നല്ല അയല്‍വാസിയാവുക

ഹൈദറലി ശാന്തപുരം No image

ജീവിതം സുഖകരവും സന്തുഷ്ടവുമാകാന്‍ സഹായകമായ വിവിധതരം ബന്ധങ്ങളുണ്ട്. കുടുംബ ബന്ധം, ആദര്‍ശ ബന്ധം, അയല്‍പക്ക ബന്ധം എന്നിവ അവയില്‍ ചിലതാണ്. ഇസ്‌ലാം എല്ലാ ബന്ധങ്ങള്‍ക്കും അര്‍ഹമായ പ്രാധാന്യം നല്‍കുകയും ഓരോ ബന്ധത്തിന്റെയും അടിസ്ഥാനത്തിലുള്ള അവകാശങ്ങളും ബാധ്യതകളും നിര്‍ണയിക്കുകയും ചെയ്തിട്ടുണ്ട്. അല്ലാഹുവോടുള്ള ബാധ്യതാ നിര്‍വഹണത്തിനുള്ള കല്‍പനയോടൊപ്പം തന്നെയാണ് ചില തരത്തിലുള്ള മാനുഷിക ബന്ധങ്ങള്‍ ചേര്‍ക്കാനുള്ള നിര്‍ദേശം അല്ലാഹു നല്‍കിയിട്ടുള്ളത്: ''നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെട്ട് ജീവിക്കുക. അവനോട് ഒന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുക. മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുക. അടുത്ത ബന്ധുക്കളോടും അനാഥകളോടും അഗതികളോടും അടുത്ത അയല്‍വാസിയോടും അകന്ന അയല്‍വാസിയോടും അടുത്ത കൂട്ടുകാരനോടും വഴിപോക്കനോടും നിങ്ങളുടെ അധീനത്തിലുള്ളവരോടും അങ്ങനെ തന്നെ വര്‍ത്തിക്കുക. അഹങ്കാരികളെയും പൊങ്ങച്ചക്കാരെയും അല്ലാഹു സ്‌നേഹിക്കുകയില്ല'' (അന്നിസാഅ്: 36).
ഈ ഖുര്‍ആന്‍ സൂക്തത്തില്‍ രണ്ടുതരം അയല്‍വാസികളെക്കുറിച്ച് പറയുന്നുണ്ട്, അടുത്ത അയല്‍വാസിയെ സംബന്ധിച്ചും അകന്ന അയല്‍വാസിയെ സംബന്ധിച്ചും. അടുത്ത അയല്‍വാസിക്കും അകന്ന അയല്‍വാസിക്കും രണ്ട് വിശദീകരണങ്ങള്‍ പണ്ഡിതന്മാര്‍ നല്‍കിയിട്ടുണ്ട്. കുടുംബ ബന്ധമുള്ള അയല്‍വാസി, കുടുംബ ബന്ധമില്ലാത്ത അയല്‍വാസി എന്നിങ്ങനെയാണ് ഒരു വിശദീകരണം. അടുത്ത് താമസിക്കുന്ന അയല്‍വാസി, അകലെ താമസിക്കുന്ന അയല്‍വാസി എന്നതാണ് മറ്റൊരു വിശദീകരണം. രണ്ട് വിശദീകരണവും ശരിയാണ്. രണ്ടും ഒന്നിച്ച് വിവക്ഷിക്കുന്നതിനും വിരോധമില്ല.
പരസ്പരം ആശ്രയിക്കേണ്ട അവസ്ഥയിലൂടെയാണ് അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചിട്ടുള്ളത്. പരസഹായം ആവശ്യമുള്ളവരും സഹായിക്കാന്‍ സാധിക്കുന്നവരുമാണ് അയല്‍വാസികള്‍. ഒരു വ്യക്തിയുടെയോ കുടുംബത്തിന്റെയോ ദൈനംദിന ജീവിതത്തില്‍ ഉടലെടുക്കുന്ന പല പ്രശ്‌നങ്ങളുടെയും പരിഹാരം ആദ്യമായി സാധിക്കുന്നത് അയല്‍വാസികളിലൂടെയായിരിക്കും. സുഖദുഃഖങ്ങളിലും സന്തോഷ സന്താപങ്ങളിലും പ്രഥമമായി പങ്കുചേരുന്നവര്‍ അയല്‍വാസികളായിരിക്കും. അതിനാല്‍ അയല്‍പക്ക ബന്ധത്തിന് പ്രവാചകന്‍ (സ) വലിയ പ്രാധാന്യം നല്‍കിയതായി കാണാം. അബ്ദുല്ലാഹിബ്‌നു ഉമറും(റ) ആഇശ(റ)യും റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ നബി(സ) പറഞ്ഞു: 'ജിബ്‌രീര്‍ അയല്‍വാസിയുടെ കാര്യത്തില്‍ എന്നെ ഉപദേശിച്ചുകൊണ്ടേയിരുന്നു, അദ്ദേഹം അയല്‍വാസിയെ അനന്തരാവകാശിയാക്കുമെന്ന് ഞാന്‍ വിചാരിക്കുവോളം' (ബുഖാരി, മുസ്‌ലിം).
