കോവിഡ് 19 ഉണ്ടാക്കിയ സാമ്പത്തിക-സാമൂഹിക പ്രതിസന്ധികളെ കുറിച്ച് ധാരാളം പഠനങ്ങളും റിപ്പോര്‍ട്ടുകളും ഇതിനകം വന്നുകഴിഞ്ഞിട്ടുണ്ട്.
കോവിഡ് 19 ഉണ്ടാക്കിയ സാമ്പത്തിക-സാമൂഹിക പ്രതിസന്ധികളെ കുറിച്ച് ധാരാളം പഠനങ്ങളും റിപ്പോര്‍ട്ടുകളും ഇതിനകം വന്നുകഴിഞ്ഞിട്ടുണ്ട്. കുടുംബ ജീവിതത്തെ എങ്ങനെ ഈ പ്രശ്‌നങ്ങള്‍ ബാധിക്കുന്നു എന്നതിനെക്കുറിച്ചും നിരീക്ഷണങ്ങള്‍ ധാരാളമായി ഉണ്ടായിട്ടുണ്ട്, ചെറിയ ഒരു കാലഘട്ടത്തിലാണ് നാം ഇവയെ പഠനവിധേയമാക്കിയിട്ടുള്ളത് എന്നതിനാല്‍ അത് തന്നെയാണ് സത്യം എന്നു പറയാനും വയ്യ. എന്നാല്‍ പലതും അങ്ങനെ ആയിരിക്കുമെന്ന നിഗമനത്തിലൂടെയാണ് കാര്യങ്ങള്‍ കടന്നുപോകുന്നത്.
കോവിഡ് 19 ഉണ്ടാകുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്ന് അത് വലിയ സ്‌ട്രെസ് മനസ്സിന് നല്‍കുന്നു എന്നുള്ളതാണ്. യഥാര്‍ഥത്തില്‍ പ്രശ്‌നങ്ങള്‍, പ്രതിസന്ധികള്‍, പ്രയാസങ്ങള്‍, ആശ്വാസം, സമാധാനം, ക്ഷേമം എന്നിങ്ങനെയുള്ള വിവിധ വൈകാരികാവസ്ഥകളുടെ, സമ്മിശ്രമാണ് ജീവിതം. പ്രശ്‌നങ്ങള്‍ മാത്രമല്ല, പ്രശ്‌നങ്ങള്‍ ഇല്ലാത്ത ക്ഷേമപൂര്‍ണമായ സന്ദര്‍ഭങ്ങളും ജീവിതത്തില്‍ ഇടം പിടിക്കുന്നു. അതുപോലെ തിരിച്ചും ഉണ്ടാകുന്നു. പ്രശ്‌നങ്ങളും പ്രതിസന്ധികളുമൊക്കെ ഉണ്ടാകുമ്പോള്‍ സമചിത്തത കൈവിടാതെ മനസ്സുണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ അവയെ വിജയകരമായി മറികടക്കാന്‍ സാധിക്കുമെന്നതാണ് വസ്തുത. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ തളരുകയും, പ്രശ്‌നങ്ങള്‍ ഇല്ലാത്തപ്പോള്‍ മതിമറന്നുപോവുകയും ചെയ്യുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒന്നല്ല. പ്രതിസന്ധികള്‍ അതനുഭവിക്കുന്ന വ്യക്തിയുടെ മാത്രം കാരണമായിരിക്കണമെന്നില്ല, മറ്റുള്ളവരുടെ ഇടപെടല്‍ കൊണ്ടും പിരിമുറുക്കം അനുഭവിക്കും. അപ്പോഴൊക്കെ വളരെ ബുദ്ധിപൂര്‍വം കാര്യങ്ങളെ കാണുകയും വസ്തുതകള്‍ ഉള്‍ക്കൊണ്ട് പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണ് കരണീയമായിട്ടുള്ളത്.
