ഇന്റീരിയർ ഡിസൈനിംഗിലേക്ക് വരൂ... ഓഫീസിലിരുന്ന് മുഷിയേണ്ട

ജമാലുദ്ദീന്‍ മാളിക്കുന്ന് <br>ചീഫ് കരിയര്‍ കൗണ്‍സിലര്‍, CIGI, കോഴിക്കോട് No image

ആധുനിക കാലഘട്ടത്തിലെ മാറിവരുന്ന ജീവിത സാഹചര്യങ്ങള്‍ മനുഷ്യമനസ്സിനെ ക്രിയാത്മകമാക്കിത്തീര്‍ക്കുകയാണ്. ഈ മാറ്റങ്ങള്‍ ഏറ്റവുമധികം സ്വാധീനിച്ചിരിക്കുന്നത് നിര്‍മാണ മേഖലയിലാണ്. നഗരവല്‍ക്കരണവും പുതുതലമുറയുടെ അഭിരുചിയും സ്ഥലപരിമിതിയും ഇന്റീരിയര്‍ ഡിസൈനിംഗ് മേഖലയെ പ്രമുഖ തൊഴില്‍ മേഖലയാക്കി മാറ്റി. 

ജനസംഖ്യ വര്‍ധിക്കുന്നതനുസരിച്ച് വീടുകളും വാസസ്ഥലങ്ങളും നമുക്കനുയോജ്യമാക്കാന്‍ കാര്യക്ഷമമായി സ്ഥലമുപയോഗിക്കുന്നതിന് സഹായിക്കുന്ന വിദഗ്ധരുടെ സേവനം ആവശ്യമാണ്. 

ആദ്യകാലങ്ങളില്‍ സിവില്‍ എഞ്ചിനീയറുടെയും ആര്‍ക്കിടെക്ചറിന്റെയും ഭാഗമായി വന്നിരുന്ന ഇന്റീരിയര്‍ ഡിസൈനിംഗ് പിന്നീട് സ്വതന്ത്രമായ ശാഖയായി വികസിച്ചു. ആധുനിക സമൂഹം ഈ ശാഖക്ക് നല്‍കുന്ന പ്രാധാന്യം വളരെ വലുതാണ്. ഒരു നിര്‍മാണ കമ്പനിയുടെ ഭാഗമായി പ്രവര്‍ത്തിക്കാനും സ്വതന്ത്രമായി ജോലി ചെയ്യാനും ഈ ശാഖയുടെ പഠനം വഴി സാധ്യമാവും. ലഭ്യമായ സ്ഥലത്തെ ക്രിയാത്മകമായി ഉപയോഗിക്കാനും വര്‍ണങ്ങളുടെ ചേരുവകളെ ആവശ്യാനുസരണം ഉപയോഗിക്കാനും കഴിയുന്നവര്‍ക്ക് ഈ മേഖലയില്‍ തിളങ്ങാനാവും. അതുകൊണ്ടുതന്നെ നിര്‍മാണ മേഖലയില്‍ ഏറ്റവുമധികം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രൊഫഷനായി ഇന്റീരിയര്‍ ഡിസൈനിംഗ് മാറി കഴിഞ്ഞിരിക്കുന്നു. 

എന്താണ് ഇന്റീരിയര്‍ ഡിസൈനിംഗ്? 

വീടുകളുടെയും എല്ലാവിധ സ്ഥാപനങ്ങളുടെയും ഉള്‍വശം പ്രകൃതിക്കിണങ്ങുന്നതും ചെലവ് ചുരുങ്ങിയതുമായ രീതിയില്‍ ഭംഗിയാക്കുകയും ക്രിയാത്മകമായി ഉപയോഗപ്രദമാക്കുകയും ചെയ്യുന്നതാണ് ഇന്റീരിയര്‍ ഡിസൈനിംഗ്. 

ഇന്റീരിയര്‍ ഡിസൈനിംഗ് ചുരുക്കം ഒരു വരയും ക്രിയാത്മകതയും മാത്രമല്ല, അതിലുപരി സാങ്കേതിക പരിജ്ഞാനവും സ്ഥല ഉപയോഗവും ഭൗതിക പരിജ്ഞാനവും ആശയവിനിമയ പാടവവും കൂടിയാണ്. 

നിങ്ങള്‍ക്കുള്ള അറിവും അനുഭവ സമ്പത്തും അനുസരിച്ച് അസിസ്റ്റന്റ് ഡിസൈനര്‍ക്ക് ശമ്പളത്തിനു പുറമേ ബോണസും കമ്മീഷനും ഒക്കെയായി പ്രതിമാസം ഏകദേശം 30,000 മുതല്‍ 40,000 രൂപ വരെ സമ്പാദിക്കാനാവും. സീനിയര്‍ ഇന്റീരിയര്‍ ഡിസൈനേഴ്‌സിന് പ്രതിമാസം 80,000 മുതല്‍ മൂന്നു ലക്ഷം വരെ ലഭിക്കും. തുടക്കക്കാരനായ ഒരു ഇന്റീരിയര്‍ ഡിസൈനര്‍ക്ക് തന്നെ പ്രതിമാസം 10,000 മുതല്‍ 20,000 രൂപ വരെ ലഭിക്കും. 