മറ്റൊരു ഹദീസില്‍ നബി(സ) അയല്‍പക്ക ബന്ധത്തെ സത്യവിശ്വാസവുമായി ബന്ധിപ്പിച്ചതായി കാണാം. നബി (സ) പറഞ്ഞതായി അബൂഹുറയ്‌റ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: 'അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്‍ തന്റെ അയല്‍വാസിയെ ശല്യം ചെയ്യരുത്. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്‍ തന്റെ അതിഥിയെ ആദരിച്ചുകൊള്ളട്ടെ. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്‍ നല്ലതു പറയട്ടെ. അല്ലെങ്കില്‍ മൗനം ദീക്ഷിച്ചുകൊള്ളട്ടെ' (ബുഖാരി, മുസ്‌ലിം).
അയല്‍വാസിയോട് ഏറ്റവും നല്ല നിലയില്‍ വര്‍ത്തിക്കുന്നവനാണ് അല്ലാഹുവിങ്കല്‍ ഏറ്റവും നല്ല അയല്‍വാസി എന്ന് മറ്റൊരു നബിവചനത്തില്‍ വന്നിട്ടുണ്ട്.
അബ്ദുല്ലാഹിബ്‌നു അംറില്‍നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: റസൂല്‍ (സ) പറഞ്ഞു: 'അല്ലാഹുവിങ്കല്‍, കൂട്ടുകാരില്‍ ഏറ്റവും നല്ലവന്‍ അവരില്‍ തന്റെ കൂട്ടുകാര്‍ക്ക് ഏറ്റവും നല്ലവനാണ്. അല്ലാഹുവിങ്കല്‍, അയല്‍വാസികളില്‍ ഏറ്റവും നല്ലവന്‍ അവരില്‍ തന്റെ അയല്‍വാസികള്‍ക്ക് ഏറ്റവും നല്ലവനാണ്' (തിര്‍മിദി, ഇബ്‌നുമാജ).
മനുഷ്യജീവിതം സൗഭാഗ്യകരവും സന്തോഷപൂര്‍ണവുമാകാന്‍ സഹായകമാകുന്ന വിവിധ കാര്യങ്ങളു്. അതിലൊന്നാണ് അയല്‍വാസി. നബി(സ) പ്രസ്താവിച്ചതായി നാഫിഉബ്‌നു ഹാരിസ് റിപ്പോര്‍ട്ട് ചെയ്യുന്നു: 'മനുഷ്യന്റെ സൗഭാഗ്യത്തില്‍ പെട്ടതാണ് നല്ല അയല്‍വാസിയും സുഖദായകമായ വാഹനവും വിശാലമായ പാര്‍പ്പിടവും' (അഹ്മദ്).