മനുഷ്യന്റെ മനസ്സും നാഡിവ്യൂഹവും രോഗപ്രതിരോധശേഷിയും തമ്മില്‍ ബന്ധമുണ്ട് എന്ന കണ്ടെത്തലിനെ തുടര്‍ന്ന് രൂപം കൊണ്ടിട്ടുള്ള വൈദ്യശാസ്ത്ര ശാഖയാണ് 'സൈക്കോ ന്യൂറോ ഇമ്യൂണോളജി'. സമ്മര്‍ദങ്ങളും സ്ട്രെസ്സും ഉത്കണ്ഠയും രോഗപ്രധിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കുന്നു. എഴുപതു ശതമാനം രോഗങ്ങളുടെയും കാരണം മാനസിക സംഘര്‍ഷങ്ങളും അതിനെ തുടര്‍ന്നുള്ള ശാരീരിക രാസമാറ്റങ്ങളുമാണെന്ന് വൈദ്യശാസ്ത്രം ഉണര്‍ത്തുന്നുണ്ട്.
ചെറിയ തോതിലുള്ള സ്വയം നിയന്ത്രിക്കാന്‍ പറ്റുന്ന സ്‌ട്രെസ് മനുഷ്യര്‍ക്ക് ഉണ്ടാവേണ്ടതുണ്ട്. പരീക്ഷക്ക് പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാര്‍ഥിക്ക് പഠനത്തെ കുറിച്ചും പരീക്ഷയെ കുറിച്ചും ഒട്ടും ആകുലത ഇല്ലെങ്കില്‍ ആ കുട്ടി പഠനത്തില്‍ ശ്രദ്ധിക്കുകയോ പരീക്ഷയെ ഗൗരവപൂര്‍വം അഭിമുഖീകരിക്കുകയോ ചെയ്യില്ല. അങ്ങനെയുള്ളവര്‍ക്കാണ് ഉന്നത വിജയം നേടിയെടുക്കാന്‍ കഴിയുക. ഇത് ജീവിതത്തിന്റെ മറ്റെല്ലാ മേഖലകളിലേക്കും പാഠമായ ഒന്നുകൂടിയാണ്. സമ്മര്‍ദം എന്താണെന്ന് ചോദിച്ചാല്‍, അതൊരു മനഃശാസ്ത്രപരമായ വേദനയാണ് എന്ന് പറയാം. പ്രശസ്ത മനഃശാസ്ത്രജ്ഞന്‍ സ്പീല്‍ ബര്‍ഗര്‍ അതിനെ കുറിച്ച് പറഞ്ഞത് 'വ്യക്തിയുടെ പൊരുത്തപ്പെടലിനുള്ള കഴിവുകളും ചുറ്റുപാടുകളുടെ സമ്മര്‍ദവും തമ്മിലുള്ള പ്രതിപ്രവര്‍ത്തനമാണ് മാനസിക സമ്മര്‍ദം' എന്നാണ്. കോവിഡ് 19 നമുക്ക് ചുറ്റുമുള്ള ഒരു സമ്മര്‍ദമാണ്. ചുറ്റും ഉണ്ടായിക്കൊണ്ടിരിക്കുന്ന സമ്മര്‍ദത്തോട് പൊരുത്തപ്പെടാനുള്ള നമ്മുടെ കഴിവിനെ അനുസരിച്ചിരിക്കും നാം അനുഭവിക്കുന്ന മാനസിക സമ്മര്‍ദം, അത് ആവശ്യത്തിനാകുമ്പോള്‍ പ്രയോജനകരമായി നിലകൊള്ളുകയും ചെയ്യുന്നു.
