ഹാറൂണ്‍ റശീദിന്റെ പത്‌നി സുബൈദ

അബ്ദുല്ല നദ്‌വി കുറ്റൂര്‍ No image

അബ്ബാസിയ്യാ ഭരണകൂടത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ ഏറ്റവും പ്രശസ്തയായ മഹിളാ രത്‌നമാണ് ഖലീഫ ഹാറൂണ്‍ റശീദിന്റെ ഭാര്യ സുബൈദ. ഹിജ്‌റ 149 (ക്രി. 766) മൗസിലില്‍ ജനിച്ച ഇവരുടെ യഥാര്‍ഥ നാമം അമതുല്‍ അസീസ് എന്നായിരുന്നു. പിതാമഹനായ ഖലീഫ മന്‍സൂര്‍ ശൈശവ കാലത്ത് ഇവരെ താലോലിക്കുമ്പോള്‍ സുബൈദ (വെണ്ണപോലെ വെളുത്ത സുന്ദരി) എന്ന് വാല്‍സല്യത്തോടെ വിളിച്ചിരുന്നു. സൗന്ദര്യത്തില്‍ അവരെ വെല്ലാന്‍ അബ്ബാസീ ഭരണകാലത്ത് മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നില്ല.

ഇസ്‌ലാമിക ഭരണകൂടത്തിന്റെ വിസ്തൃതി അമവീ ഭരണകാലത്ത് പടിഞ്ഞാറ് സ്‌പെയിന്‍ വരെയും കിഴക്ക് ചൈന വരെയും വ്യാപിക്കുകയുണ്ടായി. പക്ഷേ, ഈ അനന്തവിസ്തൃതമായ സാമ്രാജ്യത്തിന്റെ ഫലം യഥാര്‍ത്ഥത്തില്‍ പ്രയോജനപ്പെടുത്തിയത് അബ്ബാസി ഭരണാധികാരികളാണ്.

അബ്ബാസി ഭരണാധികാരികളില്‍ അഞ്ചാമത്തെ ഖലീഫയായ ഹാറൂണ്‍ റശീദിന്റെ ഭരണകാലമാണ് അതിന്റെ സുവര്‍ണ കാലമായി വിേശഷിപ്പിക്കപ്പെടുന്നത്. പെയ്യാന്‍ മടിച്ച് അകലേക്ക് തെന്നി നീങ്ങുന്ന കാര്‍മേഘത്തെ നോക്കി ഒരിക്കല്‍ ഹാറൂണ്‍ റശീദ് ഇപ്രകാരം പറഞ്ഞുവത്രെ. 'നീ എവിടെ വേണമെങ്കിലും പെയ്തിറങ്ങിക്കോ. എവിടെ പെയ്താലും അതിന്റെ ഫലം എന്റെ ഖജനാവിലെത്തും'. ഹാറൂണ്‍ റഷീദിന്റെ പ്രതാപത്തിലേക്കും സുഭിക്ഷതയിലേക്കുമാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

ആരെയും ആകര്‍ഷിക്കുന്ന സൗന്ദര്യത്തോടൊപ്പം സംഭാഷണ ചാരുതി, ബുദ്ധി വൈഭവം, കാര്യപ്രാപ്തി, തന്റേടം, സാഹിതി വാസന, അഭിപ്രായ സുഭദ്രത എന്നീ വിശിഷ്ട ഗുണങ്ങള്‍ കൂടി സുജ്ജസമായി യോജിച്ച ഒരു വ്യതിരിക്ത വ്യക്തിത്വമായിരുന്നു സുബൈദയുടെത്. രാഷ്ട്രീയ കാര്യങ്ങളിലും ഹാറൂണ്‍ റഷീദിന് ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കിയ സുബൈദ അദ്ദേഹത്തിന്റെ കനവിലും നിനവിലും സന്തത സഹചാരിയായി നിറഞ്ഞു നിന്നു. അവര്‍ കവിത രചിക്കുകയും കലാ-സാംസ്‌കാരിക മേഖലകളില്‍ ഇടപെടുകയും ആ മേഖലയിലെ മഹല്‍ വ്യക്തിത്വങ്ങളുമായി സംവദിക്കുകയും ചെയ്തിരുന്നു.

