ഫലസ്ത്വീനിലെ ഖന്‍സാഉമാര്‍

അശ്‌റഫ് കീഴുപറമ്പ് No image

ഖന്‍സാഅ് എന്ന അറബി വാക്കിന്റെ അര്‍ഥം 'പതിഞ്ഞ മൂക്കുള്ളവള്‍' എന്നാണ്. സ്ത്രീസൗന്ദര്യത്തെ കുറിക്കുന്ന പ്രയോഗം. ഈ പേരില്‍ അറിയപ്പെടുന്നത് ഏഴാം നൂറ്റാണ്ടില്‍ ജീവിച്ച ഒരു പ്രശസ്ത അറബി കവയത്രിയാണ്. തുമാളിര്‍ എന്നാണ് ശരിയായ പേര്. അംറു ബ്‌നു ഹാരിസിന്റെ പുത്രി. സുലമിയ്യ ഗോത്രക്കാരി. നബിയുടെ സമകാലിക. എക്കാലത്തെയും അറബി മഹാകവിയായി വാഴ്ത്തപ്പെടുന്ന ഇംറുല്‍ ഖൈസിന്റെ കവിതയേക്കാള്‍ നബിക്കിഷ്ടം ഖന്‍സാഇന്റെ കവിതകളായിരുന്നു. വിലാപകാവ്യങ്ങളെഴുതിയാണ് അവര്‍ പ്രശസ്തയായത്. തന്റെ രണ്ട് സഹോദരന്മാര്‍ ഗോത്രപ്പോരില്‍ മരണപ്പെട്ടപ്പോള്‍ ഖന്‍സാഇന്റെ കണ്ണുനീര്‍ തോര്‍ന്നതേയില്ല. ആ ദുഃഖം നൂറില്‍പരം വിലാപകാവ്യങ്ങളായി ചരിത്രത്തില്‍ ഇടംപിടിച്ചു. ഖന്‍സാഅ് പിന്നീട് പ്രവാചകനെ ചെന്നു കാണുകയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. ആദര്‍ശമാറ്റം അവരുടെ ജീവിത സങ്കല്‍പ്പങ്ങളെ തിരുത്തിക്കുറിച്ചു.
ഖാദിസിയ്യ യുദ്ധസന്ദര്‍ഭം. പോരാളികള്‍ യുദ്ധഭൂമിയില്‍ നിന്ന് മദീനയിലേക്ക് തിരിച്ചെത്തുകയാണ്. അവര്‍ക്ക് ഖന്‍സാഇനോട് പറയാന്‍ അത്യന്തം നടുക്കുന്ന ഒരു വാര്‍ത്തയുണ്ടായിരുന്നു. ഖന്‍സാഇന്റെ ആറ് മക്കളില്‍ നാലു പേര്‍ - യസീദ്, മുആവിയ, അംറ്, അംറ - യുദ്ധത്തില്‍ രക്തസാക്ഷികളായിരിക്കുന്നു. വിലാപകാവ്യങ്ങളുടെ പെരുമഴ തന്നെ ജനം പ്രതീക്ഷിച്ചു. പക്ഷേ അവര്‍ കരയുക പോലുമുണ്ടായില്ല. ഇത്രമാത്രം പറഞ്ഞു: 'മക്കളുടെ രക്തസാക്ഷ്യം കൊണ്ട് എന്നെ അനുഗ്രഹിച്ച സര്‍വലോക രക്ഷിതാവിന് സ്തുതി. നാഥന്‍ തന്റെ കാരുണ്യസങ്കേതത്തില്‍ അവരുമായി ഒന്നിച്ചിരിക്കാന്‍ എനിക്ക് ഉതവി നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.' സത്യമാര്‍ഗത്തില്‍ മക്കള്‍ നഷ്ടപ്പെടുമ്പോള്‍ വിശ്വാസദാര്‍ഢ്യം കൊണ്ട് ആ വേദനയെ മറികടക്കുന്ന ധീര മാതാക്കളെ കുറിക്കാന്‍ പിന്നെ ഇസ്‌ലാമിക ചരിത്രത്തില്‍ ഖന്‍സാഅ് എന്ന് പ്രയോഗിച്ചു തുടങ്ങി.