കോവിഡ് 19 ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം കുടുംബത്തിലും വ്യക്തികളിലുമുണ്ടാകുന്ന ശക്തമായ മാനസിക സമ്മര്‍ദമാണ് എന്ന് ലോകാരോഗ്യ സംഘടനയടക്കമുള്ള പല വേദികളും വിലയിരുത്തിയിട്ടുണ്ട്. അതിനനുസൃതമായി മാനസിക സമ്മര്‍ദം ലഘൂകരിക്കുന്നതിനു വേണ്ടിയുള്ള ഒരുപാട് നിര്‍ദേശങ്ങളും ലോകാരോഗ്യ സംഘടനയില്‍നിന്നും മറ്റ് വേദികളില്‍നിന്നുമൊക്കെ ഉണ്ടായിട്ടുമുണ്ട്. വ്യാപാര-വ്യവസായ മേഖലകളും അനുബന്ധ മേഖലകളുമൊക്കെ വളരെയധികം പ്രതികൂലമായ സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടി വരുന്നു. തൊഴില്‍നഷ്ടം ഒരു വലിയ ഭീക്ഷണിയായി നിലനില്‍ക്കുന്നു. ലോകത്തിലെ നാല്‍പതു ബില്യന്‍ ജനങ്ങളുടെ ജോലി നഷ്ടപ്പെടും എന്ന് കണക്കാക്കിയിട്ടുണ്ട്. അല്‍ജസീറ ഈ അടുത്ത് പുറത്തുവിട്ട ഒരു കണക്കില്‍ രണ്ടായിരത്തി ഇരുപത്തിയൊന്ന് ഏപ്രില്‍ ആകുമ്പോഴേക്കും ഇന്ത്യയില്‍ മാത്രം ഏതാണ്ട് മൂന്നു കോടിയോളം വരുന്ന യുവാക്കള്‍ക്ക് ജോലി നഷ്ടപ്പെടും എന്നാണ് പറയുന്നത്. ഇതുണ്ടാക്കുന്ന ആശങ്കകളും മാനസിക സമ്മര്‍ദങ്ങളും വളരെ വലുതായിരിക്കും. പുറത്തിറങ്ങി നടക്കുന്നത് ആരോഗ്യത്തിന് ഭീഷണിയായതിനാല്‍ ആളുകള്‍ പരമാവധി വീടുകളില്‍ കഴിച്ചുകൂട്ടുന്നു. സാമ്പത്തിക ഞെരുക്കങ്ങളും വരാനിരിക്കുന്ന പ്രതിസന്ധികളുമൊക്കെ വലിയ അളവില്‍ മാനസിക സമ്മര്‍ദമായി കുടുംബത്തില്‍ കലഹങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാവുകയും ചെയ്യുന്നു.
മറ്റൊന്ന് വിദ്യാഭ്യാസ രംഗത്തുണ്ടായ മാറ്റമാണ്. വിദ്യാഭ്യാസ രംഗം വീടിനുള്ളിലേക്ക് മാറ്റപ്പെട്ടു. ഓണ്‍ലൈന്‍ ക്ലാസുകള്‍ എല്ലാവര്‍ക്കും പരിചിതമായ ഒന്നായിത്തീര്‍ന്നു. ഒരുപക്ഷേ വികസിത രാജ്യങ്ങളില്‍ ഉണ്ടായിരുന്ന ളഹശു രഹമലെ,ൈ യഹലിറലറ രഹമലൈ െഒക്കെ വളരെ പെട്ടന്ന് നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ വരെ പ്രത്യക്ഷപ്പെട്ടു. സാധാരണ പോലെ ജീവിതം മുന്നോട്ടു പോവുകയാണെങ്കില്‍, പത്തോ ഇരുപത്തിയഞ്ചോ വര്‍ഷം കഴിഞ്ഞ് എത്തിച്ചേരുമായിരുന്ന ഇത്തരം കാര്യങ്ങള്‍, ടെക്‌നോളജിയുടെ പിന്‍ബലത്തോടെ വളരെ പെട്ടെന്നു തന്നെ നമ്മുടെ ഗ്രാമപ്രദേശങ്ങളില്‍ വരെ വന്നു ചേരുന്നതിന് കോവിഡ് 19 കാരണമായിട്ടുണ്ട്. വളരെ സാധാരണക്കാരായ ആളുകള്‍ക്ക് വരെ ഇത്തരം ടെക്‌നോളജികള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നു. മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് മാതാപിതാക്കളും മാറിയിട്ടുണ്ട്. മുമ്പൊന്നുമില്ലാത്ത വിധം അവരുടെ ടീച്ചറും മെന്ററും അവരുടെ ഇന്‍വിജിലേറ്ററും ഒക്കെയായി മാതാപിതാക്കള്‍ മാറുകയാണ്. ഇത് കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള വഴക്കിനും കാരണമാകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതേസമയം, കുട്ടികളെ അറിഞ്ഞ് അവരുടെ ഒപ്പം നിന്ന്, പഠനവിഷയത്തില്‍ പിന്താങ്ങുന്നവരായി രക്ഷിതാക്കള്‍ മാറുന്നതായും കാണുന്നു. അതോടൊപ്പം വീട്ടിലുള്ള ജോലിഭാരവും സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും മാനസിക പിരിമുറുക്കവും ഒക്കെയുള്ള ആളുകള്‍ക്ക് കുട്ടികളുടെ പഠനഭാരം കൂടി ഏല്‍ക്കേണ്ടിവരുമ്പോള്‍ വീണ്ടും കടുത്ത മാനസിക സമ്മര്‍ദം ഉണ്ടാവും.
