കാനല്‍ ജലം-10

അഷ്‌റഫ് കാവില്‍ No image

യാത്രയുടെ ആലസ്യത്തില്‍, ഉച്ചയുറക്കത്തിനു കീഴ്‌പ്പെട്ടുപോയി എന്നു പറഞ്ഞാല്‍ മതിയല്ലോ. വിശ്രമത്തിനായി നാട്ടില്‍ വന്നിട്ട് ഒരു നിമിഷം പോലും അതിനായി ചെലവഴിക്കാന്‍ കഴിയാത്ത പരിഭവം ശരീരത്തിന് ശരിക്കുമുണ്ടായിരുന്നു.

ഭാര്യയുടെ നീട്ടിയുള്ള വിളിയില്‍ ഉറക്കം മുറിഞ്ഞു. എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് അക്കാര്യം ബോധ്യപ്പെട്ടത്.

മുമ്പ്, ഗള്‍ഫില്‍ വെച്ചുണ്ടാകാറുള്ള ഊരവേദന വീണ്ടും ആക്രമണം തുടങ്ങിയിരിക്കുന്നു. എഴുന്നേല്‍പ്പിനായുള്ള ഉദ്യമം ഒരു പരാജയത്തിലാണ് കലാശിച്ചത്.

ഇക്കുറി സര്‍വസജ്ജമായിട്ടാണ് വരവ്.

ഊരവേദന മുട്ടുകളിലേക്കും നെഞ്ചിന്റെ ഭാഗത്തേക്കും പടര്‍ന്നിട്ടുണ്ട്. ലക്ഷണം അത്ര പന്തിയല്ല.

അതേപോലെ കിടക്കാം. എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ലെന്നു മാത്രം. ഉം വരട്ടെ. ഇപ്പോള്‍ ഭാര്യയെ വിളിച്ചാല്‍ അവള്‍ക്ക് അതൊരു ഷോക്കാകും. കരഞ്ഞ് ബഹളം വെക്കും.

അത് എളുപ്പത്തില്‍ ചെയ്യാവുന്ന കാര്യമാണല്ലോ. അല്‍പസമയം കൂടി അങ്ങനെ കണ്ണടച്ചുകിടന്നു.

അപ്പോള്‍, മുഖം നിറയെ പരിഭവവുമായി ഭാര്യ അകത്തേക്ക് വന്നു. 'ഒന്നെഴുന്നേല്‍ക്ക് മനുഷ്യാ... പുതിയാപ്ല ങ്ങളെ വിളിക്ക്ണൂന്ന്...'

ഇളയമകളുടെ ഭര്‍ത്താവ് ഇറങ്ങാന്‍ നേരം അന്വേഷിച്ചതാകും.

'ഞാന്‍ നല്ല ഒറക്കിലാണെന്ന് പറ. ഇനി നിര്‍ബന്ധമാണെങ്കില്‍ ഇവിടെ വരെ ഒന്നു വരാന്‍ പറ'.

അവള്‍ ദേഷ്യത്തോടെ മുഖം വെട്ടിച്ച് പോയി.

ഒരു ചുമയോടെ ഇളയമകളുടെ പുതിയാപ്ല അകത്തേക്ക് വന്നു. അത്തറിന്റെ പരിമളം മുറിയിലാകെ പടര്‍ന്നു. 

വിടര്‍ന്ന കണ്ണുകളും വിസ്മയ ഭാവവുമാണ് സലീമിന്. കച്ചവടക്കാരന്റെ കൗശലമറിയാത്തതെന്ന് തോന്നിപ്പിക്കുന്ന മുഖം.

'വരീന്‍... ഇന്നലത്തെ ഉറക്ക ക്ഷീണം കാരണം - കെടന്നു പോയതാ'.

കിടന്ന കിടപ്പില്‍ത്തന്നെ ഒരു സ്റ്റൂള്‍ നിക്കീയിട്ട് കൊടുത്തു. 'ഇരിയ്ക്ക്'.

സലീം ഭവ്യതയോടെ ഇരുന്നു.

'ഞാന്‍ മറ്റന്നാള്‍ ഒരു വിസിറ്റിന് പോവുകയാ... മലേഷ്യയില്‍' 

'ങ്... ആ വെറുതെ പോവ്വാണോ..?'

