ദത്തുപുത്ര സദായം ഇസ്‌ലാമിൽ

ഇല്ല്യാസ് മൗലവി No image

 

ദത്തുപുത്ര സമ്പ്രദായം ജാഹിലിയ്യാ കാലത്ത്

കല്‍ബ് ഗോത്രത്തിലെ ഹാരിസത്തുബ്‌നു ശറാഹീലിന്റെ മകനായിരുന്നു സൈദ്. ത്വയ്യ് ഗോത്രത്തിന്റെ ഒരു ഉപ ശാഖയായ മഅ്ന്‍ വംശത്തില്‍പെട്ട സഅ്‌ലബയുടെ പുത്രി സുഅ്ദായായിരുന്നു മാതാവ്. സൈദിന് എട്ട് വയസ്സുള്ളപ്പോള്‍ മാതാവ് അദ്ദേഹത്തെ പിതൃഗൃഹത്തില്‍ വിട്ടിട്ടുപോയി. അവിടെ വെച്ച് ഖൈനുബ്‌നു ജസര്‍ ഗോത്രക്കാര്‍ അവരുടെ സങ്കേതം ആക്രമിക്കുകയും കൊള്ളയടി് ക്കുകയും ചെയ്തു. അവര്‍ അടിമകളായി പിടിച്ചവരില്‍ സൈദും ഉണ്ടായിരുന്നു. അവരദ്ദേഹത്തെ ത്വാഇഫിനടുത്തുള്ള ഉക്കാള് ചന്തയില്‍ കൊണ്ടുവന്നു വിറ്റു. ഖദീജയുടെ മച്ചുനനായ ഹകീമുബ്‌നു ഹിസാമായിരുന്നു സൈദിനെ വാങ്ങിയത്. അദ്ദേഹം ആ അടിമക്കുട്ടിയെ മക്കയില്‍ കൊണ്ടുവന്നു. തന്റെ മച്ചുനിച്ചിയുടെ സേവനത്തിനായി നേര്‍ന്നു. നബി (സ) ഖദീജ(റ)യെ വിവാഹം ചെയ്തപ്പോള്‍ അവരോടൊപ്പം സൈദും ഉണ്ടായിരുന്നു. സൈദിന്റെ നടപടികളും പെരുമാറ്റവുമെല്ലാം തിരുമേനിക്ക് നന്നെ ഇഷ്ടപ്പെട്ടു. തിരുമേനി സൈദിനെ തനിക്ക് വേണമെന്ന് ഖദീജ(റ)യെ അറിയിച്ചു. അങ്ങനെ ആ ഭാഗ്യവാനായ കുട്ടി, ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം പ്രവാചകനാകാനിരിക്കുന്ന ശ്രേഷ്ഠനായ വ്യക്തിയുടെ സന്നിധിയിലെത്തി. അന്ന് സൈദിന് 15 വയസ്സായിരുന്നു. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ സൈദിന്റെ പിതാവും പിതൃവ്യനും തങ്ങളുടെ പുത്രന്‍ മക്കയിലുണ്ടെന്നറിഞ്ഞു; അവനെയുമന്വേഷിച്ച് മക്കയില്‍ നബി(സ)യുടെ അടുത്തെത്തി. തിരുമേനിയോട് അവര്‍ അപേക്ഷിച്ചു: 'അങ്ങേക്ക് നഷ്ടപരിഹാരമായി എന്തുവേണമെങ്കിലും തരാം. ഞങ്ങളുടെ കുട്ടിയെ ഞങ്ങള്‍ക്ക് വിട്ടുതരുമാറാകണം.' തിരുമേനി പറഞ്ഞു: 'ഞാന്‍ കുട്ടിയെ വിളിച്ച് അവന്റെ ഇഷ്ടംപോലെ ചെയ്യാന്‍ പറയാം. അവന്‍ നിങ്ങളോടൊപ്പം വരാനോ എന്റെ കൂടെ കഴിയാനോ ഇഷ്ടപ്പെടുന്നത് എന്ന് സ്വയം തീരുമാനിക്കട്ടെ. നിങ്ങളോടൊപ്പം പോരാനാണാഗ്രഹിക്കുന്നതെങ്കില്‍ എനിക്ക് ഒരു നഷ്ടപരിഹാരവും വേണ്ട. ഞാന്‍ വെറുതെ തന്നെ നിങ്ങള്‍ക്കവനെ വിട്ടുതന്നേക്കാം. പക്ഷേ, അവന്‍ എന്റെ കൂടെ കഴിയാനാണാഗ്രഹിക്കുന്നതെങ്കില്‍, എന്റെ കൂടെ കഴിയാനിഷ്ടപ്പെടുന്ന ഒരുവനെ എങ്ങനെയെങ്കിലും ആട്ടിപ്പായിക്കുന്നവനല്ല ഞാന്‍.' അവര്‍ പറഞ്ഞു: 'ഏറ്റവും വിശിഷ്ടമായ ന്യായമാണല്ലോ അങ്ങു പറഞ്ഞത്. കുട്ടിയെ വിളിച്ചു ചോദിച്ചാലും.'തിരുമേനി സൈദിനെ വിളിച്ച് ആഗതരെ ചൂണ്ടിക്കൊണ്ടു ചോദിച്ചു: 'ഇവരെ അറിയുമോ?' അദ്ദേഹം പറഞ്ഞു: 'അറിയും, ഇതെന്റെ പിതാവാണ്. അത് പിതൃവ്യനും.' തിരുമേനി പറഞ്ഞു: 'നിനക്ക് ഇവരെയും എന്നെയും അറിയാമല്ലോ. ഇനി നിനക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. വേണമെങ്കില്‍ അവരുടെ കൂടെ പോകാം. അല്ലെങ്കില്‍ എന്റെ കൂടെ വസിക്കുകയും ചെയ്യാം.' അദ്ദേഹം പറഞ്ഞു: 'ഞാന്‍ അങ്ങയെ വിട്ട് ആരുടെ കൂടെയും പോകാന്‍ ആഗ്രഹിക്കുന്നില്ല.' അദ്ദേഹത്തിന്റെ പിതാവും പിതൃവ്യനും പറഞ്ഞു: 'ഓ സൈദ്, നീ സ്വാതന്ത്ര്യത്തെക്കാള്‍ അടിമത്തത്തെ ഇഷ്ടപ്പെടുന്നുവോ? നിന്റെ മാതാപിതാക്കളെയും ബന്ധുക്കളെയും വെടിഞ്ഞ് അന്യരുടെ കൂടെ കഴിയാനാഗ്രഹിക്കുന്നുവെന്നോ?' സൈദ് മറുപടി പറഞ്ഞു: 'ഇദ്ദേഹത്തില്‍ കാണുന്ന മഹദ്ഗുണങ്ങള്‍ അനുഭവിച്ച എനിക്ക് ഇനി ഈ ലോകത്ത് യാതൊരാള്‍ക്കും അദ്ദേഹത്തേക്കാള്‍ മുന്‍ഗണന നല്‍കാന്‍ കഴിയില്ല.' സൈദിന്റെ ഈ മറുപടി അദ്ദേഹത്തിന്റെ പിതാവിനെയും പിതൃവ്യനെയും സന്തുഷ്ടരാക്കി. തിരുമേനി (സ) അപ്പോള്‍തന്നെ സൈദിനെ സ്വതന്ത്രനാക്കുകയും ഹറമില്‍ പോയി ഖുറൈശി സഭയില്‍ ഇപ്രകാരം പ്രഖ്യാപിക്കുകയും ചെയ്തു: 'എല്ലാ ജനങ്ങളും സാക്ഷിക ളാകുവിന്‍. ഇന്നു മുതല്‍ സൈദ് എന്റെ പുത്രനാകുന്നു. ഞാന്‍ അവനില്‍നിന്നും അവന്‍ എന്നില്‍നിന്നും അനന്തരാവകാശമെടുക്കുന്നതാകുന്നു.' ഇതിന്റെ അടിസ്ഥാനത്തില്‍ ആളുകള്‍ അദ്ദേഹത്തെ സൈദുബ്‌നു മുഹമ്മദ് (മുഹമ്മദിന്റെ മകന്‍ സൈദ്) എന്നു വിളിച്ചുതുടങ്ങി.(കൂടുതല്‍ വിശദീകരണത്തിന്  തഫ്ഹീമുല്‍ ഖുര്‍ആന്‍ അല്‍ അഹ്‌സാബ്)

