ഞാന്‍ കണ്ട ലക്ഷദ്വീപ്

പി.കെ മിഹറ No image

കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപില്‍ പുതുതായി വന്ന പ്രഫുല്‍ ഘോഡാ പട്ടേല്‍ എന്ന അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കുന്ന വിവാദ പരിഷ്‌കരണങ്ങള്‍ക്കെതിരെ ജനരോഷം ഇരമ്പുകയും ലക്ഷദ്വീപ് വാര്‍ത്തയില്‍ ഇടംപിടിക്കുകയും ചെയ്യുമ്പോഴും കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ലക്ഷദ്വീപ് സന്ദര്‍ശിച്ചതിന്റെ സുന്ദരമായ ഓര്‍മകള്‍ മനസ്സില്‍ വീണ്ടും ഓടിയെത്തുകയാണ്.
ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയയില്‍ പഠിക്കുന്ന സമയത്ത് മോള്‍ക്ക് ഒരു ദ്വീപുകാരി ഫ്രന്റ് ഉണ്ടായിരുന്നു. ഒരിക്കല്‍ അവളുടെ ഉപ്പയും അനുജത്തിയും അവളെ സന്ദര്‍ശിക്കാന്‍ കേരളത്തില്‍ വന്നപ്പോള്‍ ഞങ്ങളുടെ വീട്ടിലും വന്നു. ആ സൗഹൃദ സന്ദര്‍ശനത്തില്‍ ദ്വീപ് കാണാനുള്ള ഞങ്ങളുടെ ആഗ്രഹം അറിഞ്ഞപ്പോള്‍ അദ്ദേഹം ഉടനെ അതിനുള്ള വഴികളൊരുക്കി. അങ്ങനെയാണ് കേട്ടറിഞ്ഞ നാട്ടിലേക്കുള്ള യാത്ര ആരംഭിച്ചത്.
36 ദ്വീപുകള്‍ ലക്ഷദ്വീപിലുണ്ടെങ്കിലും ആന്ത്രോത്ത്, അമിനി, അഗത്തി, ബംഗാരം, ബിത്ര, ചെത്‌ലത്ത്, കടമത്ത്, കവരത്തി, കല്‍പ്പേനി, കില്‍ത്താന്‍, മിനിക്കോയ് എന്നീ 11 ദ്വീപുകളില്‍ ആണ് ആള്‍ത്താമസമുള്ളത്. ഇതില്‍ അഗത്തി എന്ന ദ്വീപിലാണ് ഞങ്ങള്‍ പോയത്.
അങ്ങനെ ചിരകാലമായി മനസ്സില്‍ സൂക്ഷിച്ച ദ്വീപ്‌യാത്രയുടെ ദിവസം വന്നെത്തി. കോഴിക്കോട് ബേപ്പൂര്‍ തുറമുഖത്തു നിന്ന് 'ദ്വീപ് സേതു' എന്ന ചെറിയ ഒരു കപ്പലിലായിരുന്നു യാത്ര. ആദ്യത്തെ കപ്പല്‍ യാത്രയുടെ ത്രില്ലിലായിരുന്നു കുട്ടികള്‍. തീവണ്ടിയിലെ സീറ്റുകള്‍ പോലെ അഭിമുഖമായിട്ടിരിക്കുന്ന സീറ്റുകള്‍. രാവിലെ വീട്ടില്‍നിന്ന് പുറപ്പെട്ട് ഉച്ചയോടെ ആണ് കപ്പലില്‍ കയറിയത്. കൈയില്‍ കരുതിയ ഭക്ഷണമൊക്കെ കഴിച്ചു, കൂടെയുള്ള ദ്വീപ്‌വാസികളെയൊക്കെ പരിചയപ്പെട്ടു, ചിരിയും വര്‍ത്തമാനവുമൊക്കെയായി സമയം രാത്രിയോടടുത്തു. പുറത്ത് ബാല്‍ക്കണി പോലുള്ള നീണ്ട വരാന്തയില്‍നിന്ന്, ചുറ്റും അനന്തമായി കിടക്കുന്ന കടല്‍ കണ്ടു, വിസ്മയം കൂറി. പ്രപഞ്ചനാഥന്‍ ആഴിക്കടിയില്‍ ഒളിപ്പിച്ച അത്ഭുതങ്ങള്‍ ഓര്‍ത്ത് ഹൃദയം വിനയാന്വിതമായി. 