റിഹാബ് കന്‍ആന്‍
ഒരുപാടൊരുപാട് ഖന്‍സാഉമാരുള്ള നാടാണ് ഫലസ്ത്വീന്‍. അവിടത്തെ മാതാക്കള്‍ക്ക് ദിനേനയെന്നോണം മക്കളെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ആധുനിക ഫലസ്ത്വീ
നില്‍ ആദ്യമായി 'ഖന്‍സാഉ ഫലസ്ത്വീന്‍' എന്നറിയപ്പെട്ട ധീര മാതാവാണ് റിഹാബ് കന്‍ആന്‍. 1954-ല്‍ ലബനാനിലാണ് ജനനം. ഇപ്പോള്‍ ഗസ്സയില്‍ താമസിക്കുന്നു. യഥാര്‍ഥ ഖന്‍സാഇനെപ്പോലെ കവയത്രിയുമാണ്. ലബനാനിലെ തല്‍ സഅ്തര്‍, സ്വബ്‌റാ - ശാത്തീല അഭയാര്‍ഥി ക്യാമ്പുകളില്‍ ഇസ്രയേല്‍ ഒത്താശയോടെ ലബനീസ് മിലീഷ്യകളും മറ്റും നടത്തിയ കൂട്ടക്കൊലകളില്‍ റിഹാബ് കന്‍ആന്റെ കുടുംബത്തിലെ 54 പേരാണ് കൊല്ലപ്പെട്ടത്. 1948- ല്‍ ഫലസ്ത്വീന്‍ ഭൂമി പിടിച്ചെടുത്ത് ഇസ്രയേല്‍ നിലവില്‍ വന്നപ്പോള്‍ ജന്മനാട് നഷ്ടപ്പെട്ടാണ് റിഹാബിന്റെ ആല്‍ ഹംസ കുടുംബം അഭയാര്‍ഥികളായി ലബനാനില്‍ എത്തിയത്. 1976-ലെ തല്‍ സഅ്തര്‍ കൂട്ടക്കൊലയില്‍ മാതാവ്, പിതാവ്, അഞ്ച് സഹോദരന്മാര്‍, മൂന്ന് സഹോദരിമാര്‍ ഉള്‍പ്പെടെ റിഹാബിന്റെ 51 അടുത്ത കുടുംബാംഗങ്ങളാണ് രക്തസാക്ഷികളായത്. 1982-ലെ സ്വബ്‌റാ - ശാത്തീല കൂട്ടക്കൊലയില്‍ റിഹാബിന് തന്റെ മകന്‍ മാഹിറിനെയും അമ്മായിയുടെ രണ്ട് ആണ്‍മക്കളെയും നഷ്ടമായി.
റിഹാബിന് തന്റെ ആദ്യ ഭര്‍ത്താവുമായി വേര്‍പിരിയേണ്ടിവന്നു. ആ ദാമ്പത്യത്തില്‍ ഒരു മകള്‍ കൂടിയുണ്ടായിരുന്നു - മൈമന. സ്വബ്‌റാ - ശാത്തീല കൂട്ടക്കൊല കഴിഞ്ഞപ്പോള്‍ രക്തസാക്ഷികളുടെ പട്ടികയില്‍ മകന്‍ മാഹിറിന്റെ പേര് കണ്ടു. മകള്‍ മൈമനയെ പലേടത്തും തിരക്കിയെങ്കിലും കണ്ടെത്താനായില്ല. അവളും രക്തസാക്ഷിയായിട്ടുണ്ടാവുമെന്ന് റിഹാബ് ഉറപ്പിച്ചു. പിന്നെ ലബനാനില്‍ വെച്ച് റിഹാബ് മറ്റൊരാളെ വിവാഹം ചെയ്തു. രണ്ടാം ഭര്‍ത്താവിനൊപ്പം തുനീഷ്യയിലേക്ക് 
പോയി. ആ ദമ്പതികളെ ലബനാനിലേക്ക് തിരിച്ചുവരാന്‍ അവിടത്തെ ഭരണകൂടം 
പിന്നീടൊരിക്കലും സമ്മതിക്കുകയുണ്ടായില്ല. അങ്ങനെയാണവര്‍ ഗസ്സയില്‍ സ്ഥിരതാമസമാക്കുന്നത്.