അറബികള്‍ ദത്തുപുത്രന്മാരെ ഔരസപുത്രന്മാരെപ്പോലെയാണ് കരുതിയിരുന്നത്. അവര്‍ക്ക് ദായധനാവകാശം ലഭിച്ചിരുന്നു. നേര്‍പുത്രനോടും സഹോദരനോടുമുള്ള പോലെയാണ് ദത്തുപിതാവിന്റെ ഭാര്യയും പെണ്‍മക്കളും അയാളോട് പെരുമാറിയിരുന്നത്. ദത്തുപിതാവിന്റെ പെണ്‍മക്കളെയും അയാളുടെ മരണാനന്തരം ഭാര്യയെയും ദത്തുപുത്രന്‍ വിവാഹം ചെയ്യുന്നത് നേര്‍ സഹോദരിയെയും മാതാവിനെയും വിവാഹം ചെയ്യുന്നതുപോലെ നികൃഷ്ടമായി ഗണിക്കപ്പെട്ടിരുന്നു. ദത്തുപുത്രന്‍ വിവാഹമോചനം ചെയ്യുകയോ അല്ലെങ്കില്‍ അയാള്‍ മരിച്ചശേഷം വിധവയാവുകയോ ചെയ്ത സ്ത്രീയെ ദത്തുപിതാവ് കല്യാണം ചെയ്യുന്നതും ഇപ്രകാരം തന്നെയായിരുന്നു. ദത്തുപിതാവിനെ സംബന്ധിച്ചിടത്തോളം ആ സ്ത്രീ മരുമകളായി ഗണിക്കപ്പെട്ടു. ഈ സമ്പ്രദായം വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവ സംബന്ധിച്ച് സൂറ അല്‍ബഖറയിലും അന്നിസാഇലും നിര്‍ദേശിക്കപ്പെട്ട നിയമങ്ങളുമായി അടിക്കടി ഏറ്റുമുട്ടിക്കൊണ്ടിരുന്നു. യഥാര്‍ഥ അവകാശികളായി നിശ്ചയിക്കപ്പെട്ടവര്‍ക്ക് ഒട്ടുംതന്നെ നല്‍കാതെ, യാതൊരവകാശവും ഇല്ലാത്തവര്‍ക്ക് ദായധനവിഹിതം നല്‍കുവാനും ഈ ആചാരം വഴിയൊരുക്കുന്നുണ്ടായിരുന്നു. വിവാഹബന്ധം അനുവദനീയമായി നിശ്ചയിക്കപ്പെട്ട ആളുകള്‍ തമ്മില്‍ വിവാഹബന്ധത്തിലേര്‍പെടുന്നത് നിഷിദ്ധമാക്കാനും അതിനു കഴിഞ്ഞു. സര്‍വോപരി, ഇസ്‌ലാം അവസാനിപ്പിക്കാനുദ്ദേശിച്ച ദുരാചാരങ്ങള്‍ പ്രചരിപ്പിക്കാന്‍ സഹായകമായിരുന്നു അത്. എന്തുകൊണ്ടെന്നാല്‍, ദത്തുബന്ധം എത്ര ശുദ്ധവും ശക്തവുമായിരുന്നാലും ശരി, അതുവഴിക്കുള്ള മാതാവോ സഹോദരിയോ പുത്രിയോ യഥാര്‍ഥ മാതാവും സഹോദരിയും പുത്രിയും ആയിത്തീരുന്നില്ല. ഈ കൃത്രിമ ബന്ധത്തിന്റെ ശുദ്ധിയെ അവലംബമാക്കി അന്യ സ്ത്രീപുരുഷന്മാര്‍ തമ്മില്‍ യഥാര്‍ഥ ബന്ധുക്കളെപ്പോലെ കൂടിക്കലര്‍ന്നു പെരുമാറുന്നത് ദുഷ്ഫലങ്ങള്‍ ഉളവാക്കാതിരിക്കയില്ല. ഇക്കാരണങ്ങളാല്‍ ദത്തുസന്താനങ്ങളെ ഔരസ സന്താനങ്ങളെപ്പോലെ കണക്കാക്കുന്ന സങ്കല്‍പത്തെ ഉന്മൂലനം ചെയ്യേണ്ടത് വിവാഹം, വിവാഹമോചനം, വ്യഭിചാരനിരോധം, അനന്തരാവകാശം തുടങ്ങിയ ഇസ്‌ലാമിക നിയമങ്ങളുടെ അനിവാര്യ താല്‍പര്യമായിരുന്നു. പക്ഷേ, ഒരു നിയമശാസനമെന്ന നിലയില്‍ 'ദത്തുസന്തതികള്‍ ആരുടെയും യഥാര്‍ഥ സന്തതികളാകുന്നതല്ല' എന്നു പറഞ്ഞതുകൊണ്ടു മാത്രം അവസാനിച്ചുപോകുന്നതായിരുന്നില്ല, പരമ്പരാഗതമായി മൂടുറച്ച ഈ സങ്കല്‍പം. നൂറ്റാണ്ടുകളിലൂടെ രൂഢമൂലമായ ധാരണകളും അനുമാനങ്ങളും കേവലം ഒരു പ്രഖ്യാപനംകൊണ്ട് മാറുകയില്ലല്ലോ. ഈ ബന്ധം യഥാര്‍ഥ ബന്ധമല്ലെന്ന് ആളുകള്‍ തത്വത്തില്‍ അംഗീകരിച്ചിരുന്നു. എന്നിട്ടും ദത്തുമാതാവും പുത്രനും തമ്മിലും ദത്തുസഹോദരനും സഹോദരിയും തമ്മിലും ദത്തുപിതാവും പുത്രിയും തമ്മിലും ദത്തുശ്വശുരനും മരുമകളും തമ്മിലും വിവാഹബന്ധത്തിലേര്‍പെടുന്നത് അവര്‍ നികൃഷ്ടമെന്നു വിധിച്ചു. അതുപോലെ ഇവര്‍ക്കിടയിലെ പെരുമാറ്റത്തിലും യാതൊരു കലവറയും ഉണ്ടായിരുന്നില്ല. അതിനാല്‍, ഈ ആചാരത്തെ പ്രായോഗികമായി തകര്‍ക്കേണ്ടത് ആവശ്യമായിരുന്നു. നബി(സ) തന്നെ അത് തകര്‍ക്കുക യും വേണം. കാരണം, ഒരു കാര്യം തിരുമേനി (സ) പ്രവര്‍ത്തിക്കുക യും അത് അല്ലാഹുവിന്റെ ആജ്ഞയനു സരിച്ചായിരിക്കുകയും ചെയ്താല്‍ പിന്നെ അതുസംബന്ധിച്ച് മുസ്‌ലിംകളുടെ ഹൃദയത്തില്‍ അരോച കത്വമവശേഷിക്കാനിടയില്ല. ഈ അടിസ്ഥാനത്തില്‍, അഹ്‌സാബ് യുദ്ധത്തിന് അല്‍പം മുമ്പ്, അല്ലാഹു നബി(സ)യോട് അവിടത്തെ ദ ത്തുപുത്രനായ സൈദുബ്‌നു ഹാരിസ യില്‍നിന്ന് വിവാഹമുക്തയായ സൈന ബിനെ (റ) വിവാഹം ചെയ്യാന്‍ കല്‍പിച്ചു. 