വിദ്യാഭ്യാസ സംവിധാനത്തിന്റെ ഭാഗമായ ക്ലാസ് റൂമും ടീച്ചേഴ്‌സും കുട്ടികളുടെ ആകെ വികാസവുമായും അവരുടെ സൈക്കോളജിക്കല്‍ ഡെവലപ്‌മെന്റുമായും അവരുടെ സാമൂഹിക ഇടപെടലുകളുമായും ഒക്കെ ബന്ധമുള്ളതാണ്. ഫിസിക്കല്‍ ക്ലാസ് റൂമില്‍നിന്ന് വിദ്യാഭ്യാസ രീതി തികച്ചും ഓണ്‍ലൈനിലേക്ക് മാറുമ്പോള്‍ ഇല്ലാതെ പോകുന്നത് കുട്ടികളും അധ്യാപകരും നേര്‍ക്കുനേരെ നടത്തുന്ന ഇടപെടലുകളാണ്. അത് കുട്ടികളില്‍ വലിയ രീതിയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ്. രണ്ടാമതായി ഓണ്‍ലൈന്‍ ക്ലാസിന്റെ പരിമിതി കുട്ടിയുടെ സ്വഭാവത്തില്‍ വലിയ സ്വാധീനം ചെലുത്തുന്ന പിയര്‍ ഗ്രൂപ്പുമായുള്ള ഇടപെടലുകളുടെ അഭാവമാണ്. ഒരു ക്ലാസ്സില്‍ സാധാരണയായി 30-40 കുട്ടികള്‍ പരസ്പരം കൊണ്ടും കൊടുത്തും ഇടപഴകുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുമ്പോഴുള്ള സോഷ്യല്‍ ബിഹേവിയര്‍ കുട്ടിയുടെ വളര്‍ച്ചക്ക് അനിവാര്യമാണ്. ഇതും ഈ കാലഘട്ടത്തില്‍ ഇല്ലാതെ പോകുന്നു.
കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ബാധ്യതയുള്ളവനാണ് ഓരോ കുടുംബനാഥനും. അങ്ങനെ ചെയ്ത ധാരാളം കുടുംബനാഥന്മാരും വീടുമുണ്ട്. പക്ഷേ എല്ലാവരും അങ്ങനെ അല്ല. ഇപ്പോഴും കാര്യത്തിന്റെ ഗൗരവം വേണ്ടതു പോലെ ഉള്‍ക്കൊള്ളാത്തവരാണ് കൂടുതല്‍ ആളുകളും.
