ഭരണകൂട ഭീകരതയുടെ ഇരകള്‍

ആദം അയൂബ്  No image

എന്നത്തെയും പോലെ കഴിഞ്ഞ നവംബര്‍ ഇരുപത്തിയാറും നമ്മള്‍ ഭരണഘടനാ ദിനമായി ആചരിച്ചു. ഡോ. ബി.ആര്‍ അംബേദ്കര്‍ നമുക്ക് നല്‍കിയ ലോകത്തെ ഏറ്റവും ശ്രേഷ്ഠവും അമൂല്യവും എന്ന് നമ്മള്‍ ഊറ്റം കൊള്ളുന്ന, മൗലികാവകാശങ്ങള്‍ക്കും പൗരസ്വാതന്ത്ര്യത്തിനും പരിരക്ഷ നല്‍കിയ, മതേതരത്വത്തിലും ജനാധിപത്യത്തിലും അധിഷ്ഠിതമായ ഭരണഘടനയുടെ ശ്രേഷ്ഠതയെക്കുറിച്ചും മഹത്വത്തെക്കുറിച്ചും പ്രഘോഷണങ്ങള്‍ നടത്തിയാണ് എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും ഭരണഘടനാദിനം ആഘോഷിച്ചിരുന്നത്. എന്നാല്‍ കേവലം അധരവ്യായാമങ്ങള്‍ കൊണ്ട് ഭരണഘടനയെ പരിരക്ഷിച്ചു നിര്‍ത്താനാവില്ല. കാരണം ഭരണഘടന നിലനില്‍പ് തന്നെ അപകടത്തിലാണെന്ന അപായ സൂചനകളാണ് ലഭിക്കുന്നത്. അംബേദ്കറുടെ നേതൃത്വത്തില്‍ ഭരണഘടനാ നിര്‍മാണസമിതി പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ തന്നെ, മനുസ്മൃതി ഉള്ളപ്പോള്‍ എന്തിനാണ് മറ്റൊരു ഭരണഘടന എന്ന് ചോദിച്ച ആര്‍.എസ്.എസ് ഇപ്പോള്‍ മനുസ്മൃതി പൊടി തട്ടിയെടുത്ത്, ഭരണഘടനയുടെ സ്ഥാനത്ത് അത് പ്രതിഷ്ഠിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. 
സവര്‍ണര്‍ക്ക് മാത്രമേ ഈ രാജ്യത്ത് മാന്യമായി ജീവിക്കാന്‍ അവകാശമുള്ളൂ എന്നാണ് മനുസ്മൃതി പ്രഖ്യാപിക്കുന്നത്. ബ്രാഹ്മണര്‍ ദൈവത്തിന്റെ ഏറ്റവും അടുത്ത ആളുകള്‍ ആയതുകൊണ്ട് അവര്‍ക്ക്  എന്ത് കൊള്ളരുതായ്മകള്‍ കാണിക്കാനും അധികാരം നല്‍കുന്നു. ഏതൊരു സ്ത്രീയെയും, ഏതൊരു കീഴ്ജാതിക്കാരനെയും വധിക്കുന്നത് പാപമല്ല എന്നാണ് മനുസ്മൃതി പറയുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് പോലും ഇന്ത്യയിലെ പല കോടതികളും വിധി കല്‍പ്പിക്കാന്‍ ആശ്രയിച്ചത് മനുസ്മൃതിയിലെ പ്രാകൃത നിയമങ്ങളെ ആയിരുന്നു എന്നത് ഞെട്ടിക്കുന്ന സത്യമാണ്.