സുബൈദയുടെ ഈ വ്യതിരിക്ത സവിശേഷതകള്‍ മൂലം ഹാറൂണ്‍ റശീദ് അവരെ ആദമ്യമായി സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തു. സന്ദര്‍ഭോചിതം വര്‍ത്തിക്കാനുള്ള അവരുടെ പ്രത്യേക കഴിവ് സ്‌നേഹത്തിന് മാറ്റ് കൂട്ടുകയും ചെയ്തു. അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തില്‍ യഥാര്‍ഥത്തില്‍ ഭരണ ചക്രം തിരിച്ചിരുന്നത് സുബൈദയാണ്.

സാഹിത്യ-വൈജ്ഞാനിക മേഖലയില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ച സുബൈദ അതിന്റെ വികസനത്തിലും സ്തുത്യര്‍ഹമായ പങ്കുവഹിച്ചു. വിജ്ഞാനത്തിന്റെയും കലയുടെയും ഈറ്റില്ലമായി ബഗ്ദാദിനെ പരിവര്‍ത്തിപ്പിക്കുന്നതില്‍ സുബൈദ വഹിച്ച പങ്ക് ശ്രദ്ധേയമാണ്. ലോകത്തിന്റെ നാനാ ദിക്കുകളില്‍ നിന്ന് സാഹിത്യകാരന്‍മാരും കവികളും പണ്ഡിതന്‍മാരും ബഗ്ദാദിലേക്ക് ചേക്കേറി. അബൂനുഹാസ്, അബുല്‍ അതാഹിയ, ഗദ്യ സാഹിത്യത്തിലെ മുടിചൂടാമന്നനായ ജാഹിള്, ഭാഷാ പണ്ഡിതരായ ഖലീല്‍ അഹ്മദ്, സീബവൈനി, അഗ്ഫശ്, മത പണ്ഡിതരായ ഇമാം അബൂബഹീന, ഇമാം ഔസാഈ, മാലിക് ഇബ്‌നു അനസ് തുടങ്ങിയവര്‍ ബഗ്ദാദിന്റെ പ്രഭാകിരണത്തില്‍ നിന്ന് പ്രയോജനപ്പെടുത്തിയ ചിത്രശലഭങ്ങളാണ്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള വൈജ്ഞാനിക - കലാ പ്രതിഭകളെ ബഗ്ദാദിലേക്ക് ആകര്‍ഷിക്കാന്‍ പണം വാരിക്കോരി ചെലവഴിക്കാന്‍ ഖലീഫയെ പ്രേരിപ്പിച്ചത് സുബൈദയാണ്.

തന്റെ അഭിപ്രായങ്ങള്‍ സ്വയം പ്രകടിപ്പിക്കുന്നതിന് പകരം രാജാവിന്റെ അഭിപ്രായമായി പ്രകടിപ്പിക്കാന്‍ സുബൈദ പ്രത്യേകം ശ്രദ്ധിച്ചു. ഇങ്ങനെ അണിയറയില്‍ നിന്ന് കരുക്കള്‍ നീക്കിയത് മൂലം മന്ത്രിമാരുടെയും പ്രതിയോഗികളുടെയും മതിപ്പും ആദരവും പിടിച്ചുപറ്റാനും അവര്‍ക്ക് സാധിച്ചു.

ലോകോത്തര സാഹിത്യ സൃഷ്ടികളില്‍ ഒന്നായ ആയിരത്തൊന്നു രാവുകള്‍ (അൃമയശമി ചശഴവെേ) ബാഗ്ദാദിന്റെ പശ്ചാത്തലത്തില്‍ ഉരുവം കൊണ്ടതാണ്. ചിലരെങ്കിലും കരുതുന്ന പോലെ സഊദി അറേബ്യയല്ല അതിന്റെ പ്രഭവകേന്ദ്രം. ബഗ്ദാദിലെ അക്കാലത്തെ സാമൂഹ്യ ജീവിതവും ബുദ്ധിവികാസവുമാണ് അതില്‍ പ്രതിഫലിക്കുന്നത്. അതിലെ മുഖ്യകഥാപാത്രമായ ഹാറൂണ്‍ റശീദിനെ സുബൈദ സ്വാധീനിച്ചിട്ടുണ്ടെന്നാണ് ചില നിരൂപകന്‍മാര്‍ നിരീക്ഷിച്ചിട്ടുള്ളത്. ശാരീരിക വ്യായാമ മുറകളില്‍ നിഷ്‌കര്‍ഷത പുലര്‍ത്തിയിരുന്ന  ഹാറൂണ്‍ റഷീദ് ബുദ്ധി വികാസ വ്യായാമത്തിനും പ്രാധാന്യം കല്‍പ്പിച്ചിരുന്നു. ബുദ്ധി വികാസ പ്രക്രിയക്ക് ചെസ്സു കളിച്ചിരുന്ന ചക്രവര്‍ത്തിയുടെ കൂടെ സുബൈദയും ചെസ്സു കളിച്ചിരുന്നു.