മനുഷ്യര്‍ക്ക് സ്ഥിരമായി ഇടപഴകേണ്ടിവരുന്ന മൂന്ന് കാര്യങ്ങളാണ് അയല്‍വാസി, വാഹനം, താമസസ്ഥലം എന്നിവ. അയല്‍വാസി നല്ലവനും വാഹനം സുഖദായകവും പാര്‍പ്പിടം വിശാലവുമാകുമ്പോള്‍ മാത്രമേ ജീവിതം സന്തോഷകരമാവുകയുള്ളൂ. അയല്‍വാസികളുടെ ശല്യം കാരണം മാനസികമായി വിഷമമനുഭവിക്കുന്ന പലരെയും നമുക്ക് സമൂഹത്തില്‍ കാണാവുന്നതാണ്. ശല്യമൊഴിവാക്കാന്‍ ചിലര്‍ പുറംവാതിലുകള്‍ അടച്ചിടുന്നു. ചിലര്‍ തങ്ങളുടെ അഭിലാഷങ്ങള്‍ക്കനുസരിച്ച് സകലവിധ സൗകര്യങ്ങളോടും കൂടി നിര്‍മിച്ച വീടുകളിലെ താമസം, അയല്‍വാസികളുടെ ശല്യം കാരണം ഒഴിവാക്കി മറ്റു സ്ഥലങ്ങളിലേക്ക് പോകുന്നു. മറ്റു ചിലര്‍ തങ്ങളുടെ ഉടമസ്ഥതയില്‍ അനുയോജ്യമായ സ്ഥലമുണ്ടായിട്ടും അയല്‍വാസികള്‍ ശല്യക്കാരാണ് എന്ന കാരണത്താല്‍ മാത്രം അവിടെ വീട് നിര്‍മിക്കുന്നതിനു പകരം ദൂരസ്ഥലങ്ങളില്‍ പൊന്നുംവിലയ്ക്ക് ഭൂമി വാങ്ങി അവിടെ വീട് നിര്‍മിക്കുന്നു. ഇത്തരം സാഹചര്യങ്ങള്‍ക്ക് ഹേതുവാകുന്ന അയല്‍വാസികള്‍ വലിയ ദൗര്‍ഭാഗ്യമാണ്.
അയല്‍വാസിയെ ശല്യം ചെയ്യുന്നവന്‍ സത്യവിശ്വാസിയേ അല്ല എന്നും പ്രവാചകന്‍ (സ) ശക്തമായ ഭാഷയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്: 'അല്ലാഹുവാണ് സത്യം അവന്‍ സത്യവിശ്വാസിയാവുകയില്ല; അല്ലാഹുവാണ് സത്യം അവന്‍ സത്യവിശ്വാസിയാവുകയില്ല; അല്ലാഹുവാണ് സത്യം അവന്‍ സത്യവിശ്വാസിയാവുകയില്ല.' അപ്പോള്‍ ആരോ ചോദിച്ചു: 'ദൈവദൂതരേ, ആരാണവന്‍?' തിരുമേനി മറുപടി പറഞ്ഞു: 'തന്റെ ശല്യത്തില്‍നിന്ന് അയല്‍വാസിക്ക് നിര്‍ഭയത്വമില്ലാത്തവന്‍' (ബുഖാരി, മുസ്‌ലിം).
അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഒരാള്‍ നബി(സ)യുടെ സന്നിധാനത്തില്‍ തന്റെ അയല്‍വാസിയെക്കുറിച്ച് ആവലാതിപ്പെട്ടുകൊണ്ട് വന്നു. അപ്പോള്‍ അയാളോട് നബിതിരുമേനി പറഞ്ഞു: 'നീ പോയി ക്ഷമിക്കുക.' അയാള്‍ പിന്നെയും രണ്ടോ മൂന്നോ പ്രാവശ്യം ആവലാതി ബോധിപ്പിച്ചുകൊണ്ട് വന്നപ്പോള്‍ തിരുനബി നിര്‍ദേശിച്ചു: 'നീ പോയി നിന്റെ സാധനങ്ങള്‍ (വീട്ടില്‍നിന്ന്) പുറത്ത് വഴിയില്‍ ഇടുക.' അയാള്‍ അതു പ്രകാരം ചെയ്തു. അതിനരികിലൂടെ നടന്നുപോകുന്ന ആളുകള്‍ വിവരമന്വേഷിക്കുകയും അയാള്‍ തന്റെ അയല്‍വാസിയുടെ വിവരം പറയുകയും ചെയ്തു. അപ്പോള്‍ അവര്‍ ആ അയല്‍വാസിയെ 'അല്ലാഹു അവനെ അങ്ങനെ ചെയ്യട്ടെ, ഇങ്ങനെ ചെയ്യട്ടെ' എന്നു പറഞ്ഞുകൊണ്ട് ശപിക്കാനും ചിലര്‍ അവനെതിരില്‍ പ്രാര്‍ഥിക്കാനും തുടങ്ങി. അതുകണ്ട അയല്‍വാസി അയാളുടെ അടുക്കല്‍ ചെന്നുകൊണ്ട് പറഞ്ഞു: 'താങ്കള്‍ (വീട്ടിലേക്ക്) തിരിച്ചുപോരുക. ഇനി താങ്കള്‍ക്ക് എന്നില്‍നിന്ന് അനിഷ്ടരകമായ ഒന്നും കാണേണ്ടിവരികയില്ല' (അബൂദാവൂദ്, ഇബ്‌നു ഹിബ്ബാന്‍).