 സൊറ പറഞ്ഞിരിക്കെ, കാറ്റും തിരമാലകളും പൊങ്ങാന്‍ തുടങ്ങി. കൂടെ മനംപിരട്ടാനും. ആടിയുലയുന്ന കപ്പലിനുള്ളിലേക്ക് കാറ്റില്‍ വെള്ളം ചീറിയടിച്ചു. കുട്ടികളൊക്കെ ഛര്‍ദിക്കാന്‍ തുടങ്ങി. കടല്‍ചൊരുക്ക്... രാത്രി ആടിയുലയുന്ന കപ്പലിനുള്ളില്‍ ഞങ്ങള്‍ വല്ലാതെ പേടിച്ചു. പക്ഷേ മറ്റു യാത്രക്കാര്‍ക്ക് ഇതൊന്നും ഒരു സംഭവമേ അല്ലായിരുന്നു. സ്ഥിരം അനുഭവങ്ങള്‍. അവര്‍ ഞങ്ങളെ ആശ്വസിപ്പിച്ചുകൊണ്ടേയിരുന്നു. അവര്‍ കേരളത്തിലേക്ക് ഓരോ ആവശ്യങ്ങള്‍ക്കായി വന്നുപോകുന്നത് ഇത്രയും പ്രയാസങ്ങളും പ്രശ്‌നങ്ങളും സഹിച്ചായിരുന്നു. അതവര്‍ക്ക് ശീലമായി.
ഛര്‍ദിച്ച് അവശരായ മക്കളെയും ചേര്‍ത്തുപിടിച്ച്, ഉള്ളിലെ മനം പിരട്ടലുകള്‍ അടക്കി കണ്ണടച്ച് ഞാന്‍ 
പ്രാര്‍ഥിച്ചുകൊണ്ടേയിരുന്നു. ഇങ്ങനെ ഒരു സാഹസത്തിന് മുതിരേണ്ടിയിരുന്നില്ല എന്നു പോലും തോന്നി.
കപ്പലിലെ ഭക്ഷണത്തിന്റെ  മണവും രുചിയും ഒന്നും പിടിക്കുന്നില്ല. എങ്ങനെയോ നേരം പുലര്‍ന്നപ്പോഴേക്ക് ഞാനും ഛര്‍ദിച്ചു അവശയായി. കാറ്റും കോളുമൊക്കെ അടങ്ങി. ചുറ്റും അനന്തമായി കിടക്കുന്ന കടലിലേക്ക് നോക്കി അവശതയോടെ സമയം തള്ളിനീക്കി. വൈകുന്നേരത്തോടെ ഞങ്ങള്‍ക്കിറങ്ങേണ്ട അഗത്തി എന്ന ദ്വീപില്‍ കപ്പലടുത്തു. അവശത കൊണ്ട് എഴുന്നേറ്റു നില്‍ക്കാന്‍ പോലും പറ്റുന്നില്ലായിരുന്നു. മറ്റുള്ളവരുടെ സഹായത്തോടെ കപ്പലില്‍നിന്ന് ചെറുതോണിയിലേക്ക് കയറി. മനോഹരമായ ആ സ്വപ്‌നദ്വീപിന്റെ കരയില്‍ കാലു കുത്തി. അപ്പോഴും നില്‍ക്കാന്‍ പറ്റാതെ കപ്പലിനുള്ളില്‍ എന്ന പോലെ ആടിയുലയുകയായിരുന്നു.
കരയില്‍ ഞങ്ങളെയും പ്രതീക്ഷിച്ചുനിന്ന ശുക്കൂര്‍ സാഹിബും മക്കളും ഞങ്ങളെയും കൂട്ടി അവരുടെ വീട്ടിലേക്ക് വന്നു. രണ്ടു ബെഡ് റൂമുകളുള്ള ആ കൊച്ചു വീടിന്റെ പണി ഏകദേശം പൂര്‍ത്തിയായിട്ടുണ്ടെങ്കിലും താമസം ആരംഭിച്ചിട്ടില്ല. ആ വീട്ടിലാണ് ഞങ്ങള്‍ക്ക് താമസസൗകര്യം ഒരുക്കിയിരുന്നത്.