'അല്ല.. ഒരു ബിസിനസ്സ് ലക്ഷ്യം കൂടിയുണ്ട്. പറ്റിയാല്‍ അതിനുള്ള ഏര്‍പ്പാട് കൂടി ചെയ്യണം'.

'എന്ത് ബിസിനസ്സ്?'.

'ഹോട്ടല്‍ ബിസിനസ്സിന് മലേഷ്യയില്‍ നല്ല സ്‌കോപ്പാ'.

'നല്ല കാര്യം... ന്നാലും നിയ്‌ക്കൊരു സംശയം വെഷമം തോന്ന്വോ... പറഞ്ഞാല്‍'.

'ഉപ്പ പറഞ്ഞോ.. ഒന്നും തോന്നില്ല'.

'സലീമിന് ഗള്‍ഫില്‍ നല്ല ജോലിയില്ലേ'?

'ങ്.. ഉം'

'നാട്ടില്‍ ഭൂസ്വത്തും കച്ചവടങ്ങളും വേറെ. ഇതിനെല്ലാം പുറമേ മലേഷ്യയില്‍ പോയി ബിസിനസ്സ് തുടങ്ങണോ?

'ഉപ്പാ... ഇത് ഞാനൊറ്റയ്ക്കല്ല. നടത്തിപ്പ് സുഹൃത്തുക്കളാണ്. സ്റ്റാര്‍ട്ടിങ് ട്രബിള്‍ മാറ്റിക്കൊടുക്കാനായി ഒരു യാത്ര. ചെറിയൊരു മുതല്‍മുടക്ക്. കച്ചവടം അവര്‍ നടത്തിക്കോളും...'

'എന്തിനാണെന്ന് ഒരു പക്ഷേ ഒരു തോന്നലാകും. സമ്പാദിക്കുന്നത് തെറ്റല്ലല്ലോ... പക്ഷേ ഒരു റിസ്‌ക് ഏറ്റെടുക്കണോ എന്നു ചിന്തിച്ചുപോയി. പോട്ടെ...'

സലീം ഒന്നു തല ചൊറിഞ്ഞു.

'ഏതായാലും.. കച്ചവടം ശരിയായാല്‍ ഒരു ചെറിയസംഖ്യ ഞാനും മുതലിലേക്ക് കൊടുക്കേണ്ടിവരും ഉപ്പാക്കറിയാലോ കഴിഞ്ഞമാസമാണ് 90 ലക്ഷത്തിന് ഞാന്‍ പള്ളിക്കണ്ടിയില്‍ സ്ഥലം വാങ്ങിയത്. ഇപ്പോ കൈയിലെ ബാലന്‍സ് വട്ടപൂജ്യമാണ്. ഇതിനുള്ള കാശ് ഉപ്പ തരൂന്ന് ഞാന്‍ പറഞ്ഞുപോയി'.

പടച്ച തമ്പുരാനെ... വേദനകൊണ്ട് എഴുന്നേല്‍ക്കാന്‍ കൂടി പറ്റാതെ കിടക്കുന്ന ഒരു പാവത്തിനെ നീയിങ്ങനെ പരീക്ഷിക്കരുതേ... ഇടിത്തീ വീണപോലെയാണ്, പുതിയാപ്ലയുടെ വാക്കുകള്‍ കേട്ടപ്പോള്‍ തോന്നിയത്.

എന്താണ് മറുപടി പറയുക.

മകന്റെ കേസുകള്‍ക്കും മറ്റുമായി പലരില്‍ നിന്നും വാങ്ങിയ ഒരു ലക്ഷത്തോളം രൂപ ഇപ്പോള്‍ത്തന്നെ കൊടുക്കാനുണ്ട്. ഇതിനിടെ ഇതെങ്ങിനെ കൊടുക്കും.

'ആലോചിച്ചിട്ട് മതി. കുറച്ച് നേരത്തെ ഞാന്‍ പറഞ്ഞൂന്ന് മാത്രം'.

'ഞാന്‍.. എന്തുണ്ട് വഴി എന്നാലോചിക്കട്ടെ'. എന്നു മറുപടി കൊടുത്തു.

സലീം തിരിച്ചുപോയി.

