അബ്ദൂന്റെ മാഷ്

അജ്മല്‍ മമ്പാട് No image

'ഭാവിയില്‍ ആരാവാനാണ് ആഗ്രഹം'? പുറകില്‍ നിന്ന് രണ്ടാമത്തെ നിരയിലാണ് അബ്ദു ഇരിക്കുന്നത്. ആദ്യനിരയില്‍ നിന്ന് കുട്ടികള്‍ ഒരോരുത്തരായി എഴുന്നേറ്റ് പോലീസ്, ഡോക്ടര്‍, എഞ്ചിനീയര്‍, ഡ്രൈവര്‍, അധ്യാപകന്‍ തുടങ്ങിയ വിവിധയിനം ഭാവിപരിപാടികള്‍ ഉച്ചത്തില്‍ വിളിച്ച് പറഞ്ഞ് തിരികെ ബെഞ്ചിലിരുന്നു. അബ്ദുവിന്റെ നെഞ്ചിനകത്ത് പടപടാന്ന് മിടിപ്പ് തുടങ്ങി. അധ്യാപകന്‍ ചോദ്യം ചോദിക്കാന്‍ തുടങ്ങിയാല്‍ അബ്ദുവിന് എപ്പോഴും ഇങ്ങനെയാണ്. നന്നായി പഠിച്ച് തയ്യാറായി ക്ലാസില്‍ വന്നിരുന്നാലും നെഞ്ചകം വിറയാര്‍ന്ന് നില്‍ക്കും. ചെവികളില്‍ ഒരുതരം തണുത്ത ഉഷ്ണം നിറയും. രോമങ്ങളെണീക്കും. പരീക്ഷയുടെ തലേന്നാള്‍ രാത്രി പത്തുമണിവരെയൊക്കെ കുത്തിയിരുന്ന് പഠിച്ചിട്ടാണ് ഹാൡലെത്തുക. എത്രനേരത്തെ എത്തിയാലും പഠിക്കാന്‍ എത്രസമയം കിട്ടിയാലും ചോദ്യപേപ്പര്‍ കൈയിലെത്തിയാല്‍ അബ്ദു ഇരുന്ന് വിയര്‍ക്കും. പഠന സാമഗ്രികള്‍ പുറത്തെ ഷെല്‍ഫില്‍ വെച്ച് ഹാളിലെത്തിയതു മുതല്‍ ഓര്‍ത്തെടുക്കാന്‍ തുടങ്ങിയതാണ്. ഇപ്പോഴിതാ ആകപ്പാടെ ഒരു പൊക. ഒന്നും പൂര്‍ണരൂപത്തില്‍ ഓര്‍മയില്‍ തെളിഞ്ഞുവരില്ല. മനസ്സ് ചില ഉത്തരങ്ങളുടെ ആദ്യഭാഗങ്ങളെ ഓര്‍മിപ്പിക്കും. അവിടുന്നങ്ങോട്ട് നീങ്ങാന്‍ പ്രയാസമാണ് ചിലത് വേറെ ചില ഉത്തരങ്ങളുടെ അവസാന ഭാഗങ്ങളില്‍ കൊണ്ട് നിറുത്തും. അബ്ദു പതിവുപോലെ അരമണിക്കൂര്‍ മുമ്പേ പരീക്ഷ എഴുതിയെണീറ്റ് മുറിയിലേക്ക് നടക്കും.

'അടുത്തയാള്‍... അബ്ദു'. അധ്യാപകന്റെ ശബ്ദമുയര്‍ന്നു. അവന്‍ പതിയെ എണീറ്റുനിന്നു. അബ്ദു ആലോചിക്കുകയാണ്. സത്യത്തില്‍ താന്‍ ആരാവാനാണ് ആഗ്രഹിക്കുന്നത്? ഇങ്ങനെയൊരു ചോദ്യം അവന്‍ സ്വന്തത്തോട് തന്നെയും ചോദിച്ചിട്ടില്ല. നാവില്‍ ഒന്നും വന്നില്ല. മനസ്സില്‍ തന്നെ അങ്ങനെ ഒന്ന് ഇല്ല. എല്ലാവരും തന്നെ നോക്കി ഇരിക്കുകയാണ്. വലതുവശത്തിരിക്കുന്ന പെണ്‍കുട്ടികള്‍ അമര്‍ത്തിച്ചിരിക്കാന്‍ തുടങ്ങി. നെഞ്ചിടിപ്പിന് യാതൊരുവിധ ശമനവുമില്ല. പിന്നില്‍ നിന്നും ആരോ പിടിച്ച് കുലുക്കി. 'ഉത്തരം പറയെടാ' എന്നു പറയുന്ന പോലെ തോന്നി അബ്ദുവിന്.