ഭരണകൂടങ്ങളാല്‍ വ്യക്തികളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുമ്പോള്‍, അവര്‍ക്ക്  സംരക്ഷണം നല്‍കുന്ന വകുപ്പാണ് ഭരണഘടനയുടെ 32-ാം വകുപ്പ്. ഭരണഘടനയിലെ, തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വകുപ്പ് ഇതാണെന്ന് അംബേദ്കറും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ വകുപ്പാണ് തങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ തലവേദന സൃഷ്ടിക്കുന്നതെന്ന് സുപ്രീംകോടതി ന്യായാധിപന്മാര്‍ തന്നെ പറഞ്ഞുവെച്ചിരിക്കുന്നു. ഈ വകുപ്പ് പ്രകാരമുള്ള കേസുകളുടെ ബാഹുല്യമാണ് ജഡ്ജിമാരെ ചൊടിപ്പിച്ചത്. എന്നാല്‍ അത്രയും പൗരാവകാശ ധ്വംസനങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നു എന്ന വസ്തുതയിലേക്കാണ് ഈ കേസുകളുടെ ബാഹുല്യം വിരല്‍ചൂണ്ടുന്നത്. ഒരു ജനാധിപത്യ സംവിധാനത്തില്‍, ജനങ്ങളുടെ അവസാന ആശ്രയം കോടതികളാണ്. എന്നാല്‍ ഇന്ന് കോടതികള്‍ പോലും പക്ഷപാതപരമായി വിധി കല്‍പ്പിക്കുന്ന എത്രയോ ഉദാഹരണങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്.
97 പേരെ കൊന്നതിന് ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ബാബു ബജ്‌റംഗിക്ക്, ആരോഗ്യ കാരണങ്ങളാല്‍ ജാമ്യം അനുവദിച്ച അതേ നിയമ വ്യവസ്ഥിതിയാണ്, ഒരു കുറ്റവും ചെയ്യാതെ 22 വര്‍ഷമായി ജയിലില്‍ കഴിയുന്ന നിരവധി രോഗങ്ങളാല്‍ അവശനായ അബ്ദുന്നാസര്‍ മഅ്ദനിയോട് ദയ കാണിക്കാത്തത്. ഇതേ നിയമങ്ങളാണ് എണ്‍പത്തിരണ്ടുകാരനായ പാര്‍ക്കിന്‍സന്‍ രോഗി ഫാ. സ്റ്റാന്‍ സ്വാമിയെ തുറുങ്കിലടച്ചത്. വിറയ്ക്കുന്ന കൈകള്‍ കൊണ്ട് ഗ്ലാസ് പിടിക്കാന്‍ കഴിയാത്തതു കൊണ്ട്, വെള്ളം കുടിക്കാന്‍ സ്ട്രാ അനുവദിക്കണമെന്ന രോഗിയായ ആ വൃദ്ധന്റെ ദയനീയമായ അപേക്ഷ പോലും നിര്‍ദയം തള്ളിക്കളയപ്പെട്ടു. അവഗണനയും ചൂഷണവും അനുഭവിക്കുന്ന അധഃസ്ഥിതരെയും ന്യൂനപക്ഷങ്ങളെയും സംഘടിപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ് അബ്ദുന്നാസര്‍ മഅ്ദനി ചെയ്ത കുറ്റം. അദ്ദേഹത്തിനെതിരെ നിരത്തിയ കള്ളത്തെളിവുകള്‍ ഒന്നും കോടതിയില്‍ നിലനില്‍ക്കാത്തതിനാല്‍, ഭാവനാനിര്‍മിതിയായ പുതിയ കേസുകള്‍ ഉണ്ടാക്കി ആ മനുഷ്യന്‍ ഒരിക്കലും ജീവനോടെ പുറത്തുവരരുത് എന്ന ശാഠ്യത്തോടെ ഭരണകൂടം കരുക്കള്‍ നീക്കുകയാണ്. മഅ്ദനിയുടേതിനു സമാനമായ കുറ്റമാണ് ഫാ. സ്റ്റാന്‍ സ്വാമിയിലും ആരോപിക്കപ്പെട്ടിരിക്കുന്നത്. നിര്‍ധനരും നിരാലംബരുമായ, എന്നും ചൂഷണത്തിന് വിധേയരായിക്കൊണ്ടിരിക്കുന്ന ഒഡീഷയിലെ ആദിവാസികള്‍ക്കും ദലിതര്‍ക്കും  ആശ്രയം അരുളി എന്നതാണ് അദ്ദേഹത്തിന്റെ കുറ്റം. 