വര്‍ഷം തോറും ഹജ്ജിന് പോയിരുന്ന ഹാറൂണ്‍ റഷീദിനോടൊപ്പം സുബൈദയും ഹജ്ജിന് പോയിരുന്നു. ബഗ്ദാദില്‍ നിന്ന് മക്കയിലേക്ക് കര മാര്‍ഗം നടന്നായിരുന്നു യാത്ര. ഇങ്ങനെയുള്ള യാത്രകളില്‍ സഞ്ചാരികള്‍ക്ക് ജല ദൗര്‍ലഭ്യവും യാത്രാ ക്ലേശവും നേരിടുന്നത് അനുഭവിച്ചറിഞ്ഞ സുബൈദ പര്‍വതങ്ങളില്‍ നിന്നും പാറകളില്‍ നിന്നും 10 മൈലുകളോളം വെള്ളം ഒഴുക്കികൊണ്ടുവരാനുള്ള പദ്ധതി ആവിഷ്‌കരിക്കുകയുണ്ടായി. ഓരോ സമതലങ്ങളിലും താഴ്‌വാരങ്ങൡും ജലലഭ്യത ഉറപ്പ് വരുത്താന്‍ ആ പദ്ധതി സഹായകമായി. ഭീമമായ സംഖ്യ ചെലവഴിച്ച് അക്കാലത്ത് ഏറ്റവും വലിയ സേവനമാണ് അത് വഴി അവര്‍ സാധിച്ചത്. ഐന്‍ സുബൈദ (സുബൈദയുടെ ജലാശയം) എന്ന പേരിലാണ് ഇത് ചരിത്രത്തില്‍ അറിയപ്പെടുന്നത്. അവര്‍ നടപ്പില്‍ വരുത്തിയ കനാലുകള്‍ നഹ്ര്‍ സുബൈദ എന്ന പേരിലും പ്രസിദ്ധമാണ്. ഇതിന് പുറമെ ബഗ്ദാദില്‍ നിന്ന് മക്കയിലേക്കുള്ള വഴികളില്‍ അനേകം കുളങ്ങളും കിണറുകളും സത്രങ്ങളും അവര്‍ പണിയിച്ചു. ഇത് പോലെ ബഗ്ദാദില്‍ ധാരാളം പള്ളികളും കെട്ടിടങ്ങളും നിര്‍മിച്ചു. പാവങ്ങളേയും അഗതികളെയും സഹായിക്കുകയും അവര്‍ക്ക് ഉപയുക്തമായ ജനക്ഷേമ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. അവശ വിഭാഗങ്ങള്‍ക്ക് വെള്ളം, ഭക്ഷണം, പാര്‍പ്പിടം എന്നീ അടിസ്ഥാന ആവശ്യങ്ങള്‍ ലഭ്യമാക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു. അതേത്തുടര്‍ന്ന് വിജനമായ ഗ്രാമങ്ങള്‍ നാഗരികത കൈവരിക്കുകയുണ്ടായി. വന്യമായ വഴികള്‍ വെട്ടിത്തെളിയിച്ച് കൂഫയില്‍ നിന്ന് മക്കയിലേക്ക് ഉള്ള വഴികള്‍  ഗതാഗത യോഗ്യമാക്കിയതും പുനരുദ്ധാരണം നടത്തിയതും സുബൈദയാണ്. ഇത് ത്വരീഖ് സുബൈദ (സുബൈദയുടെ പാത) എന്ന പേരില്‍ ഒരു കാലത്ത് അറിയപ്പെട്ടിരുന്നു.

അബ്ബാസി കാലത്തെ സ്ത്രീകളുടെ വസ്ത്രധാരണ രീതിയില്‍ ദൃശ്യമായ വൈവിധ്യത്തിലും ഫാഷന്‍ ഭ്രമത്തിലും മുഖ്യപങ്ക് വഹിച്ചത് സുബൈദയാണ്. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും സ്വര്‍ണ്ണവും വെള്ളിയും അമൂല്യരത്‌നങ്ങളും കൊണ്ട് അലങ്കരിച്ച മുന്തിയ പട്ടുവസ്ത്രങ്ങള്‍ ഇറക്കുമതി ചെയ്ത് അവ അണിഞ്ഞിറങ്ങാന്‍ പ്രത്യേക ഭ്രമമായിരുന്നു സുബൈദക്ക്. കുബേര വിഭാഗങ്ങളില്‍ പെട്ട സ്ത്രീകള്‍ സുബൈദ പ്രത്യക്ഷപ്പെടുന്നത് കൗതുകത്തോടെ  നോക്കിനില്‍ക്കുമായിരുന്നു. പിന്നീടവര്‍ സുബൈദ രാജ്ഞിയെ അനുകരിക്കുകയും ചെയ്തിരുന്നു.