'അബ്ദു അടുത്ത ക്ലാസില്‍ പറഞ്ഞാല്‍ മതി'. റഷീദ് മാസ്റ്റര്‍ അടുത്തയാളിലേക്ക് നീങ്ങി.

അന്ന് വൈകുന്നേരം കട്ടന്‍ചായയും ടൈഗര്‍ ബിസ്‌കറ്റും കഴിച്ച് ഹോസ്റ്റല്‍ വാസികളെല്ലാം ഗ്രൗണ്ടിലെത്തി. ഹോസ്റ്റല്‍മുറിയുടെ സിമന്റുതൂണില്‍ കൈയെറിഞ്ഞ് അല്‍പം അകലെ പറങ്കിമാവുകള്‍ക്കിടയിലൂടെ അവര്‍ ഫുട്‌ബോള്‍ കളിക്കുന്നത് അബ്ദു നോക്കിനിന്നു. മനസ്സില്‍ അപ്പോഴും മൂന്നാം പിരീയഡിലെ റഷീദ് മാഷുടെ ചോദ്യമായിരുന്നു. മാഷിന് ഇന്നലെയെങ്കിലും ഒരു മുന്നറിയിപ്പ് തരാമായിരുന്നു. ഭാവിയില്‍ ആരാവണമെന്ന് പെട്ടെന്ന് ചോദിച്ചാല്‍ താന്‍ എന്തുപറയാനാണ്. പക്ഷേ അപ്പോഴും അതിന്റെ ഉത്തരം കിട്ടാത്തതിലല്ല അബ്ദുവിന് സങ്കടം, അടുത്ത ക്ലാസ്സില്‍ മാഷ് വീണ്ടും ചോദ്യം ആവര്‍ത്തിച്ചാല്‍ എന്തു മറുപടി പറയും?

'ന്താടാ അനക്ക് കള്യൊന്നൂല്ലേ'?

അബ്ദു പെട്ടെന്ന് തിരിഞ്ഞുനോക്കി. ഷൗക്കത്ത് മാഷാണ്. അദ്ദേഹം അബ്ദുവിനെ നോക്കുന്നില്ല. കണ്ണുകള്‍ മറ്റെവിടെയോ ആണ്. മാഷ് തന്നോടല്ലേ ചോദിച്ചത്? അബ്ദു മാഷിന്റെ നോട്ടത്തിലൂടെ കണ്ണയച്ചു.

പിന്നില്‍ ഒരു മുഷിഞ്ഞ ചാക്കുകെട്ടുമായി കാന്റീനിലേക്കുള്ള സാധനങ്ങളുമായി കാക്ക ഗേറ്റ് കടന്നു വരുന്നു. ഇറക്കത്തില്‍ പോയാലും മൂപ്പര്‍ വളരെ പാടുപെട്ട് ആ വാഹനം ചവിട്ടുന്നത് പോലെയാണ് കാണുന്നവന് തോന്നലുണ്ടാവുക. പഴയ ഹെര്‍ക്കുലീസ് സൈക്കിളാണ്. നീണ്ടുമെലിഞ്ഞ അദ്ദേഹത്തിന്റെ ശരീരം ആരോ താങ്ങിയെടുത്ത് സൈക്കിളില്‍ വെച്ചതാണെന്ന് തോന്നിക്കുംവണ്ണം മൂപ്പര്‍ അതില്‍ അമര്‍ന്നിരിക്കുന്നു.

അനക്ക് കള്യൊന്നൂല്ലേ അബ്ദു?