പിന്നെയാണ് ഈ ജീവിത കഥക്ക് അതിശയകരമായ ട്വിസ്റ്റ്. കവയത്രിയായതുകൊണ്ട് ചാനലുകളില്‍ കവിതകള്‍ ചൊല്ലാന്‍ പോകാറുണ്ട് റിഹാബ്. രണ്ടാം ഇന്‍തിഫാദ കാലത്ത് അവര്‍ കവിത ചൊല്ലാനായി ഫലസ്ത്വീനീ ചാനലില്‍ പ്രത്യക്ഷപ്പെട്ടു. സ്വബ്‌റാ - ശാത്തീല അഭയാര്‍ഥി ക്യാമ്പില്‍ അവരുടെ അയല്‍വാസിയായിരുന്ന ഒരു സ്ത്രീ ഈ പരിപാടി കാണാനിടയായി. പേര് നോക്കി റിഹാബ് ആണെന്ന് ഉറപ്പിച്ചു. അവരൊക്കെയും കരുതിയിരുന്നത് സ്വബ്‌റാ -ശാത്തീല കൂട്ടക്കൊലയില്‍ റിഹാബും പെട്ടിരിക്കുമെന്നാണ്. റിഹാബിന്റെ മകള്‍ മൈമനയും ഈ സ്ത്രീയുടെ തൊട്ടടുത്തായി താമസിക്കുന്നുണ്ട്. അവര്‍ മകളെ വിവരമറിയിച്ചു. മൈമനയും കരുതിയത് ഉമ്മ കൊല്ലപ്പെട്ടിരിക്കുമെന്നാണ്. അതിനിടെ നീണ്ട ഇരുപത്തിരണ്ട് വര്‍ഷം കടന്നുപോയിരുന്നു. മൈമനയുടെ ആഹ്ലാദത്തിന് അതിരുണ്ടായിരുന്നില്ല. മരിച്ചുപോയെന്ന് ഉറപ്പിച്ച തന്റെ മകള്‍ ജീവിച്ചിരിക്കുന്നുവെന്ന വിവരം റിഹാബും അറിഞ്ഞു. ഉമ്മയും മകളും ഫോണില്‍ സംസാരിച്ചു. രണ്ടു വര്‍ഷം കഴിഞ്ഞ് അല്‍മനാര്‍ ചാനല്‍ ഇരുവരുമായി ലൈവായി അഭിമുഖം നടത്തി. അബൂദബി ടി.വിയാണ് ഇരുവര്‍ക്കും നേരില്‍ കാണാന്‍ വഴിയൊരുക്കിയത്. ആ വൈകാരിക നിമിഷങ്ങള്‍ പകര്‍ത്തിയ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ കാണാം.


മര്‍യം ഫര്‍ഹാത്ത്
ഈ 'ഫലസ്ത്വീന്‍ ഖന്‍സാഇ'ന്റെ ജീവിതം കുറേക്കൂടി തീവ്രവും തീക്ഷ്ണവുമാണ്; അവര്‍ ഫലസ്ത്വീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസിന്റെ നേതൃനിരയില്‍ ഉണ്ടായിരുന്നു എന്നതുകൊണ്ട് തന്നെ. ഉമ്മുനിളാല്‍ എന്നും അവര്‍ വിളിക്കപ്പെടുന്നുണ്ട്. 1949-ല്‍ ഗസ്സയിലാണ് ജനനം. 2013-ല്‍ ഉമ്മുനിളാല്‍ ലോകത്തോട് വിടവാങ്ങി. അവരെ യാത്രയാക്കാന്‍ വലിയ ജനസഞ്ചയമാണ് ഒരുമിച്ചുകൂടിയത്. ത്രസിപ്പിക്കുന്ന ഒരു പോരാട്ടഗാഥ ബാക്കിവെച്ചുകൊണ്ടുള്ള വിടവാങ്ങല്‍. ഫത്ഹി ഫര്‍ഹാത്തിനെയാണ് വിവാഹം കഴിച്ചത്. ആ ദാമ്പത്യത്തില്‍ പിറന്നത് ആറ് ആണ്‍മക്കളും നാല് പെണ്‍മക്കളും. ആദ്യ മകന്‍ നിളാല്‍ ഹമാസിന്റെ സായുധ വിംഗായ ഖസ്സാം ബ്രിഗേഡ്‌സിന്റെ തലവന്മാരിലൊരാള്‍. ഖസ്സാം റോക്കറ്റ് ആദ്യമായി രൂപകല്‍പ്പന ചെയ്തത് നിളാലായിരുന്നു. പോരാളികള്‍ക്കിടയില്‍ അദ്ദേഹം അറിയപ്പെട്ടിരുന്നത് 'റോക്കറ്റ് എഞ്ചിനിയര്‍' (മുഹന്‍ദിസു സ്വവാരീഖ്) എന്നാണ്. അബാബീല്‍ -1 എന്ന ആളില്ലാ വിമാനം (ഡ്രോണ്‍) രൂപകല്‍പ്പന ചെയ്യുന്നതിനിടക്ക് പതിസ്ഥലം മണത്തറിഞ്ഞ ഇസ്രയേല്‍ സൈന്യം 2003-ല്‍ അദ്ദേഹത്തെ വധിച്ചു. വിവരമറിഞ്ഞ മര്‍യം