വിത്തിന്
കറുപ്പ് നിറമായിരുന്നു
കടും കടും കറുപ്പ് നിറം
മഴയില്‍
കിടന്നങ്ങനെ
മൂര്ധാവ് പൊട്ടി
ആദ്യ നാമ്പ്.....
നാമ്പിന്
ഇളംപച്ച കലര്‍ന്ന
വെള്ള നിറം
കൂട്ടിന് രണ്ട് തളിരില
ഒരിക്കല്‍,
കര്‍ക്കിടകം
നിലംപൊത്തിയപ്പോള്‍
നാമ്പ് കണ്ടു
വിത്തിനെ ആദ്യമായ്.
ഒന്നേ നോക്കിയുള്ളൂ
നാമ്പ് മുഖം തിരിച്ചു
വിത്ത് കണ്ണീരടക്കി
തെന്നി നീങ്ങി
ആരും കാണാതെ
തെറ്റി തെറിച്ച്
കോലായ കടന്ന്
പറമ്പിന്റെ അതിര് ഭേദിച്ച്
തെങ്ങിന് തടത്തിലെത്തി
ചകിരിത്തൊണ്ടിന്റെ താഴെ
ഈര്‍പ്പമുള്ള മണ്ണിലേക്ക്
നിരങ്ങി ഊഴ്ന്നിറങ്ങി.
അവിടമായിരുന്നു
ചെറുനാമ്പുകള്‍
മുളയ്ക്കുന്നേടം....
വീണ്ടും,
നാമ്പുകള്‍
മുളച്ചുപൊങ്ങും
വിത്തുകളെ
അറിയാതെ.....