ഷൗക്കത്ത് മാഷ് ചോദ്യം ആവര്‍ത്തിച്ചു.

'ഓ.. എന്നോടായിരുന്നോ- ണ്ട് സാര്‍'. അബ്ദു ഗ്രൗണ്ടിലേക്ക് വലിഞ്ഞു നടന്നു. ഈ മാഷന്മാര്‍ക്ക് കുട്ടികളെ പഠിപ്പിച്ചാല്‍ പോരെ? എന്തിനാ ഇങ്ങനെ ഓരോന്ന് ചോദിച്ച് ബുദ്ധിമുട്ടിക്കുന്നത്? മാഷിന്റെ ചോദ്യത്തിന് ഇങ്ങനെയൊരു ഉത്തരം പറയാന്‍ തോന്നിയതാണ്. പുറത്തേക്ക് വന്നില്ല. അണ്ണാക്കിന്റെ പലവശങ്ങളില്‍ തട്ടി ചിതറി അലിഞ്ഞ് ഇല്ലാതായി.

മഗ്‌രിബ് ബാങ്കിന്റെ ഇരുപത് മിനിറ്റുമുമ്പ് കളി നിര്‍ത്തണം. പത്തുമിനിറ്റ് പള്ളിയില്‍ ഇരുന്ന് ഖുര്‍ആന്‍ വായിക്കണം. ഓരോരുത്തര്‍ക്കും നിശ്ചിത സ്ഥലമുണ്ടാവും സ്വഫില്‍. വൈകി വരുന്നവന്റെ സ്‌പേസ് കാലിയായിത്തന്നെ കിടക്കും. വൈകിവരുന്നവന്‍ കിട്ടേണ്ടത് വാങ്ങി ചന്തി ഉഴിഞ്ഞ് മുഖത്തിന്റെ ഒരു വശം കൊണ്ട് മാത്രം ചിരിച്ച് സ്‌പേസില്‍ എത്തുമ്പോഴേക്കും ബാങ്ക് വിളിച്ചു തുടങ്ങിയിട്ടുണ്ടാവും. നിസ്‌കാരം കഴിഞ്ഞ് ക്ലാസിലെത്തുമ്പോള്‍ വിശപ്പ് ഉണര്‍ന്നു തുടങ്ങി. അന്നന്നത്തെ പാഠഭാഗങ്ങള്‍ പഠിച്ചു എന്ന് ഭക്ഷണത്തിന് ശേഷം ഷൗക്കത്ത് മാഷെയും, ഹനീഫ മാഷെയും ബോധ്യപ്പെടുത്തണം. രണ്ടിലൊരാള്‍ക്ക് ബോധ്യപ്പെട്ടാലും മതി. എന്നിട്ടാണ് ഉറക്കം. ചൊല്ലിക്കൊടുക്കല്‍ എന്നാണ് ആ നശിച്ച ഏര്‍പാടിന്റെ ഓമനപ്പേര്. റഷീദ് മാസ്റ്ററുടെ പലതരം ഭരണ പരിഷ്‌കാരങ്ങളില്‍ ഒന്നാണിത്. അദ്ദേഹത്തിന്റെ പരിഷ്‌ക്കാരങ്ങള്‍ക്കെല്ലാം ഒരു തരം ഭയാനകത മുറ്റിനില്‍ക്കുന്ന മുഖമാണ്. അവ അബ്ദുവിന് അംഗീകരിക്കാനാവില്ല. ഒന്നൊഴികെ ആഴ്ചയില്‍ രണ്ടുദിവസം മാത്രമുണ്ടായിരുന്ന പൊറാട്ട മൂന്നുദിവസമാക്കി ബജറ്റിറക്കിയത്. 

