കോപത്തെ കീഴ്‌പ്പെടുത്തുക

ശൈഖ് മുഹമ്മദ് കാരകുന്ന് No image

'കഠിനമായ തലവേദന കാരണം ഇശാ നമസ്‌കാരം കഴിഞ്ഞ ഉടനെ ഞാന്‍ കട്ടിലില്‍ പോയി കിടന്നു. അറിയാതെ ഉറങ്ങിപ്പോയി. അതിനാല്‍ അദ്ദേഹം വന്ന് വിളിച്ചത് അറിഞ്ഞില്ല. വാതില്‍ തുറക്കാന്‍ അല്‍പം വൈകി. അന്ന് അദ്ദേഹം അകത്ത് കടന്നതു തന്നെ അലറിക്കൊണ്ടാണ്. എന്തൊക്കെയോ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. അതുകൊണ്ടും മതിയാകാതെ കൈയിലുണ്ടായിരുന്ന പഞ്ചസാര പൊതികൊണ്ട് എന്നെ എറിഞ്ഞു. നിലത്ത് വീണ പൊതി പൊട്ടി പഞ്ചസാരയൊക്കെ നിലത്ത് ചിതറി. എന്നും ഇദ്ദേഹം ഇങ്ങനെയാണ്. എന്തെങ്കിലും നിസ്സാരകാര്യത്തിന് കോപിക്കും. കലിയിളകിയാല്‍ എന്തൊക്കെയോ ചെയ്യും. അദ്ദേഹത്തിനു തന്നെ അറിയില്ല എന്താണ് ചെയ്യുന്നതെന്ന്. കുറെ കഴിഞ്ഞ് വന്ന് സാരമില്ലെന്ന് പറഞ്ഞ് സമാധാനിപ്പിക്കാന്‍ ശ്രമിക്കും.' ഒരു സഹോദരി ഭര്‍ത്താവുമായി അകലാനുള്ള പ്രധാന കാരണങ്ങളിലൊന്നായി പറഞ്ഞതാണിത്.

പല ദാമ്പത്യപ്രശ്‌നങ്ങളിലും മുഖ്യപ്രതി മുന്‍കോപമാണ്. ആണായാലും പെണ്ണായാലും തന്റെ ജീവിതപങ്കാളിയെപ്പറ്റി ഏറ്റവും കൂടുതല്‍ പരാതിയുണ്ടാവുക കോപത്തെക്കുറിച്ചായിരിക്കും. ഇന്നോളം കൈകാര്യം ചെയ്യേണ്ടി വന്ന കുടുംബ പ്രശ്‌നങ്ങളിലെല്ലാമുള്ള അനുഭവമിതാണ്. ആരാധനാകര്‍മങ്ങളില്‍ നല്ല നിഷ്ഠ പുലര്‍ത്തുന്നവര്‍ പോലും കൊച്ചു കൊച്ചു കാര്യങ്ങളുടെ പേരില്‍ കലിതുള്ളും. അതോടെ പേപിടിച്ചവരെപ്പോലെ പലതും വിളിച്ചുപറയും. സമനില തെറ്റിയവനെപ്പോലെ പെരുമാറും. അതുകൊണ്ടുതന്നെ ദാമ്പത്യജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന വില്ലന്‍ കോപമാണെന്നുറപ്പ്.

പലരും പറയുന്നു; തന്റെ ജീവിതപങ്കാളി ഒരിക്കലും ഒട്ടും സൈ്വര്യം തരില്ല. പുറത്ത് വളരെ മാന്യനാണ്. വീട്ടിലെത്തിയാല്‍ നരിയാണ്. പുറത്ത് പാവവും അകത്ത് പുലിയും. വല്ലാത്ത ദേഷ്യമാണ്. വളരെ വൈകിയാണ് വീട്ടിലെത്തുക. വന്നാല്‍ ഉടനെ എന്തെങ്കിലും പറഞ്ഞ് കുറ്റപ്പെടുത്തും. രൂക്ഷമായി ആക്ഷേപിക്കും. ഒന്നിനെപ്പറ്റിയും ഒരു നല്ലവാക്കു പോലും പറയില്ല. എപ്പോഴും കോപം തന്നെ. ഇപ്പോള്‍ ജീവിതത്തോടുതന്നെ മടുപ്പ് തോന്നിത്തുടങ്ങിയിരിക്കുന്നു. ഏതായാലും ഇനിയത് സഹിക്കാന്‍ സാധ്യമല്ല.

മറുഭാഗത്ത് കുടുംബിനിയുടെ കോപത്തെക്കുറിച്ച് ആവലാതി പറയുന്നവരും കുറവല്ല. നന്നേ നിസ്സാരകാര്യത്തിനു പോലും കലി കയറും. മുഖം കറുപ്പിക്കും. തലതിരിക്കും. ഒരിക്കലും ഒരു നല്ലവാക്ക് പറയില്ല. വീട്ടില്‍ കയറി വന്നാല്‍ ഒട്ടും സൈ്വര്യവും സമാധാനവും തരില്ല. അതിനാല്‍ വീട്ടില്‍ വരാന്‍ തന്നെ മടിയാണ്. മുഖം കറുപ്പിച്ച് നില്‍ക്കുന്ന അവളെ കാണുന്നത് പോലും ഇഷ്ടമല്ല. അവളെ സഹിക്കാനാവുന്നില്ല.