ഇവരുടെ കുടുംബവീട് അഗത്തിയില്‍ ആണെങ്കിലും അദ്ദേഹം തൊട്ടടുത്ത ദ്വീപായ കവരത്തിയില്‍ അഗ്രികള്‍ച്ചര്‍ വിഭാഗത്തില്‍ ഓഫീസറാണ്. ദ്വീപുകളുടെ തലസ്ഥാനമായ കവരത്തിയിലാണ് ഫാമിലി സഹിതം താമസിക്കുന്നതെങ്കിലും സ്‌കൂള്‍ അവധിയായ കാരണം ഇവിടേക്ക് വന്നതായിരുന്നു.
ആറ് കിലോമീറ്റര്‍ നീളവും ഒരു കിലോമീറ്റര്‍ വീതിയും മാത്രമേ അഗത്തി ദ്വീപിനുള്ളു. വിമാനത്താവളം ഉള്ള ഏക ദ്വീപാണ് അഗത്തി. ഇവിടെ ഒരു റിസോര്‍ട്ട് ഉണ്ട്.
തേങ്ങ പ്രധാന കൃഷിയായതിനാല്‍ എല്ലാ ഭക്ഷണ സാധനങ്ങളിലും ഇവര്‍ തേങ്ങ ചേര്‍ക്കും. നെയ്ച്ചോറിലും തേങ്ങ ചിരകിയത് ചേര്‍ക്കും. നമ്മുടെ ഭക്ഷണത്തില്‍നിന്നും വേറിട്ടൊരു രുചിയാണ് എല്ലാറ്റിനും അനുഭവപ്പെട്ടത്. എങ്കിലും രുചിക്ക് കുറവില്ല. 
പിന്നൊരു പ്രധാന വിഭവം മാസ്സ് ആണ്; ചൂര മീന്‍ (ട്യൂണ) ഉണക്കിയത്. എല്ലാ വീട്ടുമുറ്റത്തും മീന്‍ ഉണക്കാനിട്ടത് കാണാം. എല്ലാ വീട്ടുകാര്‍ക്കും ബോട്ടും വലയും ഉണ്ട്. നമ്മുടെ നാട്ടിലേതുപോലെ മീന്‍പിടിക്കാന്‍ പോകുന്നത് ഒരു താഴ്ന്ന പണിയായി അവര്‍ കാണുന്നില്ല. അവിടെ മീന്‍ വില്‍പനയില്ല. ഓരോരുത്തരും ആവശ്യത്തിന് കടലില്‍ പോയി കൊണ്ടുവരും. അധികം വരുന്നത് മറ്റുള്ളവര്‍ക്ക് കൊടുക്കുകയോ ഉണക്കി സൂക്ഷിക്കുകയോ ചെയ്യും. കോഴിയും ആടും മിക്ക വീട്ടിലും വളര്‍ത്തുന്നുണ്ട്. വീടുകള്‍ക്കൊന്നും വലിയ മതില്‍ക്കെട്ടുകളോ വേലിക്കെട്ടുകളോ കണ്ടില്ല. വളരെ സൗഹൃദത്തിലും സ്‌നേഹത്തിലും കഴിയുന്ന മനുഷ്യര്‍. കള്ളന്മാരോ പിടിച്ചുപറിക്കാരോ ഇല്ലാത്ത, ഒരു കേസ് പോലും ഇല്ലാത്ത, ഉള്ള നാലഞ്ചു 
പോലീസുകാര്‍ക്ക് ഒരു പണിയും ഇല്ലാത്ത, ഒഴിഞ്ഞു കിടക്കുന്ന പോലീസ് സ്റ്റേഷന്‍ ഉള്ള നാട്. ഇതെന്നെ അത്ഭുതപ്പെടുത്തി. നായ, പാമ്പ്, കാക്ക ഇങ്ങനെ ഉള്ളതൊന്നും അവിടെ കണ്ടില്ല.
