ഫലസ്തീന്‍ നക്ഷത്രം

ഷംസീര്‍ എ.പി. No image

പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും നിശ്ചയദാര്‍ഢ്യ മുദ്ര ചേരുന്ന ലോകത്തെ ഒരേയൊരു ജനതയാണ് ഫലസ്തീനികള്‍. ഇസ്രായേല്‍ സൈന്യം വര്‍ഷിച്ച മിസൈലുകളുടെയും ബോംബുകളുടെയും അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് പോലും പുതിയ വിദ്യകള്‍ അവതരിപ്പിക്കുന്ന അവരുടെ അതിജീവന കല ലോകത്തിന് ഇന്നും അത്ഭുതമാണ്. ആയിരക്കണക്കിന് നിരായുധര്‍ കൊല ചെയ്യപ്പെട്ടിട്ടും നൂറുകണക്കിന് വീടുകള്‍ നിശേഷം തകര്‍ക്കപ്പെട്ടിട്ടും എണ്ണിയാലൊടുങ്ങാത്ത പ്രതിസന്ധികളും ഉപരോധങ്ങളും തീര്‍ത്തിട്ടും പരാജയപ്പെട്ട് പിന്മാറാനോ കീഴടങ്ങാനോ ആ ജനത തയ്യാറായില്ല. നിശ്ചയദാര്‍ഢ്യം എന്ന വാക്കിനെ തങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിലൂടെ അന്വര്‍ത്ഥമാക്കുകയാണവര്‍. അതില്‍ പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകളും കുട്ടികളുമുണ്ട്. അവരില്‍ നാം അവസാനമായി കേട്ട പേരാണ് ഹനാന്‍ അല്‍ ഹറൂബ് എന്ന ഫലസ്തീന്‍ വനിതയുടേത്. 

വിദ്യാഭ്യാസ രംഗത്തെ നോബല്‍ പ്രൈസ് എന്നറിയപ്പെടുന്ന ഗ്ലോബല്‍ ടീച്ചേഴ്‌സ് പ്രൈസ് ലോകത്തെ മികച്ച അധ്യാപകരെയും വിദ്യാഭ്യാസ വിചക്ഷണരെയും കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായതാണ്. ഏതാണ്ട് ഒരു മില്ല്യന്‍ ഡോളര്‍ (പത്തു ലക്ഷം) ആണ് സമ്മാനത്തുക. ഇത്തവണ ഈ അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ഫലസ്തീനിലെ വിദ്യാഭ്യാസ വിപ്ലവത്തിന് നേതൃത്വം കൊടുക്കുന്ന ഹനാന്‍ അല്‍ ഹറൂബാണ്. നാല്‍പത്തിമൂന്ന് വയസ്സ് പ്രായമുള്ള അവര്‍ സ്വന്തമായി ഒരു സ്‌പെഷ്യല്‍ സ്‌കൂള്‍ തന്നെ നടത്തുന്നുണ്ട്.