അതുമായി ബന്ധപ്പെട്ട ഒരു അനുഭവം പങ്കുവെക്കുന്നു. ഒരു കുടുംബം കൗണ്‍സലിംഗ് സെന്ററിലേക്ക് വന്നു. അവര്‍ക്കിടയില്‍ നിരവധി പ്രശ്‌നങ്ങളുണ്ട്. കുടുംബനാഥന്റെ അലസത, ഉത്തരവാദിത്തമില്ലായ്മ, പണം ചെലവഴിക്കാനുള്ള മടി തുടങ്ങി ഇണകള്‍ തമ്മിലുള്ള ശാരീരിക ബന്ധങ്ങളിലേക്കു വരെ അതിന്റെ പ്രശ്‌നങ്ങള്‍ നീണ്ടുനില്‍ക്കുന്നു. ആളൊരു പ്രവാസിയാണ്. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് അല്‍പം മുമ്പാണ് അദ്ദേഹം നാട്ടിലെത്തിയത്. തിരിച്ചുപോകാന്‍ സാധിച്ചിട്ടില്ല. തിരിച്ചുപോയാല്‍ തന്നെ അവിടെ അദ്ദേഹം ചെയ്തുകൊണ്ടിരുന്ന ചെറിയ ഒരു ചായക്കട നടത്തിക്കൊണ്ടുപോകാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ സംശയവും ഉണ്ട്. മക്കളുടെ വിവാഹവും മറ്റുമായി അല്‍പം സാമ്പത്തിക ബാധ്യതയുമുണ്ട്. എന്നാല്‍ അയാള്‍ കുടുംബത്തോടൊപ്പം താമസിക്കാന്‍ തുടങ്ങിയപ്പോള്‍ ആവശ്യമായ കാര്യങ്ങള്‍ക്ക് പണം ചെലവഴിക്കാന്‍ മടികാണിച്ചു കൊണ്ടിരിക്കുന്നു. ഇത് വീട്ടില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ തുടങ്ങി. അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ മനസ്സിലാക്കാനായത് അങ്ങേയറ്റത്ത് നില്‍ക്കുന്ന ഉത്കണ്ഠയും സ്ട്രെസ്സും, അഥവാ വിദേശത്തേക്ക് വീണ്ടും തിരിച്ചുപോകാന്‍ സാധിച്ചില്ലെങ്കില്‍, ജോലിയില്ലെങ്കില്‍, വരുമാനം ഇല്ലാതായിത്തീരുന്ന അവസ്ഥയില്‍ തന്റെ കൈയിലുള്ള പണം തീരുന്നതോടുകൂടി താന്‍ ദാരിദ്ര്യത്തിലേക്ക് കടക്കും എന്ന് ചിന്തിച്ചുകൊണ്ടാണ് കൈയിലുള്ള പണം ചെലവാക്കാന്‍ മടികാണിക്കുന്നത്. അത് അവശ്യ സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്നതിനുപോലും മടികാണിക്കുന്നിടത്ത് അദ്ദേഹത്തെ കൊണ്ടെത്തിച്ചു. ഇങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ കൊണ്ട് മാനസിക സമ്മര്‍ദം അനുഭവിക്കുന്നവര്‍... അതുകൊണ്ടു തന്നെ ഇണയോട് ഒരല്‍പം അടുപ്പം കാണിക്കാതിരിക്കുന്നതു കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍.... ഇവ മൂലം ഒരുപാട് ദമ്പതികള്‍ ഈ കോവിഡ് കാലത്ത് കൗണ്‍സലിംഗ് സെന്ററുകളില്‍ എത്തുന്നുണ്ട്.
ജോലിയില്ലെങ്കില്‍ മറ്റൊരു ജോലി കിട്ടുമായിരിക്കും. പക്ഷേ അദ്ദേഹത്തിന് എന്നോട് നല്ല രീതിയില്‍ ആദ്യത്തെ പോലെ സംസാരിച്ചുകൂടേ.... അതിനാല്‍ ഞങ്ങള്‍ തമ്മില്‍ ഇപ്പോള്‍ ഒരു അടുപ്പവും ഇല്ല- ഇങ്ങനെ പരാതി പറയുന്നവരുമുണ്ട്. ചുരുക്കത്തില്‍, മനുഷ്യന്റെ നോര്‍മല്‍ കണ്ടീഷന്‍ നഷ്ടപ്പെടുകയും പുതിയ സാഹചര്യത്തോട് പൊരുത്തപ്പെട്ടു വരാന്‍ കഴിയാത്തവിധം മാനസിക പിരിമുറുക്കം ഉണ്ടാവുകയും അത് ലോകാടിസ്ഥാനത്തില്‍ നിരവധി കുടുംബങ്ങളില്‍ കുടുംബപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.
യൂറാക്റ്റീവ് നെറ്റ്വര്‍ക്ക് റിപ്പോര്‍ട്ട് അനുസരിച്ച് മാര്‍ച്ചില്‍ ഫ്രാന്‍സില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ആദ്യത്തെ ആഴ്ചയില്‍ തന്നെ ഡൊമസ്റ്റിക് വയലന്‍സ് 32 ശതമാനം വര്‍ധിച്ചു എന്നാണ്. പിന്നീട് അത് 36 ശതമാനമായി. മറ്റു രാജ്യങ്ങളിലെയും സ്ഥിതി ഇങ്ങനെ തന്നെയാണ്.