സ്ത്രീധനം വേണ്ട എന്നുപറഞ്ഞ് വിവാഹം കഴിക്കുക. ഞങ്ങളൊരു സൗജന്യം ചെയ്തിരിക്കുന്നു എന്ന് മറ്റുള്ളവരോട് വീമ്പു പറയുക. ഒന്നോ രണ്ടോ മാസത്തിനകം സ്ത്രീധനത്തേക്കാള്‍ ഇരട്ടിത്തുക മറ്റേതെന്തിലും മാര്‍ഗ്ഗത്തില്‍ വസൂലാക്കുക. വലിയ കുടുംബത്തിലെ ചില അതിബുദ്ധിമാന്മാര്‍ സമീപകാലത്തായി അനുവര്‍ത്തിച്ചുവരുന്ന പുതിയ രീതികളാണുപോലും.

ചിരിക്കാനാണു തോന്നുന്നത്.

അല്ലാതെ മറ്റെന്തുചെയ്യും.

ഒരു നയാപൈസ കൈയിലില്ല. രണ്ടാമത്തെ മകളെ പ്രസവത്തിനായി കൂട്ടികൊണ്ടുവരണം. ആകെയുള്ള സമ്പാദ്യം ഗള്‍ഫായിരുന്നു. അത് നിലച്ചിട്ട് ഒരു വര്‍ഷം തികയാന്‍ പോകുന്നു.  എന്തുചെയ്യും?

ചിന്തിച്ച് തലപുകച്ച് കിടക്കുമ്പോഴാണ് ഒരു സ്‌കൂട്ടറിന്റെ ശബ്ദം കേട്ടത്.

അന്‍സാറാണ്. അവനെപ്പറ്റി ചിന്തിച്ചതും ഒരു രോമാഞ്ചം. ആകെയുള്ള ആശ്വാസമാണ് അവന്‍. യഥാര്‍ഥത്തിലുള്ള സ്‌നേഹം എല്ലാ അര്‍ഥത്തിലും ലഭിച്ചത് അവനില്‍ക്കൂടിയാണ്.

വീണുപോകുന്ന എല്ലാ ദുര്‍ഘടസന്ധികൡും അവനാണ് താങ്ങായി മാറിയത്.

'ഉപ്പാ... അസ്സലാമു അലൈക്കും.'

'ഇതെന്താ... ഇനിയും കിടപ്പാണോ... അസറായല്ലോ..'

'മോനേ.. എനിക്ക് എഴുന്നേല്‍ക്കാന്‍ കഴീണില്ല.' 

'ങ്..ഏ... എന്തുപറ്റി?'

'ഊരവേദന സഹിക്കാന്‍ പറ്റാതെ ഞാനവിടെത്തന്നെ കിടന്നു. ഒടുക്കം നിന്നെ മിസ്സിടുകയായിരുന്നു'.

അന്‍സാന്‍ പതുക്കെ താങ്ങിയെഴുന്നേല്‍പ്പിച്ചു. അങ്ങോട്ടുമിങ്ങോട്ടും രണ്ടുചാല്‍ നടന്നപ്പോഴേക്കും ഉന്മേഷം ചെറുതായി വീണ്ടെടുത്തു.

'എന്തായാലും ഒന്നു ചെക്കപ്പ് ചെയ്യാം. ഉപ്പ വേഗം റെഡിയാക്...'

അന്‍സാറിന്റെ നിര്‍ദ്ദേശം അനുസരിക്കാതെ ഗത്യന്തരമില്ലെന്നു ബോധ്യപ്പെട്ടപ്പോള്‍ വേഗം കുൡച്ചൊരുങ്ങി.

എന്നും കാണിക്കാറുള്ള ഡോക്ടറുടെ അരികിലേക്കാണ് പോയത്.

പരിശോധനകളെല്ലാം പൂര്‍ത്തിയാക്കി ഡോക്ടര്‍ക്ക് അഭിമുഖമായിട്ടിരുന്നു. ഡോക്ടര്‍ അല്‍പസമയം കണ്ണുകളിലേക്ക് തന്നെ സൂക്ഷിച്ചുനോക്കി.

'തിരിച്ചു വന്നിട്ട് എത്രയായി?'

'നാലര മാസം'

'എന്തിനായിരുന്നു തിരിച്ചുവന്നതെന്നോര്‍മയില്ലേ?'