അയല്‍വാസിക്ക് ശല്യം ചെയ്യല്‍ സല്‍ക്കര്‍മങ്ങള്‍ നിഷ്ഫലമാകാനും നരകപ്രവേശത്തിനും ഹേതുവാകുമെന്നും അയല്‍വാസിക്ക് ശല്യം ചെയ്യാതിരിക്കല്‍ സ്വര്‍ഗപ്രവേശത്തിന് കാരണമാകുമെന്നും നബി(സ) പ്രസ്താവിച്ചിരിക്കുന്നു:
അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ഒരാള്‍ നബി(സ)യുടെ സന്നിധാനത്തില്‍ വന്നുകൊണ്ട് പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, ഇന്ന സ്ത്രീ ധാരാളമായി നമസ്‌കരിക്കുകയും നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നു. പക്ഷേ, അവള്‍ തന്റെ അയല്‍വാസികള്‍ക്ക് നാവുകൊണ്ട് ശല്യം ചെയ്യുന്നു.' നബി(സ) പറഞ്ഞു: 'അവള്‍ നരകത്തിലാണ്.' അയാള്‍ തുടര്‍ന്നു; 'പ്രവാചകരേ, മറ്റൊരു സ്ത്രീ തന്റെ നമസ്‌കാരത്തിന്റെയും നോമ്പിന്റെയും കുറവിന്റെ കാര്യത്തില്‍ അറിയപ്പെടുന്നവളും അല്‍പം പാല്‍ക്കട്ടി കഷ്ണങ്ങള്‍ മാത്രം ദാനം ചെയ്യുന്നവളുമാണ്. പക്ഷേ, അവള്‍ അവളുടെ അയല്‍വാസികള്‍ക്ക് ശല്യം ചെയ്യുകയില്ല.' തിരുമേനി പറഞ്ഞു: 'അവള്‍ സ്വര്‍ഗത്തിലാണ്' (അഹ്മദ്, ഇബ്‌നു ഹിബ്ബാന്‍).
അയല്‍വാസിയോട് വിശ്വാസവഞ്ചന കാണിക്കുന്നതും അയല്‍വാസിയുടെ വീട്ടില്‍ മോഷണം നടത്തുന്നതും മറ്റുള്ളവരോട് വിശ്വാസവഞ്ചന കാണിക്കുന്നതിനേക്കാളും മറ്റുള്ളവരുടെ വീട്ടില്‍ മോഷണം നടത്തുന്നതിനേക്കാളും പത്തിരട്ടി കുറ്റകരമാണെന്ന് മറ്റൊരു നബിവചനം വ്യക്തമാക്കുന്നു.
കുടുംബ ബന്ധം, ആദര്‍ശ ബന്ധം, മാനുഷിക ബന്ധം എന്നിവയുടെ അടിസ്ഥാനത്തില്‍ ചില പണ്ഡിതന്മാര്‍ അയല്‍വാസികളെ മൂന്നായി തിരിച്ചിട്ടുണ്ട്: ഒന്ന്, രക്തബന്ധമുള്ള മുസ്‌ലിം അയല്‍വാസി. രണ്ട്, രക്തബന്ധമില്ലാത്ത മുസ്‌ലിം അയല്‍വാസി. മൂന്ന്, മുസ്‌ലിമല്ലാത്ത അയല്‍വാസി. ബന്ധങ്ങളുടെ തോതനുസരിച്ച് ബാധ്യതകളില്‍ ഏറ്റക്കുറവുണ്ടാകുന്നു. രക്തബന്ധമുള്ള മുസ്‌ലിം അയല്‍വാസിക്ക് ആദര്‍ശ ബന്ധം, കുടുംബ ബന്ധം, അയല്‍വാസ ബന്ധം എന്നീ അടിസ്ഥാനങ്ങളില്‍ കൂടുതല്‍ അവകാശങ്ങളുണ്ടാവും. മുസ്‌ലിമായ അയല്‍വാസിക്ക് ആദര്‍ശ ബന്ധം, അയല്‍വാസ ബന്ധം എന്നീ തലങ്ങളിലുള്ള അവകാശങ്ങളും, അമുസ്‌ലിമായ അയല്‍വാസിക്ക് അയല്‍വാസ ബന്ധത്തിന്റെ അടിസ്ഥാനത്തിലുള്ള അവകാശങ്ങളുമാണുണ്ടാവുക.