പഠനം 

ഔപചാരിക വിദ്യാഭ്യാസത്തിന്റെ ആവശ്യം പോലും ഇന്റീരിയര്‍ ഡിസൈനിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമില്ല. എന്നാല്‍, ഈ മേഖലയിലുള്ള അറിവും അനുഭവവും നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാവും. 

മറ്റുള്ള ഡിസൈനുകളെ അപേക്ഷിച്ച് ഇന്റീരിയര്‍ ഡിസൈന്‍ എന്നാല്‍ ഡിസൈനും ക്രിയാത്മകതയും മാത്രമല്ല. ടെക്‌നിക്കല്‍ ഡ്രോയിംഗ്, സ്‌പേസ് ഡിസൈന്‍, പരിജ്ഞാനം, ഫര്‍ണിച്ചര്‍ ഡിസൈന്‍, ഇന്റീരിയര്‍ ഡിസൈന്‍ ടൂള്‍സിനെ കുറിച്ചുള്ള അറിവ് എന്നിവക്കു പുറമെ നിങ്ങള്‍ക്ക് ആശയവിനിമയ പാടവം, ഉപഭോക്താവുമായുള്ള നല്ല വ്യക്തിബന്ധം പിന്നെ നിങ്ങളുടെ ഡിസൈന്‍ പാടവം നല്ലവണ്ണം മാര്‍ക്കറ്റ് ചെയ്യുവാനുള്ള കഴിവും ഉണ്ടായിരിക്കണം. 

നിറങ്ങളുടെയും ടെക്‌സ്ചറുകളുടെയും ശരിയായ രീതിയിലുള്ള ഉപയോഗം എന്നിവയും ഈ തൊഴിലിന് മുതല്‍ക്കൂട്ടാണ്. 

ഫര്‍ണിച്ചര്‍ കമ്പനിയിലും സ്വയം തൊഴിലായും കണ്‍സ്ട്രക്ഷന്‍ കമ്പനികളിലുമായി ഇപ്പോള്‍ ഇന്ത്യയില്‍ മാത്രം ഒരുലക്ഷം ഇന്റീരിയര്‍ ഡിസൈനേഴ്‌സിനെ ആവശ്യമുണ്ട്. 

ഇന്ത്യയിലും വിദേശത്തും അവസരങ്ങള്‍ 

ഇന്ന് ഇന്ത്യയില്‍ മാത്രമല്ല, ഇന്റീരിയര്‍ ഡിസൈനര്‍മാര്‍ക്ക് വിദേശത്തും നല്ല സാധ്യതകളുണ്ട്. മുമ്പ് സൂചിപ്പിച്ചപോലെ ഒരു ലക്ഷം ഇന്റീരിയര്‍ ഡിസൈനേഴ്‌സിനെ ഇപ്പോള്‍ ആവശ്യമുണ്ട്. ഇന്ന് ഈ വ്യവസായത്തിന്റെ വളര്‍ച്ച 20% ആണ്. നിങ്ങള്‍ ഇന്റീരിയര്‍ ഡിസൈനിംഗ് ഒരു പ്രൊഫഷന്‍ ആക്കണമെന്ന് ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇതാണ് ശരിയായ സമയം. 

ഔപചാരിക വിദ്യാഭ്യാസം ആവശ്യമില്ല 

മിക്ക സ്ഥാപനങ്ങളും തൊഴിലാളികളെ തെരഞ്ഞെടുക്കുന്നത് അവരുടെ വിദ്യാഭ്യാസം, തൊഴില്‍ പശ്ചാത്തലം എന്നിവ അടിസ്ഥാനമാക്കിയാണല്ലോ. എന്നാല്‍ വിദ്യാഭ്യാസത്തിലുപരി കഴിവും സാങ്കേതിക ജ്ഞാനവും ക്രിയാത്മകതയും മാത്രം കൈമുതലുള്ളവര്‍ക്ക് യോജിച്ച ഇടങ്ങളുടെ ഒരു പട്ടിക താഴെ കൊടുക്കുന്നു.

  ഇന്റീരിയര്‍ ഡിസൈനേഴ്‌സ് 

 

  •  ഫ്രീലാന്‍സേഴ്‌സ് 
  •  ഫിലിം, ടി.വി. സെറ്റ് ഡിസൈനേഴ്‌സ്
  •  വീടുകളുടെ രൂപകല്‍പന 
  •  ഫര്‍ണിച്ചര്‍ ഡിസൈന്‍ 
  •  ഉല്‍പന്നങ്ങളുടെ രൂപകല്‍പന 
  •  എക്‌സിബിഷന്‍ ഡിസൈനേഴ്‌സ് 
  •  ലൈറ്റിംഗ് ഡിസൈനേഴ്‌സ് 
  •  കിച്ചന്‍ ഡിസൈനിംഗ് 
  •  ബാത്‌റൂം ഡിസൈനേഴ്‌സ് 
  •  കാഡ് ടെക്‌നീഷന്‍ 
  •  ടൈല്‍ ഷോറൂം, ഫ്‌ളോറിംഗ് കമ്പനികള്‍ 
  •  വിഷ്വലൈസേഴ്‌സ്