ഭീമ-കൊറേഗാവ് കേസ് 

1818 ജനുവരി ഒന്നാം തീയതി, ദലിതരെ എന്നും വേട്ടയാടിക്കൊണ്ടിരുന്ന ക്രൂരനായ പേഷ്വാ ഭരണാധികാരിയെ, ദലിതര്‍ക്ക് പ്രാമുഖ്യമുള്ള ഒരു ബ്രിട്ടീഷ് സേനാ വിഭാഗം യുദ്ധത്തില്‍ പരാജയപ്പെടുത്തി. 2017 ഡിസംബറില്‍, ആ യുദ്ധവിജയത്തിന്റെ ഇരുനൂറാം വാര്‍ഷികം ആഘോഷിക്കാന്‍ ഒത്തുകൂടിയ ദലിതര്‍ക്കു നേരെ, സവര്‍ണരായ മറാഠകള്‍ അഴിച്ചുവിട്ട അക്രമത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക്  പരിക്കേല്‍ക്കുകയും ചെയ്തു. അതിന്റെ പേരിലാണ് ഇന്ത്യയില്‍ ഉടനീളമുള്ള കലാകാരന്മാരെയും എഴുത്തുകാരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും ഭരണകൂടം വേട്ടയാടുന്നത്. അക്രമത്തിനു നേതൃത്വം കൊടുത്തവരെയോ അതില്‍ പങ്കെടുത്തവരെയോ അല്ല അറസ്റ്റ് ചെയ്തത്. അക്രമത്തിന് ഇരയായവരെയാണ് തുറുങ്കിലടച്ചത്. അതും പോരാഞ്ഞ് ആ അക്രമത്തില്‍ പ്രതിഷേധിച്ചവരെയും ദലിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യപിച്ചവരെയും തെരഞ്ഞുപിടിച്ച് അകത്താക്കി. അങ്ങനെയാണ് സ്റ്റാന്‍ സ്വാമി, ഡോ. ആനന്ദ് തെല്‍തുംബ്‌ടെ, റൊണാ വിത്സന്‍, വരവര റാവു, സുധ ബിശ്വാസ്, ഗൗതം നവലഖ, ഷോമ സെന്‍, ഹാനി ബാബു (ചന്ദ്രശേഖര്‍ ആസാദ് രാവണ്‍ അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും പിന്നീട് വിട്ടയച്ചു) തുടങ്ങി ഒട്ടനവധി സാംസ്‌കാരിക-മനുഷ്യാവകാശ പ്രവര്‍ത്തകരെ ഫാഷിസ്റ്റ് ഭരണകൂടം തുറുങ്കിലടച്ചത്.
എന്തുകൊണ്ടാണ് ഭരണകൂടം കലാകാരന്മാരെയും ബുദ്ധിജീവികളെയും ഇങ്ങനെ വേട്ടയാടുന്നത്? ഇന്ത്യയിലെ ജനങ്ങളില്‍ പീഡിതരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ദലിതരും ആദിവാസികളും സംഘടിച്ചാല്‍ അവര്‍ സാമാന്യം വലിയൊരു ശക്തിയായി തീരും. അവരോടൊപ്പം മറ്റു ന്യൂനപക്ഷ മത വിഭാഗങ്ങളും ചേര്‍ന്നാല്‍ അത് സവര്‍ണ ഫാഷിസ്റ്റുകള്‍ക്ക്  വലിയൊരു ഭീഷണിയായിത്തീരും. അതുകൊണ്ടാണ് ന്യൂനപക്ഷങ്ങളെയും ദലിതരെയും ആദിവാസികളെയും സംഘടിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളെയും ഭരണകൂടം ഭയപ്പെടുന്നതും അതിന് ശ്രമിക്കുന്നവരെ തുറുങ്കിലടക്കുന്നതും. ഇതു തന്നെയാണ് ഇഅഅ, ചജഞ കരിനിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച ജാമിഅ മില്ലിയ, ഖചഡ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളെയും, ശാഹീന്‍ ബാഗിലെ സ്ത്രീകളെയും ദേശദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാന്‍ കാരണം.