എല്ലാ വെള്ളിയാഴ്ചയും വൈകീട്ട് റഷീദ് മാസ്റ്റര്‍ വരും. വരുന്നതും പോകുന്നതും അബ്ദു കാണാറില്ല. എന്നാലും മാഷിന്റെ വരവുപോക്കിനെക്കുറിച്ച് അബ്ദു തികഞ്ഞ ബോധവാനാണ്. വന്നാല്‍ പിന്നെ ഒരാഴ്ചത്തെ 'പ്രവര്‍ത്തനങ്ങളുടെ' വിചാരണയാണ്. പറങ്കിമാവിന്റെ ഇലകള്‍ക്കിടയിലിരുന്ന് ബീഡിപ്പുക വലിച്ചൂതി വിട്ടത്, അച്ചായന്റെ തോട്ടത്തില്‍ കയറി കൈതച്ചക്ക തിന്നത്, റഫീഖിന്റെ സൈക്കിളില്‍ നാലുമൂല അങ്ങാടിയില്‍ പോയി പൊറോട്ട പോത്തിറച്ചിയുടെ രുചിയും മണവുമുള്ള കറി കൂട്ടിക്കുഴച്ച് തിന്നത്, ക്ലാസിന്റെ ചുമരില്‍ മാഷന്മാരുടെ പേരിന്റെ കൂടെ + ചിഹ്നമിട്ട് മറിയടീച്ചറുടെ പേരെഴുതിയത്. മുരളിസാറിന്റെ ചൂരല്‍ ആരും കാണാതെ നെടുകെ മുറിച്ച് കുറുകെ കീറി കോയാക്കയുടെ പറമ്പിലേക്ക് എറിഞ്ഞുകളഞ്ഞത്. മാഷിന് നാടുമുഴുവന്‍ ചാരന്മാരാണെന്ന് തോന്നുന്നു. അബ്ദു എപ്പോഴും മനസ്സില്‍ പറയും. അല്ലാതെ പിന്നെ ആഴ്ചയില്‍ ഒരിക്കല്‍ മാത്രം വരുന്ന മാഷ് എങ്ങനെയാണ് ഇതെല്ലാം അറിയുന്നത്. വിചാരണയും ശിക്ഷയും കഴിഞ്ഞ് ഞായറാഴ്ച വൈകുന്നേരം മാഷ് അപ്രത്യക്ഷനാകും. റഷീദ് മാഷ് ഉണ്ടാകുമ്പോള്‍ കുട്ടികള്‍ക്കെല്ലാം പേടിയാണ്. മൂപ്പര്‍ പോയാലും പേടിയാണ്. അടുത്ത വെള്ളിയാഴ്ച വീണ്ടും വരുമല്ലോ എന്ന പേടി. 

അഞ്ചാം തരത്തില്‍ ഹോസ്റ്റലില്‍ വന്നു ചേരുമ്പോള്‍ ഉത്തരവാദപ്പെട്ടവരില്‍ ആദ്യം കണ്ട മുഖം റഷീദ് മാഷിന്റെതാണ്. ഇന്നും മാഷിന്റെ മുഖത്ത് നോക്കുമ്പോള്‍ മനസ്സില്‍ തെളിയുന്നത് ആദ്യം കണ്ട മുഖം തന്നെയാണ്. മൂപ്പര്‍ക്ക് മനശ്ശാസ്ത്രമറിയാം. റഫീഖാണ് പറഞ്ഞത്. മറ്റാരോടോ അവന്‍ പറയുമ്പോള്‍ ആ വാക്കുകളില്‍ നിന്ന് ഒരു കണിക ഉരുത്തിരിഞ്ഞെടുത്ത് അവന്‍ മനസ്സിലാക്കിയെടുത്തതായിരുന്നെങ്കിലും സംഗതി സത്യമാണ്. ചെറിയ ഒരു അന്വേഷണത്തിലൂടെത്തന്നെ അബ്ദുവിന് അത് മനസ്സിലായി.