ആ നാട്ടില്‍ അന്ന് ആകെ കണ്ടത് രണ്ടോ മൂന്നോ ഓട്ടോ റിക്ഷകള്‍ മാത്രം. അവര്‍ പ്രധാനമായും സൈക്കിള്‍ സവാരിക്കാരാണ്. പെണ്‍കുട്ടികള്‍ ഭയപ്പാടില്ലാതെ സൈക്കിളില്‍ കറങ്ങുന്നത് കാണാം.
'ജസ്രി' എന്നറിയപ്പെടുന്ന ഭാഷയാണ് അവര്‍ തമ്മില്‍ സംസാരിക്കുന്നത്. അതിനു ലിപിയില്ല. കേള്‍ക്കുമ്പോള്‍ മലയാളവും തമിഴും കൂടിക്കലര്‍ന്നതായിട്ടാണ് തോന്നിയത്. നമ്മളോട് നന്നായി എല്ലാവരും മലയാളം സംസാരിക്കുന്നുണ്ടായിരുന്നു.
പിന്നൊരു പ്രത്യേകത തോന്നിയത്, അവരാരും വിദേശത്തു പോയി ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നില്ല എന്നതാണ്. അവരിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരൊക്ക കപ്പലുകളില്‍ എഞ്ചിനീയര്‍മാരായും മറ്റുമാണ് ജോലി ചെയ്യുന്നത്. സ്വന്തം നാടും സംസ്‌കാരവും മുറുകെ പിടിക്കാന്‍ ഇഷ്ടപ്പെടുന്ന ജനത.
അവരുടെ അതിഥികളായി കഴിഞ്ഞ 10 ദിവസം ജീവിതത്തില്‍ മറക്കാനാവാത്തതാണ്. അത്രക്കും സുന്ദരമായിരുന്നു. സമയാസമയങ്ങളില്‍ കുടുംബവീട്ടില്‍നിന്ന് ഭക്ഷണം ഞങ്ങള്‍ താമസിക്കുന്ന വീട്ടിലേക്ക് രണ്ടുമൂന്നു പെണ്‍കുട്ടികള്‍ കൊണ്ടുവരും. ബുദ്ധിമുട്ടേണ്ട, ഞങ്ങള്‍ അവിടെ വന്ന് കഴിച്ചോളാം എന്ന് നിര്‍ബന്ധം പിടിച്ചിട്ടും മൂന്നു നാല് ദിവസം കഴിഞ്ഞേ അതിന് സമ്മതിച്ചുള്ളൂ.
'കര'യില്‍നിന്നും വന്ന അതിഥികളെ കാണാന്‍ അവരുടെ കുടുംബക്കാരും നാട്ടുകാരും വന്നുകൊണ്ടേയിരുന്നു. വരുന്നവര്‍ അതീവ രുചിയുള്ള ഇളനീരും അല്ലെങ്കില്‍ ദ്വീപുകാരുടെ സ്‌പെഷ്യല്‍ 'ദ്വീപുണ്ട', 'ചക്കര' എന്നിവയുമായാണ് വരുന്നത്. അവിടത്തെ അല്‍പം ഭേദപ്പെട്ട വീട്ടുകാരെല്ലാവരും ഊഴം വെച്ച് ഞങ്ങളെ വീട്ടിലേക്ക് വിളിച്ചു സല്‍ക്കരിച്ചു. തമ്മില്‍ ഒരു ബന്ധവും ഇല്ലാതിരുന്നിട്ടും അതിഥിസല്‍ക്കാരത്തില്‍ അവര്‍ കാണിക്കുന്ന സ്‌നേഹവും ഉത്സാഹവും മാതൃകാപരമായിരുന്നു.