ബത്‌ലഹേമിലെ അഭയാര്‍ഥി ക്യാമ്പില്‍ വളര്‍ന്ന ഒരു ബാല്യമുണ്ട് ഹനാന്‍ അല്‍ ഹറൂബിന്. ഇസ്രായേല്‍ സൃഷ്ടിച്ച അധിനിവേശവും യുദ്ധവും ഉപരോധവുമെല്ലാം അവരുടെ ബാല്യകാലത്തെ ഭീതിതമായ ഓര്‍മകളായിരുന്നു. പക്ഷെ ഭയന്നും നിരാശപ്പെട്ടും കഴിയേണ്ടതല്ല ജീവിതമെന്നും വിദ്യാഭ്യാസം കൊണ്ട് സകല ആത്മസംഘര്‍ഷങ്ങളെയും മറികടക്കാനാകുമെന്നും ഹനാന്‍ വിശ്വസിച്ചു. പിന്നീടങ്ങോട്ട് കഠിന പ്രയത്‌നങ്ങളുടെ ദിനങ്ങളായിരുന്നു. ഇടക്കാലത്ത് വിവാഹം കഴിഞ്ഞതോടു കൂടി തുടര്‍പഠനം പാതിവഴിയിലാകുമെന്ന് അവര്‍ ആശങ്കിച്ചു. എന്നാല്‍ ഭര്‍ത്താവ് ഉമര്‍ പൂര്‍ണ പിന്തുണ നല്‍കി. ആയിടക്കാണ് 2000-ത്തില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് ഭര്‍ത്താവ് ഉമറിനും രണ്ട് പെണ്‍മക്കള്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുന്നത്. പെണ്‍കുട്ടികള്‍ രണ്ടുപേരും മാനസികാഘാതം (Traumatized) ഏറ്റ അവസ്ഥയിലായി. കലുഷിതവും സംഘര്‍ഷഭരിതവുമായ സാഹചര്യങ്ങളില്‍ ജീവിക്കുന്ന കുട്ടികളുടെ മാനസിക നില പരിഗണിച്ചുകൊണ്ടുള്ള (trauma care)  അധ്യാപന രീതി ഫലസ്തീനിലെ ടീച്ചര്‍മാര്‍ക്ക് വശമില്ല എന്ന യാഥാര്‍ഥ്യം സ്വന്തം മക്കളുടെ സ്‌കൂള്‍ അനുഭവം മുന്‍നിര്‍ത്തി ഹനാന്‍ തിരിച്ചറിഞ്ഞു. അതെക്കുറിച്ച് അവര്‍ ഇങ്ങനെ പറയുന്നു. 'ഈ സംഭവം എന്റെ ജീവിതം മാറ്റി മറിച്ചു. ആദ്യം ഞാനൊരു ഞെട്ടലിലായിരുന്നു. പിന്നീട് ഞാന്‍ തിരിച്ചറിയുകയായിരുന്നു ആ യാഥാര്‍ഥ്യം. ഫലസ്തീനിലെ ടീച്ചര്‍മാര്‍ ഇത്തരം കുട്ടികളെ പരിചരിക്കാന്‍ പരിശീലനം കിട്ടിയിട്ടില്ലാത്തവരാണ്. അങ്ങനെ ഞാന്‍ സ്വയം അത് പഠിച്ചെടുക്കാനും ഒരു ടീച്ചര്‍ ആവാനും തീരുമാനിക്കുകയായിരുന്നു'. 

യുദ്ധവും സംഘര്‍ഷവും കലുഷമാക്കിയ അന്തരീക്ഷത്തില്‍ വളര്‍ന്നുവരുന്ന ഫലസ്തീനിലെ മിക്ക കുട്ടികളുടെയും മാനസികനില തകരാറിലാണ്. വിട്ടുമാറാത്ത ഭയവും ഭീതിയും ഉത്കണ്ഠയും ചേര്‍ന്ന് സൃഷ്ടിക്കുന്ന മനോനിലയില്‍ നിന്ന് (Traumatized)  കുട്ടികളെ രക്ഷിച്ചെടുക്കുക എന്ന ഭാരിച്ച ദൗത്യമായിരുന്നു ഹനാന്‍ അല്‍ ഹറൂബ് ഏറ്റെടുത്തത്. ഇതൊരു വലിയ വെല്ലുവിളിയായിരുന്നു.

റാമല്ലയിലെ സമീഹ ഖലീല്‍ സ്‌കൂളില്‍ ആറ് മുതല്‍ പത്ത് വരെ പ്രായമുള്ള കുട്ടികളെ സംഘടിപ്പിച്ച് സ്വന്തം വീട്ടില്‍ അവര്‍ ഈ സ്‌പെഷ്യല്‍ സ്‌കൂള്‍ ആരംഭിച്ചു. ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ പരിക്കേറ്റ തന്റെ രണ്ട് മക്കളിലും പരീക്ഷിച്ച അധ്യയന രീതി മറ്റു കുട്ടികളിലും അവര്‍ വിജയകരമായി പരീക്ഷിച്ചു. 'കളിയിലൂടെ പഠനം' എന്ന തന്ത്രമാണ്(Play and Learn techniques)  ലേരവിശൂൗല)െ ഹനാന്‍ കാര്യമായി പ്രയോഗിക്കുന്നത്. ഭൗതിക സൗകര്യങ്ങളുടെ പരിമിതികളെയും സാമ്പത്തിക ഞെരുക്കത്തെയും നിശ്ചയ ദാര്‍ഢ്യം കൊണ്ടാണ് അവര്‍ മറികടന്നത്. 'എന്റെത് പൂര്‍ണ്ണമായും സര്‍ക്കാര്‍ അംഗീകരിച്ച സ്‌കൂളാണ്. പക്ഷെ മതിയായ സൗകര്യങ്ങളില്ല. ശമ്പളവും കുറവാണ്. ഒരു മാസം വലിയ ചെലവ് വരുന്നുണ്ട്. അതെല്ലാം ഞാന്‍ തന്നെ വഹിക്കുന്നു. എന്റെ വീടാണ് സ്‌കൂള്‍ കെട്ടിടം. ഇവിടെയുള്ള മുഴുവന്‍ വിദ്യാര്‍ഥികളും എന്റെ മക്കളെപ്പോലെയാണ്'. ഹനാന്‍ പറയുന്നു.