 

 

ഓഫീസില്‍ മുഷിഞ്ഞിരുന്ന് ജോലി ചെയ്യേണ്ട എന്നതാണ് മറ്റു പ്രൊഫഷണലുകളെ അപേക്ഷിച്ച് ഇന്റീരിയര്‍ ഡിസൈനറുടെ മറ്റൊരു സവിശേഷത. ക്ലൈന്റ്‌സും ആര്‍ക്കിടെക്‌ചേഴ്‌സും സപ്ലയേഴ്‌സുമായുമുള്ള കൂടിക്കാഴ്ചകള്‍... ഡിസൈന്‍ മെച്ചപ്പെടുത്തല്‍.. ഇങ്ങനെയുള്ള തിരക്കുകള്‍ കാരണം നിങ്ങള്‍ക്ക് ഓഫീസിനുള്ളില്‍ മാത്രം ജോലി ചെയ്യേണ്ട അവസ്ഥ വരുന്നില്ല. നിങ്ങള്‍ ഓഫീസില്‍ വിരസമായി ഇരുന്നുള്ള ജോലികള്‍ ഇഷ്ടപ്പെടാത്ത ഒരു വ്യക്തിയാണോ? എങ്കില്‍ മറ്റൊന്നും ആലോചിക്കാനില്ല. ഇന്റീരിയര്‍ ഡിസൈനിംഗ് തന്നെയാണ് നിങ്ങള്‍ക്ക് യോജിച്ച ജോലി. 

കേരളം ഇന്റീരിയര്‍ ഡിസൈന്‍ ബിസിനസ്സ് ആരംഭിക്കന്‍ ഏറ്റവും അനുയോജ്യമായ സംസ്ഥാനങ്ങളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനത്തിലുണ്ടാവുന്ന വര്‍ധനവാണ് ഇതിന് കാരണം.

ഈ തൊഴില്‍ വിദ്യാര്‍ഥികളെ മാത്രം ലക്ഷ്യം വെച്ചിട്ടാണോ?

ഒരിക്കലുമല്ല, ഇന്റീരിയര്‍ ഡിസൈനിംഗ് എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല. സ്വന്തം കാലില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന വീട്ടമ്മമാര്‍ക്കും. ജോലിയില്‍നിന്ന് റിട്ടയര്‍ ചെയ്ത് സ്വന്തമായി ബിസിനസ്സ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ധൈര്യപൂര്‍വം തുടങ്ങാവുന്ന തൊഴില്‍ മേഖലയാണ് ഇന്റീരിയര്‍ ഡിസൈനിംഗ്. ഉപഭോക്താക്കളുടെ തൃപ്തിയാണ് ഏതു മേഖലയിലുമെന്ന പോലെ ഇന്റീരിയര്‍ ഡിസൈനിംഗിലും മെച്ചപ്പെടാനുള്ള ഏക വഴി. അതിനായി നിങ്ങള്‍ക്കു വേണ്ടത് ക്രിയാത്മകമായി ചിന്തിക്കാനും മികച്ച ആശയവിനിമയ പാടവവും ഉപഭോക്താവിന് എന്താണ് പറയാനുള്ളത് എന്ന് കേള്‍ക്കാനുള്ള ക്ഷമയുമാണ്. മേല്‍ പ്രസ്താവിച്ച പാടവം ഉണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ മറ്റൊന്നും ആലോചിക്കാതെ തന്നെ ഇന്റീരിയര്‍ ഡിസൈനിംഗ് മേഖലയിലേക്ക് പ്രവേശിക്കാവുന്നതാണ്. 

മാറി മാറി വരുന്ന ഡിസൈനിംഗ് സങ്കല്‍പങ്ങളെ കുറിച്ചുള്ള നിങ്ങളുടെ പരിജ്ഞാനവും വര്‍ഷങ്ങളായി ഈ മേഖലയില്‍ തൊഴിലില്‍ ഏര്‍പെടുന്നവരുമായുള്ള സഹവര്‍ത്തിത്തവുമൊക്കെ ഈ മേഖലയില്‍ ശോഭിക്കുവാനുള്ള പാതകളാണ്.

ഫാഷന്‍ ഡിസൈനിംഗ്

 വളരെ വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ഫാഷന്‍. വസ്ത്രം അലങ്കരിക്കുന്ന ജോലി മാത്രമായിട്ടാണ് പലരും ഫാഷന്‍ മേഖലയെ കാണുന്നത്. എന്നാല്‍, വസ്ത്ര നിര്‍മാണം, ക്രയവിക്രയം (മാര്‍ക്കറ്റിംഗ്), വില്‍പന തുടങ്ങി ധാരാളം വഴികള്‍ ഫാഷനുമായി ബന്ധപ്പെട്ട് ഉണ്ട്. 