ഫര്‍ഹാത്ത് പറഞ്ഞ ആദ്യ വാക്യം, 'അല്‍ഹംദുലില്ലാഹ്/ദൈവത്തിന് സ്തുതി, നീയവന് രക്തസാക്ഷ്യം സമ്മാനിച്ചല്ലോ.' നിളാല്‍ തുടങ്ങിവെച്ച ഡ്രോണ്‍ നിര്‍മാണം 2014-ലാണ് ഹമാസ് പൂര്‍ത്തീകരിച്ചത്. തൊട്ടുമുമ്പത്തെ വര്‍ഷം 2002-ല്‍ ഒരു 'മരണ ദൗത്യം' സ്വയം ഏറ്റെടുത്ത കുഞ്ഞനുജന്‍ മുഹമ്മദ് ഫര്‍ഹാത്തിനെ - അന്നവന് പതിനേഴ് വയസ്സേയുള്ളു - ആയുധാഭ്യാസങ്ങള്‍ പഠിപ്പിച്ചതും നിളാല്‍ ആയിരുന്നു. ദൗത്യം ഏറ്റെടുക്കാന്‍ പുറപ്പെടുമ്പോള്‍ ആ കൗമാരക്കാരനോട് ഉമ്മ മര്‍യം ഫര്‍ഹാത്ത് പറഞ്ഞു: 'നീ ഇനി തിരിച്ച് കാലില്‍ നടന്നു വരരുത്. ആളുകളുടെ ചുമലിലേറിയാവട്ടെ നിന്റെ തിരിച്ചുവരവ്.' പറഞ്ഞതുപോലെയാണ് സംഭവിച്ചതും. ദൗത്യം വിജയിപ്പിച്ചെടുത്ത അവന്റെ ജീവനറ്റ ശരീരമാണ് പോരാളികളുടെ തോളിലേറി ഗസ്സയിലേക്ക് തിരിച്ചുവന്നത്.
മൂന്ന് വര്‍ഷം കഴിഞ്ഞ് 2005-ല്‍ മര്‍യം ഫര്‍ഹാത്തിന്റെ മൂന്നാമത്തെ മകന്‍ റവാദ് സഞ്ചരിച്ചിരുന്ന കാര്‍ സയണിസ്റ്റ് യുദ്ധവിമാനം ബോംബെറിഞ്ഞ് തകര്‍ത്തു. റവാദും രക്തസാക്ഷിയായി. നാലാമത്തെ മകന്‍ പതിനൊന്ന് വര്‍ഷം ഇസ്രയേലീ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.
ഇസ്രയേല്‍ സൈന്യം മര്‍യം ഫര്‍ഹാത്തിന്റെ വീട് നാലു തവണ ബോംബെറിഞ്ഞ് തകര്‍ത്തിട്ടുണ്ട്. അവര്‍ എത്ര 'അപകടകാരി'യായിരുന്നു ഇസ്രയേലിന്റെ നോട്ടത്തിലെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. ഒരിക്കല്‍ തകര്‍ക്കപ്പെട്ടപ്പോള്‍ ഫലസ്ത്വീന്‍ അതോറിറ്റി പ്രധാനമന്ത്രി ഇസ്മാഈല്‍ ഹനിയ്യ വീട് പുനര്‍നിര്‍മിച്ചുതരാമെന്ന് ഓഫര്‍ നല്‍കി. അയല്‍പക്കത്ത് തകര്‍ക്കപ്പെട്ട മുഴുവന്‍ വീടുകളും പുനര്‍നിര്‍മിച്ചേ തന്റെ വീട് പുനര്‍
നിര്‍മിക്കാവൂ എന്നാണ് അവര്‍ മുന്നോട്ടു വെച്ച വ്യവസ്ഥ. മര്‍യം ഫര്‍ഹാത്തിന്റെ വീട് നിരന്തരം ടാര്‍ഗറ്റ് ചെയ്യാന്‍ വേറെയും കാരണമുണ്ട്. ഇമാദ് അഖ്ല്‍ എന്നു പേരായ ഒരു അല്‍ ഖസ്സാം കമാന്ററുണ്ടായിരുന്നു. ഇസ്രയേലിന്റെ നോട്ടപ്പുള്ളി. എല്ലായിടത്തും മൊസാദ് ചാരക്കണ്ണുകളുള്ളതിനാല്‍ ഇമാദിന് സുരക്ഷിത താവളം കണ്ടെത്തുക എളുപ്പമായിരുന്നില്ല. തന്റെ വീട്ടില്‍ താവളമൊരുക്കാമെന്നായി മര്‍യം ഫര്‍ഹാത്ത്. വീടുകളെ പൊതുവെ ആരും സംശയിക്കില്ലല്ലോ. ഇമാദിന്റെ സുരക്ഷ ഉറപ്പാക്കാന്‍ വീടിന്റെ അകത്ത് ഒരു കിടങ്ങ് വരെ കുഴിച്ചിച്ചു ഈ ധീരവനിത. പക്ഷേ, ചാരന്മാര്‍ ഇമാദിന്റെ ഒളിത്താവളം കണ്ടെത്തുക തന്നെ ചെയ്തു. രക്തസാക്ഷ്യം വരിച്ച ഇമാദിന്റെ ശരീരത്തില്‍ എഴുപത്തിയൊന്ന് വെടിയുണ്ടകള്‍ തുളഞ്ഞു കയറിയിരുന്നു.