മനുഷ്യനെ മലിനനും മ്ലേച്ഛനുമാക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്ന ദുസ്വഭാവമാണ് ദേഷ്യം. കോപത്തിനു കീഴ്‌പ്പെടുന്നതോടെ ഏറെ പേരും സ്വയം മറക്കും. ദേഷ്യം മസ്തിഷ്‌കത്തെ മരവിപ്പിക്കും. വിവേകം വികാരത്തിനു വഴിമാറും. അതോടെ പലതും വിളിച്ചുപറയും. വിവേകരഹിതമായി പെരുമാറും. ന്യായാന്യായങ്ങള്‍ പരിശോധിക്കാതെ എന്തെങ്കിലും പ്രവര്‍ത്തിക്കും. ഗുണദോഷ വിചാരമില്ലാതെ പലതും ചെയ്യും.

അതിനാലാണ് അല്ലാഹു കോപമടക്കാന്‍ കല്‍പിച്ചത്. സജ്ജനങ്ങളായ ഭക്തന്മാരെക്കുറിച്ച് അവന്‍ അറിയിക്കുന്നു. 'ധന്യതയിലും ദാരിദ്ര്യത്തിലും ധനം ചെലവഴിക്കുന്നവരും കോപം കടിച്ചിറക്കുന്നവരുമാണവര്‍. ജനത്തോട് വിട്ടുവീഴ്ച കാണിക്കുന്നവരെയും സുകര്‍മികളെയും അല്ലാഹു സ്‌നേഹിക്കുന്നു.' (ഖുര്‍ആന്‍ 3:134)

'വന്‍പാപങ്ങളില്‍ നിന്നും നീചകൃത്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നവരാണവര്‍. കോപം വരുമ്പോള്‍ മാപ്പേകുന്നവരും' (42:37).  

കോപത്തിനടിപ്പെടുന്നവരുടെ ഹൃദയമിടിപ്പ് വര്‍ധിക്കുകയും രക്തസമ്മര്‍ദം കൂടുകയും നാവിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും മനസ്സിന്റെ സമനില തെറ്റുകയും ചെയ്‌തേക്കാം. കോപാകുലനായ ഒരു വ്യക്തിക്ക് തന്റെ കോപത്തിനിരയാകുന്നവരെ അല്‍പനേരത്തേക്ക് അടക്കിനിര്‍ത്താനും നിശ്ശബ്ദരാക്കാനും ഭയപ്പെടുത്താനും കഴിഞ്ഞേക്കും. അതിലപ്പുറം ആരെയെങ്കിലും സ്വാധീനിക്കാനോ വശപ്പെടുത്താനോ കോപം കൊണ്ട് കഴിയുകയില്ല. അതുകൊണ്ടുതന്നെ അല്‍പമെങ്കിലും പക്വതയും ഇച്ഛാശക്തിയുമുള്ള ആരും കോപത്തിന് കീഴ്‌പ്പെട്ട് കാര്യബോധമില്ലാതെ പെരുമാറുകയില്ല. പെരുമാറാവതല്ല.

അതിനാലാണ് നബി തിരുമേനി ഇങ്ങനെ പറഞ്ഞത്. 'ഗുസ്തിയില്‍ ജയിക്കുന്നവനല്ല ശക്തന്‍ മറിച്ച് കോപം വരുമ്പോള്‍ മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയുന്നവന്‍ മാത്രമാണ് കരുത്തന്‍.' (ബുഖാരി, മുസ്‌ലിം)

വസ്തുതകളെ വികാരവിക്ഷോഭത്തോടെ നേരിടുന്നവരല്ല; യുക്തിവിചാരത്തോടെയും വിവേകത്തോടെയും അഭിമുഖീകരിക്കുന്നവരാണ് വിജയം വരിക്കുന്നവര്‍. കടുത്ത രോഷമുണ്ടാക്കുന്ന കാര്യങ്ങള്‍ കാണുമ്പോഴും സ്വന്തത്തെ നിയന്ത്രിക്കാനും മനസ്സിന്റെ ശാന്തത നിലനിര്‍ത്താനും സാധിക്കുന്നവരാണ് വിവേകശാലികള്‍. പരലോകത്ത് മഹത്തായ വിജയവും ഉജ്ജ്വലമായ നേട്ടവും ലഭിക്കുന്നതും അവര്‍ക്കുതന്നെ. നബിതിരുമേനി അരുള്‍ ചെയ്യുന്നു.