റെഡി-ടു-വെയര്‍ ഡ്രസ്സുകളും സ്‌പോര്‍ട്‌സ് ഡ്രസ്സുകളും ഈ മേഖലയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. ഇന്ന് യുവതലമുറ ഫാഷന്‍ ലോകത്ത് മതിമറന്ന് ഉല്ലസിക്കുന്ന കാഴ്ച നമുക്ക് കാണാനാവുന്നതാണ്. പുതിയതരം ഫാഷന്‍ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തുന്നതും കാത്തിരിക്കുന്ന ഒരു സ്വഭാവം യുവതലമുറക്കുണ്ട്. ഈ അവസരം മുതലാക്കുന്ന തരത്തില്‍ നമ്മുടെ നാട്ടില്‍ ഫാഷന്‍ വിപണി സജീവമാണെന്ന് പറഞ്ഞുകൂടാ. 

വ്യത്യസ്തമായ മേഖലകള്‍ നമ്മുടെ മുന്നില്‍ തുറക്കപ്പെട്ടിട്ടുണ്ട്. Knit wear Design (KDT), ലെതര്‍ ആന്റ് അപ്പാരല്‍ ഡിസൈന്‍ ആന്റ് ടെക്‌നോളജി (LADT), 

ടെക്‌സ്‌റ്റൈല്‍ ഡിസൈന്‍ & ഡെവലപ്‌മെന്റ് (TDD), ഫാഷന്‍ കമ്മ്യൂണിക്കേഷന്‍ (ഫാഷന്‍ റൈറ്റിംഗ്/എഡിറ്റിംഗ്, വിഷ്വല്‍ മെര്‍ക്കന്റൈസിംഗ്, സ്റ്റൈലിംഗ്, ഇവന്റ് മാനേജ്‌മെന്റ്, പി.ആര്‍ കണ്‍സള്‍ട്ടിംഗ് തുടങ്ങി ധാരാളം മേഖലകള്‍ നമുക്ക് മുമ്പിലുണ്ട്. 

ഇതില്‍ ക്രിയാത്മക ചിന്ത കൈമുതലായവര്‍ക്ക് ഡിസൈനിംഗ് മേഖല തെരഞ്ഞെടുക്കാം. ഇന്നത്തെ സാഹചര്യങ്ങള്‍ക്കും പ്രകൃതിക്കും അത്യാധുനിക പ്രവണതകള്‍ക്കും അനുസരിച്ച് ചിന്തിക്കാനും ക്രിയാത്മകമായി ഡിസൈന്‍ ചെയ്യാനും കഴിയുന്നവര്‍ക്ക് ധാരാളം സാധ്യതകള്‍ നമുക്ക് കാണാം.

സ്വന്തം ഓഫീസുകളിലും വീട്ടിലും ഇടപാടുകാരുടെ സൗകര്യങ്ങള്‍ക്കനുസരിച്ചും നമ്മുടെ ജോലി സ്ഥലം മാറി കൊണ്ടിരിക്കാം. യാത്ര ചെയ്യാനും വ്യത്യസ്തമായ സ്ഥലങ്ങളിലെയും സാഹചര്യങ്ങളിലേയും അവസ്ഥക്കനുസരിച്ച് ഡിസൈന്‍ ചെയ്യാനും അവസരമുണ്ട്.

ഔപചാരികമായ വിദ്യാഭ്യാസം നിര്‍ബന്ധമില്ല 

ഔപചാരികമായ വിദ്യാഭ്യാസം നിര്‍ബന്ധമില്ലാത്ത ഒരു മേഖലയാണ് ഇത്. എന്നാല്‍, നല്ല ക്രിയാത്മക ഡിസൈനര്‍ ആവാന്‍ വലിയ പരിശീലനം ആവശ്യമാണ്. ഫാഷന്‍ ഡിസൈനര്‍, ഫാഷന്‍ ഇല്ലസ്‌ട്രേറ്റര്‍, ഫാഷന്‍ സ്‌പെഷ്യലിസ്റ്റ് തുടങ്ങിയ തസ്തികകളില്‍ നിരന്തരമായ പരിശീലനം കൂടിയേ തീരൂ. 

 

  •  സര്‍ഗശക്തിയും കലാബോധവും 
  •  ഭാവന 
  •  നിറങ്ങളുടെ അവബോധം 
  •  മനസ്സിലുള്ള സങ്കല്‍പങ്ങളെ ത്രിമാനമായി കാണുവാനുള്ള കഴിവ് 
  •  ആശയവിനിമയ പാടവം 
  •  ദീര്‍ഘവീക്ഷണം 
  •  മാറ്റങ്ങളെ ഉള്‍കൊള്ളാനുള്ള കഴിവ് 
  •  സൂക്ഷ്മബുദ്ധി 
  •  ചിത്രരചനാ പാടവം 
  •  ഫാഷനെ കുറിച്ചുള്ള അവബോധം

 

 

തൊഴില്‍ സാധ്യതകള്‍ 

ഫാഷന്‍ ഡിസൈനിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കിയതിനു ശേഷം ട്രെയിനി ആയി ജോലി ആരംഭിച്ച് ഉയരാനുള്ള ഒട്ടേറെ അവസരങ്ങളുണ്ട്. ഫാഷന്‍ ഡിസൈനിംഗ് ഒരു തൊഴിലായി കൊണ്ടുപോകാനുള്ള അടിസ്ഥാന യോഗ്യത വരക്കുവാനുള്ള കഴിവാണ്. സാഹചര്യങ്ങള്‍ക്കനുസരിച്ച് നിറങ്ങള്‍ കണ്ടെത്തുവാനുള്ള പാടവമാണ് ഈ മേഖലക്കു വേണ്ട മറ്റൊരു സവിശേഷത. ഈ മേഖലയില്‍ ഡിസൈനേഴ്‌സിനുളള പങ്ക് എന്താണെന്ന് മനസ്സിലാക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. 