ഓരോ സന്ദര്‍ഭങ്ങളിലും ആരും അന്നോളം അണിഞ്ഞിട്ടില്ലാത്ത പുതുപുത്തന്‍ വര്‍ണാഭമായ വേഷങ്ങളിലാവും സുബൈദ പ്രത്യക്ഷപ്പെടുക. ഇങ്ങനെയൊക്കെ കലാ-സാംസ്‌കാരിക-സാമൂഹ്യ മേഖലകളില്‍ സ്തുത്യര്‍ഹമായ പങ്കുവഹിച്ച സുബൈദക്ക്, പക്ഷേ, തന്റെ മകന്‍ അമീന്‍ ഒരു ദൗര്‍ബല്യമായിരുന്നു. അമീന്‍ സുഖലോലുപനും വിനോദപ്രിയനുമായിരുന്നു. എന്നാല്‍, ഖലീഫക്ക് മറ്റൊരു ഭാര്യയില്‍ പിറന്ന മഅ്മൂന്‍ അമീനേക്കാള്‍ ഭരണപാടവത്തിലും സാമര്‍ത്ഥ്യത്തിലും മികച്ചുനിന്നു. മഅ്മൂനിനെ തന്റെ അനന്തരാവകാശിയായി വാഴിക്കണമെന്നായിരുന്നു ഖലീഫയുടെ ആഗ്രഹം. മഅ്മൂനേക്കാള്‍ മൂത്തവനായ തന്റെ മകന്‍ അമീനാണ് കിരീടാവകാശിയാകാന്‍ യോഗ്യനെന്ന് സുബൈദ ഖലീഫയോട് പറഞ്ഞു. ഖലീഫ പറഞ്ഞു: ''നിന്റെ മകന്‍ അമീന്‍ എനിക്ക് പ്രിയപ്പെട്ടവന്‍ തന്നെയാണ്. പക്ഷേ അവന്‍ ഭരണത്തിന് കൊള്ളുകയില്ല. രണ്ടുപേരെയും അടുത്ത് വിളിച്ച് ചില പരീക്ഷണങ്ങള്‍ വഴി ഖലീഫ അത് തെളിയിച്ച് കൊടുത്തെങ്കിലും സുബൈദ വാശിപിടിച്ച് തന്റെ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണുണ്ടായത്. അവസാനം അമീന്‍ നാടുഭരിക്കുകയും രാജ്യം അരാജകത്വത്തിലേക്ക് നീങ്ങുകയും ചെയ്തു. ഒടുവില്‍ അമീനും മഅ്മൂനും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പ്രതിയോഗികളുടെ കയ്യാലെ അമീന്‍ വധിക്കപ്പെടുകയും ചെയ്തു. അപ്പോഴാണ് സുബൈദക്ക് ഹാറൂണ്‍ റശീദ് തനിക്ക് മുമ്പ് നല്‍കിയ ഉപദേശത്തെ കുറിച്ച് ബോധോദയമുണ്ടായത്.

ഹാറൂണ്‍ റശീദിന് ശേഷം 32 കൊല്ലം ജീവിച്ച സുബൈദയെ ഖലീഫ മഅ്മൂന്‍ സ്വന്തം ഉമ്മയെ പോലെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തു. മിക്കപ്പോഴും മഅ്മൂന്‍ അവരോട് ഭരണകാര്യങ്ങളില്‍ ഉപദേശം തേടുമായിരുന്നു. വ്യക്തിപരമായി തന്റെ അഭിപ്രായത്തോട് വിയോജിക്കുന്നവയാണെങ്കിലും മഅ്മൂന്‍ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തിരുന്നു. ഹിജ്‌റ 216 ല്‍ (ക്രി 831) തന്റെ 67 ാം വയസ്സില്‍ സുബൈദ ബാഗ്ദാദില്‍ നിര്യാതയായി.

 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top