ദത്തുപുത്ര സമ്പ്രദായം വിലക്കിയത് എന്തുകൊണ്ട്?

ദത്തുപുത്ര സമ്പ്രദായം ദത്തുപുത്രന് യഥാര്‍ഥ പുത്രന് ലഭിക്കുന്ന മുഴുവന്‍ അധികാരവും അംഗീകാരവും അറബികള്‍ക്കിടയിലു ണ്ടായിരുന്നു. ഇതാകട്ടെ ഇസ്‌ലാം സ്ഥാപിക്കുന്ന വിവാഹ, വിവാഹമോചന, അനന്തരാവകാശ നിയമങ്ങളുടെ അടിസ്ഥാനങ്ങളുമായി പൂര്‍ണമായി വിയോജിക്കുന്നതും ഒട്ടനവധി അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യതയുള്ളതുമായിരുന്നു. ഇതിനെ മനസ്സുകളില്‍നിന്ന് ഉന്മൂലനം ചെയ്യാന്‍ പ്രായോഗികമായ ഒരു നപടിതന്നെ ആവശ്യമായിവന്നു.

ഇതിന്നായി അല്ലാഹു തെരഞ്ഞെടുത്തത് വിശുദ്ധനായ പ്രവാചകനെ തന്നെയാണ്. അവിടുത്തെ പിതൃസഹോദരീ പുത്രിയായ സൈനബിനെ ആദ്യവിവാഹം ചെയ്തത് ഹാരിഥയുടെ പുത്രന്‍ സൈദാണ്. ഇദ്ദേഹത്തെ ജനങ്ങള്‍ വിളിച്ചിരുന്നത് മുഹമ്മദിന്റെ പുത്രന്‍ സൈദ് എന്നായിരുന്നു. സൈദും സൈനബും തമ്മിലുള്ള വിവാഹം പൊരുത്തക്കേടിലെത്തുകയും വിവാഹമോചനത്തില്‍ അവസാനിക്കുകയും ചെയ്തു. സൈദ് അവരെ വിവാഹമുക്തയാക്കിയാല്‍ താന്‍ അവരെ വിവാഹം ചെയ്യാന്‍ കല്‍പിക്കപ്പെടുമെന്ന് സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലോ അല്ലാഹുവില്‍നിന്നുള്ള അറിയിപ്പിന്റെ അടിസ്ഥാനത്തിലോ തിരുമേനി മനസ്സിലാക്കിയിരുന്നു. പക്ഷേ, ഇത്തരമൊരു വിവാഹം നടക്കുന്നതിനെ പ്രവാചകന്‍ ഭയന്നു. കാരണം തന്റെ ശത്രുക്കള്‍ ഇതൊരായുധമാക്കി തനിക്കെതിരില്‍ ഉപയോഗിക്കുമോ എന്നതായിരുന്നു ഭയത്തിനു നിദാനം. പുറമെ ദുര്‍ബലരായ വിശ്വാസികളുടെ മനസ്സിനെ അതെങ്ങനെ സ്വാധീനിക്കുമെന്നതും പ്രശ്‌നമായിരുന്നു. സൈദ് തന്റെ വിവാഹമോചന താല്‍പര്യം പ്രവാചകനെ അറിയിച്ചതോടെ അദ്ദേഹം പ്രയാസപ്പെട്ടു. അവിടുന്ന് സൈദിനെ അതില്‍നിന്ന് വിലക്കി. പക്ഷേ, അല്ലാഹുവിന്റെ തീരുമാനം മറ്റൊന്നായിരുന്നു. അല്ലാഹു പ്രവാചകനെ ഇതിന്റെ പേരില്‍ ആക്ഷേപിക്കുകയാണ് ചെയ്തത്.

'നിന്റെ ഭാര്യയെ നീ നിന്റെ അടുത്ത് തന്നെ നിര്‍ത്തിപ്പോരുകയും, അല്ലാഹുവെ നീ സൂക്ഷിക്കുകയും ചെയ്യുക എന്ന്, അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനും നീ അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ളവനുമായ ആളോട് (സൈദിനോട്) നീ പറഞ്ഞിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക) അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം നിന്റെ മനസ്സില്‍ നീ മറച്ചുവെക്കുകയും ജനങ്ങളെ നീ പേടിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ നീ പേടിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളവന്‍ അല്ലാഹു വാകുന്നു.''(33:37)

സൈനബ് വിവാഹമുക്തയായ ശേഷം പ്രവാചകന്‍  അവരെ വിവാഹം കഴിച്ചു. 