ഫാഷന്‍ ഡിസൈനര്‍ 

ഫാഷന്‍ ഇന്‍ഡസ്ട്രിയില്‍ ഏറ്റവും പ്രാധാന്യമുള്ളവരാണ് ഫാഷന്‍ ഡിസൈനര്‍മാര്‍. മാറി മാറി വരുന്ന ഫാഷന്‍ സങ്കല്‍പങ്ങളെ കുറിച്ച് ബോധമുള്ളവരായിരിക്കണം ഇവര്‍. മാര്‍ക്കറ്റിലെ ഡിമാന്റനുസരിച്ച് അവര്‍ക്കുള്ള പ്രതിഫലവും ഉയരുന്നതാണ്. 

ഫാഷന്‍ ഇല്ലസ്‌ട്രേറ്റര്‍ 

ഒരു ഡിസൈനര്‍ എന്താണോ ഉദ്ദേശിക്കുന്നത് അത് ഒരു ഫാഷന്‍ ഇല്ലസ്‌ട്രേറ്റര്‍ മനസ്സിലാക്കിയിരിക്കണം. 

ജുവല്ലറി ഡിസൈനിംഗ്

ഇന്ത്യയില്‍ പുരാതനകാലം മുതല്‍ തന്നെ ആഭരണങ്ങള്‍ക്കും മറ്റും പ്രാധാന്യം നല്‍കുന്ന സംസ്‌കാരമാണ് ഉണ്ടായിരുന്നത്. കാലം പുരോഗമിക്കുന്നതിനനുസരിച്ച് ഈ ആവശ്യം ദൈനംദിനം കൂടിക്കൂടി വരുന്നുണ്ട്. വ്യത്യസ്ത തരം ഡിസൈന്‍ ആഭരണങ്ങള്‍ക്ക് ദൈനംദിനം പ്രിയം കൂടിവരുന്നു. അതുകൊണ്ടു തന്നെ ഇത്തരം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സാധ്യതയും കൂടിക്കൂടി വരുന്നു. പണ്ടു കാലത്ത് ആഭരണ നിര്‍മാതാവിന്റെ ഇഷ്ടത്തിനനുസരിച്ചാണ് ഡിസൈന്‍ ചെയ്തിരുന്നതെങ്കില്‍ ഇന്ന് നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഡിസൈന്‍ നാം നിര്‍മാതാക്കള്‍ക്ക് നല്‍കുന്ന രീതിയാണ് ഉള്ളത്. ആഭരണങ്ങളെ പോലെതന്നെ അതുമായി ബന്ധപ്പെട്ട രത്‌നങ്ങളുടെ തിരിച്ചറിയലും പ്രാധാന്യം അര്‍ഹിക്കുന്നു. സ്വന്തമായി ജോലി നോക്കാവുന്നതും അല്ലെങ്കില്‍ ഒരു ജ്വല്ലറിയുടെ ഭാഗമായും ജ്വല്ലറി ഡിസൈനര്‍ക്ക് ജോലി ചെയ്യാം. ഔപചാരിക വിദ്യാഭ്യാസം ആവശ്യമില്ലെങ്കിലും മതിയായ പരിശീലനം ലഭിച്ചവര്‍ക്ക് ധാരാളം തൊഴില്‍ സാധ്യതകള്‍ ഈ മേഖലയില്‍ കാണാം. 

ജ്വല്ലറി ഡിസൈനര്‍, ജ്വല്ലറി വ്യാപാരി, എക്‌സിബിഷന്‍ മാനേജര്‍, പ്രൊഡക്ഷന്‍ മാനേജര്‍, അധ്യാപകന്‍ തുടങ്ങി പല തസ്തികകളിലും തൊഴില്‍ ലഭ്യമാണ്. 

ആധുനിക സാഹചര്യത്തിനും ആവശ്യകതക്കും അനുസരിച്ച് ക്രിയാത്മകമായി ഡിസൈന്‍ ചെയ്യാന്‍ കഴിയുന്നവര്‍ക്ക് ഈ മേഖലയില്‍ തിളങ്ങാന്‍ കഴിയും. 