മനോഹരമായ കടല്‍ത്തീരം. തിരകളില്ലാത്ത നീലക്കടല്‍. എല്ലാ രാവിലെയും വൈകുന്നേരവും ഞങ്ങള്‍ കടല്‍ക്കരയില്‍ പോയി കാറ്റുകൊണ്ടിരിക്കും. കടല്‍ക്കരയില്‍ മനോഹരമായ തെങ്ങിന്‍തോപ്പാണ്. അധികം ഉയരമില്ലാത്ത തെങ്ങുകള്‍ പരസ്പരം കൈകള്‍ കോര്‍ത്ത് കാറ്റില്‍ പൊട്ടിച്ചിരിക്കുന്നതായി തോന്നും. അതു കേട്ട് കിടക്കാന്‍, അവിടെ തെങ്ങിന്‍തടിയും ഓലമടലും ഉപയോഗിച്ച് കട്ടിലുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഞങ്ങള്‍ അതിന്മേല്‍ കയറിക്കിടക്കും. കാറ്റേറ്റ് താനേ ഉറങ്ങിപ്പോകും. അത്രക്ക് രസമായിരുന്നു.
കേരളത്തില്‍ മലബാര്‍ മേഖലയില്‍ ചിലയിടങ്ങളില്‍ നിലനില്‍ക്കുന്ന പോലെ വിവാഹ ശേഷം സ്ത്രീകള്‍ അവരുടെ വീടുകളില്‍ തന്നെയാണ് താമസിക്കുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍ വല്ല വിശേഷത്തിനും മറ്റും പോയി വരുകയേ ഉള്ളൂ. കല്യാണം പകല്‍ സമയത്താണ് നടക്കുകയെങ്കിലും പുതുക്കപ്പെണ്ണിനെ കൂട്ടാന്‍ രാത്രിയിലാണ് പെണ്ണുങ്ങള്‍ പാട്ടും കൈമുട്ടുമായി വരുന്നത്.
ഒരിക്കല്‍ ഒരു വീട്ടില്‍ ഞങ്ങളെ ഉച്ച ഭക്ഷണത്തിന് ക്ഷണിച്ചു. കുറച്ചു ദൂരെയാണെങ്കില്‍ ക്ഷണിച്ച വീട്ടുകാര്‍ ഓട്ടോയുമായി ഞങ്ങളെ കൂട്ടാന്‍ വരുന്നതാണ് പതിവ്. അങ്ങനെ അവര്‍ വരുന്നതും കാത്തിരിക്കുമ്പോള്‍ അതാ ഒരു ആംബുലന്‍സ് വീട്ടുപടിക്കല്‍ വന്നു നില്‍ക്കുന്നു. ഞങ്ങള്‍ ഞെട്ടി. അതിന്റെ ഡോര്‍ തുറന്ന് ആതിഥേയന്‍ ഇറങ്ങി ഭവ്യതയോടെ പറഞ്ഞു; 'ഉള്ള രണ്ടു മൂന്ന് ഓട്ടോ റിക്ഷകള്‍ അടുത്തൊരു കല്യാണവീട് ഉള്ളതു കാരണം അവിടെ ഓടുകയാണ്. ഇതല്ലാതെ വേറെ വണ്ടിയില്ല. നിങ്ങള്‍ക്ക് പ്രശ്‌നമില്ലെങ്കില്‍....'
ഞങ്ങള്‍ ആകെ അമ്പരന്നു. ആംബുലന്‍സ് കാണുന്നതേ ഉള്ളില്‍ പേടിയാണ്... ഇതില്‍ എങ്ങനെ..? 
അമ്പരപ്പ് ആശ്ചര്യമായും, പിന്നെ ആ ആംബുലന്‍സ് യാത്ര ഒരു തമാശയുള്ള ഓര്‍മയായും മാറി.
വൈകുന്നേരങ്ങളില്‍ നടക്കാനിറങ്ങുമ്പോള്‍ കണ്ടുമുട്ടുന്ന ചെറുപ്പക്കാര്‍ അടക്കമുള്ളവര്‍ മുണ്ട് മടക്കിക്കുത്തഴിച്ച് വളരെ ഭാവ്യതയോടെ സലാം ചൊല്ലി 'കര'യിലെ വിശേഷങ്ങള്‍ ചോദിച്ചു മാറിനില്‍ക്കും. ഒരു 50 വര്‍ഷം പിറകോട്ടുള്ള കേരളത്തിന്റെ രൂപവും ഭാവവും ആണ് ദ്വീപിനും ദ്വീപുനിവാസികള്‍ക്കും എന്ന് തോന്നും.