'അങ്ങനെ സൈദ് അവളില്‍നിന്ന് ആവശ്യം നിറവേറ്റിക്കഴിഞ്ഞപ്പോള്‍ അവളെ നാം നിനക്ക് ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്മാര്‍ അവരുടെ ഭാര്യമാരില്‍നിന്ന് ആവശ്യം നിറവേറ്റി ക്കഴിഞ്ഞിട്ട് അവരെ വിവാഹം കഴിക്കുന്ന കാര്യത്തില്‍ സത്യവിശ്വാ സികള്‍ക്ക് യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയത്രെ ഇത്''(33:37). ഇതുവഴി വാചികമായി തകര്‍ത്തുകളഞ്ഞ ദത്തുപുത്ര പ്രശ്‌നം പ്രായോഗികമായി കൂടി തകര്‍ത്തു.

''നിങ്ങള്‍ അവരെ (ദത്തുപു ത്രന്മാരെ) അവരുടെ പിതാക്കളിലേക്ക് ചേര്‍ത്ത് വിളിക്കുക. അതാണ് അല്ലാഹുവിന്റെയടുക്കല്‍ ഏറ്റം നീതി പൂര്‍വകമായിട്ടുള്ളത്.''(33:5)

'സൈദുബ്‌നുഹാരിസ(റ)യെ നേരത്തേ ജനങ്ങളെല്ലാം സൈദുബ്‌നു മുഹമ്മദ് എന്നാണ് വിളിച്ചിരുന്നത്. ഈ സൂക്തം അവതരിച്ചതു മുതല്‍ അവരദ്ദേഹത്തെ സൈദുബ്‌നു ഹാരിസ എന്നു വിളിച്ചുതുടങ്ങി.'' കൂടാതെ, ഈ സൂക്തം അവതരിച്ചശേഷം ഒരാള്‍ തന്റെ വംശബന്ധം യഥാര്‍ഥ പിതാവല്ലാത്ത മറ്റൊരാളിലേക്ക് ചേര്‍ക്കുന്നത് നിഷിദ്ധമാണെന്നും തീരുമാനിക്കപ്പെട്ടു. ബുഖാരിയും മുസ്‌ലിമും അബൂദാവൂദും സഅ്ദുബ്‌നു അബീവഖാസ്വി(റ) ല്‍നിന്ന് ഉദ്ധരിക്കുന്നു: തിരുമേനി(സ) പ്രസ്താ വിച്ചു: 'ഒരാള്‍ തന്റെ പിതാവല്ലാത്ത ഒരാളെ, അയാള്‍ തന്റെ പിതാവല്ല എന്നറിഞ്ഞുകൊണ്ട് പിതാവെന്നു വാദിച്ചാല്‍ അതയാള്‍ക്ക് സ്വര്‍ഗം നിഷിദ്ധമാക്കുന്നു.'

അത് ഗുരുതരമായ കുറ്റമാണെന്നു സൂചിപ്പിക്കുന്ന വേറെയും നബിവചന ങ്ങള്‍ ഇവ്വിഷയകമായുണ്ട്.  (തഫ്ഹീ മുല്‍ ഖുര്‍ആന്‍  അല്‍ അഹ്‌സാബ്)

മനുഷ്യമനസ്സുകളില്‍ വേരുറച്ച ആചാരങ്ങളും സമ്പ്രദായങ്ങളും വേരറുക്കാന്‍ ചിലപ്പോള്‍ കേവലം പ്രസ്താവനകള്‍ക്ക് സാധ്യമായി ക്കൊള്ളണമെന്നില്ല. പ്രത്യുത, കര്‍മരംഗത്ത് നിര്‍മാണാത്മകമായ പ്രവര്‍ത്തനങ്ങള്‍തന്നെ ചിലപ്പോ ള്‍ ആവശ്യമായിവരും. ഇസ്‌ലാ മിക ചരിത്രത്തില്‍ ഇതിനു ധാരാളം ഉദാഹരണങ്ങള്‍തന്നെ കണ്ടെ ത്താനാവും.

എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ ഈ ജാഹിലിയ്യാ സമ്പ്രദായത്തെ ദുര്‍ബലമാക്കി. അതിനെ പൂര്‍ണമായി നിഷിദ്ധമാക്കുകയും പ്രവാചകന്‍ പ്രായോഗികമായി അത് നടപ്പാക്കു കയും ചെയ്തു. അല്ലാഹു പറയുന്നു: 'ദത്തുപുത്രന്‍മാരെ നിങ്ങളുടെ മക്കളാക്കിയിട്ടില്ല. ഇതെല്ലാം നിങ്ങളുടെ അധരങ്ങളില്‍ നിന്നുതിരുന്ന ജല്‍പനങ്ങളാകുന്നു. എന്നാല്‍ അല്ലാഹു തികച്ചും സത്യമായത് പറയുന്നു. അവനാകുന്നു നേര്‍വഴിക്ക് നയിക്കുന്നത്. ദത്തുപുത്രന്‍മാരെ അവരുടെ നേര്‍ പിതാക്കളിലേക്ക് ചേര്‍ത്തുവിളിക്കുവിന്‍. അതാണ് അല്ലാഹുവിങ്കല്‍ ഏറ്റവും ന്യായമായി ട്ടുള്ളത്. ഇനി അവരുടെ പിതാക്കള്‍ ആരെന്ന് അറിഞ്ഞു കൂടെങ്കില്‍ അപ്പോള്‍ അവര്‍ നിങ്ങളുടെ ദീനീ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു.'    ദത്തുപുത്ര സമ്പ്രദായം യഥാര്‍ഥ അവകാശികളായി നിശ്ചയിക്ക പ്പെട്ടവര്‍ക്ക് അവകാശം കിട്ടാതാകാനും ഇല്ലാത്തവര്‍ക്ക് ദായധന വിഹിതം ലഭിക്കാനും വഴിയൊരുക്കുന്നു. ദത്തുപുത്ര ബന്ധം എത്ര ശുദ്ധ വും ശക്തവുമായിരുന്നാലും ശരി, അതു വഴിക്കുള്ള മാതാവോ സഹോദരിയോ പുത്രിയോ യഥാര്‍ഥ മാതാവും സഹോദരിയും പുത്രിയും ആയിത്തീരുന്നില്ല. ഈ കൃത്രിമ ബന്ധത്തെ അവലംബമാക്കി അന്യ സ്ത്രീ പുരുഷന്‍മാര്‍ യഥാര്‍ഥ ബന്ധുക്കളെപ്പോലെ കൂടിക്കലര്‍ന്ന് പെരുമാറുന്നത് ദുഷ് ഫലങ്ങള്‍ ഉളവാക്കാതിരിക്കില്ല. ദത്തെടുത്തവന്റെ ഭാര്യ അവന്റെ മാതാവോ മകളോ സഹോദരിയോ ഒന്നുമല്ല. എല്ലാവരും അന്യരാണ്. അതിനാല്‍ ദത്തു സന്താനങ്ങളെ യഥാര്‍ഥ സന്താനങ്ങളെപ്പോലെ കണക്കാക്കുന്ന സമ്പ്രദായത്തെ ഇസ്‌ലാം പൂര്‍ണമായും വിലക്കി.