'ഉണ്ട്.'

പരിപൂര്‍ണ്ണ വിശ്രമം, ടെന്‍ഷന്‍ ഫ്രീ, ആഹ്ലാദം..

സംഭവിച്ചതോ... നേരെ മറിച്ചും... മനസ്സിലായോ റിസള്‍ട്ടുകള്‍ അടങ്ങിയ കുറിപ്പടി കാണിച്ചുകൊണ്ട് ഡോക്ടര്‍ വിശദമാക്കി. നാട്ടിലേക്ക് വരുമ്പോള്‍ ബ്ലഡ്പ്രഷര്‍ നോര്‍മലായിരുന്നു. ഇപ്പോള്‍ എത്രയാണെന്നോ ഇരുന്നൂറ്റിയിരുപത് നൂറ് അതായത് ഹൈപ്പര്‍ ടെന്‍ഷനിലേക്ക് നീങ്ങുന്നുവെന്നര്‍ഥം.

ഗുളിക കഴിച്ചാല്‍ മാത്രം മതിയാകില്ല. ക്ലിനിക്കല്‍ സൈക്യാട്രിസ്റ്റ് മി. സുമന്‍ വര്‍മ്മയുമായി ഒന്നു ബന്ധപ്പെടുകയും വേണം. 

സൈക്യാട്രിസ്റ്റ് സുമന്‍ വര്‍മ്മ കാഴ്ചക്ക് മുപ്പതുവയസ്സോളം പ്രായമുള്ള സുമുഖന്‍. ആഴ്ന്നിറങ്ങുന്ന കണ്ണുകളില്‍ ആജ്ഞാഭാവം.

അരമണിക്കൂറിനകത്ത് സുമന്‍ വര്‍മ്മയുമായി സംസാരിച്ചിരുന്നു.

അയാള്‍ തീര്‍ത്തുപറഞ്ഞു. ഗള്‍ഫിലേക്കുള്ള ഒരു തിരിച്ചുപോക്കാണ് യഥാര്‍ത്ഥത്തില്‍ ഇതിനൊരു പോംവഴി.

താങ്കള്‍ക്ക് രോഗത്തെക്കുറിച്ചുള്ള ആശങ്കകള്‍ മാത്രമേ നാട്ടിലേക്ക് വരുമ്പോള്‍ ഉണ്ടായിരുന്നുള്ളൂ. പക്ഷേ നാലുമാസത്തിനകം താങ്കള്‍ ശാരീരികമായും മാനസികമായും ആകെ പരിതാപകരമായ അവസ്ഥയിലാണ്.

ഡോക്ടര്‍... അമ്പരപ്പോടെ വിളിച്ചു. മി. ജമാല്‍ മുഹമ്മദ്. അല്ലാതെ എന്ത് മറുപടി പറയും. പരിപൂര്‍ണ്ണ വിശ്രമത്തിനും മാനസികോല്ലാസത്തിനുമായി നാട്ടില്‍ വന്ന ഒരാള്‍ ഒരുദിവസം പോലും മനസ്സമാധാനത്തോടുകൂടി ഉറങ്ങിയിട്ടില്ലെന്ന് താങ്കളുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ആണയിടുന്നു.

മറുപടി ഒന്നും പറഞ്ഞില്ല.

ഡോക്ടര്‍ പറഞ്ഞതാണ് ശരി. എന്തിനുവേണ്ടിയാണോ ഉള്ള പണികളഞ്ഞ് നാട്ടില്‍ വന്നത് അത് ഇതുവരെ ലഭിച്ചിട്ടില്ല. നൂറുശതമാനം സത്യം

'എന്തായിരുന്നു താങ്കള്‍ക്കവിടെ ജോലി?.

'ഒരു കമ്പനിയില്‍ ഫോര്‍മാന്‍. കാര്യമായ ജോലിയൊന്നുമുണ്ടായിരുന്നില്ല. ചിലസമയങ്ങൡ അല്‍പം പിരിമുറക്കമുണ്ടെന്നുമാത്രം. അത് അധ്വാനം കൊണ്ടല്ല. ജീവനക്കാരുടെ ലീവും മറ്റുള്ള പ്രശ്‌നങ്ങളും കൊണ്ടുമാത്രം.'