ഉമ്മു അഹ്മദ് ആബിദ്
ഇങ്ങനെ ഖന്‍സാആയി വിശേഷിപ്പിക്കപ്പെടുന്ന ധാരാളം മാതാക്കളുണ്ട് ഫലസ്ത്വീനില്‍. ഇക്കഴിഞ്ഞ ഗസ്സ ആക്രമണകാലത്തും ഉമ്മു അഹ്മദ് ആബിദ് എന്ന ഖന്‍സാഇനെക്കുറിച്ച വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മൂന്ന് രക്തസാക്ഷികളുടെ മാതാവാണ് അവര്‍. 2003-ല്‍ മരണദൗത്യമേറ്റെടുത്ത അഹ്മദ് എന്ന മകന്‍ രക്തസാക്ഷിയായി. മറ്റൊരു മകന്‍ ഖാലിദ് 2009-ല്‍ ഗസ്സക്കെതിരിലുള്ള കടന്നാക്രമണങ്ങള്‍ ചെറുക്കുന്നതിനിടെ വീരമൃത്യു വരിച്ചു. മൂന്നാമത്തെ മകന്‍ മുസ്ത്വഫ രക്തസാക്ഷിയായതാകട്ടെ ഗസ്സക്കെതിരായ ഇക്കഴിഞ്ഞ സയണിസ്റ്റ് കടന്നാക്രമണത്തിലും. രക്തസാക്ഷികളുടെ മാതാവ് ഉമ്മു അഹ്മദിന്റെ പ്രതികരണം ഇങ്ങനെ: 'കരളിന്റെ മൂന്ന് കഷ്ണങ്ങളും വിടപറഞ്ഞിരിക്കുന്നു. അല്‍ഹംദു ലില്ലാഹ്... എനിക്കൊന്നും ഇനി ബാക്കിയില്ല. അല്‍ അഖ്‌സ്വായെ കാക്കാന്‍ ദൈവമാര്‍ഗത്തില്‍ ജീവന്‍ ബലി കൊടുത്തവരാണല്ലോ അവര്‍.'
മൂന്ന് മക്കളില്‍ ഏറ്റവും ഒടുവില്‍ ശഹീദായ മുസ്ത്വഫയുടെ ഭാര്യ പറയുന്നതു കൂടി കേള്‍ക്കാം: 'മുസ്ത്വഫ തേടിക്കൊണ്ടിരുന്നത് രക്തസാക്ഷ്യമാണ്. അത് അദ്ദേഹം നേടി; എനിക്ക് മുന്നെ തന്നെ. അത് അദ്ദേഹം അര്‍ഹിച്ചിരുന്നു. ഇനി എനിക്ക് ചെയ്യാനുള്ളത് അദ്ദേഹത്തിന്റെ നാല് കുഞ്ഞുങ്ങളെയും ജിഹാദിന്റെ മാര്‍ഗത്തില്‍ ശിക്ഷണം കൊടുത്ത് വളര്‍ത്തുക എന്നതാണ്. അല്‍ അഖ്‌സ്വാക്ക് ബലിയാണല്ലോ ഞങ്ങളെല്ലാം.'
 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top