ച്ചയാണ്. എനിക്ക് ചെറുപ്പത്തില്‍ പകര്‍ന്നു നല്‍കിയതെല്ലാം വിത്തുകളായി എന്റെ ഉള്ളില്‍ കിടപ്പുണ്ടായിരുന്നു. നൂറുകണക്കിന് പണ്ഡിതന്മാരില്‍നിന്നും ഞാന്‍ ഒരുപാട് വിവരങ്ങളാര്‍ജിച്ചിട്ടുണ്ട്. പക്ഷേ, അതൊക്കെയും ഉമ്മ എന്റെയുള്ളില്‍ നിക്ഷേ
പിച്ച വിത്തുകളില്‍നിന്ന് മുളപൊട്ടിയതായിരുന്നു.'
മുഹമ്മദുല്‍ ഫാതിഹ് അനുസ്മരിക്കുന്നുണ്ട്; ഉമ്മ പലപ്പോഴും കോണ്‍സ്റ്റാന്റിനോപ്പ്ള്‍ വിമോചിപ്പിക്കുന്ന ജേതാവ് ഞാന്‍ ആയിരിക്കുമെന്ന് പറയാറുണ്ട്. ഒരിക്കല്‍ ഞാന്‍ ചോദിച്ചു; അത് കീഴടക്കാന്‍ എങ്ങനെയാണ് ഉമ്മാ എനിക്ക് സാധിക്കുക? ഉമ്മ പറഞ്ഞു: ഖുര്‍ആനും അധികാരവും സമാധാനവും ജനങ്ങളുടെ സ്നേഹവും കൊണ്ട്.
ശഹീദ് സയ്യിദ് ഖുത്വ്ബിന്റെ ഉമ്മ മരണപ്പെട്ടപ്പോള്‍ അദ്ദേഹം ഉമ്മയെ കുറിച്ച് പറഞ്ഞതിങ്ങനെയായിരുന്നു: എന്നെ കുറിച്ച വലിയ വലിയ പ്രതീക്ഷകള്‍ ഇടക്കിടക്ക് എന്നോട് സംസാരിക്കുമായിരുന്നു. ഒരു മേത്തരം വസ്ത്രം തുന്നിയെടുക്കും 
പോലായിരുന്നു എന്നെ വളര്‍ത്തിയത്.
ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാളികളായിരുന്ന മൗലാനാ മുഹമ്മദലി ജൗഹറിന്റെയും ശൗക്കത്തലിയുടെയും മാതാവായിരുന്നു ആബിദ ബാനു ബീഗം. അവര്‍ ധീരയായ പോരാളിയായിരുന്നതോടൊപ്പം പോരാളികളുടെ പ്രചോദനമായ മാതാവുമായിരുന്നു. അലി സഹോദരന്മാരെ ബ്രിട്ടീഷുകാര്‍ ജയിലിലടച്ചപ്പോള്‍ അവര്‍ മക്കള്‍ക്കെഴുതിയ കത്ത് ഇങ്ങനെയായിരുന്നു: 'മക്കളേ, നിങ്ങള്‍ ജയില്‍മോചിതരാകുന്നതില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് ഞാനായിരിക്കും. പക്ഷേ, നമ്മുടെ ആദര്‍ശത്തിനും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും എതിരായ വല്ല ഒത്തുതീര്‍പ്പിലും ഒപ്പുവെച്ചാണ് നിങ്ങളിറങ്ങുന്നതെങ്കില്‍ ഈ ദുര്‍ബലമായ കരങ്ങള്‍കൊണ്ട് നിങ്ങളുടെ കഴുത്ത് ഞാന്‍ ഞെരിച്ചു കളയും.'
പരപ്പനങ്ങാടിയിലെ സകരിയ്യയുടെ ഉമ്മയാണ് ബിയ്യുമ്മ. ചെയ്യാത്ത തെറ്റിന് മകനെ ജയിലിലടച്ചിട്ട് പത്തു വര്‍ഷങ്ങള്‍ പിന്നിട്ടു. നീതിയുടെ ഒരു വിരലനക്കം പോലും മകന്റെ കാര്യത്തിലുണ്ടാവില്ലെന്നറിയുന്ന വേദനക്ക് ഏക ആശ്വാസം അവരുടെ വിശ്വാസമാണ്. 'ഇവിടത്തെ കോടതിക്ക് മുകളില്‍ പടച്ചവന്റെ കോടതിയുണ്ട്. അവിടെ എന്റെ മോന് നീതികിട്ടും.' ഈ വാക്കുകളാണ് സകരിയ്യയുടെയും ശക്തി. കുറ്റസമ്മതം നടത്താന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുമ്പോഴും ചെയ്യാത്ത കുറ്റമേല്‍ക്കാന്‍ തയാറല്ലാതെ പിടിച്ചുനില്‍ക്കാന്‍ സകരിയ്യക്ക് പ്രചോദനമാകുന്നത് ഉമ്മയുടെ ഈ വാക്കുകള്‍ കൂടിയാണ്.
എന്‍.ആര്‍.സി പ്രക്ഷോഭം കൊടുമ്പിരി കൊണ്ട നേരം. ദല്‍ഹിയിലെ ജാമിഅ മില്ലിയ്യ വിദ്യാര്‍ഥി പ്രക്ഷോഭത്തിനു നേരെ പോലീസ് അതിക്രമങ്ങളഴിച്ചുവിടുന്നു. വിദ്യാര്‍ഥി സമര നേതാവ് ശഹീന്‍ അബ്ദുല്ലയടക്കം പലര്‍ക്കും പരിക്കേല്‍ക്കുന്നു. ആ സമയത്ത് ശഹീന്‍ ഫെയ്സ് ബുക്കില്‍ കുറിച്ചതിങ്ങനെയായിരുന്നു: 'ഉമ്മ വിളിച്ചിരുന്നു; മോനേ നീ ആ ഭീകര സാഹചര്യത്തില്‍നിന്ന് നാട്ടിലേക്ക് തിരികെ 
പോരണം എന്ന് ഞാന്‍ പറയില്ല. നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ ഈമാനോടെ ഉറച്ചു നില്‍ക്കണം.'
പോരാട്ടങ്ങള്‍ക്കും ഉയര്‍ച്ചകള്‍ക്കും മുന്നില്‍നില്‍ക്കാനും മുന്നേറുന്നവര്‍ക്ക് പ്രചോദനമാകാനും ഈ ചരിത്രം നമ്മളിലൂടെ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേയിരിക്കണം.
 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top