സംരക്ഷിക്കാന്‍ ദത്തെടുക്കല്‍

മറ്റുള്ളവരുടെ മകനാണെന്ന് അറിഞ്ഞു കൊണ്ടു തന്നെ തന്റെ കുടുബത്തിലേക്കും ബന്ധത്തിലേക്കും ചേര്‍ക്കലും യഥാര്‍ഥ മക്കളുടെ എല്ലാ വിധികളും അവകാശങ്ങളും അവര്‍ക്ക് വകവെച്ച് കൊടുക്കലും അങ്ങനെ അന്യ കുട്ടിയെ തന്റേതാക്കലുമാണ് ഇസ്‌ലാം നിരാകരിച്ച ദത്തെടുക്കല്‍. അനന്തരാവകാശത്തിന് അര്‍ഹത നല്‍കലും വിവാഹം നിഷിദ്ധമാക്കലും കൂടിക്കലരാന്‍ അനുവദിക്കലുമെല്ലാം ഇതില്‍പെടുന്നു.    

 എന്നാല്‍ ഇന്ന് കാണപ്പെടുന്നതു പോലെ അനാഥനോ അജ്ഞാത ശിശുക്കളോ ആയ കുട്ടിയെ ഏറ്റെടുക്കുന്നതോ വാത്സല്യത്തിലും സംരക്ഷണത്തിലും ശ്രദ്ധയിലും വളര്‍ത്തലോ  അങ്ങനെ അവന് ഭക്ഷണവും വസ്ത്രവും നല്‍കി സംരക്ഷിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത് ഇസ്‌ലാം വിലക്കുന്നില്ല. മാത്രമല്ല, പ്രശംസിക്കപ്പെട്ട കാര്യമാണത്. നബി (സ) പറഞ്ഞിരിക്കുന്നു: ''ഞാനും അനാഥയെ സംരക്ഷിക്കുന്നവനും സ്വര്‍ഗത്തില്‍ ഇപ്രകാരമാണ്. തിരുമേനി തന്റെ ചൂണ്ടുവിരലും നടുവിരലും നിവര്‍ത്തി ആംഗ്യം കാണിച്ചു.'

ഒരാള്‍ക്ക് മക്കളില്ലാതിരിക്കുകയും തന്റെ വളര്‍ത്തു പുത്രന് ധനം കൊടുക്കാന്‍ ഉദ്ദേശിക്കുകയും ചെയ്യുന്നുവെങ്കില്‍ ജീവിതകാലത്ത് ഇഷ്ടമുള്ളത് ദാനം നല്‍കാവുന്നതാണ്. മരണാനന്തരം വിട്ടേച്ച് പോവുന്ന സ്വത്തില്‍ നിന്ന് മൂന്നില്‍ നിന്നൊരംശം നല്‍കാന്‍ വസ്വിയ്യത്ത് ചെയ്യാവുന്നതാണ്.

ഇവിടെ പ്രധാനമായും ശ്രമിക്കേണ്ടത് ഇങ്ങനെ വളര്‍ത്തുന്ന കുട്ടി ആണാവട്ടെ, പെണ്ണാവട്ടെ എല്ലാ വിധികളിലും അന്യന്റെ സ്ഥാനത്തായിരിക്കും. പ്രായം ചെല്ലുന്തോറും അവര്‍ ആണാണെങ്കില്‍ വീട്ടിലുള്ള സ്ത്രീകളുമായോ പെണ്ണാണെങ്കില്‍ പുരുഷന്മാരുമായോ കൂടിക്കലരുന്നതോ തനിച്ചാവുന്നതോ അനുവദനീയമല്ല. മാത്രമല്ല അവര്‍ തമ്മില്‍ വൈവാഹിക ബന്ധത്തില്‍ ഏര്‍പെടുന്നതിനും യാതൊരു തടസ്സവും ഉണ്ടാവുന്നതുമല്ല. സംരക്ഷണവും പരിപാലനവും മാത്രമാണ് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നത്. അല്ലാതെ രക്തബന്ധുക്കളുടെയോ മുലകുടി ബന്ധുക്കളുടെയോ പോലുള്ള പരിഗണന വളര്‍ത്തു മക്കള്‍ക്ക് നല്‍കി ഔരസന്തനമയി പരിഗണിക്കുന്നത് ഇസ്‌ലാം ഒരു നിലക്കും അനുവദിച്ചിട്ടില്ല.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top