ജോലി സാധ്യതയും പ്രതിഫലവും 

ആരംഭഘട്ടത്തില്‍ ഒരു ജ്വല്ലറി ഡിസൈനര്‍ക്ക് പ്രതിമാസം 10000 രൂപക്കു മുകളില്‍ സമ്പാദിക്കാന്‍ സാധ്യമാണ്. ജോലിയില്‍ നിങ്ങള്‍ക്കുള്ള പ്രാവീണ്യമാണ് മറ്റേതൊരു ജോലിയിലേതുമെന്ന പോലെ ഇതിലും നിങ്ങള്‍ക്കുള്ള സാധ്യതകള്‍. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കു ശേഷം നിങ്ങളുടെ സമ്പാദ്യം പ്രതിമാസം 30,000 രൂപ വരെ മുകളിലേക്ക് ഉയരും. വിദേശങ്ങളിലുള്ള കമ്പനികളില്‍ തുടക്കക്കാര്‍ക്ക് തന്നെ പ്രതിമാസം 50,000 വരെയാണ് പ്രതിഫലം. ജ്വല്ലറി ഇന്‍ഡസ്ട്രിയുടെ വളര്‍ച്ച ഇന്ന് ഈ മേഖലയില്‍ ഒട്ടേറെ അവസരങ്ങളാണ് നല്‍കുന്നത്. ഈ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ തന്നെ ഏതെങ്കിലും ഒരു കമ്പനിയില്‍ ജോലി ചെയ്യാവുന്നതാണ്. മാത്രമല്ല ഫ്രീലാന്‍സായും ഡിസൈനിംഗ് ബിസിനസ്സ് ആംരംഭിക്കാന്‍ സാധിക്കും. 

ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ജ്വല്ലറി ഡിസൈനേഴ്‌സിനുള്ള ഡിമാന്‍ഡ് എക്കാലവും നിലനില്‍ക്കുന്ന ഒരു തൊഴില്‍ മേഖലയായാണ് കണക്കാക്കുന്നത്. 

 

ജോലി സാധ്യതകള്‍ 

 

  •  ജ്വല്ലറി ഡിസൈനേഴ്‌സ് 
  •  ജ്വല്ലറി മെര്‍ച്ചന്റൈസര്‍ 
  •  എക്‌സിബിഷന്‍ മാനേജര്‍ 
  •  പ്രൊഡക്ഷന്‍ മാനേജര്‍ 
  •  ലക്ചറര്‍ 
  •  കാസ്റ്റിംഗ് മാനേജര്‍ 

 

 

ഗ്രാഫിക് ഡിസൈനിംഗ്

 കമ്പനികളുടെ ലോഗോ, മാഗസിനുകള്‍, ജേര്‍ണലുകള്‍, വെബ്‌സൈറ്റുകള്‍ തുടങ്ങിയവയുടെ ആകര്‍ഷണീയമായ ഡിസൈനുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഗ്രാഫിക് ഡിസൈനര്‍മാര്‍. പലതിന്റെയും മാതൃക തയ്യാറാക്കുക, മുദ്രകള്‍ നിര്‍മിക്കുക, പ്ലാനുകള്‍ നിര്‍മിക്കുക, പടം വരക്കുക, കൈയെഴുത്ത് തയ്യാറാക്കുക തുടങ്ങി വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ക്കുള്ളത്. 

വര്‍ണങ്ങളെക്കുറിച്ചും ചിത്രകലയെക്കുറിച്ചും കാഴ്ചയുമായി ബന്ധപ്പെട്ട മറ്റു അറിവ് ഉള്ളവര്‍ക്കും ഈ മേഖലയില്‍ തിളങ്ങാനാവും. പ്രാഥമിക വിദ്യാഭ്യാസം ആവശ്യമില്ലാത്ത മേഖലയാണെങ്കിലും നിരന്തര പ്രയത്‌നവും പരിശീലനവും നല്ല മികവും പരിശീലകരില്‍നിന്ന് ലഭിച്ചാല്‍ മാത്രമേ ഇത്തരം മേഖലയില്‍ കൂടുതല്‍ ഉന്നതിയിലെത്താന്‍ സാധിക്കൂ. സ്വന്തമായും ഒരു കമ്പനിയുടെയോ സ്ഥാപനത്തിന്റെയോ ഭാഗമായും തൊഴില്‍ ചെയ്യാവുന്ന ഈ മേഖലക്ക് ആധുനിക സാഹചര്യത്തില്‍ ആവശ്യക്കാരേറെയാണ്. ഔപചാരിക വിദ്യാഭ്യാസം ആവശ്യമില്ല. 

ചുരുക്കം ചില കമ്പനികളെ മാറ്റിനിര്‍ത്തിയാല്‍ മിക്കവരും അവരുടെ തൊഴിലാളികളുടെ അക്കാദമിക വിദ്യാഭ്യാസത്തിലുപരി അടിസ്ഥാനമായി വരക്കുവാനും ഡിസൈന്‍ ചെയ്യുവാനുമുള്ള പാടവത്തിനാണ് മുന്‍തൂക്കം നല്‍കുന്നത്. നിങ്ങളുടെ കഴിവിനും സാഹചര്യത്തിനുമനുസരിച്ച് ഇപ്പോള്‍ ഈ മേഖലയില്‍ ഒട്ടേറെ അവസാരങ്ങളുണ്ട്.