ഹോസ്റ്റലില്‍ വന്നിട്ട് അന്നേക്ക് എട്ട് മാസം തികഞ്ഞ സമയം നിഷാദിന്റെ അത്തറുമണമുള്ള വിദേശി പേനയും, 50 രൂപയുടെ പുത്തന്‍ നോട്ടും ആരോ അടിച്ചുമാറ്റി. ഷൗക്കത്ത് മാഷും, ഹനീഫ മാഷും കിണഞ്ഞു പണിയെടുത്തെങ്കിലും മോഷ്ടാവിനെ കണ്ടെത്തിയില്ല. പതിവുപോലെ ആ വെള്ളിയാഴ്ചയും റഷീദ് മാസ്റ്റര്‍ വന്നു. മഗ്‌രിബിനു ശേഷം എല്ലാവരും ക്ലാസില്‍ ഒരുമിച്ച് കൂടിയ നേരം കുട്ടികളുടെ കണ്ണുകളിലേക്ക് അസ്ത്രം തൊടുത്തുവിടുന്ന ഒരു തരം നോട്ടമെറിഞ്ഞ് പുഞ്ചിരിച്ച് ശാന്തനായി ഇറങ്ങിപ്പോയി. ആ ചിരി ഒരു വല്ലാത്ത ചിരിയാണ് മൂത്രമൊഴിപ്പിക്കാന്‍ പോന്ന ചിരി. എനിക്ക് എല്ലാം അറിയാം എന്നാണ് ചില നേരങ്ങളില്‍ ആ ചിരിയുടെ ഉദ്ദേശം.

അടുത്ത ദിവസം സുബ്ഹ് നിസ്‌കാരം കഴിഞ്ഞ് ഖുര്‍ആന്‍ വായിച്ച് പള്ളിയില്‍ ഇരിക്കുമ്പോള്‍ റഷീദ് മാസ്റ്ററുടെ ശബ്ദം കേട്ടു. അബ്ദു ഖുര്‍ആനില്‍ നിന്നും കണ്ണെടുത്ത് തലയുയര്‍ത്തി നോക്കി. കൈയിലെ നീലം മുക്കി വെളുപ്പിച്ച തൂവാല കുടഞ്ഞുകൊണ്ട് മൂപ്പര്‍ വിളിക്കുന്നു.

ജമീീീ....ല്‍ കറന്റു പോവുമ്പോള്‍് റേഡിയോ ശബ്ദം പെട്ടെന്നു നിലക്കുന്ന മാതിരി മൂളിയോതുന്ന ശബ്ദങ്ങള്‍ പള്ളിയുടെ അകവശം ചുവരുകളില്‍ തട്ടി അലയൊലികള്‍ തീര്‍ത്ത് ഉടഞ്ഞുവീണ് ചിതറിത്തെറിച്ച് ഇല്ലാതായി. റഷീദ് മാഷിന്റെ മുഖത്ത് അപ്പോഴും ഇന്നലത്തെ ഭീതിപ്പെടുത്തുന്ന ശാന്തത മുറ്റിനില്‍ക്കുന്നുണ്ട്. മൂപ്പര്‍ വീണ്ടും വിളിച്ചു. ജമീീീ.......ല്‍ മൂത്രപ്പുരയുടെ മൂലോടിന്റെ ഉള്ളില്‍ നിന്ന് പേനയും, കാശും എടുത്തിട്ട് വരൂ. ജമീല്‍ ഇടിവെട്ടേറ്റവനെപ്പോലെ പിടഞ്ഞെണീറ്റ് നിന്നു. ഒരു നിമിഷം എന്തുചെയ്യണമെന്നറിയാതെ നിന്നു പരുങ്ങി. അബ്ദു വാപൊളിച്ച് അവനെത്തന്നെ നോക്കിനില്‍ക്കുകയാണ്. ജമീല്‍ മെല്ലെ പള്ളിയുടെ മൂത്രപ്പുരയിലേക്ക് നടന്നു. റഷീദ് മാഷ് അതേ നില്‍പ്പുതന്നെ. അല്‍പം കഴിഞ്ഞ് ജമീല്‍ വന്നു. കൈയില്‍ 50 രൂപയുടെ ഇനിയും ചുളിവുകള്‍ വീഴാന്‍ ബാക്കിയില്ലാത്ത നോട്ടും, അത്തറുമണം വിട്ടുമാറിയിട്ടില്ലാത്ത സ്വര്‍ണത്തിളക്കമുള്ള പേനയും. നിഷാദിന്റെ കണ്ണുകള്‍ വിടര്‍ന്നു. ആ കണ്ണുകള്‍ക്കും തുറന്നു പിടിച്ച അവന്റെ വായക്കുമിടയില്‍ നിന്ന് നിഷാദിന്റെ വാക്കുകളായി അബ്ദു വായിച്ചെടുത്തു. അമ്പട, കേമാ...