മറ്റൊന്ന്, ദമ്പതികള്‍ തമ്മിലുള്ള സെക്‌സ് റിലേഷന്‍ഷിപ്പുമായി ബന്ധപ്പെട്ട വിഷയമാണ്. രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ഉടനെ ബംഗളൂരുവില്‍ നിന്നുള്ള വാര്‍ത്ത ഇങ്ങനെയായിരുന്നു: ഐ.ടി മേഖലയില്‍ ജോലിയുള്ള ദമ്പതികള്‍. അവരില്‍ യുവതി ഡൈവോഴ്‌സ് വേണമെന്നാവശ്യപ്പെട്ട് പോലീസിനെ സമീപിച്ചു. കാരണമിതാണ്, അദ്ദേഹത്തിന് ഇടക്കിടക്ക് സെക്‌സ് ആവശ്യമാണ്; എന്നാല്‍ അദ്ദേഹം ഒരാഴ്ചയായി കുളിച്ചിട്ടില്ല. കുളിക്കുകയോ വൃത്തിയാക്കുകയോ ചെയ്യാതെ അലസത കാണിച്ചു കിടക്കുകയും ഇടക്കിടക്ക് ഇണ ചേരുന്നതിനു മാത്രം സമീപിക്കുകയും ചെയ്യുന്ന ഒരു സ്വഭാവത്തിലേക്ക് അയാള്‍ വന്നു.
മറ്റൊന്ന് സാമ്പത്തികമായും സാമൂഹികമായും സ്വന്തം ജീവിതത്തെ ബാധിക്കുമോ എന്ന രീതിയിലുള്ള പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി കുടുംബപരമായ മറ്റു കാര്യങ്ങളില്‍ ശ്രദ്ധ ഇല്ലാതായി പോകുന്ന ചില ആളുകളാണ്. സെക്‌സില്‍നിന്നെല്ലാം വിമുഖത കാണിച്ച് മാറിനില്‍ക്കുന്ന ആളുകള്‍. രണ്ടാമത് പറഞ്ഞ ആളുകളാണ് കൂടുതലുള്ളത്. ഒറ്റപ്പെട്ട കേസുകള്‍ ആദ്യം പറഞ്ഞതിലും ഉണ്ട്.
തമാശ തോന്നുന്ന ഒരു കാര്യം, ജനസംഖ്യാ നിയന്ത്രണ മാര്‍ഗങ്ങളായ കോണ്ടത്തിന്റെയടക്കം വില്‍പന കൂടുന്നതാണ്. ജനസംഖ്യാ വര്‍ധനവ് ഉണ്ടാകും എന്നൊക്കെയുള്ള പ്രഖ്യാപനങ്ങളാണ് ലോക്ക് ഡൗണ്‍ ആദ്യവാരത്തില്‍ പുറത്തുവന്നത്. പ്രതീക്ഷിച്ചതു പോലെ ആയിരുന്നില്ല എന്നതാണ് സത്യം.
വേശ്യാവൃത്തി വലിയ വ്യവസായമാണ് ലോകത്ത്. കുടുംബജീവിതത്തെ താറുമാറാക്കുന്നു. കുടുംബഭദ്രത തകര്‍ക്കുന്നു എന്ന് മാത്രമല്ല സ്ത്രീകളുടെ ഡിഗ്നിറ്റിയെ പാടേ തകര്‍ത്തുകളയുന്ന ഒന്നുമാണ് അത്. ഇത്രമേല്‍ വ്യക്തികളെയും സമൂഹത്തെയും ബാധിക്കുന്ന കാര്യമായിരുന്നിട്ടും അത് വ്യവസായമായി നിലനില്‍ക്കുന്നു. വലിയ വലിയ ടൂറിസം വ്യവസായത്തിന്റെ ഭാഗമെന്ന നിലയില്‍ അത് നിയമപരമായി അനുവദിക്കുന്നുണ്ട് പല രാജ്യങ്ങളിലും. എന്നാല്‍ കോവിഡ്-19 ലോക്ക് ഡൗണ്‍ കാലത്ത് സോഷ്യല്‍ ഡിസ്റ്റന്‍സ് ഒരു പ്രധാന വിഷയമായി മാറി. ആളുകള്‍ തമ്മില്‍ തൊട്ടുകൂടാ, കൈ കൊടുത്തുകൂടാ തുടങ്ങിയവ ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ ഇത്തരം സെന്ററുകളുടെ സാധ്യതകള്‍ തീരെ ഇല്ലാതായി. ഗവണ്‍മെന്റുകളുടെ മറ്റു വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കാന്‍ നിരവധി കാരണങ്ങള്‍ ഉണ്ടാകുമ്പോഴും ഗവണ്‍മെന്റ് നിര്‍ത്താന്‍ പ്ലാന്‍ ചെയ്ത വ്യവസായ പദ്ധതികളില്‍ ഒന്നാണ് വേശ്യാവൃത്തി. അത് ആരോഗ്യകരമായ ഒരു തീരുമാനമാണ്, താല്‍ക്കാലികമാണെങ്കിലും സാമൂഹികമായ അച്ചടക്കത്തിനും അത് കാരണമായിട്ടുണ്ട്.