അഗത്തിക്കടുത്തുള്ള ആള്‍ത്താമസം വളരെ കുറഞ്ഞ ചെറിയ ദ്വീപാണ് ബംഗാരം. ഇവര്‍ക്ക് അവിടെ കുറച്ച് സ്ഥലവും ഒരു ചെറിയ വീടും ഉണ്ട്. ഞങ്ങളെല്ലാവരും കൂടി ഒരു ദിവസം സ്പീഡ് ബോട്ടില്‍ അവിടെയും കാണാന്‍ പോയി. അരിയും സാധനങ്ങളുമൊക്കെ കൊണ്ടുപോയിരുന്നു. കടലില്‍നിന്ന് പിടിച്ച ഫ്രഷ് മീന്‍കറിയും ചോറും അവിടെ നിന്ന് ഉണ്ടാക്കിക്കഴിച്ചു.
ആ വീട്ടിലെ ഉപ്പാപ്പയും ഉമ്മാമയും ആയിരുന്നു മറ്റൊരു ആകര്‍ഷകമായ ഘടകം. അവരെ കാണുമ്പോള്‍ ഒരു പ്രത്യേക ഇഷ്ടവും വാത്സല്യവും തോന്നുമായിരുന്നു. അവര്‍ തമ്മിലുള്ള നിഷ്‌കളങ്ക സ്‌നേഹവും പങ്കുവെപ്പും കാണുമ്പോള്‍ മനസ്സ് നിറഞ്ഞുപോകും.
ഞങ്ങള്‍ തിരിച്ച് പുറപ്പെടുന്ന ദിവസം സ്ത്രീകളും കുട്ടികളുമടക്കം ആ വീട്ടിലെ എല്ലാവരും ഞങ്ങളെ യാത്രയാക്കാന്‍ കടല്‍ക്കരയില്‍ നിരന്നു നിന്നു, നിറകണ്ണുകളുമായി.
ദ്വീപുണ്ട, ചക്കര, മാസ്സ്, ഹലുവ, ട്യൂണ അച്ചാര്‍ എന്നിങ്ങനെയുള്ള ദ്വീപ് സ്‌പെഷ്യല്‍ വിഭവങ്ങള്‍ നിറച്ച വലിയൊരു പെട്ടി ഞങ്ങള്‍ക്കായി അവര്‍ റെഡിയാക്കിവെച്ചിരുന്നു...
10 ദിവസത്തിന് ശേഷം കൊച്ചിയിലേക്കുള്ള 'ടിപ്പു സുല്‍ത്താന്‍' എന്ന സാമാന്യം വലിയ ഇരുനില കപ്പലില്‍ ആയിരുന്നു ഞങ്ങളുടെ മടക്കയാത്ര.
നിഷ്‌കളങ്കരും സ്‌നേഹസമ്പന്നരുമായ ആ മനുഷ്യരുമായി എന്തോ വല്ലാത്തൊരു അടുപ്പം തോന്നിയിരുന്നു. തെളിമയാര്‍ന്ന നീലക്കടലലകളെ വകഞ്ഞുമാറ്റിക്കൊണ്ട് കപ്പല്‍ മുന്നോട്ടെടുക്കുമ്പോള്‍ വീണ്ടും ഒരിക്കല്‍കൂടി തിരിഞ്ഞു നോക്കി.... സുന്ദരമായ ആ വെണ്മണല്‍ തീരത്ത് അവര്‍ക്കൊപ്പം പച്ച തേങ്ങോലകളും കൈകള്‍ വീശുന്നുണ്ടായിരുന്നു....
മനസ്സില്‍ ഉറപ്പിച്ചു, ആയുസ്സുണ്ടെങ്കില്‍ ഇനിയും വരണം ഒരിക്കല്‍ കൂടി ഈ മനോഹര തീരത്തേക്ക്.
 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima SuharaSub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top