ഹാഥറസില്‍ ക്രൂരമായി ബലാത്സംഗം ചെയ്തു കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ കേസും സമാനമാണ്. അവിടെയും ഭരണകൂടം നിലകൊണ്ടത് ഇരയോടൊപ്പമല്ല, വേട്ടക്കാരോടൊപ്പമാണ്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെയാണ് കേസ്. അക്രമികള്‍ക്ക്  പോലീസ് സംരക്ഷണവും. വളരെ വിചിത്രമാണ് ഉത്തര്‍പ്രദേശ് പോലീസിന്റെ നിയമപരിപാലനം. സിദ്ദീഖ് കാപ്പന്‍ എന്ന മലയാളി പത്രപ്രവര്‍ത്തകന്‍ തന്റെ ജോലിയുടെ ഭാഗമായി, തന്റെ മറ്റു സഹപ്രവര്‍ത്തകരോടൊപ്പം ഹാഥറസിലേക്ക് പോയപ്പോള്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ദേശദ്രോഹ കുറ്റം ചുമത്തി ജയിലില്‍ അടക്കുകയും ചെയ്തു. ഉത്തര്‍പ്രദേശ് പോലീസ് മാത്രമല്ല, രാജ്യത്തിന്റെ പരമോന്നത നീതിപീഠം പോലും നീതി നടപ്പാക്കുന്നതില്‍ വ്യതസ്ത മാനദണ്ഡങ്ങളാണ് അവലംബിച്ചിരിക്കുന്നത്. തന്റെ കൃത്യനിര്‍വഹണത്തിന് പോയ ഒരു മാധ്യമ പ്രവര്‍ത്തകനെ തുറുങ്കിലടച്ച കോടതി തന്നെ മറ്റൊരു മാധ്യമ പ്രവര്‍ത്തകനെ ഒരു ക്രിമിനല്‍ കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ടിട്ടും ദിവസങ്ങള്‍ക്കകം ജാമ്യം നല്‍കാന്‍ വ്യഗ്രത കാണിച്ചു. അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത് മാധ്യമ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിഷയത്തിനല്ല, വഞ്ചന, ആത്മഹത്യാ പ്രേരണ എന്നീ കുറ്റകൃത്യങ്ങള്‍ക്കാണ്. പക്ഷേ ഗോസ്വാമി സവര്‍ണനും സിദ്ദീഖ് മുസ്‌ലിം ആയി എന്നതാണ് പ്രശ്‌നം.  
ബുദ്ധിജീവികളും സാംസ്‌കാരിക പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും മാത്രമല്ലാ ഭരണകൂട ഭീകരതയുടെ ഇരകള്‍. പല ഉന്നത ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരും ഈ വേട്ടയാടലുകള്‍ക്ക് ഇരയായിട്ടുണ്ട്. അവരില്‍ പ്രധാനിയാണ് സഞ്ജീവ് ഭട്ട് എന്ന പ്രഗല്‍ഭനായ ഐ.പി.എസ് ഉദ്യോഗസ്ഥന്‍. സത്യസന്ധനും മനുഷ്യസ്‌നേഹിയുമായ ആ ഉദ്യോഗസ്ഥന്‍ ഇന്ന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ്. 30 വര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ അധികാര പരിധിക്കുള്ളില്‍ ഉള്ള ഏതോ ഒരു പോലീസ് സ്റ്റേഷനില്‍ നടന്ന കസ്റ്റഡി മരണത്തിന്റെ പേരിലാണ് അദ്ദേഹത്തെ ക്രൂശിച്ചത്. അദ്ദേഹവുമായി പുലബന്ധം പോലുമില്ലാത്ത ഒരു കേസാണത്. കസ്റ്റഡി മരണത്തിന് ഉത്തരവാദിയായ സ്റ്റേഷന്‍ ഡ്യൂട്ടി ഓഫീസറെ ശിക്ഷിക്കുന്നതിനു പകരം, അധികാര ശ്രേണിയില്‍ ഉയര്‍ന്ന റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ വേട്ടയാടാന്‍ ഭരണാധികാരികളെ പ്രേരിപ്പിച്ചത്, മറ്റൊരു കാര്യമാണ്. 