ലോക്ക് ഡൗണ്‍ സമയത്ത് മദ്യപാനികള്‍ മദ്യം കിട്ടാതെ വീടുകളിലേക്ക് ഒതുങ്ങിയപ്പോള്‍ അവരുണ്ടാക്കിയ കുറേ പ്രശ്‌നങ്ങളുണ്ട്. കുറേ ആളുകള്‍ ഈ സമയം ഡി അഡിക്ഷന് തയാറായി. കൊറോണാ കാലമായതുകൊണ്ടും വല്ലാതെ കൂട്ടുകൂടി നടക്കാന്‍ കഴിയില്ല എന്നതുകൊണ്ടും എല്ലാ ഡി അഡിക്ഷന്‍ ട്രീറ്റ്‌മെന്റും മികച്ചതാക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ കൂട്ടത്തില്‍ ചികിത്സക്ക് പോകാത്ത മദ്യപാനം ഉപേക്ഷിക്കാത്ത, ചിലര്‍ ഉണ്ടാകും. അവരുടെ കൂടെ ഇവര്‍ വീണ്ടും മദ്യപിച്ച് തുടങ്ങുകയും ചെയ്യും. ഇങ്ങനെ വന്നാല്‍ ഇല്ലാത്ത കാശ് കൊടുത്ത് ചികിത്സിച്ച് പ്രത്യാശയോടെ കഴിഞ്ഞിരുന്ന വീടകങ്ങളില്‍ പ്രശ്‌നങ്ങള്‍ വീണ്ടും ഉയര്‍ന്നു വരാന്‍ തുടങ്ങും. രണ്ടു മൂന്ന് മാസത്തെ ചികിത്സ കഴിഞ്ഞെത്തിയ ആള്‍ അടുത്ത ദിവസം തന്നെ കുടിക്കാന്‍ പോയിരിക്കുന്നു എന്നുള്ള പരിഭവവും വീട്ടില്‍നിന്ന് ഉണ്ടാകും.
വിശ്വാസികള്‍ പിന്തുടരുന്ന ധാര്‍മിക മൂല്യങ്ങള്‍ കാരണമാണ് കുടുംബ ജീവിതം സന്തോഷത്തോടെ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. ഈ മൂല്യങ്ങള്‍ ഏതൊരു കുടുംബത്തിലേക്കും സ്വീകരിക്കാവുന്നതാണ്. പ്രയാസമനുഭവിക്കുന്ന, ഛിദ്രതയനുഭവിക്കുന്ന, ശൈഥില്യമനുഭവിക്കുന്ന നിരവധി കുടുംബങ്ങളിലേക്ക് ഇസ്‌ലാമിന്റെ കുടുംബ-ധാര്‍മിക മൂല്യങ്ങളെ മറ്റു മൂല്യങ്ങള്‍ എന്നപോലെത്തന്നെ എത്തിക്കാന്‍ സാധിച്ചാല്‍ ഈ ലോകത്തിനു നല്‍കുന്ന ഏറ്റവും വലിയ സമ്മാനമായിരിക്കും അത്.
തയാറാക്കിയത്: അമാന റഹ്മ. എം