ഹനാന്‍ അല്‍ ഹറൂബിന്റെ അധ്യയന രീതി (Teaching Methodalogy)  രസകരവും വ്യത്യസ്തവുമാണ്. ഗ്ലോബല്‍ ടീച്ചേഴ്‌സ് പ്രൈസിനുള്ള മത്സരത്തിലെ പ്രധാന ഇനങ്ങളിലൊന്ന് വിധികര്‍ത്താക്കള്‍ക്കു മുന്നില്‍ തങ്ങളുടെ ടീച്ചിംഗ് ടെക്‌നിക്കുകള്‍ അവതരിപ്പിക്കുക എന്നതാണ്. കളിച്ചും കളിപ്പിച്ചും കൂട്ടുകൂടിയും പരസ്പര വിശ്വാസവും പോസിറ്റീവ് എനര്‍ജിയും പകര്‍ന്നുകൊണ്ടുള്ള അവരുടെ ശൈലി ജഡ്ജസിന്റെ പ്രശംസ പിടിച്ചുപറ്റി. എണ്ണായിരം പേരില്‍നിന്നും തിരഞ്ഞെടുത്ത പത്ത് പേരുടെ ചുരുക്കപ്പട്ടികയില്‍ അമേരിക്ക, ബ്രിട്ടണ്‍, ആസ്‌ത്രേലിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൡ നിന്നുള്ള പ്രഗത്ഭരായ അധ്യാപകരുണ്ടായിരുന്നു. അവരെയെല്ലാം ബഹുദൂരം പിന്തള്ളിയാണ് ഹനാന്‍ ഈ നേട്ടം കൈവരിച്ചത്.

സ്വന്തമായി ഇത്തരമൊരു സ്‌കൂള്‍ നടത്തുമ്പോള്‍ തന്നെ അഞ്ച് മക്കളുടെ മാതാവുകൂടിയായ അവര്‍ കുടുംബത്തിന്റെ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വഹിച്ച്  അഞ്ചുവര്‍ഷത്തിനുള്ളില്‍ യൂണിവേഴ്‌സിറ്റിയിലെ തന്റെ പോസ്റ്റ് ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. മാനസിക വൈകല്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നിരന്തര ഗവേഷണ പഠനങ്ങൡാണ് ഇപ്പോള്‍ അവര്‍.

ഇഛാശക്തികൊണ്ടും നിശ്ചയദാര്‍ഢ്യം കൊണ്ടും വിപ്ലവം സൃഷ്ടിച്ച വനിതകളിലേക്ക് ഹനാന്‍ അല്‍ ഹറൂബിന്റെ പേരും ചേര്‍ത്തുവെക്കപ്പെടുകയാണ്. അവര്‍ ഒരു ഫലസ്തീനിയും മഫ്ത ധരിച്ച മുസ്‌ലിം വനിതയുമാകുമ്പോള്‍ അതിന് പത്തരമാറ്റ് തിളക്കം. ലോകം ശ്രദ്ധിച്ച മുസ്‌ലിം വനിത ഹനാന്‍ അല്‍ ഹറൂബ് ‘We plan we learn’  എന്ന പേരില്‍ ഒരു മനോഹരമായ പുസ്തകവും രചിച്ചിട്ടുണ്ട്. ദുബൈയിലെ പ്രൗഢ ഗംഭീരമായ അവാര്‍ഡ് ദാന ചടങ്ങില്‍ തന്റെ വിദ്യാര്‍ഥികള്‍ക്കും ഫലസ്തീന്‍ ജനതയ്ക്കും ആ അവാര്‍ഡ് അവര്‍ സമര്‍പ്പിച്ചു.



Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top