2002-ലെ ഗുജറാത്ത് കലാപത്തില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്കിനെക്കുറിച്ച് സുപ്രീംകോടതിയില്‍ ഒരു അഫിഡവിറ്റ് ഫയല്‍ ചെയ്തതിനുള്ള പ്രതികാരമാണ് ഈ കള്ളക്കേസും ജീവപര്യന്തം തടവും. സത്യം അറിയാവുന്ന 11 സാക്ഷികളെ വിസ്തരിക്കണം എന്ന സഞ്ജീവ് ഭട്ടിന്റെ അപേക്ഷ, പരമോന്നത കോടതി നിഷ്‌കരുണം തള്ളുകയും ആ നിരപരാധിയെ ജീവപര്യന്തം തടവിന് ജയിലില്‍ അടക്കുകയുമാണ് ചെയ്തത്. അതുപോലെ തന്നെ ഗുജറാത്ത് കേഡറിലെ സത്യസന്ധനായ ഒരു ഉദ്യോഗസ്ഥന്‍ ആയിരുന്നു മലയാളിയായ പി. ശ്രീകുമാര്‍. അദ്ദേഹവും വേട്ടയാടലിനു ഇരയാക്കപ്പെട്ടു. ഇത് കൂടാതെ ഇന്ത്യയിലെ നിരവധി ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍, സത്യസന്ധമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിന്റെ പേരില്‍ രാജിവെച്ചുപോയിട്ടുണ്ട്.
2008-ലെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കരെ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ മരണവും ദുരൂഹമാണ്. മുംബൈയിലെ Anti Terrorist Squad (ATS) ന്റെ തലവനായിരുന്ന കര്‍ക്കരെ, കൊല്ലപ്പെടാനുണ്ടായ സാഹചര്യങ്ങള്‍ കേവലം യാദൃഛികമല്ല. അദ്ദേഹത്തെ ആരോ മനപൂര്‍വം മരണത്തിന്റെ മുമ്പിലേക്ക് തള്ളിവിടുകയാണ് ചെയ്തത് എന്ന് ഇതു സംബന്ധിച്ച അന്വേഷണങ്ങള്‍ വിരല്‍ ചൂണ്ടുന്നു. അദ്ദേഹത്തെയും സഹപ്രവര്‍ത്തകരെയും വെടിവെച്ചത് തീവ്രവാദികള്‍ തന്നെയാണോ എന്ന് പലരും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. അങ്ങനെയൊരു സംശയത്തെ സാധൂകരിക്കാനുള്ള കാരണങ്ങള്‍ ഉണ്ട്. 2006-ലെ മാലേഗാവ് സ്‌ഫോടന കേസ് അന്വേഷിച്ചത് കര്‍ക്കരെയാണ്. അദ്ദേഹത്തിന്റെ അന്വേഷണം യഥാര്‍ഥ  കുറ്റവാളികളില്‍ എത്തുകയും അവര്‍ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. പ്രഗ്യാ സിംഗ് ഥാക്കൂര്‍, ദയാനന്ദ് പാണ്ടേ, രമേശ് ഉപാധ്യായ, ലെഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത് എന്നിവരാണ് അറസ്റ്റിലായത്. ഇവരെല്ലാവരും 'അഭിനവ് ഭാരത്' എന്ന കാവി തീവ്രവാദ സംഘടനയിലെ അംഗങ്ങള്‍ ആയിരുന്നു. ഇവര്‍ മാത്രമല്ല മാലേഗാവ് സ്‌ഫോടനത്തില്‍ പല ഉന്നത ആര്‍.എസ്.എസ്. നേതാക്കന്മാര്‍ക്കും പങ്കുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. അവരെ വെളിച്ചത്തു കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരവെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. തന്റെ സഹായികളെ അറസ്റ്റ് ചെയ്തതിന്, അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോദി, കര്‍ക്കരെയെ ദേശദ്രോഹി എന്ന് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തിരുന്നു.