അബ്ദു കുളി കഴിഞ്ഞ് കൈയില്‍ തലേനാളത്തെ ഉടുപ്പുകള്‍ അലക്കി പിഴിഞ്ഞിട്ട ഓറഞ്ചുനിറമുള്ള വലിയ ബക്കറ്റും, ഉമ്മ വെട്ടുകത്തിയാല്‍ തീര്‍ത്ത ചകിരിയുടെ മിസ്‌വാക്കും, രാധാസ് സോപ്പും അമര്‍ത്തി അടുക്കിവച്ച പാട്ടയും പിടിച്ച് റൂമിലേക്ക് നടന്നു. കൃത്യം എട്ടരക്ക് കിട്ടിബോധിക്കാനുള്ള പൊറോട്ടയുടെയും കടലക്കറിയുടെയും ഇഴചേര്‍ന്ന സുഗന്ധം മൂക്കിന്റെ പാലവും കടന്ന് ആമാശയത്തിലേക്ക് നുഴഞ്ഞുകയറുന്നു. നെല്ലിക്കമരത്തിന്റെ ചുവട്ടിലെത്തിയപ്പോള്‍ തൊട്ടപ്പുറത്തെ റൂമില്‍നിന്നും ജമീലിന്റെ ഉച്ചത്തിലുള്ള കരച്ചിലും, ഇടവിട്ട് ഇടവിട്ട് ചൂരലിന്റെ ച്‌ലി.. ച്‌ലി ശബ്ദവും മുഴങ്ങിക്കേട്ടു. ആ ചൂരലിന്റെ ശബ്ദം ഹോസ്റ്റല്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് അബ്ദു സ്വന്തം ശരീരത്തോട് ചേര്‍ന്ന് കേട്ടത്. 1998 ല്‍ ഫിഫ വേള്‍ഡ് കപ്പില്‍ ബ്രസീല്‍ ഫ്രാന്‍സിനോട് പരാജയമേറ്റുവാങ്ങിയപ്പോള്‍ അത് മജീദിന്റെ കൂടി പരാജയമായിരുന്നു. അന്ന് കൂട്ടുകാരോട് ബെറ്റ് വച്ച് ഹോസ്റ്റല്‍ മുറിയിലെ ഉറകുത്തിയ മരക്കട്ടിലുകളെയും മുഷിഞ്ഞുനാറി ചുരുണ്ടു കിടക്കുന്ന ഉടുപ്പുകളെയും, ഫാനിന്റെ കാറ്റേറ്റ് നാലുമൂലകളിലേക്ക് ഉരുണ്ടുകൂടിയ ചപ്പുചവറുകളെയും സര്‍വോപരി സഹമുറിയന്മാരെയും സാക്ഷിയാക്കി പൂര്‍ണ നഗ്നനായി വട്ടത്തിലോടി അവന്‍ തന്റെ വാക്കുപാലിച്ചു. ദൈവത്തിന്റെ കോടതിയില്‍ മജീദ് വാക്കുപാലിച്ച സത്യസന്ധനായി. അബ്ദു ഈ കാഴ്ച കണ്ട് അകത്തു നിന്നും വാതില്‍ തുറക്കാന്‍ കിട്ടാതെ അന്തം വിട്ട് നിന്നു. പെട്ടെന്ന് വാതില്‍ ചവിട്ടിത്തുറന്ന് റഷീദ് മാസ്റ്റര്‍ കയറിവന്നു. കൈയിലെ ചൂരല്‍ ചാട്ടുളി ശബ്ദം മുഴക്കി ആദ്യം വീണത് അബ്ദുവിന്റെ തുടയുടെ പിറകില്‍. ഔ കാര ശബ്ദം മുഴക്കി അബ്ദു പുറത്തേക്കോടി. റഷീദ് മാസ്റ്ററുടെ കോടതി മജീദിനെ അന്ന് വെറുതെ വിട്ടില്ല.