ഇപ്പോഴത്തെ ഇന്‍ഡസ്ട്രിയുടെ വളര്‍ച്ചയനുസരിച്ച് ഒരു ഡിസൈനര്‍ക്ക് 7,000 മുതല്‍ 20,000 രൂപ വരെ പ്രതിമാസം സമ്പാദിക്കാം. 

 നിങ്ങളെ ഗ്രാഫിക്ക്/ ആനിമേഷന്‍ മേഖലയിലേക്ക് എന്താണ് ആകര്‍ഷിക്കുന്നത്? 

 

  • ചെറുപ്പം മുതലേ കലയോടുള്ള നിങ്ങളുടെ അഭിനിവേശം. 
  • കണക്ക് പോലുള്ള വിഷയങ്ങളോടുള്ള താല്‍പര്യക്കുറവ്. 
  • കാര്യങ്ങള്‍ ക്രിയാത്മകമായി സമീപിക്കുവാനുള്ള പാടവം.

 

 

വെബ് ഡിസൈനിംഗ് 

ഇന്ന് ഏതൊരു സ്ഥാപനത്തിന്റെയും പ്രസ്ഥാനത്തിന്റെയും മുഖമുദ്രയാണ് വെബ്‌സൈറ്റ്. ഏത് സ്ഥാപനത്തെയും പരിചയപ്പെടുത്തുമ്പോള്‍ ആളുകള്‍ ആദ്യം ചോദിക്കുന്നത് വെബ്‌സൈറ്റാണ്. വളരെ ചുരുങ്ങിയ ചെലവില്‍ ആകര്‍ഷണീയമായ വെബ്‌സൈറ്റുകള്‍ ഇന്ന് നിര്‍മിക്കാനാവും. വെബ്‌സൈറ്റ് നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നത് സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണെങ്കിലും അത് ആകര്‍ഷണീയമാക്കാന്‍ അദ്ദേഹത്തിന് കഴിയണം എന്നില്ല. അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്നത് വെബ് ഡിസൈനര്‍മാരാണ്. ആകര്‍ഷണീയവും എന്നാല്‍ ഉപയോഗിക്കുന്നവര്‍ക്ക് ലളിതമായതുമായ ഡിസൈന്‍ ഉെണ്ടങ്കില്‍ മാത്രമാണ് വെബ്‌സൈറ്റ് ജനകീയമാവാന്‍ സാധ്യതയുള്ളൂ. സ്വന്തമായും സോഫ്റ്റ് വെയര്‍ കമ്പനികളുടെ ഭാഗമായും പ്രവര്‍ത്തിക്കാന്‍ സാധ്യമാവുന്ന ഈ മേഖലക്ക് ഇന്ന് ധാരാളം സാധ്യതകളുണ്ട്. ക്രിയാത്മകത കൈമുതലായുള്ളവര്‍ക്ക് ഇത്തരം മേഖലയില്‍ തിളങ്ങാനുമാവും.

പ്രതിഫലം 

ഇപ്പോഴത്തെ ഇന്‍ഡസ്ട്രിയുടെ വളര്‍ച്ചയനുസരിച്ച് ഒരു വെബ് ഡിസൈനര്‍ക്ക് 10,000 മുതല്‍ 20,000 രൂപ വരെ പ്രതിമാസം സമ്പാദിക്കാം. പരിചയസമ്പന്നമായ ഒരു കമ്പനിയോ ടീം ലീഡറോ നിങ്ങള്‍ക്കുണ്ടെങ്കില്‍ പ്രതിമാസം 40,000 വരെ പ്രതിമാസം നേടിയെടുക്കാം.

ഫോട്ടോഗ്രഫി

ചിത്രങ്ങള്‍ സംസാരിക്കുന്നു, അല്ലെങ്കില്‍ സംസാരിക്കുന്ന ചിത്രങ്ങള്‍. സന്തോഷവും ആഘാതവും ആശ്ചര്യവും പ്രകടമാക്കാന്‍ ഒരു നല്ല ചിത്രത്തിനാവും. ഇത്തരത്തിലുള്ള ഒരു നല്ല മാധ്യമമാണ് ഫോട്ടോഗ്രഫ്രി. നല്ല ക്രിയാത്മക ചിന്തയും സര്‍ഗശേഷിയും ഭാവനയും ഉള്ളവര്‍ക്ക് ഈ മേഖലയില്‍ നല്ല ഭാവി കാണാം. നല്ല സൗന്ദര്യബോധവും ചിത്രീകരണ ശേഷിയും ഈ മേഖലക്ക് അത്യന്താപേക്ഷിതമാണ്. തനിക്ക് പറയാനുള്ളത് ചിത്രത്തിലൂടെ പ്രതിഫലിപ്പിക്കുന്നത് ഒരു ഫോട്ടോഗ്രാഫറുടെ മിടുക്കാണ്. ദൈനംദിനം പെരുകിവരുന്ന പത്രങ്ങളുടെയും ചാനലുകളുടെയും എണ്ണവും ഫാഷന്‍ മേഖലയുടെ വ്യാപനവും ഫോട്ടോഗ്രഫി മേഖലയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. ചിലര്‍ ഫോട്ടോഗ്രാഫറുടെ ജീവിതം അസാധാരണത്വം നിറഞ്ഞതാണെന്ന് പറയുന്നുെണ്ടങ്കിലും ധാരാളം യാത്ര ചെയ്യാനും വ്യത്യസ്തമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും കഴിവ് തെളിയിക്കാനും അവസരമുള്ള മേഖലയാണ് ഫോട്ടോഗ്രഫി. 