ഉത്തര്‍പ്രദേശ് ഇന്ത്യയിലെ ഫാഷിസത്തിന്റെ പരീക്ഷണശാലയാണ്. ദലിതര്‍ക്കും ആദിവാസികള്‍ക്കും മുസ്‌ലിംകള്‍ക്കും എതിരെ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടന്നിട്ടുള്ളത് അവിടെയാണ്. ബലാത്സംഗങ്ങളും കൊലപാതകങ്ങളും അവിടെ നിത്യ സംഭവങ്ങളാണ്. രക്തദാഹിയായ അവിടത്തെ ഭരണാധികാരി, സവര്‍ണര്‍ അവര്‍ണര്‍ക്കെതിരേ നടത്തുന്ന അക്രമങ്ങള്‍ക്ക് നിയമത്തിന്റെ പരിരക്ഷ നല്‍കാനായി ഒരു പുതിയ നിയമവും അത് പ്രാവര്‍ത്തികമാക്കാന്‍ ഒരു പുതിയ പോലീസ് സേനയും തന്നെ ഉണ്ടാക്കിയിരിക്കുന്നു. യു.പി സ്‌പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്‌സ് എന്നാണ് ഈ സേനയുടെ പേര്. ഒരു കോടതിയുടെയും വാറണ്ടോ അനുവാദമോ ഇല്ലാതെ, എവിടെയും ഏതു സമയത്തും കയറി പരിശോധിക്കാനും ആരെയും പിടിച്ചുകൊണ്ടു പോകാനും ഈ സേനക്ക് അവകാശമുണ്ട്. ഈ സേനയുടെ ഒരു നടപടിയെയും ഒരു കോടതിയിലും ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിയില്ല. ഇവര്‍ നടത്തുന്ന റെയ്ഡുകള്‍ക്കും അറസ്റ്റുകള്‍ക്കും  ഒരു രേഖയും സൂക്ഷിക്കേണ്ടതില്ല, ആരെയും ബോധ്യപ്പെടുത്തേണ്ടതുമില്ല. എന്നു വെച്ചാല്‍ അവര്‍ ഒരു വീട്ടില്‍ കയറി ആരെയെങ്കിലും പിടിച്ചുകൊണ്ടുപോയാല്‍, പിന്നെ അയാളൊരിക്കലും പുറം ലോകം കാണുകയില്ല. അറസ്റ്റ് ചെയ്തതിന് ഒരു രേഖയും ഇല്ലാത്തതുകൊണ്ട്, അവര്‍ക്ക് ആ അറസ്റ്റ് തന്നെ നിഷേധിക്കാം. പീഡിതന്റെ രോദനം കേള്‍ക്കാന്‍ ആരും ഉണ്ടാകില്ല എന്ന് സാരം. അവിടെയും തീര്‍ന്നില്ല ഈ കിരാത പോലീസിന്റെ ഭീകരമായ രീതികള്‍. ഏതൊരു സമ്പന്നനും പണം നല്‍കി ഈ സേനയുടെ സേവനം ഉപയോഗിക്കാം. ചുരുക്കിപ്പറഞ്ഞാല്‍ സവര്‍ണ മാടമ്പിമാര്‍ക്കും കോര്‍പ്പറേറ്റ് മേധാവികള്‍ക്കും ആദിവാസികളുടെയും ദലിതരുടെയും ഭൂമിയും മറ്റു സ്വത്തുക്കളും പിടിച്ചെടുക്കാന്‍ ഈ സേനയെ ഉപയോഗിക്കാം. ഉത്തര്‍പ്രദേശിലെ ഈ പരീക്ഷണം ഇന്ത്യ മുഴുവന്‍ വ്യാപിപ്പിച്ചാല്‍ പിന്നെ കോടതികള്‍ പൂര്‍ണമായും നോക്കുകുത്തികള്‍ ആവും. ജനാധിപത്യ ഇന്ത്യയെ തുറിച്ചുനോക്കുന്ന ഒരു ഭാവി ദുരന്തം ആണത്. എന്നാല്‍ ഈ വാര്‍ത്ത ഇന്ത്യയിലെ ഒരു മാധ്യമത്തിനും ലഭിച്ചിട്ടില്ല. ലഭിച്ചവര്‍ക്ക്  അത് പ്രസിദ്ധീകരിക്കാതിരിക്കാന്‍ കര്‍ശന നിര്‍ദേശങ്ങളും ഭീഷണിയുമുണ്ട്.
ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള ഗൂഢ നടപടികളുടെ മുന്നോരുക്കങ്ങളാണ് ഈ നടക്കുന്നതെല്ലാം. ഭൂരിപക്ഷ സമൂഹത്തിന്റെ സങ്കുചിത വംശീയതയെ മഹത്വവല്‍ക്കരിച്ച്, അവര്‍ക്കെന്തും ചെയ്യാനുള്ള അവകാശം നല്‍കുക എന്ന പ്രക്രിയ ആരംഭിച്ചുകഴിഞ്ഞു. അതിന് അണികളെ മാനസികമായി സജ്ജരാക്കാന്‍ വിദ്വേഷത്തിന്റെ വ്യാപാരികള്‍ പല ഗൂഢ തന്ത്രങ്ങളും മെനയുന്നു. ദലിതരെയും ന്യൂനപക്ഷങ്ങളെയും അവരുടെ മതത്തിന്റെയും വേഷത്തിന്റെയും ഭക്ഷണ ശീലങ്ങളുടെയും ആധാരത്തില്‍ വേര്‍തിരിച്ച്, അവര്‍ നമുക്കെതിരാണെന്ന് നിരന്തരം പ്രചാരണം നടത്തി, അവര്‍ക്കെതിരെ ആക്രമണം അഴിച്ചുവിടാന്‍ പ്രേരിപ്പിക്കുകയാണ് ഫാഷിസ്റ്റുകളുടെ അടിസ്ഥാന പ്രവര്‍ത്തനശൈലി. ദലിത് സ്ത്രീകള്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെടുകയും, മുസ്‌ലിം യുവാക്കള്‍ തെരുവുകളില്‍ ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ കൊല്ലപ്പെടുകയും ചെയ്യുന്നത് ഇതിന്റെ പ്രത്യക്ഷ പ്രായോഗികവല്‍ക്കരണമാണ്.
പൗരത്വ നിയമ ഭേദഗതികള്‍ക്കെതിരെയുള്ള ദേശവ്യാപകമായ സമരങ്ങള്‍ ശക്തിയാര്‍ജിച്ചുവന്ന സമയത്താണ് നിരവധി സമരനേതാക്കള്‍, വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ തുറുങ്കിലടക്കപ്പെട്ടത്. ഉരുക്കു മുഷ്ടി ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ ആ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നപ്പോള്‍ തന്നെ കോവിഡ് എന്ന മഹാമാരി വന്നത് സര്‍ക്കാരിന് ആശ്വാസമായി. അങ്ങനെ ശാഹീന്‍ ബാഗും മറ്റു സമരമുഖങ്ങളും നിര്‍ജീവമായി. ഇപ്പോഴിതാ കോവിഡിനെപ്പോലും കൂസാതെ ഉത്തരേന്ത്യയിലെ കര്‍ഷകര്‍ ഇന്ത്യയുടെ ഭരണ സിരാകേന്ദ്രം സ്തംഭിപ്പിച്ചിരിക്കുകയാണ്. കര്‍ഷകര്‍ക്കെതിരെയുള്ള കരിനിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കര്‍ഷകര്‍ ദല്‍ഹി ഉപരോധിക്കുകയാണ്. ഫാഷിസത്തിനെതിരെയുള്ള ജനമുന്നേറ്റത്തിന്റെ നാന്ദിയായി മാറുമോ ഈ കാര്‍ഷികസമരം എന്ന് ഇന്ത്യ മുഴുവന്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്. 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top