'ശരി... ഇതിനേക്കാള്‍ എത്രയോ ഭേദം ഗള്‍ഫിലേക്ക് തന്നെ പോയി ആ ജോലിയുമായി കഴിയുക എന്നുള്ളതാണ്.'

'പക്ഷേ.. ഡോക്ടര്‍.. ഇനി ആ ജോലി പെട്ടെന്ന് ലഭിക്കില്ലല്ലോ.. രണ്ടുവര്‍ഷത്തേക്ക് കമ്പനി പകരം ആളെ അറേഞ്ച് ചെയ്തിട്ടുണ്ടാകും. മറ്റേതെങ്കിലും കമ്പനിയില്‍ ജോലി നേടിയെടുത്താല്‍ത്തന്നെ അവിടത്തെ സാഹചര്യം എന്താണെന്നു പറയാന്‍ പറ്റില്ല.'

'ഏതായാലും ഒരു കാര്യം ഉറപ്പിച്ചു പറയാം. ഒരു മെന്റല്‍ സ്‌ട്രോക്കിനുള്ള സാധ്യത കൂടുതലാണ്. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍...'

തിരിച്ചു വീട്ടിലേക്ക് പോരുമ്പോള്‍ പ്രത്യേകം തീരുമാനിച്ചു, വിഷമമുണ്ടാക്കുന്ന ഒരു വാര്‍ത്തക്കും മനസ്സില്‍ ഇടം കൊടുക്കില്ല. ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്യുക. പറ്റിയ കാര്യങ്ങളില്‍ മാത്രം തലയിടുക. ഏറ്റുമുട്ടല്‍ ഒഴിവാക്കുക. പണത്തെക്കുറിച്ചുള്ള വേവലാതികള്‍ തല്‍ക്കാലം പൂര്‍ണ്ണമായും അകറ്റുക.

വീട്ടിലെത്തിയതും ഭാര്യം ഉത്കണ്ഠയോടെ അടുത്തേക്ക് വന്നു.

'ഡോക്ടര്‍ എന്തുപറഞ്ഞു?. 'എന്തുപറയാന്‍ എത്രയും പെട്ടെന്ന് ഗള്‍ഫിലേക്ക് മടങ്ങിപ്പോകണമെന്ന്'.

അവള്‍ അവിശ്വസനീയതോടെ നോക്കി.

ഇപ്പറഞ്ഞത് സത്യമാണോ.. അപ്പോ അസുഖം?

'അസുഖമൊന്നുമില്ല.. നാട്ടില്‍ ഇനിയും നിന്നാല്‍ ആധികേറി ആളുകാലിയാകും എന്നാണ് ഡോക്ടറുടെ നിലപാട്'.

അവളുടെ മുഖത്ത് ആശ്വാസത്തിന്റെ ഒരു ചെറുപുഞ്ചിരി മിന്നിമായുന്നത് ശ്രദ്ധിച്ചു.

'ഒരുകണക്കിന് അതാ ശരി. എത്രാന്ന് വെച്ചിട്ടാ ഈ ആളുകളോട് സമാധാനം പറയ്യ്വ. എന്നാ പോണത്. പണിയില്ലേ... നിറുത്തിയതാണോ... എന്തിനൊക്കെ സമാധാനം പറയണം.'

അവളുടെ മനസ്സില്‍ വലിയ പങ്കപ്പാടാണ്. സ്‌നേഹക്കുറവുകൊണ്ടല്ല. മക്കളുടെ പ്രശ്‌നങ്ങള്‍ ബാധ്യതകള്‍ ഇനിയുള്ള ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകും എന്ന ആശങ്ക. അതിനെല്ലാമുള്ള ഒറ്റ ഉത്തരമാണ് ഡോക്ടര്‍ പറഞ്ഞത്.

തിരിച്ച് ഗള്‍ഫിലേക്കുതന്നെ പോവുക.