ഒന്നിലധികം അയല്‍വാസികളുണ്ടെങ്കില്‍ അവരില്‍ ഏറ്റവും അടുത്ത അയല്‍വാസിക്കാണ് മുന്‍ഗണന നല്‍കേണ്ടത്. ആഇശ(റ) പറഞ്ഞു: ഞാന്‍ നബി(സ)യോട് ചോദിച്ചു: 'അല്ലാഹുവിന്റെ ദൂതരേ, എനിക്ക് രണ്ട് അയല്‍വാസികളുണ്ട്. അവരില്‍ ആര്‍ക്കാണ് ഞാന്‍ പാരിതോഷികം നല്‍കേണ്ടത്?' പ്രവാചകന്‍ പറഞ്ഞു: 'അവരില്‍ ആരുടെ വാതിലാണോ നിന്നോട് ഏറ്റവും അടുത്തത് അവന്' (ബുഖാരി).
അയല്‍വാസികളെ എങ്ങനെയാണ് ആദരിക്കേണ്ടത് എന്നതു സംബന്ധിച്ച് ഒറ്റവാക്കില്‍ വിശദീകരിക്കുക അസാധ്യമാണ്. അയല്‍വാസികളുടെ അവസ്ഥയും സാഹചര്യങ്ങളുടെ തേട്ടവുമനുസരിച്ച് അത് മാറിക്കൊണ്ടിരിക്കും. അയല്‍വാസിക്ക് നന്മ ആഗ്രഹിക്കുകയും തനിക്ക് സാധ്യമാകുന്ന നന്മ അവന് ചെയ്തുകൊടുക്കുകയും അവന് ശല്യമാകുന്ന ഒന്നും ചെയ്യാതിരിക്കുകയുമാണ് മൗലികമായി വേണ്ടത്.
പരസ്പരബന്ധം സുദൃഢമാക്കാന്‍ സഹായകമാണ് പാരിതോഷികം നല്‍കലും പാരിതോഷികം സ്വീകരിക്കലും; നല്‍കുന്ന വസ്തു എത്ര നിസ്സാരമാണെങ്കിലും.
അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: നബി(സ) പറയാറുണ്ടായിരുന്നു: 'ഹേ, മുസ്‌ലിം സ്ത്രീകളേ, ഒരു അയല്‍വാസിനിയും തന്റെ അയല്‍വാസിനിക്ക് ഒരു ആട്ടിന്‍കുളമ്പാണെങ്കിലും പാരിതോഷികമായി നല്‍കുന്നത് നിസ്സാരമായി കാണരുത്' (ബുഖാരി).
അനസുബ്‌നു മാലികി(റ)ല്‍നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി(സ) പ്രസ്താവിക്കുകയുണ്ടായി: 'തനിക്ക് സമീപത്തുള്ള തന്റെ അയല്‍വാസി പട്ടിണി കിടക്കുകയാണെന്ന് അറിഞ്ഞുകൊണ്ട് വയറുനിറയെ ഭക്ഷിക്കുന്നവന്‍ എന്നില്‍ വിശ്വസിച്ചിട്ടില്ല' (ത്വബറാനി).
അയല്‍വാസികള്‍ക്കാവശ്യമായ ചെറുതും വലുതുമായ കാര്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ സഹായിക്കുകയും സഹകരിക്കുകയുമാണ് വിശ്വാസികള്‍ ചെയ്യേണ്ടത്. തനിക്ക് കാര്യമായ ഒരു നഷ്ടവും ഏല്‍പിക്കാത്ത കാര്യങ്ങളാണെങ്കില്‍ വിശേഷിച്ചും.
അബൂഹുറയ്‌റ(റ)യില്‍നിന്ന് നിവേദനം. റസൂല്‍(സ) പറഞ്ഞു: 'ഒരയല്‍വാസിയും തന്റെ മതിലില്‍, തന്റെ അയല്‍വാസി ഒരു മരം ചാരിവെക്കുന്നത് തടയരുത്' (ബുഖാരി, മുസ്‌ലിം).

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top