'കോപം പ്രയോഗിക്കാന്‍ കഴിയുന്നതോടൊപ്പം അത് അടക്കിനിര്‍ത്തുന്നവനെ അന്ത്യദിനത്തില്‍ അല്ലാഹു സകല സൃഷ്ടികളുടെയും സാന്നിധ്യത്തില്‍ വിളിച്ച് തനിക്കിഷ്ടമുള്ള സ്വര്‍ഗകന്യകയെ തെരഞ്ഞെടുക്കാനവസരം നല്‍കും' (അബൂദാവൂദ്)

കോപത്തെ നിയന്ത്രിച്ച് ശാന്തത പുലര്‍ത്തുന്നവരെ എല്ലാവരും ഇഷ്ടപ്പെടുകയും സ്‌നേഹിക്കുകയും ചെയ്യുന്നു. അവരോടടുക്കുകയും കൂട്ടുചേരുകയും ചെയ്യുന്നു. അങ്ങനെ ആ ശീലം കുടുംബത്തിനും സമൂഹത്തിനുമെന്ന പോലെ സ്വന്തത്തിനും വലിയ അനുഗ്രഹമായി മാറുന്നു.

നിരന്തര ശ്രമത്തിലൂടെ കോപപ്രകൃതത്തെ മാറ്റിയെടുക്കാവുന്നതാണ്. പക്വമായ തീരുമാനവും ബോധപൂര്‍വമായ ശ്രമവുമാണ് അതിനാവശ്യം. കോപം പൈശാചികമാണെന്ന് മനസ്സിലാക്കി അതില്‍നിന്ന് രക്ഷനേടാന്‍ പ്രാര്‍ഥിക്കലാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗം. അത് സാധ്യമാകണമെങ്കില്‍ സ്വന്തം ദൗര്‍ബല്യത്തെ സംബന്ധിച്ച തിരിച്ചറിവുണ്ടാകണം. കോപപ്രകൃതമുണ്ടെന്ന് സ്വയം മനസ്സിലാക്കണം. അത് തിരുത്തുമെന്ന ഉറച്ച തീരുമാനമെടുക്കുകയും വേണം. മറ്റേത് തെറ്റ് ചെയ്യാന്‍ തോന്നുമ്പോഴെന്ന പോലെ കോപം വരുമ്പോഴും അല്ലാഹുവെ ഓര്‍ക്കുക. അത് കോപത്തില്‍ നിന്നെന്ന പോലെ പരലോക ശിക്ഷയില്‍ നിന്നും നമ്മെ രക്ഷപ്പെടുത്തും. പ്രവാചകന്‍ പറയുന്നു.

'അല്ലാഹു അറിയിച്ചിരിക്കുന്നു. കോപം വരുമ്പോള്‍ എന്നെ ഓര്‍ക്കുന്നവനെ എനിക്ക് കോപമുണ്ടാകുമ്പോള്‍ ഞാനും ഓര്‍ക്കും. അങ്ങനെ ഞാനവനെ നശിപ്പിക്കുന്നവരുടെ കൂട്ടത്തിലുള്‍പ്പെടുത്തുകയില്ല'. (ദയ്‌ലമി)

കോപത്തെ നിയന്ത്രിക്കാന്‍ സാധിച്ചാല്‍ ദാമ്പത്യജീവിതം ധന്യവും ഭദ്രവുമാകും. വീട് ശാന്തവും കുടുംബം കൂടുമ്പോള്‍ ഇമ്പമുള്ളതുമാകും. അഥവാ ജീവിതപങ്കാളി എത്ര ശ്രമിച്ചാലും കോപം നിയന്ത്രിക്കാന്‍ കഴിയാത്തയാളാണെന്ന് ബോധ്യമായാല്‍ ഇബ്‌നുല്‍ ജൗസിയുടെ ഉപദേശം സ്വീകരിക്കാനാണ് ശ്രമിക്കേണ്ടത്.

അദ്ദേഹം എഴുതുന്നു. 'നിന്റെ ഇണ കോപിക്കുകയും അരുതാത്തത് പറയുകയും ചെയ്താല്‍ നീയത് ഗൗരവത്തിലെടുക്കരുത്. അപ്പോള്‍ അയാള്‍, സംഭവിക്കുന്നതെന്തെന്നറിയാത്ത ലഹരി ബാധിതനെപ്പോലെയാണ്. അതിനാല്‍ അല്‍പസമയം സംയമനം പാലിക്കുക. അയാളുടെ വാക്കുകള്‍ക്ക് അതേ രീതിയില്‍ കടുത്ത വാക്കുകളില്‍ പ്രതികരിച്ചാല്‍ നീ ഭ്രാന്തനോട് പ്രതികാരം ചെയ്യുന്നവനെപ്പോലെയാകും. അല്ലെങ്കില്‍ ബോധമില്ലാത്തവനോട് പകരം വീട്ടുന്ന ബോധമില്ലാത്തവനെപ്പോലെയും. നീ കാരുണ്യത്തോടെ അവനെ കടാക്ഷിക്കുക. അവന്റെ ചെയ്തികളില്‍ സഹതാപം പ്രകടിപ്പിക്കുക.'

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top