ആലോചിച്ചപ്പോള്‍ ആ ഉത്തരത്തിലേക്ക് തന്നെ മനസ്സും നീങ്ങുന്നതായി മനസ്സിലായി,

അതെ, അതുതന്നെയാണ് നല്ലത്. ഗള്‍ഫിലുളള സുഹൃത്തുക്കളോട് അസുഖം ഭേദമായി എന്നുപറയാം. ഇതുവരെയുള്ള സാമ്പത്തിക പരാധീനതകള്‍ തല്‍ക്കാലത്തേക്കെങ്കിലും തരണം ചെയ്യാം. നാടിനെക്കുറിച്ചുള്ള വേവലാതികള്‍ ഒന്നുമറിയാതെ ജീവിക്കാന്‍ ശ്രമിക്കാം.

കഫീലിന്റെ നമ്പറില്‍ പലവട്ടം ബന്ധപ്പെട്ട് അവസാനം ലൈനില്‍ കിട്ടി.

'മാശാ അള്ളാ... ശരിക്കും വിശ്രമിക്കൂ... അതിനിടയില്‍ ഇങ്ങോട്ടു തിരിച്ചുവരേണ്ട.'

'അതല്ല. എനിക്കിപ്പോള്‍ നല്ല സുഖം തോന്നുന്നു ഗള്‍ഫിലേക്ക് തിരിച്ചുവരുന്നതില്‍ കുഴപ്പമില്ലെന്നാണ് ഡോക്ടറുടെയും അഭിപ്രായം.'

അവന്‍ ഒരു കണക്കിലും മയപ്പെട്ടില്ല. ഒരു ജോലിയും തരാന്‍ പറ്റാത്തവിധം കമ്പനി സാമ്പത്തിക മാന്ദ്യത്തിലാണെന്ന് പറഞ്ഞ് ഫോണ്‍ വെച്ചുകളഞ്ഞു.

നിരാശയുടെ കറുത്ത മേഘങ്ങള്‍ മനസ്സിലേക്ക് ഭീതിതമായി പടരുന്നത് ഞെട്ടലോടെ അറിഞ്ഞു. പാടില്ല. മനസ്സില്‍ ശുഭചിന്തകള്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ.

പലപ്പോഴായി സഹായിച്ച പല വിദേശ മലയാളികളെയും പറ്റി ഓര്‍ത്തു.

ആദ്യമായ് മനസ്സില്‍ വന്നത് മുത്തലിബിന്റെ രൂപമാണ്. തന്റെ സഹായം കൊണ്ട് ആത്മഹത്യയില്‍ നിന്ന് രക്ഷപ്പെട്ട കണ്ണൂര്‍ക്കാരന്‍ മുത്തലിബ്.

അയാളിന്ന് വലിയൊരു കമ്പനിയില്‍ മാനേജരാണ്. മുത്തലിബിനെ വിളിച്ച ഉടനെ ലൈനില്‍ കിട്ടി.

കാര്യങ്ങള്‍ ഒന്നും വിശദമാക്കിയില്ലെങ്കിലും ഒരു വിസ വേണമെന്ന് പറഞ്ഞു. അവന്‍ പറഞ്ഞത് കേട്ട് അമ്പരപ്പുണ്ടായില്ല. ഗള്‍ഫില്‍ ഒരു ജോലി തരപ്പെടുത്തിയെടുക്കുക അത്ര എളുപ്പമല്ല.

കമ്പനിയില്‍ ഇപ്പോള്‍ ആകെയുള്ള വേക്കന്‍സി ഒരു ഡ്രൈവറുടേതാണ്. അതുവേണമെങ്കില്‍ ശരിയാക്കാം.

ഒന്നും ആലോചിച്ചില്ല.

'മുത്തലിബേ.. ആ വിസ വേണം.'

'ആയിക്കോട്ടെ ജമാല്‍ക്കാ... അല്ലാ അസുഖം ഭേദായില്ലേ...'

'കുറവുണ്ട്.'

'വിസ ഞാനുടനെ അയക്കാം. ആര്‍ക്കു വേണ്ടിയാ..?' 

മറുപടി പറയുന്നതിനിടയില്‍ അറിയാതെ കണ്ണില്‍ വെള്ളം നിറഞ്ഞു. ശബ്ദത്തിന് പതര്‍ച്ചയില്ലെന്ന് ഉറപ്പുവരുത്തി പതുക്കെ പറഞ്ഞു.

'എനിക്കുവേണ്ടിയാ...' മുത്തലിബിന്റെ മറുപടിക്ക് കാത്തില്ല.

( അവസാനിച്ചു )


Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top