ബക്കറ്റും തൂക്കി അബ്ദു റൂമിലെത്തിയപ്പോള്‍ കലങ്ങിമറിഞ്ഞ ചുവന്ന കണ്ണുകളുമായി ജമീല്‍ തൊട്ടുപിറകെ റൂമിലേക്ക് വന്നു. എല്ലാവരും അവനെ നോക്കി ഒരക്ഷരം ഉരിയാടാതെ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികളില്‍ സ്റ്റക്കായി നിന്നു. ജമീലാവട്ടെ, ആരേയും കൂസാതെ ബക്കറ്റും, തോര്‍ത്തുമുണ്ടുമെടുത്ത് കുളിമുറിയിലേക്ക് നടന്നു. നമ്മ ഇതെത്ര കണ്ടതാ എന്ന ഭാവത്തോടെത്തന്നെ.

അബ്ദു ഏക്കോലാക്കിന്റെ പെട്ടിതുറന്ന് കഴിഞ്ഞ ആഴ്ച വീട്ടില്‍ നിന്നും കൊണ്ടുവന്ന, ഉപ്പ ഇസ്തിരിയിട്ട് മടക്കിവച്ചുതന്ന ബലിപെരുന്നാള്‍ കുപ്പായം ഒരുവശത്തേക്ക് മാറ്റിവെച്ചു. അബ്ദു അങ്ങനെയാണ്. സങ്കടവും, ഭയവും ഉള്ള ദിവസങ്ങൡ അവന്‍ പുത്തനുടുപ്പുകളിടാന്‍ ഇഷ്ടപ്പെടില്ല. സി.കെ. ഉസ്താദിന്റെ അറബി പിരീയഡാണ്. ആദ്യത്തേത്. എങ്കിലും ഈ നിയമത്തിന് അവന്‍ സ്വയം ബാധിതനായി. മിനിഞ്ഞാന്ന് ധരിച്ചിരുന്ന ഷര്‍ട്ടെടുത്ത് അതിന്റെ രണ്ടുമുറിയന്‍ കൈകൡൂടെ തന്റെ മുഴുകൈകളും കയറ്റി അവസാന ബട്ടന്‍സിലേക്ക് വിരലിറങ്ങിപ്പോവുമ്പോള്‍ അബ്ദു ആലോചിച്ചു. റഷീദ് മാസ്റ്റര്‍ എങ്ങനെയാണ് പേനയും, പണവും കണ്ടെടുത്തതെന്ന്. ഇനി അത് കണ്ടെങ്കില്‍ തന്നെ ജമീല്‍ ആണ് മോഷ്ടാവ് എന്ന് മൂപ്പര്‍ എങ്ങനെയറിഞ്ഞു.

പ്രാതല്‍ കഴിഞ്ഞ് പുസ്തകങ്ങള്‍ എടുക്കാനായി റൂമിലേക്ക് വീണ്ടും തിരികെ നടക്കുമ്പോള്‍ പിന്നില്‍ വാതില്‍ വലിച്ചടച്ച് കൊളുത്തിടുന്ന ഒച്ചകേട്ട് അബ്ദു തിരിഞ്ഞു നോക്കി. തൂക്കിപിടിച്ച താക്കോല്‍ കൂട്ടവുമായി റഷീദ് മാസ്റ്റര്‍ പടിയിറങ്ങി വരുന്നു. ആ കണ്ണുകളില്‍ ജമീലിന്റെ കണ്ണുകളേക്കാള്‍ കലക്കവും, ചുവപ്പും അബ്ദു കണ്ടു. ആരോടും ഉരിയാടാതെ ഇരുവശങ്ങളിലേക്ക് നോക്കാതെ നേരെ ചെന്ന് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് റഷീദ് മാസ്റ്റര്‍ വേഗത്തിലോടിച്ചുപോയി. 