 

പ്രസ് ഫോട്ടോഗ്രഫി/ ഫോട്ടോ ജേണലിസം 

ദിനപത്രങ്ങളുടെയും മാഗസിനുകളുടെയും വാര്‍ത്തകളും സംഭവങ്ങളും ചിത്രങ്ങളുടെ സഹായത്തോടെ ചെയ്യുകയാണ് ഫോട്ടോ ജേര്‍ണലിസ്റ്റ് ചെയ്യുന്നത്. 

ഫാഷന്‍ ഫോട്ടോഗ്രഫി 

ഫാഷന്‍ ഹൗസുകളിലും മോഡ ലിംഗിലും ഫാഷന്‍ ഡിസൈന്‍ മേഖലകളിലും ഫോട്ടോഗ്രാഫറുടെ സ്ഥാനം വളരെ വലുതാണ്. മാറിമാറി വരുന്ന ഫാഷന്‍ രീതികളെക്കുറിച്ച് വ്യക്തമായ ധാരണ ഇദ്ദേഹത്തിന് ആവശ്യമാണ്. 

പോര്‍ട്ടറൈറ്റ് ഫോട്ടോഗ്രഫി 

മനുഷ്യരുമായി കൂടുതല്‍ ബന്ധപ്പെടുന്ന മേഖലയാണ് ഇത്. ഇതില്‍ വ്യക്തിപരമായ ഫോട്ടോ കള്‍ക്ക് പ്രാധാന്യം വരുന്നു. വിവാഹ ചടങ്ങുകളിലെല്ലാം ഫോട്ടോയെടു ക്കുന്നവരാണ് ഇവര്‍.

 ഇന്‍ഡസ്ട്രിയല്‍ ഫോട്ടോഗ്രഫി 

പരസ്യങ്ങള്‍ക്കും വില്‍പനക്കും വേണ്ടി വസ്തുക്കളെയും നിര്‍മിതിയെയും ക്യാമറയില്‍ പകര്‍ത്തുന്നവരാണിവര്‍.

വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രഫി 

പ്രക്യതിയോട് ഇണങ്ങിച്ചേര്‍ ന്നവരാണ് ഇവര്‍. വന്യമ്യഗങ്ങളെയും പ്രക്യതി രമണീയതയെയും ക്യാമറ യില്‍ ഒപ്പിയെടുക്കുന്ന ഇവര്‍ സാഹസി കത ഇഷ്ടപ്പെടുന്നവരായാല്‍ നന്ന് .

ഫീച്ചര്‍ ഫോട്ടോഗ്രഫി 

കഥകളും മറ്റും ചിത്രരൂപേണ അവതരിപ്പിക്കുന്നവരാണ് ഇവര്‍.

 ഫോറന്‍സിക് ഫോട്ടോഗ്രഫി 

കുറ്റാന്വേഷണ മേഖലയില്‍ സഹായിക്കുന്നവരാണ് ഇവര്‍.

ഫ്രീലാന്‍സിംഗ് 

സ്വതന്ത്രമായി സഞ്ചരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്ന വരാണ് ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍മാര്‍.

സയന്റിഫിക്ക് ഫോട്ടോഗ്രഫി 

വൈദ്യശാസ്ത്രം, ജിവശാസ്ത്രം, ഭൗതിക ശാസ്ത്രം, രസതന്ത്രം തുടങ്ങി ശാസ്ത്രീയമായ ഗവേഷണത്തിനും മറ്റും സഹായകമായി വര്‍ത്തിക്കു ന്നവരാണ് ഇവര്‍. 

ഫോട്ടോഗ്രഫി മേഖലക്ക് വേണ്ട വ്യക്തി ഗുണങ്ങളും കഴിവുകളും

നല്ല സര്‍ഗശേഷിയും സാങ്കേതിക പരിജ്ഞാനവും ഈ മേഖലക്ക് ആവശ്യമാണ്. കാഴ്ചകള്‍ക്കും വര്‍ണങ്ങള്‍ക്കും പ്രകാശത്തിനും പ്രാധാന്യം കൊടുക്കുന്നവര്‍ക്കാണ് ഈ മേഖലയില്‍ അവസരമു ള്ളത്. സാങ്കേതിക വിദ്യയുടെ മാറ്റങ്ങളെ ഉള്‍ക്കൊള്ളുകയും അതിനനുസ്യ തമായി പ്രവര്‍ത്തിക്കുന്നവരും ആയിരിക്കണം ഫോട്ടോഗ്രാഫര്‍മാര്‍. 

പഠനം: 

പ്ലസ്ടു പഠന ശേഷം ബിരുദ തലത്തിലാണ് ഫോട്ടോഗ്രഫി പഠന സാധ്യത ഉള്ളത്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top