നാളെ ശനിയാഴ്ചയാണ്. കഴിഞ്ഞ പ്രാവശ്യം വീട്ടില്‍ പോയി തിരിച്ചുവന്നതിനു ശേഷമുള്ള രണ്ടാമത്തെ ശനിയാഴ്ച. നാളെ ഉച്ചകഴിഞ്ഞ് വീട്ടിലേക്ക് പോവാം. ഹോസ്റ്റല്‍ ജീവിതത്തിലെ ആനന്ദകരമായ ദിനങ്ങളിലൊന്നാണ് വീട്ടില്‍ പോവുന്നതിന്റെ തലേനാള്‍. ലോകത്തിലെ ഏറ്റവും വലിയ അടുക്കളക്കാരി തന്റെ ഉമ്മയാണെന്ന് ഹോസ്റ്റലില്‍ പോയിത്തുടങ്ങിയപ്പോഴാണ് അബ്ദു മനസ്സിലാക്കിയത്.

വീട്ടിലെത്തുമ്പോള്‍ അങ്ങാടിപ്പള്ളിയില്‍ നിന്നും കുഞ്ഞുമൊല്ലാക്കയുടെ ബാങ്കിന്റെ മഗ്‌രിബ് നാദം മുഴങ്ങിത്തുടങ്ങിയിരുന്നു. കൈബാഗ് ഉമ്മയുടെ കൈയില്‍ കൊടുത്തു. അതില്‍ നിറയെ അലക്കുപ്രായമെത്തിയ ഉടുപ്പുകള്‍ ഉണ്ടായിരുന്നു. വീട്ടിലെത്തിയാല്‍ ആദ്യപരിപാടി കൈകഴുകല്‍. പിന്നെ മരപ്പലകയില്‍ ആവിപറക്കുന്ന ചോറും, തലേ രാത്രിയിലെ മത്തിക്കറിയും ചേര്‍ത്തുകുഴച്ച് ചെറുപ്പുകാക്കയുടെ പീടികയില്‍ നിന്നും ഡസണ്‍ കണക്കിനു കൊണ്ടുവരുന്ന മുട്ട സമൂസകളില്‍ നിന്നും രണ്ടെണ്ണമെടുത്ത് ഉപ്പും, മുളകും ചേര്‍ത്ത് പൊരിച്ചെടുത്ത്, അതിനോളം വട്ടത്തില്‍ പരന്നുകിടക്കുന്ന പാത്രത്തില്‍ ചുളിവു വീഴാതെ നിവര്‍ത്തിച്ച്, നഷ്ടപ്പെട്ടുപോയ രണ്ടാഴ്ചകള്‍ക്കുവേണ്ടിയും ഇനിവരാന്‍ പോകുന്ന രണ്ടാഴ്ചകള്‍ക്കുവേണ്ടിയും കഴിക്കും. അബ്ദുവിന്റെ തീറ്റ കണ്ട് ഉമ്മ മുന്നിലിരിക്കും. തിങ്കളാഴ്ച നേരം വെളുത്താല്‍ ഇരുകണ്ണുകളും നിറക്കാന്‍ കഴിയുന്നേടത്തോളം നിറച്ച് പിന്നില്‍ നില്‍ക്കുന്ന ഉമ്മയേയും ഉപ്പയേയും സഹോദരിമാരേയും നോക്കാതെ അബ്ദു ഹോസ്റ്റലിലേക്ക് നടക്കും. 

രണ്ട് ദിവസങ്ങള്‍ രണ്ട് ഉറക്കത്തോടെ അവസാനിക്കും. ഒത്തിരി വിഷമത്തോടെ അബ്ദു തിങ്കളാഴ്ചയിലേക്ക് കണ്ണ് തുറക്കും. കുളി കഴിഞ്ഞ്, ഒന്നും കഴിക്കാതെ ഉമ്മ അലക്കി വൃത്തിയാക്കിയ, ഉപ്പ ഇസ്തിരിയിട്ട് മടക്കിവെച്ച ഉടുപ്പുകള്‍ കൈബാഗിന്റെ ഇരുട്ടറകളിലേക്ക് തിരുകിക്കയറ്റി തിരിഞ്ഞുനോക്കാതെ അബ്ദു ഹോസ്റ്റലിലേക്ക് നടക്കും. അപ്പോഴും റഷീദ് മാസ്റ്ററുടെ ആ ചോദ്യം മനസ്സിലേക്ക് തികട്ടി വരും. അബ്ദു സ്വയം ചോദിക്കും.

ശരിക്കും ആരാവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.?


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top